ജോജി തോമസ് , മലയാളം യുകെ ന്യൂസ് ടീം.
ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന് പ്രൗഢഗംഭീരമായ സദസ്സിനേ സാക്ഷി നിർത്തി സമ്മാനദാനം നൽകപ്പെട്ടു . ലീഡ്സ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയത് ഷെഫീൻസ് ബ്ലാസ്റ്റേഴ്സ് ആണ്. ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകൾ ലീഡ്സ് ഗ്ലാഡിയേറ്റഴ്സിന്റെ അരവിന്ദ്, ജെയിംസ് എന്നിവർ കരസ്ഥമാക്കി. ബെസ്റ്റ് ഫീൽഡറായി ജി. എച്ച് മാസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ ദീപക് തെരഞ്ഞെടുക്കപ്പെട്ടു .

പുതിയ താരോദയങ്ങൾക്കുള്ള അവാർഡ് സന്ദീപ് (ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് ) ബാറ്റ്സ്മാൻ, അഫ്സർ (ഗ്ലാഡിയേറ്റഴ്സ് ടസ്കർ ) – ബൗളർ, ജോനാഥൻ( ലീഡ്സ് ഗ്ലാഡിയേറ്റഴ്സ്)- ഓൾറൗണ്ടർ എന്നിവർക്ക് ലഭിച്ചു.
ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്‌സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. പതിനഞ്ച് ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ലീഡ്സ് ഗ്ലാഡിയേറ്റഴ്സ് വിജയികളായത്. ലീഡ്‌സ് പ്രീമിയർ ലീഗിൽ ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.


മലയാളം യുകെ ന്യൂസ് ടീം.
“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15-ന് ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ഒരു രെജിസ്റ്റേർഡ് ചാരിറ്റിയായി 2005 ൽ ആരംഭിച്ച സെന്റ് ജോർജ് ചാരിറ്റി യുകെയിലും ഇന്ത്യയിലുമുള്ള സഹായം അർഹിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും പിന്തുണച്ചു വരുന്നു.
ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ ചെലവ് കുറഞ്ഞ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.
സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.
ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.
ചാരിറ്റി ഈവെന്റ് മായി ബന്ധപ്പെട്ടുള്ള റാഫെൽ ടിക്കറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാഞ്ചെസ്റ്റർ ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് വികാരി റവ. ഫാ. ഹാപ്പി ജേക്കബ് നിർവ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തികളും സംഘടനകളും ഈ ചാരിറ്റി ഈവെന്റിന് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച നടക്കുന്ന ചാരിറ്റി ഈവെന്റിന്റെ കുടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും
ലിവര്‍പൂള്‍: പുതുവർഷ തലേന്ന് ( ഇന്നലെ, 31/12/2019) മരണം തട്ടിയെടുത്ത ലിവര്‍പൂളിലെ മലയാളി നഴ്‌സിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞാജലി അര്‍പ്പിച്ച് യുകെ മലയാളി സമൂഹം. ഇന്നലെ രാവിലെ 8:20 ന് പാലാ സ്വദേശിനിയായ കൊച്ചു റാണി (54) മരണത്തിനു കീഴടങ്ങിയത്. ശാരീരിക അസുഖങ്ങള്‍ മൂലം ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ കുറച്ചുകാലമായി ചികിത്സയിലായിരുന്നു കൊച്ചുറാണി. അസുഖം മൂര്‍ച്ഛിച്ചത്തോടെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമായത്.
തങ്ങളുടെ പ്രിയ മിത്രത്തിന്റെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെ മലയാളികളും സഹപ്രവർത്തകരും കുടുംബത്തിന് ആശ്വാസമായി ദുഃഖാർത്ഥരായ കുടുംബത്തോടെ ഒപ്പമുള്ളത്.
ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ചെയ്തിരുന്ന കൊച്ചുറാണി ലിവര്‍പൂള്‍ ഫസാര്‍ക്കലിയില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് പരേതയായ കൊച്ചുറാണി.
ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസ് വിദ്യാർത്ഥികളാണ്.
പരേതയുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ തന്നെ ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന ലിവർപൂളിലെ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പാലാ രൂപതയിൽ പെടുന്ന ഇടവകയായ കൊഴുവനാൽ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തിയതിയും മറ്റുകാര്യങ്ങളും പിന്നീട് മാത്രമേ അറിയിക്കാൻ സാധിക്കുകയുള്ളു. യുകെയിലെ ചെയ്‌തു തീരേണ്ട ആധികാരിക രേഖകൾ തയ്യാർ ചെയ്യേണ്ടത് ഉള്ളതുകൊണ്ടാണ് അറിയിക്കാൻ സാധിക്കാത്തത്.
പുതുവര്‍ഷത്തെ വരവേല്‍ക്കവേയാണ് ജീവിതം എന്നത് ‘ഇന്ന് ഞാൻ നാളെ നീ’ എന്ന് ഓര്‍മ്മപ്പെടുത്തി കൊച്ചുറാണി യുകെയിലെ പ്രവാസി മലയാളികളുടെ ഓര്‍മ്മയായി പരിണമിക്കുന്നത്.
ജോജി തോമസ്
ഏതാണ്ട് മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന, ലോകത്തിലേ തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് അതിലേ ഏറ്റവും പ്രമുഖ രാജ്യമായ ഗ്രേറ്റ് ബ്രിട്ടൻ പുറത്തു വരുമെന്ന് ഉറപ്പായതോടുകൂടി യൂറോപ്യൻ യൂണിയനിലാകെയും, പ്രത്യേകിച്ച് ബ്രിട്ടണിലും പരക്കെ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളാണ് കാണപ്പെടുന്നത്. 1993, നവംബർ ഒന്നിന് ആണ് യൂറോപ്യൻ യൂണിയൻ ഔപചാരികമായി ആരംഭിച്ചത്. 28 രാജ്യങ്ങളടങ്ങിയ യൂറോപ്യൻ യൂണിയൻ ലോകത്തിലേ ഏറ്റവും ശക്തമായ രാഷ്ട്രീയ-സാമ്പത്തിക കൂട്ടുകെട്ടായും, സിംഗിൾ മാർക്കറ്റായുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്രയും ശക്തമായ രാഷ്ട്രീയ സാമ്പത്തിക കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിവാദങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളുമാണ് യുകെയിൽ കഴിഞ്ഞമാസം നടന്ന പൊതു തെരഞ്ഞെടുപ്പിന് കാരണമായത്. ചരക്കുകളുടെയും, ആളുകളുടെയും നിയന്ത്രണങ്ങളില്ലാതെ അംഗരാജ്യങ്ങളിലെവിടെയുമുള്ള സഞ്ചാരം സാധ്യമാക്കിയിരുന്ന യൂറോപ്യൻ യൂണിയൻ നിലവിൽ വന്നതോടുകൂടി ജീവിതനിലവാരതോതിൽ മുന്നിൽ നിന്നിരുന്ന യുകെയിലേയ്ക്ക് മറ്റ് അംഗരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കനത്ത ഒഴുക്കാണ് ഉണ്ടായത്.

വോൾട്ടയർ പറഞ്ഞിട്ടുണ്ട് പണക്കാരന്റെ സുഖസൗകര്യങ്ങൾ നിലനിൽക്കുന്നത് പാവപ്പെട്ടവന്റെ സുലഭമായ ലഭ്യതയെ അനുസരിച്ചാണെന്ന് അതുകൊണ്ട് തന്നെ മുതലാളിത്ത രാഷ്ട്രങ്ങളുടെ പതാക വാഹകരായ ബ്രിട്ടൻ മനുഷ്യവിഭവശേഷിയുടെ ഒഴുക്കിന് ശരിക്കും ആസ്വദിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ തന്റെ പൗരന്മാർക്കു കൊടുക്കുന്ന ബെനിഫിറ്റുകൾ യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവർ കൈപ്പറ്റാൻ തുടങ്ങിയതോടുകൂടിയാണ് യൂറോപ്യൻ യൂണിയൻ എന്ന ആശയത്തിൽ കല്ലുകടി തുടങ്ങിയത്.
കഴിഞ്ഞ മൂന്ന് വർഷമായി ബ്രെക്സിറ്റ് ബ്രിട്ടണിൽ തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വമാണ് സമ്മാനിച്ചത്. ഡേവിഡ് കാമറൂൺ, തെരേസാ മെയ് തുടങ്ങിയ രാഷ്ട്രീയ അതികായകരുടെ പതനത്തിനും മൂന്നോളം പൊതുതെരഞ്ഞെടുപ്പുകൾക്കും വഴിയൊരുക്കിയതും ബ്രെക്സിറ്റ് മാത്രമാണ്. അവസാനം കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലൂടെ ബോറിസ് ജോൺസൺ എന്ന പ്രവചനാതീതമായ നേതാവിന്റെ കീഴിൽ ബ്രെക്സിറ്റ് സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ. ബ്രെക്സിറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാടുകൾ ഇല്ലാതിരുന്ന ലേബർ പാർട്ടിക്കും അതിന്റെ നേതാവ് ജെർമി കോർബിനും പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ യുകെയ്ക്ക് വിജയകരമായ ബ്രെക്സിറ്റ് സാധ്യമാകുമെന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പക്ഷെ ബ്രിട്ടന്റെ അഭിമാനവും, ലോകത്തിനു മാതൃകയുമായ നാഷണൽ ഹെൽത്ത് സർവീസും, ആരോഗ്യ പദ്ധതികളും യു എസിനെ അടിയറ വെയ്ക്കുമോ എന്ന സന്ദേഹം പരക്കെയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോറിസ് ജോൺസന്ന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഈ കച്ചവടകണ്ണ് ലക്ഷ്യമാക്കിയാണന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയനിലേ അംഗരാജ്യങ്ങളുമായിട്ട് മികച്ച ഒരു കരാർ നേടാൻ അമേരിക്കൻ പിന്തുണ ബോറിസ് ജോൺസനേ സഹായിക്കും. പക്ഷെ അതിന് ബ്രിട്ടൻ കൊടുക്കേണ്ട വില ബ്രിട്ടീഷ് ജനതയുടെ അഭിമാനമായ എൻ.എച്ച്.എസ് ആണെങ്കിൽ അതൊരു കനത്ത നഷ്ടമായിരിക്കും. മാത്രമല്ല ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എൻ.എച്ച്.എസ്സിലേ തൊഴിൽ സാഹചര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾക്ക് ഇത് കാരണമാകും.
എന്തായാലും മനുഷ്യവിഭവശേഷിയുടെ ദൗർലഭ്യമാണ് ഇനി ബ്രിട്ടനിൽ വരാൻ പോകുന്നത്. ഈ ദൗർലഭ്യം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കൂടുതൽ തൊഴിൽ സാധ്യതകൾ തുറന്നു തരുമെന്ന് ഉറപ്പാണ്. ഒരു പക്ഷെ ബ്രെക്സിറ്റും പുതിയ ഭരണ നേതൃത്വവും കൊണ്ട് മലയാളിക്കുണ്ടാകാവുന്ന നേട്ടവും അതു തന്നെയായിരിക്കും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർധനവുമായി ജോൺസൻ സർക്കാർ. 2020, യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2020 ഏപ്രിലിൽ മുതൽ 3 മില്യൺ ഉദ്യോഗസ്ഥർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 25 വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 8.21 പൗണ്ടിൽ നിന്ന് 8.72 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും.
6.2 ശതമാനത്തിന്റെ വർധനവ് പണപ്പെരുപ്പ നിരക്കിന്റെ നാലിരട്ടിയിലധികമാണ് ഒപ്പം കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.2019 സെപ്റ്റംബറിലായിരുന്നു സാജിദ് ജാവിദ് ഈ പ്രഖ്യാപനം നടത്തിയത്.

വൻ മാറ്റങ്ങളുടെ ഒരു ഭരണകാലം തന്നെയാണ് ബോറിസ് ജോൺസൻ സർക്കാരിന്റേത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശമ്പള വർദ്ധനവിനെ പ്രശംസിച്ചു. എന്നാൽ ബിസിനസുകാർക്ക് ഇതൊരു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്. സ്വതന്ത്ര ലോ പേ കമ്മീഷന്റെ കണക്കുകൾ പ്രകാരം, ദേശീയ ജീവിത വേതനത്തിൽ 51 ശതമാനം വർദ്ധനവ് 2016 ഏപ്രിലിൽ നിരക്ക് അവതരിപ്പിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നിരക്കാണ്. 25 വയസ്സിന് താഴെയുള്ളവർക്കും അപ്രന്റീസുകൾക്കും കുറഞ്ഞ നിരക്കിൽ ശമ്പളം ലഭിക്കും.
എന്നാൽ ശമ്പള വർദ്ധനവ് ബിസിനസുകൾക്ക് ബുദ്ധിമുട്ടുള്ള സമയത്താണ് വന്നതെന്നും പല കമ്പനികളും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമെന്നും ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സിലെ കോ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹന്ന എസെക്‌സ് പറഞ്ഞു.
“നമ്മൾ ഒരു പുതിയ ദശാബ്ദത്തിലേക്ക് കടക്കുന്നു. ആളുകൾക്ക് കൂടുതൽ അവസരം നൽകി അവരെ സഹായിക്കുന്നവരായി നാം മാറണം.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2016 സെപ്റ്റംബറിൽ ചാൻസലർ ജാവിദ് ആദ്യമായി വർദ്ധനവ് പ്രഖ്യാപിച്ചപ്പോൾ, ദേശീയ ജീവിത വേതനം 2024 ഓടെ ശരാശരി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉയരുമെന്ന് പറഞ്ഞിരുന്നു. ഇത് ഇപ്പോൾ തന്നെ നടപ്പിലാക്കണമെന്ന് ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫ്രാൻസെസ് ഒ ഗ്രേഡി പറഞ്ഞു. യുകെ മലയാളികൾ ഭൂരിഭാഗവും അടിസ്ഥാന വേതനം ലഭിക്കുന്നവരാകയാൽ ഇതിന്റെ ആനുകൂല്യം അവർക്ക് പ്രയോജനം ആയേക്കും.
ബർമിംഗ്ഹാമിൽ നിന്ന് നൂറുകണക്കിന് വ്യാജ മദ്യ കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇവയിൽ പലതിനും ഇൻഡസ്ട്രിയൽ ആൽക്കഹോളിൽ സാധാരണ കാണുന്നത്ര തീവ്രമായ ആൽക്കഹോളിക് കണ്ടന്റ്സ് ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടി ആഘോഷിക്കാൻ പോകുന്ന മദ്യപാനികൾ സാധാരണയിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായ വോഡ്ക കുപ്പികൾ കണ്ടാൽ വാങ്ങരുത് എന്നാണ് നിർദേശം. തീരെ വില കുറഞ്ഞവ ആണെങ്കിൽ അത് വ്യാജമദ്യം ആകാനാണ് സാധ്യത കൂടുതൽ. യുകെയിൽ ഉള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ ആയി നടത്തിയ അന്വേഷണത്തിൽ ഒരുപാട് ഇടങ്ങളിൽനിന്ന് വ്യാജൻമാരെ കണ്ടെത്തിയ ഈ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത നിർദ്ദേശം. ക്രിസ്മസിന് ശേഷം തന്നെ ഏകദേശം 900 ബോട്ടിലുകളോളം വ്യാജമദ്യം പിടിച്ചിരുന്നു. ഇതോടൊപ്പംതന്നെ ഏകദേശം 25000ത്തോളം വ്യാജ മാരായ സിഗരറ്റുകൾ, ടുബാക്കോ എന്നിവയും പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ മിക്കതിലും ആൽക്കഹോളിന്റെ അളവ് ഇൻഡസ്ട്രിയൽ സ്ട്രെങ്തിന് ഒപ്പം എത്തുന്നത് ആയിരുന്നു. ഇവ കഴിച്ചാൽ ശർദ്ദി, കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾ, അന്ധത എന്നിവ ബാധിക്കും, ഒരുപക്ഷേ മരണത്തിൽ പോലും കലാശിച്ചേക്കാം.

വാങ്ങുന്ന കുപ്പി വ്യാജനാണോ എന്നറിയാൻ ചില നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ വിലക്കുറവ് കാണുക, ഇതുവരെ കേട്ടിട്ടില്ലാത്ത ബ്രാൻഡ് നെയിംസ്, ഒരേ ബ്രാൻഡ് കുപ്പിയിൽ തന്നെ പലതരം ഫില്ലിങ്, ബ്രാൻഡ് നെയിം ഒന്ന് ആയിരിക്കുക അതേസമയം കാണാവുന്ന രീതിയിൽ ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ. പബ്ബുകളിലും ക്ലബ്ബുകളിലും ഓർഡർ ചെയ്യുന്നവരോട് വോഡ്ക ഒന്നു മണത്തു നോക്കാനും നിർദ്ദേശിക്കുന്നുണ്ട്, വ്യാജന് നെയിൽപോളിഷ്ന്റെ മണം ഉണ്ടായിരിക്കും.
താത്കാലിക ലാഭത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലുള്ള വ്യാജന്മാർ പ്രചരിക്കുന്നത് നിർത്തണമെന്ന് എൽജിഎ യുടെ കൗൺസിലറായ സൈമൺ ബ്ലാക്ക് ബുൺ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന ആവശ്യമാണ് ഇത്തരം നിലവാരം കുറഞ്ഞ മദ്യങ്ങൾ മാർക്കറ്റിൽ എത്താൻ സഹായിക്കുന്നത്. വ്യാജമദ്യം വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാർക്ക്, 5000 പൗണ്ട് പിഴയും, പത്ത് വർഷം തടവും, ലൈസൻസ് ക്യാൻസൽ ആക്കുകയും, ആണ് നിലവിൽ ഉള്ള ശിക്ഷ.
ലിവർപൂൾ: ലിവർപൂൾ ഫാസകലിയിൽ താമസിക്കുന്ന ജോസ് താണിപ്പാറയുടെ ഭാര്യ കൊച്ചുറാണി (54) നിര്യതയായി. ഇന്ന് രാവിലെ 8.20 ന് ആണ് മരണം സംഭവിച്ചത്. 2003 ലിവർപൂളിൽ എത്തിയ ആദ്യകാല മലയാളികളിൽ ഒരാളാണ് കൊച്ചുറാണി. കൊച്ചു റാണി കോട്ടയം പേരുതുരുത്ത്, തുമ്പുങ്കൽ പരേതനായ സെബാസ്റ്റിൻറെ മകൾ ആണ്. കുറച്ചു മാസങ്ങളായി ചികിത്സയിലിരിക്കുകയായിരുന്നു കൊച്ചുറാണി.
മെഡിസിന് പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഇന്റേണൽ ഓർഗൻ ഡാമേജ് ആണ് മരണകാരണം എന്നാണ് അറിയുവാൻ കഴിയുന്നത്. ആത്മാവിനു വേണ്ട കൂദാശകൾ എല്ലാം സ്വീകരിച്ചുകൊണ്ടാണ് നേഴ്‌സായ കൊച്ചുറാണി വേർപിരിഞ്ഞത് എന്നാണ് ഇടവക വികാരിയായ ഫാദർ ജിനോ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മലയാളം യുകെയുടെ ആദരാഞ്ജലികൾ
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഷങ്കായിയിലുള്ള കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് 15 മോഡൽ ത്രീ സെഡാൻസ് കൈമാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റിന്റെ സിംഹഭാഗവും കൈയടക്കാനുള്ള കുതിപ്പിലാണ് എലോൺ മസ്ക്ന്റെ കമ്പനി. ട്രേഡ് വാർ മൂലം മിക്കവാറും അമേരിക്കൻ കമ്പനികളെല്ലാം തന്നെ ചൈനയുടെ പുറത്തേക്ക് നിർമ്മാണ രംഗം വ്യാപിപ്പിക്കുമ്പോൾ, ടെസ്ല മാത്രമാണ് രാജ്യത്തിന് അകത്തേക്ക് കാർ നിർമ്മാണവുമായി കടന്നുചെല്ലുന്നത്. ഷങ്കായിയിലെ കമ്പനിയുടെ മൾട്ടി ബില്യൺ ഡോളർ പ്ലാന്റിൽ വച്ച് നടന്ന ചടങ്ങിലാണ് പതിനഞ്ചോളം വരുന്ന ജീവനക്കാർക്ക് അവർ വാങ്ങിയ കാറുകൾ കൈമാറിയത്.

ചാന്ദ്രവർഷം (25 ജനുവരി ) തുടങ്ങുന്നതിനു മുമ്പ് തന്നെ ടെസ്ല തങ്ങളുടെ വാഹനങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ചൈനീസ് നിർമ്മിത മോഡൽ ത്രീ കാർ വില ഏകദേശം 50,000 പൗണ്ട് ആണ്. ഇത് ആഗോള ബ്രാൻഡുകൾ ആയ ബിഎംഡബ്ല്യു മെഴ്സിഡസ് ബെൻസ് അതുപോലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ എൻ ഐ ഒ, സ്പെങ് മോട്ടോഴ്സ് എന്നിവരുമായി മത്സരിക്കും.

യുഎസ് ന്റെ ടെക്നോളജി ഭീമന്മാർ ആയ ആപ്പിൾ ,ഗൂഗിൾ, എച്ച്പി ഡെൽ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് ഇമ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ താരിഫ് ഉണ്ടാകുന്നു, എന്നതാണ് അതിനെ കൂടുതൽ ചെലവുറ്റത് ആക്കുന്നത്. സമ്മാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ, അമേരിക്കയിൽ തന്നെ കാറുകൾ നിർമ്മിക്കണമെന്ന നിർബന്ധവും ഇതിനു പിന്നിലുണ്ട്. ടെസ്ല ഉണ്ടാക്കുന്ന കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം, ചൈനയിൽ തന്നെ കച്ചവടസാധ്യത നോക്കുകയാണ്.
കൃഷ്ണപ്രസാദ്.ആർ. , മലയാളം യുകെ ന്യൂസ് ടീം
ആംഗലേയ ഭാഷ ഒരു വിശ്വഭാഷ എന്ന നിലയിൽ ലോകം മുഴുവൻ വ്യാപിക്കാനുണ്ടായ പ്രധാനകാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വളർച്ചയാണ്, എന്നാൽ അതിനൊരു ജനപ്രിയ മാനം കൈവന്നത് വില്യം ഷെയ്ക്ക്സ്പിയറിന്റെയും ചാൾസ് ഡിക്കെൻസിന്റെയും കൃതികളിലൂടെയാണ്.
ഡിക്കൻസ് തന്റെ കൃതികളിലൂടെ അക്കാലത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ ,ജീവിതസാഹചര്യം, സാമൂഹികനില തുടങ്ങിയവ ലോകത്തിനുമുന്നിൽ വരച്ചുകാട്ടി. ഒലിവർ ട്വിസ്റ്റ്, ഡേവിഡ് കോപ്പർഫീൽഡ്, തുടങ്ങിയ കൃതികൾ ലോകമെമ്പാടുമുള്ള വായനപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളായി ഇന്നും നിലനിൽക്കുന്നു.

മലയാളികളുടെ ഇടയിലും ഡിക്കൻസിനുള്ള സ്വീകാര്യത ഒട്ടും തന്നെ ചെറുതല്ല . പാഠപുസ്തങ്ങളിലൂടെയും ,പുസ്തകരൂപത്തിലും മലയാളികളും ഡിക്കൻസിന്റെ ലോകത്തെ അംഗങ്ങൾ തന്നെയാണ്. ഒലിവർ എന്ന ബാലന്റെകൂടെ അവന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും അവനോടൊപ്പം തന്നെ വളർണവരാണ് മലയാള വായനസമൂഹവും. അങ്ങനെയുള്ള ഒലിവർ ട്വിസ്റ്റിനുപിന്നിലെ ഒരു കണ്ടെത്തെലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ യൂണിവേഴ്സിറ്റി പി.എച്ച്. ഡി വിദ്യാർത്ഥി ഇവ ചാർലേറ്റ മേബിയസ് എന്ന സ്വീഡിഷ് യുവതി.
ഒലിവർ ട്വിസ്റ്റിലെ പ്രധാനപ്പെട്ട പലഭാഗങ്ങളും റോബർട്ട് മൂഡി എന്ന സ്കോട്ടിഷ് പത്രപ്രവർത്തകന്റെ ലേഖനങ്ങളുമായി വളരെയേറെ ബന്ധമുണ്ട് എന്നാതാണ് മേബിയസ്സിന്റെ കണ്ടുപിടുത്തം. ഫാഗിൻ എന്ന കഥാപാത്രവും അയാളുടെ ലോകവും മൂഡിയുടെ ലേഖനങ്ങളുമായി വളരെയേറെ സാമ്യം പുലർത്തുന്നതാണ്. മൂഡിയുടെ ‘ലണ്ടൻ ആൻഡ് ലണ്ടനേർസ്’ എന്ന കൃതി ഡിക്കൻസിന്റെ മരണസമയം അദ്ദേഹത്തിന്റെ ബുക്ക് ഷെൽഫിൽ കണ്ടെത്തിയത് മേബിയസ്സിന്റെ വാദത്തിനെ ബലപ്പെടുത്തുന്നുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സൈപ്രസിലെ ആയ ന്പയിൽ ഇസ്രായേലി യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസ് 19 കാരിയായ ബ്രിട്ടീഷുകാരി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. 17 ജൂലൈയിൽ 12 ഇസ്രായേൽ യുവാക്കൾ തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്ന പരാതി പിൻവലിച്ച ഉടൻ തന്നെ അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൈപ്രിയറ്റ് പോലീസ് ആവശ്യപ്പെട്ടാണ് താനിങ്ങനെ ഒരു കള്ളക്കഥ കെട്ടിച്ചമച്ചതാണെന്നാണ് പെൺകുട്ടി പറയുന്നത്, പക്ഷേ പൊലീസ് ഇത് നിരസിച്ചു. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് പെൺകുട്ടിക്ക് എതിരെ പരാലിംനി കോടതി കേസെടുത്തു. ഫാമഗുസ്ത ജില്ലാ കോടതിയിലെ ജഡ്ജ് ജനുവരി 7 വരെ പ്രതിയെ റിമാൻഡിൽ വെക്കാൻ ആവശ്യപ്പെട്ടു. ഒരു വർഷം തടവും, 1500 പൗണ്ട് പിഴയും പ്രതിക്ക് ലഭിച്ചു.

എന്നാൽ കേസിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ടായിരുന്നു എന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. യൂറോപ്യൻ മനുഷ്യാവകാശ നിയമത്തിന്റെ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം വിചാരണവേളയിൽ പ്രതിയോടൊപ്പം വക്കീലോ, ട്രാൻസ്ലേറ്ററോ ഉണ്ടായിരുന്നില്ല. കേസ് കൈകാര്യം ചെയ്ത ജഡ്ജി ആയ മിഖാലിസിന്റെ നിലപാടിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ബലാൽസംഗം നടന്നതിനെക്കുറിച്ചുള്ള തെളിവുകൾ കേൾക്കാൻ പോലും അദ്ദേഹം മനസ്സു കാണിച്ചില്ല എന്നാണ് അഭിഭാഷകൻ പറയുന്നത്.

പ്രോസിക്യൂഷൻ പറയുന്നത് പ്രതി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്വമേധയാ കേസ് എഴുതി രജിസ്റ്റർ ചെയ്തു എന്നാണ്. എന്നാൽ പ്രതിയായ പെൺകുട്ടി പറയുന്നത്, ഒക്ടോബറിൽ വിചാരണ തുടങ്ങിയതിനുശേഷം തനിക്ക് കൃത്യമായ നിയമ സഹായമോ, അഭിഭാഷകരെയോ ലഭിച്ചിട്ടില്ല എന്നാണ്.
പ്രതിയായ പെൺകുട്ടി യുവാക്കളോടൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടത്തിയതെന്ന തെളിവുകൾ വീഡിയോയിൽ നിന്ന് ലഭ്യമാണ് എന്നാണ് കോടതി കണ്ടെത്തുന്നത്. ഇസ്രായേലി യുവാക്കളുടെ കയ്യിലുള്ള വീഡിയോ ക്ലിപ്പ് തനിക്ക് ഭീഷണി ആകുമോ എന്ന് ഭയന്നതിനാൽ ആണ് പ്രതി കേസ് ഫയൽ ചെയ്തത് എന്നും കോടതി കണ്ടെത്തി. എന്നാൽ ഈ വാദം തെറ്റാണെന്നാണ് പെൺകുട്ടിയുടെ അഭിഭാഷകർ വാദിക്കുന്നത്.

വിചാരണക്ക് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയും അമ്മയും ചുണ്ടുകൾ കൂട്ടി കെട്ടിയ ചിഹ്നമുള്ള വെള്ളത്തൂവാല മുഖത്ത് ധരിച്ചിരുന്നു. വിധിക്കെതിരെയുള്ള പ്രതിഷേധമാണ് അവർ രേഖപ്പെടുത്തിയത്. കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. പെൺകുട്ടിയുടെ അഭിപ്രായം കേൾക്കാനോ തെളിവുകൾ കൃത്യമായി പരിശോധിക്കാനോ കോടതി തയ്യാറായിരുന്നില്ല എന്ന് പെൺകുട്ടിയുടെ അമ്മയും പരാതിപ്പെട്ടു. ബലാത്സംഗത്തിന് ശേഷം തന്റെ മകൾ കടന്നുപോയ വിഷമഘട്ടങ്ങൾ താൻ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അവർ വികാരാധീനയായി. പെൺകുട്ടിയുടെ മനുഷ്യാവകാശം പരസ്യമായി നിഷേധിക്കപ്പെട്ടതായും അവർ വാദിച്ചു.