Main News

സ്വന്തം ലേഖകൻ

24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊത്തം 49 പേരാണ് പോസിറ്റീവ് ആയത്, അതിൽ ഗ്ലൗസെസ്റ്റർഷെയറിലെ റോയൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന ഒരു മുതിർന്ന പൗരൻ മരണപ്പെട്ടു.

വോർസെസ്റ്റർഷെയറിലെ അതിർത്തിക്കുള്ളിൽ 38 കേസുകളുണ്ട്, ഹെയർഫോർഡ്ഷയറിൽ 15ഉം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽ‌ട്ട്ഷയറിൽ 34 കൊറോണ കേസുകളും, സ്വിൻഡനിൽ ഏഴും, ഓക്സ്ഫോർഡ്ഷയറിൽ 69 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തുടനീളം സ്കൂളുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. എൻ എച്ച് എസ് രാജ്യത്തെ ജനങ്ങളോട് വീട്ടിനുള്ളിൽ തന്നെ ഇരിക്കാനും രോഗ ബാധ തടയാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക്, കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 422 ആയി ഉയർന്നെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനായി ദയവുചെയ്ത് സഹകരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന പേരിൽ 4000 രോഗികളെ ഉൾക്കൊള്ളാവുന്ന പുതിയ ഒരു ആശുപത്രി ഈസ്റ്റ് ലണ്ടനിൽ തുറന്നതായി അദ്ദേഹം പറഞ്ഞു.

ഗ്ലൗസെസ്റ്റർ ഷെയറിൽ 234000 ആളുകൾ കൊറോണ വൈറസ് മൂലം രോഗബാധിതരാവാൻ സാധ്യത ഉള്ളവരാണ്. എന്നാൽ യുകെ നടത്തിയ അലംഭാവപരമായ നിലപാടാണ് ഇത്രയധികം രോഗം പടർന്നു പിടിക്കാൻ കാരണമായതെന്ന് ഇറ്റലിയുടെ സയന്റിഫിക് അഡ്വൈസർ ആയ വാൾട്ടർ റിക്കാർഡി ആരോപിച്ചു. ഒരു പത്ത് ദിവസം മുൻപ് എങ്കിലും യുകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല എന്നും, ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം കുറയുന്നത് കണ്ടെങ്കിലും നേരത്തെ യുകെ ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ആശ്വാസം പകർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ തീരുമാനം.ജോലിക്ക് വരുന്ന സ്റ്റാഫുകളുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസ് ഒഴിവാക്കിയ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി 50 പൗണ്ട് മുതൽ 200 പൗണ്ട് വരെ പാർക്കിംഗ് ഫീസ് ആയി സ്റ്റാഫുകൾ നൽകേണ്ടിയിരുന്നു. ഇതിനെതിരെ 415000 ത്തോളം സ്റ്റാഫുകൾ ചേർന്ന് ഒപ്പിട്ട പെറ്റീഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കോവിഡ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളിലുള്ള കാർ പാർക്കിംഗ് ഏരിയകളും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സൗജന്യമായി നൽകുമെന്ന് നാഷണൽ കാർപാർക്കിംഗ് ഏജൻസി അറിയിച്ചു. എൻഎച്ച്എസ് സ്റ്റാഫുകൾ ചെയ്യുന്ന സേവനങ്ങൾ വലിയതാണെന്നും, അവരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

അതിനാൽ തന്നെ ഇവരുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസുകൾ ഇളവാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 405,000 ത്തോളം വരുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നന്ദി അർപ്പിച്ചു. ഇവർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഇതുവരെ 578 പേരാണ് മരണപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി കാലഘട്ടത്തിൽ എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രചോദനം നൽകുന്നതിനായി ആളുകൾ എല്ലാവരും വീടുകൾക്ക് പുറത്തിറങ്ങി കൈയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. അയർലൻഡിൽ മാത്രം 19 പേരാണ് കൊറോണ ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 1 കോടികണക്കിന് ജനങ്ങളാണ് രോഗം പടരാതിരിക്കാൻ വീടുകളിൽ തന്നെ കഴിയുന്നത്. ഈ അവസരത്തിലാണ് ലോകമെമ്പാടുമുള്ള പത്ര മാധ്യമങ്ങളുടെ അച്ചടിയും വിതരണവും സജീവ ചർച്ചയാകുന്നത്. ന്യൂസ് പേപ്പറുകൾ കൊറോണ വൈറസ് വാഹകരും അല്ലെന്നുമുള്ള ചർച്ചകൾ പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും പൊടിപൊടിക്കുകയാണ്. ചെമ്പിൽ 4 മണിക്കൂറും, കാർഡ് ബോർഡിൽ 1 ദിവസവും, പ്ലാസ്റ്റിക്കിൽ 3 ദിവസവും കൊറോണാ വൈറസിന് അതിജീവിക്കാമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാവിലെ വീട്ടുപടിക്കൽ വരുന്ന പത്രക്കടലാസിലൂടെ വൈറസ് പകരും എന്ന രീതിയിലുള്ള സമൂഹമാധ്യമ പ്രചാരണത്തെ നേരിടാൻ ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും വാർത്തകൾ നൽകുകയും വീഡിയോകൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

പത്രക്കടലാസ് കൊറോണ വൈറസ് പടരാൻ സഹായിക്കുമോ എന്നുള്ള കാര്യം ശാസ്ത്രം തെളിയിക്കട്ടെ. പക്ഷേ മലയാളം യുകെ ചർച്ചയാക്കുന്നത് അതീവ ഗുരുതരാവസ്ഥയിൽ വാർത്താ ശേഖരണം, അച്ചടി, പത്ര വിതരണം തുടങ്ങി മാധ്യമരംഗത്ത് ജോലി എടുക്കേണ്ടി വരുന്ന മനുഷ സഹോദരങ്ങളെക്കുറിച്ചാണ്. മാധ്യമ രംഗത്തെ മത്സരത്തിന്റെ ഭാഗമായി മുക്കിനും മൂലയിലും ഓടിനടന്ന് സെൻസിറ്റീവായ വാർത്തകൾ കണ്ടെത്തേണ്ടി വരുന്ന മാധ്യമ   സുഹൃത്തുക്കൾ. പുറത്തുപറയാൻ പറ്റാത്ത ഈ വൈഷമ്യമാണ് പല പത്രപ്രവർത്തക സുഹൃത്തുക്കളും മലയാളം യുകെയുമായി പങ്കു വച്ചിരിക്കുന്നത് . ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് പത്രവിതരണ ക്കാരാണ്. രാവിലെ എത്തുന്ന പത്രക്കെട്ടുകൾ പലപ്പോഴും ബസ്റ്റാൻഡ് പോലുള്ള വൃത്തിഹീനമായ സ്ഥലങ്ങളിൽ കൂട്ടം കൂടിയിരുന്ന് തരംതിരിച്ച് ലക്ഷോപലക്ഷം വീടുകളിൽ എത്തിക്കുമ്പോൾ എങ്ങനെ അവരും അവരുടെ കുടുംബാംഗങ്ങളും രോഗ സാഹചര്യങ്ങളിൽ നിന്ന് മുക്തരാണെന്ന്  പറയാൻ സാധിക്കും? ഒന്നിൽ കൂടുതൽ വായനക്കാരുടെ ശ്വാസ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ പത്രക്കടലാസ് രോഗമുക്തമാണോ?

എല്ലാ ദൃശ്യമാധ്യമങ്ങൾക്കും തന്നെ ഓൺലൈൻ ന്യൂസ് പോർട്ടലുകളും ന്യൂസ് ചാനലുകളും ഉണ്ട്. ലോക് ഡൗൺ പീരിഡിലെങ്കിലും വാർത്തകളും വിശേഷങ്ങളുമായി ജനങ്ങൾ ന്യൂസ് പോർട്ടലുകളെ ആശ്രയിക്കട്ടെ. നിർദേശങ്ങൾ പാലിക്കൂ നിങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പത്രപ്രവർത്തകരെയും, പത്ര വിതരണക്കാരെയും, മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവരെയും കൂടി ഉദ്ദേശിച്ചാണ് എന്ന് മറക്കാതിരിക്കുക. ലോക് ഡൗൺ പീരിഡിൽ അച്ചടിമാധ്യമങ്ങൾ ഇല്ലെങ്കിലും വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചേരും.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊലയാളി വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 43 മരണങ്ങൾ ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 465ലേക്കും ഉയർന്നു. കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർധനവ് അധികാരികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 504,303 പേർക്കും ഈ അവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം സേവനത്തിലേക്ക് മടങ്ങിവന്ന എല്ലാ മുൻ എൻ എച്ച് എസ് ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.11,000 ത്തോളം മുൻ ഡോക്ടർമാർ ആരോഗ്യ സേവനത്തിലേക്ക് മടങ്ങിയെത്തും. കൂടാതെ അവരെ സഹായിക്കാൻ 24,000 അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും ഒരുങ്ങിയിട്ടുണ്ട്.

ചാൾസ് രാജകുമാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സിംഹാസനം വരെയും കൊറോണ ഭീഷണിയിൽ ആയിക്കഴിഞ്ഞു. നെഗറ്റീവ് പരീക്ഷിച്ച ഭാര്യ കാമില്ലയ്ക്കൊപ്പം സ്കോട്ട്‌ലൻഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. രോഗഭീതിയെത്തുടർന്ന് രാജകൊട്ടാരത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് പോലും രാജ്ഞിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രിൽ 21 വരെ പാർലമെന്റ് അടച്ചുപൂട്ടി. പകർച്ചവ്യാധിയെ നേരിടാനുള്ള അടിയന്തര നിയമങ്ങൾ ഇരുസഭകളിലൂടെയും നടപ്പാക്കിയ ശേഷമാണ് ഒരുമാസത്തോളം പാർലമെന്റ് അടച്ചിടാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ബ്രിട്ടനുപിന്നാലെ ഇന്ത്യയിലും ലോക്ക്ഡൗൺ നടപ്പിലാക്കി. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചുപൂട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 12 മരണങ്ങളും 657 കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ മരണസംഖ്യ ഇരുപതിനായിരം കടന്നു. 21,200 പേരാണ് ഇതിനകം മരണപെട്ടിരിക്കുന്നത്. 468, 905 പേർക്ക് രോഗം പിടിപെട്ടുകഴിഞ്ഞു. ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. 7,500 മരണങ്ങൾ ഇതുവരെ സംഭവിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 5000ത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിക്ക് പുറമെ സ്പെയിൻ, ജർമ്മനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കനത്ത ഭീഷണിയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തിൽ, മോട്ടോർ വാഹന ഉടമകൾക്ക് ആശ്വാസമായി ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം. എം ഒ റ്റി ടെസ്റ്റിംഗ് ചെയ്യുവാൻ ആറുമാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച, മാർച്ച്‌ 30ന് കാലാവധി തീരുന്ന വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതോടെ അവശ്യ സേവനങ്ങൾക്ക് ഒരു മുടക്കവും വരത്തില്ലെന്നു ഗവൺമെന്റ് വക്താവ് അറിയിച്ചു. കാറുകൾക്കും,മോട്ടോർ സൈക്കിളുകൾക്കും, വാനുകൾക്കും എല്ലാം ഈ നിയമം ബാധകമാണെങ്കിലും, വാഹനങ്ങൾ എല്ലാം തന്നെ അത്യാവശ്യം റോഡിലൂടെ ഓടുന്നതിനാവശ്യമായ കണ്ടീഷനിൽ ആയിരിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. അത്യാവശ്യം റിപ്പയർ വർക്കുകൾക്ക് ഗ്യാരേജുകൾ എല്ലാം തന്നെ തുറന്ന് പ്രവർത്തിക്കുന്നതാണ്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിരത്തിലൂടെ ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.

നമ്മൾ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. എം ഒ റ്റി ടെസ്റ്റിങ്ങിനു ആവശ്യമായ കാലാവധി നീട്ടിയതിനനുസരിച്ച്, ഇൻഷുറൻസ് കാലാവധികളും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 30 മുതലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

തിങ്കളാഴ്ചക്ക് മുൻപ് ഈ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ വേണ്ടപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമായി നടത്തും. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രചെയ്യുന്നവർക്ക് ടെസ്റ്റിംഗ് ബാധകമായിരിക്കും. എന്നാൽ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ ശ്രദ്ധിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ വാഹനങ്ങൾക്ക് പ്രത്യേകം ഇളവുകൾ അനുവദിക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും, ലോറി, ബസ്, ട്രെയിൻ കോച്ചുകൾ എന്നിവയുടെ ടെസ്റ്റിങ്ങുകളും മറ്റും മൂന്നുമാസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ നിയമത്തെ എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്. രോഗം പകരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ജനങ്ങൾ എടുക്കണമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി ഓർമ്മിപ്പിച്ചു.

സ്വന്തം ലേഖകൻ

ആരോഗ്യ പ്രവർത്തകരോട് മതിയായ സംരക്ഷണ കവചങ്ങൾ ഇല്ലാതെ രോഗികളോട് അടുത്തിടപഴകാനും ചികിത്സിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. കോവിഡ് 19 രോഗത്തിന്റെ ഗുരുതര സ്വഭാവം മുന്നിൽകണ്ടുകൊണ്ട് ധാരാളം ഡോക്ടർമാരെയും നഴ്സുമാരെയും മുൻ നിര പോരാളികളായി രംഗത്ത് ഇറക്കിയിരുന്നു. എൻഎച്ച്എസ്സിൽ നിന്നും റിട്ടയർ ചെയ്ത 11, 788 ഹെൽത്ത് സ്റ്റാഫിനെ കൂടി തിരിച്ചു വിളിച്ചു കൊണ്ട് ആരോഗ്യ സേനയിലെ അംഗങ്ങളുടെ എണ്ണം 25000 ആയി ഉയർത്തിയിരുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക് പറഞ്ഞു.

എന്നാൽ ഇപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ മതിയായ സുരക്ഷാ കവചങ്ങൾ ഇല്ലാതെ അപകടം പിടിച്ച പണിയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു. സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടാണ് പലരും തൊഴിലിടത്തിൽ നിൽക്കുന്നത്, രോഗികളോട് ഇടപെടുമ്പോൾ ധരിക്കാനുള്ള സുരക്ഷാകവചത്തിന്റെ ലഭ്യത വളരെ കുറഞ്ഞു വരികയാണ്. പ്രത്യേകിച്ചും രോഗികളുടെ സ്രവങ്ങൾ തെറിച്ചു വീഴാതെ മുഖത്തെ സംരക്ഷിക്കുന്ന മാസ്കിന്റെയും കണ്ണടയുടെയും ലഭ്യതയാണ് ഇപ്പോൾ തീരെ കുറവ്. ബ്രിട്ടനിലെ റോയൽ കോളേജ് ഓഫ് നേഴ്സിങിലെ നാലു ലക്ഷത്തോളം വരുന്ന നേഴ്സുമാരും ഇപ്പോൾ രംഗത്തുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയിൽനിന്ന് രോഗികളെ ആര് രക്ഷിക്കും എന്ന ചോദ്യം ഉയർന്നുവരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ രക്ഷിക്കേണ്ട അവസ്ഥയാണിപ്പോൾ.

മുഴുവൻ സമയവും ജോലിയിൽ പ്രവേശിക്കുന്നത് കാരണം, കുട്ടികൾ അനാഥരെ പോലെ ഡേ കെയർ സെൻസറുകളിൽ ആണെന്നും. അതൊന്നും സാരമാകുന്നില്ലെങ്കിൽ പോലും ഇമ്മ്യൂണിറ്റി കുറവുള്ള വീട്ടിലെ മറ്റ് അംഗങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ലെന്നും ഡോക്ടർമാരുടെ പ്രതിനിധി പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിലെമ്പാടും ലോക് ഡൗൺ  പ്രഖ്യാപിച്ചതോടുകൂടി തെരുവുകളെല്ലാം തികച്ചും വിജനമാണ്. വളരെ അനുസരണശീലമുള്ള യുകെയിലെ ജനങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമ്മറിന്റെ ആരംഭം ആയതിനാൽ കുട്ടികളൊക്കെ സാധാരണഗതിയിൽ അവധിദിവസങ്ങളിൽ കളിക്കാനായിട്ട് തെരുവുകളിൽ ഇറങ്ങാറുണ്ട് . പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളൊക്കെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. പൊതുവേ പറഞ്ഞാൽ ഭയപ്പെടുത്തുന്ന ഒരു നിശബ്ദതയാണ് തെരുവുകളിൽ ഉള്ളത്. പ്രധാന നിരത്തുകളിലാണെങ്കിലും വാഹന ഗതാഗതം തീർത്തും ഒറ്റപ്പെട്ടതാണ്.

യു കെ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഭൂരിഭാഗംപേരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ അവർക്ക് ജോലിക്കുപോയേ തീരൂ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാനായി അർഹതയുണ്ടെങ്കിലും ഭൂരിഭാഗം മലയാളികളും കുട്ടികളെ സ്കൂളുകളിൽ വിടുന്നില്ല എന്നുള്ള തീരുമാനത്തിലാണ് . ഇത് യുകെയിലെ പ്രവാസി മലയാളികളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാരണം ജോലിക്ക് പോകുമ്പോൾ കുട്ടികളെ സംരക്ഷിക്കുന്നതിനായിട്ട് എന്തുചെയ്യണമെന്ന ആലോചനയിലാണ് മലയാളികളിൽ പലരും. സ്കൂളിൽ അയച്ചു കഴിഞ്ഞാൽ അവിടെനിന്ന് കൊറോണ വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്ക കാരണമാണ് മലയാളികളിലെ ഭൂരിഭാഗം പേരും കുട്ടികളെ സ്കൂളിൽ അയക്കാത്തത്. കൂടാതെ തീർത്തും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ സ്കൂളുകളിൽ അയക്കാവുള്ളൂ എന്ന് സ്കൂളുകളിൽനിന്ന് തന്നെ പലർക്കും നിർദ്ദേശം കിട്ടുകയും ചെയ്തു. ഇതിനുപുറമെ ഭൂരിഭാഗം മലയാളികളും അവരുടെ ജോലി സ്ഥലങ്ങളിൽ കൊറോണ രോഗികളുമായിട്ടാണ് ഇടപഴകേണ്ടി വരുന്നത്. ഇത് പലരിലും മാനസിക പരമായിട്ടുള്ള സ്ട്രെസ്സിനു കാരണമായി തീരുന്നുണ്ട്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ്. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തെ ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈയൊരു അനിശ്ചിതത്വം ആശങ്കയും തന്നെയാണ് യുകെയിലെ ഭൂരിഭാഗം വരുന്ന മലയാളി കുടുംബങ്ങളിലും നിലനിൽക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥയും.

യുകെ മൊത്തത്തിൽ ലോക് ഡൗൺ ആയപ്പോൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച കമ്മ്യൂണിറ്റികളിൽ ഒന്നാണ് മലയാളി സമൂഹത്തിന്റേത്. കാരണം വളരെയധികം മലയാളി കുടുംബങ്ങളിൽ ഒരാളെങ്കിലും ടാക്സി സർവീസ് പോലുള്ള സ്വയം തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് എന്നുള്ളതാണ്. ഗവൺമെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്. ഇത് പല മലയാളി കുടുംബങ്ങളെയും അവരെ ഡിപ്പെൻഡ് ചെയ്ത് ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കളെയും സാരമായി ബാധിക്കുന്നതാണ്.

 

ഇന്ത്യൻ നഴ്സുമാർ മിടുക്കരാണെന്ന് ബ്രട്ടീഷ് ഗവൺമെന്റിന്റെ പ്രശംസ. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളി നഴ്സുമാർ പറയുന്നു. കുടുംബത്തിൽ കൊറോണാ വയറസിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടും ഗവൺമെന്റ് പറയുന്ന നിയ്മങ്ങൾ പാലിക്കാതെ പലതരത്തിലുള്ള ഒഴിവുകൾ പറത്ത് അവധി നൽകാതെ ജോലിയിൽ തുടരാൻ മേലധികാരികൾ നിർദ്ദേശിക്കുകയാണിപ്പോൾ. കൊറോണ വയറസിന്റെ ലക്ഷണങ്ങൾ ഇല്ലാതെ ആസ്തമ ചികിത്സയിൽ കഴിയുന്ന മലയാളി യുവതിയോട് കുടുംബം മുഴുവനും പതിനാല് ദിവസം ഐസൊലേഷിനൽ കഴിയണം എന്ന് GP നിർദ്ദേശിച്ചപ്പോൾ, തന്റെ ഭർത്താവിന് ഡയബറ്റിക്സും അസ്തമയമുണ്ട് അതിനാൽ സെൽഫ് ഐസൊലേഷൻ വേണം എന്ന് മലയാളിയായ നഴ്സ് തന്റെ മേലധികാരികളോട് ആവശ്യപ്പെട്ടപ്പോൾ ജോലിയിൽ തുടരാനാണ് മേലധികാരികൾ ആവശ്യപ്പെട്ടത്. ആവശ്യം എന്ന് തോന്നിയാൽ വേറെ താമസ സൗകര്യം ഏർപ്പെടുത്തി തരാം എന്ന് വാഗ്ദാനവും ചെയ്തു. പ്രാദേശീകരായ നഴ്സ്മാരോട് ഇത്തരത്തിലുള്ള ആവശ്യപ്പെടൽ ഇല്ല എന്ന് മലയാളി നഴ്സുമാർ പറയുന്നു. അവർക്ക് ധാരാളം അവധിയും നൽകുന്നു. ബ്രിട്ടണിൽ കൊറോണാ വൈറസ് അതിരൂക്ഷമായി തുടരുമ്പോഴും നിസ്സാര കാരണങ്ങളാൽ അവധിയെടുത്ത് വീട്ടിലിരിക്കുകയാണ് പ്രാദേശികരായ നഴ്സുമാർ. മേലധികാരുടെ ഒത്താശ ഇവരോടൊപ്പമുണ്ട് എന്ന് പരക്കെ ആക്ഷേപമുണ്ട്. മലയാളി നഴ്സ്മാരുടെ ആത്മാർത്ഥതാ മനോഭാവത്തെ ചൂഷണം ചെയ്യുകയാണ് NHS. കൊറോണാ വൈറസുമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും ജോലിയിൽ പ്രവേശിക്കാതിരുന്നാൽ ജോലിയും പിൻനമ്പരും നഷ്ടപ്പെടുമോ എന്ന ഭീതിയും മലയാളി നഴ്സ്മാർക്കുണ്ട്.

കൊറോണ വൈറസിന്റെ ഗൗരവം ഇതു വരെയും പ്രാദേശീകരായ പാശ്ചാത്യർക്ക് മനസ്സിലായിട്ടില്ല. ലോകത്തിൽ മരണനിരക്ക് ഇത്രയധികമായിട്ടും ബ്രട്ടീഷ് ഗവൺമെന്റ് പറയുന്ന ഒരു സുരക്ഷാ നടപടികളും പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല എന്നത് പരിതാപകരം തന്നെ. ആറു മാസത്തിന് ശേഷമുള്ള യുകെയിലെ ഏറ്റവും കൂടിയ ചൂടുള്ള ദിവസമായിരുന്നു ഇന്ന്. പതിനാറ് ഡിഗ്രി ചൂടാണ് ഇന്ന് ബ്രിട്ടണിൽ രേഖപ്പെടുത്തിയത്. കൂട്ടം കൂടി ആൾക്കാർ പാർക്കിലും ബീച്ചിലും നിരത്തുകളിലും നടക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അമ്പത് വയസ്സിന് മേൽ പ്രായമുള്ളവരെ വളരെ വിരളമായേ പുറത്ത് കാണുവാൻ സാധിച്ചുള്ളൂ. എഴുപത് വയസ്സിന് മേലുള്ളവർ പുറത്തിറങ്ങരുതെന്ന് ഗവൺമെന്റ് പ്രത്യേക നിർദ്ദേശങ്ങൾ കൊടുത്തിരുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് യുകെയിൽ 470 പേർ മരിച്ചു കഴിഞ്ഞു. 8077 പേർക്ക് രോഗബാധയുണ്ടെന്നും സ്ഥിതീകരിച്ചു കഴിഞ്ഞു. വരും നാളുകളിൽ ഇത് നിയന്ത്രണാധീതമായി തുടരുമെന്നാണ് കണക്ക് കൂട്ടൽ.

പ്രെസ്റ്റൺ: ലോകജനത പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമ ഘട്ടങ്ങളിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകമെങ്ങും കൊറോണ എന്ന വൈറസ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. നാല് ലക്ഷത്തോളം പേര് രോഗബാധിതരായിപ്പോൾ മരണസംഖ്യ ഇതുപതിനായിരത്തോളമാകുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടം മുൻപ് ഒന്നും ഓർമ്മയിൽ ഇല്ല.  വൈറസിന്റെ വ്യാപനത്തെ തുടർന്ന് എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപെടുത്തിയപ്പോൾ പെട്ടുപോയത് കൊച്ചു കേരളത്തിൽ നിന്നും പുറം രാജ്യങ്ങളിൽ ജോലിക്കായും പഠനത്തിനായും പോയ മലയാളി പ്രവാസികളെ ആണ്.

“പൂച്ചേ കൊള്ളാം പൂച്ചയുടെ കണ്ണ് കൊള്ളില്ല” എന്നപോലെയാണ് കേരളത്തിലെ വിദ്യാസമ്പന്നരെന്ന് ആവകാശപ്പെടുന്ന കേരള ജനതയുടെ പ്രവാസികളോടും വിദേശികളോടും പെരുമാറിയ രീതി. ഇത്തരം പെരുമാറ്റം ഉണ്ടാക്കിയ മനോവിഷമം പ്രവാസികളെ സംബന്ധിച്ചു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചുരുക്കം ചില പ്രവാസികളുടെ അലംഭാവം അല്ലെങ്കിൽ അറിവില്ലായ്മ അതുമല്ലെങ്കിൽ അനുസരണക്കേട് കാര്യങ്ങൾ വഷളാക്കി എന്ന് സമ്മതിക്കുബോൾ തന്നെയും വരുന്ന എല്ലാ പ്രവാസികളെയും ഒരേ രീതിയിൽ മോശമായി ചിത്രീകരിച്ചപ്പോൾ നാട്ടിൽ പോകാം എന്ന് കരുതിയ ഒരുപിടി പ്രവാസി മലയാളികൾ യാത്ര പകുതി വഴിയിൽ ഉപേക്ഷിച്ചു എന്ന് വേദനയോടെ മലയാളം യുകെയോട് ഇതിനകം പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറൽ ആയ പത്തനംതിട്ടയിൽ നിന്നുള്ള ഒരമ്മയുടെ വോയിസ് ക്ലിപ്പ് തന്നെ അതിന്റെ ഏറ്റവും നല്ല ഉദാഹരണം. പ്രവാസികളാണ് കേരള സാമ്പത്തികത്തിന്റെ നട്ടെല്ല് എന്ന് ഉറക്കെ പറയുന്നവരെല്ലാം ഒരു സുപ്രഭാതത്തിൽ അത് വിസ്മരിക്കുന്ന കാഴ്ച്ച പ്രവാസികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് എന്നാണ് മലയാളം യുകെ മനസിലാക്കുന്നത്.

ഇനി കൊറോണ എന്ന വൈറസ് എത്രമാത്രം ഭയാനകമാണ് എന്ന് പലരും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നില്ല. വൈറസ് സംബന്ധമായ പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നതുകൊണ്ടാണ് ഇത്. ചെറുപ്പക്കാരിൽ ഉണ്ടാകില്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ് എന്ന് പുറത്തുവരുന്ന വാർത്തകൾ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന് പറയുന്നതുപോലെ ഇതാ യുകെയിലെ പ്രെസ്റ്റണിലുള്ള ഒരു മലയാളി വിദ്യാർത്ഥിനി വൈറസിന്റെ പിടിയിലമർന്നപ്പോൾ ഉണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്. UCLAN യൂണിവേഴ്സിറ്റിയിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന റാഫിയാ ഷെറിൻ എന്ന മലയാളി പെൺകുട്ടിയാണ് രോഗത്തിന്റെ യഥാർത്ഥ മുഖം എന്താണ് എന്ന് നമ്മൾക്ക് വെളിപ്പെടുത്തുന്നത്.

ഒരാഴ്ച്ച മുൻപ് തന്നെ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ തന്നെ ഐസൊലേഷനിൽ ആയി. ഒരു വീട്ടിൽ  തന്നെ താമസിക്കുകയായിരുന്നു. എന്നാൽ ഇന്നലെ എന്റെ നില വളരെ വഷളാവുകയും ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ഓക്സിജൻ ലെവൽ താഴുകയും ചെയ്‌തു. വീട്ടിൽ അറിയിക്കാൻ സാധിക്കാത്ത അവസ്ഥ… ഒരു വിദ്യാർത്ഥിനിയായ ഞാൻ എങ്ങനെയാണ് എല്ലാം ഉമ്മയോട് തുറന്നു പറയുക.. എന്നാൽ ഡോക്ടർ ആയ ഉമ്മക്ക് കാര്യങ്ങൾ മനസിലായി.. എങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.. ശ്വസിക്കാൻ ഞാൻ വളരെ വിഷമിച്ചപ്പോൾ ഒരു ഐ സി യൂ സ്‌പെഷിലിസ്റ്റായ അങ്കിളിനെ വിളിക്കുകയും പെട്ടെന്ന് 999 വിളിക്കാൻ ഉപദേശിക്കുകയും ചെയ്‌തു.. എമർജൻസി വിളിച്ച എനിക്ക് അവരോട് എന്റെ അവസ്ഥ പറയാനുള്ള ശ്വാസം ലഭിക്കാതായി… ഫോൺ കട്ട് ചെയ്യുകയാണ് ചെയ്‌തത്‌. പിന്നീട് കൂട്ടുകാരിയോട് 999 വിളിക്കാൻ പറയുകയും ഒരാൾക്ക് ടെക്സ്റ്റ് മെസ്സേജ് ചെയ്യുകയും ചെയ്‌തു. താഴെ ഇറങ്ങി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ താഴെ വീഴുന്ന അവസ്ഥ.. രണ്ടു കൂട്ടുകാർ ഓടിയെത്തിയെങ്കിലും ഒരു ഗ്ലാസ് വെള്ളം എടുത്തുതരാൻ പോലും സാധിക്കുന്നില്ല.. പ്രൊട്ടക്റ്റീവ് മാസ്ക് ഒന്നും അവരുടെ അടുത്ത് ഇല്ല… രോഗം സംശയിക്കുന്നതുകൊണ്ട് സഹായിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ  പേടിച്ചു നിൽക്കുന്ന കൂട്ടുകാർ…

ഒരുപാട് ചിന്തകൾ എന്റെ മനസിലേക്ക് ഓടി വന്നു ഞാൻ മരിച്ചുപോകുമെന്ന തോന്നൽ… ശ്വാസം നിലക്കുന്നു, തൊണ്ട വരളുന്നു. സ്പർശന ശക്തി നഷ്ടപ്പെട്ട വിരലുകൾ… ഓക്സിജൻ കുറഞ്ഞതുകൊണ്ട് കാലുകൾ നീല നിറമാകുന്നതു കാണുന്നു… ആംബുലൻസ് എത്താൻ വൈകിയ അഞ്ചു മിനിറ്റ്… മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോകാൻ പറ്റുമോ.. എന്റെ ഉമ്മയുടെയും ബന്ധുക്കളുടെയും മുഖങ്ങൾ മനസിൽ മിന്നി മറഞ്ഞു.. എനിക്ക് ഒന്നും വരില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നെങ്കിലും ഞാൻ കടന്നു പോയത് വിവരിക്കാൻ പറ്റാത്ത വേദനകളിൽകൂടിയും, ആകാംക്ഷകളിൽ കൂടിയുമാണ്…

ഇപ്പോൾ ഞാൻ ഇത് പങ്കുവെയ്ക്കുന്നത് ഇത് മറ്റൊരാൾക്കും വരാതിരിക്കുന്നതിനും വന്നാൽ ഇത് വളരെ മോശം അവസ്ഥയിൽ ആകുമെന്നും അറിയിക്കാൻ വേണ്ടിയാണ്… ആരോഗ്യമാണ് വലുത് .. പണം പിന്നീട് ഉണ്ടാക്കാം … ദയവായി നിങ്ങൾ എല്ലാവരും വീട്ടിൽ ഇരിക്കുക… എന്റെ എളിയ ഒരു അഭ്യർത്ഥന ആണ്… അവഗണിക്കരുത് ഈ അനുഭവം..

വോയിസ് ക്ലിപ്പ് കേൾക്കാം

[ot-video][/ot-video]

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്. ചെറിയ രോഗലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവുപോലെ തന്നെ അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.

ഡച്ചസ് 72 – കാരിയായ കാമിലയ്ക്ക് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇപ്പോൾ ദമ്പതികൾ രാജകുമാരന്റെ സ്കോട്ട് ലാൻഡിൽ ഉള്ള ഭവനത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. അബർഡീൻ ഷെയറിലെ എൻഎച്ച് എസ്സിൽ ആണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ കുറെ ആഴ്ചകളിലായി രാജകുമാരൻ ധാരാളം ആളുകളുമായി ഇടപഴകിയതിനാൽ രോഗം ആരിൽ നിന്നാണ് പടർന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ച മൊണോക്കോയിലെ ആൽബർട്ട് രാജകുമാരനുമായി ഈ മാസം ആദ്യം ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

മാർച്ച് 12 നാണ് ചാൾസ് രാജകുമാരൻ അവസാനമായി രാജ്ഞിയെ സന്ദർശിച്ചതെന്നും രാജ്ഞി ആരോഗ്യവതിയാണെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.

 

RECENT POSTS
Copyright © . All rights reserved