ജോഷി സിറിയക്
ബിർമിംഗ്ഹാം: . യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ മൂന്നാം സീസൺ ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. യുകെ ക്രോസ് കൾച്ചർ മിനിസ്ട്രിസ് ഡയറക്ടർ ഡോ. ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് ടൌൺ മേയർ ടോം ആദിത്യ, എന്നിവർ വിശിഷ്ടാഥികളായിരിക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് നിറം പകരാൻ ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങൾ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോൾ വിജയികളാകുന്നർക്ക് ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, ഗർഷോം ടിവി നൽകുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ലണ്ടൻ അസാഫിയൻസ് നൽകുന്ന ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടും ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയർ ഗ്രൂപ്പിന് ട്രോഫികൾ സമ്മാനിക്കും

ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: King Edward VI Five Ways School, Scotland Ln, Birmingham B32 4BT

ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബിബിസി, ഐറ്റിവി, സ്കൈ ന്യൂസ് പോലെയുള്ള പ്രമുഖ മാധ്യമങ്ങൾ നടത്തിയ സർവ്വേ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്. എൺപ്പത്തിയാറിന്റെ ഭൂരിപക്ഷത്തോടെ കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2017-ൽ നടന്ന ഇലക്ഷനിൽ 50 എംപിമാർ അധികം കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകൾ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ മൊത്തം 368 എംപിമാർ കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാകും. ലേബർ പാർട്ടിക്ക് 191, ലിബറൽ ഡെമോക്രാറ്റുകൾക്കു 13, സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 55 എന്നിങ്ങനെ ലഭിക്കുമെന്നാണ് നിഗമനം. എന്നാൽ ബ്രെക്സിറ്റ് പാർട്ടിക്ക് ഒന്നുംതന്നെ ലഭിക്കുകയില്ലെന്നാണ് സർവേകൾ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഇലക്ഷൻ ഫലം പൂർണ്ണമായി പുറത്തുവരും.

ഇലക്ഷൻ കഴിഞ്ഞ് പുറത്തിറങ്ങി വരുന്ന ആളുകളെ കൊണ്ട് ഒരു മാതൃക ബാലറ്റ് പേപ്പർ പൂരിപ്പിച്ചാണ് എക്സിറ്റ് പോൾ നടത്തുന്നത്. ഇപ്‌സോസ് മോറി എന്ന മാർക്കറ്റ് റിസർച്ച് കമ്പനി ആണ് ഇത്തവണ എക്സിറ്റ്പോൾ നടത്തിയത്. എക്സിറ്റ് പോളുകളുടെ ഫലം സാധാരണയായി ശരിയാവാനുള്ള സാധ്യത അധികമാണ്. എക്സിറ്റ് പോളുകളുടെ ഫലം ശരിയാവുകയാണെങ്കിൽ കൺസർവേറ്റീവ് പാർട്ടി ഒരിക്കൽകൂടി വിജയിക്കുകയും, ബോറിസ് ജോൺസൺ അധികാരത്തിലെത്തുകയും ചെയ്യും. ഇതോടൊപ്പം ഉടൻതന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുകയും ചെയ്യും.

ബ്രെക്സിറ്റ് നടപ്പിലാക്കും എന്നതായിരുന്നു ബോറിസ് ജോൺസന്റെ പ്രചാരണത്തിന്റെ മുഖമുദ്ര. എന്നാൽ വീണ്ടുമൊരു റഫറണ്ടം നടത്തുമെന്ന വാഗ്ദാനമായിരുന്നു ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ നൽകിയത്. ജനങ്ങളെല്ലാം ആകാംക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയാണ്. പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഇലക്ഷൻ ഫലങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മൂടൽമഞ്ഞാണ്.. കനത്ത മൂടൽമഞ്ഞ്. പരസ്പരം ആരെയും കാണാൻ സാധിക്കാത്ത വിധം പടരുന്ന മഞ്ഞ്. എന്നാൽ മഞ്ഞ് മാറി അവിടെ സൂര്യരശ്മികൾ വരുന്ന കാഴ്ച ആലോചിച്ചുനോക്കൂ…. ജീവിതവും അതുപോലെ തന്നെ.. 2019 ഐ എഫ് എഫ് കെയിലെ അതിമനോഹര ചിത്രങ്ങളിൽ ഒന്ന്, ഡെസ്പൈറ്റ് ദി ഫോഗ്. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. Goran Paskaljevic സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം 110 മിനിറ്റിൽ കഥ പറഞ്ഞവസാനിക്കുന്നു.

അഭയാർഥിയായി ഇറ്റലിയിൽ എത്തുന്ന ഏഴു വയസ്സുകാരൻ മുഹമ്മദിന്റെ കഥയാണ് ചിത്രം പറയുന്നത്. ആരോരുമില്ലാതെ തണുത്തുവിറച്ച് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന മുഹമ്മദിനെ കണ്ടില്ലെന്ന് നടിക്കാൻ പൗലോയ്ക്ക് ആവുന്നില്ല. അദ്ദേഹം അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൗലോയുടെ ഭാര്യ വലേറിയ ആദ്യമേ തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിക്കുന്നെങ്കിലും അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണരുന്നു. തന്റെ മരിച്ചുപോയ മകന്റെ സ്ഥാനത്തു ദൈവം കൊണ്ടുവന്ന ഒരു അത്ഭുതമായി മുഹമ്മദിനെ അവൾ കാണുന്നു. എങ്കിലും ആ വീട്ടിൽ നില്കാൻ അവനു മനസ്സുവരുന്നില്ല. സ്വീഡനിലേക്ക് പോകണമെന്നും തന്റെ മാതാപിതാക്കൾ അവിടെയാണെന്നും അവൻ പറയുന്നു, ബോട്ട് അപകടത്തിൽ അവർ മരിച്ചതറിയാതെ… അറബി മാത്രം അറിയാവുന്ന മുഹമ്മദിനെ സംരക്ഷിക്കാനുള്ള ഇറ്റലിക്കാരായ പൗലോയുടെയും വലേറിയയുടെയും ശ്രമങ്ങളാണ് പിന്നീട് ചിത്രം പറയുന്നത്.
മുഹമ്മദിനുവേണ്ടി സ്വന്തം ബന്ധുക്കളെ അകറ്റുന്ന ആ ദമ്പതികൾ അവനെ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ട്. എന്നാൽ മതം അതിനു തയ്യാറാവുന്നില്ല. അവന്റെ പേര് ഇറ്റലിയിലെ ക്രൈസ്തവ സമൂഹത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ആർക്കും കൊടുക്കാതെ ചേർത്ത് പിടിക്കുന്ന മുഹമ്മദിനെയുമായി ആ അമ്മ, കരോൾ ഗാനങ്ങളുടെ സ്വരമാധുരിയിൽ അലിഞ്ഞുചേർന്ന് മഞ്ഞ് പുതച്ചു കിടക്കുന്ന വഴിയിലൂടെ യാത്രയാവുകയാണ്. എവിടേക്കാണെന്ന് ചിത്രം പറയുന്നില്ല. എന്നാൽ ഒന്ന് തീർച്ച…. അത് മനുഷ്യത്വത്തിലേക്കുള്ള യാത്രയാണ്.
സ്നേഹവും വാത്സല്യവും കൂടിക്കലരുന്ന മനസ്സുകളുടെ ചേർച്ച. ഒരു ചിത്രം കണ്ട് മനസ്സ് നിറയുമെങ്കിൽ ഈ ഇറ്റാലിയൻ സിനിമ കാണണം. ഗംഭീര ആശയവും അഭിനയ മികവും നിറഞ്ഞു നിൽക്കുന്ന ചിത്രം. കാഴ്ചയുടെ വസന്തമാണ് ഡെസ്പൈറ്റ് ദി ഫോഗ്… ഉൾകാഴ്ചയുടെ.. മനുഷ്യത്വത്തിന്റെ….
ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം
കോട്ടയം:2020 ലും കേരളത്തിൽ ഭയാനകമായ പ്രളയമുണ്ടാകുമെന്നും മുൻകരുതലെടുത്തില്ലെങ്കിൽ സ്ഥിതി പ്രവചനാതീതമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചന വിദഗ്ദ്ധൻ ക്യാപ്റ്റൻ നോബിൾ പെരേര. കോട്ടയം പ്രസ് ക്ലബ്ബിന്റെയും നാട്ടകം ഗവണ്മെന്റ് കോളേജ് ഭൗമശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ‘കാലാവസ്ഥാ വ്യതിയാനവും കേരളവും’ എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തവേയാണ് നാവികസേനാ ക്യാപ്റ്റൻ കൂടിയായ പെരേരയുടെ മുന്നറിയിപ്പ്. സമുദ്രങ്ങളിലെ ചൂട് ക്രമാതീതമായി വർദ്ധി ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമല്ല, കാലാവസ്ഥാ അടിയന്തിരാവസ്ഥയാണ് ഇന്നുള്ളത്.
മരങ്ങൾ നടുന്നതോടൊപ്പം കുളങ്ങൾ കൂടി നിർമ്മിക്കാൻ മലയാളി ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മണ്ണിനു ജലം ഉൾക്കൊള്ളാനാകാതെ പ്രളയസമാന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. കാലാവസ്ഥാ പഠന കോൺക്ലേവുകളിൽ സിനിമ താരങ്ങളെയല്ല കൂടുതൽ കാലാവസ്ഥാ നിരീക്ഷകരെ ഉൾപ്പെ ടുത്തേണ്ടതുണ്ട്. മതിയായ അവബോധം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടത് അതാതു സർക്കാരിന്റെ കടമയാണ്. വിദേശ രാജ്യങ്ങൾ സ്വീകരിച്ചു തുടങ്ങിയിട്ടുള്ള പ്രകൃതി സുരക്ഷയിലൂന്നിയുള്ള കെട്ടിടനിർമ്മാണ രീതികളും സാധ്യതകളും കേരളത്തിലും കൊണ്ടു വരേണ്ടതുണ്ട്.
വേണ്ട നടപടികൾ കൈക്കൊണ്ടു വരും വർഷത്തെ പ്രളയത്തെ തടയാൻ കേരളത്തിനു കഴിയും. ക്യാപ്റ്റൻസ് വെതർ ഫോർകാസ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ എല്ലാ വിധ കാലാവസ്ഥാ അപ്ഡേറ്റുകളും ലഭ്യമാക്കുന്ന നോബിൾ പെരേര കേരള ഗവണ്മെന്റുമായി ചേർന്ന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു. അതിലേക്കുള്ള ചുവടുവയ്പ്പുകൾ തുടങ്ങിയതായും അദ്ദേഹം മലയാളം യുകെ പ്രതിനിധികളോടു കൂട്ടിച്ചേർത്തു.
കാന്റര്‍ബറി: മരണങ്ങൾ വിട്ടൊഴിയാതെ യുകെയിലെ പ്രവാസിമലയാളികൾ. ഇന്ന് മരിച്ചത് കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയാണ്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെയാണ് ഹൃദയസംബന്ധമായ അസുഖം മൂലം മരണമടഞ്ഞത്. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റര്‍ബറിയിലെ വില്യം ഹാര്‍വി ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ലാല്‍ജിത് മരണത്തിന് കീഴടങ്ങിയത്.
എന്‍ എച്ച് എസില്‍ സ്റ്റാഫ് നേഴ്‌സായ ഭാര്യ ഉഷ ലാല്‍ജിത്തിനും ഏകമകള്‍ ലച്ചു ലാല്‍ജിത്തിനുമൊപ്പം കാന്റര്‍ബാറിയിലായിരുന്നു താമസം. അറുപത്തിനാല് വയസ്സായിരുന്നു ലാല്‍ജിത്തിന്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. ലാൽജിത്തിന്റെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ലണ്ടൻ∙ 1923നുശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഡിസംബറിൽ വോട്ടുചെയ്യുന്നത്. 650 അംഗ പാർലമെന്റിലേക്ക് 3,322 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും ബ്രിട്ടണിലുള്ള ഐറീഷ് പൗരന്മാർക്കുമാണ് വോട്ടവകാശം.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുവരെ തുടരും. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകൾ. പലപ്പോഴും മൈനസിലും താഴുന്ന താപനിലയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും. ഇതോടൊപ്പം ഇന്ന് ചിലസ്ഥലങ്ങളിൽ കനത്ത മഴയുമുണ്ട്. ഇത് പൊളിങ്ങ് ശതമാനത്തെ ബാധിച്ചേക്കാം. ഇരുപതു ശതമാനത്തോളം പേർ നേരത്തെ തന്നെ പോസ്റ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നാല് കോടി അമ്പത്തെട്ട് ലക്ഷം വോട്ടർമാരാണ് ബ്രിട്ടനിൽ ആകെയുള്ളത്.
പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനും മറ്റ് പ്രാദേശിക കക്ഷി നേതാക്കളും രാവിലെ തന്നെ വോട്ടു ചെയ്തശേഷം വിവിധ പോളിംങ് ബൂത്തുകളിൽ സന്ദർശനത്തിലാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ തന്റെ വളർത്തുനായയെയും കൂട്ടിയാണ് വോട്ടുചെയ്യാനെത്തിയത്.
ഇന്നു രാത്രി പത്തിനു പോളിങ് അവസാനിച്ചാൽ അർധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ മുതൽ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ വിജയികളെ വ്യക്തമായി അറിയാം. ഭരണകക്ഷിയായ കൺസർവേറ്റീവ് (ടോറി), മുഖ്യ പ്രതിപക്ഷമായ ലേബർ, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, പ്രാദേശിക പാർട്ടികളായ, സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി.), ഷിൻ ഫെയ്ൻ, പ്ലൈഡ് കമറി, ഗ്രീൻ പാർട്ടി, ബ്രക്സിറ്റ് പാർട്ടി, സ്വതന്ത്രന്മാർ, സ്പീക്കർ എന്നിവരാണ് മൽസരരംഗത്തുള്ളത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടൻ ചരിത്രത്തിലെ വിധി നിർണായകമായ ജനറൽ ഇലക്ഷനാണ് ഇന്ന് നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആയിരിക്കുന്ന ബ്രിട്ടന്റെ ഭാവിയെ സ്വാധീനിക്കുന്നതായിരിക്കും ഇന്നത്തെ ഇലക്ഷനിലൂടെ നേതൃത്വത്തിലെത്തുന്ന ഗവൺമെന്റ്. ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് നടപ്പിലാക്കും. ഇലക്ഷൻ അടുത്തതോടെ കൂടി ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും, എതിർകക്ഷിയായ ലേബർ പാർട്ടിയും തമ്മിലുള്ള മത്സരം ശക്തമായി കൊണ്ടിരിക്കുകയാണ്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻതൂക്കം നേരിയതായി മാറിയിരിക്കുകയാണ്.
ബ്രിട്ടനിൽ തൂക്കു പാർലമെന്റിനു വരെയും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സാന്നിധ്യവും നിലപാടുകളും വളരെ നിർണായകമായി തീരും.

പൊതുവേ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയായി അറിയപ്പെടുന്നത് ലേബർ പാർട്ടി ആയതിനാൽ ഇന്ത്യൻ വംശജരും, മലയാളികളും ലേബർ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയപ്പോഴെല്ലാം മുതലാളിത്തത്തെ സഹായിക്കുന്ന തീരുമാനങ്ങളും നയങ്ങളും ആണ് എടുത്തിരുന്നത്. എൻ എച്ച് എസ് പോലെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഗവൺമെന്റ് സംവിധാനങ്ങളെ സ്വകാര്യവത്ക്കരിക്കുക എന്നത് കൺസർവേറ്റീവ് പാർട്ടിയുടെ എക്കാലത്തെയും രഹസ്യ അജണ്ടകളിൽ ഒന്നായിരുന്നു.
ഇപ്രാവശ്യത്തെ ജനറൽ ഇലക്ഷനിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രെക്സിറ്റും, എൻ എച്ച് എസുമെല്ലാമാണ് പ്രധാന ചർച്ച വിഷയങ്ങളായി മാറിയത്. നാഷണൽ ഹെൽത്ത് സർവീസിനെ സ്വകാര്യവൽക്കരിക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയുടെ നീക്കങ്ങളെ ജനസമക്ഷത്തിൽ ഉയർത്തിക്കാട്ടാൻ ലേബർ പാർട്ടിക്ക് പൂർണമായി സാധിച്ചിട്ടില്ല. ബ്രെക്സിറ്റ് മറ്റെല്ലാ വിഷയങ്ങളേയും മറികടന്ന് മുഖ്യ ചർച്ചാവിഷയം ആയിരുന്നതിനാൽ, സാധാരണക്കാരനെ ബാധിക്കുന്ന തൊഴിലില്ലായ്മ, ജീവിതചെലവുകളിൽ ഉണ്ടായിരിക്കുന്ന വർദ്ധനവ് എന്നിവ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകമെമ്പാടുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളുടെയും സമാന കുറ്റകൃത്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും, ചിത്രീകരിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത 33 പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഭൂഖണ്ഡങ്ങളിലായി 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും 33 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 17 പേരും സ്പെയിനിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരും അന്വേഷണം നേരിട്ടവരുമായ സ്പെയിൻകാരിൽ അധികംപേരും 18 വയസ്സിൽ താഴെയുള്ളവരാണ്. 15 വയസ്സുകാരനായ ആൺകുട്ടിയും കേസിൽ പ്രതിയാണ്. തീവ്രമായ പല ചിത്രങ്ങളെയും വളരെ നിസ്സാരമായാണ് പ്രതികൾ കണക്കാക്കുന്നത്.

ഉറുഗ്വേയിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇരയായ കുട്ടിയുടെ അമ്മയാണ്. കുട്ടിയെ ഉപദ്രവിച്ചതും ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും ഇവരാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ 29 കാരൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനോടൊപ്പം മറ്റ് ഗ്രൂപ്പ് അംഗങ്ങളെ പെൺകുട്ടികളുമായി പരിചയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ആയി തെരഞ്ഞെടുത്ത പെൺകുട്ടികൾ പോലീസിനോട് പരാതിപ്പെടാൻ സാധ്യതയില്ലാത്ത അഭയാർഥികൾ ആയിരിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്പെയിൻ നാഷണൽ പോലീസിന് രണ്ട് വർഷം മുൻപ് ഇമെയിൽ സന്ദേശത്തിലൂടെ ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. യൂറോ പോൾ, ഇന്റർപോൾ, ഇക്വഡോർ കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പോലീസ് സേനയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. യുകെ, ഇക്വഡോർ, കോസ്റ്റാറിക്ക, പെറു, ഇന്ത്യ ഇറ്റലി, ഫ്രാൻസ്, പാകിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അതി തീവ്ര സ്വഭാവം ഉള്ള ക്രൂരമായ പീഡനങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചവയിലധികവും. ഗ്രൂപ്പിലെ ചിലർ വാട്സാപ്പ് സ്റ്റിക്കറുകൾ ആയും ഇവ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ ഇരകളായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തിരുവനന്തപുരം : ബോങ് ജൂൻ ഹോ സംവിധാനം ചെയ്ത കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ കാണാൻ ഡെലിഗേറ്റുകളുടെ വൻ തിരക്ക്. പിന്നീടത് തള്ളിക്കയറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയതോടെ ടാഗോർ തീയേറ്റർ പരിസരം പ്രതിഷേധക്കളം ആയി മാറി. ആളുകളെ അനധികൃതമായി കടത്തിവിട്ടെന്ന് ആരോപിച്ച് പ്രവേശനം ലഭിക്കാത്തവര്‍ ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. റിസർവേഷൻ ചെയ്തതിലും കൂടുതൽ ആളുകളെ അതുവഴി കയ്യറ്റിവിട്ടെന്ന് ആരോപിച്ച് ബാക്കി ഡെലിഗേറ്റുകൾ പ്രശ്നമുണ്ടാക്കി. പിന്നീടത് വാക്കേറ്റത്തിലും കൂകിവിളികളിലും എത്തി നിന്നു.

ഒടുവില്‍ ബാക്കിയുള്ളവരെ സ്‌കാനിങ്ങ് ഇല്ലാതെ കടത്തിവിട്ടാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്. തീയേറ്ററിനുള്ളിലെ പടികളിൽ ഇരുന്നും നിന്നും ചിത്രം കണ്ടവർ ഏറെയാണ്. തിങ്ങിനിറഞ്ഞ പാരാസൈറ്റ് പ്രദർശനം ഏവരെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി മാറി. സംഘര്‍ഷത്തെ തുടര്‍ന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കമല്‍ ടാഗോറിലെത്തി ഡെലിഗേറ്റുകളോട് സംസാരിച്ചു. അധിക പ്രദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതിൻപ്രകാരം ഇന്ന് രാത്രി 10:30ന് ടാഗോർ തിയേറ്ററിൽ തന്നെ പാരാസൈറ്റ് പ്രത്യേക പ്രദർശനം ഉണ്ട്. കാനില്‍ പാം ഡി ഓര്‍ നേടിയ ചിത്രം കൂടിയാണ് ‘പാരസൈറ്റ്’. ഐ എഫ് എഫ് കെയിൽ രണ്ടു പ്രദർശനം മാത്രമേ ഇട്ടിരുന്നുള്ളു. അതാണ് ഈ വൻ തിരക്കിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

പ്രദർശന നഗരിയിൽ ലേഖകൻ.