സ്വന്തം ലേഖകൻ
വർണ്ണവിവേചനം അവസാനിച്ചിട്ട് കാലങ്ങളായി, സൗത്ത് ആഫ്രിക്കയിലെ യുവതീയുവാക്കൾക്ക് അവർക്ക് ഇഷ്ടമുള്ളവരെ ഡേറ്റ് ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്യാം, എന്നാൽ ഏഷ്യക്കാരെ വിവാഹം കഴിക്കുന്നത് ഇപ്പോഴും കുറവാണ്. കാരണം മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും അഭിപ്രായം ആരായണം എന്നതുതന്നെ.
കറുത്തവർഗ്ഗക്കാരനായ ടുമേലോ ഏഷ്യൻ വംശജയായ ഇത്താരയെ ഡേറ്റ് ചെയ്തത് ഒരല്പം വ്യത്യസ്തമാണ്. അതിനാൽ തന്നെ അവളും കുടുംബവും തന്റെ വീട്ടിലേക്ക് വരുന്നതിൽ അവൻ സന്തോഷവാൻ ആണെങ്കിലും ഒരല്പം പിരിമുറുക്കത്തിലും ആണ്. കുടുംബസമേതം അവർ വീട്ടിൽ വരുമ്പോൾ കഴിക്കാൻ വിളമ്പുന്ന ഭക്ഷണം ഉൾപ്പെടെ വളരെ വ്യത്യസ്തമാണെന്ന് അവനറിയാം, അവൾ അയക്കുന്ന മെസ്സേജുകൾക്കു വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണെങ്കിലും അവനെ അസ്വസ്ഥമാക്കുന്നത് ഇതൊക്കെയാണ്. ഇരുവർക്കും കേപ്ടൗണിൽ ജൂനിയർ ഡോക്ടർ പ്ലേസ്മെന്റ് ഒരുമിച്ച് ലഭിച്ചിരിക്കുകയാണ്. അതിനാൽ തന്നെ മാതാപിതാക്കളെ പരസ്പരം പരിചയപ്പെടുത്തണം എന്നും തീരുമാനിച്ചു.
ഇരുപത്തിനാലുകാരായ ഇരുവരും ജോഹന്നാസ്ബർഗിലെ വിട്സ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ്. ഇരുവരും മറ്റ് വെളുത്തവർഗക്കാരെയും ആഫ്രിക്കക്കാരെയും ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മുൻപെങ്ങുമില്ലാത്തതുപോലെ തുറിച്ചുനോട്ടങ്ങളും അൽഭുതപ്പെട്ടുള്ള നോട്ടങ്ങളും നേരിട്ട് തുടങ്ങിയതെന്ന് ഇരുവരും പറയുന്നു. ഏഷ്യക്കാരും ആഫ്രിക്കക്കാരും പരസ്പരം പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും ഇപ്പോൾ പൊതുവായി ഉപയോഗിച്ചു വരുന്ന ഹാഷ്ടാഗ് ആണ് ബ്ലേസിയൻ.
ഇത്താരയുടെ അമ്മ റേസിസത്തിന് എതിരെ പോരാടുന്ന ഒരു വനിതയാണ്, അച്ഛൻ ഇന്ത്യക്കാരനും. ഇരുവരുടേയും വിവാഹത്തിന് ഇരു കുടുംബങ്ങളിൽ നിന്നും എതിർപ്പില്ല എന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്. പുറത്തു കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ ജീവിതത്തിൽ തന്നെ കൊണ്ടുവരണം എന്നാണ് ഇത്താരയുടെ അമ്മയായ റയാനയുടെ അഭിപ്രായം.
സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്വം എന്നത് ഇന്നും ബ്രിട്ടനിലെ ഒരു നല്ല വിഭാഗം ആളുകളെ ഭ്രമിപ്പിക്കുന്നു. തങ്ങളുടെ രാജ്യം ഇക്കാലവും ഒരു സാമ്രാജ്യത്വ രാജ്യമായി തുടരണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പഴയ കാലത്തെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ കൊളനി ഭരണത്തെ ഏറ്റവും കൂടുതല്‍ അഭിമാനത്തോടെ കാണുന്നവര്‍ ഡച്ചുകാരും ബ്രിട്ടീഷുകാരാണ്. ഇത് സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇ്ന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യു ഗോവിന്റെ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.
100 ല്‍ 30 പേരും ബ്രിട്ടന്‍ ഒരു സാമ്രാജ്യത്വശക്തിയായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നു മാത്രമല്ല, ബ്രിട്ടന്റെ കൊളണി രാജ്യങ്ങളുടെ അവസ്ഥ മറ്റ് കോളനി രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ബ്രീട്ടീഷുകാരില്‍ ഒരു നല്ല വിഭാഗത്തിനുള്ള അതി ദേശീയ ബോധത്തിന്റെ പ്രതിഫലനമായിട്ടാണ് ചിലര്‍ ഇതിനെ കാണുന്നത്. ബ്രിട്ടീഷുകാരില്‍ തന്നെ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നവരെക്കാള്‍ കൂടുതല്‍ കണ്‍സേര്‍വീറ്റുവകള്‍ക്കിടയിലാണ് സാമ്രാജ്യത്വ നൊസ്റ്റാള്‍ജിയ കൂടുതലെന്നും സര്‍വെ വ്യക്തമാക്കുന്നു.
സാമ്രാജ്യത്വ രാജ്യമെന്നത് അഭിമാനത്തോടെ കാണേണ്ട സംഗതിയാണെന്നാണ് ഡച്ചുകാരില്‍ 50 ശതമാനവും വിശ്വസിക്കുന്നത്. സാമ്രാജ്യത്വ രാജ്യമെന്ന നിലയിലുള്ള ഭൂതകാലത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ജനത ജര്‍മ്മന്‍ കാരണ്. ആകെ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് അവരുടെ സാമ്രാജ്യത്വ കാലത്തെ ക്കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്നത്. 1871 മുതല്‍ 1918 വരെയായിരുന്നു ജര്‍മ്മനിയ്ക്ക് കോളനികള്‍ ഉണ്ടായിരുന്നത്.
ബ്രക്‌സിറ്റിന് അനുകൂലമായി വോട്ടുചെയ്തതും ഇപ്പോള്‍ സാമ്രാജ്യത്വ രാജ്യമായ കാലത്തെക്കുറിച്ച് അഭിമാനിക്കുന്നതുമെല്ലാം ഒരേ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്. കൊളനി കാലത്തെക്കുറിച്ച് നല്‍കുന്ന വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രേരണയാകുന്നുണ്ടെന്ന് ബ്രിട്ടന്റെ അടിമ വ്യാപരത്തിനെതിരെ ചരിത്ര സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റായ ഓകു എക്‌പെന്യോണ്‍ പറഞ്ഞു.
ബ്രിട്ടന്‍ നടത്തിയ അടിമ വ്യാപാരങ്ങളെക്കുറിച്ചും സാമ്രാജ്യത്വ കാലത്തെക്കുറിച്ച് അഭിരമിക്കുന്നവര്‍ക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സര്‍വെ ന്ടത്തിയത്. കൊളോണിയൽ കാലത്തെക്കുറിച്ച് ബ്രിട്ടനിൽ ഉൾപ്പെടെ നൽകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ തന്നെ പല വിദഗ്ദരും വിമർശനം ഉന്നയിച്ചിരുന്നു. ആകാലത്തോട് വിമർശനാത്മകമായ ഒരു കാഴ്ചപാടല്ല ഭൂരിപക്ഷ ം രാജ്യങ്ങളിലേയും വിദ്യാഭ്യാസ സമ്പ്രദായം എന്നാണ് വിമർശനം.
അമ്മു തോമസ്, മലയാളം യുകെ ന്യൂസ് ടീം
ആരോഗ്യമന്ത്രിയും കൺസർവേറ്റീവ് പാർട്ടിയുടെ എംപിയുമായ നെയിഡിൻ ടോറിസിനും കോവിഡ് – 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് – 19 സ്ഥിരീകരിച്ച ആദ്യ എംപി ആണ് ഇവർ. ഈ വിവരം അറിഞ്ഞ ഉടനെ സ്വയം മറ്റുള്ളവരുമായുള്ള സംസർഗ്ഗം ഇവർ ഒഴിവാക്കി.
നിലവിലുള്ള 382 കേസുകളിൽ 6 പേരാണ് ഇപ്പോൾ കൊറോണ ബാധിതരായി മരണപ്പെട്ടത്. 80 കാരനായ ഒരു വയോധികൻ ആണ് ഏറ്റവുമൊടുവിൽ മരണപ്പെട്ടിരിക്കുന്നത്. അതേസമയം രോഗ ബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ആളുകളിലെ അണുബാധ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ എൻഎച്ച്എസ് വർധിപ്പിച്ചു. അതായത് ഈ രീതിയിൽ ഏകദേശം പതിനായിരം ടെസ്റ്റുകൾ ഒരു ദിവസം നടത്താനും ഫലം ആളുകൾക്ക് 24 മണിക്കൂറിനുള്ളിൽ നൽകാനുമുള്ള ശ്രമങ്ങളാണ് എൻഎച്ച്എസ് നടപ്പിലാക്കുന്നത് . പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതിനോടകം യുകെയിൽ ഉടനീളം 25,000 ത്തിലധികം വൈറസ് പരിശോധനകൾ നടത്തിയിട്ടുണ്ട്.
കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ചൈനയ്ക്ക് പുറത്ത് ഏറ്റവും ആധിക്യത്തിൽ കൊറോണ ബാധിച്ച ഇറ്റലിയിലേയ്ക്കുള്ള ആവശ്യയാത്ര ഒഴികെ മറ്റെല്ലാ യാത്രകളും യുകെ വിദേശകാര്യ ഓഫീസ് വിലക്കിയിരുന്നു . ഇതിനോടനുബന്ധിച്ച് ഏപ്രിൽ 4 വരെ ബ്രിട്ടീഷ് എയർവെയ്സ് ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
യുകെ എംപി ആയ മിസ്സ് നെയിഡിൻ ടോറിസ് താനുമായി ബന്ധപ്പെട്ട ആളുകളെ കണ്ടെത്താൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആരംഭിച്ചിട്ടുണ്ടെന്നു അറിയിച്ചു. വെസ്റ്റ് മിനിസ്റ്റർലും അവരുടെ നിയോജക മണ്ഡലത്തിലും എത്ര യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് അറിയില്ല. അതേസമയം വ്യാഴാഴ്ചയാണ് ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്നും അതേ ദിവസം പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ഡൗണിങ് സ്ട്രീറ്റ് പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളിൽ പടർന്നുപിടിച്ചുകഴിഞ്ഞു. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയിലാണ്. കൊറോണ വൈറസ് ബാധയുടെ 370 ലധികം കേസുകൾ യുകെയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ആറ് മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഏകദേശം 26,000 പേരിൽ വൈറസ് പരിശോധന നടത്തി. ഹെർട്ട്‌ഫോർഡ്ഷയറിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലണ്ടനിൽ 91 കേസുകൾ. ഇറ്റലി പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ വളരെ കുറവാണ്. ജർമ്മനിയിലും ഫ്രാൻസിലും കേസുകളുടെ എണ്ണം കൂടിവരുന്നു. വൈറസിനെ തുരത്താൻ ബ്രിട്ടീഷ് സർക്കാർ എല്ലാവിധ നടപടികളും സ്വീകരിക്കാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച് 4,000 ത്തിലധികം മരണങ്ങളും 113,000ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസിനെ നേരിടാനുള്ള സർക്കാർ കർമപദ്ധതിയിൽ മൂന്നു ഘട്ടങ്ങളാണുള്ളത്. നിലവിൽ ഊന്നൽ നൽകുന്നത് ഗവേഷണ ഘട്ടങ്ങളിലാണ്. സ്കൂളുകൾ അടച്ചിടുക, വലിയ പൊതുപരിപാടികൾ റദ്ദാക്കുക, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക തുടങ്ങിയ നടപടികൾ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിനങ്ങളിലെ വ്യാപനം സംബന്ധിച്ചിരിക്കും തീരുമാനങ്ങൾ. രോഗപ്രതിരോധത്തിനായി ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഏഴു ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണമെന്നും അധികൃതർ അറിയിച്ചു. വൈറസ് വ്യാപകമാവുകയാണെങ്കിൽ വിരമിച്ച എൻഎച്ച്എസ് ഉദ്യോഗസ്ഥരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെടും. രോഗലക്ഷണങ്ങൾ ഉള്ളവർ 111 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രധാന രോഗബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് മടങ്ങിയെത്തിയ ആളുകൾക്കുള്ള ഉപദേശം സർക്കാർ നൽകിയിട്ടുണ്ട്. ചൈന, ഇറ്റലി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ബ്രിട്ടീഷുകാരിലാണ് രോഗം കൂടുതലായി കണ്ടെത്തിയത്.
ചൈനയ്ക്ക് ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. 463 മരണങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഒപ്പം 9000ത്തിലധികം കേസുകളും. ഇറ്റാലിയൻ പ്രധാനമന്ത്രി രാജ്യമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം ബ്രിട്ടീഷ് എയർവേയ്‌സും റയാനെയറും ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കുന്നു. ഇറ്റലിയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. അതേസമയം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. തിങ്കളാഴ്ച 40 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. ഇത് ആശ്വാസം പകരുന്ന വസ്തുതയാണ്. പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമേണ കുറവുണ്ടായതായി ചൈന പറയുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- തകർച്ചയുടെ വക്കിലായിരുന്ന ബ്രിട്ടീഷ് സ്റ്റീലിനെ പൂർണമായി ഏറ്റെടുത്തു ചൈനീസ് കമ്പനിയായ ജിൻഗിയെ. ഇതോടെ മൂവായിരത്തോളം ജോലി സാധ്യതകൾ സംരക്ഷിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 50 മില്യൺ പൗണ്ടാണ് ഇതിനായി ചൈനീസ് കമ്പനി ചെലവഴിച്ചിരുന്നത്. ബ്രിട്ടീഷ് സ്റ്റീൽ പൂർണ്ണമായ തകർച്ചയിൽ ആയിരുന്നു. ഏകദേശം അയ്യായിരത്തോളം ജീവനക്കാരാണ് ബ്രിട്ടീഷ് സ്റ്റീലിൽ ജോലിചെയ്തിരുന്നത്. പുതുതായി ഏറ്റെടുത്തിരിക്കുന്ന ചൈനീസ് കമ്പനി നിലവിലുള്ള മെഷിനറികളെയും, സംവിധാനങ്ങളെയും നവീകരിക്കും. ബ്രിട്ടീഷ് സ്റ്റീലിനെ ഏറ്റെടുത്തത് സുഗമമായ ഒരു നടപടിയിലൂടെയല്ലെന്നും, നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജിൻഗിയെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ലീ ഹിയുമിങ് വ്യക്തമാക്കി.
ബ്രിട്ടീഷ് സ്റ്റീൽ നിർമാണ രംഗത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിക്കുവാൻ ആണ് തങ്ങളുടെ കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്രയും നവീകരിക്കപ്പെട്ടപ്പോഴും, ചില ആളുകൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ഈ ഏറ്റെടുക്കലിനോട് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ വ്യക്തമാക്കി.
ഏകദേശം മൂന്നു വർഷത്തോളമായി ബ്രിട്ടീഷ് സ്റ്റീൽ കടബാധ്യതയിൽ ആണ്. പ്രധാനമായും മൂന്ന് പ്ലാന്റുകൾ ആണ് ഇതിനുള്ളത്. സ്കൻത്രോപ്പ്, ടീസ്സൈഡ്, സ്കിന്നിങ്ഗ്രോവ് എന്നിവയാണ് അവ. ബ്രിട്ടീഷ് സ്റ്റീലിനെ പൂർണമായി ഏറ്റെടുത്ത വിവരം ചൈനീസ് കമ്പനി പ്രഖ്യാപിച്ചു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ ജയിലിൽ ഏഴുവർഷമായി തടവിലാണ് ബ്രിട്ടീഷ് വനിത ലിൻഡ്‌സെ സാൻഡിഫോർഡ്. 2013 -ൽ 1.6 മില്യൺ പൗണ്ട് മൂല്യമുള്ള കൊക്കയ്ൻ എന്ന മയക്കുമരുന്ന് ഇന്തോനേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച കുറ്റത്തിനാണ് ലിൻഡ്‌സെ അറസ്റ്റിലായത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇന്തോനേഷ്യയിലെ ശിക്ഷ വളരെ ക്രൂരമാണ്. മയക്കുമരുന്ന് മാഫിയയോട് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കുകയാണ് പതിവ്. ഈ വധശിക്ഷ നടപ്പിലാക്കുന്നതും വളരെ ക്രൂരമായാണ്. പ്രതികളെ ആയുധധാരികളായ സൈനികർ നേരിട്ട് നെഞ്ചിലേക്ക് നിറയൊഴിച്ചു കൊല്ലുകയാണ് പതിവ്. ഇപ്രകാരം വെടിവയ്ക്കുന്ന വ്യക്തി മരിച്ചില്ലെങ്കിൽ പിന്നീട്, ശിരസ്സിലേക്കാണ് നിറയൊഴിക്കുന്നത് . പ്രതികൾ 10 വർഷത്തോളം ജയിലിൽ കിടന്ന ശേഷം മാത്രമേ ഇത്തരത്തിലുള്ള വധശിക്ഷ നടപ്പിലാക്കാറുള്ളൂ. 2015- ലാണ് ഏറ്റവും അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ഇപ്പോൾ ലിൻഡ്‌സെ ഉൾപ്പെടെ നിരവധിപേർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയാണ്.
ഗ്ലോസെസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലായിരുന്നു ലിൻഡ്‌സെ താമസിച്ചിരുന്നത്. വാടക കുടിശ്ശിക വന്നതുമൂലം വാടക വീട്ടിൽ നിന്ന് ഇവർ പുറംതള്ളപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ, ഭർത്താവിൽനിന്നു പിരിഞ്ഞു 2012- ൽ ഇന്ത്യയിലേക്ക് വരുന്നതിനുള്ള തീരുമാനമെടുത്തു. ആ യാത്രയ്ക്കിടയിൽ 2012 മെയ് 19ന് ആണ് ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് ലിൻഡ്‌സെയുടെ പെട്ടിയിൽ കൊക്കയ്ൻ കണ്ടെത്തുന്നതും, അറസ്റ്റിലാവുന്നതും. തന്റെ കുടുംബത്തെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മനഃപൂർവം ഇതു കടത്തിച്ചതാണെന്നാണ് ലിൻഡ്‌സെ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഈ വാദം മാറ്റി പറയുകയും ചെയ്തു.
ജൂലിയൻ പൊൺഡെർ എന്നെ ബ്രിട്ടീഷുകാരനും, അദ്ദേഹത്തിന്റെ കൂട്ടാളി റെയ്ച്ചലും ചേർന്നാണ് തന്നെ ഈ പ്രവർത്തിക്ക് നിർബന്ധിച്ചതെന്ന് ലിൻഡ്‌സെ ആരോപിച്ചെങ്കിലും, അവർക്ക് ലിൻഡ്‌സെയോടുള്ള ബന്ധം കണ്ടെത്താനായില്ല.
2013 ജനുവരി 22നാണ് ലിൻഡ്‌സെയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്തോനേഷ്യൻ സുപ്രീംകോടതിക്ക് ഇവർ പരാതി നൽകിയെങ്കിലും തീരുമാനത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഇതിനു ശേഷം ഏഴു വർഷമായി ഇവർ ബാലിയിലെ ജയിലിലാണ്.
ഷെറിൻ പി യോഹന്നാൻ
വളരെ സിംപിളാണ് കപ്പേള. കുടുംബത്തെ കൂട്ടി ഒരു പടത്തിന് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കപ്പേള തിരഞ്ഞെടുക്കാം. വയനാട്ടിലെ പൂവർമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി കോഴിക്കോടെന്ന നഗരത്തിൽ അവസാനിക്കുന്ന ചിത്രം. ഇതിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഗൗരവമേറിയ ഒരു കഥ പറയുകയാണ് നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കപ്പേളയ്ക്ക് കഴിയുന്നുണ്ട്.
1 മണിക്കൂർ 53 മിനിറ്റിൽ തീരുന്ന ചിത്രം പ്രധാനമായി ജെസ്സിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെയാണ് കാട്ടിത്തരുന്നത്. ഒരു മലയോരഗ്രാമത്തിലെ പെൺകുട്ടിയുടെ പ്രണയവും അതുവഴി അവൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും ഒരു നഗരമധ്യത്തിൽ അവൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും ആണ് ചിത്രം പ്രധാനമായി കാണിച്ചുതരുന്നത്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ജെസ്സിയെ അവതരിപ്പിച്ച അന്ന ബെന്നും വിഷ്ണുവിനെ അവതരിപ്പിച്ച റോഷൻ മാത്യുവും റോയിയെ അവതരിപ്പിച്ച ശ്രീനാഥ് ഭാസിയും ഗംഭീരമായി തങ്ങളുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്ന്. ഗ്രാമത്തിലെ മനോഹര കാഴ്ചകളെ ജിംഷി ഖാലിദ് എന്ന ഛായാഗ്രാഹകൻ സ്‌ക്രീനിൽ നിറച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കപ്പേള’ വളരെയധികം ഇഷ്ടപ്പെട്ടു. സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചുനിന്നു. പ്രണയത്തിലെ ചതിക്കുഴികളെ പറ്റി പറയുന്നതോടൊപ്പം മൂന്നു സാഹചര്യത്തിൽ നിന്നുള്ളവർ ഒരിടത്തേക്ക് എത്തുന്ന കാഴ്ചകളെ ബോറടിപ്പിക്കാത്ത വിധം സ്‌ക്രീനിൽ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസ്സും മസാലയും നിറച്ച കഥപറച്ചിലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല.
ഏവർക്കും അറിവുള്ള, എന്നാൽ ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്ന ഒരു വിഷയത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതമയുള്ള കഥാസന്ദർഭങ്ങൾ സിനിമയിൽ ഇല്ല. മോശമല്ലാത്ത ഒന്നാം പകുതിയോടൊപ്പം കുറച്ചു ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേരുമ്പോൾ ഒരു ആവറേജ് സിനിമ ആയാണ് കപ്പേള എനിക്കനുഭവപ്പെട്ടത്. റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ തന്നെ അവതരണത്തിൽ പിന്നോട്ട് വലിയുന്നുണ്ട് ചിത്രം. ഇക്കാലത്തും ‘സ്മാർട്ടഫോൺ എന്താണെന്ന് ‘ ചോദിക്കുന്ന സീനിലെ വിശ്വാസ്യതയും ആലോചിച്ചുപോകും. എന്നാൽ ഒരു മലയോര ഗ്രാമത്തിലെ കഥ എന്ന നിലയ്ക്ക് അവയെ മറന്നുകളയാം. ക്ലൈമാക്സ് രംഗങ്ങളിൽ ഫീൽ ഗുഡ് എലമെന്റ് കുത്തികയറ്റാൻ ശ്രമിച്ചതായും അനുഭവപ്പെട്ടു.
കപ്പേള പറയുന്നത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. പ്രണയത്തിലെ ചതികുഴികളോടൊപ്പം നിഗൂഢതകൾ ഒളിപ്പിക്കുന്ന മനുഷ്യസ്വഭാവത്തെയും സിനിമ കാട്ടുന്നു. കണ്ടിരിക്കാവുന്ന ചിത്രമായാണ് കപ്പേള അനുഭവപ്പെട്ടത്. ഗംഭീരമെന്ന് പറയാനാവില്ലെങ്കിലും ഇത്തരം കൊച്ചു സിനിമകളും തിയേറ്ററിൽ വിജയിക്കട്ടെ.
ന്യൂസ് ഡസ്ക് , മലയാളം യുകെ
മലയാളം യുകെയിൽ നിന്ന് വായനക്കാർക്ക് പുതിയ ഒരു സമ്മാനം കൂടി. മലയാളം യുകെ ദൃശ്യമാധ്യമ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നു. ഇനി മലയാളം യുകെയുടെ വായനക്കാർക്ക് വീഡിയോകളിലൂടെ ലോകമെമ്പാടുമുള്ള വാർത്തകൾ അറിയാൻ സാധിക്കും.ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട്5 വർഷങ്ങൾ തികയാൻ പോകുകയാണ് . യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.
മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റർ ജോജിതോമസ് എഴുതുന്ന മാസാന്ത്യവലോകനം , ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് , ഫാ . ഹാപ്പി ജേക്കബ് അച്ചന്റെ നൊയമ്പുകാല ചിന്തകൾ , ഞായറാഴ്‌ച സങ്കീർത്തനം ,നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ ,ടെക്‌നോളജി ഫോർ ഈസി ലൈഫ് ,തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു .
കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ഡോക്ടർ ജോർജ് ഓണക്കൂർ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.
മലയാളം യു കെ യുടെ പുതിയ സംരംഭത്തിന് വായനക്കാരുടെ എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. കൂടാതെ മലയാളം യുകെ ന്യൂസ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. പ്രിയ വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രോഗബാധിതരുടെ എണ്ണം 319 ആയി ഉയർന്നു. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നേരത്തെ റോയൽ വോൾവർഹാംപ്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 70കാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. ഓരോ ദിനവും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ട്. എന്നാൽ ഭയമല്ല , ജാഗ്രതയാണ് ആവശ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. വൈറസിനെ തടയാൻ പല പ്രധാന നടപടികളും സർക്കാർ കൈക്കൊള്ളുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരോട് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുമെന്ന് സർക്കാർ അറിയിച്ചു.
അതേസമയം പെൻഷൻ വാങ്ങുന്നവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. രോഗത്തിൽ നിന്ന് വയോധികരെ സംരക്ഷിക്കുന്നതിനാണ് ഈ ശ്രമം. പ്രായമായവർക്കാണ് രോഗം പിടിപെടാൻ കൂടുതൽ സാധ്യത. പ്രായമായവരോട് വീട്ടിൽ തന്നെ തുടരാൻ പറഞ്ഞാൽ കുടുംബത്തിലെ മറ്റുളവർക്ക് ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടിവരും. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. എന്നിരുന്നാലും, കോവിഡ് 19 സംബന്ധിച്ച് സർക്കാർ എടുക്കുന്ന ഓരോ തീരുമാനവും ശാസ്ത്രത്തിന്റെ പിന്തുണയോടെ മാത്രമേ നടക്കൂ എന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ജെന്നി ഹാരിസ് പറഞ്ഞു. വൈറസിനെ തോൽപ്പിക്കാൻ ദേശീയവും അന്തർദ്ദേശീയവുമായ ശ്രമം ആവശ്യമാണെന്ന് ബോറിസ് ജോൺസനും പറഞ്ഞു. പൊതു സുരക്ഷയാണ് തന്റെ മുൻഗണന എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
പ്രധാനമന്ത്രി ബോറിസ് ജോൺസണും യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റിയും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസും ഡൗണിംഗ് സ്ട്രീറ്റിൽ പത്രസമ്മേളനം നടത്തി. രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരോട് ഏഴ് ദിവസത്തേക്ക് മറ്റുള്ളവരോടുള്ള സംസർഗം ഒഴിവാക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. കൊറോണ വൈറസ് വളരെ വേഗത്തിൽ പടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറ്റലിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തുന്നത് പോലുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് നിർണായകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗം ശക്തമായതോടെ ഓഹരിവിപണിയിലും ഇടിവുണ്ടായി. ഒപ്പം വിമാനകമ്പനികളും പല വിമാനങ്ങളും റദ്ദാക്കുന്നു. ബ്രിട്ടീഷ് എയർവേയ്‌സും ഈസിജെറ്റും ഏപ്രിൽ 3 വരെ വടക്കൻ ഇറ്റലിയിലേക്കുള്ള റൂട്ടുകൾ നിർത്തും. നൂറിലേറെ രാജ്യങ്ങളിൽ ആണ് ഇതുവരെ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്. ലോകത്താകെ 3,800 ൽ അധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
നോർത്ത് യോർക്ക് ഷെയർ ഗ്രാമത്തിലെ ഏക ഇലക്ട്രിക് കാർ ഉടമകളായ ടിഫാനി സ്‌നോഡനും ഭർത്താവും ചാർജിങ് സ്ലോട്ടുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നു. സെക്കൻഡ് ഹാൻഡ് നിസ്സാൻ ലീഫ് ആണ് ഏതാനും ആഴ്ചകൾക്ക് മുൻപ് ഇരുവരും സ്വന്തമാക്കിയത്. വാഹനം ഓടിക്കാൻ നല്ല സുഖം ആണെങ്കിലും ചാർജ് ചെയ്യാൻ അത്ര എളുപ്പമല്ല. വീട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഒരു സ്ലോട്ടിൽ ആണ് ഇപ്പോൾ ചാർജ് ചെയ്യുന്നത്. അവിടെ പാർക്കിംഗ് സൗകര്യം ലഭിക്കുന്നത് അത്ര എളുപ്പമല്ലതാനും. 15 വർഷങ്ങൾക്കുള്ളിൽ നിരത്തിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ളവയാകണം അല്ലെങ്കിൽ ഹൈഡ്രജൻ വാതകങ്ങൾ ഉപയോഗിക്കുന്നതാകണം എന്ന് സർക്കുലർ ഇറങ്ങിയിട്ടുണ്ടെങ്കിലും, എങ്ങനെചാർജ് ചെയ്യാം എന്നതാണ് ഇപ്പോൾ ചോദ്യചിഹ്നം ആകുന്നത്.
12 മാസങ്ങൾക്കുള്ളിൽ ചാർജിങ് സ്ലോട്ടുകൾ അൻപത് ശതമാനം വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2050ഓടെ ആവശ്യത്തിനുള്ള ചാർജിങ് നെറ്റ്‌വർക്കുകൾ പൂർത്തിയാക്കാൻ ഏകദേശം 45 ബില്യൺ പൗണ്ട് വേണ്ടിവരും.
സ്നോഡൻ ദമ്പതിമാർ ഇതിനെപ്പറ്റി കൗൺസിലിൽ പരാതി നൽകിയെങ്കിലും ഗ്രാമത്തിൽ അതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഏകദേശം 75,000 ത്തോളം പൗണ്ട് ചെലവുവരും പുതിയ ഒരെണ്ണം നിർമ്മിക്കാൻ. 12 മാസത്തിനിടയ്ക്ക് ഏകദേശം പതിനായിരത്തോളം ചാർജിങ് കണക്ടറുകൾ യുകെയിൽ നിലവിൽ വന്നിട്ടുണ്ട്.
പെട്രോൾ സ്റ്റേഷനുകൾക്ക് പകരം കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കണം. സർവീസ് സ്റ്റേഷനുകളിലും, ഹോട്ടലുകളിലും, ഷോപ്പിംഗ് കോംപ്ലക്സുകളും ചാർജിഗ് സൗകര്യം നിലവിൽ വന്നാൽ അതു വലിയ മുന്നേറ്റം ആയിരിക്കും. ഇനി വരുന്ന ഹൗസിംഗ് പ്രോജക്ടുകളിൽ എല്ലാം ഈ മാതൃക സ്വീകരിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നുണ്ട്.