ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും പ്രവാസി നഴ്സിന് അഭയം നൽകാതെ ഭർത്താവും വീട്ടുകാരും ക്രൂരതയുടെ പര്യായമായി . തൻറെ നേഴ്സിങ് ജോലിക്ക് ഇടയ്ക്ക് ഒത്തിരി പേരുടെ വേദനകളിൽ ആശ്വാസം നൽകിയ ആ മാലാഖ രണ്ടു കുഞ്ഞുങ്ങളുമായി അഭയം തേടി അലഞ്ഞത് എട്ട് മണിക്കൂറോളം ആണ് . കോട്ടയം കലക്ടറേറ്റിന്റെ പടികൾ കയറി ഇറങ്ങുമ്പോൾ നഴ്സായ ആ അമ്മ രണ്ടു മക്കളേയും ചേർത്തു പിടിച്ചു. പോകാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് അവർ മൂവരും അഭയം തേടി വിവിധ വകുപ്പ് അധികൃതരുടെ മുന്നിലെത്തിയത്.
ബെംഗളൂരുവിൽ നിന്ന് എത്തി 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ സ്വീകരിക്കാതെ വന്നതോടെയാണ് കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനും കലക്ടറേറ്റിൽ എത്തിയത്.എട്ട് മണിക്കൂറോളമാണ് രണ്ടു കുഞ്ഞുങ്ങളുമായി ആ അമ്മ അഭയം തേടി അലഞ്ഞത്. താൽക്കാലിക അഭയ സ്ഥാനത്ത് നിന്ന് എങ്ങോട്ട് പോകണമെന്ന് ഇവർക്ക് ഇനിയും അറിയില്ല.
ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി.
വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെയാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കി.
സ്വന്തം ലേഖകൻ
യു കെ :- ലൈംഗികാതിക്രമണ കേസിൽ അറസ്റ്റിലായിരുന്ന ജെഫ്രി എപ്‌സ്റ്റെയ്നിനെ സഹായിച്ച കുറ്റത്തിന് മുൻ കാമുകിയും, ബ്രിട്ടീഷ് പൗരയുമായിരിക്കുന്ന ഗിസ്‌ലൈൻ മാക്സ്‌വെല്ലിതിനെതിരെ യു എസിൽ കേസ്. ജെഫ്രിയെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി മാക്സ്‌വെൽ സഹായിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇരുവരുടെയും അടുത്ത സുഹൃത്തായ ആൻഡ്രൂ രാജകുമാരന്റെ പ്രതികരണത്തിന് പ്രസക്തി ഏറുകയാണ്. ന്യൂയോർക്ക് സൗത്തേൺ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടർ ഓഡ്രെയ് സ്ട്രോസ് ആൻഡ്രൂ രാജകുമാരൻ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നും, അന്വേഷണത്തിന് ഏതുഘട്ടത്തിലും സഹകരിക്കാൻ തയ്യാറാണെന്നും ആൻഡ്രൂ രാജകുമാരൻ പ്രതികരിച്ചു.

1994 ലിലും, 1997ലിലും 14 വയസ്സ് പ്രായം വരുന്ന മൂന്നു കുട്ടികളെ ജെഫ്രിക്ക് വേണ്ടി മാക്സവെൽ ഒരുക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജെഫ്രി എപ്‌സ്റ്റെയിൻ കുട്ടികളെ ചൂഷണം ചെയ്യുമ്പോൾ അത് കണ്ടുകൊണ്ട് നിന്നതായും, കുട്ടികളെ ഇത്തരമൊരു പ്രവർത്തിക്കായി പരിശീലിപ്പിച്ചതായും, കുട്ടികളുടെ മുൻപിൽ തന്റെ നഗ്നത പ്രദർശിപ്പിച്ചതായുമാണ് മാക്സവെല്ലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. യു എസിലും, യു കെയിലും ഇരുവർക്കുമെതിരെ കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ന്യൂ ഹാംപ്ഷെയറിൽ വെച്ചാണ് മാക്സ്‌വെല്ലിനെ അറസ്റ്റ് ചെയ്തത്. എപ്‌സ്റ്റെയിൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് ജയിലിൽ വച്ച് തന്നെ മരണമടഞ്ഞിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. എന്നാൽ ആൻഡ്രൂ രാജകുമാരൻ കേസ് അന്വേഷണങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് യുഎസ് അറ്റോർണി ജെഫ്രി ബർമൻ അറിയിച്ചു. രാജകുമാരൻ തന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായാണ് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അയർലൻഡിലെ ചരിത്രത്തിൽ വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇന്ത്യൻ വംശജയും ഗർഭിണിയുമായ സവിത ഹാലപ്പനവര്‍ മരിച്ച സംഭവം . അയര്‍ലണ്ടില്‍ മാത്രമല്ല, ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സവിതയുടെ മരണം. ഗർഭ ചിദ്രത്തിനുള്ള അനുവാദം കിട്ടിയിരുന്നെങ്കിൽ സവിത ഹാലപ്പനവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നുള്ള വിമർശനമാണ് അന്ന് ഉയർന്നു വന്നിരുന്നത് . ഗവൺമെന്റിനെയും കത്തോലിക്കാ രാജ്യമായ അയർലൻഡിലെ കത്തോലിക്കാ സഭയെയും പ്രതിക്കൂട്ടിൽ നിർത്തി വളരെയേറെ പ്രതിക്ഷേധങ്ങൾ അന്ന് നടന്നിരുന്നു . മരിച്ച സംഭവത്തിന്റെ യഥാര്‍ത്ഥ പശ്ചാത്തലം വിവരിക്കുന്ന പ്രൊ ലൈഫ് അയര്‍ലണ്ടിന്റെ വീഡിയോ റിലീസ് ചെയ്ത സവിതയുടെ മരണകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാണ്.

ഗോള്‍വേയില്‍ ദന്തഡോക്ടര്‍ ആയിരുന്ന ഗര്‍ഭിണിയായ സവിത ഹാലപ്പനവര്‍ രക്തത്തില്‍ അണുബാധയുണ്ടാകുന്ന ‘സെപ്റ്റിസീമിയ’ എന്ന അസുഖം മൂലമാണ് മരിച്ചത്. 2012 ഒക്ടോബര്‍ 28 നായിരുന്നു ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് സവിത ഹാലപ്പനവര്‍ മരിച്ചത്.
ഹീമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുകയും ഹൃദയത്തിന്റെയും കരളിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം ക്രമേണ നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘സെപ്റ്റിസിമിയ’.
പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭമുണ്ടായിരുന്ന സവിത ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിരുന്നു എന്നും, എന്നാല്‍ കത്തോലിക്ക രാഷ്ട്രമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് നിയമവിധേയമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സവിത മരണപ്പെടുകയായിരുന്നു എന്നുമായിരുന്നു സവിതയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാദം.
ഇതേത്തുടര്‍ന്നാണ് അയര്‍ലണ്ടിലും വിവിധ രാജ്യങ്ങളിലും അയര്‍ലണ്ടിലെ ‘മത നിയമം’ പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഐറിഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ എല്ലാം തന്നെ ഗര്‍ഭഛിദ്രത്തിനനുകൂലമായ രീതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിച്ചു വിലയിരുത്തുന്നതിന് ആരും ശ്രമിച്ചതേയില്ല.
അമ്മയുടെ ജീവന്‍ സംരക്ഷിക്കുവാന്‍ അത്യാവശ്യമാകുന്നപക്ഷം ഗര്‍ഭഛിദ്രം ആകാമെന്ന ഐറിഷ് സര്‍ക്കാരിന്റെയും ഐറിഷ് കത്തോലിക്കാ സഭയുടെയും നിലപാടുപോലും തിരിച്ചറിയാതെ ജീവനെക്കുറിച്ചുള്ള സഭയുടെ നിലപാടുകളെ ‘പഴഞ്ചന്‍ ചിന്താഗതി’ എന്നു മുദ്രകുത്തുവാനുള്ള വ്യഗ്രത ആയിരുന്നു എങ്ങും. ലോകത്തില്‍ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട് . ഇന്‍ഡ്യയില്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ അഞ്ഞൂറ്റി അന്‍പതു പേര്‍ ശരിയായ പരിചരണം ലഭിക്കാത്തതിനാലോ അപകടകരമായ ഗര്‍ഭാവസ്ഥമൂലമോ മരണമടയുമ്പോള്‍ അയര്‍ലണ്ടില്‍ അത് ഒരു ലക്ഷത്തിന് ആറ് എണ്ണം മാത്രമാണ്.
ഗര്‍ഭഛിദ്രം ചെയ്തിരുന്നെങ്കിലും സവിത രക്ഷപെടുമെന്ന ഉറപ്പ് ഡോക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന സാഹചര്യത്തില്‍. ഈ വിഷയത്തില്‍ സവിതയുടെ ഭര്‍ത്താവ് പ്രവീണിന്റെ നിലപാടുകള്‍ സംശയത്തോടെ വീക്ഷിച്ചവരും ഉണ്ട്. ഭാര്യയുടെ മരണശേഷമുള്ള പ്രവീണിന്റെ നിലപാടുകള്‍ അയര്‍ലണ്ടിലെ സര്‍ക്കാരില്‍ നിന്നു ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുന്നതിനാണെന്ന് സംശയിച്ചവരുടെ നിലപാട് തെറ്റിയില്ല. പത്തു മില്യണ്‍ യൂറോ നഷ്ടപരിഹാരം വാങ്ങിയെടുത്ത പ്രവീണ്‍ ഭാര്യ മരിച്ച് മൂന്ന് മാസത്തിനുള്ളില്‍ പുനര്‍വിവാഹിതനായി, അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കടന്നു.
അയര്‍ലണ്ടിലെ ഗര്‍ഭച്ഛിദ്ര അനുവാദത്തിന് വേണ്ടിയുള്ള പ്രൊ ചോയ്‌സ് ഗ്രൂപ്പ് സംഘടനകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അയര്‍ലണ്ടിലെ ഒരു വിഭാഗം മാധ്യമങ്ങളും പിന്തുണ നല്‍കിയതോടെ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്നന്‍സി ബില്‍, സവിതയുടെ മരണത്തിന്റെ മറവില്‍ പാസാക്കപ്പെട്ടു. പിന്നീട് നടന്ന റഫറണ്ടത്തിലും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി ഐറിഷ് ജനത വോട്ട് രേഖപ്പെടുത്തി. ഇവിടെയും സവിതയുടെ മരണമാണ് പ്രൊ ചോയ്സ് പക്ഷക്കാര്‍ വോട്ടു തേടാന്‍ അവതരിപ്പിച്ചത്
സവിതയുടെ മരണത്തിന് കാരണമായിരുന്നു എന്ന് കരുതുന്ന പതിനാല് വ്യത്യസ്ത സാഹചര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നുവെങ്കിലും അതില്‍ ഗര്‍ഭച്ചിദ്രം നടത്തിയിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊ ലൈഫ് വീഡിയോയിലും മുഖ്യ പ്രമേയമാക്കിയിരിക്കുന്നത് അത് തന്നെയാണ്.
ജൂലൈയില്‍ നടക്കേണ്ടിയിരുന്ന ഡബ്ലിനിലെ പ്രൊ ലൈഫ്റാലി, കോവിഡ് പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് മാറ്റിവെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ നടത്തപ്പെടുന്ന പ്രൊ ലൈഫ് വാരാചരണ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ന് ‘സവിത ഹാലപ്പനവറിന്റെ’ മരണകാരണം ചിത്രീകരിച്ച വീഡിയോ സംപ്രേക്ഷണം ചെയ്തത്.
സ്വന്തം ലേഖകൻ
വെംബ്ലി : ലണ്ടൻ വെംബ്ലി പാർക്കിൽ വച്ച് സഹോദരിമാരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് മേൽ കൊലപാതകകുറ്റം ചുമത്തി. നിക്കോൾ സ്മാൾമാനും ബിബ ഹെൻറിയും കൊല്ലപ്പെട്ട കേസിൽ ഡാനിയൽ ഹുസൈൻ എന്ന 18നുകാരൻ ഇന്നലെയാണ് പിടിയിലായത്. ബ്ലാക്ക് ഹീത്തിലെ ഗൈ ബാർനെറ്റ് ഗ്രോവ് സ്വദേശിയായ പ്രതിയെ പിന്നീട് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റ് ബിസിയു കമാൻഡർ റോയ് സ്മിത്ത് പറഞ്ഞു. അന്വേഷണത്തിനും സംഭവസ്ഥലത്തെ പോലീസ് പ്രവർത്തനത്തിനും പിന്തുണ നൽകിയതിന് പ്രദേശ നിവാസികൾക്കും പോലീസ് നന്ദി പറഞ്ഞു.

ജൂൺ 5ന് നടന്ന ജന്മദിനാഘോഷത്തിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് വെംബ്ലിയിലെ ഫ്രയൻറ് ഗാർഡനിൽ നിന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇരുവരും മരണപ്പെട്ടത്. ഈ കേസിൽ ഊർജിതമായ അന്വേഷണം ആരംഭിച്ച പോലീസ് കൊലപാതകം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിയെ പിടികൂടിയിരിക്കുകയാണ്. അറസ്റ്റിനെക്കുറിച്ച് സഹോദരിമാരുടെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്.

പാർക്കിൽ ചെറിയ തിരയലുകൾ തുടരുമെങ്കിലും വിപുലമായ ഫോറൻസിക് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോട്ടോയെടുത്തതിന് നോർത്ത് ഈസ്റ്റ് കമാൻഡ് യൂണിറ്റിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പല ആരോപണങ്ങളിലേക്കും വഴി തുറന്ന കേസിനാണ് ഉചിതമായ പോലീസ് അന്വേഷണത്തോടെ കൂടി തിരശീല വീണത്.
ജോജി തോമസ്
കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണെന്നതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജോസ് പക്ഷത്തെ പുറത്താക്കിയത് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം ഏറ്റുമുട്ടാനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിനോട് അടുക്കുവാനും കച്ചകെട്ടി ഇറങ്ങിയ ജോസഫ് പക്ഷമാണ് ഇപ്പോൾ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് .
എൽഡിഎഫിനെ ഭരണത്തുടർച്ച കിട്ടുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഒരു മുന്നണി മാറ്റം ജോസഫ് പക്ഷത്തെ ഒട്ടുമിക്കവരുടെയും മനസ്സിലുണ്ടായിരുന്നു. ജോസ് പക്ഷവുമായി പോര് മുറുക്കി പുറത്ത് പോകാൻ കളമൊരുക്കുകയാണ് ജോസഫ് പക്ഷത്തിൻെറ ലക്ഷ്യമെന്ന് യുഡിഫിലെ ബുദ്ധികേന്ദ്രങ്ങൾക്ക് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. പിണറായി വിജയൻെറ ഭരണത്തെ പുകഴ്ത്തി ഒരു പ്രമുഖ പത്രത്തിൽ പിജെ ജോസഫ് എഴുതിയ ലേഖനം വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ഇതിൻെറ ഫലമായാണ് ഒരു മുഴം നീട്ടി കയറെറിഞ്ഞ് ജോസ് പക്ഷത്തെ പുറത്താക്കി ജോസഫിൻെറ എൽഡിഎഫ് പ്രവേശനസ്വപ്നം തല്ലികെടുത്താൻ യുഡിഫിനായത്. പെട്ടെന്നൊരു ദിവസം പുറത്താക്കലിന് ശേഷം ജോസ് പക്ഷ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലും യുഡിഎഫ് നേതൃത്വത്തിനുള്ള വിമർശനം മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു.ഇതെല്ലം കൂട്ടിവായിക്കുമ്പോൾ ജോസ് പക്ഷത്തെ പുറത്താക്കിയത് താത്കാലികമായ ഒരു രാഷ്ട്രീയ നാടകത്തിൻെറ രംഗങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടിവായിക്കുന്നത്.
ജോസഫ് പക്ഷം എൽഡിഎഫിന് സ്വീകാര്യമാണ് . പക്ഷേ ജോസ് കെ മാണി പക്ഷത്തെ എതിർക്കുന്ന സിപിഐ ലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ജോസ് പക്ഷം ബി ജെ പിയിലേക്ക് ചേക്കേറുന്നത് സഭാ നേതൃത്വവും എൻഎസ്എസും ശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ജോസ് പക്ഷത്തിന്റെ അവസാന ആശ്രയം യുഡിഎഫ് ആണ്. ഈ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളു കള്ളികളെക്കുറിച്ച് ജോസ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾതന്നെ ജോസ് പക്ഷത്തെ പുറത്താക്കിയതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് അറിവ്. എം.പി മാരുടെ നഷ്ടത്തിലൂടെ ഡൽഹിയിൽ പ്രതിപക്ഷത്തെ ഒന്നുകൂടി ദുർബലമാക്കുന്ന നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരിക്കലും കൂട്ടുനിൽക്കില്ല. ജോസ് പക്ഷത്തെ പുറത്തിക്കിയിട്ടില്ലെന്നുള്ള ഉരുണ്ടുകളിയുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത് ഹൈക്കമാൻഡ് നൽകിയ ശക്തമായ താക്കീതിൻെറ ഫലമാണ്. ഈ നാടകങ്ങളുടെ എല്ലാം അവസാനം ജോസ് പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുത്തതുണ്ടാവുമെന്നാണ് പലരും രഹസ്യമായി പങ്കു വയ്ക്കുന്ന വിവരം.
സ്വന്തം ലേഖകൻ
ലെസ്റ്റർ : കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഇംഗ്ലണ്ടിലെ കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക് പോകാൻ സാധ്യതയേറെ. യോർക്ക്ഷെയറിൽ വൈറസ് വ്യാപകമായി തുടരുന്നതിനാൽ ബ്രാഡ്‌ഫോർഡ്, ഡോൺകാസ്റ്റർ, ബാർൺസ്ലി എന്നിവ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ഒന്നാമതാണെന്ന് പറയപ്പെടുന്നു. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന ഇംഗ്ലണ്ടിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ആരോഗ്യവകുപ്പും അറിയിച്ചു. ഇംഗ്ലണ്ടിലെ 36 കോവിഡ് ഹോട്ട്‌സ്പോട്ടുകൾ വരും ദിനങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ഏതെല്ലാം മേഖലകളിലാണ് കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതെന്ന് സർക്കാർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമത് ലെസ്റ്റർ ആണ്. ഇപ്പോൾ രോഗവ്യാപനം ഉയർന്നുനിൽക്കുന്ന ആദ്യ 20 പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു ; Leicester, Bradford, Barnsley, Rochdale, Bedford, Oldham, Rotherham, Tameside, Blackburn with Darwen, Kirklees, Peterborough, Luton, Derby, Kingston upon Hull, City of, Manchester, Southend-on-Sea, Leicestershire, Sheffield, Leeds, wirral.
സർക്കാരിന്റെ ഔദ്യോഗിക പരിശോധനാ കണക്കുകൾ പ്രകാരം ജൂൺ 13 നും ജൂൺ 26 നും ഇടയിൽ ലെസ്റ്ററിൽ 80 പുതിയ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി. എന്നാൽ പില്ലർ 2 പരിശോധനയിൽ 944 രോഗനിർണയങ്ങളുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ആശുപത്രികളിലും പിഎച്ച്ഇ ലാബുകളിലും പോസിറ്റീവ് ആയ രോഗികളുടെ രോഗികളുടെ എണ്ണം പില്ലർ 1 കണക്കുകളിൽ ഉൾപ്പെടുന്നു. ടെസ്റ്റിംഗ് സെന്ററുകളിൽ തിരിച്ചറിഞ്ഞ പോസിറ്റീവ് കേസുകൾ പില്ലർ 2 എന്ന് അറിയപ്പെടുന്നു. കൊറോണ വൈറസ് കേസുകളിലെ വർദ്ധനവിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രാദേശിക അധികാരികൾക്ക് നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് രോഗികളുടെ ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനുമായി വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.
ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ തടയുന്നതിനായി കൗൺസിലുകൾ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷന്റെ കമ്മ്യൂണിറ്റി വെൽഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലുകളുടെ പൊതുജനാരോഗ്യ ഡയറക്ടർമാരുമായി പങ്കിടാൻ തുടങ്ങിയത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ലോക്ക്ഡൗൺ ലഘൂകരണത്തെ തുടർന്ന് ഓരോ പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം ഇപ്പോൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളിൽ ലെസ്റ്ററിനു പിന്നാലെ നിരവധി പ്രദേശങ്ങളും പ്രാദേശിക ലോക്ക്ഡൗൺ നേരിടേണ്ടി വരുമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ലക്ഷ കണക്കിന് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഇടപാടുകൾ നടക്കുന്നത് പുതിയ നിയമം അനുസരിച്ചായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ നീക്കം. ബാർക്ലേയ്സ്, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ 6 ബാങ്കുകൾ ഈ മാസം മുതൽ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ചെക്ക് തുടങ്ങിക്കഴിഞ്ഞു. പുതിയ നിയമ പ്രകാരം പണം ആർക്കാണ് അയക്കുന്നത് എന്നതിൽ സ്ഥിതീകരണം വേണം.
2018 ഒക്ടോബർ മുതൽ നിലവിലുള്ള ഈ രീതി ഈ മാസം മുതൽ കർശനമായി പാലിക്കപ്പെടും. ബാങ്കിംഗ് രംഗത്ത് നടക്കുന്ന തട്ടിപ്പു മൂലം യുകെയിൽ ഒരു വർഷം ശരാശരി 130 ബില്യൻ പൗണ്ട് നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ ആർക്കാണോ പണം അയക്കേണ്ടത് അവരുടെ അക്കൗണ്ട് നമ്പറും സോർട്ട് കോഡും മാത്രം മതിയാകുമായിരുന്നു. എന്നാൽ ഇനിമുതൽ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ പേരും ബാങ്ക് ആവശ്യപ്പെടും. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാതിരുന്നതുമൂലം തട്ടിപ്പുകാർക്ക് പണം പിടുങ്ങാൻ എളുപ്പമായിരുന്നു. ജൂൺ 30 മുതൽ ഉപഭോക്താവിന്റെ പേരും നൽകണം. ഉദ്ദേശിക്കുന്ന വ്യക്തിക്ക് തന്നെയാണോ പണം എത്തുന്നത് എന്നത് ഇനിമുതൽ ബാങ്കിന് ഉറപ്പു നൽകാൻ സാധിക്കും. മറ്റൊരു ബാങ്കിലേക്കാണ് പണം അടയ്ക്കുന്നത് എങ്കിൽ ഇരു ബാങ്കുകളും ഈ സ്കീമിൽ ഉണ്ടെങ്കിൽ മാത്രമേ നിയമം ബാധകമാകൂ.

മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കുമ്പോൾ പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ട് നമ്പരും സോർട്ട് കോഡും, കാർഡിലുള്ള പേരും നൽകണം. പേര് കൃത്യമായി അറിയില്ലെങ്കിൽ സമാനമായ പേര് നൽകാം. അപ്പോൾ ബാങ്ക് നമ്മൾ പണമടയ്ക്കാൻ സാധ്യതയുള്ള വ്യക്തിയുടെ പേരും വിവരങ്ങളും കൺഫർമേഷൻ ആയി നൽകും. ഇനി മറ്റാർക്കെങ്കിലും ആണ് പണം പോകുന്നതെങ്കിൽ അതിനെപ്പറ്റിയും വിവരം നൽകും. ട്രാൻസാക്ഷൻ പകുതിക്ക് വെച്ച് ക്യാൻസൽ ചെയ്യണമെങ്കിൽ അങ്ങനെയും ആവാം. ഫോൺ പെയ്മെന്റ് ആണ് നടത്തുന്നത് എങ്കിൽ കോളിലൂടെ, പണം അയക്കേണ്ട വ്യക്തിയുടെ വിവരങ്ങൾ ഉറപ്പാക്കാനാകും. ഓൺലൈൻ പെയ്മെന്റുകളിൽ ഇനിമുതൽ ‘യെസ് മാച്ച് ‘ നോട്ടിഫിക്കേഷൻ കൂടി ഇനിമുതൽ ഉണ്ടാകും. ബാങ്കിംഗ് സുരക്ഷാ രംഗത്ത് മറ്റൊരു നാഴികക്കല്ലാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് നിരവധി ബ്രിട്ടീഷ് കമ്പനികൾ തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടി കുറച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള പന്ത്രണ്ടായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. താത്കാലിക വിസയിൽ ബ്രിട്ടനിൽ വന്നിരിക്കുന്ന പലരും ജോലി നഷ്ടത്തെത്തുടർന്ന് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങിപോകേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ റീട്ടെയിൽ മേഖലയിലെ മുഖ്യ വിതരണക്കാരായ ജോൺ ലെവിസ് തങ്ങളുടെ കടകളിൽ ചിലത് അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർക്കാഡിയ, ഹാറോഡ് എന്നീ ശൃംഖലകൾ 1180 ഓളം തൊഴിലവസരങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ തന്നെ ബ്രിട്ടണിലെ ബിസിനസുകൾ എല്ലാം തകർച്ചയുടെ വക്കിലാണ്. ബ്രിട്ടീഷ് മൾട്ടിനാഷണൽ കമ്പനിയായ എസ് എസ് പി ഗ്രൂപ്പ് അയ്യായിരത്തോളം തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. വിർജിൻ മണി, യോർക്ക്ഷെയർ ബാങ്ക്, ക്ലയ്ഡ്സ്ഡെയ്ൽ ബാങ്ക് എന്നിവയിൽ മാത്രം മൂവായിരത്തോളം സ്റ്റാഫുകളെയാണ് പിരിച്ചു വിട്ടത്.
ജോലി നഷ്ടപ്പെട്ടവരെല്ലാം തന്നെ എന്ത് ചെയ്യണം എന്ന അവസ്ഥയിലാണ്. ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്ന് ജോലി നഷ്ടപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയ ജെയിംസ് ഫിലിപ്പ് പറഞ്ഞു. റീട്ടെയിൽ മേഖലയെ ആണ് ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത്. ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയെ കൊറോണ ബാധ ശക്തമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഏവിയേഷൻ മേഖലയെയും കൊറോണ ബാധ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവെയ്‌സ് മാത്രം പന്ത്രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് വെട്ടി കുറയ്ക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ജോലി നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും പടർന്നുപിടിച്ചപ്പോൾ അത് സാമ്പത്തിക മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ പകർച്ചവ്യാധിയുടെ ഫലമായി യുകെയിലെ വീട് വിലയും ഇടിഞ്ഞു. 2012 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രോപ്പർട്ടി വാല്യൂ 1.4 ശതമാനം കുറഞ്ഞുവെന്ന് ബിൽഡിംഗ് സൊസൈറ്റി അറിയിച്ചു. ഹൗസിംഗ് മാർക്കറ്റിന്റെ നിലനിൽപ്പ് വരും മാസങ്ങളിൽ അനിശ്ചിതത്വത്തിൽ ആവുമെന്ന് നേഷൻവൈഡ് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി മറ്റ് സമ്പദ്‌വ്യവസ്ഥയെ പോലെ തന്നെ ഭവന വിപണിയെയും ബാധിച്ചു. കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് ഇപ്പോൾ വീട് വില 0.1 ശതമാനം കുറവാണ്. മെയ് പകുതിയോടെ സർക്കാർ ഭവന വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് അംഗീകാരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ച്ചകളിൽ കൂടുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത്, ഭവന വിപണിയിലെ പ്രവർത്തനങ്ങളിൽ നേരിയ വർധനവിന് കാരണമാകുമെങ്കിലും അനിശ്ചിതത്വം തുടരുമെന്ന് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. ജൂണിൽ വീട് വില ഏപ്രിലിനെ അപേക്ഷിച്ച് 3.2 ശതമാനം കുറവാണെന്ന് നേഷൻവൈഡ് വെളിപ്പെടുത്തി. ലണ്ടനിലെ വീട് വില ഈ വർഷം അഞ്ചു ശതമാനം കുറയും. എന്നാൽ അടുത്ത വർഷം 2 ശതമാനവും 2022 ൽ 4.3 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി മാർക്കറ്റ് അനലിസ്റ്റുകൾ പറഞ്ഞു.
2020 ന്റെ രണ്ടാം പകുതി പ്രോപ്പർട്ടി മാർക്കറ്റിന്റെ യഥാർത്ഥ പരീക്ഷണകാലമായിരിക്കും. തൊഴിലാളികൾക്കുള്ള സർക്കാർ പിന്തുണ സാവധാനം നീക്കംചെയ്യുകയും തൊഴിലില്ലായ്മയുടെ വർദ്ധനവ് തെളിഞ്ഞുകാണുകയും ചെയ്യുന്നു. സർക്കാരും ട്രഷറിയും മുമ്പൊരിക്കലുമില്ലാത്തവിധം പരീക്ഷിക്കപ്പെടുമെന്ന് മോർട്ട്ഗേജ് ബ്രോക്കർ കൊറേക്കോ മാനേജിംഗ് ഡയറക്ടർ ആൻഡ്രൂ മോണ്ട് ലേക്ക് മുന്നറിയിപ്പ് നൽകി. ആളുകളെ ജോലികളിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അത് ഹൗസിംഗ് മാർക്കറ്റുകളുടെ ഭാവിയിലേക്ക് നിർണായകമാകുമെന്നും അദ്ദേഹം അറിയിച്ചു.
ജോജി തോമസ്
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിച്ചതിനെത്തുടർന്ന് ചൈനാ വിരുദ്ധവികാരം ഇന്ത്യയിൽ ആളിക്കത്തുകയാണ് . ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ഏതാണ്ട് അമ്പത്തൊമ്പതോളം ആപ്പുകളാണ് ഇന്ത്യ ഗവണ്മെൻറ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് ഉൽപന്നങ്ങൾ നശിപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. 15 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളതും താരാ കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന് ടിക്ക് ടോക്കിനോട് വിട പറയാൻ ഒറ്റ രാത്രി കൊണ്ട് സാധിച്ചു. താരാ കല്യാണിന്റെ കുടുംബത്തിന് മൊത്തത്തിൽ 20 ലക്ഷത്തോളം ടിക്ക്ടോക്ക് ഫോളോവേഴ്സ് ആണ് ഉള്ളത്. ടിക്ക് ടോക്ക് ഉപേക്ഷിച്ചതോടെ കൂടി സൗഭാഗ്യയ്ക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ പറ്റി ചിന്തിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്ത്യ ചൈന അതിർത്തിയിലെ പിരിമുറുക്കം ഒരു യുദ്ധത്തിനു പോലുമുള്ള സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ ഇംഗ്ലണ്ടിലെ മലയാളികളുടേതായ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ടിക്ക് ടോക്ക് വീഡിയോ മത്സരം നടത്തുന്നതിന്റെ ധാർമികതയാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ബ്രിട്ടനിൽ ടിക്ക് ടോക്കിന് നിരോധനം ഇല്ലെന്നുള്ള മുട്ടായുക്തികൾ ഉണ്ടാകാമെങ്കിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കേണ്ട സമയമാണ് ഇത്. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലും പെറ്റമ്മയേക്കാളും വലുതല്ല പോറ്റമ്മ എന്ന സത്യം ഇംഗ്ലണ്ടിലെ അച്ചായന്മാർ മറക്കാതിരിക്കുന്നതാണ് നല്ലത്. പത്ത് പൗണ്ട് കൂടുതലായാലും മാർക്കറ്റിൽ ചൈനീസ് ഉത്പന്നങ്ങൾ അല്ലാതെ മറ്റ് പകരം വയ്ക്കാവുന്ന ഉത്പന്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഇന്ത്യക്കാർ അത് വാങ്ങി രാജ്യത്തോട് കൂറ് കാണിക്കേണ്ട സമയമാണ് എന്നുള്ളത് യുകെയിൽ മലയാളികൾ മറക്കരുത്.
59 ഓളം ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് വൻ വരുമാന നഷ്ടമാണ് ഉള്ളത് . പുതിയതായിട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനേ നിരോധനമുള്ളോ, അതോ നിലവിലുള്ളത് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ടിക്ക് ടോക്കി നോട് ബൈ പറഞ്ഞത്.