Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 നെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് ദശലക്ഷം തൊഴിലാളികളുടെ നാഷണൽ ലീവിങ് വേജിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 5.6 ശതമാനം വർദ്ധനവ് നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്തവർഷം ഏപ്രിൽ മാസം മുതൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്ന വർദ്ധനവാണ് മരവിച്ചിരിക്കുന്നത്. ഒരു മണിക്കൂറിലെ വേതനം 8.72 പൗണ്ടിൽ നിന്ന് 9.21 പൗണ്ടായി ഉയർത്താനുള്ള തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല. പുതിയ തീരുമാനങ്ങളുടെ ഫലമായി മലയാളികൾ ഉൾപ്പെടുന്ന കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്നവരിൽ പലർക്കും തങ്ങളുടെ ശമ്പളത്തിൽ യാതൊരു വർദ്ധനവും ലഭിക്കില്ല. ഇംഗ്ലണ്ടിൽ 25 വയസ്സിന് മുകളിലുള്ള പൗരന്മാർ നാഷണൽ ലിവിങ് വേജിന് അർഹരാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും തൊഴിൽ നഷ്ടങ്ങളും മൂലമുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശന നടപടികളിലൂടെ മുന്നോട്ടു പോകേണ്ടതായി വരും എന്ന മുന്നറിയിപ്പ് ചാൻസിലർ ഋഷി സുനാക് നടത്തിയത്. 22.3 ബില്യൺ പൗണ്ടാണ് യുകെ ഒക്ടോബറിൽ വായ്പയെടുക്കേണ്ടതായി വന്നത്. അടുത്തവർഷത്തോടെ ചെലവ് ചുരുക്കലും നികുതി വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചാൻസിലർ നേരത്തെ സൂചന നൽകിയിരുന്നു.

നേരത്തെയും പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചപ്പോൾ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല . യുകെയിൽ വളരെയേറെ മലയാളികൾ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ് നൽകിയത് . യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ്. അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തി ഉളവാക്കിയിരുന്നു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം

യു കെ :- ഡിസംബർ 2 -ന് ദേശീയ ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ, രാജ്യം ത്രിതല കോവിഡ് നിയന്ത്രണ സംവിധാനത്തിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിയന്ത്രണങ്ങൾ കൂടുതൽ കടുക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. ഇനിയുള്ള മാസങ്ങളിൽ കടുത്ത ജാഗ്രത പാലിക്കേണ്ട മാസങ്ങൾ ആണെന്ന് പ്രധാനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കും.

സിനിമ തീയറ്ററുകൾ, കാസിനോകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ബ്യൂട്ടി പാർലറുകൾ, ടാറ്റൂ മുതലായവ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാവൂ എന്ന് കർശന നിർദ്ദേശം ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്. വിവാഹങ്ങളും മറ്റും നടത്താനുള്ള അനുമതിയും സർക്കാർ നൽകുന്നുണ്ട്. എന്നാൽ റിസെപ്ഷനുകൾ അനുവദനീയമല്ല.

രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായി പാലിക്കണമെന്ന നിർദേശം പിൻവലിച്ചിട്ടുണ്ട്. പോസിറ്റീവ് ആയവർ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ മാർഗനിർദേശം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

2010 സ്റ്റുഡന്റ് വിസയിൽ ആദ്യമായി യുകെയിൽ എത്തിയപ്പോൾ ഒമ്പത് കൊല്ലത്തിനുശേഷം ഇന്റർനാഷണൽ സ്പോർട്ടിംഗിൽ താൻ ഇംഗ്ലണ്ടിന്റെ കബഡി ടീമിൽ പ്രവേശിക്കും എന്നത് വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ ചില സത്യങ്ങൾ അങ്ങനെയാണ്, സ്വപ്നങ്ങളേക്കാൾ മധുരവും സുഖവും ഉള്ളത്. കബഡിയോടുള്ള തന്റെ ആത്മാർത്ഥതയും ഇഷ്ടവുമാണ് തന്നെ ടീമിലെത്തിച്ചതെന്നാണ് ഇപ്പോഴും സാജു വിശ്വസിക്കുന്നത്. ഇന്ന് സാജു ബ്രിട്ടണിലെ സ്റ്റാൻഡേർഡ് സ്റ്റൈൽ കബഡി ടീമിലെ മികച്ച കളിക്കാരനാണ്.

ഇംഗ്ലണ്ടിൽ നേഴ്സായ സാജു ടീമിൽ എത്തുന്നത് 2018 ലാണ്, സാജു എത്തുമ്പോൾ കബഡി ഇംഗ്ലണ്ടിൽ അത്ര പ്രബലമോ ജനപ്രിയമായതോ ആയിരുന്നില്ല. എന്നാൽ ഇന്ന് യൂറോപ്പിലെ മികച്ച ടീമുകളിൽ ഒന്നാണത്.

നാഷണൽ കോച്ചായ അശോക ദാസിനെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്ന് സാജു വിശ്വസിക്കുന്നു. ഇന്ന് വ്യത്യസ്ത യൂണിവേഴ്സിറ്റികളിൽ കളിക്കുന്ന, തീർത്തും വ്യത്യസ്തമായ എത്തിനിക് പാരമ്പര്യങ്ങളിൽ നിന്ന് വരുന്ന കളിക്കാരെ കൊണ്ട് ചടുലവും വർണാഭവുമാണ് ടീം. ബ്രിട്ടീഷ് ഇന്ത്യക്കാർ പലരും ഉണ്ടെങ്കിലും ടീമിലെ ഒരേയൊരു മലയാളിയാണ് സാജു. ബിബിസിയിലെ ഒരു വാർത്ത കണ്ടതിനെത്തുടർന്ന് 2012-13 കാലഘട്ടത്തിലാണ് ഞാൻ അശോക ദാസ് എന്ന കോച്ചിനെ പരിചയപ്പെടുന്നത്, സാജു പറയുന്നു. ആ കാലത്ത് ജോലിചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, കാർ ഒന്നുമില്ല. അദ്ദേഹം ബർമിങ്ഹാമിലും ഞാൻ വിൽട്ഷെയറിലും ആയിരുന്നു. തമ്മിൽ പരിചയം നിലനിർത്തി എന്നല്ലാതെ പോയി വരാൻ എളുപ്പം ഉണ്ടായിരുന്നില്ല.

സാജു മാത്യു : മുൻ നിരയിൽ ഇടത്ത് നിന്നും രണ്ടാമത്

എന്നാൽ സാജു കാത്തിരുന്നു, 2017ൽ പൗരത്വവും, സ്വന്തമായി വീടും, സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പും ആയപ്പോൾ കബഡിയിലും തന്റെ ചുവടുറപ്പിക്കാൻ സാജു തീരുമാനിച്ചു. 2017 -18 കാലഘട്ടത്തിൽ ആണ് സാജു ദാസിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്നത്, അതു മാസത്തിൽ ഒന്നോ രണ്ടോ തവണ. ഒടുവിൽ 2019 സ്കോട്ട്ലൻഡിൽ വച്ച് നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ടീമിന് മിന്നും ജയം.

സാമൂഹിക അകലം പാലിച്ച് പരിശീലിക്കാവുന്ന ഒരു കായിക ഇനം അല്ല കബഡി, അതുകൊണ്ട് ഇത്തവണ ടീമിനധികം പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷെ 2021ൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിനെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്.

ഒരു കളിക്കാരനെ ഏറ്റവും മികച്ച വർഷങ്ങൾ 18 മുതൽ 30 വയസ്സുവരെയാണ്. എന്നാൽ സാജു ടീമിലെത്തുന്നത് ആവട്ടെ, 30 വയസ്സിനു ശേഷവും. നിരവധി കബഡി ക്ലബ്ബുകൾ ഉള്ള ആലപ്പുഴയിൽ കുട്ടിക്കാലം ചെലവഴിച്ച് സാജുവിന് പക്ഷേ അന്ന് ക്രിക്കറ്റിനോടും ബാഡ്മിന്റനോടുമായിരുന്നു താല്പര്യം, പതിനാറാം വയസ്സിൽ സ്കൂൾ കബഡി ടീമിൽ കളിക്കാരുടെ എണ്ണം തികയാതെ ഇരുന്നപ്പോഴാണ്, കളിയുടെ നിയമം പോലുമറിയാതെ ആദ്യമായി കളിച്ചത്, അന്ന് കളി തോറ്റു. പക്ഷേ അതൊരു വഴിത്തിരിവായിരുന്നു. നാട്ടിൽ കളിക്കാർക്കൊപ്പം ഒരു കബഡി ക്ലബ്ബ് തുടങ്ങിയിരുന്നെങ്കിലും, ബാംഗ്ലൂരിൽ നഴ്സിംഗ് പഠനത്തിനും റാഞ്ചിയിൽ ജോലിക്കും ചേർന്നപ്പോൾ തിരക്കുകളിൽ പെട്ടുപോയി. പിന്നീട് നാട്ടിലെത്തുന്ന ഇടവേളകളിൽ മാത്രമായി പരിശീലനം. നാളുകൾക്ക് ശേഷം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ കോഴ്സ് പഠിക്കാനായി യുകെയിലേക്ക് പോകേണ്ടിവന്നു. എങ്കിലും നാട്ടിലെ ക്ലബ്ബിന്റെ പ്രവർത്തനം സുഗമമായി നടത്താൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം സാജു ചെയ്യാറുണ്ട്. കൂട്ടുകാർക്കൊപ്പം കബഡി കളിക്കുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമെന്ന് ഈ ആലപ്പുഴക്കാരൻ തുറന്നു സമ്മതിക്കുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കൊറോണ വ്യാപനം മൂലമുള്ള രോഗപ്രതിസന്ധി നിലനിൽക്കുമ്പോഴും ക്രിസ്മസ് കാലത്ത് കുടുംബാംഗങ്ങൾക്ക് വീടിനുള്ളിൽ കണ്ടുമുട്ടാൻ അവസരമൊരുങ്ങുന്നു. ഈ കോവിഡ് നിയന്ത്രണ ഇളവ് ഏതാനും ദിവസങ്ങൾ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാവുകയുള്ളൂ. പരിമിതമായ സാഹചര്യങ്ങളിൽ, ബബിളുകളിൽ നാല് കുടുംബങ്ങൾക്ക് വരെ കണ്ടുമുട്ടാം. അഞ്ചു ദിവസത്തേക്കാണ് ഈ ഇളവെന്ന് ദി സൺ റിപ്പോർട്ട്‌ ചെയ്തു. ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് ശനിയാഴ്ച സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം ഉണ്ടാവുന്നത്. നാലിടത്തും സമാനമായ ഇളവുകൾ ക്രിസ്മസിന് ഉണ്ടാവും. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സമീപ മാസങ്ങളിൽ വ്യത്യസ്ത പാത പിന്തുടർന്ന രാജ്യങ്ങൾ ഇപ്പോൾ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കണ്ടുമുട്ടാൻ അനുവാദം ഉണ്ടെങ്കിലും ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ആളുകൾ യാത്ര ഒഴിവാക്കുകയും സാമൂഹിക സമ്പർക്കം കുറയ്ക്കുകയും ചെയ്യണമെന്നും മന്ത്രിമാർ നിർദേശിച്ചു.

അതേസമയം അടുത്ത മാസം ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ജിമ്മുകളും അനിവാര്യമല്ലാത്ത കടകളും വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ത്രീ ടയർ സിസ്റ്റം ഡിസംബർ 2 മുതൽ തിരിച്ചെത്തുമെന്ന് ബോറിസ് ജോൺസൺ കോമൺസിൽ പറഞ്ഞു. വിവാഹങ്ങളും കൂട്ടായ ആരാധനയും പുനരാരംഭിക്കും. ഒപ്പം ചില കായിക ഇനങ്ങളിലേക്ക് കാണികളെ അനുവദിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ, ഒരു സ്റ്റേഡിയത്തിന്റെ പരമാവധി 50% അല്ലെങ്കിൽ 4,000 ആരാധകർക്ക് വരെ പ്രവേശിക്കാം. ടയർ സംവിധാനം പ്രദേശത്തിലെ കേസുകൾ, ആർ റേറ്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. ഓരോ 14 ദിവസത്തിലും ടയർ അലോക്കേഷൻ അവലോകനം ചെയ്യും. ഇത് മാർച്ച്‌ വരെ നീണ്ടുനിൽക്കുമെന്നും ജോൺസൻ അറിയിച്ചു.

ടയർ ഒന്നിൽ, ആളുകൾ വീട്ടിൽ നിന്ന് ജോലി തുടരണം. ടയർ രണ്ടിൽ ഭക്ഷണം വിളമ്പുന്ന പബ്ബുകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഡെലിവറിയും ടേക്ക്‌അവേയും ഒഴികെ ബാക്കിയെല്ലാം ടയർ മൂന്നിൽ അടയ്ക്കും. കൂടാതെ ഇൻഡോർ വേദികളും അടച്ചിടും. ഡിസംബർ 2 മുതൽ, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് മറ്റൊരു വീടുമായി ഒരു സപ്പോർട്ട് ബബിൾ ഉണ്ടാക്കാൻ കഴിയും. പ്രാദേശിക സംവിധാനത്തിലേക്ക് സർക്കാർ മടങ്ങിയെത്തുന്നത് അപകടകരമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ടയർ സിസ്റ്റം വിജയകരമായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ആറുവർഷമായി നിരത്തുകളിലെ ‘വാൻഹൗസിൽ ‘ മാത്രം ജീവിച്ചു വരുന്ന ഡ്യൂർഹാം ദമ്പതിമാരുടെ ജീവിതം ഒരു ഫെയറികഥ പോലെയാണ്. ജീവിതം നോവിച്ച് നോവിച്ച് ഒടുവിൽ ഒരാൾ മരണത്തിലൂടെ വേർപിരിയും എന്ന പ്രതിസന്ധിഘട്ടത്തിൽ എത്തിയപ്പോൾ വർഷങ്ങളോളം സ്വപ്നം മാത്രം കണ്ടിരുന്ന ജീവിതം ജീവിച്ച് തീർക്കാൻ തയ്യാറെടുക്കുകയായിരുന്നു ഇരുവരും. 38 കാരനായ ഡാൻ കോൾഗേറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആയിരുന്നു, 37 കാരിയായ എസ്തർ സ്വന്തമായി പേഴ്സണൽ ട്രെയിനിങ് കമ്പനി നടത്തി വരികയും ചെയ്തിരുന്നു. അതിമനോഹരമായ നഗരത്തിന്റെ കണ്ണായ പ്രദേശത്ത് സുന്ദരമായ വീട് ഓക്സ്ഫോർഡ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദങ്ങൾ. മികച്ച ജോലി.

പക്ഷേ പങ്കാളികളുടെ വിവാഹത്തിന് ആഴ്ചകൾക്കു മുൻപാണ് ദുരന്തം അവരുടെ ജീവിതത്തെ തകിടം മറിച്ചത്. ജന്മനാ ദഹനത്തിന് പ്രശ്നം ഉണ്ടായിരുന്ന ഡാൻ ഓപ്പറേഷന് വിധേയനായ ശേഷം ശരീരത്തിനുള്ളിൽ മാംസം ദ്രവിപ്പിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഇരുവരും ഡിപ്രഷന് ചികിത്സയിൽ ആവുകയും ചെയ്തു. ഡാനിന് ജീവിതത്തിൽ ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം ഇരുവരും യാത്ര പുറപ്പെടാൻ തീരുമാനിച്ചു. വർഷങ്ങളായി ജോലി തിരക്കുകൾ കാരണം നീട്ടിവെച്ചിരുന്ന ആ വലിയ യാത്രക്കായി ഇരുവരും ഒരു കാരവാൻ വാങ്ങി. കാർ വിറ്റു, വീട് വാടകയ്ക്ക് കൊടുത്തു.

ആദ്യം വീട്ടുസാധനങ്ങൾ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയെങ്കിലും, പിന്നീട് തങ്ങൾക്ക് ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കും ആവശ്യക്കാർക്കും ഡൊണേറ്റ് ചെയ്തു. വർഷങ്ങളായി റോഡിലെ വാനിൽ മാത്രം കഴിഞ്ഞു വന്ന, ഇഷ്ടമുള്ള ഇടത്തേക്കെല്ലാം യാത്ര പോകുന്ന, ഹിപ്പി ജീവിതം നയിക്കുന്ന പലരോടും സംസാരിച്ചു. ഉണ്ടായേക്കാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ പറ്റി പഠിച്ച് മനസ്സിലാക്കി.

ഇരുവരും യാത്ര തുടങ്ങി, ഫ്രാൻസ്, സ്വിസർലാൻഡ്,ഓസ്ട്രേലിയ,ഇറ്റലി തുടങ്ങി ആൽപ്സ് താഴ്വരപോലെയുള്ള മനോഹരമായ സ്ഥലങ്ങളിൽ അവർ അന്തിയുറങ്ങി. വർഷത്തിൽ മിക്കസമയത്തും യാത്ര ചെയ്തു. വിശ്രമം വേണമെന്ന് തോന്നുമ്പോൾ മാത്രം എവിടെയെങ്കിലും വാഹനം നിർത്തി കുറച്ചു നാൾ ജീവിക്കും. ആറുവർഷമായി ഈ ചര്യ തുടരുന്നു. വീടിന്റെ വാടക കൊണ്ടാണ് കഴിയുന്നത്. മറ്റു ചിലവുകൾക്കായി ഫാമിംഗ്, വീടുകളിൽ സഹായിക്കൽ പോലെയുള്ള ചെറിയ ചെറിയ ജോലികൾ ചെയ്തു. തങ്ങൾ ഈ ജീവിതം അങ്ങേയറ്റം ആസ്വദിക്കുന്നുണ്ടെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നുണ്ട്. പക്ഷേ സാമ്പത്തിക സുസ്ഥിരതയുടെ കാര്യത്തിൽ തങ്ങൾ ഭാഗ്യം ചെയ്തവരാണ് എന്നും അവർ സമ്മതിക്കുന്നു. എല്ലാവരാലും കഴിയുന്ന ഒരു ജീവിതം അല്ല ഇത്. ഒരു വാനിൽ കൊള്ളാവുന്നത്ര സാധനങ്ങൾ മാത്രമാണ് സ്വന്തമായുള്ളത്. ഫിറ്റ്നസിൻെറ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഇരുവരും സൈക്കിളിങ്ങും കാൽനടയാത്രയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ്.

2017ൽ ഇരുവരും ലീല എന്ന വളർത്തുനായയെ ദത്തെടുത്തു. അവളുടെ 4 പട്ടികുട്ടികളേയും ഇരുവരും യാത്രയിൽ കൂടെ കൂട്ടി. ഇരുവരും ചേർന്ന് കുട്ടികൾക്കായി യാത്രാ വിവരണ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

എന്നാൽ കൊറോണ കാലം തുടങ്ങിയതിൽ പിന്നെ ഇരുവരും ഒരു ചെറിയ ഇടവേള എടുക്കാൻ തീരുമാനിച്ചു. ഡാൻ ഒരിടത്തുതന്നെ തങ്ങുമ്പോൾ എസ്തർ യാത്ര തുടരുകയാണ്. ഇരുവരും താമസംവിനാ ഒരുമിക്കാൻ തന്നെയാണ് തീരുമാനം. പ്ലാനുകൾ ഒന്നുമില്ല എന്നതാണ് ഈ പ്രണയിതാക്കളുടെ ജീവിതത്തെ തീർത്തും വ്യത്യസ്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ 70 ശതമാനം വിജയമാണെന്നാണ് ഏറ്റവും പുതിയ പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഫൈസറിൻെറയും മഡോണയുടെയും വാക്സിനുകൾ 95 ശതമാനം ആളുകളിലും വിജയം കാണിച്ചിരുന്നു. പക്ഷേ ഫൈസറിൻെറയും മഡോണയുടെയും വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഓക്സ്ഫോർഡ് വാക്സിൻെറ വില വളരെ കുറവാണ്. അതുമാത്രമല്ല സംഭരണവും വിതരണവും മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമാണ് താനും. യുകെ ഗവൺമെൻറ് ഓക്സ്ഫോർഡ് വാക്സിൻ 100 മില്യൺ ഡോസ് ഓർഡർ ചെയ്തിരുന്നു. 100 മില്യൺ ഡോസ് കൊണ്ട് 50 മില്യൺ ആൾക്കാർക്ക് കോവിഡിനെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാവും.

യുകെയെ സംബന്ധിച്ചിടത്തോളം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിൻ രാജ്യത്തിൻറെ സ്വന്തമാണെന്ന നേട്ടവും കൂടിയുണ്ട്. വാക്സിൻെറ വിജയം അവിശ്വസിനീയവും ആവേശകരവുമായ വാർത്ത എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചത്. വാക്സിൻ പരീക്ഷണങ്ങളിൽ ഇതുവരെ ഇരുപതിനായിരം സന്നദ്ധ പ്രവർത്തകർ പങ്കെടുത്തതിൽ പകുതി ആൾക്കാർ യുകെയിൽ നിന്നും മറ്റുള്ളവർ ബ്രസീലിൽ നിന്നും ആയിരുന്നു. യുകെയിൽ നാല് ദശലക്ഷം ഡോസുകൾ തയ്യാറാണെങ്കിലും അന്തിമ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതായി വരും.

അടുത്ത വർഷം ആദ്യം തന്നെ വാക്സിൻ ഇന്ത്യയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ യുകെയിൽ അനുമതി കിട്ടുന്ന മുറയ്ക്ക് ഇന്ത്യയിലും വാക്സിൻ വിതരണം ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങി ആരോഗ്യപ്രവത്തകർക്കായിരിക്കും ആദ്യം വാക്സിൻ ലഭ്യമാകുക.  ഇന്ത്യയിൽ വാക്സിൻെറ വില 500- 600 രൂപ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും ഓരോ പ്രാവശ്യവും പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡുകൾ പുതുക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചും അത് പ്രവാസി മലയാളികൾക്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മലയാളംയു.കെ ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഈ വർഷാരംഭത്തിൽ നടപ്പാക്കിയിരുന്ന ഈ ഭേദഗതികൾ കോവിഡിൻെറ പശ്ചാത്തലത്തിലും പ്രവാസികളുടെ ഇടയിൽ നിന്ന് വ്യാപകമായി പരാതികൾ ഉണ്ടായതിനാലും നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു എന്നാൽ 2021 ജനുവരി ഒന്നാം തീയതി മുതൽ വീണ്ടും കർശനമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗവൺമെൻറ്. അതിനാൽ ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യ സന്ദർശനത്തിനും മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കിയിരിക്കണം.

1) 20 വയസ്സിനു താഴെയുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡും പുതുക്കേണ്ടതാണ്.
2) 50 വയസ്സിനു മുകളിലുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡും പുതുക്കേണ്ടതാണ്.
3) 20 വയസ്സിനും 50 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പ്രസ്തുത നിയമം അനുസരിച്ച് ഒ.സി.ഐ കാർഡ് പുതുക്കേണ്ടതില്ല.

ഡിസംബർ 31 നു മുൻപേ ഒ.സി.ഐ കാർഡ് പുതുക്കാതെ പുതിയ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നവർ ഒ.സി.ഐ കാർഡിൽ സ്റ്റാമ്പ് ചെയ്തിരിക്കുന്ന പാസ്പോർട്ട് നമ്പറുമായി ബന്ധപ്പെട്ട പാസ്പോർട്ടും യാത്രചെയ്യുമ്പോൾ കൈയ്യിൽ കരുതിയിരിക്കണം.

കേന്ദ്ര ഗവൺമെന്റിൻെറ പുതിയ നീക്കം പ്രവാസികളെ സാമ്പത്തികമായി പിഴിയാനും, വിസ സംബന്ധമായ ജോലികൾ ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്ന സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നും വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തം. എല്ലാ രാജ്യങ്ങളുടെയും സമസ്തമേഖലകളെയും പ്രതിസന്ധിയിലാക്കിയ കോവിഡ് -19 നെ കുറിച്ച് ഇങ്ങനെയാവും ചരിത്രം രേഖപ്പെടുത്തുക. മഹാമാരിയുടെ ദുരിതത്തിലും വേർപാടുകളുടെ കണ്ണീരിനിടയിലും മാനവരാശിയുടെ പ്രത്യാശയുടെയും കനിവിൻെറയും പൊൻകിരണങ്ങളാകുക നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിസ്വാർഥ സേവനങ്ങളായിരിക്കും.

യുകെ ഉൾപ്പെടെയുള്ള ഒട്ടു മിക്ക രാജ്യങ്ങളിലെയും നഴ്സിങ് മേഖലയിൽ കനിവിൻെറയും സ്വാന്തനത്തിൻെറയും സ്നേഹ സ്പർശമായി മലയാളി മാലാഖമാരുണ്ട്. അതുകൊണ്ട് തന്നെ ലോകമെങ്ങുമുള്ള വാർത്താ മാധ്യമങ്ങളിൽ മലയാളി നേഴ്സുമാരുടെ പ്രാഗത്ഭ്യത്തെകുറിച്ചും പരിചരണത്തെകുറിച്ചും കനിവിനെകുറിച്ചുമുള്ള വാർത്തകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും പുതിയതായി യുകെയിലെ മലയാളി നേഴ്സുമാരുടെ അർപ്പണ മനോഭാവത്തെകുറിച്ച് വാർത്ത നൽകിയിരിക്കുന്നത് ബിബിസി ലങ്കാഷെയർ റേഡിയോ ആണ്. സെൻറ് ആൻഡ്രൂസ് ഹൗസിലെ മലയാളി നഴ്സുമാരുടെ പ്രവർത്തന മികവാണ് വാർത്തയ്ക്ക് നിദാനം. സെൻറ് ആൻഡ്രൂസ് ഹൗസിലെ 46 സ്റ്റാഫുകളിൽ പത്തുപേരും മലയാളികളാണ്. കോവിഡ് -19 ൻെറ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവൻ പോലും അപകടത്തിലാകുന്ന സാഹചര്യത്തിലും വീട്ടിൽ പോകാതെ കാരവനിലൊക്കെ താമസിച്ച് രോഗീപരിചരണത്തിൻെറ ഉദാത്ത മാതൃകയായതിനെയാണ് ബിബിസി റേഡിയോ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. വർഷങ്ങളായി സെൻറ് ആൻഡ്രൂസ് ഹൗസിന് നേഴ്സുമാരെ നൽകുന്നത് മലയാളികളുടെ നേതൃത്വത്തിൽ നടത്തുന്ന വെൽകെയർ ഏജൻസി ആണ്.

കോവിഡ് -19 ൻെറ തീവ്രത കൂടുമ്പോൾ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദങ്ങൾ ഏറ്റുവാങ്ങുന്നത് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. തങ്ങൾക്ക് മാത്രമല്ല തങ്ങളിലൂടെ മറ്റുള്ളവർക്കും രോഗം പടർന്നേക്കാമെന്ന ആശങ്കയിലാണ് ഓരോ ആരോഗ്യപ്രവർത്തകരും ജോലിചെയ്യുന്നത്. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന പരാതിയും വ്യാപകമായുണ്ട്.
പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചപ്പോൾ നഴ്‌സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് എൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല . യുകെയിൽ ഭൂരിപക്ഷം മലയാളികളും നേഴിസിങ് അനുബന്ധ ജോലി ചെയ്യുന്നവരാകയാൽ ശമ്പള വർദ്ധനവ് കിട്ടില്ലെന്നുള്ളത് മലയാളികൾക്ക് വൻ തിരിച്ചടിയാണ് നൽകിയത് . യുകെയിൽ കൊറോണയെ പിടിച്ച് കെട്ടാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരാണ്. അതിനാൽ തന്നെ നേഴ്‌സിംഗ് മേഖലയെ ശമ്പളവർദ്ധനവിൽ നിന്ന് ഒഴിവാക്കിയത് ആ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തികഞ്ഞ അസംതൃപ്തി ഉളവാക്കിയിരുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബ്രിട്ടനിൽ ഡിസംബർ രണ്ടിന് അവസാനിക്കുന്ന ലോക് ഡൗണോടുകൂടി, നിലവിലുള്ള കർശനനിയമങ്ങളിൽ ചില ഇളവുകൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി, ബാറുകളും പബ്ബുകളും ലോക്ക്ഡൗണിന് ശേഷം രാത്രി 11:00 വരെ പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. രാത്രി 10 മണിക്ക് ശേഷമുള്ള കർഫ്യൂവിനെ സംബന്ധിച്ച നിരവധി തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. ലോക്ക്ഡൗൺ അവസാനിച്ചതിനു ശേഷം, പുതിയ ത്രിതല നിബന്ധനകൾ നിലവിൽവരും. ഇതിൽ ബിസിനസുകളെ സഹായിക്കുന്ന തീരുമാനങ്ങൾ ആകും ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ ഉടൻതന്നെ പുറത്ത് വരും എന്നുള്ളത് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന വാർത്തയാണ്. ഫൈസർ കമ്പനിയുടെ വാക്സിൻ 95 ശതമാനത്തോളം വിജയപ്രദമാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ബാറുകളുടെയും പബ്ബുകളുടെയും കാര്യത്തിൽ ഇളവുകൾ നൽകുമ്പോഴും,പുതിയതായി നിലവിൽ വരുന്ന ത്രിതല സംവിധാനത്തിൽ കുറച്ചുകൂടി കർശന നിർദ്ദേശങ്ങൾ ഉൾപ്പെടും എന്നാണ് നിഗമനം. നിലവിലെ നിർദേശങ്ങളോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി അറിയിച്ചു.

എന്നാൽ വാക്സിൻ കൃത്യമായ തരത്തിൽ ലഭ്യമാക്കുന്നത് വരെ, കർശന നിയന്ത്രണങ്ങൾ ഉണ്ടാകും എന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ്. ഇത്തരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് രോഗത്തിന്റെ വ്യാപനത്തെ വലിയതോതിൽ തടഞ്ഞതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ക്രിസ്മസ് കാലത്ത് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

Copyright © . All rights reserved