അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

മാതൃദിനത്തോടനുബന്ധിച്ച് മാതാപിതാക്കളെ സന്ദർശിക്കരുത് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതിനാലാണിത് . എല്ലാവരും സർക്കാരിന്റെ ഉപദേശങ്ങൾ സ്വീകരിച്ച് സാമൂഹിക അകലം പാലിച്ചാൽ മാത്രമേ കോവിഡ് – 19ന് എതിരെ പോരാടാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതൃദിനത്തിൽ തങ്ങളുടെ അമ്മമാരെ കാണാൻ ആണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇത്തവണ അവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം രോഗബാധിതരാകുനുള്ള സാധ്യത ഒഴിവാക്കി സാമൂഹിക അകലം പാലിക്കുക എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഏറ്റവും മികച്ചത് മാതാപിതാക്കളെ ഫോണിലൂടെ വിളിച്ചോ, വീഡിയോ കോൾ നടത്തിയോ സംസാരിക്കുന്നതായിരിക്കുമെന്നും അതുവഴി സാമൂഹിക അകലം പാലിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമായവരിൽ കോവിഡ് – 19 വന്നാൽ അവർ മരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേസമയം യുകെയിൽ 53 പേർ കൂടി മരിച്ചതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 233 ആയി ഉയർന്നു.

41 വയസ്സു മുതൽ 94 വയസ്സുവരെ ഉള്ളവരിലാണ് രോഗബാധ അധികമായി കാണുന്നതെന്നും ഇതുവരെ നടത്തിയ ടെസ്റ്റുകളിൽ ആകെ 5, 018 പേർക്കാണ് കോവിഡ് -19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരിക്കുന്നതെന്നും എൻ എച്ച് എസ് റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് ആക്ഷൻ പ്ലാൻ എന്ന പദ്ധതി സർക്കാർ മാർച്ച് 3-ന് തുടക്കമിട്ടരുന്നു. ഇതേസമയം മരണസംഖ്യ 233 ആയി ഉയരുമ്പോഴും പൊതുജനങ്ങൾ സാധനങ്ങൾ വാങ്ങി കൂട്ടുന്നതിന് അറുതിവരുത്താൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് – 19ന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ പോരാടുമ്പോൾ റസ്റ്റോറന്റുകളും കഫേകളും മറ്റും അടച്ചിടുന്നതിനെ തുടർന്നാണ് ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്.