Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയെ കീഴടക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കേരളം ; ഒരു മാസം മുമ്പ് വരെ. എന്നാൽ ഇന്ന് ഓരോ ദിനവും 400റിലേറെ പുതിയ രോഗികളാണ് കൊച്ചുകേരളത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിപെടുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന വാർത്തയാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാക്ഷര കേരളത്തിന് അടുത്തിടെ എന്താണ് സംഭവിച്ചത്? സ്വർണത്തിന്റെ പത്തരമാറ്റിന് പിറകെ മാധ്യമങ്ങൾ പാഞ്ഞപ്പോൾ ജാഗ്രതയും മുൻകരുതലുകളും കാറ്റിൽ പാറിപോയോ?

ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7872. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 1200ൽ ഏറെ രോഗികൾ. സംസ്ഥാനത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് എന്തു നന്മയാണ് പങ്കുവയ്ക്കുന്നത്.

മഹാമാരി സമൂഹവ്യാപനത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി രാഷ്ട്രീയപാർട്ടികൾ നിരത്തിലിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച ആണ്. കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌ക്കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കൈവിട്ട കളിക്കെതിരെ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ്‌ അനുമതിയെന്നിരിക്കെ ഈ അനാവശ്യ ഒത്തുചേരലുകൾ വലിയ വിപത്തിന് വഴിയൊരുക്കും. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത്‌ രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന്‌ പൊലീസ്‌ സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകി‌യിരുന്നു. ഇംഗ്ലണ്ടിൽ പബ്ബുകൾ തുറന്ന രാത്രി ജനം തടിച്ചുകൂടിയെങ്കിലും അതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ ആയിരുന്നില്ല എന്നതും ചിന്തിക്കണം. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട്‌ ചെയ്യുന്ന നിർണായക സമയത്താണ്‌ സമരപ്രഹസനങ്ങൾ കേരളത്തിന്റെ തെരുവുകളിൽ നിറഞ്ഞാടുന്നത്.

കേരളത്തിന്റെ മാധ്യമങ്ങളിൽ ഇന്ന് സ്വർണം നിറയുകയാണ്. കൊറോണയെന്നത് വെറും അക്കങ്ങൾ മാത്രമായി മാറ്റപ്പെട്ടുകഴിഞ്ഞു. സ്വപ്നയും സ്വർണകടത്തുമാണ് വാർത്താകോളങ്ങളിൽ നിറയെ. സ്വപ്‍ന സുരേഷും സന്ദീപും പത്രമാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. കൊറോണപിടിയിൽ നിന്നും മാധ്യമങ്ങളെ രക്ഷിച്ചയാളാണ് സ്വപ്‍ന എന്നുപറഞ്ഞാലും തെറ്റില്ല. കാരണം ഈ ദിനങ്ങളെല്ലാം സാക്ഷ്യം വഹിച്ചതും ‘സ്വപ്ന’ സംഭവങ്ങൾക്കായിരുന്നു !

കേരളത്തിലേക്കുള്ള സ്വർണത്തിന്റെ കുത്തൊഴുക്കും ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള നിയമനങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്നുള്ള സ്വപ്നയുടെ പലായനവും. പട്ടിണിയും കഷ്ടപാടുകളുമായി ജീവിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികൾ ഒരുവശത്ത്. പണത്തിന്റെ പ്രസരിപ്പിലും വ്യാജ സർട്ടിഫിക്കേറ്റുകളുടെ പിൻബലത്തിലും ജോലിയിൽ കയറിപ്പറ്റുന്നവർ മറുവശത്ത്. പൊതുജനങ്ങൾക്ക് എവിടെയാണ് തുല്യനീതി? കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവനും ജീവിതവും നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസിക്ക് ഏതു രാഷ്ട്രീയ പാർട്ടികളാണ്കൈത്താങ്ങാകുക. അന്വേഷണവലയിൽ ചെറുമീനുകൾ മാത്രം കുരുങ്ങുമ്പോൾ ഉന്നത തലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർ ചിരിക്കുന്നുണ്ടാവും. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അനീതികൊണ്ടുനേടിയ സമ്പത്തിന്റെ പട്ടുമെത്തയിൽ സുഖിക്കുന്നവർ കേരളത്തിലെ സാധാരണ ജനങ്ങളുടെ മോഹങ്ങളെയും പ്രയത്നങ്ങളെയുമാണ് തല്ലികെടുത്തുന്നത്.

വാർത്തകൾ ഉണ്ടായികൊണ്ടേയിരിക്കും. കേരളം ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എവിടെയാണ്? സ്വർണത്തിലോ കോറോണയിലോ? പരസ്പരം പഴിചാരുകയും തെരുവിലിറങ്ങി ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നോർക്കുക. നിങ്ങൾ പോരാടുന്നത് ന്യായത്തിനുവേണ്ടിയാണോ പേരിനുവേണ്ടിയാണോ? എന്തിനായാലും കൊറോണയ്ക്ക് ഇതൊന്നും അറിവുള്ളതല്ല. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലത്ത് മറ്റുള്ളവരുടെ ജീവിതം കൂടി താറുമാറാക്കരുത്.

ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ വാക്കുകളാണിത് ; “കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടക വണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചും അന്യരാജ്യത്ത് ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാരസ്ഥാനത്തുളളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പി എസ് സി പരീക്ഷയെഴുതി നേരാം വഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?.” ഈ ചോദ്യം ഉന്നതവിദ്യാഭ്യാസം നേടിയ എല്ലാ അഭ്യസ്തവിദ്യരുടെ മനസ്സിൽ എന്നും ഉയരുന്നതാണ്.

വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവർക്കും നാട്ടിലേക്ക് വരണം. അവരുടെ മാതാപിതാക്കളെ കാണണം. അതിന് ആരോഗ്യപൂർണമായ ഒരു നാട് ഉണ്ടാവണം. കൊറോണയെ തുടച്ചുനീക്കുവാൻ വേണ്ടിയാണ് കേരളം ഇപ്പോൾ ഒറ്റകെട്ടായി നിന്ന് പ്രയത്നിക്കേണ്ടത്. ഓർമിക്കുക….

സ്വന്തം ലേഖകൻ

ഇംഗ്ലണ്ട് : ഇംഗ്ലണ്ടിലെ കടകളിലും സൂപ്പർമാർക്കറ്റുകളിലും ജൂലൈ 24 മുതൽ മാസ്ക് നിർബന്ധമാക്കി. പുതിയ നിയമങ്ങൾ പാലിക്കാത്തവർക്ക് 100 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് സർക്കാർ ഉടൻ അറിയിക്കും. ജൂൺ 15 മുതൽ പൊതുഗതാഗത്തിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കുന്നതിനെപ്പറ്റിയുള്ള പുതിയ മാർഗനിർദേശം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്ന് പുറത്തിറക്കിയേക്കും. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനും കടകളിലേക്ക് സുരക്ഷിതമായി പോകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മാസ്ക് ധരിക്കാത്തവർക്കെതിരെ പോലീസ് 100 പൗണ്ട് പിഴ ഇടക്കുമെങ്കിലും 14 ദിവസത്തിനുള്ളിൽ പണമടച്ചാൽ 50 പൗണ്ട് ആയി കുറയും. ഉപഭോക്താക്കളോട് മാസ്ക് ധരിക്കാൻ കടയുടമകൾക്ക് ആവശ്യപ്പെടാമെങ്കിലും നിയമം നടപ്പാകണമെന്നില്ല. സ് കോട് ലൻഡിൽ ജൂലൈ 10 മുതൽ കടകളിൽ മാസ്ക് ഉപയോഗിച്ചുവരുന്നു. വെയിൽസിലും വടക്കൻ അയർലണ്ടിലും നിലവിൽ ഈ നിയമങ്ങൾ ഇല്ലെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് മന്ത്രിമാർ അറിയിച്ചു.

ജീവനക്കാരെയും ഉപഭോക്താക്കളെയും പരിരക്ഷിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശം വ്യക്തവും വിശദവുമായിരിക്കണം എന്ന് യൂണിയനുകൾ പറഞ്ഞു. കർശനമായ ശുചിത്വ നിയന്ത്രണങ്ങൾക്കും സാമൂഹിക അകലം പാലിക്കുന്ന നടപടികൾക്കും പകരമായി അല്ല മാസ്ക് എന്ന് ഉസ്ദാവ് പറഞ്ഞു. “അടഞ്ഞ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വ്യക്തികളെയും ചുറ്റുമുള്ളവരെയും വൈറസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്.” ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ഏപ്രിൽ അവസാനം മുതൽ ജർമ്മനിയിലെ കടകളിലും മെയ് 4 മുതൽ ഇറ്റലിയിലും മാസ്ക് നിർബന്ധമാണ്. മെയ് 21 ന് സ്പെയിനിലും ജൂലൈ 11 ന് ബെൽജിയത്തിലും സമാനമായ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. എന്നാൽ ഫ്രാൻസിൽ ഇത് നിർബന്ധമല്ല. ഉപഭോക്താക്കൾ അവ ധരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് വ്യാപാരികളാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 78 ആവശ്യ വസ്തുക്കളുടെ വിലനിലവാരം താരതമ്യപ്പെടുത്തി, ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റുകളുടെ പുതിയ ലിസ്റ്റ് തയ്യാറായി. അവശ്യസാധനങ്ങൾ ആയ ബ്രെഡ്, പാസ്ത, തക്കാളി മുതലായവയുടെ വിലനിലവാരമാണ് താരതമ്യം ചെയ്തത്. ലിഡിൽ സൂപ്പർമാർക്കറ്റിൽ ഈ സാധനങ്ങൾക്ക് എല്ലാംകൂടി ഏറ്റവും കുറഞ്ഞത് 72.02 പൗണ്ട് ചെലവാകുമെന്നാണ് പുതിയ ലിസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ വെയ്ട്രോസ് സൂപ്പർമാർക്കറ്റിൽ ഇവയ്ക്കു എല്ലാംകൂടി 111.77 പൗണ്ട് ചെലവാകും.

ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ ലിസ്റ്റിൽ, രണ്ടാം സ്ഥാനത്ത് ആൽഡി ആണ്. ഇവിടെ അവശ്യസാധനങ്ങൾക്ക് എല്ലാംകൂടെ 72.23 പൗണ്ട് തുക ചെലവാകും. മൂന്നാം സ്ഥാനത്ത് അസ്ഡ ആണ്. 80.15 പൗണ്ടിന് അവശ്യസാധനങ്ങൾ ഇവിടെ ലഭ്യമാകും. എന്നാൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിൽ വെയ്ട്രോസ് സൂപ്പർ മാർക്കറ്റ് എന്നാണ് ഏറ്റവും കൂടുതൽ പണം ഈടാക്കുന്നതായി ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാക്കുന്നതിൽ ഏറ്റവും കുറഞ്ഞ തുക ഈടാക്കുന്നത് അസ്ഡ സൂപ്പർ മാർക്കറ്റ് ആണ്. ഏറ്റവും കുറഞ്ഞത് 299.78 പൗണ്ടിന് ഇവിടെ ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാകും. എന്നാൽ ഒക്കാഡോ സൂപ്പർ മാർക്കറ്റ് ആണ് ബ്രാൻഡഡ് സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയുമായി ശാസ്ത്രലോകം യുദ്ധം തുടങ്ങിയിട്ട് 6 മാസത്തിലേറെയായി . ഇതിനിടയ്ക്ക് പലതവണ രോഗത്തിൻറെ ലക്ഷണങ്ങൾ മാറി മറിഞ്ഞു. പലരും ലക്ഷണങ്ങൾ ഇല്ലാതെ കൊറോണ വൈറസിൻ്റെ സംവാഹകരാണെന്നത് ഞെട്ടലോടെയാണ് വൈദ്യശാസ്ത്ര ലോകം മനസ്സിലാക്കിയത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള മുൻകരുതലുകളും ലോക്‌ഡൗണും യാത്ര നിരോധനവും എല്ലാം പരീക്ഷിച്ചെങ്കിലും സമ്പൂർണമായി കൊറോണയെ കീഴടക്കാൻ മിക്ക രാജ്യങ്ങൾക്കും ആയിട്ടില്ല .ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും നീണ്ടകാലത്തെ ലോക് ഡൗണിനു ശേഷവും അതിതീവ്രമായി കൂടുന്ന രോഗവ്യാപനത്തിന്റെ കണക്കുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.

കൊറോണയെ പിടിച്ചുകെട്ടാൻ പ്രതിരോധമരുന്ന് വികസിപ്പിക്കാൻ ആദ്യകാലം തൊട്ട് ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരീക്ഷണങ്ങൾ വിജയിച്ചാൽ കോവിഡ് – 19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭ്യമായേക്കാമെന്ന യു.കെ യിലെ പ്രമുഖ ശാസ്ത്രജ്ഞനായ പ്രൊഫസർ റോബിൻ ഷാട്ടോക്ക് വെളിപ്പെടുത്തിയത്. ഈ വാർത്ത കുറേ ആശ്വാസം പകരുന്നതാണെങ്കിലും ഒരു വർഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളത് ആശങ്കയോടെയാണ് വൈദ്യശാസ്ത്ര ലോകം ശ്രവിച്ചത്. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ വാക്സിൻ വികസിപ്പിക്കാൻ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമിനെ നയിക്കുന്ന പ്രെഫസർ റോബിൻ ഷാട്ടോക്കിന്റെ അഭിപ്രായത്തിൽ പരീക്ഷണങ്ങൾ ഫലപ്രാപ്തിയിൽ എത്തിയാൽ യുകെയിലെ ഓരോ വ്യക്തിയ്ക്കും മതിയായ വാക്സിൻ ലഭ്യമാകും.

വാക്സിൻ വികസിപ്പിക്കപെട്ടാലും ആശങ്കകൾ നിരവധിയാണ്. ഓരോ വ്യക്തിയിലും അതിന്റെ ഫലപ്രാപ്തി രോഗബാധിതരുടെ പ്രതിരോധ ശേഷിക്കനുസരിച്ചായിരിക്കും എന്നതാണ് വൈദ്യശാസ്ത്ര ലോകം നേരിടുന്ന അടുത്ത കടമ്പ.  15  വോളന്റിയർമാർക്ക് ഇതിനകം പ്രൊഫസർ ഷാട്ടോക്കിന്റെ നേതൃത്വത്തിൽ ട്രയൽ വാക്സിൻ നൽകി കഴിഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ ആളുകളെ ഉൾപെടുത്തി പരീക്ഷണങ്ങൾ നടത്തും. എല്ലാ വാക്സിനുകളും രോഗപ്രതിരോധശേഷി കൂടുതലുള്ളവരിൽ വിജയം ആയിരിക്കും.  എന്നാൽ തങ്ങൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വിജയം വരിക്കുന്ന വാക്സിനുകൾക്കു വേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് പ്രൊഫസർ പറഞ്ഞു .

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മറുനാടൻ മലയാളി ഷാജൻ സ്കറിയയും അദ്ദേഹത്തിന്റെ ഭാര്യ ഒളിമ്പ്യൻ ബോബി അലോഷ്യസും സംശയത്തിന്റെ നിഴലിൽ. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ഇവർക്ക് ബന്ധം ഉണ്ടെന്ന് കേരളത്തിലെ പ്രമുഖ വാർത്താചാനൽ റിപ്പോർട്ട്‌ ചെയ്തതിന് പിന്നാലെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥയായ പ്രശസ്ത മലയാളി കായികതാരം ബോബി അലോഷ്യസ്, കേന്ദ്ര – കേരള സർക്കാരുകളിൽ നിന്നും വിദേശവിദ്യാഭ്യാസത്തിനായി അൻപത് ലക്ഷത്തോളം രൂപ വെട്ടിച്ചുവെന്ന് ആരോപണമുയർന്നു. എന്നാൽ ഇതിനെത്തുടർന്ന് ഉണ്ടായ അന്വേഷണങ്ങൾ എങ്ങുമെത്താതെ  അവസാനിക്കുകയായിരുന്നു.

സർക്കാർ ഗ്രാന്റോടെ യുകെയിൽ പഠനത്തിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി, യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന സ്വന്തം ബിസിനസ് സ്ഥാനപനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു കരാർ ലംഘനം നടത്തിയത് ക്രിമിനൽ കുറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാനിരുന്ന സിബിഐ അന്വേഷണത്തിലാണ് സ്വപ്നയുടെയും സംഘത്തിന്റെയും ഇടപെടലുണ്ടായതായി പ്രമുഖ ചാനലിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ ബോബിയുടെ ഭർത്താവായ ഷാജൻ സ്കറിയയാണ്. ഇവർക്കെതിരെ നേഴ്സ് റിക്രൂട്മെന്റുമായും ബന്ധപ്പെട്ട തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് 34 ലക്ഷം രൂപയാണ് ഹൈജംപ് താരമായ ബോബി കൈപ്പറ്റിയത്.

അന്വേഷണം നിലച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബിയെ സർക്കാർ സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ സെക്രട്ടറിയായി നിയമിച്ചു. ഈയൊരു ഗുരുതര ആരോപണത്തെത്തുടർന്ന് ഷാജന്റെയും ബോബിയുടെയും സാമ്പത്തിക സ്രോതസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുകയാണ്. ബോബിയുടെ മുൻ വിജിലൻസ് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യവും ശക്തിപ്പെടുന്നു. സ്വർണക്കടത്ത് പ്രതിയുമായി ഇവർക്കുള്ള ബന്ധം വാർത്തകൾ വന്നതോടുകൂടി കൂടുതൽ ഉന്നതരിലേക്കും സംശയം നീളാൻ സാധ്യതയുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കോവിഡ് 19 വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ, രോഗത്തോടുള്ള പ്രതിരോധം കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാകുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ഇത്തരം ആളുകളിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ അനേകം ആണ്. തൊണ്ണൂറോളം രോഗികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും ഇടയിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായി രോഗം ബാധിക്കുമ്പോൾ, രോഗപ്രതിരോധത്തിന് ആവശ്യമായ ആന്റി- ബോഡികൾ ധാരാളമായി ശരീരത്തിൽ ഉള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇത്തരം ആന്റി – ബോഡികൾ മാസങ്ങൾ കൊണ്ടു തന്നെ ഇല്ലാതാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില ആളുകളിൽ മാസങ്ങൾക്കുശേഷം ഇത്തരം ആന്റി – ബോഡികളുടെ സാന്നിധ്യം തന്നെ ഇല്ലാതാകുന്നു. അതായത് രോഗത്തോടുള്ള പ്രതിരോധം ഇല്ലാതാകുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

ആളുകളിൽ രോഗത്തോടുള്ള പ്രതിരോധം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതായാണ് കണ്ടെത്തിയതെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ കിങ്‌സ് കോളേജ് ലണ്ടനിലെ ഡോക്ടർ കെയ്റ്റി ടൂറിസ് വ്യക്തമാക്കി. ഈ പഠനറിപ്പോർട്ടിനു വാക്സിൻ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാനാകും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്ലിനിക്കൽ ട്രയലുകൾ ശരിയായ രീതിയിൽ നടന്നാൽ, അടുത്തവർഷം ആദ്യം കൊണ്ട് തന്നെ പുതിയൊരു വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് ഇമ്പീരിയൽ കോളജ് ലണ്ടനിലെ പ്രൊഫസർ റോബിൻ ഷാറ്റോക് വ്യക്തമാക്കി. എന്നാൽ ഈ വാക്സിൻ എത്രത്തോളം രോഗത്തിന് ഫലപ്രദമായിരിക്കും എന്ന പൂർണ്ണ ഉറപ്പുനൽകാൻ സാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. പലസ്ഥലങ്ങളിലും രോഗത്തെ സംബന്ധിച്ച പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

സ്വന്തം ലേഖകൻ

ക്രിസ്റ്റൽ പാലസിന് അയച്ച സന്ദേശത്തെ തുടർന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ആസ്റ്റൺ വില്ലക്കെതിരെ 2-0ത്തിന് പരാജയപ്പെട്ട മത്സരത്തിന് തൊട്ടുമുൻപ് മോശമായ ധാരാളം സന്ദേശങ്ങൾ ലഭിച്ചിരുന്നതായി സാഹ പറഞ്ഞു. അങ്ങേയറ്റം നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ മെസ്സേജുകളാണ് ലഭിച്ചതെന്ന് സാഹയുടെ മാനേജറായ റോയ് ഹോഗ്‌സൺ പറഞ്ഞു. 27 കാരനായ ഐവറി കോസ്റ്റ് വിങ്ങർക്കെതിരായ മോശം സന്ദേശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പ്രീമിയർ ലീഗ് വെളിപ്പെടുത്തി.

ഇത് ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ഉടൻ ആരംഭിക്കാമെന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് സാഹക്ക് ട്വീറ്റ് ചെയ്തു മണിക്കൂറുകൾക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഒരു ഫുട്ബോളർക്കെതിരെ വർഗീയത നിറഞ്ഞ അധിക്ഷേപങ്ങൾ കുത്തിനിറച്ച് ചില സന്ദേശങ്ങൾ അയച്ചിരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു പന്ത്രണ്ട് വയസ്സുകാരനെ അറസ്റ്റ് ചെയ്തു എന്ന് വെസ്റ്റ് മിഡ് ലാൻഡ്സ് പോലീസ് ട്വീറ്റ് ചെയ്തു. സോലിഹള്ളിൽ നിന്നുള്ള കുട്ടിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിന് ഇത്രയധികം പ്രാധാന്യം നൽകപ്പെടുന്ന ഈ അവസരത്തിൽ ഒരു ഫുട്ബോളർ രാവിലെ കണ്ണുതുറക്കുന്നത് തന്നെ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ മോശമായ ഒരു പോസ്റ്റിലേക്ക് ആണ്, ഒരു വ്യക്തിയെ മാനസികമായി തളർത്താൻ ഉപയോഗിച്ചിരിക്കുന്ന ആയുധം വ്യക്തമാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങളോട് ഒരു വിധത്തിലും സഹകരിക്കാൻ ആവില്ലെന്നും ഇത്തരം പെരുമാറ്റങ്ങളെ പൂർണ്ണമായി തുടച്ചു നീക്കാൻ സഹകരിക്കണമെന്നും അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് നൽകിയ അഭിമുഖത്തിൽ ഹഡ്സൺ പറഞ്ഞു.

മികച്ച കളിക്കാരിൽ ഒരാളെ മാനസികമായി തകർക്കുക വഴി തങ്ങൾക്കായി തോൽക്കണം എന്നതാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും, ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം മോശമാണെന്നും പ്രീമിയർ ലീഗ് പറഞ്ഞു. “ഒരു തരത്തിലുള്ള വിവേചനങ്ങളും അനുവദനീയമല്ല, ഞങ്ങൾ വിൽഫ്രഡ് സാഹക്ക് ഒപ്പമാണ്. താരങ്ങൾ, കോച്ചുകൾ, മാനേജർമാർ അവരുടെയൊക്കെ കുടുംബാംഗങ്ങൾ തുടങ്ങി തങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള ആർക്കും ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്ന് നേരിടേണ്ടി വരുന്ന അസഹിഷ്ണുതയിൽ ഞങ്ങൾ ഇരകൾക്കൊപ്പം ഉണ്ടാകും “.

സ്വന്തം ലേഖകൻ

ഹെയർഫോർഡ്ഷയർ : ഹെയർഫോർഡ്ഷയറിലെ മാത്തോൺ ആസ്ഥാനമായുള്ള പച്ചക്കറി ഉല്പാദകരായ എ.എസ്. ഗ്രീൻ ആന്റ് കോയുടെ ഫാമിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. എഴുപത്തിമൂന്നോളം തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ മറ്റു 200 തൊഴിലാളികളോട് ഫാമിൽ തന്നെ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും ഹെർഫോർഡ്ഷെയർ കൗൺസിൽ ക്രമീകരിക്കുന്നു. ഫാമിന് എല്ലാവിധ പിന്തുണയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നൽകിവരുന്നുണ്ട്. മാനേജ്‌മെന്റിന്റെയും ഫാമിലെ സന്ദർശകരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കമ്പനി അറിയിച്ചു. അതോടൊപ്പം ജീവനക്കാരുടെ ക്ഷേമമാണ് തങ്ങളുടെ മുൻഗണനയെന്ന് അവർ വ്യക്തമാക്കി. ജൂൺ 29 മുതൽ ജൂലൈ 5 വരെ ഒരു ലക്ഷത്തിൽ ശരാശരി രണ്ട് പുതിയ വൈറസ് കേസുകൾ ഹെർഫോർഡ്ഷയറിലുണ്ടാകുന്നുവെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

മുൻകരുതൽ എന്ന നിലയിൽ, എ.എസ്. ഗ്രീൻ ആന്റ് കോയിലെ തൊഴിലാളികളെ ഫാമിൽ തന്നെ നിലനിർത്തുകയാണ്., ഓൺ സൈറ്റ് ടെസ്റ്റിംഗ്, സാമൂഹിക അകലം പാലിക്കൽ, ഇൻഡോർ പാക്കേജിംഗ് ഏരിയ എന്നിവ ഉൾപ്പെടെ നിരവധി അണുബാധ നിയന്ത്രണ നടപടികൾ കമ്പനി നടപ്പാക്കിയിട്ടുണ്ടെന്ന് പിഎച്ച്ഇ മിഡ്‌ലാന്റ്സ് ഹെൽത്ത് പ്രൊട്ടക്ഷൻ ഡയറക്ടർ കാറ്റി സ്‌പെൻസ് പറഞ്ഞു. ഫാമിലെ അതിവേഗ പരിശോധന, അണുബാധയുടെ വ്യാപനം നിയന്ത്രിക്കാൻ സഹായമായെന്ന് ഹെയർഫോർഡ്ഷയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ കാരെൻ റൈറ്റ് അറിയിച്ചു.

“ഞങ്ങളുടെ ജോലിക്കാരുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന. അവർ കഠിനാധ്വാനികളായ തൊഴിലാളികളാണ്. ഈ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ഭക്ഷണം നൽകാൻ അവർ പ്രയത്നിക്കുന്നു.” എ.എസ്. ഗ്രീന്റെ വക്താവ് കൂട്ടിച്ചേർത്തു. കോവിഡ് -19 ഭക്ഷണത്തിലൂടെയോ ഭക്ഷണ പാക്കേജിംഗിലൂടെയോ പകരാൻ സാധ്യതയില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ തന്നെ പഴവും പച്ചക്കറിയും വാങ്ങി ഉപയോഗിക്കാം. നിലവിൽ സൈറ്റ് സന്ദർശകർക്കായി അടച്ചിരിക്കുകയാണ്. ജൂലൈ 7 വരെ ഹെയർഫോർഡ്ഷയർ കൗൺസിൽ ഏരിയയിൽ 749 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ബോറിസ്, ഹിലരി, മാഗി രാഷ്ട്രീയക്കാരുടെ സൂപ്പർ ലീഗിൽ ആദ്യം തന്നെ തരംഗമായവർ ചുരുക്കമാണ്, എന്നാൽ അവരുടെ പട്ടികയിലേക്ക് മറ്റൊരു അംഗമായി എത്തുകയാണ് ചാൻസിലർ ഋഷി സുനാക് . മുൻപ് ട്രഷററായി പ്രവർത്തിച്ചിരുന്നുവെങ്കിലും ചാൻസിലർ എന്ന രീതിയിൽഅഞ്ച് മാസത്തെ പ്രവർത്തി പരിചയം കൊണ്ട് തിളക്കമുള്ള രാഷ്ട്രീയ സേവനം മുഖമുദ്രയാക്കി കഴിഞ്ഞു ഇദ്ദേഹം. ‘ബ്രാൻഡ് ഋഷി ‘ വെസ്റ്റ്‌മിൻസ്റ്ററിലെ മികവിന്റെ അടയാളമാണ് ഇദ്ദേഹം. ഇൻഫോസിസ് സഹസ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ജീവിതപങ്കാളി. സോഫ്റ്റ് ഫോക്കസ് ചിത്രങ്ങളും, കൃത്യമായ അടിക്കുറിപ്പും, തന്റെ മുഖമുദ്രയായ കയ്യൊപ്പും ഒക്കെ ചേർത്ത് അദ്ദേഹം പുറത്തു വിടുന്ന ഇൻസ്റ്റാചിത്രങ്ങൾ മിസ്റ്റർ സുനാകിന്റെ പ്രത്യേകതയാണ്.

ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായി ഋഷി സുനാക് പേരെടുത്തുകഴിഞ്ഞു. അടുത്ത പ്രധാനമന്ത്രിയായി പല രാഷ്ട്രീയ നീരിക്ഷകരും അദ്ദേഹത്തിന്റെ പേര് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഋഷിയുടെ മികച്ച പോൾ റേറ്റിംഗ്സ് ഇരുവരെയും സാരമായി ബാധിക്കും, കാരണം ജോൺസന്റെയും ഋഷിയുടെയും ഉയർച്ചയും പതനവും ഒരുപോലെ സംഭവിക്കുമെന്നതിനാലാണ് ഇത്. ഒരു പകർച്ചവ്യാധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചാണ് ഇനിയുള്ള രാഷ്ട്രീയ പോര് മുന്നോട്ടുപോവുക, ഋഷി രാഷ്ട്രീയത്തിൽ സ്വന്തമായിഒരു വ്യക്തി മുദ്ര പതിപ്പിക്കുന്നു എന്നതിലുപരിയായി, ബോറിസ് ജോൺസണ് അടി പതറാൻ സാധ്യതയുള്ള മേഖലകൾ നന്നായി കൈകാര്യം ചെയ്യുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അതിനാൽ ബ്രാൻഡ് ബോറിസിന് ഒരു മുതൽക്കൂട്ടാണ് ബ്രാൻഡ് ഋഷി. ഗോർഡൻ ബ്രൗണിന് ശേഷം ഏറ്റവുമധികം പോൾ റേറ്റിംഗ് ലഭിക്കുന്ന ചാൻസിലർ ആണ് ഋഷി.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിന് ശേഷം എത്ര പെട്ടെന്നാണ് ജനങ്ങളുടെ മനസ്സ് മാറിമറിയുന്നത് എന്ന കാഴ്ച ബ്രൗണിലൂടെ ബ്രിട്ടൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്. അതിനാൽ മോശമായ പ്രവർത്തികൾ ഒന്നും ഋഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പോലും, രാജ്യത്തിന്റെ സാമ്പത്തിക മേഖല കോവിഡ് ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു കടന്നില്ലെങ്കിൽ അത് ഋഷിയുടെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളോട് ബ്രിട്ടൻ കൂടുതൽ സൗമനസ്യം കാണിച്ചിരുന്നു. ഓഗസ്റ്റ് വരെ പകുതിയെങ്കിലും വേതനം നൽകാനും, വെട്ടിച്ചുരുക്കാൻ സാധ്യതയുള്ള തൊഴിൽ മേഖലകളെ കുറിച്ച് ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാനും ബ്രിട്ടീഷ് രാഷ്ട്രീയനേതൃത്വം ശ്രദ്ധിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങി ഭക്ഷണം കഴിച്ച് സാമ്പത്തിക മേഖലയെ സുസ്ഥിരപെടുത്തുന്ന ‘ഈറ്റ് ഔട്ട്‌ ഹെല്പ് ഔട്ട്‌ ‘ എന്ന പദ്ധതി ഇദ്ദേഹം നടപ്പിലാക്കി. ഇതിൽ പങ്കാളികളാകുന്ന ഹോട്ടലുകളിൽ പകുതി വിലയ്ക്ക് ഭക്ഷണം നൽകാനും ശ്രദ്ധിച്ചിരുന്നു. പഴയതുപോലെ ജോലിക്ക് പ്രവേശിക്കാനും, പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം രാഷ്ട്രീയക്കാർ ജനങ്ങളോട് പതിവായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, പലരും ഇപ്പോഴും കൊറോണ ഭീതിയിൽ വീടിനകത്ത് തന്നെ ചെലവഴിക്കുന്നത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ബില്യൺ കണക്കിന് പൗണ്ട് നിക്ഷേപങ്ങളിലൂടെയും, ലോണുകളിലൂടെയും, ടാക്സ് കട്ടിലൂടെയും ജനങ്ങളെ സഹായിക്കാൻ പരമാവധി ശ്രമങ്ങൾ ബ്രിട്ടീഷ് നേതൃത്വം നടത്തുന്നുണ്ടെങ്കിലും തൊഴിൽ മേഖലയിൽ എത്രമാത്രം ഇടിവ് സംഭവിക്കുമെന്നും, എത്രപേർക്ക് പൂർണമായി ജോലി നഷ്ടപ്പെടുമെന്നുമുള്ള കാര്യത്തിൽ കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ലാതിരിക്കെ ബോറിസിനും ഋഷിക്കും കനത്ത വെല്ലുവിളി നേരിട്ടേക്കാം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരം ജാക്ക് കാൾട്ടൻ അന്തരിച്ചു. 85 മത്തെ വയസ്സിൽ ആയിരുന്നു അന്ത്യം. 1966 -ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ നിറസാന്നിധ്യമായിരുന്നു കാൾട്ടൻ. മുൻ ലീഡ്സ് ഡിഫൻഡർ ആയിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞവർഷമാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ ഡിമെൻഷ്യയും ഇദ്ദേഹത്തെ ബാധിച്ചിരുന്നു.

ഏറ്റവും കൂടുതൽ തവണ ലീഡ്സിനു വേണ്ടി കളത്തിലിറങ്ങിയ കാൾട്ടൺ, ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായിരുന്നു. ഐറിഷ് ഫുട്ബോൾ ടീമിന് വേണ്ടിയും നിരവധി തവണ അദ്ദേഹം കളത്തിൽ ഇറങ്ങിയിട്ടുണ്ട്. നോർത്ത് ആംബർലാൻഡിലെ ഭവനത്തിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു കാൾട്ടന്റെ അന്ത്യം. മികച്ച ഫുട്ബോൾ താരമെന്നതിനോടൊപ്പം തന്നെ, മികച്ച ഒരു ഭർത്താവും, കുടുംബനാഥനും എല്ലാം ആയിരുന്നു അദ്ദേഹം എന്ന് കുടുംബാംഗങ്ങൾ ഓർമ്മിക്കുന്നു.

ജാക്ക് കാൾട്ടന്റെ മരണത്തിലുള്ള അതിയായ ദുഃഖം ഇംഗ്ലണ്ട് ഫുട്ബോൾ ടീം അറിയിച്ചു.1973 ലാണ് കാൾട്ടൻ കളത്തിൽ നിന്നും വിരമിച്ചത്. 1953 ൽ ആണ് അദ്ദേഹം പാറ്റിനെ വിവാഹം കഴിച്ചത്. മൂന്നു മക്കൾ ആയിരുന്നു അദ്ദേഹത്തിന്. ജന മനസ്സുകളുടെ നിറസാന്നിധ്യമായി കാൾട്ടൺ എന്നും തുടരുമെന്ന് സമൂഹത്തിലെ വിവിധ വ്യക്തികൾ തങ്ങളുടെ അനുശോചനങ്ങളിൽ രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved