ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരവധി ബ്രിട്ടീഷുകാർക്ക് പിഴ ചുമത്തി പോലീസ്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഫിക് സഡ് പെനാൽറ്റി നോട്ടീസ് (എഫ് പിഎൻ) ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ സംയുക്ത സമിതി പ്രതികരിച്ചു. സർക്കാരിന്റെ പല നിയന്ത്രണങ്ങളും ആശയകുഴപ്പത്തിൽ ആക്കിയതായി കമ്മറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന പോലീസ് രീതി മറ്റു രാജ്യക്കാരിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. നിലവിൽ, ആളുകൾക്ക് നോട്ടീസിനെതിരെ പ്രതികരിക്കാൻ മാർഗങ്ങളില്ല. ഇംഗ്ലണ്ടിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴത്തുക 10000 പൗണ്ട് ആയി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ ഓരോ ആഴ് ചയും മാറുന്നതിനാൽ ഉപദേശം, മാർഗനിർദേശം, നിയമം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയക്കുഴപ്പം സൃഷ് ടിക്കുന്ന നിർദേശങ്ങൾ ശിക്ഷകൾ ലഭിക്കാൻ ഇടയാക്കിയതായി കമ്മിറ്റി ചെയർപേഴ്‌സൺ ഹാരിയറ്റ് ഹർമാൻ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലാക്കാൻ കൂടുതൽ നിയന്ത്രണപരമായ നടപടികൾ കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണിത്.

അതേസമയം കോവിഡ് -19 ന്റെ വ്യാപനം തടയാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ പകുതിയോടെ പ്രതിദിനം 50,000 പുതിയ കൊറോണ വൈറസ് കേസുകൾ യുകെയിൽ കാണാൻ കഴിയുമെന്ന് സർക്കാർ മുഖ്യ ശാസ്ത്ര ഉപദേഷ് ടാവ് മുന്നറിയിപ്പ് നൽകി. ഒരു മാസത്തിനുശേഷം പ്രതിദിനം 200-ലധികം മരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴ്ചകൾ പിന്നിടുന്തോറും രോഗികളുടെ എണ്ണവും ഇരട്ടിയാവുകയാണ്. പെട്ടെന്നുള്ള രോഗവ്യാപനം തടയാൻ സർക്കാർ ഇപ്പോൾ മുൻകൈ എടുക്കേണ്ടതുണ്ട്.

ഒരു ഒഎൻഎസ് പഠനത്തെ അടിസ്ഥാനമാക്കി യുകെയിൽ 70,000 ത്തോളം ആളുകൾക്ക് നിലവിൽ ഈ രോഗം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രതിദിനം 6,000 പേർക്ക് രോഗം പിടിപെടുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കുകളിൽ കേസുകൾ ഉയരുന്നുണ്ടെന്നും ചില പ്രായക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കോവിഡ് ബാധിച്ചിട്ടുണ്ടെന്നും പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് സീസണൽ ഇൻഫ് ളുവൻസയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ ലേബർ പാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ കഴിവില്ലായ് മയുടെയും മതിയായ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന്റെയും അനന്തരഫലമാണ് ഈ രോഗവ്യാപനമെന്ന് ലേബർ പാർട്ടി അറിയിച്ചു. “മറ്റൊരു ലോക്ക്ഡൗൺ തടയാൻ സർക്കാർ എന്തും ചെയ്യണം, അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും കനത്ത നാശനഷ്ടമുണ്ടാക്കും.” അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
സോളമൻ ദ്വീപിൽ രണ്ടാംലോകമഹായുദ്ധകാലത്ത് കുഴിച്ചിട്ട ഇപ്പോഴും പൊട്ടാതെ കിടക്കുന്ന ബോംബുകൾ കണ്ടെത്തി അടയാളപ്പെടുത്തുന്ന സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പസഫിക് ദ്വീപിന്റെ തലസ്ഥാനമായ ഹൊണെരിയയിലെ ജനവാസ പ്രദേശമായ താഷേ ഏരിയയിലാണ് സംഭവം നടന്നത് എന്ന് റോയൽ സോളമൻ ഐലൻഡ് പോലീസ് ഫോഴ്സ് അറിയിച്ചു. നോർവീജിയൻ പീപ്പിൾസ് എയ് ഡ് (എൻ പി എ ) എന്ന സർക്കാരിതര സംഘടന, തങ്ങളുടെ ജീവനക്കാരായ സ്റ്റീഫൻ ലൂക്ക് ആക്കിൻസൺ എന്ന ബ്രിട്ടീഷ് പൗരനും, ട്രെന്റ് ലീ എന്ന ഓസ്ട്രേലിയൻ പൗരനുമാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ” ഇതൊരു വലിയ ദുരന്തമാണ്, കനത്ത പ്രഹരശേഷിയുള്ള ആഘാതമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്” എന്ന് എൻ പി എ അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരുടെ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊപ്പമാണ് തങ്ങൾ, എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ബാക്കിപത്രമായ പൊട്ടാത്ത ബോംബുകളെ കുറിച്ച് സോളമൻ ഐലൻഡ് പോലീസ് ഫോഴ് സിനൊപ്പംപഠനം നടത്തുകയും മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന ടീമിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ.
പസഫിക്കിലെ ഏറ്റവും പ്രധാനപ്പെട്ട മിലിറ്ററി ക്യാമ്പെയിൻ മേഖലയായിരുന്നു സോളമൻ ദ്വീപ്. അവിടെ ഇപ്പോഴും പൊട്ടാത്ത ആയിരക്കണക്കിന് ബോംബുകളാണ് അവശേഷിക്കുന്നത്. അവയെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് അതിസാഹസികമായ കർത്തവ്യമാണ്. ഹോണിയാറയിലെ നാഷണൽ റഫറൽ ഹോസ് പിറ്റലിൽ രണ്ടു വിദേശികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. 19 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എൻ പി എ സോളമൻ ദ്വീപിലെ പ്രവർത്തനം അന്വേഷണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്ന് അറിയിച്ചിട്ടുണ്ട്.
” മികച്ച രണ്ടു സഹപ്രവർത്തകരെ ആണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്, അവരുടെ കുടുബങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം ഈ തീരാ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുകയാണ്” എൻപിഎ ജനറൽ സെക്രട്ടറി കില്ലി വെസ്ത്രിൻ പറഞ്ഞു.

എന്നാൽ ബോംബ് ഡിസ്പോസൽ യൂണിറ്റ് ഓഫീസർമാർ, എൻ പി എ യുടെ താമസസ്ഥലത്താണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഇരുവരും അൺ എക്സ്പ്ലോഡഡ് ഓർഡനൻസ് വർക്ക് ചെയ്യുകയായിരുന്നു എന്ന് വേണം കരുതാൻ.പൊതുവെ പൊട്ടിത്തെറിക്കാത്ത ബോംബുകളെ പറ്റിയുള്ള പഠനം താമസസ്ഥലങ്ങളിൽ നടത്താറില്ല. അതിനാൽ സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണ്ടിവന്നേക്കും.
1942 ൽ യൂ എസ് മറൈനേഴ്‌സ് ജപ്പാനെ ആക്രമിച്ചു കീഴടക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിലെ പ്രധാന വിജയം ആയി കണക്കാക്കുന്നത്. പസഫിക്കിലെ പ്രധാനപ്പെട്ട യുദ്ധ മേഖലയായിരുന്നു ഈ ദ്വീപ്. സിറ്റിയിലെ നിർമ്മാണ മേഖലകളിലും, കൃഷിയിടങ്ങളിലും പവിഴപ്പുറ്റുകളിലും കുട്ടികളുടെ കളി സ്ഥലത്തും തുടങ്ങി വളരെയേറെ സ്ഥലങ്ങളിൽ പൊട്ടാത്ത ബോംബുകൾ ഇപ്പോഴും കണ്ടെടുക്കാറുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വെയിൽസ് : രോഗവ്യാപനം ഉയർന്നതിനെത്തുടർന്ന് സൗത്ത് വെയിൽസിലെ നാല് പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്ക്. മെർതിർ ടൈഡ്‌ഫിൽ, ബ്രിഡ്ജന്റ്, ബ്ലെന ഗ്വെന്റ്, ന്യൂപോർട്ട് എന്നീ പ്രദേശങ്ങളിൽ നാളെ വൈകുന്നേരം 6 മണി മുതൽ ലോക്ക്ഡൗൺ നടപ്പിലാകും. വ്യക്തമായ കാരണമില്ലാതെ ആളുകൾക്ക് പുറത്ത് പോകാനോ അകത്തേക്ക് കടക്കാനോ സാധിക്കില്ല. പബ്ബുകൾ പോലുള്ളവ രാത്രി 11 മണിയോടെ അടയ്‌ക്കേണ്ടി വരും. പല വീടുകളിൽ നിന്നുള്ളവരുമായുള്ള കൂടിക്കാഴ്ച നാല് മേഖലകളിലും നിരോധിക്കുന്നതാണ്. 431,000 പൊതുജനങ്ങളെയാണ് ഈ നിയന്ത്രണങ്ങൾ ബാധിക്കുന്നത്. വെയിൽസിൽ 850,000 ത്തിലധികം പേർ ഇപ്പോൾ പ്രാദേശിക ലോക്ക്ഡൗണിന് കീഴിലാണ്. സെപ്റ്റംബർ ആദ്യം കീർഫില്ലി കൗണ്ടി ബൊറോയിലേക്കും റോണ്ട സിനോൺ ടാഫിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാല് കൗണ്ടികളിലെ കോവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതായി ആരോഗ്യമന്ത്രി വോൺ ഗെത്തിംഗ് പറഞ്ഞു.

സൗത്ത് വെയിൽസിലെ എല്ലാ കൗൺസിലുകൾ, ഹെൽത്ത് ബോർഡുകൾ, പോലീസ് സേനകൾ എന്നിവരുമായി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. വിശാലമായ പ്രാദേശിക ലോക്ക്ഡൗണിനെക്കുറിച്ചും കൂടുതൽ കൊറോണ വൈറസ് നിയന്ത്രണ നടപടികൾ ആവശ്യമാണോയെന്നും ഈ യോഗത്തിൽ ചർച്ച ചെയ്യും. ഈ പ്രാദേശിക ലോക്ക്ഡൗണുകൾ എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഗെത്തിംഗ് പറഞ്ഞു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : സർക്കാർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും തമ്മിലുള്ള അകലം പഠനനിലവാരത്തിൽ മാത്രമല്ല ഇപ്പോഴിതാ കൊറോണ വൈറസ് ടെസ്റ്റിന്റെ സാഹചര്യത്തിലും ഉടലെടുത്തിരിക്കുന്നു. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കൊറോണ വൈറസ് പരിശോധന നേടാനാകുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. സ്കൂളുകൾ പുനരാരംഭിച്ചത് മുതൽ ഒരു പരിശോധന ബുക്ക് ചെയ്യുവാൻ സർക്കാർ സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ സ്വകാര്യ സ്കൂളുകൾ ആവട്ടെ ഈ പ്രശ്നങ്ങൾ ഒന്നും നേരിടുന്നതുമില്ല. വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി അവരുടെ അംഗങ്ങളിൽ ചിലർ സ്വകാര്യമായി കോവിഡ് -19 ടെസ്റ്റുകൾ വാങ്ങിയതായി ഇൻഡിപെൻഡന്റ് സ്‌കൂൾസ് അസോസിയേഷനും ഇൻഡിപെൻഡന്റ് അസോസിയേഷൻ ഓഫ് പ്രെപ്പ് സ്‌കൂളുകളും വെളിപ്പെടുത്തി. സ്വകാര്യ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഐഎസ്‌എ ചീഫ് എക്സിക്യൂട്ടീവ് റുഡോൾഫ് എലിയട്ട് ലോക്ക്ഹാർട്ട് അറിയിച്ചു.

കോവിഡ് ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസത്തിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ് അപകടത്തിലാണെന്ന് സ്‌കൂൾ നേതാക്കളെ പ്രതിനിധീകരിക്കുന്ന മൂന്ന് സംഘടനകളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. ഈ സുപ്രധാന വിഷയത്തിൽ സ്റ്റേറ്റ് സ്കൂളുകളിലെ ഹെഡ് ടീച്ചർമാരും ഗവർണർമാരും പ്രധാനമന്ത്രി ബോറിസ് ജോൺസന് കഴിഞ്ഞാഴ്ച കത്തെഴുതിയിരുന്നു. സർക്കാർ അടിയന്തിരമായി പരിശോധന ഏർപ്പെടുത്തണമെന്നും സർക്കാരിന്റെ കഴിവില്ലായ്മ കാരണം ആരും സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലേബർ പാർട്ടിയുടെ ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കേറ്റ് ഗ്രീൻ മുന്നറിയിപ്പ് നൽകി.
തുടക്കത്തിൽ എല്ലാ സ്റ്റാഫുകളെയും വിദ്യാർത്ഥികളെയും പരീക്ഷിച്ച ഈറ്റൺ കോളേജ് സ്വകാര്യ പരിശോധന വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. മറ്റൊരു ബോർഡിംഗ് സ്കൂളായ കെന്റിലെ ബെനൻഡെൻ കോവിഡ് -19 ടെസ്റ്റിംഗ് മെഷീനായ സാംബാ II 35,000 പൗണ്ടിന് സ്വന്തമായി വാങ്ങിയിരുന്നു. 90 മിനിറ്റിനുള്ളിൽ ഫലങ്ങൾ ലഭ്യമാകുന്നതിലൂടെ സ്കൂളിലെ എല്ലാവരെയും പരിശോധിക്കാൻ സാധിക്കും. യുകെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അന്തർലീനമായിരിക്കുന്ന അസമത്വങ്ങൾ ഈ പകർച്ചവ്യാധി ഉയർത്തികാട്ടുകയാണെന്ന് ഹെഡ് ടീച്ചർ സാമന്ത പ്രൈസ് തുറന്നു പറഞ്ഞു.
വിദ്യാർത്ഥിയായി യുകെയിലെത്തി സ്വപരിശ്രമം കൊണ്ട് യുകെയിൽ സ്വന്തം വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയ ജിയോമോൻ ജോസഫിന് കണ്ണീരോടെ പിറന്ന നാട് വിടചൊല്ലി. സംസ്കാരം ഇന്നലെ ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് കാഞ്ഞിരപ്പള്ളി മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകി . നേതൃത്വപാടവം കൊണ്ട് ദൈവത്താൽ അനുഗ്രഹീകരിക്കപ്പെട്ടവനായിരുന്നു ജിയോമോൻ ജോസഫെന്ന് മാർ മാത്യു അറയ്ക്കൽ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി പന്തിരുവലിൽ പി.എം. ജോസഫിന്റെയും പാലാ സ്രാമ്പിക്കൽ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. തേനമ്മാക്കൽ കുടുംബാഗമായ സ്മിതയാണ് ഭാര്യ. നേഹ, നിയാൽ, കാതറിൻ എന്നിവർ മക്കളാണ്.
കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കോവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമായത്. റോംഫോർഡിലെ ക്യൂൻസ് ആശുപത്രിയിലും തുടർന്നു കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലുമായിരുന്നു 147 ദിവസത്തെ എഗ് മോ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്കാര ശുശ്രൂഷകൾ.

ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വന്ദേഭാരത് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭാര്യയും കുട്ടികളും ഏതാനും ദിവസം മുൻപ് നാട്ടിലെത്തിയിരുന്നു.
വിദ്യാർഥിയായിരിക്കെ കെഎസ് യുവിന്റെ നേതാവും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ചെയർമാനും കൗൺസിലറുമായിരുന്ന ജിയോമോൻ ഒഐസിസി യുകെയുടെയും സജീവ പ്രവർത്തകനായിരുന്നു. പതിനഞ്ചു വർഷം മുമ്പ് പഠനത്തിനായി ലണ്ടനിലെത്തിയ ജിയോമോൻ തുടർന്ന് ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ ബിസിനസുകാരനായി ഉയരുകയായിരുന്നു. ബ്രിട്ടനിലെ മലയാളികളിൽ ഏറ്റവും പ്രമുഖനായ വ്യവസായികളിൽ ഒരാളായിരുന്നു ജിയോമോൻ.
യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിംങ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയാണ് ജിയോമോൻ. ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവർപൂൾ സ്ട്രീറ്റിലെ അഞ്ചുനില കെട്ടിടം ഉൾപ്പെടുന്ന പ്രധാന കാമ്പസ് അടക്കം ആറ് കാമ്പസുകൾ അടങ്ങുന്നതാണ് ജിയോമോന്റെ വ്യവസായ സാമ്രാജ്യം. കൂടാതെ ദുബായിലും കൊച്ചിയിലുമായി വിദ്യാഭ്യാസ- ഐടി മേഖലയിൽ മറ്റ് വ്യവസായങ്ങളുടെയും ഉടമയാണ്. കേരളത്തിൽ പ്ലാന്റേഷൻ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഉൾപ്പെടെ 350 ലധികം പേർ ജോലി ചെയ്യുന്ന വ്യവസായത്തിന്റെ ഉടമയായിരുന്നു മലയാളികളുടെയെല്ലാം അഭിമാനമായി വളർന്ന ജിയോമോൻ.



സ്വന്തം ലേഖകൻ
ലാബ് ഡാൻസിംഗ് ക്ലബ്ബിൽ ‘വിലയേറിയ’ ഒരു രാത്രി ചെലവഴിച്ച വ്യാപാരിക്ക് 13000 പൗണ്ട് അക്കൗണ്ടിൽനിന്ന് നഷ്ടമായി. ഫിനാൻഷ്യൽ ഓംബുഡ്സ്മാന്റെ സഹായത്തോടെ തുക തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു, മിസ്റ്റർ പി എന്ന പേരിൽ അറിയപ്പെടുന്ന ചൂത് കളി വിദഗ്ധൻ. ക്ലബ്ബിലെ രാത്രി വൈകിയുള്ള ആഘോഷത്തിന് ശേഷം രാവിലെ ഉണരുമ്പോൾ 200 പൗണ്ടിന്റെ രണ്ട് നൃത്തങ്ങൾ വാങ്ങിയതായി മാത്രമേ മിസ്റ്റർ പിയ്ക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആറ് ട്രാൻസാക്ഷനുകളിലായി 12,921പൗണ്ട് പിൻവലിച്ചിരിക്കുന്നതായി കണ്ടു.
തനിക്ക് മദ്യവും മയക്കുമരുന്നും നൽകി ജീവനക്കാർ തന്റെ ബാങ്ക് വിവരങ്ങൾ ചോർത്തി എടുത്തതാണെന്നും, തന്റെ പണം തിരിച്ചുകിട്ടണമെന്നും മിസ്റ്റർ പി തന്റെ ബാങ്ക് ആയ ടി എസ് ബിയോട് ആവശ്യപ്പെട്ടു.
എന്നാൽ ബാങ്ക് ക്ലബ്ബിനെ വിഷയത്തിൽ സമീപിച്ചപ്പോൾ നടത്തിയ 6 പർച്ചേസുകളുടെ റെസിപ്റ്റ് ജീവനക്കാർ ഹാജരാക്കി. ഓംബുഡ്സ്മാൻ വിഷയം പോലീസിനെ അറിയിച്ചെങ്കിലും, സമാനമായ കഥകളുള്ള ചൂതുകളികാരെ ഇന്റർവ്യൂ ചെയ്ത പോലീസ് പ്രോസിക്യൂഷനുള്ള വകുപ്പില്ല എന്ന് അറിയിച്ചു. ഒരുപക്ഷേ മിസ്റ്റർ പി അമിത ലഹരി ഉപയോഗിച്ച് ബോധം കെടുന്ന അവസ്ഥയിലായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. സ്വബോധത്തിൽ അല്ലാതിരുന്ന സമയത്ത് ഒരുപക്ഷേ അയാൾ കാർഡ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിരുന്നിരിക്കാം, അയാൾ നൽകിയ പണത്തിനുള്ള സേവനം ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട് എന്ന തെളിവുകൾ ലഭ്യമായ സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല എന്നും പോലീസ് അറിയിച്ചു.
സ്വന്തം ലേഖകൻ
യു കെ :- ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ അനശ്വരമായി മാറിയ ജെയിംസ് ബോണ്ട് എന്ന കഥാപാത്രം ഇനി പുതിയ കൈകളിലേക്ക്. ഡാനിയേൽ ക്രെയ്‌ഗിന് പകരമായി ടോം ഹാർഡി എന്ന നടനാണ് ഇനിമുതൽ കഥാപാത്രത്തെ അവതരിപ്പിക്കുക. എന്നാൽ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ‘ നോ ടൈം ടു ഡൈ ‘ എന്ന ചിത്രത്തിനു ശേഷമാണ് ടോം ഹാർഡി എന്ന നടനെ ഉൾപ്പെടുത്തുക എന്നാണ് വാർത്തകൾ. കൊറോണ ബാധ മൂലം ഈ തീരുമാനം ചിലപ്പോൾ നീളാൻ സാധ്യതയുണ്ട്. ഈ കഥാപാത്രത്തിലേക്ക് ടോം ഹാർഡിക്കൊപ്പം, ടോം ഹിഡിൽസ്റ്റോൺ, ഇദ്രിസ് എല്ബ, റിച്ചാഡ് മാഡൻ എന്നീ പേരുകളും കേട്ടിരുന്നു.

ടോം ഹാർഡി എന്ന നടൻ നല്ല രീതിയിൽ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുമെന്ന് അഭിനേതാവായ പിയേഴ്സ് ബ്രോസ്നൻ അഭിപ്രായപ്പെട്ടു. വളരെയധികം കഠിനാധ്വാനവും, പരിശ്രമവും ആവശ്യമായ ഒരു കഥാപാത്രമാണ് ഇത്. അത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ ടോം ഹാർഡിക്കു ആകും എന്ന് അദ്ദേഹം ഉറപ്പു പ്രകടിപ്പിച്ചു. 2020 നവംബറിലാണ് ‘ നോ ടൈം ടു ഡൈ ‘ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനുശേഷം ആവും ടോം ഹാർഡി എന്ന നടൻ ഈ കഥാപാത്രത്തിന്റെ ഭാഗമായി അഭിനയിക്കുക.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്വാറന്റൈൻ ലംഘിക്കുന്നവരിൽ നിന്ന് 10000 പൗണ്ട് (9.5 ലക്ഷം രൂപ ) ഈടാക്കാൻ ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശം. ഇംഗ്ലണ്ടിൽ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസൻ ഈ നടപടി സ്വീകരിക്കുന്നത്. രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. എന്നാൽ അത് പാലിക്കാത്തവരിൽ നിന്ന് 10000 പൗണ്ട് ഈടാക്കുമെന്ന് ജോൺസൻ അറിയിച്ചു. സെപ്റ്റംബർ 28 മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ആദ്യ കുറ്റം ചെയ്യുന്നവർക്ക് 1000 പൗണ്ട് പിഴയും കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴത്തുക 10,000 ആയി ഉയരുമെന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പ് നൽകി. എല്ലാവരും നിയമങ്ങൾ പാലിക്കുകയാണെങ്കിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ ഒഴിവാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടുകൾ തമ്മിലുള്ള കൂടിക്കാഴ്ച നിരോധിക്കുവാനും പബ്ബുകളുടെ പ്രവർത്തന സമയം ചുരുക്കാനും പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചവരും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും കർശനമായി സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. എന്നാൽ ആളുകൾ ഇത് പാലിക്കാതെ വന്നത്തോടെയാണ് പിഴ ഇടക്കാനുള്ള തീരുമാനം കൈകൊണ്ടത്. ക്വാറന്റൈനിൽ കഴിയുന്ന താഴ്ന്ന വരുമാനക്കാർക്ക് ചികിത്സാ ആനുകൂല്യങ്ങൾക്ക് പുറമേ 500 പൗണ്ട് ആനുകൂല്യവും സർക്കാർ നൽകും. 500 പൗണ്ടിന്റെ ഒറ്റത്തവണ പേയ്മെന്റ്, ആഴ്ചയിൽ 95.85 പൗണ്ടിന്റെ ചികിത്സാ അനുകൂല്യത്തിന് പുറമെയാണ്.

നിലവിൽ, കേസുകൾ വർദ്ധിച്ച യുകെയിലെ വലിയ പ്രദേശങ്ങൾ കർശനമായ പ്രാദേശിക ലോക്ക്ഡൗണിലാണ് ഉള്ളത്. വർഷാവസാനത്തിനുമുമ്പ് ഒരു വാക്സിൻ തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഹാൻകോക്ക് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾ സുരക്ഷിതരായി തുടരേണ്ടതിന് ഇപ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏർപ്പെടുത്തിയ പുതിയ പിഴയെ പിന്തുണയ്ക്കുന്നതായി ലേബർ നേതാവ് സർ കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. പുതിയ പിഴ വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും ഏർപ്പെടുത്തിയേക്കും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടനിൽ രണ്ടാം ഘട്ട വ്യാപനം നടന്നുകഴിഞ്ഞു എന്നറിയിച്ച പ്രധാനമന്ത്രി, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. കൂടിക്കാഴ്ച നടത്തുന്നതിനുള്ള നിരോധനത്തിന് പുറമെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായുള്ള പ്രവർത്തന സമയം കുറയ്ക്കുകയാണ്. കുറഞ്ഞത് 135 ലക്ഷം ആളുകൾ, ഏകദേശം രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒരാൾ ഇതിനകം പ്രാദേശിക നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ലണ്ടനിൽ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന് മേയർ അറിയിച്ചു. ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങളിൽ ജോൺസന് നേരിട്ട് അധികാരമുണ്ട്. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അവിടുത്തെ സർക്കാർ ആവും തീരുമാനം കൈകൊള്ളുക. ഓരോ ആഴ്ച പിന്നിടുമ്പോഴും കേസുകൾ കുത്തനെ ഉയരുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ 4,322 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മെയ് എട്ടിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗവ്യാപനം 4,000 കടന്നത്.

ദേശീയ ലോക്ക്ഡൗൺ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ആവശ്യമാണെന്നും വെള്ളിയാഴ്ച സംസാരിച്ച ജോൺസൺ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സ്കൂളുകളും ജോലിസ്ഥലങ്ങളും തുറന്നിരിക്കും. രാജ്യത്തൊട്ടാകെയുള്ള പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുകയാണ്. സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ, വെൽഷ് പ്രഥമമന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ്, ലേബർ നേതാവ് കെയർ സ്റ്റാർമർ എന്നിവർ പ്രധാനമന്ത്രിയോട് എമർജൻസി കോബ്ര മീറ്റിംഗ് ചേരാൻ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലൻഡിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് സ്റ്റർജിയൻ പറഞ്ഞു.

ലണ്ടനിൽ കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് തനിക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. രാജ്യത്തെ ആർ റേറ്റ് 1.1 നും 1.4 നും ഇടയിൽ ഉയർന്നതായി സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു. മരണസംഖ്യ വളരെ താഴ്ന്ന നിലയിലാണെങ്കിലും രോഗവ്യാപനം അതിവേഗമാണെന്ന് സേജ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ് യോർക്ക്ഷയർ, മിഡ്‌ലാന്റ്സ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ലീസെസ്റ്റർഷെയറിലെ വോൾവർഹാംപ്ടൺ, ഓഡ്ബി, വിഗ്സ്റ്റൺ എന്നിവിടങ്ങളിലും ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവയുടെ എല്ലാ ഭാഗങ്ങളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.