റ്റിജി തോമസ്
ലോക്ഡൗൺ കാലത്ത് മലയാളിയെ ചൂടുപിടിപ്പിച്ച വിവാദമായിരുന്നു സ്പ്രിൻക്ലറുമായി ബന്ധപ്പെട്ടത്. കോവിഡ്-19 ബാധിച്ച മലയാളികളുടെ വിവരശേഖരണവും ഏകോപനവും അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് നൽകിയതിനെതിരെ പ്രതിപക്ഷവും അനുകൂലിച്ച് ഭരണപക്ഷവും ഒക്കെയായി ചർച്ചകൾ അരങ്ങു തകർത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല മുന്നേറ്റങ്ങൾക്കും വഴിതുറന്നത് ഡേറ്റയോട് അനുബന്ധമായിട്ടുള്ള വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റമാണ്. ഇന്ന് ഡേറ്റ കൈവശം വച്ചിരിക്കുന്ന മൾട്ടിനാഷണൽ കമ്പനികളാണ് ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത്. ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റും, ഫേസ്ബുക്കും ഇതാ ഇപ്പോൾ ഫേസ്ബുക്കുമായി ഓഹരി പങ്കാളിത്തത്തോടെ ജിയോയും ഒക്കെ ഈ നിലയിലുള്ള മുൻനിര കമ്പനികളാണ്.
ആശുപത്രി രേഖകളിൽ ഉള്ള രോഗികളുടെ പേരും വയസ്സും രോഗവിവരങ്ങളും ഒക്കെ ഡേറ്റ എന്ന് വിശേഷിപ്പിക്കുമ്പോൾ അതിൽ എത്ര പേർക്ക് പ്രമേഹം ഉണ്ട് അല്ലെങ്കിൽ ഹൃദ് രോഗം ഉണ്ട് അവർ ജീവിക്കുന്ന സ്ഥലവും അവരുടെ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ രീതിയിൽ ഡേറ്റായെ വിശകലനം ചെയ്യുമ്പോൾ നമ്മൾക്ക് ഡേറ്റയിൽ നിന്ന് ഇൻഫോർമേഷൻ ലഭ്യമാകും. ഇവിടെയാണ് ഡേറ്റയും ഇൻഫർമേഷനും തമ്മിലുള്ള കാതലായ വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത്. ഡേറ്റയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ വിവരങ്ങൾക്ക് പുറകെയാണ് ലോകം.
എല്ലാ വൻകിട കമ്പനികളും ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് പുതിയ ഉൽപ്പന്നങ്ങളെ രൂപകൽപ്പന ചെയ്യുന്നത് ഇങ്ങനെ വിശകലനം ചെയ്യുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മാരുതി പോലുള്ള വാഹന നിർമ്മാതാക്കൾക്ക് തങ്ങളുടെ പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ അവർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയാണ്. വൻകിട മരുന്ന് കമ്പനികൾക്ക് പുതിയ മരുന്നുകൾ വിപണിയിൽ ഇറക്കുന്നതിനും ആശ്രയിക്കുന്നത് ഡേറ്റയിൽ നിന്ന് പ്രോസസ് ചെയ്തെടുക്കുന്ന ഈ അറിവുകളെ അല്ലാതെ മറ്റൊന്നിനെയും അല്ല. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രാജ്യത്തെ തെരഞ്ഞെടുപ്പു ഫലത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ രാഷ്ട്രീയപാർട്ടികളെ സഹായിച്ചേക്കാം. ഈ രീതിയിൽ ഇന്ന് എവിടെയും എന്തിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശ്രയിക്കുന്നത് ഡേറ്റയെ ആണ്.
ഗൂഗിൾ സെർച്ചിനോട് ബന്ധപ്പെട്ട പരസ്യങ്ങൾ നമ്മുടെ ഇ-മെയിൽ ബോക്സിലോ ഫേസ്ബുക്കിലോ കയറി വരുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഫ്രീയായി തരുന്ന ഇ-മെയിൽ സേവനങ്ങളിലും സോഷ്യൽമീഡിയയിലുമൊക്കെ നമ്മളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റയിൽ നിന്ന് വിശകലനം ചെയ്‌തെടുക്കുന്ന അറിവുകളിലേയ്ക്ക് വൻകിട കമ്പനികൾ എങ്ങനെ എത്തിപ്പെടുന്നു എന്നതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.
അതെ ഇനിയുള്ള ലോകം നിയന്ത്രിക്കുന്നത് ഡേറ്റയുടെ അധിപന്മാരായിരിക്കും .
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയമങ്ങൾ മൂന്നുതവണ ലംഘിച്ചുവെന്നാരോപിച്ച് ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദ്ദം ഏറിവരുന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പ്രധാനമന്ത്രിയ്ക്ക് കഴിയുന്നില്ല. കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ നിരവധി എംപിമാർ വാരാന്ത്യത്തിൽ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ള ഭാര്യയുടെയും കുട്ടിയുടെയും അടുത്തേക്ക് 250 മൈൽ ദൂരം സഞ്ചരിച്ചു ഡൊമിനിക് എത്തിയതായാണ് വാർത്തകൾ. മാർച്ച് അവസാനവാരം തന്റെ ഭാര്യയെയും മകനെയും ഡർഹാമിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷം അദ്ദേഹം രണ്ട് തവണ കൂടി അവരെ സന്ദർശിച്ചു. സന്ദർശന വേളയിൽ മാതാപിതാക്കളുടെ അടുക്കൽ തന്നെ താമസിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് നിർബന്ധിച്ചുവെങ്കിലും ഏപ്രിൽ 12 ന് ഡർഹാമിലെ വീട്ടിൽ നിന്ന് 30 മൈൽ അകലെയുള്ള ബർണാർഡ് കാസിലിലെ ടൈസ് നദിയിലൂടെ ഡൊമിനിക്കും കുടുംബവും നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു. ഏപ്രിൽ 14 ന് അദ്ദേഹം ജോലിയിൽ മടങ്ങിയെത്തുകയും ചെയ്തു. ഏപ്രിൽ 19ന് ഡൊമിനിക് രണ്ടാമത്തെ യാത്ര നടത്തി ഭാര്യയെ സന്ദർശിച്ചതിനും സാക്ഷികളുണ്ട്.
കൂടുതൽ ആരോപണങ്ങൾ ഉയർന്നുവരുന്നതിനുമുമ്പ്, തന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവിന് ചുറ്റും ഒരു സംരക്ഷണവലയം തീർക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അടിയന്തര കേസ് ആയതിനാലാണ് അദ്ദേഹം ഡർഹാമിലേക്ക് യാത്ര ചെയ്തതെന്നും നാല് വയസ്സുള്ള മകനെ സന്ദർശിക്കാനാണ് പോയതെന്നും ജോൺസൻ പറഞ്ഞു. “ഡൊമിനിക് മാർഗ്ഗനിർദേശപ്രകാരം പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയും ആയിരുന്നു.” ജോൺസൻ കൂട്ടിച്ചേർത്തു. ഒരു യൂഗോവ് വോട്ടെടുപ്പിൽ 68% പൊതുജനങ്ങളും ഡൊമിനിക് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്ന് വിശ്വസിക്കുന്നു. 52% പേർ അദ്ദേഹം ജോലി രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, കമ്മിംഗ്സിനെ പിന്തുണച്ചു ട്വീറ്റ് ചെയ്തതിന് കൺസർവേറ്റീവ് എംപി റോബർട്ട് ഹാൽഫോൺ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹായി നിയമം ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടോറി എംപിമാർ അദ്ദേഹം രാജിവയ്ക്കാനോ അല്ലെങ്കിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമങ്ങൾ ലംഘിച്ചതിനാലും മാപ്പ് ചോദിക്കാത്തതിനാലും കമ്മിംഗ്സിന് പുറത്തുപോകേണ്ടിവരുമെന്ന് വെല്ലിംഗ്ബറോയുടെയും റഷ്ഡന്റെയും കൺസർവേറ്റീവ് എംപി പീറ്റർ ബോൺ പറഞ്ഞു. പ്രമുഖ പത്രമാധ്യമങ്ങൾ കമ്മിംഗ്സിനെക്കുറിച്ച് തെറ്റായ കഥകൾ എഴുതിയെന്നും ഏപ്രിൽ 14 ന് ഡൗണിംഗ് സ്ട്രീറ്റിൽ ജോലിക്ക് മടങ്ങി എത്തിയ ശേഷം കമ്മിംഗ്സ് ഡർഹാമിലേക്ക് യാത്ര ചെയ്‌തെന്ന അവകാശവാദമടക്കം കൂടുതൽ കൃത്യതയില്ലാത്ത കഥകളാണ് ഇന്ന് അവർ എഴുതുന്നതെന്നും ഉത്തരം തെറ്റായ വാർത്തകൾക്ക് മറുപടി നൽകുന്നതിന് ഞങ്ങൾ സമയം പാഴാക്കില്ലെന്നും ആരോപണങ്ങളോട് പ്രതികരിച്ച 10-ാം നമ്പർ വക്താവ് പറഞ്ഞു. താൻ ന്യായമായും നിയമപരമായും ആണ് കാര്യങ്ങൾ ചെയ്തതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഡൊമിനിക് മറുപടി നൽകി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിച്ചു ബ്രിട്ടണിൽ പുതുതായി 282 പേർ കൂടി മരണപ്പെട്ടതോടെ, മൊത്തം മരണ സംഖ്യ 36,675 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ കെയർ ഹോമുകളിലെ മരണ നിരക്കുകളും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം 257154 ആണ്. ഈയിടെയായാണ് ബ്രിട്ടൻ ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ആശുപത്രികൾക്ക് പുറത്തുനടക്കുന്ന മരണങ്ങളും കണക്കിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. 12 വയസ്സുള്ള ഒരു കുട്ടിയാണ് ഇംഗ്ലണ്ടിൽ ഏറ്റവും പുതുതായി കൊറോണ ബാധ മൂലം മരണപ്പെട്ടത്. ആശുപത്രികളിൽ മാത്രമായി 180 പേരോളം മരണപ്പെട്ടു. ഇതിൽ 157 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിംങ്സ് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് 260 മൈൽ നീണ്ട യാത്ര നടത്തി പുതിയ വിവാദം ആയി മാറിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം ചെയ്തതിനെ ന്യായീകരിച്ചാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. അദ്ദേഹവും ഭാര്യയും കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ ആയിരുന്നു. അദ്ദേഹം സുഖം ആയതിനുശേഷം, പിന്നീട് തന്റെ ഭാര്യയെ സന്ദർശിക്കാനാണ് ഇത്രയധികം നീണ്ട യാത്ര അദ്ദേഹം നടത്തിയത്. ഇതിനു ശേഷം ഇദ്ദേഹം തിരിച്ചുവന്ന് ജോലിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ഡൗണിങ് സ്ട്രീറ്റ് പ്രതികരിച്ചത്.
രാജ്യത്തെ കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, പല വിവാദങ്ങളും ഉയർന്നുവരികയാണ്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ സർക്കാർ പ്രതിനിധികൾ തന്നെ ലംഘിക്കുന്നതായി പല ആരോപണങ്ങളും ഉണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരം ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡിന് ഒരു അവസാനം ഉണ്ടാകുമോ? എന്നാൽ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് അവർ പറയുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൊറോണ അപ്രത്യക്ഷമാകുന്ന ഒരു ദിനം വരുമെന്നാണ്. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് ഇല്ലാത്തതായി ഇരിക്കുമെന്ന് കരുതുന്ന കൃത്യമായ തീയതി ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. നിലവിലെ സ്ഥിരീകരിച്ച കേസുകളിൽ നിന്നും മരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് കോവിഡ് -19 ന്റെ ഭാവി പ്രവചിക്കുന്ന ഒരു ഗണിതശാസ്ത്ര മാതൃക സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈൻ വികസിപ്പിച്ചു. ഏപ്രിൽ 30 ന് പ്രവചിച്ചതനുസരിച്ച്, ഓഗസ്റ്റ് 27 നകം യുകെ കൊറോണ വൈറസ് മുക്തമാകും. സിംഗപ്പൂർ ജൂൺ 28 നും അമേരിക്ക സെപ്റ്റംബർ 20 നും വൈറസ് രഹിത രാജ്യങ്ങൾ ആയി മാറിയേക്കും.
2020 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള പകർച്ചവ്യാധി 100% അവസാനിക്കുമെന്ന് അവർ പറയുന്നു. എങ്കിലും പ്രവചനത്തിൽ മാറ്റത്തിന് സാധ്യത ഉണ്ടെന്നും തീയതി അത്ര കൃത്യമല്ലെന്നും അവർ ഊന്നിപറഞ്ഞു. ലോക്ക്ഡൗണിനോട് ചേർന്നുനിൽക്കാത്തതുപോലുള്ള ജനങ്ങളുടെ പ്രവർത്തികൾ പ്രവചിച്ച തീയതിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഉള്ള നിയന്ത്രണ ഇളവ് , ചിലയിടത്തുള്ള കർശന നിയന്ത്രണം എന്നിവയൊക്കെ ഈ തീയതി മാറുന്നതിന് കാരണമായേക്കാം. “പ്രവചിച്ച ചില അവസാന തീയതികളെ അടിസ്ഥാനമാക്കിയുള്ള അമിത ശുഭാപ്തിവിശ്വാസം അപകടകരമാണ്. കാരണം ഇത് നിയന്ത്രണങ്ങളും ചട്ടങ്ങളും തെറ്റിക്കുന്നതിന് കാരണമാകും. വീണ്ടും അത് വൈറസ് വ്യാപനത്തിലേക്ക് നയിച്ചേക്കും.” റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്. ബ്രിട്ടന്റെ തലസ്ഥാനനഗരിയിൽ രോഗം ഇല്ലാതാവുന്നത് ശുഭലക്ഷണമാണ്. അതിനാൽ തന്നെ അടുത്ത നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മരണനിരക്കിൽ ഇടിവുണ്ടാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ കാൾ ഹെനഗൻ പറഞ്ഞു.
ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം
ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് പകരാതിരിക്കാൻ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസർ കാറിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധരുടെ നിർദ്ദേശം.
ഇനിയുള്ള മാസങ്ങളിലേക്കും ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസറിന്റെ ശേഖരം തന്നെ നമ്മുടെ രാജ്യത്ത് സുലഭമാണ് കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നു. ബാഗുകളിലോ പോക്കറ്റിലോ സൂക്ഷിക്കാനും സാധിക്കുന്നു.
ഹാൻഡ് സാനിറ്റൈസർ കാറിൽവയ്ക്കുന്നത് നല്ല ആശയമല്ലെന്ന വിദഗ്ധരുടെ വാദത്തെ അനുകൂലിച്ചു കൊണ്ടാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം വെയിലുള്ള സമയങ്ങളിൽ പുറത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാർ പോലുള്ള വാഹനങ്ങളിൽ പെട്ടെന്ന് ചൂടുകൂടുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. താപനില ഉയരുമ്പോൾ സാനിറ്റൈസറിലെ ആൽക്കഹോൾ ബാഷ്പീകരിക്കപ്പെടാൻ കാരണമാകുന്നു.
ബാക്ടീരിയയെയും വൈറസുകളെയും കൊല്ലുന്ന സജീവ ഘടകമാണ് ആൽക്കഹോൾ എന്നതിനാൽ ഉത്പന്നത്തിന് അതില്ലാതെ പ്രവർത്തിക്കാനും കഴിയില്ല. ഇത് കാറിൽ വീഴാനിടയായാൽ കാറിന്റെ ഉപരിതലങ്ങളിൽ കേടുപാടുകൾ സംഭവിച്ചേക്കാം. ഒരു പക്ഷെ കാറിന്റെ പ്രവർത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന് ഫോർഡ് എഞ്ചിനീയറുമാരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി.
ഡോ. ഐഷ വി
കാലം 1976. നാലാം ക്ലാസ്സുകാരിയായ ഞാനും ഒന്നാം ക്ലാസ്സുകാരനായ അനുജനും സ്കൂൾ യുവജനോത്സവ പരിപാടികൾ കാണാനായി മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് കമലാക്ഷിയുമുണ്ട്. വൈകുന്നേരം വരെ ഞങ്ങൾ പരിപാടികൾ ആസ്വദിച്ചു കണ്ടു. സമയത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാലാകണം ഏകദേശം നാലു മണി കഴിഞ്ഞപ്പോൾ കമലാക്ഷി വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി ആരോഗ്യമന്ത്രി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ എനിക്ക് മന്ത്രിയെ തൊട്ടടുത്ത് കാണാൻ ഒരു മോഹം . അതുകൊണ്ടു കൂടിയാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചത്. ഞാൻ മന്ത്രിയെ കണ്ടിട്ടേ വരുന്നൂള്ളൂ. കമലാക്ഷി പൊയ്ക്കോ, എന്നു പറഞ്ഞു. കമലാക്ഷി പോവുകയും ചെയ്തു. കുറേ സമയം കഴിഞ്ഞു. സമ്മേളനം ഗംഭീരമായി നടന്നു. എല്ലാവരും പിരിഞ്ഞു പോയി.
ഞാൻ അനുജനേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. നല്ല കോരിച്ചൊരിയുന്ന മഴ . കുറ്റാകുറ്റിരുട്ട്. പാതി വഴിയെത്തിക്കാണും . അനുജൻ പിന്നെ നടക്കാൻ കൂട്ടാക്കിയില്ല. ഞാൻ അവനേയും എടുത്തു. ഭാരം കാരണം ബാഗും കുടയും നേരെ പിടിയ്ക്കാൻ പററുമായിരുന്നില്ല. ആകെ നനഞ്ഞൊലിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം രാത്രി എട്ടുമണി. അച്ഛൻ കോഴിക്കോട്ട് ഔദ്യോഗികാവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു. അമ്മ കുഞ്ഞനുജത്തിയുമായി ദേവയാനി ചേച്ചിയുടെ വീട്ടിൽ പോയി വിവരം പറഞ്ഞതിനാൽ അന്ന് അവരുടെ വീട്ടിൽ അല്പം താമസിച്ചെത്തിയ ഭാസ്കരൻ മാമൻ ഞങ്ങളെ അന്വേഷിച്ചിറങ്ങുന്ന നേരത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത്. ചെന്നപാടെ അമ്മയുടെ ആധിയും വിഷമവുമൊക്കെ എന്റെ ചെവിയ്ക്ക് പിടിച്ച് തിരുകലും അടിയുമൊക്കെയായി മാറി. പിന്നീടേ അമ്മ ഞങ്ങളുടെ രണ്ടു പേരുടേയും തല തുവർത്തി തന്നുള്ളൂ. പിറ്റേന്ന് അച്ഛനെത്തിയപ്പോൾ അമ്മ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. വീട്ടിൽ പറയാതെ അത്രയും നേരം വൈകി നിൽക്കരുതായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അച്ഛൻ വച്ചു നീട്ടിയ കോഴിക്കോടൻ ഹൽവയുടെ മധുരത്തിൽ എനിയ്ക്കടി കൊണ്ട വേദന അലിഞ്ഞില്ലാതായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
അൻവർഷാ ജൗഹരി
റമദാൻ, വ്രതശുദ്ധിയുടെ യും ആരാധനകളുടെയും പുണ്യദിനങ്ങൾ ആണ് കടന്നു പോയത്. വിശുദ്ധമാസത്തിൽ തറാവീഹ് നമസ്കാരം ഉൾപ്പെടെ വീട്ടിൽ നിസ്കരിച്ചു പള്ളിയിലേക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ പോകാതെ ഗൃഹങ്ങൾ സൽകർമങ്ങൾ കൊണ്ട് നിറച്ചും മുപ്പത് ദിനങ്ങൾ. വിശ്വാസി വിശപ്പിന്റെ മഹത്വവും പ്രാർത്ഥനയുടെ ശുദ്ധിയും ഉള്ളറിഞ്ഞ അനുഭവിച്ചതിനുശേഷം, ഇന്ന് ചെറിയ പെരുന്നാൾ. കൊറോണ കാലത്തെ സാമൂഹ്യ അകലം വെപ്പിനും മുൻപുവരെ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തും ഈദ്ഗാഹ് കൂടിയും ബന്ധുജനങ്ങളെ സന്ദർശിച്ചും ആണ് ഈദുൽ ഫിത്തർ ആഘോഷിച്ചതെങ്കിൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ശവ്വാലമ്പിളി വിണ്ണിൽ ഉദിക്കുമ്പോൾ വിശ്വാസികൾ ഈദ് ഗാഹ് ഒരുക്കുന്നത് സ്വന്തം മുറ്റത്ത് തന്നെയാണ്.
പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെ കഴിയണം എന്നാണ് വന്ദ്യരായ നേതാക്കളെല്ലാം നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ അയൽപക്കങ്ങളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കാൻ അവൻ നമ്മിൽ പെട്ടവനല്ല എന്ന തിരു നബിയുടെ വചനം ലോക് ഡൗൺ കാലം മുഴുക്കെ നമ്മൾ ഓർമ്മിക്കണം. മലയാളിയുടെ ഐക്യവും സ്നേഹവും സഹനവും ഈ നോമ്പുകാലത്ത് ദൃശ്യമായിരുന്നു. ഒട്ടിയ വയറുകളോ ഒഴിഞ്ഞ മരുന്നു പാത്രമോ തനിക്കു ചുറ്റും ഇല്ലെന്ന് ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു.
ഒരു നോമ്പുകൊണ്ട് ശരീരത്തെ നരകത്തിൽ നിന്ന് 70 വർഷക്കാലത്തെ വഴി ദൂരം അകലത്തിൽ ആക്കാൻ കെൽപ്പുള്ള വിശ്വാസിക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വർഗത്തിലേക്കുള്ള വഴി ദൂരമത്രയും നടന്നു കയറാൻ കഴിയണം. വിശ്വാസത്തിന്റെ ബലത്തിൽ അതിജയിക്കാനാകുമെന്ന് നമ്മൾ പഠിച്ചു. അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. അകലങ്ങളിൽ ആയിരുന്നു കൊണ്ട് കുടുംബബന്ധങ്ങൾ ചേർക്കാം, സൗഹൃദങ്ങൾ പുതുക്കാം, ചുറ്റും പട്ടിണി ഇല്ലെന്ന് ഉറപ്പു വരുത്താം. നന്മയുടെ 30 ദിനരാത്രങ്ങൾക്ക് ശേഷം കൈവന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് അടുത്ത റമദാനിലേക്ക് നമുക്ക് ഹൃദയം കോർക്കാം. മലയാളം യുകെയുടെ വായനക്കാർക്ക് പെരുന്നാൾ ആശംസകൾ.
അൻവർഷാ ജൗഹരി, മഖ്ദൂമിയ്യ,
സ്വന്തം ലേഖകൻ
വെയിൽസ് : വെൽഷ് നാഷണിലിസ്റ്റ് എംപി ജോനാഥൻ എഡ്വേർഡിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 2010 മുതൽ പ്ലെയിഡ് സിമ്രുവിനായി കാർമാർത്തൻ ഈസ്റ്റിനെയും ഡൈനെഫ്‌വറിനെയും പ്രതിനിധീകരിച്ച 44 കാരനായ എഡ്വേർഡ്സിനെ ഈ ആഴ്ച ആദ്യം അമ്മൻഫോർഡിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണം നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടർന്നുവരികയാണ്.
മിസ്റ്റർ എഡ്വേർഡിൽ നിന്ന് വിപ്പ് പിൻവലിച്ചതായി പ്ലെയ്ഡ് സിമ്രു സ്ഥിരീകരിച്ചു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പാർട്ടി വിപ്പ് പിൻവലിച്ചതായി പ്ലെയ്ഡ് സിമ്രു പ്രസ്താവനയിൽ പറഞ്ഞു. പോലീസ് അന്വേഷണം തുടർന്ന് വരുന്നതിനാൽ കൂടുതൽ അഭിപ്രായം പറയാൻ പാർട്ടി തയ്യാറായില്ല. അന്വേഷണവുമായി എംപി സഹകരിച്ചുവരുന്നുണ്ടെന്നാണ് വാർത്തകൾ.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനായി ലോകത്താകെ 100ഓളം ഗവേഷക സംഘങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രാഥമിക ഗവേഷണം മുതൽ രോഗികളിൽ പ്രയോഗിച്ചുളള പരീക്ഷണം വരെ വിവിധ ഘട്ടങ്ങളിലാണ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ. ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഒരു വാക്സിൻ അത്യാവശ്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് അത് വികസിപ്പിച്ചെടുക്കാൻ സാധിക്കാത്തത്? കാരണം ഒരു വാക്സിൻ ഉണ്ടാക്കിയെടുത്ത് അത് ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഏകദേശം മൂന്നോ നാലോ വർഷങ്ങൾ ആവശ്യമുണ്ട്. പരീക്ഷണങ്ങൾ ആരംഭിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇപ്പോൾ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിനായി 10,000 വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. “ഞങ്ങൾക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.” എന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം പറഞ്ഞത്. വാക്സിനുകൾ തത്വത്തിൽ ലളിതവും പ്രായോഗികമായി സങ്കീർണ്ണവുമാണ്. അനുയോജ്യമായ വാക്സിൻ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു, അതിന്റെ വ്യാപനം തടയുന്നു. അങ്ങനെ സുരക്ഷിതമാക്കുന്നു. എന്നാൽ ഇവയൊന്നും എളുപ്പത്തിൽ നേടിയെടുക്കാൻ ആവില്ല.
എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി എന്ന വൈറസിനെ ശാസ്ത്രജ്ഞർ വേർതിരിച്ച് 30 വർഷത്തിലേറെ ആയെങ്കിലും ഇപ്പോഴും നമുക്ക് വാക്സിൻ ഇല്ല. 1943 ലാണ് ഡെങ്കിപ്പനി വൈറസ് തിരിച്ചറിഞ്ഞത്. എന്നാൽ ആദ്യത്തെ വാക്സിൻ കഴിഞ്ഞ വർഷമാണ് അംഗീകരിച്ചത്. ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വേഗതയേറിയ വാക്സിൻ മംപ്സ് ആയിരുന്നു. ഇതിന് നാല് വർഷമെടുത്തു. സുഖം പ്രാപിച്ച കോവിഡ് -19 രോഗികളിൽ നിന്നുള്ള രക്തം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ വിശകലനം ചെയ്തപ്പോൾ, രോഗപ്രതിരോധ ശേഷിക്ക് കാരണമായ ഐ ജി ജി ആന്റിബോഡികളുടെ അളവ് അണുബാധയുടെ ആദ്യ മാസത്തിൽ കുത്തനെ ഉയർന്നുവെങ്കിലും പിന്നീട് കുറഞ്ഞു. വൈറസിന്റെ ജനിതക സ്ഥിരതയും പ്രധാനമാണ്. ഇൻഫ്ലുവൻസ പോലുള്ള ചില വൈറസുകൾ വളരെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു. അതിനാൽ വാക്സിൻ നിർമിക്കുന്നവർ ഓരോ വർഷവും പുതിയ ഫോർമുലേഷനുകൾ പുറത്തിറക്കേണ്ടതുണ്ട്. സാർസ് കോവ് 2 ഉം സ്ഥിരതയുള്ളതാണെന്ന് കരുതുന്നു. വാക്സിൻ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷയാണ്. മനുഷ്യനിൽ പരീക്ഷിച്ചു കഴിഞ്ഞ് അപകടകരമായ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾക്കായി ശാസ്ത്രജ്ഞർ വളരെ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. ഓരോ വാക്സിനും ഉയർത്തുന്ന പ്രത്യേക വെല്ലുവിളികൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ വേൾഡ് വൈഡ് ഇൻഫ്ലുവൻസ സെന്റർ ഡയറക്ടർ ജോൺ മക്കൗലി പറയുന്നു.
നമ്മൾ നിർമിച്ചെടുക്കുന്ന കൊറോണ വൈറസ് വാക്സിൻ 100% ഫലപ്രദമാകില്ലെന്ന് പലരും പറയുന്നുണ്ട്. ഒരു വാക്സിൻ, വൈറസിനെ തുടച്ചുനീക്കാൻ സ്ഥിരവും ഉയർന്നതുമായ ആന്റിബോഡികൾ സൃഷ്ടിക്കുകയും രോഗബാധയുള്ള കോശങ്ങളെ നശിപ്പിക്കുന്നതിന് “ടി” സെല്ലുകൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഓരോ വാക്സിനുകളും വ്യത്യസ്തമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വാക്സിൻ കുരങ്ങുകളിൽ വൈറസ് ബാധിക്കുന്നത് തടഞ്ഞില്ല. പക്ഷേ കൊറോണ വൈറസ് രോഗികളിൽ മരണകാരണമായ ന്യൂമോണിയയെ തടയുന്നതായി കാണപ്പെട്ടു. വൈറസിന്റെ ദുർബലമായ വാക്സിനുകൾ പ്രായമായവർക്ക് അപകടകരമാണ്, പക്ഷേ അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് ഇത് രോഗപ്രതിരോധശേഷിയുള്ള ചെറുപ്പക്കാർക്ക് നൽകാം. യാഥാർഥ്യത്തിൽ വൈറസ് സമൂഹത്തിൽ ഇനി നിലനിന്നുവരും എന്ന് ചുരുക്കം. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു വാക്സിൻ ഉപയോഗിച്ച് വൈറസിനെ കീഴടക്കാൻ ഇപ്പോഴും കഠിനമായിരിക്കും. വസൂരിയെ ഒഴിവാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കൊറോണയെ തടയാനെന്ന് പാൻഡെഫെൻസ് അഡ്വൈസറിയുടെ സിഇഒ ലാറി ബ്രില്യന്റ് പറയുന്നു.
തുടർന്നുള്ള നാളുകളിൽ നാം വൈറസിനൊപ്പം പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും. കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, ഒത്തുചേരലുകൾ ഒഴിവാക്കുക എന്നിവയിലൂടെ ആളുകൾക്ക് വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാം. ഒപ്പം മാസ്ക് സാധരണജീവിതത്തിന്റെ ഭാഗമായി മാറണം. ജോലി സ്ഥലത്തേക്കോ മറ്റോ യാത്ര ചെയ്യുവാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് പ്രവർത്തിക്കുന്ന ഒരു ആന്റിവൈറൽ അല്ലെങ്കിൽ ആന്റിബോഡി ചികിത്സ ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ വരുമ്പോൾ ഉടനടി ചികിത്സിക്കുന്നതാണ് ഉത്തമം. ലോകം മുമ്പോട്ട് പോയെ പറ്റൂ. അതിപ്പോൾ കൊറോണയുടെ കൂടെ ആണെങ്കിൽ അങ്ങനെ. പക്ഷേ നാമെല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായി മാറണം എന്നുമാത്രം.
സ്വന്തം ലേഖകൻ
ബ്രസീൽ :- കൊറോണ ബാധയുടെ പുതിയ പ്രഭവ കേന്ദ്രമായി സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീൽ മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണ ബാധ മൂലം മരിച്ചയാളുടെ മൃതദേഹം 30 മണിക്കൂറിലേറെയായി റിയോ ഡി ജനീറോയുടെ തെരുവിൽ കിടന്നതായി കണ്ടെത്തിയത് ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. രാജ്യത്തെ മൊത്തം മരണങ്ങൾ ഇരുപതിനായിരം കടന്നിരിക്കുകയാണ്. വൽനീർ ഡാ സിൽവ എന്ന 62 കാരൻെറ മൃതദേഹമാണ് തെരുവിൽ കണ്ടെത്തിയത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടിനു സമീപത്തായി, പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഇടയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിൽ രാജ്യത്ത് രോഗം പെരുകുന്ന സാഹചര്യത്തിലും, ഗവൺമെന്റ് ലോക്ക് ഡൗൺ നിയമങ്ങൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുകയാണ്. ഈയാഴ്ച ബ്രസീൽ ബ്രിട്ടനെ പിന്തള്ളി ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മൂന്നാമത്തെ രാജ്യം ആയി മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി പതിനായിരത്തോളം കേസുകളുമായി അമേരിക്കയ്ക്കും റഷ്യയ്ക്കും പുറകിലായാണ് ഇപ്പോൾ ബ്രസീലിന്റെ സ്ഥാനം.
മാർച്ച് 18നാണ് ബ്രസീലിൽ കൊറോണ ബാധ മൂലമുള്ള ആദ്യ മരണം രേഖപ്പെടുത്തിയത്. ഇതിനുശേഷം രാജ്യത്താകമാനം മരണ നിരക്ക് വൻതോതിൽ വർദ്ധിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് മരണനിരക്ക് 20,047ആയി ഉയർന്നിരിക്കുകയാണ്. മരിച്ച സിൽവയ്ക്കു ശ്വാസംമുട്ടൽ ഉണ്ടായപ്പോൾ തന്നെ അടുത്തുള്ള ആളുകൾ ആരോഗ്യപ്രവർത്തകരെ അറിയിച്ചെങ്കിലും, അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് ജീവനക്കാരാണ് മൃതദേഹം തെരുവിൽ ഉപേക്ഷിച്ചത് എന്ന് കണ്ടുനിന്നവർ പറയുന്നു. നഗര ജീവനക്കാരും മൃതദേഹം നീക്കുന്നത് തങ്ങളുടെ ജോലിയല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പെട്രോളിംഗ് നടത്തുന്ന പോലീസ് ഓഫീസർമാരെ വിവരമറിയിച്ചെങ്കിലും അവരും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മരിച്ചയാളുടെ മകൻ കുറ്റപ്പെടുത്തി. ഇങ്ങനെ 30 മണിക്കൂറിലേറെയാണ് ആ മൃതദേഹം തെരുവിൽ കിടന്നത്.
ഇതിനിടയിൽ കൊറോണ രോഗികൾക്കു മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ നൽകുവാൻ ബ്രസീലിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. കേസുകൾ കൂടുന്നതിനാൽ ആശുപത്രികളിൽ സ്ഥലം ഇല്ലാത്തതും പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.