Main News

തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം കോമണ്‍സില്‍ ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ടോറി പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ടായിരുന്നു ജോണ്‍സണ്‍ പ്രസംഗിച്ചത്. മേയുടെ ബ്രെക്‌സിറ്റ് നയം സംഭ്രമം നിറഞ്ഞതാണെന്ന് ജോണ്‍സണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ലങ്കാസ്റ്റര്‍ ഹൗസ് സ്പീച്ചില്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിച്ചതിനു ശേഷം മേയ് സംശയത്തിന്റെ പുകമറയിലാണെന്നും ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി നീക്കുപോക്കുകള്‍ക്ക് പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വളരെ വിചിത്രമായ പ്രതികരണമാണ് മേയ് നല്‍കിയത്. താന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണെന്നും ജോണ്‍സണിന്റെ പ്രസംഗം കാണാനുള്ള സമയമില്ലെന്നും മേയ് പറഞ്ഞു. ബ്രെക്‌സിറ്റിന് അനുമതി നല്‍കിയ പൗരന്‍മാരെ പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ച ജോണ്‍സണ്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പരോക്ഷമായി ഉന്നയിച്ചു. ബ്രെക്‌സിറ്റിനെ സംരക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു പരാമര്‍ശം. ജോണ്‍സണ്‍ പ്രസംഗിക്കുമ്പോള്‍ മേയ് കോമണ്‍സില്‍ ഉണ്ടായിരുന്നില്ല.

ബ്രെക്‌സിറ്റിലെ തന്ത്രപ്രധാന നീക്കങ്ങള്‍ മറ്റ് മുതിര്‍ന്ന എംപിമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അതേ സമയത്ത് തെരേസ മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഡേവിഡ് ഡേവിസും ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ടോറി പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പോര്‍മുഖവും തുറന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് പാര്‍ലമെന്റില്‍ പ്രത്യക്ഷമായത്.

യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.

2011നു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശിശു മരണ നിരക്കുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജനിക്കുന്ന 1000 കുട്ടികളില്‍ നാല് പേര്‍ തങ്ങളുടെ ആദ്യ ജന്മദിനത്തിനു മുമ്പു തന്നെ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ആയിരത്തില്‍ 3.9 കുട്ടികള്‍ മാത്രമായിരുന്നു മരിച്ചിരുന്നത്. മൊത്തം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുള്ളതിനാല്‍ അതിന് ആനുപാതികമായി കണക്കാക്കുമ്പോളാണ് മരണനിരക്കുകള്‍ വര്‍ദ്ധിച്ചതായി കാണാന്‍ കഴിയുന്നത്. ശിശു മരണ നിരക്ക് 2010ല്‍ 4.3ല്‍ നിന്ന് 4.0 ആയി കുറഞ്ഞിരുന്നു. അതിനു ശേഷം മരണനിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്കുകള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായും ഇതിനെ കാണാം. 2003ല്‍ മരണ നിരക്കുകള്‍ ആയിരത്തില്‍ 5.3ല്‍ നിന്ന് 4.3 ആയി കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1980ലെയും 1991ലെയും നിരക്കുകളേക്കാള്‍ കുറയ്ക്കാനും സാധിച്ചിരുന്നു.

ശിശു മരണനിരക്ക് കുറഞ്ഞതിനൊപ്പം ജനന നിരക്കിലും കുറവുണ്ടായിട്ടുണ്ടെന്നത് ഒഎന്‍എസിന്റെ മറ്റൊരു സ്റ്റാറ്റിസ്റ്റിക്‌സാണ് വ്യക്തമാക്കുന്നത്. 2006നു ശേഷം ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 679,106 ജനനങ്ങളാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശിശുമരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ശിശുമരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാണാം. ഇതാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ശിശു മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിന്റര്‍ വൊമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോ വൈറസ് ബ്രിട്ടനില്‍ പടരുന്നു. ഹീറ്റ് വേവിനിടയിലും ഈ വൈറസ് ബാധ രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തോളം നീളുന്ന വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗ ലക്ഷണങ്ങള്‍. ഡെവണ്‍, കോണ്‍വാള്‍, ഗ്ലോസ്റ്റര്‍ഷയര്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലെല്ലാം രോഗബാധയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ജിപിയെ കാണാന്‍ ശ്രമിക്കരുതെന്നാണ് ഏറ്റവും പ്രധാന നിര്‍ദേശം. മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ ഇത് കാരണമായേക്കും. ജിപിയെയോ എന്‍എച്ച്എസ് 111ലേക്കോ വിളിച്ച് ഉപദേശം തേടണമെന്ന് എന്‍എച്ച്എസ് നിര്‍ദേശിക്കുന്നു. പെട്ടെന്ന് അസ്വസ്ഥതയുണ്ടാകുക, ഛര്‍ദ്ദിക്കുക, വയറിളകുക എന്നിവയാണ് വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് ചെറിയ പനി, തലവേദന, വയറുവേദന, കൈകാലുകളില്‍ വേദന എന്നിവയും കാണപ്പെടുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. രണ്ടു മുതല്‍ മൂന്നു ദിവസം വരെ രോഗം നീണ്ടുനില്‍ക്കുകയും ചെയ്യും.

നോറോ വൈറസ് ബാധിച്ചതായി സംശയം തോന്നിയാല്‍ വീട്ടില്‍ തന്നെ വിശ്രമിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഈ രോഗത്തിന് നിലവില്‍ മരുന്നുകള്‍ ഒന്നും തന്നെയില്ല. തനിയെ ഭേദമാകുന്നതു വരെ കാത്തിരിക്കുക മാത്രമേ രോഗിക്ക് ചെയ്യാനുള്ളു. മറ്റ് അസ്വസ്ഥതകള്‍ക്ക് മാത്രമേ മരുന്നുകള്‍ ആവശ്യമായി വരാറുള്ളു. ഡീ ഹൈഡ്രേഷന്‍ ഒഴിവാക്കാന്‍ ഏറെ വെള്ളം കുടിക്കുക, ജ്യൂസുകള്‍, സൂപ്പുകള്‍ എന്നിവ കഴിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകളും ഫ്രൂട്ട് ജ്യൂസുകളും കുട്ടികള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കണം. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക അത് തുടര്‍ന്നും നല്‍കണം. വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും എന്‍എച്ച്എസ് നിര്‍ദേശങ്ങള്‍ പറയുന്നു.

എന്‍.എച്ച്.എസ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതില്‍ 600ശതമാനം വര്‍ദ്ധനവുണ്ടായതായി വെളിപ്പെടുത്തല്‍. ജീവനക്കാരുടെ അപര്യാപ്തതയും ഫെസിലിറ്റികളുടെ കുറവുമാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാന്‍ എന്‍.എച്ച്.എസ് മേധാവികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ പ്രധാന കാരണം. സമീപകാലത്ത് പല എന്‍.എച്ച്.എസ് ആശുപത്രികളിലും ആവശ്യത്തിന് നഴ്‌സിംഗ് ജീവനക്കാരില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ അപര്യാപ്ത കാരണം നഴ്‌സുമാര്‍ അധിക ജോലിയെടുക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍.എച്ച്.എസ് ഡിജിറ്റല്‍ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആവശ്യമായ ജീവനക്കാരോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ 2016-17ല്‍ 584,963 കേസുകളാണ് എന്‍.എച്ച്.എസ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ 100,067 കേസുകള്‍ മാത്രമെ റഫര്‍ ചെയ്തിരുന്നുള്ളു. ഏതാണ്ട് ആറിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ എന്‍.എച്ച്.എസ് ആകെ കൈകാര്യം ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 16,546,667 ആണ്. സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇനത്തില്‍ എന്‍.എച്ച്.എസിന് ആകെ ചെലവ് വന്നിരിക്കുന്ന തുക 1 ബില്യണലധികം വരും. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്‍.എച്ച്.എസിന് അധിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് ആവശ്യങ്ങളുമായി എന്‍.എച്ച്.എസിനെ സമീപിച്ചിരുന്നു. എന്നാല്‍ അവക്കൊന്നും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ പുറത്തുവന്നിരിക്കുന്ന കണക്കുകളില്‍ അദ്ഭുതം തോന്നുന്നില്ലെന്ന് ഹെല്‍ത്ത് സര്‍വീസ് യൂണിയന്‍ യുണിസണ്‍ പ്രതിനിധി സാറ ഗോര്‍ട്ടണ്‍ പറഞ്ഞു. ചെലവേറിയ ശസ്ത്രക്രിയകള്‍ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് നിലവില്‍ എന്‍.എച്ച്.എസ് ചെയ്യുന്നതെന്നും സാറ കൂട്ടിച്ചേര്‍ത്തു. അതേസമയം എന്‍.എച്ച്.എസിനായി ചെലവഴിക്കുന്ന തുകയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. എന്‍.എച്ച്.എസ് പൂര്‍ണമായും സൗജന്യമായാണ് സേവനം നല്‍കുന്നത്. അത് തുടരുമെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു.

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആമസോണ്‍ ചീഫ് ജെഫ് ബിസോസ്. ആമസോണിന്റെ വിപണിമൂല്യം 151 ബില്യണ്‍ ഡോളറായി ഉയര്‍ന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ബില്‍ഗേറ്റ്സിനെ പിന്നിലാക്കാന്‍ ജെഫ് ബിസോസിന്റെ സഹായിച്ചത്. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ 6.6 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം 56 ശതമാനമായിരുന്നു ഓഹരികളുടെ വളര്‍ച്ച. ലോക പണക്കാരുടെ പട്ടികയില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബില്‍ഗേറ്റ്‌സിനെ പിന്തള്ളിയത് വലിയ നേട്ടമായിട്ടാണ് സാമ്പത്തിക ലോക് വിലയിരുത്തുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ബ്ലൂംബര്‍ഗ് ബില്യണെയര്‍ ഇന്‍ഡെക്‌സ് പ്രകാരം 105 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന് ആസ്തി. എന്നാല്‍ കഴിഞ്ഞ ദിവസം അത് 151 ഡോളറായി വര്‍ദ്ധിച്ചു. ലോകത്തിലെ ഏതൊരാളും സ്വന്തമാക്കിയ സമ്പത്തിനേക്കാളും ഏറെയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോള്‍. നിലവിലെ ലോകത്തിലെ മുന്‍നിര പണക്കാരുടെ വളര്‍ച്ചയുടെ കണക്ക് പരിശോധിച്ചാല്‍ ചില രാജ്യങ്ങളുടെ ആകെ ജിഡിപിയേക്കാളും വലുതാണ്. ബില്‍ഗേറ്റ്‌സും ജെഫ് ബെസോസും മാത്രം സമീപകാലത്ത് നേടിയ നേട്ടം ചില രാജ്യങ്ങളുടെ ആകെ ബിസിനസ് നേട്ടത്തിലും കൂടുതലാണ്. ചരിത്രനേട്ടത്തിലെത്തിയ ആമസോണ്‍ ഇന്റര്‍നെറ്റ് വിപണി കീഴടക്കുകയാണ്.

1990കളുടെ തുടക്കത്തിലാണ് ബിസോസ് ഇ-കൊമേഴ്‌സ് സ്ഥാപനം തുടങ്ങുന്നത്. 2017 ലെ മൊത്തം കണക്കുകള്‍ എടുത്താല്‍ കമ്പനിക്ക് ഏകദേശം 56 ശതമാനത്തോളം സ്റ്റോക്ക് റൈസുണ്ടായിട്ടുണ്ട്. ഇതാദ്യമായല്ല ബിസോസ് പണക്കാരുടെ പട്ടികയില്‍ ഒന്നാമതാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ രണ്ട് തവണ ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ ഇത്തവണ മറ്റൊരു പണക്കാരനും നേടാത്തതിലും വലിയ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്ത് 87.2 ബില്യണ്‍ ഡോളര്‍. ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗും സാരയുടെ സഹസ്ഥാപകനുമായ അന്‍സാനോ ഒര്‍ടെഗ ഗാനോണ യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമാണ്. യഥാക്രമം 77.5 ബില്ല്യണ്‍ ഡോളറും 76 ബില്ല്യണ്‍ ഡോളറുമായിരുന്നു ഇവരുടെ ആസ്തികള്‍.

ബ്രിട്ടന്‍ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ സതര്‍ലാന്‍ഡില്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് നിക്ഷേപിക്കും. ബഹിരാകാശ വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 4 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഏവിയേഷന്‍ പദ്ധതികളില്‍ 300 മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ഫാണ്‍ബോറോ എയര്‍ഷോയില്‍ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

പരിസ്ഥിതി സൗഹൃദ എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനുള്ള ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയറോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് സതര്‍ലാന്‍ഡിലെ ഫെസിലിറ്റിയുടെ നിര്‍മാണച്ചുമതല. യുകെ സ്‌പേസ് ഏജന്‍സി ഇതിനായി 23.5 മില്യന്‍ പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ ഉപഗ്രഹങ്ങളും ബഹിരാകാശ യാനങ്ങളും വിക്ഷേപിക്കാനുള്ള വെര്‍ട്ടിക്കല്‍ ലോഞ്ചിംഗ് സൗകര്യമാണ് ഒരുക്കുന്നത്. ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ഗവേഷണ സൗകര്യങ്ങളും ഇവിടെയൊരുക്കും. ബ്രിട്ടന്റെ സ്വന്തം വിക്ഷേപണ വാഹനം തയ്യാറാക്കുന്നതിനായി ഓര്‍ബെക്‌സ് എന്ന ബ്രിട്ടീഷ് കമ്പനിക്കാണ് ചുമതല. 5.5 മില്യന്‍ പൗണ്ടാണ് ഇതിനായി നല്‍കുക.

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സാറ്റലൈറ്റ് സിസ്റ്റത്തില്‍ നിന്ന് ബ്രെക്‌സിറ്റോടെ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ബ്രിട്ടന്‍ സ്വന്തം ബഹിരാകാശ സംരംഭത്തിന് തയ്യാറെടുക്കുന്നത്. ആദ്യ പടിയായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഓര്‍ബെക്‌സ് ഒരുക്കും. കോണ്‍വാള്‍, ഗ്ലാസ്‌ഗോ, പ്രെസ്റ്റ്വിക്ക്, സ്‌നോഡോണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൊറിസോണ്ടല്‍ സ്‌പേസ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനായി 2 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ഇവന്റിന് ആതിഥേയരാകാന്‍ ശ്രമങ്ങളുമായി തെരേസ മെയ് സര്‍ക്കാര്‍. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കുമെന്ന് തെരേസ മേയെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നേരത്തെ ലേബര്‍ പാര്‍ട്ടിയും ലോകകപ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2030ലെ ലോകകപ്പ് യുകെയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വക്താവ് പറഞ്ഞു. യുകെയിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് സന്തോഷമേയുള്ളു. 2030ലെ ലോകകപ്പ് വേദിക്കായി അവകാശവാദമുന്നയിക്കും. സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കാര്യക്ഷമമായി നടത്തിയതിന് ചരിത്രം നമുക്കുണ്ട്. അതുകൊണ്ടു തന്നെ വേദി ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

അതേസമയം യുകെയിലെ എല്ലാ പ്രദേശങ്ങളും ഉല്‍പ്പെടുത്തിയുള്ള വേദിയാണോ ലക്ഷ്യം മറിച്ച് ഇംഗ്ലണ്ട് മാത്രമാണോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. നിലവിലെ യുകെ/ഇംഗ്ലണ്ട് ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ യുകെ മുഴുവനായിട്ടായിരിക്കും ലോകകപ്പിന് വേദിയാവുകയെന്നാണ് സൂചന. യുവേഫയും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഗവേര്‍ണിംഗ് ബോഡിയും യുകെയുടെ ആവശ്യത്തെ പിന്തുണക്കും. യുകെ വേദിക്കായി ശ്രമിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ഇരുവരും കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. കൂടാതെ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുകെയ്ക്ക് പിന്തുണ നല്‍കാന്‍ ഇടയുണ്ട്.

2030ലെ വേദിക്കായി ഉറുഗ്വെയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. 1930ലാണ് ഇതിന് മുന്‍പ് ഉറുഗ്വെ ആതിഥേയരായിട്ടുള്ളത്. ലേബര്‍ പാര്‍ട്ടിയും സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ദേശീയ ഗെയിമാണ് ഫുട്‌ബോള്‍. രാജ്യത്തെ ഒന്നിച്ച് നിര്‍ത്താന്‍ അതിന് കഴിവുണ്ട്. കാല്‍പന്തുകളി മനുഷ്യനിലെ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ കഴിവുള്ളതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ വേദിക്കായി ശ്രമിക്കുന്നതിന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ലേബര്‍ ഡപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ വ്യക്തമാക്കി. 2018ലെ വേദിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ പിന്തള്ളി റഷ്യ ആതിഥേയ അവകാശം നേടുകയായിരുന്നു. 1996ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ് ഇംഗ്ലണ്ട് വേദിയായ അവസാനത്തെ പ്രധാന ടൂര്‍ണമെന്റ്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ വിടുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കണക്കുകള്‍ അനുസരിച്ച് 139,000 പേരാണ് യുകെയില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോയത്. ഇത് രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ നിരക്കാണ്.

2017ല്‍ 240,000 പേര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്തി. ഇതിലൂടെ രേഖപ്പെടുത്തിയ മൊത്തം ഇന്‍ഫ്‌ളോ 101,000 ആണ്. ലോകമൊട്ടാകെ നിന്നുള്ള മൊത്തം ഇമിഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 282,000 ആയി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം 630,000 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും എമിഗ്രേഷനില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തെരേസ മേയ് ലക്ഷ്യമിട്ടിരുന്നതിലും മൂന്ന് മടങ്ങായി മൊത്തം ഇമിഗ്രേഷന്‍ ഉയര്‍ന്നിട്ടുണ്ട്.

12 മാസങ്ങളില്‍ സ്‌റ്റോക്ക് ടൗണിന്റെ ജനസംഖ്യക്ക് തുല്യം കുടിയേറ്റക്കാരാണ് ഇവിടേക്ക് എത്തിയത്. ബ്രിട്ടനില്‍ നിന്ന് കുടിയേറ്റക്കാര്‍ തിരികെ പോകുന്ന ബ്രെക്‌സോഡസ് എന്ന പ്രവണത 2016ലെ ഹിതപരിശോധനയ്ക്ക് ശേഷം സജീവമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വലിയൊപു ഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്നായിരുന്നു വിലയിരുത്തലെങ്കിലും അപ്രകാരം പോകുന്നവര്‍ക്ക് പകരം അതേ അളവില്‍ ഇമിഗ്രേഷന്‍ തുടരുകയും ചെയ്തിരുന്നു.

കോട്ടയം : ജലന്ധര്‍ രൂപത ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്‌. കേസ്‌ പിന്‍വലിക്കാന്‍ കന്യാസ്‌ത്രീയുടെ സഹോദരനു വാഗ്‌ദാനം ചെയ്‌തത്‌ അഞ്ചുകോടി രൂപ. പരാതിക്കാരിയായ കന്യാസ്‌ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക്‌ ഉയര്‍ത്താമെന്നാണു മറ്റൊരു വാഗ്‌ദാനം.

ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്‌ദാനങ്ങളുമായി കന്യാസ്‌തീയുടെ സഹോദരനെ സമീപിച്ചത്‌. ഇദ്ദേഹം നെല്ല്‌ വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്‌ഥന്‍. കഴിഞ്ഞ 13-നാണ്‌ മില്ലുടമ കന്യാസ്‌ത്രീയുടെ സഹോദരനെ സമീപിച്ചത്‌.
ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തിയുണ്ടായിരുന്ന സിസ്‌റ്റര്‍ നീന റോസാണ്‌ ആലഞ്ചേരിക്കു പരാതി നല്‍കിയത്‌.

സിസ്‌റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന്‌ ഉജ്‌ജയിന്‍ ബിഷപ്‌ സെബാസ്‌റ്റ്യന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്‌. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്‌ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ ഉജ്‌ജയിന്‍ ബിഷപ്‌ മുഖേന കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്‌റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്‌. അതിന്മേലും നടപടിയുണ്ടായില്ല.

ഇന്ന്‌ എറണാകുളത്തെത്തുന്ന കര്‍ദിനാളിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്‌. പീഡനം നടന്നതായി കന്യാസ്‌ത്രീ ആരോപിച്ച 2014-16 കാലയളവിലെ മുഴുവന്‍ വിളികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഫോണ്‍ കമ്പനികളോട്‌ ഉത്തരവിട്ടു. ബിഷപ്പും കന്യാസ്‌ത്രീയും ഉപയോഗിച്ചിരുന്ന ബി.എസ്‌.എന്‍.എല്‍, ഐഡിയ, എയര്‍ടെല്‍ ഫോണുകളുടെ വിശദാശംങ്ങള്‍ ഇന്ന്‌ അന്വേഷണസംഘത്തിനു നല്‍കണമെന്നാണ്‌ ഉത്തരവ്‌. ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്‌ മൊബൈല്‍ കമ്പനികളെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നാണു പോലീസ്‌ കോടതിയെ സമീപിച്ചത്‌.

RECENT POSTS
Copyright © . All rights reserved