ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിൽ ഉള്ള 30 ദശലക്ഷം ആളുകൾക്കും കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള സർക്കാരിൻെറ കർമ്മ പദ്ധതികൾ അടങ്ങിയ കത്തയച്ചു . കത്തിൻെറ പ്രസക്തഭാഗങ്ങൾ ….

ഈ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മുടെ ജീവിതം എത്രമാത്രം മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ കൊറോണ വൈറസിന്റെ സ്വാധീനം നമ്മളിൽ മാത്രമല്ല നമ്മുടെ സമൂഹത്തിലും ലോകം മുഴുവനായിട്ടും അനുഭവപ്പെടുന്നുണ്ട്. ഇതു കാരണം ആളുകളുടെ ജീവിതത്തിലും ബിസിനസുകളിലും ഉണ്ടായ നഷ്ടങ്ങൾ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ താൻ പൂർണമായി മനസ്സിലാക്കുന്നു എന്നും എന്നാൽ ഈ നടപടി എല്ലാം തീർത്തും അത്യാവശ്യമുള്ളതാണ്. ഒരേ സമയം വളരെയധികം ആളുകൾക്ക് കൊറോണാ വൈറസ് പിടിപെട്ടാൽ എൻഎച്ച്എസ് – ന് അത് നേരിടാൻ പരിമിതികളുണ്ട് .

പലരുടെയും ജീവൻ നഷ്ടമായേക്കും. രോഗം പകരുന്നത് പരമാവധി തടയുവാനും കഴിയുന്നത്ര ജീവൻ രക്ഷിക്കാനും വേണ്ടി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറയണം. അതുകൊണ്ടാണ് എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിക്കണം എന്നും ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. ആരും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുവാനായി പോകരുതെന്നും വീടുകളിൽ നിന്ന് വളരെ അത്യാവശ്യമായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ . വീടുകളിൽ നിന്നുതന്നെ ജോലി ചെയ്യണം.വീട്ടിൽ നിന്ന് വെളിയിൽ പോകേണ്ട സാഹചര്യത്തിൽ മറ്റൊരു വ്യക്തിയിൽ നിന്ന് പരമാവധി 2 മീറ്റർ അകലം പാലിക്കണമെന്നും ഇവയൊക്കെ ആരെങ്കിലും ലംഘിച്ചാൽ കടുത്ത നടപടി ആയിരിക്കും എടുക്കുക എന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് തടയുന്നതിന് സ്വീകരിച്ച നടപടികളെ തുടർന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളെ ഓർത്ത് നിങ്ങൾ വളരെയധികം ആശങ്കകുലരായിരിയ്ക്കുമെന്നും എന്നാൽ എല്ലാ സഹായങ്ങൾക്കും സർക്കാർ നിങ്ങളുടെ കു‌ടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്രത്തിൻെറ ഉപദേശങ്ങൾക്കൊപ്പം അവർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ബാധ്യതയുണ്ട് .

സർവീസിൽ നിന്ന് വിരമിച്ച 1000 ഡോക്ടേഴ്സും , നേഴ്സുമാരും എൻഎച്ച്എസ് ലേക്ക് മടങ്ങി വരുന്നത് ഈ വിഷമഘട്ടത്തിൽ നമ്മളെ സഹായിക്കും . ഇതു കൂടാതെ ലക്ഷക്കണക്കിന് സന്നദ്ധ പ്രവർത്തകർ ഈ വിഷമഘട്ടം മറികടക്കാൻ രാജ്യത്തോടൊപ്പം ഉണ്ട് . ഈ മഹത്തായ മനോഭാവത്തോടെ നമുക്ക് കൊറോണാ വൈറസിനെ ഒന്നിച്ചു തോൽപ്പിക്കാം എന്നും വീട്ടിലിരുന്ന് പല ജീവനും രക്ഷിക്കാമെന്നും അദ്ദേഹം തന്റെ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.