ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം.
ന്യൂകാസിൽ : മിസ്റ്ററി യാത്രയ്ക്കായി ഗ്രേറ്റ്യാർമോതിലേക്ക് ലക്ഷ്വറി കപ്പലിൽ പുറപ്പെട്ട ടൂറിസ്റ്റുകൾ തങ്ങൾക്ക് ലഭിച്ച സേവനത്തിൽ തൃപ്തരല്ലാത്തതിനാലാണ് പ്രതിഷേധിച്ചത്. 11 രാത്രി നീളുന്ന യാത്രയ്ക്ക് ഏകദേശം 1400 പൗണ്ട് ചെലവാക്കിയ യാത്രികർ ബാൽ മോറൽ എന്ന കപ്പലിൽ നിന്ന് ഇറങ്ങാൻ വിസമ്മതിക്കുകയും കപ്പൽ ജീവനക്കാരോട് കയർക്കുകയും ചെയ്തു. 710 മുറികളുള്ള ആഡംബര കപ്പലിൽ പോകേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താത്ത മിസ്റ്ററി യാത്രയ്ക്ക് പുറപ്പെട്ട ഒരുകൂട്ടം ടൂറിസ്റ്റുകളാണ് അപ്രധാനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തങ്ങളുടെ മൂല്യമേറിയ പണവും സമയവും നഷ്ടപ്പെടുത്തി എന്ന പരാതിയുമായി രംഗത്തെത്തിയത്.
ന്യൂകാസിലിൽ നിന്ന് പുറപ്പെട്ട കപ്പലിൽ ധാരാളം സ്വപ്നങ്ങളുമായി കയറിയ യാത്രക്കാർക്കാണ് ദുർവിധി. ആദ്യ സ്റ്റോപ്പ് നോർഫോക് ആയിരുന്നു, രണ്ടാമത്തേത് ഫ്രാൻസിലെ രണ്ടാം ലോക മഹായുദ്ധം നടന്ന ഡങ്കിർക്കും, മൂന്നാമത്തേത് ബെൽജിയത്തിന് അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടും ആയിരുന്നു.തങ്ങൾ ഇത്ര അധികം പണം ചെലവാക്കിയത് ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ആയിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
എന്നാൽ യാത്രക്കാർ എല്ലാവരും അസംതൃപ്തർ അല്ലെന്നും സംതൃപ്തരായ ഒട്ടനവധി യാത്രക്കാരുടെ റിവ്യു തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരിക്കൽ തങ്ങളുടെ ഒപ്പം യാത്ര ചെയ്തവർ വീണ്ടും വരാറുണ്ടെന്നും കപ്പൽ അധികൃതർ പ്രതികരിച്ചു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
യോർക്ക് : ഇംഗ്ലണ്ടിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന ക്രിസ്തുവിന്റെ രൂപം നീണ്ട 200 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. 800 വർഷം പഴക്കമുള്ള ക്രിസ്തുവിന്റെ രൂപം യോർക്കിലെ സെന്റ് മേരീസ് മഠത്തിന്റെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലിമോജസിൽ നിർമിക്കപ്പെട്ടതാണിത്. 1826ലാണ് മഠത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇത് കണ്ടെത്തുന്നത്. പിന്നീട് നൂറു വർഷത്തേക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. 1920കളിൽ ഒരു സ്വകാര്യ ജർമൻ കലാസമാഹാരത്തിന്റെ ഭാഗമായി ഇത് മാറി.
പതിനാറാം നൂറ്റാണ്ടിലെ ഹെൻറി എട്ടാമന്റെ ക്രൂരാക്രമണത്തെ അതിജീവിച്ച ചുരുക്കം ചില വസ്തുക്കളിൽ ഒന്നാണിത്. ജർമനിയിൽ നടന്ന ലേലത്തിൽ നിന്നും 7530 പൗണ്ടിനാണ് യോർക്ക്ഷയർ മ്യൂസിയം ഇത് വാങ്ങിയത്. 16 സെന്റിമീറ്റർ നീളമുള്ള ഈ രൂപം ചെമ്പിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. കണ്ടാൽ സ്വർണ്ണം ആണെന്നെ തോന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. രൂപത്തിന്റെ കൈകളും കാലുകളും അതിലുണ്ടായിരുന്ന വിലയേറിയ മുത്തുകളും നഷ്ടപ്പെട്ടിരിക്കുന്നു. യോർക്ക്ഷയർ മ്യൂസിയത്തിലെ ആർക്കിയോളജി ക്യൂറേറ്റർ ലൂസി ക്രൈറ്റൺ പറഞ്ഞു:” പതിമൂന്നാം നൂറ്റാണ്ടിലെ മതകലയുടെ അതിശയകരമായ ഉദാഹരണമാണ് ഇത്. 200 വർഷങ്ങൾക്ക് ശേഷം തിരികയെത്തുന്നുവെന്നത് സന്തോഷം പകരുന്നു. ഇത് അവിശ്വസനീയമാംവിധം അപൂർവവും വിലപ്പെട്ടതുമായ കണ്ടെത്തലാണ്. ”
മ്യൂസിയത്തിൽ ഇന്നലെ മുതൽ ഈ ക്രിസ്തു രൂപം പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
വെസ്റ്റ് യോർക്ക്ഷെയർ :- 20 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുകളിൽ ഒന്നായ ഹെറോയിൻ കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ പാകിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപത്തിയാറുകാരനായ മുഹമ്മദ് താഹിർ അയാസിനെയും, ഭാര്യ ഇരുപതു വയസ്സുള്ള ഇക്ര ഹുസ്സൈനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡർ ഫീൽഡിൽ ആണ് ഇവർ താമസിച്ചു വരുന്നത്. പാകിസ്ഥാനിലെ സിയാൽകോട്ട് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ദമ്പതികൾ ദുബായ് വഴി യുകെയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
അനധികൃതമായി കൈവശം വച്ച 24 കിലോയോളം ഹെറോയിൻ എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സ് കണ്ടെടുത്തു. സ്ത്രീകളുടെ വസ്ത്രത്തിൽ തയ്ച്ചു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച എമിറേറ്റ്സ് എയർലൈൻസിന്റെ ഫ്ലൈറ്റിൽ യുകെയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലായത്. സെക്യൂരിറ്റി ഫോഴ്സ് അധികൃതർ ഹെറോയിൻ പിടിച്ചെടുക്കുകയും, ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനുശേഷം ആന്റി നാർക്കോട്ടിക് ഫോഴ്സ് വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ദമ്പതികളെ കൈമാറി.
പിടിച്ചെടുത്ത ഹെറോയിന് രണ്ട് മില്യൻ പൗണ്ടോളം മാർക്കറ്റിൽ വിലയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന് വളരെ ശക്തമായ നിയമങ്ങളാണ് പാകിസ്ഥാനിൽ ഉള്ളത്. ജീവപര്യന്തമോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പാകിസ്ഥാൻ അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് അറിയിച്ചു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :- കാലാവസ്ഥ വ്യതിയാനത്തിൻെറ പരിണിതഫലങ്ങൾ അതീവ ഗുരുതരമെന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനമെന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ വേണ്ടതായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും ജനങ്ങളും ലണ്ടനിലെ വിക്റ്റോറിയ പാർക്ക് ഗാർഡനിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ പഠന മുറികളെ വിട്ട് തെരുവിലിറങ്ങിയ വിദ്യാർത്ഥി സമൂഹവും, ജനങ്ങളും എല്ലാം ചേർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളിലൊന്നായി ഇതു മാറി.
ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സെൻട്രൽ ലണ്ടനിൽ മാത്രം പങ്കെടുത്തു എന്നാണ് സംഘാടകർ നൽകിയ റിപ്പോർട്ട്. എഡിൻബർഗിൽ ഇരുപതിനായിരത്തോളം പേരും, ബ്രൈറ്റണിൽ പതിനായിരത്തോളം പേരും പങ്കെടുത്തു. പ്രതിഷേധപ്രകടനം പൊതുവേ സമാധാനപരമായിരുന്നു. എന്നാൽ ഉച്ചയോടുകൂടി ലാംബെത് പാലത്തിലെ ട്രാഫിക് തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
ക്രമസമാധാനം ലംഘിച്ചു എന്ന കുറ്റത്തിന് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരമൊരു പ്രതിഷേധപ്രകടനം സമൂഹത്തെ ആകെ ഉണർത്തിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനമെന്ന വിഷയത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ഇത്തരമൊരു പ്രതിഷേധ പ്രകടനത്തിന് കഴിഞ്ഞുവെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനത്തെ മറികടക്കുവാൻ വേണ്ടതായ നടപടികൾ എടുക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹം കുറ്റപ്പെടുത്തി.
ഗ്രീൻ പാർട്ടി നേതാവ് കരോളിൻ ലൂക്കാസ് പ്രതിഷേധ പ്രകടനത്തിൽ പങ്കുചേർന്നു. ലോകത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാൻ എല്ലാവരും കൂട്ടായി പ്രയത്നിക്കണമെന്ന് അവർ പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കാന്റർബറി : സ്കൂളിൽ നിരന്തരമായി മാനസിക പീഡനം നേരിടേണ്ടിവന്നതിൽ മനംനൊന്താണ് കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിലെ കാലെബ് ഹിൽസ് എന്ന കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്കൂളിൽ ഇതിനെപ്പറ്റി പരാതിപ്പെട്ടിരുന്ന കുട്ടിയോട് വംശ വെറിക്കെതിരെ പിടിച്ചുനിൽക്കാനുള്ള സഹിഷ്ണുത പുലർത്തണമെന്നാണ് അധ്യാപകർ ഉപദേശിച്ചിരുന്നത്. കാലെബ് പഠിച്ചിരുന്ന രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ഇരുന്നൂറോളം ഇത്തരത്തിലുള്ള കേസുകൾ കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടിയുടെ മാതാവ് ടൈലർ ഹിൽസിന്റെ പരാതിയെതുടർന്ന് കുട്ടിക്ക് വിദൂരവിദ്യാഭ്യാസം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായത് വളരെ പെട്ടെന്നായിരുന്നു എന്ന് അമ്മ വെളിപ്പെടുത്തി . സ്കൂളിലെ ഉപദ്രവം സഹിക്കാതായപ്പോൾ കഴിഞ്ഞ വേനൽക്കാലത്ത് അവൻ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അവൻ ഇതിനെപ്പറ്റി സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നതാണ്. എന്നിട്ടും അവർ സഹിക്കാൻ ആണ് ഉപദേശിച്ചത്. അവർ ഉപയോഗിച്ചിരുന്ന വാക്കിന്റെ അർത്ഥം പോലും അവന് ആദ്യം അറിയില്ലായിരുന്നു. അതിനുശേഷം അവനെ സ്കൂളിൽ വിട്ടിട്ടില്ല എന്ന് അമ്മ കൂട്ടിച്ചേർത്തു .
വംശവെറിക്കെതിരെ കൃത്യമായ തരത്തിലെ അവബോധം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇതെന്നും, സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്നും റീസ്റ്റോറേറ്റിവ് ജസ്റ്റിസ് കൗൺസിൽ സിഇഒ ആയ ജിം സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2014 -ൽ താൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ സ്കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യവോട്ടെടുപ്പിന്റെ കാലഘട്ടത്തിൽ താൻ രാഞ്ജിയോട് അഭിപ്രായം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് കൊട്ടാരത്തിൽ പുതിയ അസ്വസ്ഥതകൾക്ക് വഴിവെച്ചിട്ടുണ്ട്.ബ്രെക്സിറ്റിന്റെ കാര്യത്തിൽ ബോറിസ് ജോൺസന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയിരുന്നു ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനയ്ക്ക് മറുപടിയായി ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.
ഒരു ബിബിസി ഡോക്യുമെന്ററിയിലാണ് തൻെറ കാലഘട്ടത്തെ പറ്റി കാമറൂൺ പ്രസ്താവിച്ചിരിക്കുന്നത്. തൻെറ പ്രവർത്തനങ്ങളുടെ ഒരു സത്യസന്ധമായ വിവരണം രാജ്ഞിക്ക് നൽകാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ കാമറൂണിൻെറ പ്രസ്താവന അനുചിതമാണെന്ന് പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയെ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് സ്കോട്ട്ലാൻഡിലെ പ്രഥമ മന്ത്രി അലക്സ് സാൽമണ്ട് അറിയിച്ചു. തൻെറ വ്യക്തി താൽപര്യങ്ങൾ രാജ്ഞിയിൽ അടിച്ചേൽപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അലക്സ് പറഞ്ഞു.
രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയുടെ ഉൾപ്പെടൽ തെറ്റാണെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനും രേഖപ്പെടുത്തി. മുൻപും ഡേവിഡ് കാമറൂൺ ഇത്തരം വിവാദമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകത്തെ മുഴുവൻ പ്രവാസികളുടെ മൂന്നിലൊരുഭാഗം പ്രധാനമായും 10 രാജ്യങ്ങളിൽ നിന്ന്. ഇന്ത്യയിൽ നിന്ന് ആകെ 18 മില്യൻ ആളുകളാണ് പ്രവാസജീവിതം നയിക്കുന്നത്. 2019ൽ ആഗോള പ്രവാസികളുടെ എണ്ണം 272 മില്യൺ ആയി വർദ്ധിച്ചു. 2010 ലെ കണക്കിനേക്കാൾ 51 മില്യൺ ആളുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെക്സിക്കോ രണ്ടാമതും (12 മില്യൺ) ചൈന മൂന്നാമതും (11 മില്യൻ) റഷ്യൻ ഫെഡറേഷൻ നാലാമതും സ്ഥാനങ്ങളിൽ നിൽക്കുന്നു.
യു എൻ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് നടത്തിയ സർവേഫലം ആണ് ഇത്. ഈ റിപ്പോർട്ട് പ്രകാരം ഇന്റർനാഷണൽ മൈഗ്രേഷൻസിനെ വയസ്സ്, ലിംഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ലോകവ്യാപകമായി സെൻസസിലൂടെ നാഷണാലിറ്റി, അഥവാ പൗരത്വം അറിയാൻ സാധിക്കുന്നു. മാത്രമല്ല പ്രവാസി സമൂഹം അതാതു രാജ്യങ്ങൾക്കു നൽകിയ സാമ്പത്തികമായ സംഭാവനകളിലൂടെ രാജ്യത്തിന് കൈവന്ന പുരോഗതിയുടെയും ,വളർച്ചയുടെയും കണക്കുകൾ വിലയിരുത്തുവാനും കഴിയുന്നുണ്ട് .
അനധികൃത കുടിയേറ്റവും അതുമൂലം ഉണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളും ഈ വർഷം യു എൻ നിൻെറ ചർച്ചാ വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് .
വിശാഖ് എസ് രാജ്
യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .
ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.
വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .
ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ലണ്ടൻ : വിപ് ക്രോസ് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പ്രൈംമിനിസ്റ്റർക്കെതിരെ മാധ്യമസ്വാധീനത്തിനുള്ള സന്ദർശനം എന്ന പരാതിയുമായി പൗരൻ രംഗത്തെത്തി.
ആശുപത്രി സന്ദർശിക്കാനെത്തിയ ബോറിസ് ജോൺസൺന് നേരെ കയർത്ത ശാലെം എന്ന പിതാവിന് പറയാനുണ്ടായിരുന്നത് ഇങ്ങനെ. എൻ എച്ച് എസ് തകർച്ചയിലാണ്. ഇന്നലെ അഡ്മിറ്റ് ചെയ്ത എന്റെ മകൾ ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകളോളം ആണ്. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. ചെറിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഒരു ഡോക്ടറോ നേഴ്സോ ചികിത്സക്ക് തയ്യാറായത്. എൻഎച്ച്എസ് തകർച്ചയിലാണ്. അത് പുതിയ കാര്യമല്ല, വർഷങ്ങളായി തകർച്ചയിലാണ്. താങ്കൾ ഇപ്പോൾ മാധ്യമശ്രദ്ധ നേടാൻ എങ്കിലും ഇവിടെ എത്തിയല്ലോ എന്നായിരുന്നു പിതാവിന്റെ പരാതി.
എന്നാൽ തങ്ങൾക്കൊപ്പം മാധ്യമങ്ങൾ ഇല്ല എന്നു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ക്യാമറ ചൂണ്ടികാട്ടി” അപ്പോൾ ഇത് എന്താണെന്ന്” മറുചോദ്യം പിതാവ് ഉന്നയിച്ചു. എന്നാൽ എൻ എച് എസ്സിന്റെ അവസ്ഥ നേരിട്ടറിയാൻ സന്ദർശിക്കാനെത്തിയതാണ് ബോറിസ് ജോൺസൺ എന്നാണ് നിലപാട്.
എന്തായാലും പ്രൈംമിനിസ്റ്റർ വാർഡുകൾ സന്ദർശിച്ചത് നന്നായി എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അഭിപ്രായം. കാരണം ഇതിലും വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളുടെയും വാർഡുകളുടെയും അവസ്ഥ അദ്ദേഹം ഇതോടുകൂടി മനസ്സിലാക്കും എന്നാണ് കരുതുന്നത്.
ബെർക്‌ഷെയറിലെ സൾഹാംസ്റ്റെഡിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ഹാർപ്പറിനെ കൊലപ്പെടുത്തിയ കേസിൽ ഹെൻറി ലോംഗ് (18), 17 വയസുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായ നാല് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൗമാര കുറ്റവാളികളുടെ മേൽ കൊലപാതകം, ക്വാഡ് ബൈക്ക് മോഷ്ടിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ തേംസ് വാലി പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 21 കാരനായ തോമസ് കിംഗിന് മേൽ ഗൂഢാലോചനാകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
പുതിയ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്നാണ് ഈ അറസ്റ്റുകളെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൺട്രി ക്രോസ് റോഡിൽ വെച്ച് ഓഗസ്റ്റ് 15നാണ് 28കാരനായ ഹാർപ്പർ കൊല്ലപ്പെട്ടത്. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷം കൊല്ലപ്പെട്ട ഈ യുവ പോലീസ് ഉദ്യോഗസ്ഥന്റെ മരണം കുടുംബത്തിന് കനത്ത ആഘാതമായിരുന്നു.