സ്വന്തം ലേഖകൻ
ലണ്ടൻ : ജൂലൈ നാലിന് ഇംഗ്ലണ്ടിലെ പബ്ബുകൾ തുറന്നതിന് പിന്നാലെ കനത്ത ആശങ്കയാണ് പടികടന്നെത്തിയത്. ആദ്യദിവസം തന്നെ സുരക്ഷാ നടപടികൾ പാലിക്കാതെ ആയിരങ്ങളാണ് ആഘോഷം നടത്തിയത്. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതാ, പബ്ബുകൾ തുറന്ന് മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ 3 പബ്ബുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ ഫോക്സ് ആൻഡ് ഹൗണ്ട്സ്, സോമർസെറ്റിലെ ലൈറ്റ്ഹൗസ് കിച്ചൻ ആൻഡ് കാർവറി, ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് എന്നിവയാണ് അടച്ചുപൂട്ടിയത്. സ്റ്റാഫിന്റെ കുടുംബത്തിലെ ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതിനെതുടർന്ന് തന്റെ ജീവനക്കാർ ഉൾപ്പെടുയുള്ളവർ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് വില്ലേജ് ഹോം പബ്ബിന്റെ ഉടമസ്ഥൻ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമസ്ഥാനം നൽകാൻ തീരുമാനിച്ചതായി ലൈറ്റ്ഹൗസ് കിച്ചൻ മാനേജർ ജെസ് ഗ്രീൻ പറഞ്ഞു. “എന്റെ ഉപഭോക്താക്കളെയും സ്റ്റാഫിനെയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് തോന്നി. അതിനാലാണ് പബ്ബ് അടയ്ക്കാൻ ഞാൻ തീരുമാനിച്ചത്. ” ഗ്രീൻ അറിയിച്ചു.
സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ബേൺഹാമിലെ ഇന്ത്യൻ ടേക്ക്എവേ സാഗറും വെള്ളിയാഴ്ച വരെ അടച്ചു. ഫോക്സ് ആൻഡ് ഹൗണ്ട്സ് ജീവനക്കാർ പരിശോധന നടത്തിയെന്നും വീണ്ടും തുറക്കുന്നതിന് മുമ്പ് പൂർണമായി വൃത്തിയാക്കുമെന്നും ഉടമ പറഞ്ഞു. ശനിയാഴ്ച വീണ്ടും തുറക്കുന്നതിന് മുന്നോടിയായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാറ്റ്‌ലി പബ്ബ് അറിയിച്ചു. അകത്ത് കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, കെട്ടിടത്തിന് ചുറ്റും വൺവേ സംവിധാനം, ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കുമെന്ന് അവർ അറിയിച്ചു.
ഉപഭോക്താക്കളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുകയാണെന്ന് ലൈറ്റ്ഹൗസ് കിച്ചൻ അധികൃതർ പറഞ്ഞു. ആൽവർസ്റ്റോക്കിലെ വില്ലേജ് ഹോം പബ്ബ് ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൗൺസിലിന്റെ ഉപദേശത്തെ ആശ്രയിച്ചിരിക്കും തീരുമാനം എടുക്കുക. കോൺടാക്റ്റ് ട്രെയ്‌സിംഗ് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിനെക്കുറിച്ച് യുകെ പബ്ബും ഹോസ്പിറ്റാലിറ്റി ട്രേഡ് ബോഡികളും ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമായി മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചു. കോൺടാക്റ്റ് വിശദാംശങ്ങൾ ഒരു ഗ്രൂപ്പിലെ ഒരാളിൽ നിന്നും മാത്രമേ എടുക്കാവൂ, മാത്രമല്ല 21 ദിവസത്തേക്ക് സൂക്ഷിക്കുകയും വേണം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പബ്ബിലേക്ക് എത്തുന്നവർ അനേകരാണ്. അതിനാൽ തന്നെ അതീവ ജാഗ്രത സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പബ്ബ് ഉടമകൾ.
സ്വന്തം ലേഖകൻ
ലണ്ടൻ : ഗാർഹിക പീഡന ബില്ലിൽ ഭേദഗതി വരുത്താൻ സമ്മതിച്ച് എംപിമാർ. “പരുക്കൻ ലൈംഗിക പ്രതിരോധം” (rough sex defence ) ഇനി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിക്കും. ലൈംഗിക പങ്കാളിയെ കൊലപ്പെടുത്തുകയോ അക്രമാസക്തമായി പരിക്കേൽപ്പിക്കുകയോ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ചില പ്രതികൾ കോടതിയിൽ പരുക്കൻ ലൈംഗിക പ്രതിരോധം (50 ഷേഡ്സ് ഡിഫെൻസ് എന്നും അറിയപ്പെടുന്നു) ഉപയോഗിക്കുന്നു. മരണമോ പരിക്കോ സമ്മതത്തോടെയുള്ള ലൈംഗികതയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെടുന്നു. ഇതിനെയാണ് പുതിയ ഭേദഗതിയിലൂടെ എടുത്തുമാറ്റിയത്. ലൈംഗികപരമായി ദുരുപയോഗം ചെയ്യപ്പെടുന്നവർക്ക് അഭയം നൽകുന്നതിനായി വിശാലമായ നിയമനിർമ്മാണം നടത്താൻ ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് ബാധ്യതയുണ്ടാക്കും. പ്രചാരണക്കാർ ഇതിനെ സ്വാഗതം ചെയ്തെങ്കിലും കുടിയേറ്റ സ്ത്രീകളെപ്പോലുള്ളവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചിലർ പറഞ്ഞു.
ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ കോമൺസിൽ അവസാന ഘട്ടം പാസാക്കി. ഇനി ഇത് ഹൗസ് ഓഫ് ലോർഡ്‌സിൽ ചർച്ചയ്ക്കായി നീങ്ങും. കഴിഞ്ഞ വർഷം ജൂലൈയിൽ തെരേസ മേയുടെ സർക്കാർ ക്രോസ്-പാർട്ടി പിന്തുണയോടെയാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പ് കാരണം പാസാകാൻ കാലതാമസം നേരിട്ടു. ഗാർഹിക പീഡനത്തിന്റെ ഫലങ്ങൾ കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആയ കുട്ടികളെ നിയമപ്രകാരം ഇരകളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. റഫ് സെക്സ് ഡിഫെൻസ് എന്നതിന്റെ ഉപയോഗം സമീപകാലത്തെ ഏറ്റവും ചടുലവും വേദനാജനകവുമായ സംഭവവികാസങ്ങളിലൊന്നാണ് കോമൺസിൽ സംസാരിച്ച ഹോം ഓഫീസ് മിനിസ്റ്റർ വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. ഈ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ട് ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്സ്, 2016 ൽ കൊല്ലപ്പെട്ട നതാലി കൊനോലിയെ അനുസ്മരിച്ചു. 40ഓളം പരുക്കുകളാൽ ആണ് 26കാരിയായ നതാലി കൊല്ലപ്പെട്ടത്. ലൈംഗിക പങ്കാളിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തിയ്ക്കിടെയാണ് പരിക്കേറ്റതെന്ന് പറഞ്ഞ് കൊലപാതകകേസ് ഒഴിവാക്കുകയായിരുന്നു. ലൈംഗിക വേളയിൽ ഒരാളെ കൊലപ്പെടുത്തുന്നവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താൻ ആഗ്രഹിക്കുന്ന കാമ്പെയ്ൻ ഗ്രൂപ്പ്, ഈ ഭേദഗതിയെ തങ്ങളുടെ വിജയമായി കണക്കാക്കി.
കഴിഞ്ഞ ഒരു ദശകത്തിനിടെ യുകെയിൽ 60 സ്ത്രീകളെ പുരുഷന്മാർ കൊലപ്പെടുത്തിയതായി പ്രചാരകർ വാദിച്ചു. സ്ത്രീകൾ അക്രമത്തിന് സമ്മതിക്കുന്നുവെന്ന് അവർ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ ഈ കേസുകളിൽ 45 ശതമാനവും വളരെ കുറഞ്ഞ ശിക്ഷകളാണ് നേരിട്ടത്. ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബിബിസി ത്രീ 2020 ൽ ഇതുവരെ നാല് കേസുകൾ കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 കേസുകൾ. സെന്റർ ഫോർ വിമൻസ് ജസ്റ്റിസ് ഡയറക്ടർ ഹാരിയറ്റ് വിസ്ട്രിച്ച് ബില്ലിനെ നിയമനിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് വിശേഷിപ്പിച്ചു. എന്നിരുന്നാലും, ഗാർഹിക പീഡനത്തിന് ഇരയായവർക്കുള്ള സംരക്ഷണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ മുന്നോട്ടുകൊണ്ടുവരണമെന്നും അവർ വാദിച്ചു.
സ്വന്തം ലേഖകൻ
വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഇൻട്രാ യൂട്രിൻ ഡിവൈസ് എന്ന കൃത്രിമഗര്‍ഭനിരോധനയന്ത്രം മുറുക്കിപിടിച്ചുള്ള നവജാത ശിശുവിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഈ ഉപകരണവും ഒപ്പം പുറത്തുവന്നിട്ടുണ്ടെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവാങ് പറഞ്ഞു.
“ഡെലിവറിക്ക് ശേഷം, ഉപകരണം കയ്യിൽ ഇരിക്കുന്നത് രസകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ഒരു ചിത്രമെടുത്തു. അതിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” ഫുവാങ് വെളിപ്പെടുത്തി. 34-കാരിയായ അമ്മ രണ്ട് വർഷം മുമ്പ് ഐ.യു.ഡി നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഐയുഡി അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കാമെന്നും ഫലപ്രദമല്ലാത്ത ഗർഭനിരോധന മാർഗ്ഗമായി മാറുകയും അത് അമ്മ ഗർഭിണിയാകാൻ അനുവദിക്കുകയും ചെയ്തതായി ഫുവാങ് പറഞ്ഞു. അമ്മയുടെ മൂന്നാമത്തെ കുട്ടിയായാണ് ഈ ആൺകുഞ്ഞ് ജനിച്ചുവീണത്. ജനനത്തിനു ശേഷം കുഞ്ഞും അമ്മയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ദാരിദ്ര്യം മൂലം ശരിയായ രീതിയിലുള്ള പോഷകാഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങൾ ബ്രിട്ടനിൽ ഉണ്ടെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന കണ്ടെത്തലുമുണ്ട്. പലപ്പോഴും ശരിയായ രീതിയിലുള്ള പോഷകങ്ങളടങ്ങിയ ആഹാരങ്ങളിൽ പലതും മിക്ക കുടുംബങ്ങൾക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതുമൂലം ഇത്തരം കുടുംബങ്ങൾ അനാരോഗ്യകരമായ ഭക്ഷണ രീതികളിലേക്ക് ചുവടു മാറുകയാണ് പതിവ്. ബ്രിട്ടനിലെ ജനങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രോസസ്സ്ഡ് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരാണ്. ഇതുമൂലം മൂന്നിൽ രണ്ട് ശതമാനം മധ്യവയസ്കരും അമിതവണ്ണം മൂലം ദുരിതമനുഭവിക്കുന്നവരാണ്. ഭൂരിഭാഗം കുട്ടികളിലും അമിതവണ്ണം രേഖപ്പെടുത്തുന്നുണ്ട്.
ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ മാറ്റേണ്ട സമയം ആയിട്ടുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അമിതവണ്ണമുള്ളവരിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാഹചര്യം കൂടുതൽ ആണെന്നിരിക്കെ, അനാരോഗ്യകരമായ ഭക്ഷണ രീതിക്ക് ഒരു മാറ്റം വരേണ്ടത് അത്യന്താപേക്ഷിതമാണ്. ബ്രിട്ടനിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളിൽ പലതും, പോഷകങ്ങൾ കുറവുള്ള, ശരീരത്തിന് അധികം പ്രയോജനം ചെയ്യാത്ത ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. ഈ പ്രശ്നത്തിൽ ഗവൺമെന്റ് ഇടപെടേണ്ട സമയമായെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.
കൃത്യമായ വരുമാനമാർഗം ഇല്ലാത്ത കുടുംബങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഫുഡ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ ടെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണ രീതികൾ പിന്തുടരുന്നവരിലാണ് അമിതവണ്ണം ദൃശ്യമാകുന്നത്. അതിനാൽ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യകാര്യത്തിൽ ഗവൺമെന്റ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.
സ്വന്തം ലേഖകൻ
വാഷിങ്ടൺ : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് കുറഞ്ഞുവരികയാണെങ്കിലും അമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങൾ കനത്ത ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വായുവിലൂടെയും പടർന്നുപിടിക്കാമെന്ന് 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം മുന്നറിയിപ്പ് നൽകി. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടിനുള്ളിൽ ആണെങ്കിലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വീടിനുള്ളിൽ ആയിരിക്കുമ്പോഴും മാസ്ക് ധരിക്കുന്നത് സുരക്ഷിതമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലോകത്തെ 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയത്. പുതിയ കണ്ടെത്തൽ സംബന്ധിച്ച് അടുത്ത ആഴ്ച ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അപര്യാപ്ത മൂലമാണ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകാത്തത്.
ശാസ്ത്രജ്ഞരുടെ നിഗമനം കൃത്യമാണെങ്കിൽ, ആളുകൾ സാമൂഹികമായി അകന്നു നിൽക്കുമ്പോഴും വീടിനുള്ളിൽ മാസ്‌ക്കുകൾ ധരിക്കേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ പുതിയ ഫിൽറ്ററുകൾ ചേർക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രധാനമായും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് മൂക്കിൽ നിന്നോ വായിൽ നിന്നോ പുറപ്പെടുന്ന ചെറിയ തുള്ളികളിലൂടെ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസിന് മൂന്ന് മണിക്കൂർ നേരം വായുവിലും പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്ന് ദിവസം വരെയും നിലനിൽക്കാൻ കഴിവുണ്ടെന്ന് മാർച്ചിൽ യുഎസ് ഗവേഷകർ അറിയിച്ചിരുന്നു. രോഗ പ്രതിസന്ധി തടയാൻ ആളുകൾ കൈകഴുകേണ്ടത് അത്യാവശ്യമാണെന്ന് ജോർജ്ജ് ടൗൺ സർവകലാശാലയിലെ മൈക്രോബയോളജി പ്രൊഫസർ ജൂലി ഫിഷർ അറിയിച്ചു. അതേസമയം, കോവിഡ് വായുവിലൂടെ പടരുമെന്നതിനുള്ള തെളിവ് ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ. ബെനെഡെറ്റ അല്ലെഗ്രാൻസി അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : എൻ എച്ച് എസ് വാർഷികദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവേകി രാജ്യം. പ്രധാനമന്ത്രി ബോറിസ് ജോൺസനും ചാൾസ് രാജകുമാരനും അടക്കമുള്ളവർ എൻ എച്ച് എസ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിനു നന്ദിയെന്നോണം കരഘോഷം മുഴക്കി. ഡൗണിംഗ് സ്ട്രീറ്റ്, റോയൽ ആൽബർട്ട് ഹാൾ, ബ്ലാക്ക്പൂൾ ടവർ, ഷാർഡ്, വെംബ്ലി ആർച്ച് എന്നിവയെല്ലാം നീല വെളിച്ചത്തിൽ പ്രകാശിച്ചു. പകർച്ചവ്യാധിയുടെ സമയത്ത് മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ഒരു മിനിറ്റ് നേരം നിശബ്ദത പാലിക്കുകയും ചെയ്തു. സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനും രാജ്യവ്യാപകമായി കരഘോഷത്തിൽ പങ്കുചേർന്നു. നേരത്തെ, ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ലിവർപൂൾ എഫ്‌സി താരങ്ങളും ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ അഭിനന്ദിച്ചിരുന്നു.
കോവിഡ് 19തിന്റെ രണ്ടാം ഘട്ട വ്യാപനത്തെ നേരിടാൻ എൻ എച്ച് എസ് തയ്യാറെടുക്കുകയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് അറിയിച്ചു. ആരോഗ്യ സേവനങ്ങൾ മറ്റൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗികളുടെ അതിജീവനത്തിനായി ആരോഗ്യ മേധാവികൾ ഇതിനകം തന്നെ തയ്യാറെടുക്കുകയാണ്. ആശുപത്രികൾ പ്രവർത്തിപ്പിക്കുന്നതിനായി എക്കാലത്തെയും വലിയ പകർച്ചവ്യാധി വാക്സിനേഷൻ പ്രോഗ്രാം ആവശ്യമാണെന്നും സ്റ്റീവൻസ് പറഞ്ഞു. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറയുമെന്ന ആശങ്ക മാർച്ചിൽ തന്നെ ആരോഗ്യമേധാവികൾ പങ്കുവച്ചിരുന്നു. പകർച്ചവ്യാധി ഒഴിഞ്ഞുപോയിട്ടില്ലെന്നും ഭാവിയിൽ കൂടുതൽ ആളുകൾക്ക് വൈറസ് പിടിപെടുമെന്നും പ്രാദേശികമായി പൊട്ടിപ്പുറപ്പെടുന്നത് തടയാനാവില്ലെന്നും വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്.
കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതികൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. എൻഎച്ച്എസ്, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് തയ്യാറെടുക്കുകയാണെന്ന് ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിൽ സംസാരിച്ച സൈമൺ പറഞ്ഞു. ഫലപ്രദമായ കോവിഡ് വാക്സിൻ എപ്പോൾ പുറത്തുവരുമെന്നതിൽ വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതും ആശങ്കയ്ക്ക് കാരണമാകുന്നു. കൊറോണ വൈറസ് ബ്രിട്ടനിൽ തിരിച്ചെത്തുമെന്ന് വിദഗ്ദ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇവ പ്രാദേശിക ലോക്ക്ഡൗണുകൾ കൊണ്ടാവും ഇനി തടയുക. ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾക്ക് അയച്ച കത്തിൽ, മറ്റൊരു ആരോഗ്യ പ്രതിസന്ധിയ്ക്കായി രാജ്യത്തെ തയ്യാറാക്കാൻ ദ്രുതഗതിയിലുള്ള അവലോകനം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഒരു അവലോകനം നടത്തുന്നത് നിർണായകമാണെന്നും അവർ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ക്രിസ്പ്റ്റോകറൻസി വിപണനത്തിലും ഉപയോഗത്തിലും ഗണ്യമായ വർദ്ധനവെന്ന് ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി യുകെയുടെ കണ്ടെത്തൽ . യുകെയിൽ താമസിക്കുന്ന 26 ലക്ഷം ആളുകൾ ഇതിനോടകം പലതരം ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതായി എഫ് സി എ നടത്തിയ സർവേയിലൂടെ വ്യക്തമാകുന്നു. യുകെയിലെ ധനകാര്യ സേവന വ്യവസായത്തെ നിയന്ത്രിക്കുന്ന ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( എഫ് സി എ ) കഴിഞ്ഞയാഴ്ച്ച “ ക്രിപ്‌റ്റോ അസറ്റ് കൺസ്യൂമർ റിസർച്ച് 2020 ” എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു .
ജനസംഖ്യയുടെ 5.35% പേർ നിലവിൽ പലതരം ക്രിപ്‌റ്റോകറൻസികൾ കൈവശം വയ്ക്കുന്നുണ്ടെന്ന് അവർ കണക്കാക്കി . ക്രിപ്റ്റോകറൻസികൾ കൈവശം വച്ചിരിക്കുന്നവർ 15 ലക്ഷത്തിൽ നിന്നും 26 ലക്ഷം ആയി ഉയർന്നുവെന്നും പഠനത്തിൽ പറയുന്നു . അതോടൊപ്പം ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് മനസ്സിലാക്കിയവരുടെ എണ്ണം 42 ശതമാനത്തിൽ നിന്ന് 73 ശതമാനമായി കൂടിയെന്നും കണ്ടെത്തി.
75 ശതമാനം ആളുകളും ചുരുങ്ങിയത് 1000 പൗണ്ടിന്റെ എങ്കിലും ക്രിപ്റ്റോ കറൻസികൾ സൂക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു . നല്ലൊരു സാമ്പത്തിക വളർച്ച മുന്നിൽ കണ്ട് നടത്തുന്ന നിക്ഷേപമായും , ദൈനം ദിന ചിലവുകളിൽ നിന്നും ലാഭം നേടുവാനുള്ള മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ സമൂഹം വിലയിരുത്തുന്നു . ഇത് പൊതു സമൂഹത്തിനിടയിൽ ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യത കൂടി വരുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു.
സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ബിറ്റ്‌കോയിൻ അടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും ഉടമകൾ ആണെന്നും കണ്ടെത്തി . ക്രിപ്‌റ്റോ ഉടമകളിൽ 77% പേർക്കും മൂന്നോ അതിലധികമോ ക്രിപ്‌റ്റോകറൻസികൾ ഉണ്ടെന്നും തിരിച്ചറിഞ്ഞു. ഓൺലൈൻ എക്സ്ചേഞ്ചിലൂടെയാണ് ക്രിപ്റ്റോകറൻസികൾ സ്വന്തമാക്കിയതെന്ന് 77% പേരും വെളിപ്പെടുത്തി . 2020 ലെ ബജറ്റിൽ, “ചില ക്രിപ്റ്റോ അസറ്റുകളെ ഫിനാൻഷ്യൽ പ്രമോഷൻ റെഗുലേഷന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ” പദ്ധതിയിടുന്നതായി യുകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 തിന്റെ വ്യാപനത്തെ തുടർന്ന് കൈവശം വയ്ക്കാവുന്ന പണത്തേക്കാൾ ഉപരി ക്രിപ്റ്റോകറൻസികൾക്ക് ആവശ്യകത വർദ്ധിച്ചിരിക്കുകയാണ്.
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഓൺലൈനിലും , നേരിട്ട് കടകളിലും ഉപയോഗപ്പെടുത്തി ഷോപ്പിംഗ് എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക.
സ്വന്തം ലേഖകൻ
ലിവർപൂൾ : ലിവർപൂൾ സ്വദേശിനിയായ എയർ ഹോസ്റ്റസ് ദുബായിൽ അറസ്റ്റിലായി. 23 കാരിയായ ഡെറിൻ ക്രോഫോർഡിന്റെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് 2 കഞ്ചാവ് പൊതികൾ കണ്ടെടുത്തതിനെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഡെറിനെ ദുബായ് ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. 11 വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ഡെറിൻ എമിറേറ്റ്‌സിൽ സ്വപ്ന ജോലി നേടിയ ശേഷം 2018 സെപ്റ്റംബറിലാണ് ദുബായിലേക്ക് മാറിയത്. “അവൾ നിരപരാധിയാണ്. പോലീസ് അവളെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ അവൾക്ക് ആ വ്യക്തിയെ പോലും അറിയില്ല.” സഹോദരിയായ ഡാനിയേൽ പറഞ്ഞു.
“അറസ്റ്റിലായപ്പോൾ പോലീസ് അവളുടെ ഫോൺ എടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ജയിലിലേക്ക് മാറ്റപ്പെടുമ്പോൾ അവൾക്ക് എന്നെ വിളിക്കാൻ കഴിഞ്ഞു. അവൾ കരയുകയായിരുന്നു. അതിനാൽ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അങ്ങനെ ചെയ്തിട്ടില്ല” ഡാനിയേൽ കൂട്ടിച്ചേർത്തു. ഡെറിൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന വ്യക്തിയല്ലെന്നും എമിറേറ്റ്‌സിൽ നല്ലതുപോലെ ജോലി ചെയ്തുവരികയാണെന്നും സഹോദരി വെളിപ്പെടുത്തി. മയക്കുമരുന്നിന് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഡെറിനെ മോചിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. വ്യാഴാഴ്ച ടെസ്റ്റ് വിജയിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും തടവിലാണ്.
“നിലവിൽ യുഎഇ ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് യുവതിയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ഞങ്ങൾ അവളെ കാണാൻ ശ്രമിക്കും.” വിദേശകാര്യ വക്താവ് അറിയിച്ചു. ഡെറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ 1400 പേർ ഒപ്പിട്ടിട്ടുണ്ട്.
ഷിബു മാത്യൂ.
ആത്മധൈര്യം ഒട്ടും കൈവിടാതെ നൂറാം വയസ്സില്‍ സ്വന്തം ഗാര്‍ഡനില്‍ 100 ലാപ് നടന്ന് മുപ്പത്തിരണ്ട് മില്യന്‍ പൗണ്ട് സമാഹരിച്ച് NHS ന് നല്‍കിയ ക്യാപ്റ്റന്‍ ടോം മൂറിന്റെ ഛായാചിത്രം ക്യാന്‍വാസില്‍ വരച്ച് മലയാളിയായ ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ് NHSന് സമര്‍പ്പിച്ചു. യുകെയിലെ യോര്‍ക്ഷയറിലെ പ്രമുഖ ഹോസ്പിറ്റലായ Airedale NHS ഹോസ്പിറ്റലിന്റെ ഗാലറിയിലാണ് ഫെര്‍ണാണ്ടെസ് വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ ആന്റ് കമ്മ്യൂണിറ്റി ചാരിറ്റിയുടെ ട്വിറ്ററിലുള്ള ഫെര്‍ണാണ്ടെസ് വരച്ച ചിത്രത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇതേ ഹോസ്പിറ്റലിലെ സ്റ്റെറൈല്‍ സര്‍വ്വീസസിലാണ് ഫെര്‍ണാണ്ടെസ് സേവനമനുഷ്ഠിക്കുന്നത്.
72 വയസ്സ് തികഞ്ഞ NHS ന്റെ ചരിത്രത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2020. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 നെ ചെറുത്തു തോല്പിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയ NHS ജോലിക്കാര്‍ക്ക് പിന്‍തുണയുമായി കീത്തിലിക്കാരനായ 100 വയസ്സ് തികഞ്ഞ ക്യാപ്റ്റന്‍ ടോം മൂര്‍ മുന്നോട്ടു വന്നത് NHS ജോലിക്കാര്‍ക്ക് വലിയ പ്രചോദനമേകിയിരുന്നു. ചാള്‍സ് രാജകുമാരന്‍, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാജ്യത്തിന്റെ പ്രമുഖരും കോവിഡിനെ അതിജീവിച്ചതും NHS സ്റ്റാഫിന്റെ കര്‍മ്മോത്മുഖമായ പരിചരണം കൊണ്ടു മാത്രമാണ്. യുകെയിലെ പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ NHS നോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാപ്റ്റന്‍ ടോം മൂര്‍ NHS ന് വളരെ പ്രിയപ്പെട്ടതാണ്. ഫെര്‍ണാണ്ടെസ് വരച്ച ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രത്തിനെ വലിയ പരിഗണയോടെയാണ് NHS കാണുന്നത് എന്നത് ഇതിന്റെ സൂചനയാണ്.
രണ്ടടി ചതുരത്തിലുള്ള ക്യാന്‍വാസില്‍ അക്രലിക് പെയിന്റിലാണ് ഫെര്‍ണാണ്ടെസ് ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച സമയമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ നൂറാം വയസ്സിലും NHS ന് നല്‍കിയ പ്രചോദനത്തെ ചെറുതായി കാണുവാന്‍ സാധിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രചോദനമായതെന്ന് ഫെര്‍ണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പാണ് ഫെര്‍ണ്ണാണ്ടെസിന്റെ ജന്മദേശം. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യോര്‍ക്ഷയറിലെ കീത്തിലിയില്‍ കുടുംബസമേതം താമസിക്കുന്ന ഫെര്‍ണാണ്ടെസ് കീത്തിലി മലയാളി അസ്സോസിയേഷനിലെ അംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ കലാമേളകളിലും നിരവധി നമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ സജ്ജീവ സാന്നിദ്ധ്യമാണ്.
ഫെര്‍ണാണ്ടെസ് വരച്ച ചില ചിത്രങ്ങള്‍…
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 പ്രതിസന്ധിയിലേൽപിച്ച വാണിജ്യമേഖലയെ കരകയറ്റാനുറച്ച് ചാൻസലർ റിഷി സുനക്. ബ്രിട്ടനിലെ എല്ലാ മുതിർന്നവർക്കും 500 പൗണ്ട് വിലമതിക്കുന്ന വൗച്ചറുകൾ നൽകാൻ സുനക് പദ്ധതിയിടുന്നു. കൊറോണ വൈറസ് മങ്ങലേല്പിച്ച സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചെലവഴിക്കാൻ എല്ലാ മുതിർന്നവർക്കും 500 പൗണ്ടും കുട്ടികൾക്ക് 250 പൗണ്ടും വീതമുള്ള വൗച്ചറുകൾ നൽകാനുള്ള പദ്ധതികൾ ട്രഷറിയുടെ പരിഗണനയിലാണ്. ഈ പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലാണ് പ്രഥമമായ ലക്ഷ്യം. ചൈന, തായ്‌വാൻ, മാൾട്ട എന്നിവിടങ്ങളിൽ ഇതിനകം ഈ പദ്ധതി നടപ്പാക്കി വിജയിച്ചിട്ടുണ്ട്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, സാംസ്കാരിക, കായിക, ടൂറിസ്റ്റ് വേദികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതിനായി മൊത്തം 500 മില്യൺ യുവാൻ വിലവരുന്ന വൗച്ചറുകൾ ഈ ഏപ്രിലിൽ നൽകിയിരുന്നു.
ഒരു താൽക്കാലിക വാറ്റ് വെട്ടിക്കുറവിനേക്കാൾ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിതെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറഞ്ഞു. ചില്ലറ വില്പനകളെയും ടൂറിസത്തെയും സഹായിക്കാൻ 30 ബില്യൺ പൗണ്ട് വൗച്ചറുകൾ കൈമാറണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ റിഷി സുനാക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നയം ഹൈ സ്ട്രീറ്റിലെ ആവശ്യം വർദ്ധിപ്പിക്കുമെന്നും സ്ഥാപനങ്ങളെയും തൊഴിലാളികളെയും സഹായിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. “ഈ മേഖലകൾക്കുള്ള വൗച്ചർ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കും.” റെസല്യൂഷന്റെ ജെയിംസ് സ്മിത്ത് പറഞ്ഞു. കോവിഡിൽ നിന്ന് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നത് ലക്ഷ്യമിട്ടുള്ള നയങ്ങളുടെ രൂപരേഖ ചാൻസലർ തയ്യാറാക്കിയിട്ടുണ്ട്.
വൗച്ചറുകൾ അല്ലെങ്കിൽ സ്മാർട്ട് കാർഡുകൾ വഴി പണം അനുവദിക്കാം. കൂടാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. പണം ചെലവഴിക്കുന്നതിന് ഒരു വർഷത്തെ സമയപരിധി ഉണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിലിൽ 90 ശതമാനത്തിലധികം ഇടിഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമം നിലനിൽക്കുന്നത് പല മേഖലകളെയും മോശമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.