ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനാകുന്നു. കഴിഞ്ഞ വർഷം മുതൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന 31കാരിയായ കാമുകി കാരി സൈമണ്ട്സ് ആണ് വധു. രണ്ടര നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയിലിരിക്കെ വിവാഹിതനാകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അവിവാഹിതരായ ഒരുമിച്ച് താമസിക്കുന്നതിെൻറ ആദ്യ ദമ്പതികളാണ് ബോറിസും കാരിയും. ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്ന 55 കാരനായ ബോറിസ് ജോൺസണ് നാലു കുട്ടികളുണ്ട്. 26 കാരിയായ വധുവുമായി 2018 ലാണ് വിവാഹ മോചിതനായത്.
ജോജി തോമസ്.
അടുത്തയിടെ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിൻ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിയാവേണ്ടതാണ് കാരണം വർഗീയതയും, പ്രാദേശിക വാദങ്ങളും, ജാതി സമവാക്യങ്ങളും ദീർഘനാളായി ഫലം നിർണയിച്ചിരുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ വികസന അജണ്ട പ്രധാന തെരഞ്ഞെടുപ്പ് വിഷയമായത് എന്തുകൊണ്ടു പുരോഗമനപരമാണ്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി ഡൽഹിയിൽ നടന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 70 നിയമസഭാ മണ്ഡലങ്ങളിൽ 60 നേടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ കാരണമായത്.
സേവനം അവകാശമാക്കിയ ആം ആദ്മി പാർട്ടിയുടെ സർക്കാർ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ വൻ പുരോഗതിയാണ് രാജ്യതലസ്ഥാനമായ ഡൽഹിയേ നയിച്ചത്. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കിയ കേജ്രിവാളിന്റെ നിശ്ചയദാർഢ്യം ഒരു അഴിമതി രഹിത ഭരണം ഇന്ത്യയിൽ സാധ്യമാക്കാൻ കഴിയുമെന്ന് രാജ്യത്തിന് കാട്ടിക്കൊടുത്തു.
അടുത്തകാലത്തായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നൽകാനുള്ളത് വികസനത്തിന്റെ സന്ദേശമല്ല മറിച്ച് വെറുപ്പിന്റെയും, ഭിന്നിപ്പിന്റെയുമാണ്. അതുകൊണ്ടു തന്നെയാണ് ഡൽഹി നിയമസഭയിലേക്ക് വികസനവും, അഴിമതിരഹിത ഭരണവും വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട കെജ് രിവാളും കൂട്ടരും വ്യത്യസ്തരാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനിടയിൽ വിഭാഗീയത ആളിക്കത്തിച്ചും, രാമക്ഷേത്ര നിർമാണത്തിനുള്ള ഓർഡിനൻസ് പാസാക്കിയും ഭൂരിപക്ഷ സമുദായത്തെ കുടെ നിർത്താൻ ശ്രമിച്ച പ്രധാന എതിരാളികളായ ബി.ജെ.പി ക്ക് ജനങ്ങൾ നൽകിയ സന്ദേശമാണ് രാമക്ഷേത്രത്തേക്കാൾ പ്രധാനം ജനക്ഷേമം ലക്ഷ്യമാക്കിയുള്ള സദ്ഭരണമുള്ള രാമരാജ്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന്. വരുംകാലങ്ങളിൽ വികസനവും അഴിമതിരഹിത സദഭരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി ജനങ്ങൾ ചിന്തിക്കാൻ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കാരണമായാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു പുതിയ യുഗപ്പിറവിക്ക് കാരണമാകും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സ്വന്തം ലേഖകൻ
പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ.
ചരിത്രത്തിലേക്കും ഏറ്റവും നനഞ്ഞൊലിച്ച ഫെബ്രുവരിയെന്ന് മെട് ഓഫീസ്. തുടർച്ചയായ നാലാം ആഴ്ചയും ബ്രിട്ടനിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു. യുകെ യിലെ ശരാശരി മഴ 202.1മിമി ആണ്. ഇത് മുൻകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്.
സൗത്ത് വെയിൽസ് പോലീസ് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ഫയർ റെസ്‌ക്യു സർവീസ് മാത്രം 72ഓളം കോളുകൾ അറ്റൻഡ് ചെയ്തു. എമർജൻസി സർവീസുകൾ ലോക്കൽ അതോറിറ്റി പ്ലാനിങ് ഡിപ്പാർട്മെന്റ്കൾക്ക് ഒപ്പം ചേർന്ന് ആരോഗ്യമേഖല ഉൾപ്പെടെ സമന്വയിച്ചു പ്രവർത്തിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും രംഗത്ത് എത്തിയിരുന്നു. സംഭവസ്ഥലങ്ങളിൽ പകൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് പോലെ, രാത്രിയും പ്രവർത്തനസജ്ജമാണ്.
മഴ നിലയ്ക്കാനും, കരകവിഞ്ഞൊഴുകിയ പുഴകൾ പൂർവ സ്ഥിതിയിലാകാനും ഉടനെ സാധ്യത ഉണ്ടെന്ന് സൂപ്രണ്ട് ആൻഡി കിങ്ഡം അറിയിച്ചു.വെയിൽസിൽ മാത്രം എട്ടോളം ഫ്ളഡ് വാണിംങ്ങും 25 ഫ്ളഡ് അലേർട്ടും ഇപ്പോൾ നിലവിലുണ്ട്. രാജ്യത്തിന്റെ പലയിടങ്ങളിലും യെലോ അലെർട്ട് നിലനിൽക്കുന്നു.രാജ്യത്തു മുഴുവനായി 80 ഫ്ളഡ് വാണിംങ്ങുകളും 200ഓളം അലെർട്ടുകളും നിലനിൽക്കുന്നു.യോർക്ക് ഷെയറിലെ പലയിടങ്ങളിലും വെള്ളം തടയാൻ 4 ടണ്ണോളം മണൽ ചാക്കുകൾ ഉപയോഗിച്ചിരിക്കുകയാണ്.സമാന സാഹചര്യം ആണ് പലയിടത്തും നില നിൽക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ചോക്ലേറ്റ് കമ്പനി ആയ മാർസ് അവരുടെ റിവേൽസ് എന്ന ഉത്പന്നം തിരിച്ചുവിളിച്ചിരിക്കുന്നു. ചോക്ലേറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താലാണ് ഇതിപ്പോൾ തിരിച്ചുവിളിക്കുന്നത്. ലോഹ കഷണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ചോക്ലേറ്റ് ഭക്ഷിക്കുന്നത് സുരക്ഷിതമല്ല. അത് കഴിക്കരുതെന്ന് മാർസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ ഉല്പന്നത്തിന്റെ എല്ലാ പാക്കറ്റുകളിലും ഈ പ്രശ്നം കാണാൻ കഴിയുന്നില്ല. 006C2SLO00, 006D1SLO00 എന്നീ ബാച്ച് കോഡുകൾ ഉള്ളവയാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം 2021 ജനുവരി 31 ന് മുമ്പുള്ള 101 ഗ്രാം പാക്കറ്റുകളും കമ്പനി തിരിച്ചുവിളിച്ചു. മറ്റൊരു പാക്കേജുകളും പ്രശ്നമുള്ളതല്ലെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് മാർസ് അറിയിച്ചു. ഒപ്പം ക്ഷമ ചോദിക്കാനും കമ്പനി തയ്യാറായി. യുകെയിലെ ഒട്ടുമിക്ക കടകളിലും മാർസ് റിവേൽസ് ലഭ്യമാണ്. ഒപ്പം ആമസോൺ, ടെസ്‌കോ, മോറിസൺസ് എന്നിവിടങ്ങളിലും റിവേൽസ് സുലഭമായി കിട്ടും. എന്നാൽ ബാധിക്കപ്പെട്ട ഉത്പന്നങ്ങൾ ഇനിമുതൽ കടകളിൽ ലഭ്യമാകില്ല. ലോഹ കഷ്ണങ്ങൾ ഉൾപ്പെട്ട ചോക്ലേറ്റ് വാങ്ങിയർക്ക് 0800 952 0084 എന്ന നമ്പറിൽ വിളിക്കുകയോ www.mars.co.uk/contactus എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. കമ്പനി അതിനുള്ള പരിഹാരമാർഗങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.
കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.
കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.
ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.
ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.
ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.
ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.
നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!
സ്നേഹത്തോടെ…
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
ഡോ. ഐഷ . വി.
*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *
നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.
പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.
എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.
കൊറോണ വൈറസ് ബാധിച്ചവരെ പിന്തുണച്ചതിനു പിറ്റേന്ന് തന്നെ പോപ്പിന് വൈറസ് ബാധയെന്ന് സംശയം. എൺപത്തി മൂന്നു കാരനായ പോപ്പിന് ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ഇന്നത്തെ ദിവസത്തെ ജോലി തുടരുമെന്നും എന്നാൽ വത്തിക്കാനിലെ ഹോട്ടലായ സാന്ത മാർത്തയുടെ പരിസരങ്ങളിൽ തന്നെ ഉണ്ടാകും എന്നും വത്തിക്കാൻ അറിയിച്ചു. പോപ്പിന്റെ രോഗം എന്താണെന്ന് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ആഷ് വെഡ്നെസ്‌ഡേ മാസിൽ തുടർച്ചയായി ചുമക്കുന്നതും മൂക്ക് തുടയ്ക്കുന്നതും കാണാമായിരുന്നു.
ഇന്നലെയാണ് പോപ്പ് കൊറോണ ബാധിച്ചവർക്കും അവരെ ചികിത്സിക്കുന്നവർക്കും തന്റെ ഐക്യദാർഢ്യം അറിയിച്ചത്. കോവിഡ് 19 എന്നറിയപ്പെടുന്ന വൈറസ് ഇറ്റലിയിൽ 400 പേരെ ബാധിച്ചിട്ടുണ്ട്. അവരിൽ ഏറിയ പങ്കും വടക്കൻ ഇറ്റലി ക്കാരാണ്. റോമിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മൂന്നുപേരും സുഖം പ്രാപിച്ചു. പോപ്പ് ഫ്രാൻസിസ് സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ റോം ക്ലർജിയെ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.
അർജന്റെയിൻ പോപ്പ് ആരോഗ്യവാനായിരുന്നു. ചെറുപ്പകാലത്ത് ശ്വാസകോശത്തിന് ബാധിച്ച അസുഖത്തിൽ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്, നടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സിയാറ്റിക്ക എന്ന അസുഖവും ഉണ്ട്. എന്നിരിക്കിലും വളരെ തിരക്കുപിടിച്ച ഒരു ജീവിതശൈലിയാണ് പോപിന്റെത്. ലെൻറ് ആഷ് വെഡ്നെസ്‌ഡേ സെർവീസുകൾ കൊറോണ കാരണം ചുരുക്കിയിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹം വിശ്രമത്തിൽ ആയിരിക്കും. സെൻ പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ എത്തിയ കാണികളിൽ അധികം പേരും മാസ്ക് ധരിച്ചിരുന്നു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടനെ ആശങ്കയിലാഴ്ത്തി തുടർച്ചയായ അഞ്ചാമത്തെ കൊടുങ്കാറ്റ്. ജോർജ് എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റിനോടൊപ്പം, ശക്തമായ മഴയും ഉണ്ടാകുമെന്ന അറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വെയിൽസിലെ പല ഭാഗങ്ങളിലും, നോർത്തേൺ ഇംഗ്ലണ്ടിലും അതി ശക്തമായ മഴയുണ്ടാകും. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 70 മീറ്റർ വേഗത്തിൽ കാറ്റ് അടിക്കാൻ സാധ്യതയുള്ള തായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ പ്രളയ മുന്നറിയിപ്പുകളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഫോർകാസ്റ്റർ എമ്മ സൽറ്റർ നൽകിയ വിവരമനുസരിച്ച്, വെള്ളിയാഴ്ച അതിശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന മഴ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു.
ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ രാപകലില്ലാതെ സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ടോബി വില്ലിസൺ അറിയിച്ചു. ബ്രിട്ടണിലെ ഏറ്റവും വലിയ നദിയായ സെവേനിൽ ജലം കരയ്ക്ക് എത്താറായി ഇരിക്കുകയാണ്. ഈ നദിയുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അയോൺബ്രിഡ്ജ്, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പ്രളയ ബാധിതരായ ജനങ്ങളെ സന്ദർശിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെതിരെ ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ കുറ്റപ്പെടുത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ലഭിക്കുന്നതിൽ നിന്നും ഇരട്ടി മഴയാണ് ഇംഗ്ലണ്ടിൽ ഇപ്രാവശ്യം ലഭിച്ചത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ, ഇത് അഞ്ചാമത്തെ തവണയാണ് ബ്രിട്ടനിൽ കൊടുങ്കാറ്റ് അടിക്കുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
അമേരിക്ക :- ഒരു പുതിയ കേസ് കൂടി യുഎസിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കൊറോണ ബാധയെ നേരിടുവാൻ രാജ്യം സുസജ്ജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ രാജ്യത്തെ സാഹചര്യങ്ങൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് വിലയിരുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, ഈ സാഹചര്യങ്ങളെല്ലാം ഉടൻതന്നെ അവസാനിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടയിൽ കാലിഫോർണിയയിലെ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇയാൾ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. ഇതോടെ യു എസിൽ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ ഭൂരിഭാഗം പേരും മറ്റു രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ വരാണ്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ, രോഗം പടരാനുള്ള സാഹചര്യങ്ങൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ ബാധയെ സംബന്ധിച്ച് ഒരു ആശങ്കകളും ജനങ്ങൾക്കിടയിൽ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സാഹചര്യങ്ങൾ നേരിടുവാൻ എല്ലാവരും സജ്ജരായിരിക്കണം എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വൈറ്റ് ഹൗസ് നടത്തിയ പ്രസ്താവന തെറ്റാണെന്നും, രോഗം ഇനിയും പടരാൻ ഉള്ള സാഹചര്യം അധികമാണെന്നും ജോർജ്ടൌൺ യൂണിവേഴ്സിറ്റി പ്രൊഫസർ ലോറെൻസ് ഗോസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളിൽ ആത്മവിശ്വാസം നിറക്കുന്നത് മാത്രമാണ് വൈറ്റ് ഹൗസ് നടത്തിയ സമ്മേളനമെന്നും, യഥാർത്ഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലും, സൗത്ത് കൊറിയയിലുമായി ആയിരക്കണക്കിന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയിൽ പുതുതായി 433 കേസുകൾ സ്ഥിരീകരിച്ചു. ബെയ്ജിങ്ങിൽ മാത്രം 2744 പേർ മരണപ്പെട്ടു. സൗത്ത് കൊറിയയിൽ പുതുതായി 334 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മുഴുവൻ കൊറോണ ബാധിതരുടെ എണ്ണം 1595 ആയി ഉയർന്നു. ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. യൂറോപ്പിലും, മിഡിൽ ഈസ്റ്റിലും രോഗം പടർന്നു കൊണ്ടിരിക്കുകയാണ്.
എൻ എച്ച് എസ് ആശുപത്രികളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം : ചില രോഗികൾ പ്രധാനമന്ത്രിയെ കാണുവാൻ കൂട്ടാക്കിയില്ല
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- രോഗികളെ ആശ്ചര്യപ്പെടുത്തി കൊണ്ട് നോർത്താംപ്ടൺഷെയറിലെ കെറ്ററിങ് ജനറൽ ആശുപത്രിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മിന്നൽ സന്ദർശനം. എന്നാൽ എല്ലാ രോഗികളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. ചില രോഗികൾ അദ്ദേഹത്തെ കാണുവാൻ കൂട്ടാക്കിയില്ല. വെള്ളിയാഴ്ച രാത്രിയാണ് പ്രധാന മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. ബ്രിട്ടണിലെ പ്രളയ സമയത്തും, ഇപ്പോൾ കൊറോണ ബാധ സമയത്തും അദ്ദേഹം സമ്പന്നരോട് ചേർന്നുനിന്ന് ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് എന്ന് കുറ്റപ്പെടുത്തലുകൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മിന്നൽ സന്ദർശനം. അദ്ദേഹത്തിന്റെ സന്ദർശനം വളരെ സന്തോഷം പകരുന്നതായിരുന്നു എന്ന ആശുപത്രിയിൽ ഉണ്ടായിരുന്ന ഒരു രോഗി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. തന്നോട് സംസാരിച് കുറച്ചു ച സമയത്തിലൂടെ തന്നെ, പ്രധാനമന്ത്രിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിയതായി അദ്ദേഹം പറഞ്ഞു.
എന്നാൽ കുറെയധികം ആളുകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തൃപ്തരല്ല. തന്റെ സന്ദർശനത്തിനിടയിൽ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ദാനവും പ്രധാനമന്ത്രി നൽകി. വെള്ളിയാഴ്ച രാത്രി മുഴുവനും പ്രധാനമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു.
എന്നാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഈ യാത്രയിൽ സംബന്ധിക്കുന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അതൊരു തികച്ചും സ്വകാര്യ യാത്രയായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. ആശുപത്രി അധികൃതരും ഈ സന്ദർശനത്തെ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിട്ടില്ല.