ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ജർമ്മനി :- ഈസ്റ്റ് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നിൽ നിന്നാണ് ആഭരണം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നിനും 37 ഭാഗങ്ങൾ വീതമുണ്ട്. മോഷ്ടിച്ചിരിക്കുന്നവർ ആഭരണങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത അധികമാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. 1723 -ൽ സാക്സണിന്റെ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് ആണ് ഈ മ്യൂസിയം പണികഴിപ്പിച്ചത്. ലോകത്തിലെ തന്നെ പുരാതനമായ മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്.
10 സെറ്റ് വജ്രാഭരണങ്ങളുള്ളതിൽ, മൂന്ന് സെറ്റുകൾ ആണ് മോഷണം പോയിരിക്കുന്നതെന്ന് ഡ്രെസ്ഡെൻ സ്റ്റേറ്റ് മ്യൂസിയം ഹെഡ് മാരിയോൻ അക്കർമാൻ രേഖപ്പെടുത്തി. ഗ്രീൻ വോൾട്ടിൽ നിന്നും നഷ്ടപ്പെട്ട ഇവയ്ക്കൊപ്പം, കുറച്ചധികം റൂബി, എമറാൾഡ്, സഫെയർ പോലുള്ള രത്നങ്ങളും ഉണ്ട്. ഗ്രൗണ്ട് ഫ്ളോറിലെ ഒരു ജനലിന്റെ ഇരുമ്പ് കമ്പി വളച്ച്, ഗ്ലാസ് പൊട്ടിച്ചതിനുശേഷം ആണ് കള്ളന്മാർ അകത്തുകടന്നത് എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ഫൂട്ടേജിൽ ഇരുട്ടിൽ രണ്ടുപേരെ മാത്രമാണ് കാണുന്നത്. എന്നാൽ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
നഷ്ടപ്പെട്ട ആഭരണങ്ങളുടെ അടിസ്ഥാന വിലയേക്കാൾ ഉപരിയായി, അതിന്റെ സാംസ്കാരിക പ്രാധാന്യം ആണ് വിലമതിക്കാനാവാത്തത് എന്ന് മിസ് അക്കർമാൻ രേഖപ്പെടുത്തി. ഏകദേശം 855 മില്യൻ പൗണ്ടോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. പ്രതികളെ കണ്ടുപിടിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി നടത്തിപ്പിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിരാലംബര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യുണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകൾ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു . രാവിലെ ഒൻപതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം പത്തു മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത് . പത്തു മുപ്പതു മുതൽ ഡോ . സി. ജോവാൻ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ്സ് ക്രമീകരിച്ചിട്ടുണ്ട് .പതിനൊന്ന് നാൽപ്പത്തി അഞ്ചിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും . ഒരു മണിക്ക് ഉച്ചഭക്ഷണം , രണ്ടു മണി മുതൽ വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ , മൂന്നു മുപ്പതിന് ദമ്പതീ വർഷത്തിന്റെ ഉത്‌ഘാടനം എന്നിങ്ങനെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് .
സർവമനോഹരിയായ( പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരൽ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം .സി. ബി. എസ്.,റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു .
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : തുടർച്ചയായ സുരക്ഷാ വീഴ്ചകൾ കാരണം ഉബെറിന് ലണ്ടനിൽ പ്രവൃത്തിക്കാനുള്ള ലൈസൻസ് നഷ്ടമായേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ അറിയിച്ചു. ഉബെറിന്റെ അപ്ലിക്കേഷൻ ഉചിതമായ ഒന്നല്ലെന്നും അവർ പറഞ്ഞു. 2017ൽ ആണ് ഉബെറിനു ആദ്യം ലൈസൻസ് നഷ്ടമാവുന്നത്. പിന്നീട് ഇത് 2019 നവംബർ 24 വരെ നീട്ടുകയുണ്ടായി. 45,000 ഓളം ഡ്രൈവർമാർ ലണ്ടനിലെ ഉബെറിനായി ജോലി ചെയ്യുന്നു. ഒപ്പം ആഗോളതലത്തിൽ മികച്ച അഞ്ച് വിപണികളിൽ ഒന്ന് കൂടിയാണിത്. പല സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് ലൈസൻസ് റദ്ദാക്കുന്നതെന്നും ടിഎഫ്എൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന് അവർ കണ്ടെത്തി. 2018 അവസാനത്തിലും 2019 ന്റെ തുടക്കത്തിലും ലണ്ടനിൽ കുറഞ്ഞത് 14,000 വഞ്ചനാപരമായ യാത്രകളുണ്ടായിരുന്നുവെന്ന് ടിഎഫ്‌എൽ വെളിപ്പെടുത്തി. കൂടാതെ പിരിച്ചുവിട്ട ഡ്രൈവർമാർക്ക് ഉബെർ അപ്ലിക്കേഷനിൽ കയറി വീണ്ടും അക്കൗണ്ട് ഉണ്ടാക്കി യാത്രക്കാരെ കൊണ്ടുപോകാനും കഴിഞ്ഞു.
ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു: “ഈ തീരുമാനം ഉബർ ഉപയോക്താക്കൾക്ക് മോശമായി തോന്നിയേക്കാം. എന്നാൽ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം”. എന്നാൽ ഉബെർ പെട്ടെന്നൊന്നും ലണ്ടനിൽ നിന്ന് അപ്രത്യക്ഷം ആവില്ല. ഉബെർ അപ്പീൽ നൽകുകയും അതിനെതുടർന്ന് മജിസ്‌ട്രേറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആവും അന്തിമവിധി ഉണ്ടാവുക. മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നുള്ള തീരുമാനത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. കോടതി തീരുമാനിച്ചില്ലെങ്കിൽ ഈ കാലയളവിലും ഉബെർ ലൈസൻസ് നിലനിർത്തി പ്രവർത്തിക്കും. ലൈസൻസ് റദ്ദാക്കുന്നത് തെറ്റായ തീരുമാനം ആണെന്ന് ഉബെർ ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ലണ്ടനിലെ എല്ലാ ഡ്രൈവർമാരെയും ഓഡിറ്റ് ചെയ്തതായും അതിന്റെ പ്രക്രിയകൾ കൂടുതൽ ശക്തമാക്കിയതായും അവർ റിപ്പോർട്ടിൽ പറയുന്നു. ഈ ടിഎഫ്‌എൽ തീരുമാനം തെറ്റാണെന്നും കഴിഞ്ഞ 2 വർഷമായി ഞങ്ങൾ ലണ്ടനിൽ പ്രവർത്തിക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്നും തലവൻ ബോസ് ദാര ഖോസ്രോഷാഹി ട്വീറ്റ് ചെയ്തു.
ഉബർ പറയുന്നതനുസരിച്ച് , അവരുടെ വിൽപ്പനയുടെ 24% ലണ്ടൻ ഉൾപ്പെടെ അഞ്ച് നഗരങ്ങളിൽ നിന്നാണ്. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, സാൻ ഫ്രാൻസിസ്കോ, ബ്രസീലിലെ സാവോ പോളോ എന്നിവയാണ് മറ്റു നഗരങ്ങൾ. ഉബെറിന്റെ അപ്പീൽ പരാജയപ്പെട്ടാൽ, അത് വിപണിയിൽ വലിയ വിടവ് സൃഷ്ടിക്കുമെന്ന് പലരും കരുതുന്നു. ഉബെറിന്റെ സേവനങ്ങൾ ജനങ്ങൾ എത്രത്തോളം ഇഷ്ടപെടുന്നുവെന്ന് അവർക്കുള്ള ജനപ്രീതിയിൽ നിന്നുതന്നെ വ്യക്തമാണെന്ന് ബിസിനസ് ഗ്രൂപ്പ് ആയ സിബിഐ പറഞ്ഞു. എന്നാൽ ഉബെറിന് വീഴ്ച പറ്റിയെന്നു ചിന്തിക്കുന്ന യുണൈറ്റ് യൂണിയൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഉബെറിന് മറ്റു രാജ്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങൾ മൂലം സേവനം നിർത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്. 2017ൽ ഡെൻമാർക്കിലും പിന്നീട് ബൾഗേറിയ, ഹംഗറി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഉബെറിന് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായി വന്നു.
ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
യു കെയിൽ ഉള്ള അറുപതോളം യൂണിവേഴ്സിറ്റികളിലെ അധ്യാപക അനധ്യാപക ജീവനക്കാർ വരും ദിവസങ്ങളിൽ നടത്താനിരിക്കുന്നത് എട്ട് ദിവസ പണിമുടക്ക് സമരം. വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്താനിരിക്കുന്ന സമരം യു കെയിലെ ഏതാണ്ട് എല്ലാ യൂണിവേഴ്സിറ്റികളെയും ബാധിക്കുമെന്ന് ഉറപ്പാണ്. മെമ്പേഴ്‌സ് ഓഫ് ദി യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (UCU) എന്ന പേരിലുള്ള ജീവനക്കാരുടെ യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .
എട്ട് ദിവസത്തോളം സമരം നീളുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും അതിനാൽ സമരം ഉപേക്ഷിച്ചു ചർച്ചയുടെയും ഒത്തുതീർപ്പിന്റെയും വഴിയിൽ വരണമെന്നാണ് ജീവനക്കാരുടെ സമരാഹ്വാനത്തോട് യൂണിവേഴ്സിറ്റി പ്രതികരിച്ചത്. എന്നാൽ ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം എത്തിനിൽക്കുകയാണ് ജീവനക്കാരെന്നാണ് സമരക്കാർ അവകാശപ്പെടുന്നത്. ലണ്ടൻ സിറ്റി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക ഡോ. ക്ലയർ മോറിസ് പറയുന്നത് കേൾക്കുക : ” കുട്ടികൾക്ക് വേണ്ടി കൂടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് . അധ്യാപകരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറപ്പെട്ടാൽ മാത്രമേ അവർക്ക് നല്ല രീതിയിൽ അറിവ് പറഞ്ഞു കൊടുക്കാൻ സാധിക്കുകയുള്ളൂ . കൂടുതൽ ജോലിഭാരവും എന്നാൽ അതിനൊത്ത് ഉയരാത്ത വേതനവും അധ്യാപകരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. മികവുറ്റ രീതിയിൽ വിദ്യ പറഞ്ഞു കൊടുക്കുന്നതിൽ നിന്ന് അത് ഞങ്ങളെ അകറ്റുന്നു “.
എന്നാൽ യൂണിവേഴ്‌സിറ്റി പറയുന്ന ഫീസ് നൽകിയിട്ടും സമരത്തിന്റെ പേരിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിഷമത്തിലാണ് വിദ്യാർത്ഥികൾ. ” സമരക്കാരുടെ ആവശ്യം ഞങ്ങൾക്ക് മനസിലാകും. എങ്കിലും പ്രശ്ന പരിഹാരത്തിന് പണിമുടക്കിനെക്കാൾ മികച്ച മാർഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത് ” ജേർണലിസം വിദ്യാർത്ഥിയായ ലൂസി പറയുന്നു. ദൈർഘ്യം തീരെ കുറഞ്ഞ കോഴ്‌സുകളിൽ ചേർന്ന വിദ്യാർഥികളെ സംബന്ധിച്ച് ഒരാഴ്ച നഷ്ടപ്പെടുക എന്നത് വലിയ കാര്യമാണെന്ന് മറ്റൊരു ജേർണലിസം വിദ്യാർത്ഥിയായ ഗ്രേസ് അഭിപ്രായപ്പെട്ടു.
വാദപ്രതിവാദങ്ങൾ പലരീതിയിൽ നടക്കുമ്പോഴും സമരവുമായി മുന്നോട്ട് പോകും എന്ന ഉറച്ച തീരുമാനത്തിലാണ് ജീവനക്കാർ. സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറിയാലും തങ്ങൾക്ക് മറ്റു ചില നിബന്ധനകൾ കൂടിയുണ്ടെന്ന് യു സി യു ഭാരവാഹികൾ പറയുന്നു. വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയെടുക്കുക , അവധിയിൽ ഉള്ള ജീവനക്കാരെ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ മുന്നോട്ട് വയ്ക്കുന്നു.
എന്തുതന്നെയായാലും വിദ്യ മുഴങ്ങേണ്ട ക്ലാസ് മുറികൾ വരും ദിവസങ്ങളിൽ മുദ്രാവാക്യങ്ങളാൽ നിറയുമെന്ന് ഉറപ്പാണ്.
മലയാളികൾ ലോകത്തിന്റെ ഏതു കോണിലും വിരാജിക്കുന്നുണ്ടെങ്കിലും അന്യ നാട്ടിൽ വിമാനം പറപ്പിക്കാൻ തയ്യാറെടുക്കുക അപൂർവ സംഭവം. അതും ഒരു പതിനേഴുകാരി. കിഴക്കൻ മലയോര കവാടമായ മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കൽ ചെമ്പൻകുളം തറവാട്ടിൽ നിന്നാണ് ഐശ്വര്യ ലണ്ടനിലെ ആകാശം കീഴടക്കാൻ തയ്യാറെടുക്കുന്നത്. അച്ഛൻ ബിജു ബാലചന്ദ്രനും അമ്മ രജിതയും മകളുടെ ജീവിതസ്വപ്നം യാഥാർഥ്യമാക്കാൻ ഒപ്പമു ണ്ട്.
ലണ്ടനിലെ ന്യൂ ഹാം കോളേജിൽ എല്ലാ വിഷയങ്ങളിലും എ സ്റ്റാർ നേടിയാണ് ആദ്യ വനിതാ പൈലറ്റാകാൻ ഈ മിടുക്കി കുതിക്കുന്നത്. പൈലറ്റാകാൻ വേണ്ട അടിസ്ഥാന യോഗ്യതയ്ക്കുള്ള 13 പ്രിലിമിനിറി പരീക്ഷകളും മികവോടെ വിജയിച്ച് ലോകമൊട്ടാകെ അറിയപ്പെടുന്ന വെസ്റ്റ് സസെക്സിലെ ക്രൗളി എൽത്രി ഹാരിസ് എയർലൈൻ അക്കാദമിയിൽ പഠിക്കുന്നു . പൈലറ്റ് പരിശീലന യോഗ്യതനേടിയ ഐശ്വര്യ 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് കോഴ്സ് പൂർത്തിയാക്കാൻ. മുപ്പതിലേറെ രാജ്യങ്ങളുമായി ക്യാമ്പസ് റിക്രൂട്ട്മെന്റ് കരാർ ഉള്ള കമ്പനിയായതിനാൽ ജോലിയും ഉറപ്പ് . ഗ്രൂപ്പ് അടിസ്ഥാനത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പ്രവേശനപരീക്ഷയിലും വിവിധ ഇന്റർവ്യൂകളിലും അനായാസ വിജയം നേടി.
Courtesy to face book
ഐശ്വര്യ പൈലറ്റായി കുപ്പായമിടുമ്പോൾ യുകെ മലയാളി സമൂഹത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന കിരീടവും ഈ പെൺകുട്ടിക്കൊപ്പം. ചേച്ചി അശ്വതി മുഴുവൻ വിഷയത്തിലും എ ഗ്രേഡോടെ ബൾഗേറിയയിൽ മെഡിസിന് അവസാന വർഷം പഠിക്കുന്നു . ബിജു ബാലചന്ദ്രനും കുടുംബവും 25 വർഷമായി യുകെയിലാണ് താമസം . അമ്മ രജിത തിരുവനന്തപുരം വർക്കല സ്വദേശിനിയാണ് .
ഷാരോൺ ഷാജി
കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മൾ ചർച്ച ചെയ്യുകയാണ് ക്ലാസ് മുറിയിലെ വിഷജന്തുക്കളെ കുറിച്ച്, സാക്ഷര കേരളവും പൊതുവിദ്യാഭ്യാസവും മറുപടിയില്ലാതെ തലകുമ്പിട്ട് നിൽക്കുന്നതിനെക്കുറിച്ച്, സഹപാഠിയെ ഓർത്ത് തെരുവിൽ മുഷ്ഠികളുയർത്തിയ ഒരുപറ്റം വിദ്യാർത്ഥികളെക്കുറിച്ച്. ചർച്ചകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ കർശന നിയമ നടപടിയുമായി സർക്കാർ രംഗത്തുവന്നു. അവിടെ കഴിഞ്ഞു നമ്മുടെ ധാർമ്മി കോത്തരവാദിത്തം. നാട്ടുകാരുടെ പ്രതിഷേധം സ്കൂൾ തല്ലിത്തകർത്തും നാശനഷ്ടങ്ങൾ വരുത്തിവെച്ചും അവസാനിച്ചു.
എന്നാൽ നിശബ്ദ പ്രതികരണംപോലുമില്ലാതെ മരവിച്ച മനസുമായി ഇരിക്കുന്ന ഒരു പിതാവിനെ നമ്മൾ കണ്ടു, അഭിഭാഷകൻ കൂടിയായ ഷെഹലയുടെ അച്ഛനെ. അദ്ദേഹം ആർക്കും മുമ്പിൽ ആക്രോശിക്കുന്നില്ല, കണ്ണനനയ്ക്കുന്നില്ല. ” നഷ്ടം, അത് ഞങ്ങളുടേത് മാത്രമാണ്. പോകാനുള്ളത് പോയി ” ഇതായിരുന്നില്ലേ നമ്മൾ അദ്ദേഹത്തിൽ നിന്നും കേട്ട മറുപടി. മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞുമായി മണിക്കൂറുകളോളം ആശുപത്രിപ്പടികൾ കയറിയിറങ്ങിയ ഒരച്ഛന് ഇതിൽ കൂടുതൽ എന്താണ് പറയാനാവുക! സമൂഹജീവിയെന്ന് വിളിക്കുന്ന മനുഷ്യർ ആ അച്ഛനെ ഉപേക്ഷിക്കുകയായിരുന്നില്ലേ? അവിടെ വിദ്യാർത്ഥികളെ സ്നേഹിക്കുന്ന അദ്ധ്യാപകനേയോ രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവക നേയോ നമ്മൾ കണ്ടില്ല. ആ മണിക്കൂറുകളിലെല്ലാം ആ അച്ഛൻ നിസ്സഹായനായിരുന്നു, ഒന്ന് പൊട്ടിക്കരയാൻപോലുമാവാതെ . മകൾക്ക് സംഭവിച്ച ദുർവിധി മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്ന് അവർ ആരോടെല്ലാമോ പറയുന്നു.
മകൾക്കു പാമ്പുകടിയേറ്റെന്നറിഞ്ഞ് കോടതി മുറിയിൽ നിന്നും കുതറിയോടിയ ആ അച്ഛന്റെ ചങ്കിടിപ്പ് ഒരു തീരാവേദനയായി അവശേഷിക്കുകയാണ്.
അവളുടെ പുഞ്ചിരി മായാത്ത മുഖം അവരെ അലട്ടുന്ന ഒരു ഓർമ്മ മാത്രമായി. നീതിയും നിയമവും നോക്കുകുത്തികളായ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എവിടേയും എന്തിനും ആക്രോശിക്കുന്ന മുദ്രാവാക്യം വിളിക്കുന്ന നമുക്ക് മുന്നിൽ നിസ്സഹായതയുടെ ആൾരൂപമാ മാറുകയാണ് ആ പിതാവ്. ഓരോ ആശുപത്രി പടികൾ കയറുമ്പോഴും അദ്ദേഹം മറുമരുന്നിനുവേണ്ടി യാചിച്ചു. വിഷം ശരീരമാകെ വ്യാപിച്ച് നീല പടർത്തിയപ്പോഴും മരുന്നില്ലെന്ന് പറഞ്ഞ് അവരെ അടുത്ത ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവിടെയും നിരാശനാകാതെ ആ അച്ഛൻ പാഞ്ഞു, തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഒരു നെടുവീർപ്പിട്ടു നാം അവസാനിപ്പിക്കുമ്പോഴും ആ മാതാപിതാക്കൾക്കുണ്ടായ ശൂന്യതയുടെ ആഴവും പരപ്പും അവസാന ശ്വാസംവരേയ്ക്കുo ഉള്ളതാണ്. കേവലം വാർത്ത മാത്രമായി ഇവയെ കണക്കാക്കുമ്പോൾ തിരസ്ക്കരിക്കുമ്പോൾ ഇനിയും ജീവനുകൾ പൊലിയുo…
ഷാരോൺ ഷാജി.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാവാലമാണ് സ്വദേശം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബ് ജേണലിസം വിദ്യാർത്ഥിനിയുമാണ്. കൊച്ചുപുരയ്ക്കൽ വീട്ടിൽ ഷാജി രാജേശ്വരി ദമ്പതികളുടെ ഇളയ മകൾ. സഹോദരൻ രാഹുൽ.
മുംബൈ ∙ ഏഷ്യയിലെ മുൻനിര കറൻസികൾ പരിഗണിക്കുമ്പോൾ മൂല്യത്തകർച്ചയിൽ ദുർബലതലത്തിലേക്ക് ഇന്ത്യൻ രൂപ. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറവായത് കണക്കിലെടുത്ത് റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം ‘നെഗറ്റീവ്’ ആക്കിയിരുന്നു. വായ്പയ്ക്ക് എത്രമാത്രം അർഹതയുണ്ടെന്നത് നിർണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതൽ പ്രകടമായത്. ജൂലൈയിലെ മൂല്യവർധനയിൽ നിന്ന് അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിടുന്നത്. പൊതു കടത്തിന്റെ തോത് വർധിച്ചതും ബാങ്കിതര ധനകാര്യ കമ്പനികൾക്കിടയിൽ കിട്ടാക്കടം വർധിക്കുന്നതും മറ്റും രൂപയുടെ മൂല്യം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. വളർച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യതകർച്ച ഇനിയും വർധിക്കുമെന്ന സൂചനയുണ്ട്.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടർന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന. ഒപ്പം ക്രൂഡോയിൽ വിലവർധനയും രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്പെടുന്നതുമാണ് മറ്റു ഘടകങ്ങൾ.
വളർച്ചാനിരക്കിലെ ഇടിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുംബൈ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഇന്ദ്രാനിൽ പാൻ പറഞ്ഞു. ‘സാമ്പത്തികതലത്തിലെ വെല്ലുവിളികൾക്കൊപ്പം, രൂപയുടെ മൂല്യം ദുർബലമാകാനും ഇത് ഇടയാക്കും. വളർച്ചാനിരക്കിലെ മോശം സാഹചര്യങ്ങൾ മൂലധന പ്രവാഹം കുറയ്ക്കുന്നതിലേക്കും നയിക്കാം. അതാകട്ടെ രൂപയെ വലിയതോതിൽ ബാധിക്കും.’ – അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെർഗ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളർച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്. 2012 മുതല്‍ കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.
ഈ മാസമാദ്യം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.2425 എന്ന നിലയിലെത്തിയിരുന്നു. സെപ്റ്റംബറിൽ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.4075ൽ ആയിരുന്നു മൂല്യം. ധനകാര്യ വ്യവസ്ഥയിൽ രൂപയുടെ പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഡോളർ വാങ്ങൽ വർധിപ്പിച്ചിരുന്നു. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 448 ബില്യൻ ഡോളറിലെത്തുകയും ചെയ്തു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഷ്രോപ്ഷയർ : തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി അധികം നാളുകൾ ഇല്ല. ഒരു പുതിയ ബ്രിട്ടനെ നിർമിക്കും എന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. പുതിയ പ്രകടനപത്രികയിൽ ഇതിൽ 12500 വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നുള്ള ബോറിസ് ജോൺസന്റെ പ്രഖ്യാപനം യുകെയിൽ ജോലി തേടുന്ന നഴ്സുമാർക്കു പ്രതീക്ഷ നലകുന്നതാണ്. കൺസേർവേറ്റിവ് പാർട്ടിക്ക് ബ്രെക്‌സിറ്റ് പൂർത്തിയാക്കാനും പുതിയ ബ്രിട്ടൻ സൃഷ്ടിക്കാനും കഴിയുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ വേളയിൽ ജോൺസൻ പറഞ്ഞു. 59 പേജുള്ള പ്രകടനപത്രിക തിരഞ്ഞെടുപ്പിന് 18 ദിവസങ്ങൾക്കു മുമ്പ് ഇതാ പുറത്ത് വന്നിരിക്കുന്നു. ഇംഗ്ലണ്ടിൽ പുതിയ 50,000 നഴ്‌സുമാരെ നിയമിക്കും, കർശനമായ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കൊണ്ടുവരും, ആദായനികുതി, ദേശീയ ഇൻഷുറൻസ്, വാറ്റ് എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കില്ല തുടങ്ങിയവയാണ് പ്രധാനപെട്ട വാഗ്ദാനങ്ങൾ. ഷ്രോപ്ഷയറിലെ ടെൽഫോർഡിൽ പത്രിക അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി, ബ്രെക്സിറ്റ് പൂർത്തിയാക്കാനും ജനഹിതം നിറവേറ്റാനും തങ്ങൾക്ക് കഴിയുമെന്നും അറിയിച്ചു.
രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് തയ്യാറാക്കിയ പത്രികയിൽ 20000 പുതിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, സ്കൂളുകൾക്ക് ധനസഹായം നൽകുക, ദേശീയ ഇൻഷുറൻസ് പരിധി 2020 ൽ 9,500 ഡോളറായി ഉയർത്തുക, ശിശുക്ഷേമത്തിനായി പ്രതിവർഷം 250 മില്യൺ പൗണ്ട്, വീടുകളിലേക്കുള്ള നവീകരണത്തിന് 6.3 ബില്യൺ പൗണ്ട്, ബോയിലറുകൾ, ഇൻസുലേഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാന്റുകൾ, കുഴികൾ നികത്തുന്നതിന് നാല് വർഷത്തേക്ക് പ്രതിവർഷം 500 മില്യൺ പൗണ്ട് (മാർച്ചിലെ ഒരു പ്രഖ്യാപനത്തിൽ പാർട്ടി തന്നെ വാഗ്ദാനം ചെയ്തതിന്റെ പത്തിരട്ടിയാണിത് ), ലീഡ്‌സിനും മാഞ്ചസ്റ്ററിനുമിടയിൽ “നോർത്തേൺ പവർഹൗസ് റെയിൽ” നിർമ്മിക്കുക, പ്രാദേശികവുമായ റോഡുകൾക്കുവേണ്ടി 28.8 ബില്യൺ പൗണ്ട് നിക്ഷേപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും അടങ്ങിയിരിക്കുന്നു. പിൻവലിക്കൽ കരാർ ബിൽ ഡിസംബർ 25 ന് മുമ്പ് പാർലമെന്റിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു . പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് കരാർ ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പായി എംപിമാർ അംഗീകരിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
മൈക്കിൾ ഗോവ്, ബിബിസി ചർച്ചയിൽ വെച്ച് തന്റെ പൂർണ പിന്തുണ അറിയിച്ചു. മറ്റു പാർട്ടികളുമായി സംസാരിച്ച്, വൃദ്ധജനങ്ങൾക്ക് ഒരു ദീർഘകാല പരിചരണം ഉറപ്പാക്കും എന്ന് അദ്ദേഹം അറിയിച്ചു. വൈകല്യമുള്ളവർ, പതിവ് രോഗികൾ, ഗുരുതര രോഗികൾ, ദീർഘകാല രോഗികളുടെ കുടുംബങ്ങൾ, പരിചരണക്കാർ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫ് എന്നിവർക്ക് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ സൗജന്യ പാർക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഒപ്പം സമരം ഉള്ളപ്പോഴും ട്രെയിൻ ഓടാനുള്ള സംവിധാനം കൺസേർവേറ്റിവ് പാർട്ടി ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഈസ്റ്റ് സസ്സെക്സ് :- 10 മില്യൻ പൗണ്ട് വിലവരുന്ന കൊക്കെയിൻ ഫ്രീസ് ചെയ്ത മത്സ്യങ്ങളുടെ ഇടയിൽനിന്നും പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഈസ്റ്റ് സസ്സെക്സിലെ ന്യൂഹേവൻ പോർട്ടിൽ വെച്ചാണ് പോലീസ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോഗ്രാം അടങ്ങുന്ന 97 ഓളം പാക്കേജുകൾ ആണ് വാനിൽ നിന്നും കണ്ടെടുത്തത്. നാഷണൽ ക്രൈം ഏജൻസി നൽകുന്ന കണക്കനുസരിച്ച് ഏകദേശം 10 മില്യൺ പൗണ്ടോളം ഇവയ്ക്ക് വില വരുമെന്നാണ് നിഗമനം. മെയ്‌ഡെൻഹെഡിൽ നിന്നുള്ള അൻപത് കാരനായ ജെയിംസ് സാറ്റെർലി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഇയാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
നാഷണൽ ക്രൈം ഏജൻസി സസ്സെക്സ് പോലീസ് ഫോഴ്‌സിനോടും, തെംമസ് വാലി ഫോഴ്‌സിനോടും, ബോർഡർ ഫോഴ്‌സിനോടും ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും, കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും സീനിയർ ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ പോൾ മോറിസ് രേഖപ്പെടുത്തി. കൊക്കെയിൻ പോലുള്ള ക്ലാസ്സ് എ മയക്കുമരുന്നുകടത്തിൽ ഉൾപ്പെട്ടിട്ടുള്ള സംഘങ്ങളെ അന്വേഷിച്ചു വരികയാണെന്നും, ഇത്തരത്തിലുള്ള സംഘങ്ങളെ നിർമ്മാർജ്ജനം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം ആണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.