Main News

സ്വന്തം ലേഖകൻ

ലണ്ടൻ : ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡിന് ഒരു അവസാനം ഉണ്ടാകുമോ? എന്നാൽ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് അവർ പറയുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൊറോണ അപ്രത്യക്ഷമാകുന്ന ഒരു ദിനം വരുമെന്നാണ്. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് ഇല്ലാത്തതായി ഇരിക്കുമെന്ന് കരുതുന്ന കൃത്യമായ തീയതി ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. നിലവിലെ സ്ഥിരീകരിച്ച കേസുകളിൽ നിന്നും മരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് കോവിഡ് -19 ന്റെ ഭാവി പ്രവചിക്കുന്ന ഒരു ഗണിതശാസ്ത്ര മാതൃക സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈൻ വികസിപ്പിച്ചു. ഏപ്രിൽ 30 ന് പ്രവചിച്ചതനുസരിച്ച്, ഓഗസ്റ്റ് 27 നകം യുകെ കൊറോണ വൈറസ് മുക്തമാകും. സിംഗപ്പൂർ ജൂൺ 28 നും അമേരിക്ക സെപ്റ്റംബർ 20 നും വൈറസ് രഹിത രാജ്യങ്ങൾ ആയി മാറിയേക്കും.

2020 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള പകർച്ചവ്യാധി 100% അവസാനിക്കുമെന്ന് അവർ പറയുന്നു. എങ്കിലും പ്രവചനത്തിൽ മാറ്റത്തിന് സാധ്യത ഉണ്ടെന്നും തീയതി അത്ര കൃത്യമല്ലെന്നും അവർ ഊന്നിപറഞ്ഞു. ലോക്ക്ഡൗണിനോട് ചേർന്നുനിൽക്കാത്തതുപോലുള്ള ജനങ്ങളുടെ പ്രവർത്തികൾ പ്രവചിച്ച തീയതിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഉള്ള നിയന്ത്രണ ഇളവ് , ചിലയിടത്തുള്ള കർശന നിയന്ത്രണം എന്നിവയൊക്കെ ഈ തീയതി മാറുന്നതിന് കാരണമായേക്കാം. “പ്രവചിച്ച ചില അവസാന തീയതികളെ അടിസ്ഥാനമാക്കിയുള്ള അമിത ശുഭാപ്തിവിശ്വാസം അപകടകരമാണ്. കാരണം ഇത് നിയന്ത്രണങ്ങളും ചട്ടങ്ങളും തെറ്റിക്കുന്നതിന് കാരണമാകും. വീണ്ടും അത് വൈറസ് വ്യാപനത്തിലേക്ക് നയിച്ചേക്കും.” റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്. ബ്രിട്ടന്റെ തലസ്ഥാനനഗരിയിൽ രോഗം ഇല്ലാതാവുന്നത് ശുഭലക്ഷണമാണ്. അതിനാൽ തന്നെ അടുത്ത നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മരണനിരക്കിൽ ഇടിവുണ്ടാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ കാൾ ഹെനഗൻ പറഞ്ഞു.

ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം 

ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് പകരാതിരിക്കാൻ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസർ കാറിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധരുടെ നിർദ്ദേശം.
ഇനിയുള്ള മാസങ്ങളിലേക്കും ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസറിന്റെ ശേഖരം തന്നെ നമ്മുടെ രാജ്യത്ത് സുലഭമാണ് കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നു. ബാഗുകളിലോ പോക്കറ്റിലോ സൂക്ഷിക്കാനും സാധിക്കുന്നു.

ഹാൻഡ് സാനിറ്റൈസർ കാറിൽവയ്ക്കുന്നത് നല്ല ആശയമല്ലെന്ന വിദഗ്ധരുടെ വാദത്തെ അനുകൂലിച്ചു കൊണ്ടാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം വെയിലുള്ള സമയങ്ങളിൽ പുറത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാർ പോലുള്ള വാഹനങ്ങളിൽ പെട്ടെന്ന് ചൂടുകൂടുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. താപനില ഉയരുമ്പോൾ സാനിറ്റൈസറിലെ ആൽക്കഹോൾ ബാഷ്പീകരിക്കപ്പെടാൻ കാരണമാകുന്നു.

ബാക്ടീരിയയെയും വൈറസുകളെയും കൊല്ലുന്ന സജീവ ഘടകമാണ് ആൽക്കഹോൾ എന്നതിനാൽ ഉത്പന്നത്തിന് അതില്ലാതെ പ്രവർത്തിക്കാനും കഴിയില്ല. ഇത് കാറിൽ വീഴാനിടയായാൽ കാറിന്റെ ഉപരിതലങ്ങളിൽ കേടുപാടുകൾ സംഭവിച്ചേക്കാം. ഒരു പക്ഷെ കാറിന്റെ പ്രവർത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന് ഫോർഡ് എഞ്ചിനീയറുമാരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി.

ഡോ. ഐഷ വി

കാലം 1976. നാലാം ക്ലാസ്സുകാരിയായ ഞാനും ഒന്നാം ക്ലാസ്സുകാരനായ അനുജനും സ്കൂൾ യുവജനോത്സവ പരിപാടികൾ കാണാനായി മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് കമലാക്ഷിയുമുണ്ട്. വൈകുന്നേരം വരെ ഞങ്ങൾ പരിപാടികൾ ആസ്വദിച്ചു കണ്ടു. സമയത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാലാകണം ഏകദേശം നാലു മണി കഴിഞ്ഞപ്പോൾ കമലാക്ഷി വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി ആരോഗ്യമന്ത്രി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ എനിക്ക് മന്ത്രിയെ തൊട്ടടുത്ത് കാണാൻ ഒരു മോഹം . അതുകൊണ്ടു കൂടിയാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചത്. ഞാൻ മന്ത്രിയെ കണ്ടിട്ടേ വരുന്നൂള്ളൂ. കമലാക്ഷി പൊയ്ക്കോ, എന്നു പറഞ്ഞു. കമലാക്ഷി പോവുകയും ചെയ്തു. കുറേ സമയം കഴിഞ്ഞു. സമ്മേളനം ഗംഭീരമായി നടന്നു. എല്ലാവരും പിരിഞ്ഞു പോയി.

ഞാൻ അനുജനേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. നല്ല കോരിച്ചൊരിയുന്ന മഴ . കുറ്റാകുറ്റിരുട്ട്. പാതി വഴിയെത്തിക്കാണും . അനുജൻ പിന്നെ നടക്കാൻ കൂട്ടാക്കിയില്ല. ഞാൻ അവനേയും എടുത്തു. ഭാരം കാരണം ബാഗും കുടയും നേരെ പിടിയ്ക്കാൻ പററുമായിരുന്നില്ല. ആകെ നനഞ്ഞൊലിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം രാത്രി എട്ടുമണി. അച്ഛൻ കോഴിക്കോട്ട് ഔദ്യോഗികാവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു. അമ്മ കുഞ്ഞനുജത്തിയുമായി ദേവയാനി ചേച്ചിയുടെ വീട്ടിൽ പോയി വിവരം പറഞ്ഞതിനാൽ അന്ന് അവരുടെ വീട്ടിൽ അല്പം താമസിച്ചെത്തിയ ഭാസ്കരൻ മാമൻ ഞങ്ങളെ അന്വേഷിച്ചിറങ്ങുന്ന നേരത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത്. ചെന്നപാടെ അമ്മയുടെ ആധിയും വിഷമവുമൊക്കെ എന്റെ ചെവിയ്ക്ക് പിടിച്ച് തിരുകലും അടിയുമൊക്കെയായി മാറി. പിന്നീടേ അമ്മ ഞങ്ങളുടെ രണ്ടു പേരുടേയും തല തുവർത്തി തന്നുള്ളൂ. പിറ്റേന്ന് അച്ഛനെത്തിയപ്പോൾ അമ്മ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. വീട്ടിൽ പറയാതെ അത്രയും നേരം വൈകി നിൽക്കരുതായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അച്ഛൻ വച്ചു നീട്ടിയ കോഴിക്കോടൻ ഹൽവയുടെ മധുരത്തിൽ എനിയ്ക്കടി കൊണ്ട വേദന അലിഞ്ഞില്ലാതായി.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ

അൻവർഷാ ജൗഹരി

റമദാൻ, വ്രതശുദ്ധിയുടെ യും ആരാധനകളുടെയും പുണ്യദിനങ്ങൾ ആണ് കടന്നു പോയത്. വിശുദ്ധമാസത്തിൽ തറാവീഹ് നമസ്കാരം ഉൾപ്പെടെ വീട്ടിൽ നിസ്കരിച്ചു പള്ളിയിലേക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ പോകാതെ ഗൃഹങ്ങൾ സൽകർമങ്ങൾ കൊണ്ട് നിറച്ചും മുപ്പത് ദിനങ്ങൾ. വിശ്വാസി വിശപ്പിന്റെ മഹത്വവും പ്രാർത്ഥനയുടെ ശുദ്ധിയും ഉള്ളറിഞ്ഞ അനുഭവിച്ചതിനുശേഷം, ഇന്ന് ചെറിയ പെരുന്നാൾ. കൊറോണ കാലത്തെ സാമൂഹ്യ അകലം വെപ്പിനും മുൻപുവരെ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തും ഈദ്ഗാഹ് കൂടിയും ബന്ധുജനങ്ങളെ സന്ദർശിച്ചും ആണ് ഈദുൽ ഫിത്തർ ആഘോഷിച്ചതെങ്കിൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ശവ്വാലമ്പിളി വിണ്ണിൽ ഉദിക്കുമ്പോൾ വിശ്വാസികൾ ഈദ് ഗാഹ് ഒരുക്കുന്നത് സ്വന്തം മുറ്റത്ത് തന്നെയാണ്.

പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെ കഴിയണം എന്നാണ് വന്ദ്യരായ നേതാക്കളെല്ലാം നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ അയൽപക്കങ്ങളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കാൻ അവൻ നമ്മിൽ പെട്ടവനല്ല എന്ന തിരു നബിയുടെ വചനം ലോക് ഡൗൺ കാലം മുഴുക്കെ നമ്മൾ ഓർമ്മിക്കണം. മലയാളിയുടെ ഐക്യവും സ്നേഹവും സഹനവും ഈ നോമ്പുകാലത്ത് ദൃശ്യമായിരുന്നു. ഒട്ടിയ വയറുകളോ ഒഴിഞ്ഞ മരുന്നു പാത്രമോ തനിക്കു ചുറ്റും ഇല്ലെന്ന് ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു.

ഒരു നോമ്പുകൊണ്ട് ശരീരത്തെ നരകത്തിൽ നിന്ന് 70 വർഷക്കാലത്തെ വഴി ദൂരം അകലത്തിൽ ആക്കാൻ കെൽപ്പുള്ള വിശ്വാസിക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വർഗത്തിലേക്കുള്ള വഴി ദൂരമത്രയും നടന്നു കയറാൻ കഴിയണം. വിശ്വാസത്തിന്റെ ബലത്തിൽ അതിജയിക്കാനാകുമെന്ന് നമ്മൾ പഠിച്ചു. അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. അകലങ്ങളിൽ ആയിരുന്നു കൊണ്ട് കുടുംബബന്ധങ്ങൾ ചേർക്കാം, സൗഹൃദങ്ങൾ പുതുക്കാം, ചുറ്റും പട്ടിണി ഇല്ലെന്ന് ഉറപ്പു വരുത്താം. നന്മയുടെ 30 ദിനരാത്രങ്ങൾക്ക് ശേഷം കൈവന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് അടുത്ത റമദാനിലേക്ക് നമുക്ക് ഹൃദയം കോർക്കാം. മലയാളം യുകെയുടെ വായനക്കാർക്ക് പെരുന്നാൾ ആശംസകൾ.

അൻവർഷാ ജൗഹരി, മഖ്ദൂമിയ്യ,

 

സ്വന്തം ലേഖകൻ

വെയിൽസ് : വെൽഷ് നാഷണിലിസ്റ്റ് എംപി ജോനാഥൻ എഡ്വേർഡിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. 2010 മുതൽ പ്ലെയിഡ് സിമ്രുവിനായി കാർമാർത്തൻ ഈസ്റ്റിനെയും ഡൈനെഫ്‌വറിനെയും പ്രതിനിധീകരിച്ച 44 കാരനായ എഡ്വേർഡ്സിനെ ഈ ആഴ്ച ആദ്യം അമ്മൻഫോർഡിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണം നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടർന്നുവരികയാണ്.

മിസ്റ്റർ എഡ്വേർഡിൽ നിന്ന് വിപ്പ് പിൻവലിച്ചതായി പ്ലെയ്ഡ് സിമ്രു സ്ഥിരീകരിച്ചു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പാർട്ടി വിപ്പ് പിൻവലിച്ചതായി പ്ലെയ്ഡ് സിമ്രു പ്രസ്താവനയിൽ പറഞ്ഞു. പോലീസ് അന്വേഷണം തുടർന്ന് വരുന്നതിനാൽ കൂടുതൽ അഭിപ്രായം പറയാൻ പാർട്ടി തയ്യാറായില്ല. അന്വേഷണവുമായി എംപി സഹകരിച്ചുവരുന്നുണ്ടെന്നാണ് വാർത്തകൾ.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനായി ലോകത്താകെ 100ഓളം ഗവേഷക സംഘങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രാഥമിക ഗവേഷണം മുതൽ രോഗികളിൽ പ്രയോഗിച്ചുളള പരീക്ഷണം വരെ വിവിധ ഘട്ടങ്ങളിലാണ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ. ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഒരു വാക്സിൻ അത്യാവശ്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് അത് വികസിപ്പിച്ചെടുക്കാൻ സാധിക്കാത്തത്? കാരണം ഒരു വാക്സിൻ ഉണ്ടാക്കിയെടുത്ത് അത് ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഏകദേശം മൂന്നോ നാലോ വർഷങ്ങൾ ആവശ്യമുണ്ട്. പരീക്ഷണങ്ങൾ ആരംഭിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഇപ്പോൾ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിനായി 10,000 വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. “ഞങ്ങൾക്ക് ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.” എന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം പറഞ്ഞത്. വാക്സിനുകൾ തത്വത്തിൽ ലളിതവും പ്രായോഗികമായി സങ്കീർണ്ണവുമാണ്. അനുയോജ്യമായ വാക്സിൻ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു, അതിന്റെ വ്യാപനം തടയുന്നു. അങ്ങനെ സുരക്ഷിതമാക്കുന്നു. എന്നാൽ ഇവയൊന്നും എളുപ്പത്തിൽ നേടിയെടുക്കാൻ ആവില്ല.

എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി എന്ന വൈറസിനെ ശാസ്ത്രജ്ഞർ വേർതിരിച്ച് 30 വർഷത്തിലേറെ ആയെങ്കിലും ഇപ്പോഴും നമുക്ക് വാക്സിൻ ഇല്ല. 1943 ലാണ് ഡെങ്കിപ്പനി വൈറസ് തിരിച്ചറിഞ്ഞത്. എന്നാൽ ആദ്യത്തെ വാക്സിൻ കഴിഞ്ഞ വർഷമാണ് അംഗീകരിച്ചത്. ഇതുവരെ വികസിപ്പിച്ചെടുത്ത ഏറ്റവും വേഗതയേറിയ വാക്സിൻ മം‌പ്സ് ആയിരുന്നു. ഇതിന് നാല് വർഷമെടുത്തു. സുഖം പ്രാപിച്ച കോവിഡ് -19 രോഗികളിൽ നിന്നുള്ള രക്തം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ വിശകലനം ചെയ്തപ്പോൾ, രോഗപ്രതിരോധ ശേഷിക്ക് കാരണമായ ഐ ജി ജി ആന്റിബോഡികളുടെ അളവ് അണുബാധയുടെ ആദ്യ മാസത്തിൽ കുത്തനെ ഉയർന്നുവെങ്കിലും പിന്നീട് കുറഞ്ഞു. വൈറസിന്റെ ജനിതക സ്ഥിരതയും പ്രധാനമാണ്. ഇൻഫ്ലുവൻസ പോലുള്ള ചില വൈറസുകൾ വളരെ വേഗത്തിൽ പരിവർത്തനം ചെയ്യുന്നു. അതിനാൽ വാക്സിൻ നിർമിക്കുന്നവർ ഓരോ വർഷവും പുതിയ ഫോർമുലേഷനുകൾ പുറത്തിറക്കേണ്ടതുണ്ട്. സാർസ് കോവ് 2 ഉം സ്ഥിരതയുള്ളതാണെന്ന് കരുതുന്നു. വാക്സിൻ നിർമാണത്തിൽ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷയാണ്. മനുഷ്യനിൽ പരീക്ഷിച്ചു കഴിഞ്ഞ് അപകടകരമായ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾക്കായി ശാസ്ത്രജ്ഞർ വളരെ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. ഓരോ വാക്സിനും ഉയർത്തുന്ന പ്രത്യേക വെല്ലുവിളികൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ വേൾഡ് വൈഡ് ഇൻഫ്ലുവൻസ സെന്റർ ഡയറക്ടർ ജോൺ മക്കൗലി പറയുന്നു.

നമ്മൾ നിർമിച്ചെടുക്കുന്ന കൊറോണ വൈറസ് വാക്സിൻ 100% ഫലപ്രദമാകില്ലെന്ന് പലരും പറയുന്നുണ്ട്. ഒരു വാക്സിൻ, വൈറസിനെ തുടച്ചുനീക്കാൻ സ്ഥിരവും ഉയർന്നതുമായ ആന്റിബോഡികൾ സൃഷ്ടിക്കുകയും രോഗബാധയുള്ള കോശങ്ങളെ നശിപ്പിക്കുന്നതിന് “ടി” സെല്ലുകൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഓരോ വാക്സിനുകളും വ്യത്യസ്തമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വാക്സിൻ കുരങ്ങുകളിൽ വൈറസ് ബാധിക്കുന്നത് തടഞ്ഞില്ല. പക്ഷേ കൊറോണ വൈറസ് രോഗികളിൽ മരണകാരണമായ ന്യൂമോണിയയെ തടയുന്നതായി കാണപ്പെട്ടു. വൈറസിന്റെ ദുർബലമായ വാക്സിനുകൾ പ്രായമായവർക്ക് അപകടകരമാണ്, പക്ഷേ അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് ഇത് രോഗപ്രതിരോധശേഷിയുള്ള ചെറുപ്പക്കാർക്ക് നൽകാം. യാഥാർഥ്യത്തിൽ വൈറസ് സമൂഹത്തിൽ ഇനി നിലനിന്നുവരും എന്ന് ചുരുക്കം. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു വാക്സിൻ ഉപയോഗിച്ച് വൈറസിനെ കീഴടക്കാൻ ഇപ്പോഴും കഠിനമായിരിക്കും. വസൂരിയെ ഒഴിവാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കൊറോണയെ തടയാനെന്ന് പാൻഡെഫെൻസ് അഡ്വൈസറിയുടെ സിഇഒ ലാറി ബ്രില്യന്റ് പറയുന്നു.

തുടർന്നുള്ള നാളുകളിൽ നാം വൈറസിനൊപ്പം പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും. കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ, ഒത്തുചേരലുകൾ ഒഴിവാക്കുക എന്നിവയിലൂടെ ആളുകൾക്ക് വൈറസ് വ്യാപനത്തെ ഒരു പരിധി വരെ തടയാം. ഒപ്പം മാസ്ക് സാധരണജീവിതത്തിന്റെ ഭാഗമായി മാറണം. ജോലി സ്ഥലത്തേക്കോ മറ്റോ യാത്ര ചെയ്യുവാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് പ്രവർത്തിക്കുന്ന ഒരു ആന്റിവൈറൽ അല്ലെങ്കിൽ ആന്റിബോഡി ചികിത്സ ഉണ്ടായിരിക്കും. രോഗലക്ഷണങ്ങൾ വരുമ്പോൾ ഉടനടി ചികിത്സിക്കുന്നതാണ് ഉത്തമം. ലോകം മുമ്പോട്ട് പോയെ പറ്റൂ. അതിപ്പോൾ കൊറോണയുടെ കൂടെ ആണെങ്കിൽ അങ്ങനെ. പക്ഷേ നാമെല്ലാവരും കൂടുതൽ ശ്രദ്ധാലുക്കളായി മാറണം എന്നുമാത്രം.

സ്വന്തം ലേഖകൻ

ബ്രസീൽ :- കൊറോണ ബാധയുടെ പുതിയ പ്രഭവ കേന്ദ്രമായി സൗത്ത് അമേരിക്കൻ രാജ്യമായ ബ്രസീൽ മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണ ബാധ മൂലം മരിച്ചയാളുടെ മൃതദേഹം 30 മണിക്കൂറിലേറെയായി റിയോ ഡി ജനീറോയുടെ തെരുവിൽ കിടന്നതായി കണ്ടെത്തിയത് ലോകമനഃസാക്ഷിയെ ഞെട്ടിച്ചു. രാജ്യത്തെ മൊത്തം മരണങ്ങൾ ഇരുപതിനായിരം കടന്നിരിക്കുകയാണ്. വൽനീർ ഡാ സിൽവ എന്ന 62 കാരൻെറ മൃതദേഹമാണ് തെരുവിൽ കണ്ടെത്തിയത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ഒരു ഫുട്ബോൾ ഗ്രൗണ്ടിനു സമീപത്തായി, പാർക്ക് ചെയ്തിരുന്ന കാറുകളുടെ ഇടയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടയിൽ രാജ്യത്ത് രോഗം പെരുകുന്ന സാഹചര്യത്തിലും, ഗവൺമെന്റ് ലോക്ക് ഡൗൺ നിയമങ്ങൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുകയാണ്. ഈയാഴ്ച ബ്രസീൽ ബ്രിട്ടനെ പിന്തള്ളി ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മൂന്നാമത്തെ രാജ്യം ആയി മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി പതിനായിരത്തോളം കേസുകളുമായി അമേരിക്കയ്ക്കും റഷ്യയ്ക്കും പുറകിലായാണ് ഇപ്പോൾ ബ്രസീലിന്റെ സ്ഥാനം.

 

മാർച്ച് 18നാണ് ബ്രസീലിൽ കൊറോണ ബാധ മൂലമുള്ള ആദ്യ മരണം രേഖപ്പെടുത്തിയത്. ഇതിനുശേഷം രാജ്യത്താകമാനം മരണ നിരക്ക് വൻതോതിൽ വർദ്ധിക്കുകയായിരുന്നു. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് മരണനിരക്ക് 20,047ആയി ഉയർന്നിരിക്കുകയാണ്. മരിച്ച സിൽവയ്ക്കു ശ്വാസംമുട്ടൽ ഉണ്ടായപ്പോൾ തന്നെ അടുത്തുള്ള ആളുകൾ ആരോഗ്യപ്രവർത്തകരെ അറിയിച്ചെങ്കിലും, അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് ജീവനക്കാരാണ് മൃതദേഹം തെരുവിൽ ഉപേക്ഷിച്ചത് എന്ന് കണ്ടുനിന്നവർ പറയുന്നു. നഗര ജീവനക്കാരും മൃതദേഹം നീക്കുന്നത് തങ്ങളുടെ ജോലിയല്ല എന്ന രീതിയിലാണ് പ്രതികരിച്ചത്. പെട്രോളിംഗ് നടത്തുന്ന പോലീസ് ഓഫീസർമാരെ വിവരമറിയിച്ചെങ്കിലും അവരും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മരിച്ചയാളുടെ മകൻ കുറ്റപ്പെടുത്തി. ഇങ്ങനെ 30 മണിക്കൂറിലേറെയാണ് ആ മൃതദേഹം തെരുവിൽ കിടന്നത്.

 

ഇതിനിടയിൽ കൊറോണ രോഗികൾക്കു മലേറിയയുടെ മരുന്നായ ക്ലോറോക്വിൻ നൽകുവാൻ ബ്രസീലിയൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുകയാണ്. കേസുകൾ കൂടുന്നതിനാൽ ആശുപത്രികളിൽ സ്ഥലം ഇല്ലാത്തതും പ്രതിരോധ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്.

സ്വന്തം ലേഖകൻ

ബോറിസ് ജോൺസന്റെ പ്രധാന ഉപദേഷ്ടാവായ ഡൊമിനിക് കമ്മിൻസ് ഗവൺമെന്റ് നിയമങ്ങൾ തെറ്റിച്ച് യാത്ര ചെയ്തതിൽ പോലീസ് അന്വേഷണം നേരിടുന്നു. ഡർഹാമിലുള്ള മാതാപിതാക്കളെ കാണാൻ ലണ്ടനിൽ നിന്ന് 250 മൈൽ ആണ് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് സഞ്ചരിച്ചത്. പ്രധാന മന്ത്രിയും മുതിർന്ന നേതാക്കന്മാരും അടക്കം കൊറോണാ വൈറസിന്റെ വ്യാപനം കുറയ്ക്കാനായി കനത്ത ലോക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് തുടർച്ചയായി നിർദ്ദേശിച്ചു കൊണ്ടിരുന്ന സമയത്താണ്, ഈ വീഴ്ച കമ്മിൻസ്ന്റെ ഭാഗത്തുനിന്നുണ്ടായത്.

 

മാർച്ച് അവസാനം മുതൽ കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിച്ച കമ്മിൻസ് ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം 14 ദിവസം ഐസൊലേഷനിലായിരുന്നു. ആ ദിവസമത്രയും ലണ്ടനിലെ വീട്ടിലായിരുന്നു അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നതെന്ന് ഡൗണിങ് സ്ട്രീറ്റ് അവകാശപ്പെടുന്നു, അതിനുശേഷം പത്രപ്രവർത്തകയായ ഭാര്യ ‘ എമർജിങ് ഫ്രം ക്വാറന്റൈൻ ‘ എന്ന ലേഖനവും ലോക്ക്ഡൗൺ ജീവിതത്തെപറ്റിയും എഴുതിയിരുന്നു.

മാർച്ച് 26 മുതൽ’ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നും, അകലെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കരുതെന്നും ഉൾപ്പെടെയുള്ള നിയമം നിലവിൽ വന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ കമ്മിൻസ് ലണ്ടനിൽനിന്ന് ഡർഹാമിലേക്ക് കുടുംബസമേതം സഞ്ചരിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. കുടുംബങ്ങളെ സന്ദർശിക്കാൻ യാത്രചെയ്യുന്നത് നിയമത്തിനെതിരാണെന്ന് പോലീസ് അവരെ ഓർമിപ്പിച്ചു. ലണ്ടനിൽ നിന്ന് ഇവർ ഡർഹാമിലേയ്ക്ക് യാത്ര ചെയ്തെത്തിയത് മാർച്ച് 31ന് ആയിരുന്നു എന്ന് ഡർഹാമിൽ നിന്നുള്ള പ്രതിനിധി പറയുന്നു. പൊലീസ് അന്വേഷണത്തിൽ ഈ പറയപ്പെടുന്ന വ്യക്തികൾ ആ വീട്ടിൽ എത്തിയിരുന്നു എന്നും വീടിന്റെ ഒരു ഭാഗത്ത് സെൽഫ് ഐസൊലേഷനിലായിരുന്നു എന്നും കണ്ടെത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചിന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു അയൽവാസി കമ്മിൻസിന്റെ മാതാപിതാക്കളായ റോബർട്ടിന്റെയും മൊറാഗിന്റെയും വീട്ടുമുറ്റത്ത് ഒരു കുട്ടി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി പറയുന്നു. ഗേറ്റിനു വെളിയിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ലണ്ടനിൽ നിന്ന് ഇത്രയും ദൂരം കാറോടിച്ചു വരാൻ കമ്മിൻസിനു കഴിയുകയും, എന്നാൽ സാധാരണക്കാർക്ക് അത് നിയമവിരുദ്ധമാണ് എന്നതാണ് തന്നെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അയൽവാസി പറഞ്ഞു. ആദ്യം പുറത്തിറങ്ങി നിയമം തെറ്റിക്കുന്നവർക്ക് 60 പൗണ്ടാണ് പിഴ, ആവർത്തിക്കും തോറും തുക ഇരട്ടിച്ചു കൊണ്ടിരിക്കും. അത് 960 പൗണ്ട് വരെ ആകാം എന്നിരിക്കെയാണ് ഇത്രയും ദൂരം ഒരു ഗവൺമെന്റ് പ്രതിനിധി യാത്ര ചെയ്തതും കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കെ തന്നെ നിയമം ലംഘിക്കുന്നതും. ഇതിനെതിരെ സാധാരണക്കാർ ഉൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

ഇസ്‌ലാമാബാദ്‌ : കറാച്ചിക്ക്‌ സമീപം പാകിസ്ഥാൻ എയർ ലൈൻസ്‌ വിമാനം 99 യാത്രക്കാരുമായി തകർന്നുവീണു. എയർ ബസ്‌ എ320 വിമാനമാണ്‌ തകർന്നത്‌. കറാച്ചി വിമാനത്താവളത്തിൽ ലാൻഡ്‌ ചെയ്യാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ്‌ വിമാനം തകർന്നത്‌. 8 പേർ വിമാനജോലിക്കാരാണ്‌. വിമാനത്തിൽ ഉണ്ടായിരുന്ന 107 പേരും കൊല്ലപ്പെട്ടതായി കറാച്ചി മേയർ അറിയിച്ചു. ലാഹോറിൽനിന്ന്‌ കറാച്ചിയിലേയ്ക്ക്‌ വരികയായിരുന്ന വിമാനം ജിന്ന ഗാർഡൻ ജനവാസകേന്ദ്രത്തിലാണ്‌ ‌ തകർന്ന്‌ വീണത്‌. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്‌. നിലംപതിക്കുന്നതിന് മുമ്പ് മൂന്നു തവണ നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തു പാകിസ്ഥാൻ സൈന്യം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് രണ്ട് മൈൽ അകലെയുള്ള കോളനിയിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേയ്ക്കാണ് വിമാനം തകർന്നുവീണത്. ഒരു എഞ്ചിൻ നഷ്ടപ്പെട്ടതായി തകർന്നുവീഴുന്നതിനു മുമ്പ് പൈലറ്റ് അറിയിച്ചതായി എയർ ട്രാഫിക് കൺട്രോൾ പറഞ്ഞു. തകരാറിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉറപ്പ് നൽകിയിട്ടുണ്ട്. വിമാനം തകർന്ന് വീണയുടനെ അവശിഷ്ടങ്ങളിൽ തീ പടരുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തന നടപടികൾ തുടർന്നു വരികയാണ്. ഇതിന്റെ ഭാഗമായി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫെയർ മന്ത്രാലയം അറിയിച്ചു.

റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് ക്യാപ്റ്റൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) വൃത്തങ്ങൾ അറിയിച്ചു. വിമാനം താഴേക്കിറങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ് ആശയവിനിമയം നിലച്ചതായി അവർ ന്യൂസ് വണ്ണിനോട് പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറികിടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ പാകിസ്‌താൻ നിർത്തിവച്ച വിമാന സർവീസ്‌ മെയ്‌ 16 നാണ്‌ പുനരാരംഭിച്ചത്‌.

സ്വന്തം ലേഖകൻ

ലണ്ടൻ : വിദേശ എൻ എച്ച് എസ് ജീവനക്കാരെ ഇമിഗ്രേഷൻ ഹെൽത്ത്‌ ചാർജിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു. സ്വന്തം പാർട്ടിയിലെ എംപിമാരുടെ സമ്മർദ്ദത്തെ തുടർന്നാണ് മലയാളികൾ അടക്കമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സർചാർജ് ഒഴിവാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. ഒക്ടോബറിൽ നിലവിൽ വരുന്ന വർധന ഇനി ഇവർക്ക് ബാധകമല്ല. വിദേശ എൻ‌എച്ച്‌എസ് ജീവനക്കാരെയും കെയർ വർക്കർമാരെയും എത്രയും വേഗം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആഭ്യന്തര കാര്യാലയത്തോടും ആരോഗ്യവകുപ്പിനോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു. യൂറോപ്യൻ യൂണിയനല്ലാത്ത കുടിയേറ്റക്കാർക്ക് ഹെൽത്ത് ഇമിഗ്രേഷൻ സർചാർജ് പ്രതിവർഷം 400 പൗണ്ടാണ് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരുമെന്നിരിക്കെയാണ് ഈ തീരുമാനം.

കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോർട്ടർമാരും ക്ലീനർമാരും സ്വതന്ത്ര ആരോഗ്യ പ്രവർത്തകരും സാമൂഹിക പരിപാലന പ്രവർത്തകരും ഉൾപ്പെടെയുള്ള എൻ‌എച്ച്‌എസ് തൊഴിലാളികൾക്കും പദ്ധതിയിൽ ഇളവുകൾ ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നു. ക്ലീനർമാരും കെയർ പ്രൊഫഷണലുകളും ഉൾപ്പെടെയുള്ള വിദേശ എൻഎച്ച്എസ് ഉദ്യോഗസ്ഥരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നതിനായി ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പ്രതിപക്ഷം ഇന്നലെ ശ്രമിച്ചുവെങ്കിലും പ്രധാനമന്ത്രി ആദ്യം അത് നിരസിച്ചു. കുടിയേറ്റ ജീവനക്കാർ നൽകേണ്ടുന്ന എൻ എച്ച് എസ് സർചാർജ് റദ്ദാക്കുന്നതിലൂടെ 900 മില്യൺ പൗണ്ടിന്റെ നഷ്ടം വരെ ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നുവന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി, തന്റെ തീരുമാനം മാറ്റിയത്. പ്രധാനമന്ത്രിയുടെ അവകാശവാദം നിലനിൽക്കെ കുടിയേറ്റ ജീവനക്കാരെ സർചാർജിൽ നിന്ന് ഒഴിവാക്കുന്നത് ഈ വകയിൽ ലഭിക്കുന്ന വരുമാനത്തിന്റെ പത്തു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നയർ പറഞ്ഞു.

ഇളവ് ഉറപ്പാക്കുന്നതിന് ഇമിഗ്രേഷൻ ബില്ലിൽ ഭേദഗതി വരുത്താൻ പാർട്ടി പദ്ധതിയിട്ടിരുന്നതിനാൽ ഈ മാറ്റം ലേബർ പാർട്ടി സ്വാഗതം ചെയ്തു. മറ്റ് വിഭാഗങ്ങളായ വിസ അപേക്ഷകർക്ക് 400 പൗണ്ട് സർചാർജ് നിലവിലുണ്ട്. ആസൂത്രണം ചെയ്തതനുസരിച്ച് ഒക്ടോബറിൽ ഇത് 624 പൗണ്ടായി ഉയരും. വിദേശ ജീവനക്കാർക്ക് എൻ‌എച്ച്എസ് ചാർജ് നീക്കം ചെയ്യാനുള്ള ഞങ്ങളുടെ നിർദ്ദേശത്തെ ബോറിസ് ജോൺസൺ പിന്തുണച്ചത് ശരിയാണെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved