ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : ഗ്രേറ്റ്‌ മാഞ്ചസ്റ്ററിന് മേൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ മേയർ രംഗത്ത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായ പ്രദേശത്തിന്റെ നിലപാടിന് വിപുലമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പോരാട്ടം മാത്രമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ശൈത്യകാലത്ത് രോഗവ്യാപനം ഉയരുമ്പോൾ മിക്ക പ്രദേശങ്ങളും ടയർ 3ലേയ്ക്ക് പ്രവേശിച്ചേക്കും. ഇത് പ്രാദേശിക അധികാരികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കൂടുതൽ ഉദാരമായ സാമ്പത്തിക സഹായമില്ലാതെ വെരി ഹൈ അലേർട്ട് ലെവലിലേയ്ക്കുള്ള നീക്കം ഗ്രേറ്റ്‌ മാഞ്ചെസ്റ്റർ നേതാക്കൾ നിരസിച്ചു. ഒരു പുതിയ സമീപനം അംഗീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഗവൺമെന്റ് മിനിസ്റ്റർ മൈക്കിൾ ഗോവ് പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്ററിന് ഏറ്റവും മികച്ചത് നൽകാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇരുവർക്കും ഒരുമിച്ച് ഒരു വഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ടയർ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം പ്രാദേശിക നേതാക്കൾ അംഗീകരിക്കുന്നില്ലെങ്കിൽ ഇടപെടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കഴിഞ്ഞ ഒൻപത് ദിവസങ്ങളെ അപേക്ഷിച്ച് പ്രദേശത്തെ കേസുകൾ ഇരട്ടിയായതായി ജോൺസൻ അറിയിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ താൻ ഒരുക്കമാണെന്ന് മാഞ്ചസ്റ്റർ മേയർ ബർൺഹാം പറഞ്ഞു. ഇന്ന് നമ്പർ 10 ഉദ്യോഗസ്ഥനായ സർ എഡ്വേർഡ് ലിസ്റ്ററുമായി താൻ സംസാരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം പ്രാദേശിക നിയന്ത്രണങ്ങൾക്ക് പകരം ഹ്രസ്വവും പരിമിതവുമായ ഒരു ലോക്ക്ഡൗണും സപ്പോർട്ട് പാക്കേജും നടപ്പിലാക്കണമെന്ന് ലേബർ പാർട്ടിയുടെ റേച്ചൽ റീവ്സ് അഭിപ്രായപ്പെട്ടു.

സർക്കാർ ഏർപ്പെടുത്തിയ പുതിയ സംവിധാനം ദോഷകരമായി ബാധിച്ച ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി മുമ്പ് നടപ്പിലാക്കിയ 80% ഫർലോഫ് പദ്ധതി വീണ്ടും അവതരിപ്പിക്കാൻ ബൺഹാം ആവശ്യപ്പെട്ടു. ടയർ 3 നിയന്ത്രണത്തിന് കീഴിൽ സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ്. അതിനാലാണ് സർക്കാർ കൂടുതൽ ധനസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം വാദിക്കുന്നത്.