ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ : ഒരാഴ്ചകൊണ്ട് പെയ്യുന്ന മഴ ഒരു ദിവസം കൊണ്ട് പെയ്തതുമൂലം മിഡ്ലാൻഡ്, വെയിൽസ്, തെക്കേ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി. പലസ്ഥലങ്ങളിലും ആളുകൾ വെള്ളം കയറിയ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പലയിടത്തും ഗതാഗതം പൂർണമായി തകരാറിലായി. ഇംഗ്ലണ്ടിൽ പ്രളയ സാധ്യത പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജലാശയങ്ങളിലും, കടയിലും പൊതുജനങ്ങൾ പോകരുത് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം രണ്ടു മണിക്കൂറിനുള്ളിൽ ഏകദേശം 50 മില്ലി മീറ്റർ മഴയാണ് പലയിടങ്ങളിലും ലഭിച്ചത്. വ്യാഴാഴ്ച ഇനിയും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കേ ഇംഗ്ലണ്ടിലെ കനത്ത മഴയെ തുടർന്ന് കംബ്രിയ, കാർഐസിൽ, ന്യൂകാസിൽ എന്നിവിടങ്ങളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. ലാക്സി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം പരിപൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിപ്പോയവരെ ഫയർ സർവീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. പലയിടങ്ങളിലും വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന പ്രതിസന്ധി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇരുപതാംനൂറ്റാണ്ട് മൂന്ന് വലിയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വേദിയായിരുന്നു. ഫാസിസം, കമ്മ്യൂണിസം, ലിബറലിസം. ഫാസിസം ആദ്യം തന്നെ ചരിത്രത്തിന്റെ ഭാഗമായി, കമ്മ്യൂണിസം 1990-കളുടെ ആരംഭത്തിൽ തിരോധാനം ചെയ്തു. ലിബറലിസം ആഗോളവൽക്കരണത്തിലൂടെ അതിന്റെ ഉച്ചകോടിയിൽ എത്തി 21 ആം നൂറ്റാണ്ടിലേക്ക് കടന്നു. പക്ഷേ ഇന്ന് ലിബറലിസം ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ലിബറലിസത്തിന്റെ തന്നെ ഉൽപ്പന്നങ്ങളായ ഇൻഫർമേഷൻ ടെക്നോളജിയും ബയോടെക്നോളജി യും ചേർന്ന് രൂപപ്പെടുത്തിയ വിപ്ലവാത്മക മുന്നേറ്റത്തിൽ ആഗോളവത്കരിക്കപ്പെട്ട ലിബറലിസം ഏറ്റവും വലിയ വൈതരണിയിൽ എത്തിപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ചിന്തകളെ നിരാകരിച്ച് അനേകായിരങ്ങളെ തൊഴിൽരഹിതരാക്കി പൂർണ്ണ അധികാരം കൈയാളുന്ന ഡിജിറ്റൽ ഡിക്റ്റേറ്റർഷിപ്പിന് വഴി മാറുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ബഹുഭൂരിപക്ഷം ചൂഷണത്തിന് വിധേയരാകുന്നതല്ല മറിച്ച് സംഗതരല്ലാതെ (irrelavent) ആകുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ മാന്ദ്യം തൊഴിൽരംഗത്തെ അതിഭീമമായ കുറവ്, കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ സാംസ്കാരിക സംഘടനകൾ, തീവ്രവാദം സൂക്ഷ്മതലത്തിൽ ബന്ധങ്ങളുടെ തകർച്ച, യാന്ത്രികത, വ്യക്തികളുടെ ആത്മഹത്യ തുടങ്ങിയവയെല്ലാം മുകളിൽ വിവരിച്ച ഭയാശങ്കകൾ സാധൂകരിക്കുന്നതാണ്.
ചുരുക്കത്തിൽ ചരിത്രത്തിന്റെ പ്രയാണം പ്രകാശമില്ലാത്ത വിദൂര കാഴ്ചയില്ലാത്ത അകത്തളങ്ങളിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവിടെയാണ് ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി നമ്മുടെ മുൻപിൽ ചർച്ചയാകുന്നത്
ഗാന്ധിജി എന്ന പ്രകാശഗോപുരം.
ഹറാരിയുടെ വിശകലനത്തിൽ മുൻപിൽ മന്ദസ്മിതനായി കടന്നുവരുന്നത് ഗാന്ധിജി എന്ന പ്രകാശഗോപുരമാണ് അഥവാ ഗാന്ധിദർശനം ആണ്. ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമാണ് ആളത്തവും ദർശനവും വേർതിരിക്കാനാവാത്ത വിധം സംഭവിക്കുന്ന ലയം. ഗാന്ധിജിയിൽ ഈ ലയം പൂർണമാണ്. അർദ്ധനഗ്നനായി സഹപ്രവർത്തകരുടെ തോളിൽ കൈകളിട്ട് ചിരിച്ചുകൊണ്ട് മുമ്പോട്ട് നടക്കുന്ന ഗാന്ധിജിയുടെ രൂപം, ഹരാരിയുടെ മുന്നറിയിപ്പുകൾക്കിടയിലൂടെ വെളിച്ചവും ദൂരകാഴ്ചയും നൽകുന്നു. ഗാന്ധി ദർശനം ആണ്, അല്ല ഗാന്ധിജി തന്നെയാണ് നമ്മുടെ പ്രതീക്ഷ.
ചർക്ക എന്ന പ്രതീകം.
ലിബറലിസത്തിന്റെ ഉൽപാദന വിതരണ അധീശത്വത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചർക്കയുടെ പ്രസക്തി ഏറെയാണ്. ഉത്പാദനവും ,വിപണനവും ,ഉപയോഗവും എല്ലാം പങ്കാളിത്തത്തിന്റെ മണ്ണിൽ മാത്രമേ സ്ഥായിഭാവമുള്ളതാകു എന്ന് ഗാന്ധിജി വിശ്വസിച്ചു. അതിന്റെ പ്രതീകമായിരുന്നു ചർക്ക. പരുത്തി കൃഷി ചെയ്യുന്നവർ, പഞ്ഞി ശേഖരിക്കുന്നവർ, തിരി ആക്കുന്നവർ നൂൽ നൂൽക്കുന്നവർ , വസ്ത്രത്തിന് നിറം നൽകുന്നവർ, വിപണനം ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാവരും ചേർന്ന ശൃംഖല വലുതാണ്. അതിലെ ഓരോ കണ്ണിയും തുല്യ പ്രാധാന്യമുള്ളതാണ് . ഒരിടത്തും അമിതലാഭം ഇല്ല. എല്ലാവർക്കും എല്ലാതലങ്ങളിലും ബഹുമാനവും, അംഗീകാരവും പങ്കാളിത്ത സംവിധാനത്തിൽ അന്തർലീനമാണ്. പങ്കാളിത്തം നിഷേധിച്ചുള്ള സംവിധാനം വിഭവങ്ങളുടെയും ,അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേക്ക് നയിക്കും. ഫലമോ ചൂഷണവും അന്തരവും. ചുരുക്കത്തിൽ ഹരാരിയുടെ തൊഴിൽ രാഹിത്യവും ഡിജിറ്റൽ ഡിക്ടേറ്റർ ഷിപ്പിനും പരിഹാരം പങ്കാളിത്തത്തിന്റെ ഗാന്ധിദർശനം തന്നെ. ചർക്ക എന്ന പ്രതീകത്തിന്റെ പുനരാവിഷ്കരണം ഇന്ന് എങ്ങനെ സാധിക്കും എന്നുള്ളത് തീർച്ചയായും ഗൗരവമായി പരിചിന്തനം ചെയ്ത് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.
ചാക്രിക പ്രക്രിയ
പ്രകൃതിവിഭവങ്ങളുടെ രേഖീയ ചൂഷണം (leniar exploitation) ഗാന്ധിദർശനത്തിലില്ല, ഇത് ചാക്രിക പ്രക്രിയയാണ്. പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്ന വിഭവങ്ങളുടെ ഒരു പങ്ക് എങ്കിലും പ്രകൃതിക്ക് തിരിച്ചു കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്. ചാക്രിക പ്രക്രിയയുടെ ഏറ്റവും വലിയ പ്രതീകം ഗോബർ ഗ്യാസ് പ്ലാൻഡ് ആണ്. പ്രകൃതിയിൽ നിന്ന് പുല്ല് , വൈക്കോൽ , സസ്യ അവശിഷ്ടങ്ങൾ , വെള്ളം തുടങ്ങിയവ ആഹാരമായി സ്വീകരിക്കുന്ന കന്നുകാലികൾ പാൽ , തൈര് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾകൊപ്പം വളമായി ചാണകവും നൽകുന്നു. ചാണകം ഉപയോഗിച്ചുള്ള ഗോബർ ഗ്യാസ് പ്ലാന്റ് പാചകത്തിന് ഗ്യാസ് ലഭ്യമാക്കുന്നു. അതോടൊപ്പം പുറംതള്ളുന്ന അവശിഷ്ടം പ്രകൃതിയിലേക്ക് സസ്യജാലങ്ങളുടെ വളർച്ചയ്ക്ക് വളമായി മാറ്റപ്പെടുന്നു. പ്രകൃതിയെ സമ്പുഷ്ടമാക്കുന്നു. പ്രകൃതിയുടെ മേലുള്ള ചൂഷണം വിഭവങ്ങൾ കുറയ്ക്കുകയും അന്തിമമായി ഇല്ലാതാക്കുകയും ചെയ്യും. മാത്രവുമല്ല അവശിഷ്ടങ്ങൾ മലിനീകരണത്തിന് ഉറവിടം ആകുന്നു. വിഭവശോഷണം മലിനീകരണവും മുഖമുദ്രകൾ ആയുള്ള രേഖീയ വികാസന പ്രക്രിയ തിരുത്തേണ്ടത് നിലനിൽപ്പിനു കൂടിയേതീരൂ. ഗാന്ധി ദർശനം അതാണ്. വ്യവസായങ്ങളുടെ പങ്കാളിത്ത ചാക്രിക സ്വഭാവം വീണ്ടെടുക്കണം എന്ന് ഗാന്ധിമാർഗ്ഗം അനുശാസിക്കുന്നു.
സൗഹൃദ വിപണി
വിപണിയിലെ മത്സരമാണ് ലിബറലിസത്തിന്റെ അടിസ്ഥാനതത്വം. മത്സരത്തിലൂടെ ലാഭം, ലാഭം വീണ്ടും വിപണിയിലെത്തുന്നു. ചുരുക്കത്തിൽ ലാഭം കൊയ്യുന്നവരുടെ പിടിയിൽ വിപണി അമരും. സ്വതന്ത്ര കമ്പോളം എന്നത് മിഥ്യ സങ്കല്പം ആയി മാറുന്നു . വിപണി കയ്യടക്കുന്ന വൻകിടക്കാർ വിഭവങ്ങളുടെയും അധികാരത്തിന്റെയും കടിഞ്ഞാൺ പിടിക്കും. വിപണിയിൽ ഇടപെടുന്നതിന് ഉപഭോക്താവിന് ശേഷി ഇല്ലാതെ വരുമ്പോൾ വിപണി തകർച്ചയിലേക്ക് മാറും. ഇപ്പോഴത്തെ മാന്ദ്യം അതാണ്. ഗാന്ധിദർശനത്തിൽ ലാഭം അടിസ്ഥാനപ്രമാണം അല്ല. മത്സരം ലാഭത്തിനല്ല ഗുണമേന്മക്ക് വേണ്ടിയുള്ള സൗഹൃദ ഇടപെടൽ മാത്രമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദികളാണ്.
ഗ്രാമസ്വരാജ് / ആഗോളഗ്രാമം.
ഗാന്ധിദർശനം ആണല്ലോ സ്വാശ്രയ ഗ്രാമങ്ങൾ. നീതിയുടെയും, സുസ്ഥിരത യുടെയും ചെറിയ സാമൂഹ്യ ഇടങ്ങൾ ആകണം ഓരോ ഗ്രാമവും എന്ന് ഗാന്ധിജി വിഭാവനം ചെയ്തു. വിഭവങ്ങളുടെ സ്വഭാവവും ലഭ്യതയും അനുസരിച്ചാവണം ഓരോ ഗ്രാമവും ഗ്രാമസ്വരാജ് ആയി രൂപപ്പെടേണ്ടത്. ഉല്പാദക രെയും ഉൽപ്പന്നങ്ങൾ ആയും അടിസ്ഥാനപ്പെടുത്തിയുള്ള വേർതിരിവോ മേധാവിത്വമോ ഗാന്ധിദർശനത്തിലില്ല.
വാർത്താ വിനിമയത്തിലൂടെയും വിവിധ യാത്രാമാർഗങ്ങളിൽ കൂടിയും ലോകം ഒരു ഗ്രാമമായി മാറിയിട്ടുണ്ട് (ഗ്ലോബൽ വില്ലേജ് ). ഗാന്ധി ദർശനം ആഗോള ഗ്രാമത്തെ ഒരു ഗ്രാമസ്വരാജായി മാറ്റുന്നതിന് കെൽപുള്ളതാണ്. അത് സാധിക്കുമോ? എന്തായാലും ഹരാരിയുടെ പ്രതീക്ഷ യറ്റ ഇടം ഗാന്ധിജിയുടെ പ്രസക്തി വലുതാക്കുന്നു.
പ്രൊഫ . ഫിലിപ്പ് എൻ തോമസ്
ലേഖകൻ മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ് ന്റെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ പ്രൊഫസറായും കേരള കൗൺസിൽ ഓഫ് ചർചിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
യുകെ : ഇംഗ്ലീഷ് ചാനൽ വഴി ആളുകളെ യുകെയിലേക്ക് എത്തിക്കുന്ന കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് പിന്തുണ നൽകുന്നെന്ന് കണ്ടെത്തൽ. ഒരു രഹസ്യാന്വേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.കാലായിസിൽ നിന്നും ഡങ്കിർക്കിൽ നിന്നും ആളുകളെ ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് എത്തിക്കാൻ കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് അനുമതി നല്കുന്നെന്ന് എൽബിസി റേഡിയോ വെളിപ്പെടുത്തി. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിലെ ഒരാളെ ഡങ്കിർക്കിൽ നിന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. 7000 പൗണ്ട് വരെയാണ് ഓരോരുത്തർക്കും ബോട്ടിൽ കയറുന്നതിനായി അവർ ഈടാക്കുന്നത്. എൽബിസി ടീം, ഒരു ഇന്ത്യൻ കുടുംബമായി അഭിനയിച്ചാണ് ഇയാളെ കണ്ടെത്തിയത്. ഫാറൂഖ് എന്ന കള്ളക്കടത്തുകാരനെയാണ് ക്യാമ്പിന്റെ വെളിയിൽ അവർ കണ്ടെത്തിയത്.
ചാനൽ എപ്പോൾ കടക്കണമെന്ന് ഫ്രഞ്ച് പോലീസ് ആണ് നിർദേശം നൽകുന്നതെന്ന് ഫാറൂഖ് വെളിപ്പെടുത്തി. ആളുകൾ പോകുമ്പോൾ ചിലപ്പോൾ ഫ്രഞ്ച് പോലീസ് അവരോടൊപ്പം പോകുമെന്നും അതിനാൽ കാര്യങ്ങൾ വളരെ എളുപ്പമാണെന്നും 400 പേരെ വരെ കടത്തിയിട്ടുണ്ടെന്നും ഫാറൂഖ് പറഞ്ഞു. ഒപ്പം ഫ്രാൻസിൽ ഇതൊരു കച്ചവടം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ കുടിയേറ്റക്കാർക്ക് പോലീസ് ആണ് ചെയ്തുകൊടുക്കുന്നത്.
പണത്തിനുവേണ്ടി ഈ ക്രിമിനൽ സംഘങ്ങൾ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നെന്നും ഇതിനെ ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര കാര്യാലയ വക്താവ് ഉറപ്പ് നൽകി. എന്നാൽ ഡങ്കിർക്കിലെ ഫ്രഞ്ച് പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ : 1999 നടന്ന ചടങ്ങിൽ ലഞ്ചിന് ഇടയ്ക്ക് മാധ്യമപ്രവർത്തകയെ കടന്നുപിടിച്ചു എന്ന പരാതിയാണ് ജോൺസൺ നിഷേധിച്ചത്. പ്രൈം മിനിസ്റ്ററിന്റെ ചീഫ് അഡ്വൈസറുടെ ഭാര്യ മേരി വാകഫീല്ഡ്നും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും അവർ അത് പാടെ നിഷേധിക്കുകയാണ് ഉണ്ടായത്.
മാഞ്ചസ്റ്ററിലെ കൺസർവേറ്റീവ് കോൺഗ്രസ് നടന്ന ദിവസത്തെ സംഭവം മിസ്സ് എഡ്വേർഡ്സ് ഒരു പ്രമുഖ പത്രത്തിലെ ഞായറാഴ്ച കോളത്തിൽ എഴുതിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ലഞ്ചിന് ഇടയിൽ അമിതമായി വൈൻ കഴിച്ച ജോൺസൺ തന്റെ തുടയിലെ മാംസം ഞെരിച്ചുടച്ചു എന്നാണ് ആരോപിക്കുന്നത്. താൻ അന്ന് ഭയന്ന് പിടഞ്ഞു പോയി എന്നും അവർ പറയുന്നു. പ്രൈം മിനിസ്റ്റർ ക്ക് ഈ സംഭവം ഓർമയില്ലെങ്കിൽ അദ്ദേഹത്തെക്കാൾ ഓർമശക്തി തനിക്കുണ്ടെന്നും അവർ വാദിച്ചു. മറ്റൊരു സ്ത്രീക്കും അന്നുതന്നെ സമാനമായ സംഭവം ഉണ്ടായതായി മാധ്യമപ്രവർത്തക എഴുതിയിട്ടുണ്ട്. എന്നാൽ സംഭവം ജോൺസൺ പാടെ നിരസിക്കുകയാണുണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലണ്ടൻ മേയർ ആയിരുന്ന സമയത്ത് ജോൺസൺ കോടീശ്വരിയായ ഒരു ബിസിനസ്കാരിയുമായുണ്ടായിരുന്ന ബന്ധം പാപ്പരാസികൾ ചോദ്യം ചെയ്തിരുന്നു.
എന്നാൽ സെക്സിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചകൾ മുടക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ മുതലെടുപ്പ് മാത്രമാണ് എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കൗമാരപ്രായത്തിൽ സിറിയയിലെ ഐ എസ് ഐ എസ് ചേരാൻ നാടു വിട്ടു പോയതാണ് ഷമീമ ബീഗം. ബ്രിട്ടനിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളിൽ ഇളയവൾ ആയിരുന്നു. സിറിയയിൽ എത്തി പത്താം ദിവസം തന്നെ യാഗോ എന്ന പരിവർത്തിത മുസ്ലീമിനെ വിവാഹം കഴിച്ച ബീഗത്തിന് ജാറ എന്ന ഒരു ആൺകുട്ടി ഉണ്ടായി. എന്നാൽ ഒരാഴ്ച പ്രായമുള്ളപ്പോൾ അവൻ ന്യൂമോണിയ ബാധിച്ചു മരിക്കുകയായിരുന്നു.
തന്റെ മാനസികാരോഗ്യം തകരാറിൽ ആണെന്നും താൻ അവിടെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിലെ പോലെയല്ല, കൂടെ കഴിയുന്നവർക്ക് എത്ര പറഞ്ഞാലും താൻ അനുഭവിച്ചത് ഒന്നും മനസ്സിലാവില്ല എന്ന് അവൾ കണ്ണീരോടെ പറയുന്നു. അവിടെ കുട്ടികളെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് സ്ത്രീകൾ. എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് പ്രതീക്ഷയുണ്ടെന്നും അവൾ പറഞ്ഞു.
എന്നാൽ രാജ്യസുരക്ഷയാണ് വലുതെന്നും ഒരിക്കൽ തീവ്രവാദത്തിലേക്ക് പോയവർക്ക് മടങ്ങിവരാൻ സാധ്യമല്ലെന്നും ഹോം സെക്രട്ടറിയായ പ്രീതി പറഞ്ഞു. ഇനി ബംഗ്ലാദേശിലേക്ക് പോവുക എന്ന ഒരു വഴി മാത്രമേ ബീഗത്തിനു ബാക്കിയുള്ളൂ. എന്നാൽ ബംഗ്ലാദേശ് സർക്കാരും രാജ്യത്ത് പ്രവേശിക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സൗത്ത് ആഫ്രിക്ക : 1956 ഇൽ വർഗീയ ധ്രുവീകരണത്തിന് എതിരെ ഇരുപതിനായിരം സ്ത്രീകളുടെ മാർച്ച് നടത്തുമ്പോൾ സോഫിയ വില്യംസിന്റെ പ്രായം 18 വയസ്സ്. ഇപ്പോൾ 81 കാരിയായ സോഫിയക്ക് സസെക്സിന്റെ ഡച്ചസ്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഏറ്റവും വലിയ സന്തോഷം. സോഫിയെ പോലുള്ള അനവധി നേതാക്കന്മാരെ കാണുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ആയിരുന്നു മെഗാന്റെ ലക്ഷ്യം. ആഫ്രിക്കൻ സന്ദർശനത്തിന്റെ പ്രധാന അജണ്ടയായി അവർ സ്വീകരിച്ചിരിക്കുന്നതും വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തുന്ന വരെ സഹായിക്കുക എന്നതാണ്. ആഫ്രിക്കയിലേക്ക് 10 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് മെഗാനും ഭർത്താവ് വില്യമും മകൻ ആർച്ചിയും.
1956 ൽ നടന്ന മാർച്ചിൽ പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളാണ് സോഫിയ. അനാവശ്യമായ ഒത്തുകൂടൽ അവൾ പോലും നിരോധിച്ചിരുന്ന സമയത്ത് ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് ക്യാപിറ്റൽ പ്രിട്ടോറിയയിൽ തടിച്ചുകൂടിയത്. കറുത്തവർഗക്കാർ എല്ലായിപ്പോഴും കൈയ്യിൽ പാസ്ബുക്ക് കരുതണമെന്നും, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്ന നിയമത്തിനെതിരെ ആയിരുന്നു പ്രതിഷേധം. അന്ന് വളരെയധികം പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കാണുന്നത്.
സസെക്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ കൂടിക്കാഴ്ചയെ പറ്റി മെഗാൻ മനോഹരമായി കുറിച്ചിട്ടുണ്ട്. ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നും അതിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണം എന്നും മെഗാൻ പറയുന്നു.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
എനിക്ക് ലഭിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് നീ. പക്ഷേ ഞാൻ അതിന് അർഹനാണെന്ന് തോന്നുന്നില്ല. എന്നെക്കാൾ നല്ലൊരാൾ നിനക്കായ് ഉണ്ടാകും.ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്നോട് ക്ഷമിക്കുക ‘ മാത്യു ഹാൾ എന്ന യുവാവ് തന്റെ കാമുകിയ്ക്ക് അവസാനമായി അയച്ച മെസ്സേജാണ് ഇത്. മണിക്കൂറുകൾക്ക് ശേഷം മാത്യുവിന്റെ മൃതദേഹം റയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്തു.മാത്യുവിന്റെ മരണം ആത്മഹത്യ ആണെന്ന് പോലീസ് അറിയിച്ചു.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാത്യുവിന്റെ മരണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച ഒരാൾ എങ്ങനെ ആത്‍മഹത്യയിലേയ്ക്ക് തിരിഞ്ഞു എന്നാണ് മാത്യുവിനെ അറിയാവുന്നവർ ചോദിക്കുന്നത്.
താൻ അർബുദ രോഗിയാണ് എന്ന ചിന്തയാകാം മാത്യുവിനെ ആത്‍മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. തന്റെ സുഹൃത്തുക്കളോട് താനൊരു അർബുദ രോഗിയാണെന്ന് മാത്യു പല തവണ പറഞ്ഞിരുന്നു. എന്നാൽ മാത്യുവിന്റെ മെഡിക്കൽ രേഖകൾ പരിശോധിച്ച പോലീസ് പറയുന്നത് മാത്യുവിന് അത്തരത്തിലുള്ള ഒരു രോഗ ലക്ഷണങ്ങളുമില്ല എന്നാണ്. എന്തെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ മാത്യുവിന് ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.
മരണത്തിന് തൊട്ടു മുൻപത്തെ ദിവസം കാണുമ്പോൾ മാത്യു നന്നായി മദ്യപിച്ചിരുന്നതായി കാമുകി ജെസീക്ക ഖോക്കർ പറഞ്ഞു. മാത്യു പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും തുടർന്ന് അതൊരു വഴക്കിലേയ്ക്ക് നീങ്ങുകയും ചെയ്തതായി ജെസീക്ക പറയുന്നു. അതിന് ശേഷമാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള മാത്യുവിന്റെ മെസ്സേജ് ലഭിക്കുന്നത്. എന്നാൽ അടുത്ത ദിവസം നേരം പുലർന്നപ്പോൾ ജെസീക്ക കേൾക്കുന്നത് മാത്യുവിന്റെ മരണ വാർത്തയാണ്.
ബിർമിങ്ഹാം: പ്രവാസികളായ മലയാളി വിശ്വാസികൾ കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ വളർച്ചയുടെ ഗ്രാഫ് മുന്നോട്ടുതന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു കൊവെൻട്രി റീജിയണൽ ബൈബിൾ കലോത്സവം. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ നാം കാണുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച മൂന്നാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ പത്തുമണിയോട് കൂടി നിർവഹിച്ചത് ചാൻസിലർ ഫാ: മാത്യു പിണങ്ങാട്ട് ആണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി കലോത്സവം മുൻപോട്ട് പോയി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നൂറുകണക്കിന് മത്സരാത്ഥികൾ.
പല വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 158 പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്റർ (സ്റ്റോക്ക്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നീ മാസ്സ് സെന്ററുകൾ ഉൾപ്പെടുന്നു ) 2018 ൽ നേടിയ റീജിണൽ കിരീടം 2019 ലും നിലനിർത്തി. 116 പോയിന്റോടെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയിരുന്ന ഡെർബി മിഷൻ സെന്റററിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിർമിങ്ഹാം സൾറ്റ്ലി മിഷൻ സെന്റർ തങ്ങളുടെ കരുത്ത് തെളിയിച്ചു. 100 പോയിന്റുകൾ നേടുവാനെ ഡെർബിക്ക് സാധിച്ചുള്ളൂ. സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരിക്കൽ കൂടി കിരീടം നേടിയപ്പോൾ മിഷൻ ഇൻ ചാർജ് ആയ ഫാ: ജോർജ്ജ് എട്ടുപറയിലിന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നെ എല്ലാം വെളിവാക്കുന്നതായിരുന്നു. അച്ഛൻ പയറുന്നതുപോലെ ‘മത്സരിക്കാൻ പോകുന്നത് ജയിക്കാനാ….’ സ്റ്റോക്ക് മിഷന്റെ മൽസരങ്ങൾ കോർഡിനേറ്റ് ചെയ്‌തത് കലോത്സവം കോഓർഡിനേറ്റർ ഷെറിൻ ക്രിസ്‌റ്റിയും ഹെഡ് ടീച്ചർ ആയ തോമസ്കുട്ടിയും ചേർന്നാണ്.
കഴിഞ്ഞ കാല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജിയണുകളിൽ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യക്തിഗത ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന രണ്ടുപേരേയും, ഗ്രൂപ്പ് ഇനങ്ങളിലെ വിജയികളായ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ബൈബിള്‍ കലോത്സവം 2019 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നാഷണൽ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ വച്ച് നടക്കുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ഒക്ടോബർ 16 നുള്ളിൽ ബ്രക്സിറ്റിനുള്ള കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാനും ആർട്ടിക്കിൾ 50 നു കുറച്ചുകൂടി സമയപരിധി അംഗീകരിക്കാനുമുള്ള ബിൽ പ്രധാനമന്ത്രി പാസ്സാക്കിയില്ലെങ്കിൽ ബോറിസ് ജോൺസൺ അവിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.
ലേബർ പാർട്ടി ലീഡർ ജെറമി കോർബിനുമായിട്ടാണ് വോട്ടെടുപ്പ്. വിഷയത്തിൽ സ്കോട്ടിഷ് നാഷണലിസ്റ്റുകൾ ടോറി കോൺഫറൻസിൽ ചർച്ചയിലായിരുന്നു. അടുത്ത ആഴ്ച തന്നെ വോട്ടെടുപ്പ് ഉണ്ടാവാനാണ് സാധ്യത. യൂറോപ്യൻ യൂണിയനോട് കൂടുതൽ സമയം ആവശ്യപ്പെടാത്തതു വഴി മിസ്റ്റർ ജോൺസൻ രാജ്യത്തിന് ‘ശല്യമാകുന്നു’ എന്നാണ് മിസ്റ്റർ ഹോസി അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31 നുള്ളിൽ യൂറോപ്യൻ യൂണിയൻ (EU ) വിടണം എന്ന കടുത്ത നിലപാടിലാണ് പ്രധാനമന്ത്രി. ഈ നിലപാട് തുടരുകയാണെങ്കിൽ മിസ്റ്റർ കോർബിൻ കെയർടേക്കർ പ്രൈംമിനിസ്റ്റർ സ്ഥാനം ഏറ്റെടുക്കേണ്ടിവരും.
പാർലമെന്റിന്റെ തീരുമാനമാണ് ബ്രക്സിറ്റ് നടപടി വൈകിക്കണമെന്നത്. ആ വിഷയത്തിൽ ഏതാനും ആഴ്ചകൾക്കു മുൻപാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ പ്രധാനമന്ത്രി പാർലമെന്റിലെ തീരുമാനത്തിന് എതിരായിട്ടാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ അദ്ദേഹം തീർച്ചയായും വോട്ടെടുപ്പ് നേരിടേണ്ടിവരുമെന്ന് മിസ്റ്റർ ഹോസി മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.
ലേബർ പാർട്ടിയുടെ നിലപാട് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആർട്ടിക്കിൾ 50 വേണമെന്ന് ആവശ്യം അവർ നിരാകരിക്കാൻ സാധ്യതയില്ല. നീട്ടുന്നത് കൊണ്ട് വളരെ കുറച്ച് സമയമേ ലഭിക്കുന്നുള്ളൂ എങ്കിൽ പോലും അത് ഉപകാരപ്രദമായിരിക്കും. ഈ വിഷയത്തിൽ രാഷ്ട്രീയ നാടകങ്ങൾ ഒഴിവാക്കി സമചിത്തതയോടെ നീങ്ങുന്നതാവും ബ്രിട്ടണ് നല്ലെതെന്നും അദ്ദേഹം പ്രതികരിച്ചു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- പ്രധാനമന്ത്രിക്കെതിരെ നടക്കുന്ന വിവാദങ്ങൾക്കിടയിലും, കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ മൃഗസംരക്ഷണത്തിനായുള്ള പല തീരുമാനങ്ങളും കൈക്കൊണ്ടു. വളർത്തു പൂച്ചകൾക്ക് എല്ലാം മൈക്രോചിപ്പ് ഘടിപ്പിക്കുവാനും, വനങ്ങൾ സംരക്ഷിക്കുവാനും മറ്റുമുള്ള നിർദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പാർലമെന്റിലെ വിവാദ വിഷയങ്ങളിൽ നിന്നും മാറി, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിയ ഒരു കോൺഫറൻസിനാണു കൺസർവേറ്റീവ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. മൃഗസംരക്ഷണത്തിന് ആവശ്യമായ ഊന്നൽ നൽകുവാനും, കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതിന്റെ അളവ് കുറയ്ക്കുവാനും നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.
പാർട്ടി കോൺഫ്രൻസിൽ എടുത്ത മിക്ക തീരുമാനങ്ങളും പ്രകൃതിസംരക്ഷണത്തിന് ഉതകുന്നതാണ്. നോർത്ത്ആംബർലാൻഡിൽ പുതിയ വനം നട്ടുപിടിപ്പിക്കാനും തീരുമാനമെടുത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് നേരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.
വളർത്തു പൂച്ചകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനും, എട്ടു ആഴ്ചകൾക്കുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ ഉടമസ്ഥനിൽ നിന്നു 500 പൗണ്ട് ഫൈൻ ഈടാക്കാനും യോഗം തീരുമാനിച്ചു.പ്രൈമേറ്റുകളുടെ വിൽപ്പനയും മറ്റും നിരോധിക്കുവാൻ തീരുമാനിച്ചു. കാർ ഇൻഡസ്ട്രിക്ക് ഒരു ബില്യൻ പൗണ്ട് ഓളം നൽകുവാൻ തീരുമാനിച്ചു. കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നത് കുറയ്ക്കുന്നതിനായി പുതിയ, മെച്ചപ്പെട്ട സംവിധാനത്തോടു കൂടി കാറുകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ പണം. തരിശായി കിടക്കുന്ന ചെറിയ സ്ഥലങ്ങളെ പാർക്കുകൾ ആക്കി മാറ്റുവാനും യോഗം തീരുമാനിച്ചു.
പ്രകൃതി സംരക്ഷണമാണ് തങ്ങളുടെ പാർട്ടിയുടെ മുഖമുദ്ര എന്ന് എൻവിയോൺമെന്റ് സെക്രട്ടറി തെരേസ വില്ലേഴ്‌സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്താകമാനം ഉള്ള മൃഗങ്ങളുടെ സംരക്ഷണത്തിനും ഗവൺമെന്റ് ഊന്നൽ നൽകും. കാർബൺഡയോക്സൈഡ് വാതകത്തിന്റെ പുറംതള്ളൽ കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ ലക്ഷ്യമെന്നും അവർ പറഞ്ഞു.