സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ നട്ടംതിരിഞ്ഞ് പരിചരണക്കാർ. വൃദ്ധ ദമ്പതികളും വികലാംഗരായ കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളും ലോക്ക്ഡൗൺ സമയത്ത് പൊതുജനങ്ങളേക്കാൾ ഏറെ ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടിവന്നു എന്ന് റിപ്പോർട്ട്. ഷെഫീൽഡ്, ബർമിംഗ്ഹാം സർവകലാശാലകളിൽ നിന്നുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് യുകെയിലെ ഒരു ലക്ഷത്തിലധികം ശമ്പളമില്ലാത്ത പരിചരണക്കാർ പകർച്ചവ്യാധിയുടെ സമയത്ത് ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. ലോക്ക്ഡൗൺ സമയത്ത് മാതാപിതാക്കളെയും വികലാംഗരായ ബന്ധുക്കളെയും പരിചരിക്കുന്ന ആളുകളുടെ അനുഭവങ്ങൾ ഗവേഷകർ പരിശോധിച്ചു. കൂടാതെ ആളുകൾ വിശന്നിരിക്കുന്ന വീടുകളിൽ ശമ്പളമില്ലാത്ത 229,000 പരിചരണക്കാർ ഉണ്ടെന്ന് കണ്ടെത്തി. പരിചരണക്കാർ, പ്രത്യേകിച്ച് 17 നും 30 നും ഇടയിൽ പ്രായമുള്ളവർ അസഹനീയമായ സമ്മർദ്ദത്തിലായതിന്റെ ആശങ്കാജനകമായ ചിത്രം ഈ കണക്കുകൾ വരച്ചിടുന്നു.

30 കാരിയായ ക്രിസ്റ്റി, അമ്മയോടൊപ്പം വാൾത്താം ആബിയിൽ ആണ് താമസിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ അമ്മയെ പരിപാലിച്ചുവരുന്നു. ലോക്ക്ഡൗൺ സമയത്ത് തങ്ങൾ വിശന്നിരുന്നതായി ക്രിസ്റ്റി വെളിപ്പെടുത്തി. 76 വയസ്സുള്ള അമ്മയെ സംരക്ഷിക്കുന്നതിനിടയിൽ കടകളിൽ പോകുവാൻ കഴിഞ്ഞില്ല. പണം ഇല്ലാത്തതിനാൽ ഓൺലൈൻ ഡെലിവറിയും ലഭിച്ചില്ല. അതിനാൽ തന്നെ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഫുഡ് ബാങ്കുകളെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നെന്ന് ക്രിസ്റ്റി തുറഞ്ഞുപറഞ്ഞു. ഫുഡ് ബാങ്കുകളുടെ പ്രാധാന്യം ആളുകൾക്ക് മനസ്സിലാകുന്നില്ല എന്ന് അവൾ പറഞ്ഞു. മുഴുവൻ സമയ കെയറർ എന്ന നിലയിൽ ആഴ്ചയിൽ 67 ഡോളർ വീതമുള്ള ഒരു കെയർ അലവൻസ് അവൾക്ക് ലഭിക്കുന്നുണ്ട്. കൂടാതെ കെയേഴ്സ് യുകെ ചാരിറ്റി ഒരു വർദ്ധനവിന് ശ്രമിക്കുന്നു. എങ്കിലും മറ്റു ചിലവുകൾക്കും ഈ പണമാണ് ഉപയോഗിക്കുന്നത്. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ ക്രിസ്റ്റി വീടിന് പുറത്തു പോയിട്ടില്ല.

“ഈ പകർച്ചവ്യാധിയുടെ സമയത്ത് ഭൂരിഭാഗം പരിചരണക്കാരും തങ്ങളുടെ ബന്ധുക്കൾക്ക് കൂടുതൽ പരിചരണം നൽകുകയും അതിനായി കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ, അവർക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ? “എന്ന് കെയേഴ്സ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ വാക്കർ ചോദിച്ചു. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനായി 63 മില്യൺ ഡോളർ അധിക ധനസഹായം അടുത്തിടെ പ്രഖ്യാപിച്ചതായി ആരോഗ്യ-സാമൂഹ്യ പരിപാലന വകുപ്പിന്റെ വക്താവ് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പരിചരണക്കാരെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ കെയർ ഓർഗനൈസേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന് അവർ വ്യക്തമാക്കി. “ഞങ്ങളുടെ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ എല്ലാവരിലേക്കും എത്തണം. 2020 ഏപ്രിലിൽ, നിരവധി പരിചരണക്കാരുടെ വീടുകളിലെ ആളുകൾ പട്ടിണിയിലായിരുന്നു. അവർക്ക് ഭക്ഷണം കഴിക്കാൻ ഒരു ഫുഡ് ബാങ്ക് ഉപയോഗിക്കേണ്ടിവന്നു എന്നത് രാജ്യത്തെ ഞെട്ടിക്കും.” ഷെഫീൽഡ് സർവകലാശാലയിലെ സസ്‌റ്റൈനബിൾ കെയർ പ്രോഗ്രാമിന്റെ തലവൻ പ്രൊഫ. സ്യൂ യെൻഡൽ പറഞ്ഞു.
സ്വന്തം ലേഖകൻ
കൊറോണ എന്ന മഹാമാരി, കുടുംബങ്ങളിൽ വ്യക്തികളെ അകറ്റി നിർത്തുന്നു, വീടുകൾക്കുള്ളിൽ ഒതുക്കുന്നു, ഒരുപക്ഷേ എന്നെന്നേക്കുമായി ലോക ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ തങ്ങളുടെ ദുരിത സമയത്ത് കൈത്താങ്ങായ രാജ്യത്തിനും ജനതയ്ക്കും തങ്ങളാലാവുന്ന സേവനം ചെയ്യുകയാണ് ഈ അഭയാർത്ഥികൾ. കൊറോണ മൂലം ബുദ്ധിമുട്ടുന്ന അനേകർക്കാണ് നൂറുകണക്കിന് ഫേസ് മാസ്ക്കിന്റെയും ഭക്ഷണ പൊതികളുടെയും രൂപത്തിൽ അവർ സഹായം എത്തിച്ചത്.

മാജിദ ഖ് വറി, മനുഷ്യാവകാശ പ്രവർത്തകയും കാറ്ററിംഗ് കമ്പനി ഉടമയുമായ മാജിദ സിറിയയിൽനിന്ന് ഏറെ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം പലായനം ചെയ്ത വ്യക്തിയാണ്, 2013ൽ പ്രസിഡന്റ് ബഷർ അൽ അസദ്ന്റെ സമയത്ത് കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടന്ന അതിക്രമത്തിന് ഇരയായിരുന്നു അവർ. മൃഗങ്ങൾക്ക് പോലും ജീവിക്കാൻ അനുയോജ്യമല്ലാതിരുന്ന ഇടത്ത് നാലു മാസത്തോളം ഒരു മീറ്റർ നീളമുള്ള ഇടുങ്ങിയ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ദിവസത്തിൽ ഒറ്റ ഉരുളകിഴങ്ങും തക്കാളിയും മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയിരുന്ന അവർ, സഹതടവുകാർ മരിച്ചുമരവിച്ചു കിടക്കുന്നത് 24 മണിക്കൂറിൽ ഒരിക്കൽ മാത്രം ബാത്റൂമിലേക്ക് നടക്കുമ്പോൾ അവർ കാണാറുണ്ടായിരുന്നു. ഒടുവിൽ 47 കാരിയായ മാജിദ ഭർത്താവിനെയും രണ്ടു കുട്ടികളെയും സിറിയയിൽ വിട്ട് ഓടി പോരാൻ നിർബന്ധിതയായി. ഇപ്പോൾ വെസ്റ്റ് ലണ്ടനിൽ സിറിയൻ സൺഫ്ലവർ കാറ്ററിംഗ് ബിസിനസ് നടത്തുന്ന അവർ, ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്ക് നാനൂറോളം ഭക്ഷണപ്പൊതികൾ ആണ് സ്വയം ഉണ്ടാക്കി ബൈക്കിൽ യാത്ര ചെയ്തു എത്തിച്ചു കൊടുത്തത്. രോഗം ബാധിച്ചു രണ്ടുമാസം വിശ്രമത്തിലായിരുന്നു എങ്കിലും തിരികെ എത്തിയ ഉടൻ തന്നെ വോളണ്ടിയർ ആയി പ്രവർത്തനം തുടങ്ങി. ആപത്ഘട്ടങ്ങളിൽ തന്നെ സഹായിച്ചവരെ തിരിച്ച് സഹായിക്കേണ്ട കടമ തനിക്ക് ഉണ്ടെന്നാണ് ഇതിനെപ്പറ്റി ഇവർ പറയുക. നോമ്പുകാലത്ത് സിറിയയുടെ വർണാഭമായ ഭക്ഷണം ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചു കൊടുത്തിരുന്നു.

മാസിൻ സൽമോവ്, വോർസെസ്റ്റർഷെയറിലെ ബ്രോംസ്ഗ്രോവിൽ താമസം തുടങ്ങിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ, എങ്കിലും ചുറ്റുമുള്ളവർക്ക് വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സിറിയയിലെ ദമാസ്കസിൽ നിന്ന് എത്തിയ 40കാരൻ ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ ഉള്ള സന്നദ്ധ പ്രവർത്തകനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇതുവരെ മുന്നൂറോളം കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുത്തിട്ടുണ്ട്. ഫാർമസികളിൽ നിന്ന് ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് മാസ് വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കുന്നത്. അതോടൊപ്പം ലോക്ക്ഡൗൺ കാലത്ത് മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന പ്രദേശവാസികൾക്ക് ലിസ്റ്റണിങ് സഹായം നൽകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം മരണപ്പെട്ടുപോയ അച്ഛനിൽ നിന്നാണ് സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസ്സ് ലഭിച്ചത്. യു കെ യിലാണ് തനിക്ക് ജീവിക്കാൻ സുരക്ഷിതമായ സാഹചര്യം ലഭിച്ചതെന്നും തന്നെ സ്നേഹിച്ചവരെ താൻ തിരിച്ച് സേവിക്കാൻ ബാധ്യസ്ഥനാണെന്നും മാസ് പറയുന്നു. റെഫ്യൂജി ആക്ഷന്റെ സഹായത്തോടെ അദ്ദേഹം ലണ്ടനിൽനിന്ന് ജേർണലിസം കോഴ്സ് പൂർത്തിയാക്കുകയും, ദേശീയ മാധ്യമങ്ങളിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

ചിനെസെ, നാനാ നോക്കി എന്ന നൈജീരിയൻ കാറ്ററിംഗ് കമ്പനി ഉടമയാണ്. ലോക്ക്ഡൗൺ കാലത്ത് ഇരുന്നൂറോളം സൗജന്യ ഭക്ഷണപ്പൊതികൾ ആണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തത്. മുൻ ലോയറും മൂന്നു കുട്ടികളുടെ അമ്മയുമായ ചിനെസെ ലണ്ടനിലെ ചിലയിടങ്ങളിലെ കുട്ടികൾ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നു എന്ന് അറിഞ്ഞപ്പോഴാണ് മാതൃസഹജമായ സ്നേഹവും വാത്സല്യവും ചേർത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കിഴക്കൻ നൈജീരിയയിൽ നിന്ന് 2008ൽ കുട്ടികൾക്കൊപ്പം ഓടി പോന്നതാണ് ചിനെസെ. ജോലിയും, വീടും, കാറും ബിസിനസും എല്ലാം ഉപേക്ഷിച്ചു വന്നചിനെസെക്ക് ജീവിതം എളുപ്പമുള്ളതായിരുന്നില്ല. നിറത്തിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിച്ചതും, സംശയ ദൃഷ്ടിയോടെ നോക്കപെട്ടതും അവർ മറക്കുന്നില്ലെങ്കിലും വേദനയിൽ കരുതലായ് നിന്ന് രാജ്യത്തിനും ജനതയ്ക്കും തന്റെ രാജ്യത്തെ വിശിഷ്ടഭോജ്യങ്ങൾ സ്നേഹത്തിൽ പൊതിഞ്ഞു വിതരണം ചെയ്യുന്നുണ്ട് ചിനെസെ.

23കാരിയായ മരിയ ഇഗ്വേബുക് ഫേസ് മാസ്കുകൾ നിർമിച്ചുനൽകിയാണ് മാതൃകയാവുന്നത്. ചുറ്റുമുള്ളവർ രോഗക്കിടക്കയിൽ ബുദ്ധിമുട്ടുമ്പോൾ വെറുതെ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ഈ യുവ സംരംഭയ്ക്ക്. ഓൺലൈനായി മാസ്ക്കുകൾ വിൽക്കുകയും ആ തുകയിൽ നിന്ന് നല്ലൊരു പങ്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമാണ്, പന്ത്രണ്ടാം വയസ്സിൽ യുകെയിലെത്തിയ ഈ നൈജീരിയക്കാരി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിലെ സ്കൂളുകളിൽ ഉള്ള ഏകദേശം 1.3 മില്യൺ കുട്ടികൾക്ക് ഇനി സൗജന്യ ഭക്ഷണ വൗച്ചറുകൾ ലഭിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ താരം ഇരുപത്തിരണ്ടുകാരനായ മാർക്കസ് റാഷ്‌ഫോർഡിന്റെ പ്രചാരണങ്ങളെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കം. ഈയൊരു നടപടിയെ സ്വാഗതം ചെയ്യുന്നതായി മാർക്കസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിന് മാർക്കസ് ചെയ്യുന്ന പ്രയത്നങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ലോക്ക്ഡൗൺ സമയത്ത് അർഹരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഗവൺമെന്റ് സൗജന്യഭക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതു മുന്നോട്ടു നീട്ടി കൊണ്ടു പോകുവാൻ ആദ്യം ഗവൺമെന്റ് തീരുമാനിച്ചിരുന്നില്ല. ഇതേതുടർന്നാണ് മാർക്കസ് ഈ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രിക്കും എംപിമാർക്കും തുറന്ന കത്തെഴുതിയത്. ഇതിനുശേഷമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ പദ്ധതി നീട്ടിയതായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നും മാർക്കസ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ട്. തുടർന്ന് തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് മാർക്കസ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. അതിനാൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്നത് അത്യന്താപേക്ഷിതമാണെന്ന് മാർക്കസ് അഭിപ്രായപ്പെട്ടു. സ്കോട്ട്‌ലൻഡിലും, വെയിൽസിലും ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് രോഗികളെ രക്ഷിക്കാൻ ഡെക്സമെതസോൺ എന്ന മരുന്ന്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഡെക്സമെതസോൺ എന്ന മരുന്നിനു കഴിയുമെന്ന് കണ്ടെത്തൽ. വിലകുറഞ്ഞതും വ്യാപകമായി ലഭിക്കുന്നതുമായ മരുന്നാണ് ഡെക്സമെതസോൺ. വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് സ്റ്റിറോയിഡ് ചികിത്സയെന്ന് വിദഗ്ധർ പറയുന്നു. ഈ മരുന്ന്, വെന്റിലേറ്റർ രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ തുടക്കം മുതൽ യുകെയിലെ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കിൽ 5,000 ജീവൻ വരെ രക്ഷപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. വില കുറവായതിനാൽ എല്ലാവർക്കും ഉപയോഗിക്കുവാനും സാധിക്കും.

കൊറോണ വൈറസ് ബാധിച്ച 20 രോഗികളിൽ 19 പേരും ആശുപത്രിയിൽ പ്രവേശിക്കാതെ തന്നെ സുഖം പ്രാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വന്നേക്കാം. അവർക്കാണ് ജീവൻ രക്ഷിക്കാൻ ഡെക്സമെതസോൺ നൽകുന്നത്. ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിന് ഈ മരുന്ന് നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്. കോറോണയ്ക്കെതിരെ പോരാടുമ്പോൾ ഉണ്ടാവുന്ന ശരീരത്തിന്റെ അമിത പ്രതികരണത്തെ സൈറ്റോകൈൻ സ്റ്റോം എന്ന് വിളിക്കുന്നു. ഇത് മരണത്തിനുവരെ കാരണമായേക്കാം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകിയിരുന്നു. ഈ മരുന്നിന്റെ ഉപയോഗം വെന്റിലേറ്റർ രോഗികളുടെ മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുന്നു. ഒപ്പം ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ മരണസാധ്യത 25% ൽ നിന്ന് 20% ആയി കുറഞ്ഞു. മരണനിരക്ക് കുറയ്ക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു മരുന്നാണ് ഡെക്സമെതസോൺ എന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. പീറ്റർ ഹോർബി പറഞ്ഞു. കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങളുള്ള ആളുകൾക്ക് ഡെക്സമെതസോൺ നൽകുന്നില്ല.

ആഗോളതലത്തിൽ ലഭ്യമായ മരുന്നാണ് ഡെക്സമെതസോൺ. കോവിഡ് -19 ൽ നിന്നുള്ള മരണങ്ങൾ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ട ആദ്യത്തെ മരുന്ന് പുതിയതും ചെലവേറിയതുമായ ഒന്നല്ല. മറിച്ച് നേരത്തെ ഉണ്ടായിരുന്നതും വിലകുറഞ്ഞതുമാണ്. ലോകമെമ്പാടുമുള്ള രോഗികൾക്ക് പ്രയോജനം ലഭിക്കുന്ന വിവരങ്ങളാണ് ഓക്സ്‌ഫോർഡ് പുറത്തുവിട്ടിരിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗാവസ്ഥകൾക്ക് ചികിത്സിക്കാൻ 1960 കളുടെ തുടക്കം മുതൽ ഡെക്സമെതസോൺ ഉപയോഗിക്കുന്നുണ്ട്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളിൽ പകുതിപേരും രക്ഷപെടുന്നില്ല. അതിനാൽ തന്നെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്നത് ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്തും.
ജൂൺ എട്ട് തിങ്കളാഴ്ചയാണ് ന്യൂസീലൻഡ് കോവിഡ് മുക്തമായ സന്തോഷ വാർത്ത ലോകത്തിനു മുന്നിലെത്തുന്നത്. ഫെബ്രുവരി 28ന് രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ജൂണ്‍ 8 വരെ കോവിഡ് ബാധിച്ചത് 1504 പേരെ. 1482 പേർക്ക് രോഗം ഭേദമായി, 22 പേർ മരിച്ചു. 18 ദിവസമായി പുതിയ കേസുകളൊന്നും സ്ഥിരീകരിക്കാതെ വന്നതോടെ രാജ്യം കോവിഡ് മുക്തമായി പ്രഖ്യാപിച്ചു.
50 ലക്ഷം ജനങ്ങളുള്ള ന്യൂസീലൻഡ് ദ്വീപുരാജ്യമായതിനാലാണ് ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കാനായതെന്ന് ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ രാജ്യം കോവിഡ് മുക്തമായെന്നറിഞ്ഞ ആഹ്ലാദത്തിൽ പ്രധാനമന്ത്രി ജസിൻഡ അർഡൻ നൃത്തം ചെയ്തപ്പോൾ ലോകം മുഴുവൻ അതിനൊപ്പം മനസ്സു ചേർത്തു. ദക്ഷിണ പസിഫിക് ദ്വീപുരാജ്യമായ ന്യൂസീലൻഡിൽ മാത്രമല്ല, മറ്റു പല ദ്വീപുകളും ചെറു രാജ്യങ്ങളും ഇതിനോടകം കോവിഡ് മുക്തമായിട്ടുണ്ടെന്നതാണു സത്യം.
ചിലയിടത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ കോവിഡ് വീണ്ടും വരാൻ സാധ്യത തുടരുന്ന സാഹചര്യത്തിൽ കരുതലിൽതന്നെയാണ് എല്ലായിടത്തും. കോവിഡ് നമ്പറിനെ പൂജ്യത്തിലെത്തിച്ച അത്തരം രാജ്യങ്ങളെ പരിചയപ്പെടാം (ജൂണ്‍ 15 വരെയുള്ള വിവരങ്ങൾ അനുസരിച്ചാണ് പട്ടിക തയാറാക്കിയത്; ഡേറ്റ: ലോകാരോഗ്യ സംഘടന/വേൾഡോമീറ്റർ)
പാപ്പുവ ന്യൂ ഗ്വിനിയ
ന്യൂസീലൻഡിനേക്കാളും മുൻപേതന്നെ കോവിഡ് പ്രതിരോധത്തിൽ കഴിവ് തെളിയിച്ചതാണ് പസിഫിക് സമുദ്രത്തിലെ സ്വതന്ത്ര ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗ്വിനിയ. ന്യൂസീലൻഡിലെ ജനസംഖ്യ 48.9 ലക്ഷമാണെങ്കിൽ പാപ്പുവ ന്യൂഗിനിയയിൽ 89.35 ലക്ഷമാണ്. ന്യൂസീലൻഡ് വിസ്തൃതി 2.68 ലക്ഷം ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ പാപ്പുവ ന്യൂഗിനിയയുടേത് 4.63 ലക്ഷം ച.കി.മീയും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യവുമാണ് പാപ്പുവ ന്യൂഗിനിയ. ഇവിടെ ആകെ കോവിഡ് ബാധിച്ചത് എട്ടു പേർക്കു മാത്രം. ആരും മരിച്ചതുമില്ല. അയൽരാജ്യങ്ങളിൽ കോവിഡ് സൂചന തലപൊക്കിത്തുടങ്ങിയതോടെ ജനുവരി 30നു തന്നെ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരുന്നു.
ഏപ്രിൽ 16ന് അടിയന്തരാവസ്ഥയോടെ രാജ്യ തലസ്ഥാനത്തും നിയന്ത്രണം വന്നു. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ രാജ്യത്ത് കർഫ്യൂവും പ്രഖ്യാപിച്ചു. മാർച്ച് 20നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 22നാണ് അവസാന കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 4ന് അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. സ്കൂളുകൾ ആരംഭിച്ചു. പക്ഷേ കൂട്ടംചേരലിന് ഇപ്പോഴും വിലക്കുണ്ട്. കോവിഡിനെ പ്രതിരോധിച്ചെങ്കിലും പ്രധാനമായും ടൂറിസം വരുമാനത്തെ ആശ്രയിക്കുന്ന ദ്വീപിന് ലോക്‌ഡൗൺ കാരണം വൻ സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്. അതിൽനിന്നു കരകയറാനുള്ള ശ്രമത്തിലാണിപ്പോൾ. രാജ്യാന്തര നാണ്യനിധി ഉൾപ്പെടെ സാമ്പത്തിക സഹായം നൽകാൻ തയാറായി രംഗത്തുണ്ട്.
ലാവോസ്
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും അവസാനം കോവിഡ് സ്ഥിരീകരിച്ചത് ലാവോസിലാണ്– മാർച്ച് 24ന്. 71 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ആകെ രോഗം ബാധിച്ചത് 19 പേർക്ക് മാത്രം. ഒരാളു പോലും മരണപ്പെട്ടില്ല. ജൂൺ 8ന് അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെ രാജ്യത്തെ കോവിഡ് മുക്തമായും പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ 60 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിൽ 12നായിരുന്നു അവസാനത്തെ കേസ്. മേയ് അവസാനത്തോടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
പക്ഷേ ചുറ്റിലുമുള്ള രാജ്യങ്ങളിൽ ഇപ്പോഴും കോവിഡ് നിലനിൽക്കുന്നതിനാൽ അതിർത്തി മാത്രം തുറന്നിട്ടില്ല. നാലതിരിലും വിവിധ രാജ്യങ്ങളാൽ ചുറ്റപ്പെട്ട്, തെക്കു കിഴക്കനേഷ്യയിലെ ഒരേയൊരു ‘ലാൻഡ് ലോക്ക്ഡ്’ രാജ്യമാണ് ലാവോസ്. വടക്കു പടിഞ്ഞാറു ഭാഗത്ത് ചൈനയും (നിലവിൽ 129 കേസ്) മ്യാൻമറും (88 കേസ്), കിഴക്ക് വിയറ്റ്നാമും (11), തെക്കുകിഴക്കായി കംബോഡിയയും(3) പടിഞ്ഞാറ്–തെക്കുപടിഞ്ഞാറായി തായ്‌ലൻഡും (90) വളഞ്ഞിരിക്കുകയാണ് ലാവോസിനെ. അതിർത്തിക്കപ്പുറം ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു ചുരുക്കം.
ഐൽ ഓഫ് മാൻ
ഇംഗ്ലണ്ടിനും അയർലൻഡിനുമിടയിൽ ഐറിഷ് കടലിലാണ് ബ്രിട്ടിഷ് സർക്കാരിനു കീഴിലുള്ള ഈ സ്വയം ഭരണ ദ്വീപിന്റെ സ്ഥാനം. 84,000 ജനസംഖ്യയുള്ള ഇവിടെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മാർച്ച് 19ന്. മാർച്ച് 22ന് സാമൂഹിക വ്യാപനവും സ്ഥിരീകരിച്ചു. ഇതുവരെ ആകെ കോവിഡ് ബാധിച്ചത് 336 പേർക്ക്. 24 പേർ മരിച്ചു, 312 പേർ രോഗമുക്തി നേടിയതോടെ സാമൂഹിക അകലത്തിൽ ഉൾപ്പെടെ ഇളവുകൾ വന്നു.
22 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതായതോടെയാണ് ബ്രിട്ടിഷ് ദ്വീപസമൂഹത്തിൽ സാമൂഹിക അകലം ഒഴിവാക്കുന്ന ആദ്യ ദ്വീപായും ഐൽ ഓഫ് മാൻ മാറിയത്. ന്യൂസീലൻഡ് കോവിഡ് മുക്തമായ ജൂൺ 8നുതന്നെയായിരുന്നു ഈ തീരുമാനവും. നിലവില്‍ പുറത്ത് കൂടിച്ചേരലുകളിൽ പക്ഷേ പരമാവധി 30 അംഗങ്ങളെ മാത്രം അനുവദിക്കുകയുള്ളൂ, വീടുകളിൽ കൂട്ടായ്മകൾക്ക് നിയന്ത്രണമില്ല. ദ്വീപിന്റെ അതിർത്തികളും അടഞ്ഞുകിടക്കുകയാണ്. കൂടുതൽ ഇളവുകൾ ഈയാഴ്ച പ്രഖ്യാപിക്കും.
ഫറോ ഐലന്റ്സ്
ഡെന്മാര്‍ക്കിനു കീഴിലെ സ്വയം ഭരണ പ്രദേശമായ ഈ ദ്വീപിന്റെ സ്ഥാനം നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ്. നോർവെയ്ക്കും ഐസ്‌ലൻഡിനും ഇടയ്ക്കുള്ള ദ്വീപിലെ ജനസംഖ്യ 52,110 മാത്രം. മാർച്ച് 4നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗം ബാധിച്ചത് 187 പേരെ. ആരും മരിച്ചില്ല. മേയ് 8ന് ഫറോ ഐലന്റ്സിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ടൂറിസം പ്രധാന വരുമാന മാർഗമായ ഇവിടേക്ക് ജൂൺ 15 മുതൽ ഡെന്മാർക്കിൽനിന്നും (നിലവിൽ 507 കോവിഡ് കേസ്) ഐസ്‌ലൻഡിൽ (4) നിന്നുമുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങും. ജർമനി (കോവിഡ്–6356), നോർവെ (248) എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പരിശോധനയ്ക്കു ശേഷം ഡെന്മാർക്ക് വഴിയും ദ്വീപിലേക്കു പ്രവേശിക്കാം.
അരുബ
നെതർലൻഡ്സിനു കീഴിലായി, കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപുരാജ്യമായ അരുബയിലെ ജനസംഖ്യ 1.12 ലക്ഷം മാത്രമാണ്. ഈ ഡച്ച് കരീബിയൻ ദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 13ന്. ഇതുവരെ 101 പേർക്ക് രോഗം ബാധിച്ചു. 3 പേർ മരിച്ചു. മേയ് 5നാണ് അവസാനമായി പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 27ന് അവസാനത്തെ കോവിഡ് രോഗിയും രോഗമുക്തനായി. സമീപ ദ്വീപുകളായ ബോനെയർ, കുറാഷാവോ എന്നിവയുമായി അരുബയും ചേർത്ത് എബിസി ഐലന്റ്സ് എന്നും അറിയപ്പെടുന്നു. ബോനെയർ, കുറാഷാവോ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ജൂൺ 15 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചു കഴിഞ്ഞു. കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ജൂലൈ ഒന്നു മുതൽ രാജ്യത്തേക്കു സ്വാഗതം. ജൂലൈ 10 മുതൽ യുഎസിൽനിന്നുള്ളവർക്കും വരാം. ടൂറിസം പ്രധാന വരുമാന മാർഗമായ ഈ ദ്വീപുരാജ്യം വരുംനാളുകളിൽ കൂടുതൽ സന്ദർശകർക്കായി അതിർത്തി തുറക്കാനൊരുങ്ങുകയാണ്.
ഫ്രഞ്ച് പോളിനീഷ്യ
ഏകദേശം 2000 കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായി ചിതറിക്കിടക്കുന്ന 118 ദ്വീപുകൾ ചേർന്ന ഫ്രഞ്ച് അധീനതയിലുള്ള പ്രദേശം. തെക്കൻ പസിഫിക് സമുദ്രത്തിലെ ഈ ദ്വീപു രാജ്യത്തിലെ ജനസംഖ്യ 2.75 ലക്ഷം മാത്രം. മാർച്ച് 11ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിനു ശേഷം ഇതുവരെ കോവിഡ് ബാധിച്ചത് 60 പേർക്ക്. ആരും മരണപ്പെട്ടില്ല. മേയ് 19ന് അവസാന കോവിഡ് രോഗിയും സുഖപ്പെട്ടതായി സർക്കാർ പ്രഖ്യാപനം.
ടെസ്റ്റുകളൊന്നും നടത്താതെ ജനങ്ങള്‍ക്ക് മറ്റു ദ്വീപുകളിലേക്കു യാത്രയ്ക്കും നിലവിൽ അനുമതിയായി. പക്ഷേ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. ജൂൺ 15 മുതൽ ടൂറിസ്റ്റുകളെയും സ്വാഗതം ചെയ്തു തുടങ്ങുകയാണ് ഫ്രഞ്ച് പോളിനീഷ്യ.വന്നിറങ്ങി നാലു ദിവസത്തിനകം ടെസ്റ്റിനു വിധേയമാകണം. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്നു തെളിയിക്കുകയും വേണം. രാജ്യത്തെത്തി പോസിറ്റിവാണെന്നു തെളിഞ്ഞാൽ ക്വാറന്റീനിലും പോകേണ്ടി വരും.
മക്കാവു
ചൈനയ്ക്കു കീഴിലെ പ്രത്യേക സ്വയംഭരണ പ്രദേശമായ മക്കാവുവില്‍ ജനുവരി 22നാണ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. സൗത്ത് ചൈന കടലിലെ ഈ ദ്വീപുരാജ്യത്തെ ആകെ ജനസംഖ്യ 6.96 ലക്ഷം വരും. പക്ഷേ ആകെ രോഗം ബാധിച്ചത് 45 പേരെ മാത്രം. ആരും മരണപ്പെട്ടുമില്ല. ഏപ്രിൽ എട്ടിനാണ് അവസാനത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 19ന് മക്കാവു കോവിഡ് മുക്തമായി. യാത്രാ ഇളവുകൾ പ്രഖ്യാപിച്ചാലുടൻ മക്കാവുവുമായി കൂടുതൽ കച്ചവട ഇടപാടുകൾക്ക് ഒരുങ്ങുകയാണ് സമീപ സ്വതന്ത്ര ഭരണ പ്രദേശമായ ഹോങ്കോങ്.
കിഴക്കൻ ടിമോർ
ടിമോർ കടലിലെ സ്വതന്ത്ര ദ്വീപുരാജ്യം. തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായ കിഴക്കൻ ടിമോറിന്റെ തെക്കു ഭാഗത്തെ അയൽക്കാരൻ ഓസ്ട്രേലിയയാണ്. 13.8 ലക്ഷം ജനസംഖ്യയുള്ള ഈ രാജ്യത്ത് കോവിഡ് ബാധിച്ചത് 24 പേരെ മാത്രം. ഒരു മരണം പോലും സംഭവിച്ചില്ല. മാർച്ച് 21ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. മേയ് 14ന് അവസാനത്തെ കോവിഡ് രോഗിക്കും അസുഖം ഭേദമായി. ഒരു മാസമായി പുതിയ കേസുകളൊന്നും ഇല്ലെങ്കിലും രാജ്യത്ത് ജൂൺ അവസാനം വരെ അടിയന്തര സാഹചര്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫിജി
തെക്കൻ പസിഫിക് സമുദ്രത്തിലെ കുഞ്ഞൻ ദ്വീപ്. ജനസംഖ്യ 9.3 ലക്ഷം. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് 19ന്. അവസാനത്തെ കേസ് ഏപ്രിൽ 20നും. ആകെ രോഗം ബാധിച്ചതു 18 പേർക്ക് മാത്രം. ആരും മരണപ്പെട്ടില്ല. ചികിത്സയിൽ ബാക്കിയുണ്ടായിരുന്ന മൂന്നു പേരും ജൂൺ 3ന് രോഗമുക്തരായി. പസിഫിക്കിലെ കോവിഡ് ഇന്‍ക്യുബേഷൻ ഹബ് ആയി ഫിജി മാറുമോയെന്നു പോലും ഒരു ഘട്ടത്തിൽ ഭയപ്പെട്ടിരുന്നു. എന്നാൽ കർശന ലോക്ഡൗണും അതിർത്തികൾ അടച്ചതും ഗുണമായി. കോവിഡിന്റെ രണ്ടാം വരവ് സാധ്യതയും ഈ ടൂറിസം രാജ്യം തള്ളിക്കളയുന്നില്ല.
സെന്റ് കിറ്റ്സ് ആൻഡ് നീവിസ്
വെസ്റ്റ് ഇൻഡീസിലെ ദ്വീപുരാജ്യം. ജനസംഖ്യ 52,441 മാത്രം. സെന്റ് കിറ്റിസ് ആണ് ദ്വീപുകളിൽ വലുത്, നിവീസ് ചെറുതും. മാർച്ച് 25ന് ആദ്യ കോവിഡ് കേസ്. ഏപ്രിൽ 20ന് അവസാനത്തെ കേസ്. ഇതുവരെ രോഗം ബാധിച്ചത് 15 പേരെ മാത്രം. ആരും മരണപ്പെട്ടില്ല. മേയ് 19ന് അവസാന രോഗിയും സുഖപ്പെട്ടതോടെ നിലവിൽ കോവിഡ് മുക്തം. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അതിർത്തികൾ തുറന്നിട്ടില്ല.
ഫോക്‌ലൻഡ് ഐലന്റ്സ്
തെക്കേ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കുഞ്ഞൻ ദ്വീപ്. ബ്രിട്ടനു കീഴിൽ സ്വയം ഭരണം. പ്രതിരോധ–വിദേശ കാര്യങ്ങളിൽ അധികാരം യുകെയ്ക്ക്. ജനസംഖ്യ 3398 മാത്രം. ഏപ്രിൽ മൂന്നിന് ദ്വീപിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചു. സൈനിക താവളത്തിലായിരുന്നു പ്രധാനമായും കോവിഡ് പകർന്നത്. ആകെ ബാധിച്ചത് 13 പേർക്ക്. ഏപ്രിൽ 25നായിരുന്നു അവസാന കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 1ന് രാജ്യം കോവിഡ് മുക്തമായി.
ഗ്രീൻലൻഡ്
ഡെന്മാർക്കിനു കീഴിലെ സ്വതന്ത്ര ഭരണ പ്രദേശമായ ഗ്രീൻലൻഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ്. 21.66 ലക്ഷം ച.കി.മീ വിസ്തൃതിയുണ്ടെങ്കിലും ജനസംഖ്യ 56,081 മാത്രം. മാർച്ച് 16നായിരുന്നു ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 13 പേർക്ക്; മരണമില്ല. ആശുപത്രിയിലല്ലാതെ വീട്ടിലിരുന്ന് കോവിഡ് ചികിത്സ സ്വീകരിച്ചവരാണ് എല്ലാവരുമെന്ന പ്രത്യേകതയുമുണ്ട്. മേയ് 27നാണ് അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്തത്. ജൂൺ 4ന് കോവിഡ് മുക്തമായി. അതിർത്തിയിൽ ഇപ്പോഴും കർശന നിരീക്ഷണം തുടരുന്നു.
ടർക്ക്‌സ് ആൻഡ് കേയ്ക്കസ്
ബ്രിട്ടനു കീഴിലെ ദ്വീപുരാജ്യം– കേയ്ക്കസ് ആണ് വലുത്, ടർക്ക്സ് കൂട്ടത്തിൽ ചെറിയ ദ്വീപും. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ ദ്വീപിൽ ജനസംഖ്യ 42,953 മാത്രം. കോവിഡ് ആകെ ബാധിച്ചത് 12 പേരെ. ഒരാൾ മരിച്ചു. മാർച്ച് 23ന് ആദ്യത്തെ കേസ്, ഏപ്രിൽ 27ന് അവസാനത്തെയും. ജൂൺ 1ന് കോവിഡ് മുക്തമായി. ടൂറിസം രാജ്യമായതിനാൽത്തന്നെ ജൂലൈ 22 മുതൽ രാജ്യത്തേക്കു പ്രവേശനം അനുവദിക്കാനാണു തീരുമാനം.
മോണ്ട്സെരാത്ത്
കരീബിയൻ സമുദ്രത്തിലെ ബ്രിട്ടിഷ് ദ്വീപുകളിലൊന്നായ മോണ്ട്സെരാത്തിൽ ജനസംഖ്യ 4649 മാത്രം. മാർച്ച് 18നാണ് ദ്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ആകെ 11 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു മരണം സംഭവിച്ചു. ഏപ്രിൽ 13നാണ് അവസാനത്തെ കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 13നാണ് രാജ്യത്തിനു സ്വന്തമായി ഒരു ടെസ്റ്റിങ് യന്ത്രം ലഭിക്കുന്നത്. അതുവരെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ കരീബിയൻ പബ്ലിക് ഹെൽത്ത് ഏജൻസി വഴിയായിരുന്നു പരിശോധന.
മേയ് 16ന് രാജ്യം കോവിഡ് മുക്തമായി. ഐസിയു പോലുമില്ലാത്ത ഒരൊറ്റ ആശുപത്രിയേ ഈ ദ്വീപുരാജ്യത്തിലുള്ളൂ. അതിനാൽത്തന്നെ ഇപ്പോഴും രാജ്യത്ത് രാത്രി 10 മുതൽ രാവിലെ 5 വരെ കർഫ്യൂ ആണ്. നിലവിൽ മോണ്ട്സെരാത്തിലേക്കു വരണമെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂർ മുൻപുതന്നെ സർക്കാര്‍ വെബ്സൈറ്റിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. രാജ്യാന്തര അതിർത്തി ഘട്ടംഘട്ടമായേ തുറക്കൂ.
സീഷെൽസ്
ഇന്ത്യൻ മഹാസമുദ്രത്തിൽ 115 ദ്വീപുകൾ ചേർന്ന രാജ്യം. ആഫ്രിക്കൻ സ്വതന്ത്ര രാജ്യങ്ങളിൽ ഏറ്റവും കുറവ് ജനസംഖ്യ സീഷെൽസിലാണ്– 94,367 പേർ. മാർച്ച് 14നാണ് ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ രോഗം ബാധിച്ചത് 11 പേർക്ക്. ആരും മരിച്ചില്ല. ഏപ്രിൽ ആറിനാണ് അവസാന കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മേയ് 18ന് രാജ്യം കോവിഡ് മുക്തമായി. ടൂറിസം പ്രധാന വരുമാന മാര്‍ഗമാണെങ്കിലും ഈ വർഷം ഇനി സീഷെൽസ് തീരത്ത് ആഡംബര കപ്പലുകളൊന്നും അനുവദിക്കേണ്ടെന്നാണു തീരുമാനം. ജൂൺ 1 മുതൽ പക്ഷേ രാജ്യാന്തര വിമാനങ്ങൾ അനുവദിക്കുന്നുണ്ട്. ആഭ്യന്തര വിമാന സർവീസുകളും തുടങ്ങി. രാജ്യത്തേക്കെത്തുന്നവർക്ക് നിർബന്ധിത കോവിഡ് പരിശോധനയുമുണ്ട്.
പടിഞ്ഞാറൻ ആഫ്രിക്കയിലെ മരുപ്രദേശം നിറഞ്ഞ രാജ്യമായ വെസ്റ്റേൺ സഹാറ, കരീബിയൻ കടലിലെ ബ്രിട്ടിഷ് ഭരണ പ്രദേശമായ വിർജിൻ ഐലന്റ്സ്, നെതർലൻഡ്സിനു കീഴിലായി കരീബിയൻ കടലിലുള്ള പ്രദേശമായ കരീബിയൻ നെതർലൻഡ്സ്, ഫ്രാൻസിനു കീഴിലുള്ള കരീബിയൻ ദ്വീപുരാജ്യം സെന്റ് ബർത്‌ലെമി, ബ്രിട്ടനു കീഴിലെ കരീബിയൻ ദ്വീപായ ആൻഗ്വില, അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഫ്രാൻസിനു കീഴിലായുള്ള ദ്വീപുരാജ്യം സെന്റ് പിയർ ആൻഡ് മിക്കലോൺ എന്നിവിടങ്ങളിൽ ഇതുവരെ 10ൽ താഴെ മാത്രമായിരുന്നു കോവിഡ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഈ പ്രദേശങ്ങളെല്ലാം ഒരു സജീവ കേസ് പോലുമില്ലാതെ സമ്പൂർണ കോവിഡ് മുക്തവുമാണ്. മാർപാപ്പയ്ക്കു കീഴിലുള്ള വത്തിക്കാനിൽ മാർച്ച് ആറിനാണ് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ചത് 12 പേർക്ക്. ആരും മരണപ്പെട്ടിട്ടില്ല. ജൂൺ ആറിന് അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. പുതിയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഇവ കൂടാതെ മറ്റു പല രാജ്യങ്ങളിലും നിലവിൽ ഒറ്റ അക്കത്തിലാണ് കോവിഡ് രോഗികളുടെ എണ്ണം. അതിന്മേൽ പക്ഷേ ആരും അമിതമായി ആഹ്ലാദിക്കുന്നില്ല.
ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെയും മോണ്ടെനെഗ്രോയുടെയും ഉദാഹരണം തന്നെയെടുക്കാം. കരീബിയൻ ദ്വീപസമൂഹങ്ങളിലെ തെക്കേ അറ്റത്തെ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കരീബിയൻ രാജ്യമെന്ന ഖ്യാതിയിലായിരുന്നു ഇത്രയും നാളും. ഇവിടെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് 12ന്. ആകെ 117 പേർക്ക് രോഗം ബാധിച്ചു, 8 പേർ മരിച്ചു. മേയ് 31നു ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജൂൺ 7ന് അവസാനത്തെ കോവിഡ് രോഗിയും സുഖപ്പെട്ടു. കോവിഡ് മുക്തമായതിനാൽത്തന്നെ, കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ക്രിക്കറ്റ് രാജ്യത്തു നടത്താനിരിക്കുകയായിരുന്നു. എന്നാൽ ജൂൺ 14ന് ഇവിടെ ഒറ്റയടിക്ക് പുതിയ 6 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
യൂറോപ്പിൽ ഏറ്റവും അവസാനം കോവിഡ് റിപ്പോർട്ട് ചെയ്തന്ന രാജ്യമായിരുന്നു മോണ്ടെനെഗ്രോ– മാർച്ച് 17ന്. 68 ദിവസങ്ങൾക്കിപ്പുറം മേയ് 24ന് യൂറോപ്പിൽ കോവിഡ് മുക്തമാകുന്ന ആദ്യ രാജ്യമായും മോണ്ടെനെഗ്രോ മാറി. 6.2 ലക്ഷം ജനസംഖ്യയുള്ള ഇവിടെ ആകെ രോഗം ബാധിച്ചത് 324 പേർക്ക്, മരണം 9. മേയ് 23ന് അവസാന രോഗിയും കോവിഡ് മുക്തമായതിനു ശേഷം 22 ദിവസത്തേക്ക് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർന്ന് 131 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇവിടേക്ക് സന്ദർശന അനുമതിയും നൽകി. ലക്ഷത്തിൽ 25 പേർക്ക് എന്ന കണക്കിൽ മാത്രം നിലവിൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളായിരുന്നു അനുമതി പട്ടികയിൽ. എന്നാൽ ജൂൺ 14ന് രാജ്യത്തു വീണ്ടും ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചു.
വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ ബോസ്‌നിയ–ഹെർസഗൊവീന (നിലവിൽ 611 കോവിഡ് കേസ്), വടക്കു കിഴക്ക് സെർബിയ (650 കേസ്), കിഴക്ക് കൊസോവ (477), തെക്കുകിഴക്ക് അൽബേനിയ (389), പടിഞ്ഞാറ് ക്രൊയേഷ്യ (10) എന്നിങ്ങനെ അതിർത്തി പങ്കിടുന്ന രാജ്യമാണ് മോണ്ടെനെഗ്രോ. തെക്കുകിഴക്കൻ അതിർത്തിയിൽ അഡ്രിയാട്ടിക് കടലുമാണ്. കോവിഡ് ഒഴിഞ്ഞാലും ചുറ്റിലും വെല്ലുവിളികൾ ഏറെയുണ്ടെന്നു ചുരുക്കം; അതിപ്പോൾ യാഥാർഥ്യമാവുകയും ചെയ്തു. ഇത്തരത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ കോവിഡിന്റെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലാത്തതിനാൽ രാജ്യങ്ങളെല്ലാം ജാഗ്രത തുടരുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
സ്പോർട്സ് ഡയറക്റ്റ് തുറക്കുന്നതിന്റെ ഭാഗമായിട്ട് ഇന്നലെ എൻഎച്ച് എസ്സ് സ്റ്റാഫിന് 50 ശതമാനം ഡിസ്കൗണ്ട് നൽകിയത് പല സ്റ്റോറുകളിലും വൻ തിരക്കിന് കാരണമായി. മലയാളികൾ ഉൾപ്പെടെയുള്ള കസ്റ്റമേഴ്സ് അഞ്ച് മണിക്കൂറിലേറെ നിന്നതിനുശേഷമാണ് ഷോപ്പുകൾക്കുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്. ഇതിനിടയിൽ എൻ എച്ച് എസ്സ് സ്റ്റാഫിനായിട്ടുള്ള ഡിസ്കൗണ്ട് എല്ലാ കീ വർക്കേഴ്സിനും ലഭ്യമാണെന്നുള്ള തെറ്റിദ്ധാരണയിൽ ചില ഉപഭോക്താക്കളെത്തിയത് സംഘർഷത്തിനും കാരണമായി. മണിക്കൂറുകളോളം ക്യൂ നിന്നതിനുശേഷം കടയ്ക്കുള്ളിൽ പ്രവേശിച്ചതിനു ശേഷം ഡിസ്കൗണ്ട് ലഭ്യമല്ല എന്ന് കണ്ടപ്പോൾ ജീവനക്കാരുമായി തർക്കങ്ങളും സംഘർഷവും ഉണ്ടാകുന്ന സന്ദർഭം വരെ പല സ്റ്റോറുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

എൻ എച്ച് എസ്സ് ജീവനക്കാർക്കുള്ള 50 % ഡിസ്‌കൗണ്ട് ഓഫറും വളരെ നാൾ കൂടി ഷോപ്പുകൾ തുറന്നതും ആളുകളെ കൂടുതലായിട്ട് സ്പോർട്സ് ഡയറക്ട് ഷോപ്പുകളിലേയ്ക്ക് ആകർഷിച്ചു. ഇംഗ്ലണ്ടിലുടനീളം തിങ്കളാഴ്ച്ച രാവിലെ 9 മാണി മുതൽ തന്നെ പല ഷോപ്പുകൾക്ക് മുൻപിൽ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പലയിടത്തും ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കാത്തതിനെക്കുറിച്ച് പരാതികൾ ഉണ്ട്. സണ്ടർലാൻഡിൽ ഒരു മൈൽ ദൂരത്തിലാണ് ഉപഭോക്താക്കളുടെ നിര നീണ്ടത്. ന്യൂകാസിലിലെ സിൽവർ ലിങ്കിൽ ഷോപ്പിലെ ആൾക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻെറ ഭാഗമായി ഓരോരുത്തരായി പ്രവേശിപ്പിച്ചപ്പോൾ പല ഉപഭോക്താക്കളും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടതായും വന്നു.
തിരക്ക് മൂലം കടയ്ക്കുള്ളിൽ പ്രവേശിക്കാൻ പറ്റാത്ത എൻഎച്ച്എസ് സ്റ്റാഫിന് ഞായറാഴ്ച ക്കുള്ളിൽ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുന്ന കൂപ്പണുകൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ തിരക്ക് കാരണം നിരാശരായ പല മലയാളികളും വീട്ടിൽ പോകാൻ തുടങ്ങിയപ്പോൾ മരിച്ചാലും കുഴപ്പമില്ല ബ്രാൻഡഡ് ഷൂ ഇട്ട് പെട്ടിക്കകത്ത് കിടക്കാമല്ലോ എന്ന രസകരമായ അഭിപ്രായങ്ങളും കേഴ് ക്കാമായിരുന്നു. ഷോപ്പിൽ ഡിസ്‌കൗണ്ട് ഉണ്ടെങ്കിൽ മലയാളി കടകളിലേക്ക് എല്ലാമറന്നു പാഞ്ഞെത്തുന്നതിൻറെ ഉദാഹരണമായിരുന്നു ഇന്നെലത്തെ ഷോപ്പിങ് തിരക്കിലെ മലയാളി സാന്നിധ്യം.
സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുന്ന നടപടി ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിട്ടു. നിയന്ത്രണങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ 3.5 ദശലക്ഷം ജോലികൾ അപകടത്തിലാണെന്ന് ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള കൺസർവേറ്റീവ് എംപിമാർ പറഞ്ഞിരുന്നു. രോഗവ്യാപനം കുറയുന്നതിനാൽ ഇത് പരിഗണിക്കാവുന്നതാണെന്ന് ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു. സർക്കാർ മാർഗ്ഗനിർദേശപ്രകാരം പൊതുജനങ്ങൾ എല്ലായിടത്തും 2 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. ജോലി സ്ഥലത്തും കടകളിലും മറ്റും 6.5 അടി അകലം പാലിക്കുന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നു.
ഫ്രാൻസ്, ഡെൻമാർക്ക്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ഒരു മീറ്റർ സാമൂഹിക അകലം ആണ് നടപ്പിലാക്കുന്നത്. “കുറഞ്ഞത്” ഒരു മീറ്ററെങ്കിലും ദൂരം നിലനിർത്താൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഈ വിഷയത്തിൽ കൂടുതൽ തീരുമാനം വരും ആഴ്ചകളിൽ നടപ്പിലാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. തീരുമാനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് നിരവധി കൺസർവേറ്റീവ് എംപിമാർ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിന്റെ അടുത്ത ഘട്ടമായി ജൂലൈ 4 ന് വീണ്ടും തുറക്കുന്ന പബ്ബുകൾ റെസ്റ്റോറന്റുകൾ പോലുള്ളവയ്ക്ക് തയ്യാറാകാൻ സമയം ആവശ്യമാണെന്നും അവർ അറിയിച്ചു. നിയന്ത്രണം ഒരു മീറ്ററായി കുറച്ചാൽ അത് ബിസിനസുകൾക്ക് കൂടുതൽ ഗുണം ചെയ്യും.

ഇത് ആയിരക്കണക്കിന് ജോലികളെ സംരക്ഷിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളുകളിലേയ്ക്ക് തിരികെ പോകാൻ അനുവദിക്കുമെന്നും എംപിമാർ വാദിക്കുന്നു. “മറ്റെല്ലാ രാജ്യങ്ങളും ചെറിയ സാമൂഹിക അകലമാണ് പാലിക്കുന്നതെന്ന് കോമൺസ് സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി ചെയർമാനായ മുൻ കൺസർവേറ്റീവ് മന്ത്രി ഗ്രെഗ് ക്ലാർക്ക് പറഞ്ഞു. പബ്ബുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, സ്കൂളിൽ പോകുന്ന കുട്ടികൾ, കോളേജുകളിലും സർവകലാശാലകളിലുമുള്ള ചെറുപ്പക്കാർ എന്നിവരുടെ ഭാവി ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. , “ഇപ്പോൾ സർക്കാർ തീരുമാനമെടുക്കേണ്ട സമയമായി” എന്ന് മുൻ മന്ത്രി ടോബിയാസ് എൽവുഡ് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കൽ നടപടിയും കൗമാരക്കാർക്ക് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചതായി ന്യൂറോ സയന്റിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം കുറയുന്നതും സമൂഹത്തോട് കൂടുതൽ അടുക്കാൻ കഴിയാത്തതും കൗമാരക്കാരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അവർ വെളിപ്പെടുത്തി. വ്യക്തിത്വ വികസനം നടക്കുന്ന ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അവരുടെ മസ്തിഷ്ക വികസനം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെ ബാധിച്ചേക്കാം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസ്സുകൾ മൂലവും വീടിനുള്ളിൽ തളച്ചിടപ്പെട്ടത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ദാഭിപ്രായം. ഇതുമൂലം കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊറോണ ഭീതി ഒഴിഞ്ഞ് സുരക്ഷിതമാവുമ്പോൾ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
10 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവർ അവരുടെ കുടുംബത്തേക്കാൾ കൂടുതൽ സമയം സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. കൗമാരപ്രായത്തിലാണ് തലച്ചോറിന്റെ വികാസം കൂടുതലായി നടക്കുന്നത്. അതുപോലെതന്നെ മാനസിക-ആരോഗ്യ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകാൻ സാധ്യതയുള്ള ജീവിത കാലഘട്ടം കൂടിയാണത്. കൊറോണ വൈറസിന്റെ വരവ് കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തിയെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സാറാ-ജെയ്‌ൻ ബ്ലാക്ക്‌മോർ പറഞ്ഞു. കോവിഡ് -19 തിന്റെ ആഘാതം കാരണം, ലോകമെമ്പാടുമുള്ള നിരവധി ചെറുപ്പക്കാർക്ക് അവരുടെ സമപ്രായക്കാരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരങ്ങൾ കുറവാണ്.” കൗമാരക്കാരിൽ സാമൂഹിക അകലം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്ന് കേംബ്രിഡ്ജിലെ റിസർച്ച് ഫെലോ ആയ ആമി ഓർബെൻ, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ലിവിയ ടോമോവ എന്നിവർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നു.
ബ്രിട്ടനിൽ 12നും 15നും ഇടയിൽ പ്രായമുള്ള 69% ചെറുപ്പക്കാർക്കും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ട്. വ്യക്തിബന്ധം നിലനിർത്താൻ സാമൂഹിക മാധ്യമങ്ങൾ ഒരു പരിധിവരെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും സാമൂഹിക മാധ്യമത്തിന്റെ ദുരുപയോഗം ധാരാളം പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാർച്ച് 20 മുതൽ യുകെയിലെ സ്കൂളുകൾ എല്ലാം അടച്ചതിനാൽ കുട്ടികളേറെപേരും വീട്ടിലെ നാല് ചുവരുകൾക്കുളിൽ കഴിഞ്ഞുകൂടുകയാണ്.
അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.
രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.
കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.
37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .
യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പോരാടിയവരാണ് എല്ലാ എൻ എച്ച് എസ് ജീവനക്കാരും. രോഗപ്രതിരോധ നടപടികളിൽ അവർ രാപകലില്ലാതെ പ്രയത്നിച്ചു. രോഗം ബ്രിട്ടനിൽ നിന്ന് അകലുകയാണെങ്കിലും കുറഞ്ഞ വേതനം ലഭിക്കുന്നവർ ഉൾപ്പടെയുള്ള എൻ എച്ച് എസ് കുടിയേറ്റ തൊഴിലാളികളുടെ തുടർജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. എൻഎച്ച്‌എസ്, കെയർ മേഖലകളിലെ ചില സ്റ്റാഫുകൾക്ക് ആഭ്യന്തര ഓഫീസ് ഒരു വർഷത്തെ സൗജന്യ വിസ വിപുലീകരണം നൽകിയിരുന്നു. എന്നാൽ കോവിഡിനെതിരെ പോരാടുന്ന എല്ലാ വിദേശ എൻഎച്ച്‌എസ് ജീവനക്കാർക്കും സാമൂഹ്യ പരിപാലന പ്രവർത്തകർക്കും സൗജന്യ വിസ എക്സ്റ്റൻഷൻ നൽകണമെന്ന് ഒരു കൂട്ടം എംപിമാർ അഭിപ്രായപ്പെട്ടു. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ചില തൊഴിലാളികൾക്ക് രാജ്യത്ത് തുടരാൻ ആയിരക്കണക്കിന് പൗണ്ട് ഈടാക്കുന്നത് അനീതിയാണെന്ന് അവർ വ്യക്തമാക്കി. ഹോം ഓഫീസിലെ വിസ എക്സ്റ്റൻഷൻ ലിസ്റ്റ് തുടക്കത്തിൽ എൻഎച്ച്എസ് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ റേഡിയോഗ്രാഫർമാർ, സോഷ്യൽ കെയർ സ്റ്റാഫുകൾ പോലുള്ള കൂടുതൽ എൻഎച്ച്എസ് സ്റ്റാഫുകളെ ഉൾപ്പെടുത്തുന്നതിനായി ഏപ്രിലിൽ ഇത് വിപുലീകരിക്കുകയുണ്ടായി. എന്നാൽ പട്ടികയിൽ ഇപ്പോഴും പോർട്ടർമാർ , ക്‌ളീനർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ അവരുടെ സംഭാവന തിരിച്ചറിയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ക്രോസ്-പാർട്ടി കോമൺസ് ആഭ്യന്തര സമിതി പറഞ്ഞു.

എല്ലാ ജീവനക്കാർക്കും സൗജന്യ വിസ എക്സ്റ്റൻഷനുകൾ മന്ത്രിമാർ അനുവദിക്കണമെന്ന് കമ്മിറ്റി ചെയർ യെവെറ്റ് കൂപ്പർ പറഞ്ഞു. “നമ്മുടെ എൻഎച്ച്‌എസും സാമൂഹിക പരിപാലന സംവിധാനവും ഈ പ്രതിസന്ധിയിലുടനീളം വിദേശത്തുനിന്ന് എത്തിയവരുടെ സംഭാവനകളെ ആശ്രയിച്ചാണ് നിലകൊണ്ടത്. ” അവർ കൂട്ടിച്ചേർത്തു. കെയർ വർക്കർമാരെയും കുറഞ്ഞ ശമ്പളമുള്ള എൻഎച്ച്എസ് സ്റ്റാഫുകളെയും വിപുലീകരണ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് പല വിമർശനങ്ങൾക്കും വഴിയൊരുക്കുകയാണ്. സർക്കാറിന്റെ ഇമിഗ്രേഷൻ ബില്ലിന് ക്രോസ്-പാർട്ടി പിന്തുണയോടെ ഒരു ഭേദഗതി അവതരിപ്പിക്കുമെന്ന് കൂപ്പർ അറിയിച്ചു. എല്ലാ എൻഎച്ച്‌എസ് സ്റ്റാഫുകൾക്കും കെയർ വർക്കർമാർക്കും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് സർക്കാർ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. വിദേശ ആരോഗ്യ, പരിചരണ തൊഴിലാളികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് -19തിന്റെ സമയത്ത് എൻആർപിഎഫ് വ്യവസ്ഥകൾ താൽക്കാലികമായി നീക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഉടൻ ചെയ്യണമെന്ന് സമിതി അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വിദേശ ജീവനക്കാർ നടത്തുന്ന കഠിനാധ്വാനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് സർക്കാർ വക്താവ് പറഞ്ഞു. ഇമിഗ്രേഷൻ സംവിധാനത്തിലുടനീളം ഞങ്ങൾ വിദേശ എൻഎച്ച്എസ് തൊഴിലാളികളെയും മറ്റ് യോഗ്യതയുള്ള ആരോഗ്യ പരിപാലന പ്രവർത്തകരെയും പിന്തുണയ്ക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.