ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയിലേക്ക് നാടുകടത്തില്ല. അദ്ദേഹത്തിന്റെ മാനസിക ആരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് നിയമപരമായി അസാഞ്ചിനെ നാടുകടത്താന്‍ സാധിക്കില്ലെന്നാണ് യുകെ കോടതി വിധി അറിയിച്ചത്. ഇന്നലെ രാവിലെ ലണ്ടനിലെ ഓൾഡ് ബെയ്‌ലിയിൽ നടന്ന കേസില്‍ ജില്ലാ ജഡ്ജ് വനേസ ബാരൈറ്റ്‌സറാണ് വിധി പറഞ്ഞത്. ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ജൂലിയന്‍ അസാഞ്ച് പുറത്തുവിട്ട രേഖകളുടെ പേരില്‍ ചാരവൃത്തി, ഹാക്കിങ്ങ് തുടങ്ങി 18 ഓളം കേസുകളായിരുന്നു അദ്ദേഹത്തിനെതിരെ അമേരിക്ക ചുമത്തിയിരുന്നത്. സർക്കാർ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും ചാരവൃത്തി നടത്തിയെന്നുമാണ് പ്രാധാന ആരോപണം.

ഈ വിധി ജൂലിയന്റെ വിജയം ആണെന്നും നീതിയിലേക്കുള്ള ആദ്യപടിയാണെന്നും ജൂലിയന്റെ അഭിഭാഷകയും കാമുകിയുമായ സ്റ്റെല്ല മോറിസ് പറഞ്ഞു. കേസില്‍ യു.എസ് അപ്പീലിന് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടിരുന്നെങ്കില്‍ ജൂലിയനെ കൊളറാഡോയിലെ കുപ്രസിദ്ധമായ സൂപ്പർമാക്സ് ജയിലിലേക്ക് മാറ്റുമായിരുന്നു. കോടതി പുറപ്പെടുവിച്ചത് ഒരു സന്തോഷവാർത്തയാണെന്ന് കൺസർവേറ്റീവ് എംപി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അസാഞ്ചിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു അനുകൂലികൾ പ്രതിഷേധം നടത്തി.

ഓസ്‌ട്രേലിയക്കാരനായ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു ജൂലിയന്‍ അസാഞ്ച്. 2006ലാണ് വിസില്‍ ബ്ലോവിങ്ങ് ഓര്‍ഗനൈസേഷനായ വിക്കിലീക്‌സ് അദ്ദേഹം ആരംഭിക്കുന്നത്. ഐസ് ലാന്‍ഡ് ആസ്ഥാനമായായിരുന്നു വിക്കിലീക്‌സ് പ്രവര്‍ത്തിച്ചിരുന്നത്. 2018ലാണ് വിക്കിലീക്‌സിന്റെ എഡിറ്ററായി മാധ്യമപ്രവര്‍ത്തകൻ ക്രിസ്റ്റിന്‍ ഹ്രാഫ്‌നോസന്‍ ചുമതലയേറ്റെടുക്കുന്നത്. 2010ന്റെ മധ്യത്തില്‍ വിക്കിലീക്‌സ് അഫ് ഗാനിസ്ഥാനിലെയും ഇറാഖിലെയും യു.എസ് സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനുശേഷമാണ് ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ നേടുന്നത്. 2012 മുതൽ 2019 വരെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയാർഥിയായാണ് അദ്ദേഹം താമസിച്ചത്. 2019ലായിരുന്നു അറസ്റ്റ്.
സ്വന്തം ലേഖകൻ
യു എസ് :- യുഎസ് നടിയും, ‘എ വ്യൂ ടു എ കിൽ ‘ എന്ന ജെയിംസ് ബോണ്ട് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ടാനിയ റോബർട്ട്‌സ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. നടിയുടെ ഔദ്യോഗിക വക്താവ് മൈക്ക് പിങ്ങൽ ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്ഥിരീകരണം. കഴിഞ്ഞ ഞായറാഴ്ചയാണ് നടി മരണപ്പെട്ടു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ലോസ് ഏഞ്ചൽസിലെ ഒരു ആശുപത്രിയിൽ അതിതീവ്ര അവസ്ഥയിലാണ് ടാനിയയെന്ന് മൈക്ക് വ്യക്തമാക്കി. ‘ദാറ്റ് സെവെന്റി ഷോ ‘ എന്ന ടെലിവിഷൻ സീരീസിൽ ടാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഡിസംബർ ഇരുപത്തിനാലാം തീയതി രണ്ട് നായകളോടൊപ്പം നടക്കുന്നതിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അവരെ ലോസ് ഏഞ്ചൽസിലെ സെഡാർസ് – സിനയ് മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തതായി മൈക്ക് അറിയിച്ചു. എന്നാൽ താൻ ടാനിയയുടെ പാർട്ണറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ മരണം നടന്നിട്ടില്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴും നടി ഐസിയുവിൽ അതിതീവ്ര അവസ്ഥയിലാണ്.

65 വയസ്സുകാരിയായ ടാനിയയുടെ കുട്ടിക്കാലം ന്യൂയോർക്കിൽ ആയിരുന്നു. 1977 ലാണ് അവർ ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെച്ചത്. ‘ ചാർളിസ് എഞ്ചൽസ് ‘ എന്ന സീരീസ് ടാനിയയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അതിനുശേഷം ടാനിയ ‘ദി ബീസ്റ്റ്മാസ്റ്റർ ‘ & ‘ ഹാർട്സ് ആൻഡ് അർമർ ‘ തുടങ്ങി നിരവധി ഫാന്റസി അഡ്വഞ്ചർ സിനിമകളിൽ അഭിനയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റോജി മോൻ എന്ന യുകെ പ്രവാസി മലയാളി, ഏതൊരു പ്രവാസിക്കും അനുകരിക്കാവുന്ന വിധം നല്ലൊരു ഹൃദയത്തിന് ഉടമയാണ്. തനിക്ക് വന്നുചേർന്ന അനുഗ്രഹങ്ങളെ മറ്റുള്ളവരുടെ വേദനകളൊപ്പാൻ ഉപയോഗിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ സവിശേഷത. ദൈവാനുഗ്രഹത്തിൽ വിശ്വസിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്നതിനുമൊപ്പം ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാൻ സഹജീവികളെ കരുതുകയും സഹായിക്കുകയുമാണ് ഈ പ്രവാസി.

സ്വന്തമായി ഒരു വീട് ആയപ്പോൾ ലഭിച്ച സുഹൃത്തുക്കളുടെ സമ്മാനത്തെ ഹൃദയം നിറഞ്ഞാണ് റോജി മോൻ സ്വീകരിച്ചത്.ആ വേദിയിൽ വെച്ച് തന്നെ ലഭിച്ച പണം നാട്ടിലെ ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് കൈമാറുമെന്ന് റോജിമോൻ നിലപാട് അറിയിച്ചിരുന്നു.അർഹരായ ഏതെങ്കിലും ഒരു കുടുംബത്തിന് അവരുടെ ആഗ്രഹം അനുസരിച്ചുള്ള ഒരു വീടു വെച്ചു കൊടുക്കണം എന്നും തികയാതെ വരുന്ന തുക താനും കുടുംബവും നൽകുമെന്നും അദ്ദേഹം അന്ന് വാഗ്ദാനം നൽകിയിരുന്നു.

തൃശ്ശൂരിലുള്ള ഒരു കുടുംബത്തിനാണ് വീട് ലഭിച്ചത്. ചിറമേൽ അച്ചന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലെ കുടുംബത്തെ തിരഞ്ഞെടുത്തത്. പ്രതീക്ഷിച്ചതിലും മനോഹരമായി കാര്യങ്ങൾ നടന്നു.

മികച്ച നേതൃപാടവം കൊണ്ടും സംഘടനാ മികവ് കൊണ്ടും വ്യക്തികളോട് ഇടപഴകുന്ന സ്വതസിദ്ധമായ ശൈലി കൊണ്ടും ഇദ്ദേഹം മലയാളികൾക്കെല്ലാം സുപരിചിതനാണ്.അസോസിയേഷൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്നതിനൊപ്പം സഹായങ്ങൾ അർഹരായവരുടെ കരങ്ങളിൽ എത്തുന്നുണ്ടെന്ന് ഇദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്യും. കയറിക്കിടക്കാൻ ഒരു കൂര ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങാവാൻ ഇനിയും പ്രവാസികൾ മുന്നോട്ടുവരാൻ ഇതൊരു നിമിത്തമായി തീരട്ടെ. മുൻപ് നല്കിയിരുന്ന വാഗ്ദാനങ്ങൾ പുനർവിചിന്തനം ചെയ്യാനും മികച്ച ഒരു അവസരമാണിത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം ഇന്ന് ആരംഭിക്കും. ഫൈസർ വാക്സിനൊപ്പം ഓക്സ്ഫോർഡ് വാക്സിനും കൂടിച്ചേരുമ്പോൾ രോഗവ്യാപനം കാര്യമാത്രമായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. യുകെയുടെ സ്വന്തം വാക്സിനായ ഓക്സ്ഫോർഡ് വാക്‌സിൻെറ വിതരണം എൻ എച്ച് എസിനും ആരോഗ്യപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ആവേശം കുറച്ചൊന്നുമല്ല. ഓക്സ്ഫോർഡ് വാക്സിൻ വിതരണം ചെയ്യുന്നത് വളരെ നിർണായകമായ നേട്ടമാണന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചു . എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചാലും രാജ്യത്തെ കൂടുതൽ കർശനമായ വൈറസ് നിയന്ത്രണ മാർഗങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്നുള്ള മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി .

ഇതിനിടെ സ്കൂളുകൾ തുറക്കുകയാണെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആഹ്വാനംചെയ്തു. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാൾ വളരെ വലുതാണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകൾ തുറക്കുന്നതിനെതിരെ വളരെ ശക്തമായ പ്രതിഷേധമാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. അതിൻറെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ കൂടുതൽ കാലം അടച്ചിടാൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ ശക്തമായി സ്വാഗതം ചെയ്യുകയും ചെയ്തു .

യുകെയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി മുന്നോട്ടുപോകുകയാണ് . രാജ്യത്ത് ഇന്നലെ മാത്രം 54990 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 454 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബത്തിനൊന്നാകെ കോവിഡ് പിടിപെട്ടപ്പോൾ ചികിത്സയുടെ അവസാനഘട്ടങ്ങളിൽ 49 കാരിയായ മകൾക്കും 76 കാരിയായ അമ്മയ്ക്കും ഐസിയുവിൽ അടുത്തടുത്ത് കിടക്കകൾ പങ്കിടാൻ എൻ എച്ച് എസ് ജീവനക്കാർ സഹായിച്ചു. ശ്വസന സഹായികളുടെ സഹായത്തോടെ ഇരുവരും ഐസിയുവിൽ കൈകോർത്തുപിടിച്ച് കിടക്കുന്ന ചിത്രമെടുത്ത് 24 മണിക്കൂറുകൾക്കകം അമ്മ മരണപ്പെട്ടു. 76 കാരിയായ മരിയ ആണ് മരണപ്പെട്ടത്. 49 കാരിയായ മകൾ അനബൽ ശർമ, ചെറിയ ഒരു അശ്രദ്ധ കൊണ്ട് പോലും ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിലാണ്.

കോവിഡ് ഞങ്ങൾക്ക് ബാധിക്കില്ല എന്നാണ് കരുതിയത്. ആരെങ്കിലും നിയമം ലംഘിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിലോ അശ്രദ്ധരായി നടക്കുന്നുണ്ടെങ്കിലോ എന്റെ കഥ കേൾക്കണം, മൂന്നുമക്കളുടെ മാതാവായ അനബൽ പറയുന്നു. സെപ്റ്റംബറിൽ സ്കൂളിൽ നിന്നുമാണ് 12 വയസ്സുകാരൻ മകൻ ഐസക്കിന് കോവിഡ് ബാധിച്ചത്. പിന്നീട് രണ്ടു മക്കൾക്കും ഭർത്താവ് ഭരത്തിനും രോഗം പകർന്നു.
അവസാനമായി രോഗം ബാധിച്ചത് അമ്മയ്ക്കായിരുന്നു. നവംബർ ഒന്നിന് അമ്മ മരിച്ചു. അമ്മയോട് യാത്ര പറയാൻ ഓക്സിജൻ മാസ്ക് മാറ്റേണ്ടി വന്നു.
അമ്മയും മകളും ആശുപത്രിയിലെത്തുമ്പോൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കകൾ ഒഴിവുണ്ടായിരുന്നില്ല, തത്ക്കാലം മുറിയിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി നാലു രോഗികൾ മരണപ്പെട്ടതിനാൽ ഇരുവർക്കും ഐസിയുവിൽ കിടക്കകൾ ലഭിച്ചു. നാല് ആഴ്ച തുടർച്ചയായി 24 മണിക്കൂറും ശ്വാസകോശത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം പ്ലാസ്റ്റിക് ഹുഡിന്റെ വശത്ത് കൂടി നൽകും. 30 മൈൽ വേഗത്തിൽ പോകുന്ന കാറിൽ തല വെളിയിൽ ഇട്ട് യാത്ര ചെയ്യുന്നത് പോലെ ആയിരുന്നു അത്. ഒന്നും കാണാനോ കേൾക്കാനോ കഴിയില്ല എപ്പോഴും ഒരു മുരൾച്ച മാത്രം. ഞാൻ രക്ഷപ്പെടുമോ എന്ന് ഇടയ്ക്കിടെ നഴ്സുമാരോട് ചോദിക്കുമായിരുന്നു, അറിയില്ല എന്നാണ് മറുപടി ലഭിക്കുക.

അമ്മ മരിച്ചപ്പോൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ലൈവ് സ്ട്രീം കാണുകയായിരുന്നു. കുടുംബത്തിൽ ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. എല്ലാവരും ഒറ്റപ്പെട്ടതുപോലെ. ഒരിക്കൽ നിങ്ങൾ എൻ എച്ച് എസ് ബെഡിൽ അകപ്പെട്ടാൽ പിന്നീട് ഒരിക്കലും ജീവിതം പഴയതുപോലെ ആകില്ല. ജീവനോടെ തിരിച്ചു വന്നാൽ പോലും പ്രഷർ ജീവിതത്തിൽ അവശേഷിക്കും. രോഗം ഭേദമായിട്ടും ജീവിതകാലം മുഴുവൻ തളർന്നുപോയ ശ്വാസകോശവുമായി ഞാൻ തള്ളി നീക്കണം. 10 അടി നടന്നാൽ കിതയ്ക്കാൻ തുടങ്ങും. ഈ രോഗാവസ്ഥ വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും മുൻകരുതൽ പാലിക്കണം. ഹൃദയം തകർന്നാണ് ഞാനിത് പറയുന്നത്. അനബൽ പറയുന്നു.
സ്വന്തം ലേഖകൻ
യു കെ :- ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിലെ പ്രിയഗാനം ആയി മാറിയ ‘യു വിൽ നെവർ വാക് അലോൺ ‘ എന്ന ഗാനം പാടിയ പ്രശസ്ത ഗായകൻ ജെറി മാർസ്ഡെൻ അന്തരിച്ചു. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായത് മൂലമാണ് മരണമെന്നാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്.1963 കാലഘട്ടങ്ങളിൽ മാർസ്ഡെന്റെ ബാൻഡ് ലോകത്തിലെ തന്നെ മികച്ച ബാൻഡുകളിൽ ഒന്നായിരുന്നു. ബാൻഡിന്റെ മറ്റൊരു ഹിറ്റായ ‘ഫെറി ക്രോസ്സ് ദി മേഴ്‌സി ‘ എന്ന ഗാനം 1964ലെ ജനഹൃദയങ്ങളിൽ ഇടം നേടി. ഈ ഗാനം മാർസ്ഡെൻ തന്നെ സ്വന്തമായി രചിച്ചതായിരുന്നു.

ഹിൽസ്ബെരോ ദുരന്തത്ത സമയത്തെ അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് 2003 – ൽ അദ്ദേഹത്തെ എം ബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) ആക്കി ഉയർത്തിയിരുന്നു. ഗുരുതരമായ ബ്ലഡ് ഇൻഫെക്ഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി മകൾ മാധ്യമങ്ങളോട് പറഞ്ഞു. മാർസ്ഡെന്റെ ഈ വാക്കുകൾ എന്നും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ലിവർപൂൾ എഫ് സി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ലിവർപൂളിൽ തന്നെ ഉണ്ടായിരുന്ന ബീറ്റിൽസ് എന്ന ബാൻഡിന്റെ ഏറ്റവും വലിയ എതിരാളികൾ ആയിരുന്നു മാർസ്ഡെന്റെ ‘ ജെറി ആൻഡ് ദി പേസ്മേക്കർസ് ‘ എന്ന ബാൻഡ്. മാർസ്ഡെൻ നിരവധി ഗാനങ്ങൾ സ്വന്തമായി രചിച്ചിട്ടുമുണ്ട്. 2009- ൽ മാർസ്ഡെനെ ഫ്രീഡം ഓഫ് ലിവർപൂൾ നൽകി ആദരിച്ചു. ലോകത്തിലെ ഫുട്ബോൾ ആരാധകരുടെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു ഗായകനായിരുന്നു മാർസ്ഡെൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ സൗത്ത് വെസ്റ്റ് ട്രസ്റ്റുകളിലേക്ക് മാറ്റാൻ ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉള്ള ട്രസ്റ്റുകൾ ഒരുങ്ങുന്നു. 30 വയസ്സിനു താഴെയുള്ള രോഗികൾ കോവിഡ് ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. ലണ്ടനിലെയും സൗത്ത് ഈസ്റ്റിലെയും ട്രസ്റ്റുകൾ രോഗികളെ സൗത്ത് വെസ്റ്റിലുള്ള ആശുപത്രികളിലേക്ക് മാറ്റുമ്പോൾ ഈസ്റ്റിലുള്ള രോഗികളെ മിഡ്‌ലാന്റിലേക്ക് മാറ്റും. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ പടുത്തുയർത്തിയ ലണ്ടനിലെ നൈറ്റിംഗേൽ ആശുപത്രി വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സൗത്ത് ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

യുകെയിലുടനീളമുള്ള ആശുപത്രികൾ കോവിഡ് സമ്മർദ്ദങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ നിറയുന്നതനുസരിച്ച് ലണ്ടനിൽ നിന്ന് വളരെ കുറച്ച് രോഗികളെ മാത്രം സൗത്ത് വെസ്റ്റ്, മിഡ്‌ലാന്റ് എന്നിവിടങ്ങളിലേക്ക് മാറ്റുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു. രോഗപ്രതിസന്ധി വീണ്ടും ഉയരുമ്പോൾ എൻഎച്ച്‌എസ് തകരാൻ സാധ്യതയുണ്ടെന്ന് ഇന്റെൻസീവ് മെഡിസിൻ ഫാക്കൽറ്റി ഡീൻ ഡോ. അലിസൺ പിറ്റാർഡ് സൂചന നൽകി.

ഐസിയു വാർഡുകളിൽ കൊറോണ വൈറസ് ബാധിച്ച 30 വയസ്സിൽ താഴെയുള്ളവരുടെ കേസുകൾ ഉയരുന്നുണ്ടെന്നും അവർ മരണപ്പെടാനുള്ള സാധ്യത വർധിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. ചെറിയ കുട്ടികൾക്കിടയിൽ വൈറസ് അതിവേഗം പടരുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ അടച്ചുപൂട്ടാൻ വിദഗ് ധർ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ പ്രതിസന്ധിയും കടന്നുവരുന്നത്. ബ്രിട്ടൻ തുടർച്ചയായി അഞ്ചാം ദിവസവും 50,000 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി മരണങ്ങൾ 500 ൽ താഴെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോൺടാക്ട് ലെസ് കാർഡുകളിലെ പരമാവധി പെയ്മെന്റ് തുക 45 പൗണ്ടിൽ നിന്ന് 100 പൗണ്ട് ആക്കി ഉയർത്തുന്നത് കോവിഡ് കാലഘട്ടത്തിലെ സാമ്പത്തിക മേഖലയിലെ പ്രധാന ചുവടുവെപ്പാണ്. യുകെ ഫിനാൻസ് എന്ന സിറ്റി ലോബി ഗ്രൂപ്പാണ് ഈ ആശയം ട്രഷറിയെ അറിയിച്ചിരിക്കുന്നത്. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടൻ ഇത് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ തീരുമാനമാണിത് എന്നത് ശ്രദ്ധേയമാണ്.

പ്രതലങ്ങളിൽ സ്പർശിക്കേണ്ടതില്ലാത്ത കോൺടാക്ട് ലെസ് കാർഡുകൾ കോവിഡ് കാലത്തെ മികച്ച സൗകര്യം ആണെങ്കിൽ കൂടി യൂറോപ്യൻ കമ്മീഷന്റെ നിയമങ്ങളിൽ നിന്നുള്ള ചുവടുമാറ്റം കൂടിയാവുന്നത് ഈ തീരുമാനത്തെ ബ്രിട്ടീഷ് ജനതയ്ക്ക് ഇരട്ടി സൗകര്യപ്രദമാക്കും. നിർദ്ദേശത്തിന് ട്രഷറിയുടെ ഭാഗത്തുനിന്നും മികച്ച സ്വീകരണമാണ് ലഭിച്ചതെങ്കിലും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്.
ടാപ്പ് ആൻഡ് ഗോ എന്ന് പേരുള്ള ഈ കാർഡുകൾ ആദ്യമായി വിപണിയിലെത്തുന്നത് 2010ലാണ് അന്ന് 10 പൗണ്ട് ആയിരുന്നു പരമാവധി തുക. പിന്നീട് ഓരോ തവണകളായി തുക ഉയർത്തി കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പരമാവധി ആളുകൾ പരമാവധി തുകയ്ക്കുള്ള ഷോപ്പിംഗ് നടത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. യുകെയിലെ 64% ഡെബിറ്റും 46% ക്രെഡിറ്റും ട്രാൻസാക്ഷനുകൾ നടന്നത് ഈ കാർഡുകളിലൂടെയാണ്.

എന്നാൽ ഈ കാർഡുകൾ കൂടുതലായി ഉപയോഗിക്കുന്നത് തട്ടിപ്പുകൾക്ക് ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. മുഴുവനായുള്ള കാർഡ് തട്ടിപ്പുകളുടെ കണക്കെടുത്തു നോക്കിയാലും കോൺടാക്ട് ലെസ് കാർഡുകളിൽ 3.3 ശതമാനം തട്ടിപ്പുകളേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ കാർഡുകളുടെ ഉപയോഗം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 18 ശതമാനം ഉയർന്നിട്ടുണ്ട്. അതിനാൽ ഈ തീരുമാനം സ്തുത്യർഹം ആയിരിക്കുമെന്ന് യുകെ ഫിനാൻസിന്റെ പേഴ്സണൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ എറിക് ലീൻഡേഴ്സ് പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ജനുവരി 4 തിങ്കളാഴ്ച മുതൽ യുകെയിൽ ഉടനീളം ഓക്സ്ഫോർഡ് വാക്സിൻ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. യുകെയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിൻെറ നിമിഷങ്ങളാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പ്രതിരോധ വാക്സിൻ യുകെയ്ക്ക് സ്വന്തമാണ്. ഫൈസർ വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പ് യുകെയിൽ ഡിസംബർ എട്ടാം തീയതിയാണ് ആരംഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ ഓക്സ്ഫോർഡ് വാക്സിനും വിതരണത്തിന് എത്തുന്നത് യുകെയിലെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനെ കൂടുതൽ ത്വരിതപ്പെടുത്തും.

തിങ്കളാഴ്ച മുതൽ യുകെയിൽ ഉടനീളം ആദ്യഘട്ടമായി 530,000 ഡോസ് വാക്സിൻ ലഭ്യമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ആഴ്ചയിൽ രണ്ട് ദശലക്ഷം ഡോസ് വാക്സിൻ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലഭ്യമാക്കുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് മെഡിസിൻ പ്രൊഫസറായ സർ ജോൺ ബെൽ പറഞ്ഞു . രാജ്യത്തെ വാക്സിൻ ഉല്പാദനവും വിതരണവും കാര്യക്ഷമമാകണമെങ്കിൽ കൂടുതൽ നിക്ഷേപം ഈ രംഗത്ത് ഉണ്ടാകണമെന്ന് പ്രൊഫസർ ജോൺ ബെൽ ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. വാക്‌സിനേഷൻെറ ലഭ്യതയെ കുറിച്ചുള്ള ആശങ്ക ഇംഗ്ലണ്ടിലെ ചീഫ് മെഡിസിൻ ഓഫീസർ ക്രിസ് വിറ്റിയും പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വർഷം അവസാനത്തോടെ 30 ദശലക്ഷം ഡോസ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത് . എന്നാൽ ഉത്പാദനരംഗത്തെ പ്രശ്നങ്ങളെ തുടർന്ന് ഇത് 4 ദശലക്ഷം ഡോസായി കുറഞ്ഞിരുന്നു . എന്നാൽ ഈ സ്ഥാനത്ത് ഇന്ത്യ 50 ദശലക്ഷം ഓക്സ്ഫോർഡ് വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു
ഡോ. ഐഷ വി
ഇന്ദിര ടീച്ചർ സ്വതവേയുള്ള ലാളിത്യത്തോടെ കലണ്ടറുകളെ കുറിച്ച് ക്ലാസ്സ് എടുത്തു. ജനുവരിയെ കുറിച്ച് പറഞ്ഞപ്പോൾ ടീച്ചർ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ കുറിച്ച് പറഞ്ഞു. രണ്ട് മുഖമുള്ള ദൈവം. ഒരു മുഖം ഭൂതകാലത്തേയ്ക്കും ഒന്ന് ഭാവികാലത്തേയ്ക്കും ഉറ്റുനോക്കുന്നതാണത്രേ . ജാനസിനെ അവർ ആദി ദൈവമായും മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു. അങ്ങനെയുള്ള ദ്വൈമുഖ ദൈവത്തിന്റെ പേരിൽ നിന്നാണത്രേ ജനുവരിയ്ക്ക് ആ പേര് ലഭിച്ചത്. ജനുവരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷത്തോടെ ഉണർന്നിരിയ്ക്കും. പഴയവയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതു വർഷത്തിലേയ്ക്ക് ഒരു രൂപ മാറ്റം. “Ring out the wild bells, Ring in the new” എന്ന് ചിലർ ആവേശത്തോടെ ഉത്ബോദിപ്പിയ്ക്കും. നമ്മുടെ മനസ്സും ശരീരവും സമൂഹവും കാലവും ഭൂമിയും അനസ്യൂതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റെ തമ്പുരാനും ഈ ജാനസ് തന്നെ. മാറ്റം പല തരത്തിലാകാം. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. സുഖമുണ്ടെങ്കിൽ ദുഃഖവും ഉണ്ട്. സമ്പത്തുണ്ടെങ്കിൽ ക്ഷിതിയുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ കൂടി ജാനസ് പ്രതിനിധീകരിക്കുന്നു. സൃഷ്ടിയുടെ ദൈവമായും റോമാക്കാർ ജാനസിനെ കാണുന്നു. മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ ഒരു സംതുലിതാവസ്ഥയിൽ കഴിയാൻ കഴിയുന്നവർക്ക് വിജയം ഉറപ്പാക്കാം.
2019 -ൽ ആരംഭിച്ച കോവിഡ് 2020 കഴിഞ്ഞ് ജനിതക മാറ്റത്തിലൂടെ 2021 ലെത്തി നിൽക്കുന്നു. അതിജീവിയ്ക്കാൻ വേണ്ടി ശാസ്ത്രീയമായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോം വഴി. നമ്മൾ മാറാൻ ജനുവരി വരെ കാത്തു നിൽക്കേണ്ടതില്ല. നന്നാവാൻ തീരുമാനിച്ചാൽ ആനിമിഷം തന്നെ നന്നാവുക . ഇനി ജനുവരിയിൽ ചില നല്ല കാര്യങ്ങൾ പദ്ധതി ആവിഷ്കരിച്ച് തുടങ്ങിയാലോ അത് തുടർന്ന് കൊണ്ട് പോകാനും ശ്രദ്ധിക്കുക.
എന്റെ ജീവിതത്തിലും ജനുവരി ചില നല്ല കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എന്റെ മൂത്തമകന്റെ ജന്മദിനം 2000 ജനുവരി ഒന്നാണ്. മില്ലേനിയം ബേബിയായി. എനിക്ക് കംപ്യൂട്ടർ സയൻസിൽ പി എച്ച് ഡി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ചതും 2014 ജനുവരിയിലാണ്.
ഞാൻ ജോലി ലഭിച്ച ശേഷം ഇരിങ്ങാലക്കുട ഉദയാ പ്രൊവിൻഷ്യൽ ഹൗസിന്റെ വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് സിസ്റ്റർ ടെറസ്സല്ല പറഞ്ഞത് ഡിസംബറിൽ നമ്മൾ മനസ്സും ശരീരവും പരിസരവും ഒന്ന് ശുചീകരിക്കും പുതു വർഷമായ ജനുവരിയെ വരവേൽക്കാൻ. എല്ലാ മാസവും ഒരു ദിവസമെങ്കിലും നമ്മൾ മാറ്റി വയ്ക്കണം നമ്മുടെ വീടും പരിസരവും ഓഫീസുമൊക്കെ ശുചിയാക്കാൻ എന്ന്.
എന്നും ശരീരവും മനസ്സും ശുചിയാക്കിയാൽ വരുന്ന ഓരോ നിമിഷവും നമുക്ക് പുതുമയുള്ളതായിത്തീരും. പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചു വയ്ക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നിൽ ഈ നിമിഷത്തിൽ ശരിയായി ജീവിക്കാൻ വേണ്ടി. നമ്മൾ ജീവിക്കുന്ന നിമിഷങ്ങൾ മാത്രമേ നമ്മുടെ സ്വന്തമായുള്ളൂ. അതിനാൽ ഇന്ന് ഇപ്പോൾ ചെയ്യാൻ പറ്റുന്ന നന്മകൾ എല്ലാം നമ്മൾ ചെയ്തേക്കുക. ഏവർക്കും എന്റെ പുതുവത്സരാശംസകൾ.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.