ന്യൂസ് ഡെസ്ക്ക്. മലയാളം യുകെ.

കോവിഡ്- 19 ലോകത്തെ ജനങ്ങളെയും സാമ്പത്തിക മേഖലയെയും കാർന്നു തിന്നുകൊണ്ട് രോഗം പടരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണ നിരക്കിനെ പിടിച്ചു നിർത്തുന്നതിനും രോഗ പകർച്ച തടയുന്നതിനുമായി യുകെ സർക്കാർ ഒരു സമ്പൂർണ്ണ ഷട്ട് ഡൗൺ പ്രഖ്യപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അത്യവശ്യമില്ലാത്ത മിക്ക കമ്പനികൾ അടക്കുകയോ, വർക്ക് ഫ്രം ഹോം ആക്കുകയോ ചെയ്തിരിക്കുകയാണ്‌. എന്നാൽ ഇതുമൂലം വളരെയധികം തൊഴിൽ നഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നറിവുള്ളതുകൊണ്ടാണ് ഷട്ട് ഡൗൺ പ്രഖ്യപിച്ചതിനൊപ്പം സാമ്പത്തിക പാക്കേജ് കൂടി സർക്കാർ പ്രഖ്യപിച്ചത്.

അങ്ങനെ യുകെ ഗവൺമെന്റ് മുന്നോട്ട് വച്ച ഒന്നാണ് മോർട്ടഗേജ് പേയ്മെന്റ് ഹോളിഡേ. മൂന്ന് മാസത്തേക്ക് മോര്‍ട്ട്ഗേജ് അടക്കുന്നതില്‍ അവധി നല്‍കുകയാണ് മോര്‍ട്ട്ഗേജ് ഹോളിഡെ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ക്രിയാത്‌മകമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു പ്രധാനമന്ത്രി ബോറിസ് ജോൺസൻ തഥവസരത്തിൽ. ബാങ്കുകളുടെ ഇമെയിൽ എല്ലാവർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പേയ്മെന്റ് ഹോളിഡേയിൽ ഒളിഞ്ഞിരിക്കുന്ന നല്ല വശങ്ങളെയും അതോടൊപ്പം ഉണ്ടാകാവുന്ന വിവരീതഫലങ്ങളെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും.

പ്രഖ്യപനം അനുസരിച്ചു വരുന്ന മൂന്ന് മാസത്തേയ്ക്ക് മോർട്ഗേജ് അടയ്ക്കേണ്ടതില്ല. ഇതിനുവേണ്ടി ഫോൺ വിളിക്കാൻ ശ്രമിക്കാതെ അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ, അതുമല്ലെങ്കിൽ നേരിട്ടോ നമ്മുടെ മോർട്ഗേജ് അക്കൗണ്ടിൽ കയറി വളരെ സിമ്പിൾ ആയിട്ടുള്ള ചോദ്യാവലി പൂരിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. തുടർന്ന് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്ക് തിരിച്ചു കൺഫെർമേഷൻ ടെക്സ്റ്റ് മെസ്സേജ് വഴി അറിയിക്കുന്നതാണ്. ഓരോ ധനകാര്യ സ്ഥാപനങ്ങളുടെയും തീരുമാനത്തിന് എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക.

എന്താണ് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) ?

പൂർണ്ണമായി ഒരു മോർട്ഗേജ് തിരിച്ചടക്കുന്നതിൽ നിന്ന് മൂന്ന് മാസം വരെ വിട്ടു നിൽക്കുന്ന പ്രക്രിയ ആണ് ഇത്. എന്നാൽ ഈ പേയ്മെന്റ് വിട്ടു നിൽപ്പിന് മുൻ‌കൂർ ആയി മോർട്ഗേജ് അനുവദിച്ച ബാങ്ക്, ബിൽഡിങ് സൊസൈറ്റികൾ എന്നിവ നിങ്ങൾക്ക് തന്നിരിക്കുന്ന ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ചു സമർപ്പിക്കുകയും തുടർന്ന് അതാത് ധനകാര്യ സ്ഥാപനങ്ങളുടെ കൺഫെർമേഷൻ ലഭിച്ചിരിക്കുകയും ചെയ്യണം. ഡയറക്റ്റ് ഡെബിറ്റ് ആണ് എങ്കിൽ ഒന്നും ചെയ്യേണ്ടിവരില്ല എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഓർക്കുക കൺഫെർമേഷൻ ലഭിക്കുന്നതിന് മുൻപേ പേയ്മെന്റ് നിർദ്ദേശം ക്യാൻസൽ ചെയ്യാൻ പാടുള്ളതല്ല. ഓർക്കുക ക്യാൻസൽ ചെയ്‌താൽ മൂന്ന് മാസത്തിന് ഉള്ളിൽ പുനഃസ്ഥാപിക്കേണ്ട ചുമതലയും നമ്മിൽ നിക്ഷിപ്തമാണ്. ( ക്യാന്സലേഷൻ ചെയ്യുന്നതിന് മുൻപായി അതാത് ബാങ്കുകൾ നിങ്ങൾക്ക് അയച്ച നിർദ്ദേശത്തിന് അനുസൃതമായി മാത്രമേ ചെയ്യാൻ പാടുള്ളു… ബാങ്കുകൾ അനുവർത്തിക്കുന്ന രീതികൾ വിവിധ തരത്തിലുള്ളതായിരിക്കും എന്ന് ഓർമ്മ വെയ്ക്കുക.)

അതിൻ പ്രകാരം കുടിശ്ശിക വരുന്ന തുക ബാങ്കുകൾ വീണ്ടും കണക്ക് കൂട്ടി മൂന്ന് മാസത്തിന് ശേഷം അടക്കേണ്ട തുക എത്രയെന്ന് നിങ്ങളെ അറിയിക്കുന്നതാണ്.  മോർട്ഗേജ് പീരിയഡിലെ അവശേഷിക്കുന്ന മാസ തവണകളിൽ
പരിമിതമായ നിയമ വ്യവസ്ഥകൾ പ്രകാരം മുതലിനോട് ചേർത്ത് തുല്യമായി വിഭജിച്ച് ഈടാക്കുകയാണ് ചെയ്യുക എന്നാണ് ബാങ്കുകൾ പങ്ക് വയ്ക്കുന്ന വിവരം. ഇപ്പോൾ ഓരോ മാസവും അടച്ചു കൊണ്ടിരിക്കുന്ന മാസവരിയിൽ ഒരു ചെറിയ വർദ്ധനവ് ഉണ്ടാകുമെന്ന് സാരം. കോവിഡ്- 19 ലോകം മുഴുവൻ പകർന്ന് പിടിക്കുമ്പോൾ ബ്രട്ടീഷ് ഗവൺമെൻ്റിൻ്റെ ഈ പുതിയ നയത്തിനെ സ്വാഗതം ചെയ്യുകയാണ് യുകെയിലെ മലയാളികൾ. യുകെയിലെ നല്ലൊരു ശതമാനം മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്.

പെയ്മെൻ്റ് ഹോളിഡേ (Payment Holiday) എടുക്കാൻ ഞാൻ അർഹനാണോ?

തീർച്ചയായും സാധിക്കും. ചെറിയ നിബന്ധനകൾ മാത്രം. ഒന്നാമത് ജോയിൻ്റ് മോർട്ഗേജ് ആണെങ്കിൽ അതിൽ ഉള്ള എല്ലാവരുടെയും സമ്മതം ഉണ്ടായിരിക്കണം. നിലവിൽ കുടിശിഖ ഉണ്ടാവുകാൻ പാടില്ല. ഏതെങ്കിലും തരത്തിൽ കുടിശിഖ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ബാങ്കുകൾ മറ്റു മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഓവർ പേയ്മെന്റ് ഉണ്ടെങ്കിൽ അത് മാറ്റുന്നതിനോ, പലിശ മാത്രം കൊടുക്കുന്ന വിധത്തിലേക്കോ മാറ്റാൻ അവസരം നൽകുന്നു എന്നാണ് അറിയുന്നത്. ഇതിന് ബാങ്കുമായി സംസാരിക്കേണ്ടിവരും എന്ന് മാത്രം.

ഭാവിയിലുള്ള തിരിച്ചടവിനെ ഇത് എങ്ങനെ ബാധിക്കും?

ഉദാഹരണം. നിലവിലുള്ള കുടിശിഖ £100,000വും പലിശ നിരക്ക് 2.7% ഉം തിരിച്ചടയ്ക്കാനുള്ള കാലാവധി 20 വർഷവുമാണെനിരിക്കെ നിലവിൽ മാസമടയ്ക്കേണ്ടത് £541.84 ആണ്. ഇതേ കണക്കനുസരിച്ച് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) കാലാവധിക്ക് ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ടത് £548.00 ആണ്. ഫലത്തിൽ £6.16 ൻ്റെ വർദ്ധനവേ മാസത്തിൽ ഉണ്ടാകുന്നുള്ളൂ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ വളരെ ചെറിയ തുകയുടെ ബാധ്യതയേ ഓരോരുത്തർക്കും ആവുകയുള്ളൂ.

പെയ്മെൻ്റ് ഹോളിഡേയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

നേരിട്ട് ഫോൺ വിളിച്ചും ഓൺ ലൈനുമായി ആപ്ലിക്കേഷൻ ആയ്ക്കാം. ഫോണിലെ തിരക്കുകൾ കാരണം ഓൺലൈനായി ആപ്ലിക്കേഷൻ അയ്ക്കുന്നതിനാണ് മോർട്ഗേജ് കമ്പനികൾ മുൻഗണന നല്കുന്നത്. 2 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്കിൻ്റ മറുപടി ഇമെയിലായിട്ടോ ടെസ്റ്റ് മെസ്സേജായിട്ടൊ അറിയ്ക്കും. ഏതെങ്കിലും കാരണത്താൽ പെയ്മെൻ്റ് ഹോളിഡേയ്ക്ക് അർഹരാകുന്നില്ലങ്കിൽ അവരെ സഹായിക്കാൻ ഓരോ ബാങ്കുകളും അവരുടെ ഹെൽപ്പ് ലൈൻ നമ്പരുകളും ഇതിനോടകം പ്രസിദ്ധിപ്പെടുത്തിക്കഴിഞ്ഞു. എല്ലാം വിവരങ്ങളും അതാത് മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

പെയ്മെൻ്റ് ഹോളിഡേ എടുത്താൽ വരും കാലങ്ങളിലെ ക്രഡിറ്റ് സ്കോറിൽ ദോഷം ചെയ്യുമോ?

ഒരിക്കലുമില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് ഇതുമായി ഒരു അറിയിപ്പും കൊടുക്കുന്നില്ലാത്തതിനാൽ  ക്രഡിറ്റ് സ്ക്കോറിനെ ഇത് ബാധിക്കുകയില്ല.

പെയ്മെൻ്റ് ഹോളിഡേ പാക്കേജിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരവരുടെ മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഇതിനോടകം യുകെയിലെ പല മലയാളി കുടുംബങ്ങളും ഈ പുതിയ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞെന്ന് മലയാളം യുകെയ്ക്ക് അറിയുവാൻ കഴിഞ്ഞു. ഹാലിഫാക്സ് ബാങ്കിൽ നിന്ന് ഇന്ന് രാവിലെ ഒരു യുകെ മലയാളിയ്ക്ക് ലഭിച്ച മെസേജ് ചുവടെ കൊടുക്കുന്നു.

The request for a payment holiday has been granted on your account. Payments will not be required for the following months: April May June. If you currently pay by direct debit there is no further action to take, it is your responsibility to cancel any other methods of payments and re-instate at the end of the payment holiday. We will write to you to confirm your new monthly payment in the last month of your payment holiday.

ക്രെഡിറ്റ് കാർഡുകൾ.

യുകെയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാക്കളായ എം ബി എൻ എ (MBNA,) ഹാലിഫാക്സ് എന്നീ കമ്പനികൾ പേയ്മെന്റ് ഹോളിഡേകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെ പൂർണ്ണ അധികാരം അതാത് ബാങ്കുകൾ തീരുമാനിക്കും പ്രകാരമാണ്. മൂന്ന് മാസത്തെ പേയ്മെന്റ് ഹോളിഡേ എല്ലാവരും നൽകുന്നത്. ഇവിടെയും മുൻ‌കൂർ അനുമതി ലഭിക്കേണ്ടതുണ്ട്. വേണ്ടവർ അക്കൗണ്ടിൽ ലോഗിൻ ചെയ്തത് അപേക്ഷിക്കേണ്ടതാണ്. തീരുമാനം ബാങ്ക് പിന്നീട് അറിയിക്കുന്നു.

തിരിച്ചടവ് മുടങ്ങിയാലും ഫൈൻ ഈടാക്കുന്നതല്ല എന്ന് എം ബി എൻ എ അറിയിക്കുന്നു. എന്നാൽ ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും എന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് മിസ് പേയ്‌മെന്റുകൾ വരാതെ എല്ലാവരും സൂക്ഷിക്കുക. ഇത്തരത്തിൽ പേയ്മെന്റ് ഹോളിഡേ എടുക്കുന്നവർ ഇനി പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ പേയ്മെന്റ് ഹോളിഡേ എടുക്കുകയും ഈ മൂന്ന് മാസത്തെ കാലാവധിക്കുള്ളിൽ നിങ്ങളുടെ ബാലൻസ് ട്രാൻഫർ, മണി ട്രാൻഫർ കാലാവധി തീരുകയും ചെയ്‌താൽ ഓഫർ തീർന്ന് സ്റ്റാൻഡേർഡ് പലിശ നിരക്കിലേക്ക് മാറാൻ സാധ്യത കൂടുതൽ ആണ്. സാധാരണ ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾ 18 ശതമാനം മുതൽ 50 ശതമാനം വരെ ഉണ്ടെന്ന് ഓർക്കുക. ഓരോരുത്തരുടെയും പലിശ നിരക്കുകൾ വ്യത്യസ്തമാണ്. അതുകൊണ്ട് ഇതുമായിബന്ധപ്പെട്ട്  ബാങ്കുകളുമായി സംസാരിച്ചു മാത്രം പേയ്മെന്റ് ഹോളിഡേ എടുക്കുക.

HSBC അക്കൗണ്ട് ഉള്ളവർക്ക് 300 പൗണ്ട് വരെയുള്ള ഓവർ ഡ്രോൺ തുകക്ക് പലിശ ഈടാക്കുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒരു ഹ്രസ്വകാലതേക്ക് മാത്രമുള്ള ക്രമീകരണമാണ്. എന്നാൽ ഒരു അവസാന തിയതി പറയാതെ ഇനി ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെ എന്നാണ് ഇമെയിൽ പറയുന്നത്. ഇത് ഓട്ടോമാറ്റിക് ആയി ചെയ്തിട്ടുണ്ട് എന്നും ഇതിനായി അക്കൗണ്ട് ഉള്ളവർ ഒന്നും ചെയ്യേണ്ടതില്ല എന്നും അവർ ഓർമ്മപ്പെടുത്തുന്നു. ഇത് ഓവർ ഡ്രാഫ്റ്റ് ഉള്ളവരുടെ തുകയുടെ പരിധി വർദ്ധിപ്പിക്കുക അല്ല എന്നും ബാങ്ക് വെളിപ്പെടുത്തുന്നു.  അതോടൊപ്പം തന്നെ കോണ്ടാക്‌ട് ലെസ്സ് പേയ്മെന്റ് പരിധി 45 പൗണ്ട് ആയി ഉയർത്തുകയും ചെയ്‌തു. നോട്ട് ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരുന്നത് തടയാൻ കൂടിവേണ്ടിയാണ് ഇത് നടപ്പിലാക്കിയത്.