സ്വന്തം ലേഖകൻ

ലണ്ടൻ : ചൈനക്കാരന്റെ തട്ടിപ്പു പരിശോധനാ കിറ്റുകൾ ഇനി യുകെയിൽ ചെലവാകില്ല. സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോച്ചെ വികസിപ്പിച്ചെടുത്ത ആന്റിബോഡി ടെസ്റ്റ് 100% കൃത്യതയുള്ളതാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. നേരത്തെ ടെസ്റ്റ്‌ കിറ്റുകൾ വാങ്ങുന്നതിനായി 16 മില്യൺ പൗണ്ടോളം സർക്കാർ ചിലവാക്കിയിട്ടും ഫലപ്രദമായിരുന്നില്ല. രോഗം കണ്ടെത്താനുള്ള ടെസ്റ്റിൽ രക്തപരിശോധന നടത്തി രോഗാണുവിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടോ എന്നാണ് പരിശോധിക്കുന്നത്. സർക്കാരിന്റെ പോർട്ടൺ ഡൗൺ ഫെസിലിറ്റിയിലെ വിദഗ്ധർ കഴിഞ്ഞയാഴ്ച റോച്ചെ ടെസ്റ്റ്‌ വിലയിരുത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, അത് 100% കൃത്യമായ ഫലം നൽകുന്നുവെന്ന് അവർ കണ്ടെത്തി. അതേസമയം കൊറോണ വൈറസ് ബാധിച്ചിട്ടില്ലെങ്കിൽ 99.8% കൃത്യതയുള്ള ഫലം നൽകുമെന്നും റോച്ചെ അറിയിച്ചു. അതായത് രോഗം ബാധിക്കാത്ത ആയിരം ആളുകളിൽ രണ്ട് പേരുടെ ഫലം തെറ്റാകാൻ സാധ്യതയുണ്ട് എന്നർത്ഥം. എൻ‌എച്ച്‌എസിലും സാമൂഹ്യ പരിപാലനത്തിലും ഉള്ളവരെയാണ് ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നതെന്ന് ആരോഗ്യമന്ത്രി എഡ്വേർഡ് അർഗാർ പറഞ്ഞു. എന്നാൽ പരിശോധന എപ്പോൾ ആരംഭിക്കുമെന്നതിന് കൃത്യമായ തീയതി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ പരിശോധനയ്ക്ക് ഇതിനകം തന്നെ യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും മെഡിക്കൽ റെഗുലേറ്റർമാരുടെ അനുമതി ഉണ്ട്.

“ കോവിഡ് -19 ന്റെ സാമൂഹിക വ്യാപനത്തെ ചെറുക്കുന്നതിനും രോഗം ബാധിച്ചത് ആർക്കൊക്കെയാണെന്ന് മനസിലാക്കാനും ആന്റിബോഡി പരിശോധന സഹായിക്കും.” ; ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന്റെ വക്താവ് അറിയിച്ചു. റോച്ചെ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സെവേറിൻ ഷ്വാൻ പറഞ്ഞു: “ഞങ്ങളുടെ സഹപ്രവർത്തകരുടെ കഠിനപരിശ്രമത്തിന് നന്ദി. ഉയർന്ന നിലവാരമുള്ള ആന്റിബോഡി പരിശോധന നടത്താൻ ഞങ്ങൾക്ക് ഇപ്പോൾ സാധിച്ചു. അതിനാൽ ഇത് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയും. കോവിഡ് 19 മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി ഇതിലൂടെ പരിഹരിക്കാനാകും.” ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് മെഡിസിൻ പ്രൊഫസർ സർ ജോൺ ബെൽ ഈ പരീക്ഷണത്തെ ഒരു പ്രധാന മുന്നേറ്റമായി വിശേഷിപ്പിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ് ആന്റിബോഡി പരിശോധനയെന്നും യഥാസമയം ഒരു പ്രഖ്യാപനം നടത്തുമെന്നും ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു.