ഷിബു മാത്യൂ.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ സിനിമാ ഗാനത്തിനും കഴിയും
എന്നതിന് തെളിവാണ് ഇപ്പോള്‍ യൂ ടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന സിനിമാ ഗാനം. വ്യത്യാസം ഒന്നു മാത്രം. സിനിമയുടേതുപോലെ സാങ്കല്പികമായ ഒരു പശ്ചാത്തലമല്ല പാട്ടിലും നാട്ടിലും അതുപോലെ പാടിയവര്‍ക്കും.

ഫാ. വില്‍സണ്‍ മേച്ചേരില്‍
‘പിയാത്ത. ‘ മാതാവിന്റെ മടിയില്‍ ലോക രക്ഷകന്റെ മുറിവേറ്റ ശരീരം. മരണശേഷവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന പരിശുദ്ധ അമ്മയുടെ മുഖം ഓര്‍മ്മിക്കാത്ത ഒരാളും ഈ ഭൂമിയില്‍ ഉണ്ടാവില്ല. അമ്മയുടെ മുഖമാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ ഉറവിടവും പശ്ചാത്തലവും. കോവിഡ് 19 ലോകത്തിനെ കാര്‍ന്നുതിന്നുമ്പോള്‍ ആതുരസേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഒരു വലിയ സമൂഹം മരണത്തിന്റെ മുമ്പില്‍ പതറാതെ നില്‍ക്കുന്നു. പരിശുദ്ധ അമ്മയുടെ സഹനശക്തി ഇവര്‍ക്കൊരു പ്രചോതനമാകും എന്ന് ആഴത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ പ്രശസ്ത സംഗീതജ്ഞന്‍
ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBSലിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പം ഇതിനോടകം തന്നെ ലോക മലയാളികളുടെ ഇടയില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് അതിന്റെ ഭീകരത പുറത്തെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷിനറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ഒപ്പം ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ SH ഉം ഈ ഗാനത്തിന്റെ അണിയറയില്‍ ശക്തമായ പിന്തുണയുമായി കൂടെനിന്നവരാണ്. പല രാജ്യങ്ങളില്‍ നിന്നുമായി മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി. പാടിയവരില്‍ കോവിഡ് 19 ബാധിച്ചവരും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആദ്ധ്യാത്മീകതയുടെ ഒരു പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തി പത്തൊമ്പതില്‍ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി. ഈ

ഫാ. ജിനോ അരീക്കാട്ട്
ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്താണ് സിനിമയില്‍ ഉപയോഗിച്ച ട്രാക്ക് ഈ സംരഭത്തിനായ് ആയ്ച്ചു തന്നത്.
ആരാധികേ.. എന്നു തുടങ്ങുന്ന ഗാനം ഈ സംരംഭത്തിന് തിരഞ്ഞെടുത്തത്ത്
ഫാ. വില്‍സനാണ്. അതിലെ ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ മടിയിലേയ്ക്ക് ഈശോയുടെ ശവശരീരം കിടത്തിയപ്പോള്‍ അത്രയേറെ ശ്രദ്ധയോടെ അമ്മ പൊതിഞ്ഞ് പിടിക്കുവാനുള്ള കാരണം ‘ അതിനാല്‍ തീരേണ്ടതല്ല ‘ എന്ന ചിന്ത പരിശുദ്ധ അമ്മയ്ക്ക് ഉള്ളതുകൊണ്ടായിരുന്നു. പിയാത്ത എന്ന ചിന്ത നമ്മുടെ നഴ്‌സുമാരുടെ

അടുക്കലേയ്ക്ക് വരുമ്പോള്‍ അത്രയേറെ ശ്രദ്ധയും പരിഗണനയും കൊടുക്കേണ്ട ഒരാളാണ് എന്റെ മുമ്പില്‍ കിടക്കുന്നത്. മരണം കൊണ്ടു തീരേണ്ട ഒരു ശരീരമല്ല എന്നൊരു ചിന്ത ഒരു നഴ്‌സിന് ഉണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന വ്യതിയാനം. അത് രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റം. ഈ ആദ്ധ്യാത്മികമായ ചിന്തയാണ് ലോകം അറിയപ്പെടുന്ന സംഗീതജ്ഞനായ
ഫാ. വില്‍സനെ ഇതുപോലൊരു സംരഭത്തില്‍ എത്തിച്ചത്.
ശ്രുതിയും താളവും തെറ്റാതെ ഭൂമിയിലെ മാലാഖാമാര്‍ പാടിയപ്പോള്‍ അവരോടൊപ്പം പാടാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണ്
ഫാ. വില്‍സണ്‍. ഇതിന്റെ എഡിറ്റിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ആദര്‍ശ് കുര്യനും പ്രദീപ് ടോമുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും
വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലും ഈ ഗാനം പാടുവാനെത്തിയവര്‍ക്ക്
ഫാ. വില്‍സണ്‍ മേച്ചേരില്‍ പ്രത്യേകം നന്ദി പറഞ്ഞു.
യുടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ പൂര്‍ണ്ണരൂപം . താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.
തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.
എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ…
ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…
ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ. എലേന, എഡ്വേർഡ്, എൽമിയ.
നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.
(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )
വീഡിയോ കാണാം
സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്, ഡയാന്‍.
എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.
അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ന്യൂയോർക്ക് : കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുന്നതിനാൽ പല മേഖലകളും വാണിജ്യപരമായി കനത്ത നഷ്ടത്തിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ ക്രൂഡോയിൽ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് . യു.എസ് വിപണിയിൽ ഇന്നലെ ക്രൂഡ് ഓയിൽ വില പൂജ്യത്തിലും താഴ്ന്നു. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് എണ്ണവില പൂജ്യത്തിലും താഴുന്നത്. മെയ് മാസത്തിൽ സംഭരണ ശേഷി തീർന്നുപോകുമെന്ന ഭയത്താൽ എണ്ണ ഉൽപാദകർ വാങ്ങുന്നവർക്ക് പണം നൽകുന്ന രീതിയിൽ ഓയിലിൻെറ വില തകർന്നടിയുന്ന സ്ഥിതിവിശേഷം ലോകചരിത്രത്തിലാദ്യമാണ്. യുഎസ് ഓയിൽ ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ (ഡബ്ല്യുടിഐ) ബാരൽ വില -37.63 ഡോളർ ആയി ഇടിഞ്ഞു. വിപണിയിൽ വിൽക്കപ്പെടുന്ന മെയ് മാസത്തേക്കുള്ള എണ്ണയുടെ വിലയാണ് കുത്തനെ ഇടിഞ്ഞത്. മെയ് ലേക്കുള്ള ഫ്യൂച്ചർ കരാർ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ എണ്ണയുത്പാദകർക്കു മുന്നിൽ ഒരു ദിനം മാത്രമാണുള്ളത്. വിലക്കയറ്റത്തിലെ ചരിത്രപരമായ തിരിച്ചടി എണ്ണ വിപണി നേരിടുന്ന സമ്മർദ്ദങ്ങളെ ഓർമ്മപ്പെടുത്തുന്നതാണെന്നും ലോക്ക്ഡൗണുകൾ നിലനിൽക്കുകയാണെങ്കിൽ ജൂൺ വിലയിലും ഇടിവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യുഎസ് എണ്ണയുടെ നെഗറ്റീവ് വില വടക്കൻ കടലിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ബാധിക്കുമെന്ന് യുകെയുടെ ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ ബിസിനസ് ലോബിയായ ഒഗുകെ പറഞ്ഞു.

പ്രമുഖ കയറ്റുമതിക്കാരായ ഒപെക്കും സഖ്യകക്ഷികളായ റഷ്യയും ഉൽപാദനം റെക്കോർഡ് അളവിൽ കുറയ്ക്കാൻ ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും എണ്ണ ഉൽപാദനം കുറയ്ക്കുന്നതിന് വാണിജ്യപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എങ്കിലും ലോകത്തിന് ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇപ്പോഴുണ്ട്. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിൽ അകപെട്ടതോടെ ആണ് ഇത്രയും വലിയ ഇടിവ് ഉണ്ടായത്. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് വില പൂജ്യത്തിലും താഴേക്ക് പോവാൻ കാരണമായത്. ഡബ്ല്യുടിഐയുടെ ജൂൺ വിലയും ഇടിഞ്ഞെങ്കിലും ബാരലിന് 20 ഡോളറിന് മുകളിലാണ് വ്യാപാരം. അതേസമയം യൂറോപ്പും മറ്റ് ലോകരാജ്യങ്ങളും ഉപയോഗിക്കുന്ന ബെഞ്ച്മാർക്ക് ആയ ബ്രെൻറ് ക്രൂഡ് ഇതിനകം തന്നെ ജൂൺ കരാറുകളെ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്നുണ്ട്. ഇത് 8.9% കുറഞ്ഞ് ബാരലിന് 26 ഡോളറിൽ താഴെയാണ്. ഇത് ബ്രെൻറ് ക്രൂഡിന്റെ 20 വർഷത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.
എണ്ണവിലയിൽ ഉണ്ടായ ഈ കനത്ത ഇടിവ് പല ജോലികൾക്കും കനത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2008ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾമാൻ സാച്ചസ് പ്രവചിച്ചിരുന്നു. എന്നാൽ പ്രവചിച്ചതിനേക്കാൾ കനത്ത ഇടിവാണ് ഇപ്പോൾ എണ്ണവിലയിൽ ഉണ്ടായത്.
സ്വന്തം ലേഖകൻ
കോവിഡ് 19 ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽ പേരും ബ്ലാക്ക്, ഏഷ്യൻ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവർ ആണെന്ന വാർത്ത പരക്കുന്നു. എന്നാൽ ഇതിനെ പറ്റി രണ്ട് വസ്തുതകളാണ് ഡോക്ടർമാർക്ക് പറയാനുള്ളത്, ആളുകൾ തിങ്ങിക്കൂടി താമസിക്കുന്ന പാർപ്പിട വ്യവസ്ഥയിൽ നിന്നുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്, രണ്ടാമതായി സൗത്ത് ഏഷ്യൻ രോഗികൾക്ക് കൂടുതലായി പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടുവരുന്നു. ഏകാന്തവാസം നയിക്കുന്ന രോഗികളെ സംബന്ധിച്ച് സ്മാർട്ട്ഫോൺ വലിയ ഒരു അനുഗ്രഹമാണ്, അവർക്ക് ഉറ്റവരോടും ബന്ധുക്കളോടും ഒപ്പമാണ് എന്ന തോന്നൽ സൃഷ്ടിച്ചെടുക്കാനാവും, എന്നാൽ അതേസമയം തന്നെ സോഷ്യൽ മീഡിയകളിലൂടെ വരുന്ന വ്യാജ വാർത്തകൾ അവരുടെ മാനസികാരോഗ്യത്തെയും, ശുഭാപ്തി വിശ്വാസത്തെയും തകർക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു പരത്തുമ്പോൾ വെട്ടിലാവുന്നത് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആണ്. ബ്രാഡ്ഫോർഡിലെ ഒരാശുപത്രിയിൽ വെള്ളക്കാർ അല്ലാത്ത രോഗികളെ മരണത്തിനു വിട്ടു കൊടുത്തിരിക്കുകയാണ്, എന്ന വ്യാജ വാർത്ത ആയിരക്കണക്കിനു തവണയാണ് ഫോർവേഡ് ചെയ്യപ്പെട്ടത്.

വാർത്തകളിലൊന്ന് ” എന്റെ വിവരങ്ങൾ പുറത്തു വിടരുത്, ഞാൻ ബി ആർ ഐ ഹോസ്പിറ്റൽ ട്രസ്റ്റിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെ സമുദായത്തിൽ ആർക്ക് രോഗം വന്നാലും കഴിവതും ആശുപത്രിയിൽ പ്രവേശിക്കാതെ ഇരിക്കുക, ചിലപ്പോൾ നിങ്ങൾ ജീവനോടെ തിരിച്ചു വരില്ല. രോഗം മാറാൻ ബ്ലാക്ക് സീഡ് ഓയിൽ പതിവായി കഴിക്കുക”. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാരും ജീവനോടെ മടങ്ങുന്നില്ലെന്നും, ഇനി അഥവാ അവിടെവച്ച് മരണപ്പെട്ടാൽ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ കരിച്ചു കളയും തുടങ്ങിയ വ്യാജവാർത്തകളാണ് അതിവേഗം പ്രചരിക്കുന്നത്. ഇതിനോട് രോഗികൾ പ്രതികരിക്കുന്ന രീതിയും ഡോക്ടർമാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാതെയാകും. സ്വന്തം സമുദായത്തിൽ ഉള്ളവർക്ക് ചികിത്സ നിഷേധിക്കുന്ന മനുഷ്യത്വമില്ലാത്ത രീതിയാണിത്. ഇത്തരത്തിലുള്ള ശബ്ദ സന്ദേശങ്ങളിൽ സ്വന്തം ബന്ധുക്കൾ മരിച്ചതിലുള്ള അടങ്ങാത്ത ദുഖവും രോഷവും ജ്വലിച്ചു നിൽക്കുന്നുണ്ട്. അത്രമാത്രം വിശ്വസനീയമായ രീതിയിൽ ആണ് ഇവ അവതരിപ്പിച്ചിട്ടുള്ളത്. സൗത്ത് ഇംഗ്ലണ്ടിലെ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മുസ്ലിം നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇത്തരം വാർത്തകൾ പരത്തുന്നുണ്ട് എന്നത് ആശങ്കാവഹമാണ്.

അതേസമയം, ഇതിനെതിരായി സത്യസന്ധമായ വാർത്തകൾ പുറത്തുവിടാൻ ശ്രമിക്കുന്നുണ്ട്, പല രോഗികളും. രോഗം ഭേദമായവരും, ചികിത്സയിൽ പുരോഗതി നേരിട്ടുകൊണ്ടിരിക്കുന്ന രോഗികളും തങ്ങളുടെ ചെറിയ വീഡിയോകൾ പുറത്തു വിടുന്നുണ്ട്. ബ്രാഡ്ഫോർഡിൽ ചികിത്സയിൽ കഴിയുന്ന അലി ജാൻ ഹൈദർ തന്നെ വ്യാജ വാർത്തകൾ പൊളിച്ചടുക്കുന്ന രീതിയിൽ വീഡിയോ ചെയ്തിരുന്നു. അതിനുശേഷം തങ്ങൾക്ക് ലഭിച്ച പിന്തുണ വളരെ കൂടുതലായിരുന്നു എന്ന് ബ്രാഡ് ഫോർഡിലെ എൻ എച്ച് എസ് സ്റ്റാഫ് പറഞ്ഞു. രോഗം പരത്തുന്നതിന് ചിലർ മുസ്ലീങ്ങളെ വിമർശിക്കുന്നത് കണ്ടു, എന്നാൽ മിക്ക പള്ളികളും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അടച്ചിടുകയായിരുന്നു എന്ന് ബ്രാഡ്ഫോർഡിലെ പള്ളികളുടെ പ്രസിഡണ്ടായ സുൽഫി കരീം പറഞ്ഞു. റമസാൻ മാസം മുഴുവൻ വിശ്വാസികൾ വീടിനകത്തു തന്നെ ചെലവഴിക്കേണ്ടിവരും.
സ്വന്തം ലേഖകൻ
ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .

സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
ലോകമുണ്ടായ ശേഷം നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യ വാസമുള്ള എല്ലായിടത്തും കഴിഞ്ഞ കുറേ ആഴ്ചകളായി അനുഭവിച്ചു വരികയാണ്. വീടിന്റെ വാതിൽ അടയ്ക്കുന്നതുപോലെ രാജ്യങ്ങൾ അടച്ചിടുക. സങ്കല്പിച്ചിട്ട് പോലും ഇല്ല. പൊതു ഗതാഗതം ഇല്ല, കട കമ്പോളങ്ങൾ ഇല്ല, ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾ പോലും നാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് അനുഭവിച്ച ഒരു തലമുറയാണ് നാമെല്ലാവരും. ഈ ഘട്ടത്തിലും നമ്മെ കരുതലോടെ കാത്ത ഭരണ സംവിധാനം ആണ് നമ്മുടെ തുണയായത്.
ഓരോരോ രാജ്യങ്ങളിൽ നിയന്ത്രണ ഇളവുകൾ നല്കാൻ തുടങ്ങുകയാണ്. രോഗ ഭീതി പൂർണമായും ഒഴിഞ്ഞിട്ടാണ് ഇളവുകൾ എന്ന് കരുതണ്ട. ഇതിലും കൂടുതൽ ഉണ്ടാവരുത് എന്ന ബോധത്തോടെ വേണം ഇളവ് സ്വാഗതം ചെയ്യുവാൻ. വീട്ടിൽ ഇരിക്കാൻ പഠിച്ച നാമെല്ലാം ഇനി പുറത്ത് എങ്ങനെ ഒക്കെ ആവാം എന്ന് കൂടി തീരുമാനിച്ചു വേണം പുറത്തിറങ്ങി തുടങ്ങാൻ. പുറത്തിറങ്ങിയാൽ പാലിക്കാൻ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടേണ്ടതാണ്. നിയമ നടപടി പേടിച്ചല്ല രാജ്യസുരക്ഷയെ കരുതിയാകണം നിയന്ത്രണങ്ങൾ പാലിക്കാൻ.
ശുചിത്വ പരിപാലനം തന്നെ ആണ് പ്രധാനം. കയ്യുറകൾ, മാസ്ക് എന്നിവ ഉറപ്പായി ശീലം ആക്കുക. അവയുടെ ശുചിത്വ പരിപാലനം മറക്കരുത്. പുനരുപയോഗം ചെയ്യുന്നവർ ചൂട് വെള്ളത്തിൽ സോപ്പ് അണുനാശിനി എന്നിവ ഉപയോഗിച്ച് അണു വിമുക്തം ആക്കണം.
മുഖം ,നാസാ ദ്വാരങ്ങൾ, ചെവി, കണ്ണ്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടുവാൻ പാടില്ല. ചുമക്കുക, തുമ്മുക, കോട്ടുവായ് വിടുക ,ചിരിക്കുക ഒക്കെ ചെയ്യുമ്പോൾ മുഖം ടൗവ്വൽ ,ടിഷ്യു പേപ്പർ എന്നിവ കൊണ്ട് മറയ്ക്കുക. ഭക്ഷണം കഴിക്കും മുമ്പ് കൈകൾ വൃത്തിയായി ശുചി ആക്കുക. ഭക്ഷണം കഴിക്കുമ്പോൾ വായ് അടച്ചു പിടിച്ചു സാവകാശം നന്നായി ചവച്ചു കഴിക്കുക. ഒരുമിച്ച് ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി വേണ്ട. ഭക്ഷണ ശേഷവും കയ്യ്, വായ് കഴുകാൻ മറക്കണ്ട. ചൂട് വെള്ളം ഉപയോഗിച്ച് കഴുന്നതും കവിൾ കൊള്ളുന്നതും ഏറെ നന്ന്.
രാവിലെ അഞ്ചര ആറു മണിയോടെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ, പല്ല് തേപ്പ് മലമൂത്ര വിസർജനം, ശൗച ക്രിയകൾ എന്നിവ ചെയ്യുക. അല്പം ചെറു ചൂട് വെള്ളം കുടിക്കുക. നാരങ്ങാ നീര് ചേർത്ത്, തേൻ ചേർത്ത്, ഗ്രീൻ ടീ, അങ്ങനെ ഏതെങ്കിലും ആയാലും മതി. അര മണിക്കൂർ സമയം, കുറഞ്ഞത് ആയിരം ചുവടെങ്കിലും നടക്കുക. യോഗാസനങ്ങൾ അറിയാവുന്നവർ അത് പരിശീലനം നടത്തുക, അതല്ല സ്‌കൂളിൽ പഠിച്ച ഡ്രിൽ എക്സർസൈസുകൾ ആണെങ്കിൽ അവ ചെയ്യുക. തുടർന്ന് അവരവരുടെ അസ്വസ്ഥത അനുസരിച്ചുള്ള ആയുർവേദ തൈലം ചൂടാക്കി ദേഹം ആസകലം തേച്ചു നന്നായി തിരുമ്മുക. അരമണിക്കൂർ സമയം കഴിഞ്ഞു ചൂട് വെള്ളത്തിൽ ദേഹം കഴുകുക. തല സാധാരണ വെള്ളം കൊണ്ടു കഴുകിയാൽ മതി , ചൂട് വെള്ളം വേണ്ട. കുളി കഴിഞ്ഞ് അണു തൈലമോ വൈദ്യ നിർദേശം അനുസരിച്ചുള്ള ഉചിതമായ തൈലമോ മൂക്കിൽ ഒഴിക്കുക. അവശ്യം എങ്കിൽ കണ്ണിൽ അഞ്ജനം എഴുതുക.
കുളികഴിഞ്ഞാൽ സാധാരണ വിശപ്പ് ഉണ്ടാകും. പുറമെ ഒഴിക്കുന്ന വെള്ളം ആന്തരിക ഊഷ്മാവ് കൂടുകയാൽ ദഹന രസങ്ങൾ പ്രവർത്തിക്കാനിടയാക്കും. പ്രഭാതത്തിൽ ദഹിക്കാൻ താമസം ഉണ്ടാകാത്ത ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി പയർ വർഗ്ഗങ്ങൾ, പഴം ,പച്ചക്കറികൾ പ്ലേറ്റിൽ ഉണ്ടായിരിക്കുന്നതാണ് നന്ന്. ഇലക്കറി പ്രധാനമാക്കുക. മുരിങ്ങയില ചീരയില എന്നിവ ആകാം. മത്സ്യ മാംസങ്ങൾ ഇടയ്ക്കിടെ മാത്രമേ ഉപയോഗിക്കാവു. നിത്യവും വേണ്ട.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ അധികം ഭാരവും വണ്ണവും ഉള്ളവർ കരൾ തൈറോയിഡ് രോഗങ്ങൾ ഉള്ളവർ ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് അനുയോജ്യമായ ഔഷധം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവ അരിഞ്ഞത്, ചെറുപയർ, ഉലുവ, മുതിര, കടല, എന്നിവ മുളപ്പിച്ചത്, കഴിക്കുന്നത് ഗുണകരമാകും.
ആഹാരങ്ങൾക്കിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. ചുക്ക്, മല്ലി, ഉലുവ, ജീരകം, കരിങ്ങാലി കാതൽ, പതിമുകം, കറുവ, ഏലക്ക, കുരുമുളക്, മഞ്ഞൾ എന്നിങ്ങനെ ഉള്ളവയിൽ അനുയോജ്യമായവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കണം. പേരക്ക,മുന്തിരി സബർജെല്ലി, ആപ്പിൽ, മൾബറി,എന്നിവയോ ബദാം ഈന്തപ്പഴം കശുവണ്ടി കടല എന്നിവ അളവ് ക്രമീകരിച്ചു കഴിക്കണം. വിശക്കുമ്പോൾ ആഹാരം കഴിക്കാനും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.
ഏറെ വെള്ളം കുടിക്കുന്നതും, സാത്മ്യമായതും ദഹിക്കാൻ താമസമില്ലാത്തതും ദേശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ആണെങ്കിൽ പോലും അസമയത്തും അളവിൽ അല്പമായിട്ടോ അധികമായിട്ടോ കഴിക്കുന്നതും, മലമൂത്ര വിസർജനം പോലെ ഉള്ള സ്വാഭാവിക ശരീര പ്രവർത്തനം തടയുന്നതും ഉറക്ക തകരാറുകൾ ഉണ്ടാകുന്നതും നമ്മൾ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കില്ല. ഇതറിഞ്ഞു വേണം ആഹാര കാര്യങ്ങൾ നിശ്ചയിക്കുവാൻ.
ആഹാര ശേഷം കുടിക്കുന്ന ദ്രവ ദ്രവ്യങ്ങൾ അനുപാനം എന്നാണ് പറയുക. ശരീരത്തിന് ഊർജസ്വലത കിട്ടാനും ഭക്ഷണം കഴിച്ചത് ശരിയായി ഉള്ളിൽ വ്യാപനം നടക്കാനും ഉചിതം ആയ അനുപാനം കുടിക്കാൻ ഉണ്ടാവണം. ചുക്ക് വെള്ളം, മല്ലിവെള്ളം, ജീരക വെള്ളം എന്നിവ ആണ് സാധാരണം. മോരും വെള്ളം, മോരിൽ ഇഞ്ചി മുളക് കറിവേപ്പില ഒക്കെയിട്ടത്, മോര് കാച്ചിയത് എന്നിവയും ആകാം. ഭക്ഷണം കഴിഞ്ഞ് കുപ്പികളിൽ കിട്ടുന്ന കൃത്രിമ പാനീയങ്ങൾ മധുര പദാർത്ഥങ്ങൾ പാലുല്പന്നങ്ങൾ എന്നിവ ആരോഗ്യകരമാകില്ല.
കൂടുതൽ ജാഗ്രതയോടെ വ്യക്തി അധിഷ്ഠിതമായ ആരോഗ്യ രക്ഷയ്ക്കും ആഹാരശീലങ്ങൾക്കും ആയുർവേദ ഡോകടർമാരുമായി ബന്ധപ്പെടുക, ആവശ്യം എങ്കിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ചികിൽസകൾ അവസരോചിതമായി സ്വീകരിക്കുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ ഓരോ ദിനവും തള്ളി നീക്കുന്ന ബ്രിട്ടന് ആശ്വാസവാർത്ത. കോവിഡ് ബാധിച്ച് നൈറ്റിംഗേൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച രോഗികൾ ആശുപത്രി വിട്ടു. അവരെ ലണ്ടനിലെ എൻഎച്ച്എസ് നൈറ്റിംഗേൽ എമർജൻസി ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. സൈമൺ ചുങ് എന്ന വ്യക്തിയെയും മറ്റൊരാളെയും ആണ് ആരോഗ്യപ്രവർത്തകർ അഭിനന്ദിച്ച് യാത്രയാക്കിയത്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഒമ്പത് ദിവസങ്ങൾ കൊണ്ട് താത്കാലികമായി കെട്ടിയുയർത്തിയ നൈറ്റിംഗേൽ ആശുപത്രിയിൽ ഏപ്രിൽ 7നാണ് ആദ്യ രോഗികളെ പ്രവേശിപ്പിച്ചത്. അമ്പത് വയസ്സ് പ്രായമുള്ള ചുങ്ങിനെ ഇനി വടക്കൻ ലണ്ടൻ ആശുപത്രിയിൽ ചികിത്സിക്കും. ലണ്ടനിലെ എൻഎച്ച്എസ് നൈറ്റിംഗേൽ നഴ്‌സിംഗ് ഡയറക്ടർ ഇമോൺ സള്ളിവൻ പറഞ്ഞു: “ഞങ്ങളുടെ രോഗികളെ പരിചരിക്കുന്നതിനായി സമയം മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്ലിനിക്കുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത് സന്തോഷം പകരുന്ന വാർത്തയാണ്.” എൻഎച്ച്‌എസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് നന്ദി പറഞ്ഞു. ഈവരുന്ന ചൊവ്വാഴ്ച ഹാരോഗേറ്റിലെ നൈറ്റിംഗേൽ ആശുപത്രി തുറക്കാനിരിക്കുകയാണ്. ബ്രിട്ടന്റെ വീരപുത്രൻ ക്യാപ്റ്റൻ ടോം മൂർ വീഡിയോലിങ്ക് വഴി ആശുപത്രി തുറക്കുന്ന ചടങ്ങിൽ ഒത്തുചേരും.
കൊറോണ വൈറസ് അതി തീവ്രമായി വ്യാപിക്കുമ്പോൾ വേനൽക്കാലത്ത് സ്കൂളുകൾ തുറക്കാനുള്ള പദ്ധതികളൊന്നുമില്ല എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കഴിഞ്ഞ നാലാഴ്ച ആയി അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന തീയതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്കൂളുകൾ മെയ് 11 വരെ തുറക്കാൻ കഴിയില്ലെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വീണ്ടും സാഹചര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. “തീർച്ചയായും, സ്കൂളുകൾ തുറക്കുക, അവയെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക , കുട്ടികൾ ചുറ്റും ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പഠിക്കുക, സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക എന്നിവയല്ലാതെ മറ്റൊന്നും എനിക്കും ആവശ്യമില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒരു തീയതി നൽകാൻ കഴിയില്ല. നിങ്ങളുടെ വിദ്യാഭ്യാസം ഈ രീതിയിൽ തടസ്സപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. പോരാട്ടത്തിൽ ഒത്തുചേരുന്ന എല്ലാവർക്കും നന്ദി.” കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്ത വില്യംസൺ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സഹായം നൽകുന്നതിനായി എൻഎസ്‌പിസി ചാരിറ്റിക്ക് 1.6 മില്യൺ ഡോളർ കൂടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റിസപ്ഷൻ മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 180 ഓൺലൈൻ പാഠങ്ങളുടെ ഒരു പരമ്പര തന്നെ ഇന്ന് മുതൽ ലഭ്യമാകും. അധ്യാപകരും വിദ്യാഭ്യാസ സംഘടനകളും തയ്യാറാക്കിയ ഓൺലൈൻ പാഠങ്ങൾ ഓക്ക് നാഷണൽ അക്കാദമിയുടെ ലേബലിൽ ലഭ്യമാണ്. ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില കുട്ടികൾക്കായി ലാപ്ടോപ്പുകളും വിതരണം ചെയ്യും.
രാജ്യത്ത് ഇന്നലെ 596 കോവിഡ് രോഗികൾ കൂടി മരണപ്പെട്ടു. ഏപ്രിൽ 7ന് ശേഷം കാണപ്പെടുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 16,060 ആയി ഉയർന്നു. 5850 പേർക്കുകൂടി ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 120,067 ആയി മാറി. 60 വയസ്സിനു മുകളിൽ പ്രായമായവരാണ് മരണപ്പെടുന്നവരിൽ 90% വ്യക്തികളും. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ആകെ മരണസംഖ്യ 165,000 പിന്നിട്ടു.
സ്വന്തം ലേഖകൻ
രാജസ്ഥാൻ : ക്രിപ്‌റ്റോ ബുൾസ് റോഡ്‌ഷോയുടെ സംഘാടകരുമായി ക്രിപ്‌റ്റോകറൻസി പദ്ധതികൾ ഇന്ത്യൻ സംസ്ഥാന മന്ത്രാലയം ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അജ്മീറിലെ ദർഗാ കമ്മിറ്റി ചെയർമാൻ അമിൻ പത്താൻ അടുത്തിടെ ഇന്ത്യ ക്രിപ്റ്റോ ബുൾസ് സംരംഭത്തിന്റെ സ്ഥാപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ രാജ്യവ്യാപകമായി റോഡ്ഷോ സംഘടിപ്പിക്കുന്ന സംഘമാണ് ക്രിപ്റ്റോ ബുൾസ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടനങ്ങളിലൊന്നായ അജ്മീറിലെ ദർഗ കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്താൻ. കൂടാതെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ക്രിപ്റ്റോ വികസനം, നിക്ഷേപം, നവീകരണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പത്താൻ ചർച്ച ചെയ്തുവെന്ന് ന്യൂസ് ബിറ്റ്കോയിൻ റിപ്പോർട്ട് ചെയ്തു.

മറ്റ് ഡിജിറ്റൽ അസറ്റ് ധനകാര്യ സേവനങ്ങൾ, ബിറ്റ്കോയിൻ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി ഒരു കോൺഫറൻസ് നടത്താൻ രാജസ്ഥാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ക്രിപ്റ്റോ ബുൾസിനോട് പറഞ്ഞു. മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനോ ആസൂത്രണം ചെയ്യാനോ ഒരു നിക്ഷേപകൻ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും മറ്റ് നിരവധി ഘടകങ്ങളും ഈ കോൺഫറൻസിലെ ചർച്ചയിൽ ഉൾപ്പെടും. രാജ്യവ്യാപകമായി ഇന്ത്യൻ ക്രിപ്‌റ്റോ ബുൾസ് നടത്തുന്ന റോഡ്‌ഷോയെ പത്താൻ പിന്തുണച്ചു. അദ്ദേഹത്തിന്റെ നഗരമായ ജയ്പൂരിലും ഉദയ്പൂരിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു.

ഒ1എക്സിൻെറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഗൗരവ് ദുബെയുടെ സംരംഭമാണ് ഇന്ത്യ ക്രിപ്റ്റോ ബുൾസ്. അടുത്ത ക്രിപ്റ്റോ ബുൾ റണ്ണിനായി രാജ്യം ഒരുക്കുന്നതിനും ക്രിപ്റ്റോകറൻസികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഏപ്രിൽ ആദ്യം ഇന്ത്യയിലെ 15 ഓളം നഗരങ്ങളിൽ റോഡ്ഷോ ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു . എന്നാൽ , നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും കാരണം റോഡ്ഷോ മാറ്റിവയ്ക്കുകയും മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയും ചെയ്യും. ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഇക്കോസിസ്റ്റം ഇപ്പോൾ പുനർനിർമിക്കുകയാണ്. മാർച്ച് 4 ന് കോടതി വിലക്ക് നീക്കിയശേഷം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഐഎൻആർ ബാങ്കിംഗ് പിന്തുണ തിരികെ കൊണ്ടുവരുന്ന തിരക്കിലാണ്. നിരവധി ആഗോള കമ്പനികളും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു .
ന്യൂസ് ഡസ്ക് , മലയാളം യുകെ
ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 തിങ്കളാഴ്ച ആറാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.
മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.
മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ്. ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ഞായറാഴ്ച സങ്കീർത്തനം, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ഡോക്ടർ ജോർജ് ഓണക്കൂർ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ഈസ്റ്റർ ദിനസന്ദേശമായ “ഉയർപ്പു തിരുനാളിലേയ്ക്കുള്ള വാഴ് വുകൾ” , മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.
വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.
ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .
വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.
മലയാളം യുകെ ,ന്യൂസ് ടീം