Main News

ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവു മൂലം രോഗികളിൽ അർബുദരോഗം കണ്ടെത്താൻ വൈകുന്നു എന്ന് കണ്ടെത്തൽ. വളരെ വൈകി രോഗം കണ്ടെത്തുന്നതുമൂലം ചികിൽസിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നു. ഒരുലക്ഷത്തിലധികം ക്യാൻസർ രോഗികൾക്ക് വളരെ വൈകിയാണ് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. 2017ൽ ഇംഗ്ലണ്ടിലെ 150, 000ത്തോളം ആളുകൾക്ക് മൂന്ന്, നാല് സ്റ്റേജ് ക്യാൻസർ കണ്ടെത്തിയെന്ന് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകളിൽ ഇതിലും കൂടുതൽ കാണാമെന്നു അവർ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ സ്റ്റാഫ് ക്ഷാമം മൂലം തുടക്കത്തിൽ തന്നെ ട്യൂമറുകൾ കണ്ടെത്താൻ സാധിക്കുന്നില്ല.സ്ഥിതിഗതികൾ ഗൗരവമേറിയതാണെന് ക്യാൻസർ റിസർച്ച് യുകെയുടെ പോളിസി ഡയറക്ടർ എമ്മ ഗ്രീൻവുഡ് പറഞ്ഞു. കൂടുതൽ ജീവനക്കാരെ കൊണ്ടുവരുവാൻ പദ്ധതിയില്ല എന്നതും പ്രശ്നമാണ്. വളരെയധികം ആളുകൾ വൈകി രോഗനിർണയം നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും ഞങ്ങൾക്ക് അടിയന്തരമായി കൂടുതൽ സ്റ്റാഫുകളെ ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

സ്റ്റാഫ് ക്ഷാമം സംബന്ധിച്ച് സർക്കാരിന്റെ നിഷ്ക്രിയത്വം എൻ‌എച്ച്‌എസിനെ തകരാറിലാക്കുകയാണ്.  ജീവൻ അപകടപ്പെടുത്തുന്ന രോഗം നിർണ്ണയിക്കാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണെന്ന് ചാരിറ്റി അറിയിച്ചു. ഒഴിവുള്ള തസ്തികകൾ, പരിശീലനത്തിന് കുറഞ്ഞ ഫണ്ട്, കൂടുതൽ രോഗികൾ എന്നിവ നിലവിലുള്ള ഉദ്യോഗസ്ഥരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. തൊഴിലാളിക്ഷാമം രൂക്ഷമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രൺ കോർഡറി പറഞ്ഞു.എൻഡോസ്കോപ്പിസ്റ്റുകളുടെയും റേഡിയോളജിസ്റ്റുകളുടെയും കുറവ് പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസറിനെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്നും സാഫ്രൺ പറഞ്ഞു.” 2028ഓടെ എല്ലാ അർബുദങ്ങളുടെയും മുക്കാൽ ഭാഗവും പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്താൻ പറ്റുമെന്ന്എൻ‌എച്ച്‌എസ് അധികൃതർ പറഞ്ഞു . .

ബ്രിട്ടനിൽ ഒരു ജനറൽ ഇലക്ഷൻ നടന്നേക്കുമെന്ന അഭ്യൂഹ പ്രചാരണത്തിനിടെ, പൗണ്ടിന്റെ വിലയിൽ കുത്തനെ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ ഏകദേശം ഒരു ശതമാനത്തോളം വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇലക്ഷനെ പറ്റി പ്രസ്താവന ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാൽ പ്രചരിച്ച അഭ്യൂഹങ്ങൾ മൂലമാണ് പൗണ്ടിന്റെ വില കുത്തനെ ഇടിഞ്ഞത്.

പ്രധാനമന്ത്രിയുടെ വാർത്ത സമ്മേളനത്തിനു ശേഷവും പൗണ്ടിന്റെ നിലയിൽ മെച്ചം ഒന്നുമില്ല. 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത് . എക്സ് ടി ബി സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ഡേവിഡ് ചീതം, പൗണ്ടിന്റെ വിലയിടിവിനെ പറ്റിയുള്ള വാർത്ത ശരിയാണെന്ന് രേഖപ്പെടുത്തി.

ജനറൽ ഇലക്ഷനെ പറ്റിയുള്ള വാർത്ത രാജ്യത്താകമാനം ഒരു സംശയദൃഷ്ടിയിലേക്ക് ജനങ്ങളെ എത്തിച്ചിരിക്കുകയാണ്. ഒരു രണ്ടാം ഇലക്ഷൻ വന്നാൽ, രണ്ടാം റഫറണ്ടത്തിനുള്ള സാധ്യതയും ഉള്ളതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള ഒരു അവസരമായും രണ്ടാം ഇലക്ഷനെ ജനങ്ങൾ കാണുന്നു. എന്നാൽ പലരും ബ്രിട്ടന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലാക്കുന്ന ഒരു പ്രക്രിയയായി ഇതിനെ കാണുന്നു. പൗണ്ടിന്റെ വിലയിടിവ് ഭാവിയിൽ ബ്രിട്ടനിൽ വലിയ പ്രതിസന്ധികൾ ഉളവാക്കും എന്നതാണ് നിഗമനം. എന്നാൽ പ്രതിസന്ധികൾ ഒന്നും തന്നെ ഇല്ലെന്ന് ഗവൺമെന്റ് വക്താവ് രേഖപ്പെടുത്തി.

ഈ ആധുനിക യുഗത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ലോകമെമ്പാടും കാണാവുന്നവയാണ്. മനുഷ്യൻ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സ്വാൻസി സർവകലാശാല ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ഡാമുകളും കലുങ്കുകളുമെല്ലാം വന്യജീവികൾക്ക് ഭീഷണിയാവുന്നെന്ന് കണ്ടെത്തി. തെക്കൻ വെയിൽസിലെ അഫാൻ നദിക്കരയിൽ കടൽപക്ഷികൾ ഒരു ചത്ത സാൽമൺ മത്സ്യത്തെ തിന്നുന്നതായി കാണപ്പെട്ടു. സൽമണുകൾ ഇപ്പോൾ നദികളിൽ കുറഞ്ഞുവരികയാണ്. ഈ ദൃശ്യം ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങളെയാണ് വ്യക്തമാക്കുന്നത്.

200 വർഷമായി നിർമിച്ച പല ഡാമുകളും വന്യജീവികൾക്കും നമ്മുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണി ആവുന്നെന്ന് ശാസ്ത്രഞ്ജർ പറഞ്ഞു. യൂറോപ്യൻ നദികളുടെ വിഘടനം തടയുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ അപകടകരമായ ഒറ്റപെടലിനുമുള്ള കാരണങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാൻസി സർവകലാശാല, ആംബർ എന്ന പ്രൊജക്റ്റ്‌ ഉണ്ടാക്കിയത്.

ശുദ്ധജലം ഒഴുകുന്ന നദികൾ കുറവാണെന്നും വെള്ള കമ്പനികളും മറ്റും നദികളെ ചൂഷണം ചെയുന്നതായും ഗവേഷകർ കണ്ടെത്തി. കൂടാതെ നദിക്ക് കുറുകെയുള്ള തടസ്സങ്ങളും നിരവധിയാണ്. യൂറോപ്പിൽ ഗവേഷകർ 460, 000 തടസ്സങ്ങൾ കണ്ടെത്തി. വർഷാവസാനത്തോടെ അത് 600, 000 ആയേക്കാമെന്ന കണക്കുകൂട്ടലിലാണ് ഗവേഷകർ.

അഫാൻ നദിയെക്കുറിച്ച് ആംബർ കൂടാതെ മറ്റൊരു വിശദമായ പഠനവും നടന്നുവരുന്നു. സ്വതന്ത്രമായി ഒഴുകുന്ന നദിയാണ് അഫാൻ. മീൻപിടിത്ത പ്രദേശത്തു 600ഓളം തടസ്സങ്ങളുണ്ടെന്നും ഇവ എന്തിനാണ് നിർമിച്ചതെന്ന് വ്യക്തമല്ലെന്നും സ്വാൻസി ടീമിലെ ഗവേഷകനായ ജോഷ് ജോൺസ് പറഞ്ഞു. ഇതൊരു ദേശീയ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. യുകെയിലെ നദികളിൽ 1% മാത്രമേ തടസമില്ലാതെ ഒഴുകുന്നുള്ളു, ബാക്കിയുള്ള നദികളിൽ എല്ലാത്തരം മനുഷ്യനിർമിത തടയണകളും, ഡാമുകളും ആണ് ഉള്ളത് . ഇത് ആശങ്കാജനകമായ പ്രശ്നമായി മാറുകയാണ്. മൽസ്യങ്ങളുടെ നിലനില്പിനും ഇത് വലിയ ഭീഷണിയാണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു. തടസങ്ങൾ മാറ്റുന്നത് ചിലവേറിയ ഒന്നാണെങ്കിലും ചിലവ് ചുരുക്കി മാറ്റങ്ങൾ കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും ഗവേഷകനായ റിച്ചാർഡ് ഓ റോർക് പറഞ്ഞു. യൂറോപ്പിലെ നദികൾക്ക് കടലുമായി ബന്ധമില്ലാതാവുന്നു. പല ജലജീവികളും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞായറാഴ്ചത്തെ ഫ്രാൻസിലേക്കു സ്പെയി നിലക്കും ഉള്ള ഫ്ലൈറ്റുകൾ ആണ് പ്രശ്നങ്ങൾക്ക് കാരണം. ഈസി ജെറ്റ് ഷെഡ്യൂൾ ചെയ്തിരുന്ന 2000 വിമാനങ്ങളിൽ 180 എണ്ണം ക്യാൻസൽ ചെയ്യേണ്ടിവന്നു. ഫ്രഞ്ച് ഏവിയേഷൻ കൺട്രോൾ കമ്പ്യൂട്ടറിൽ ഉണ്ടായ സാങ്കേതിക തകരാർ ആണ് ബ്രിട്ടീഷ് സമയം1.30 ഓടെ ബ്രിട്ടീഷ് വിമാനഗതാഗതത്തിൽ പ്രതിഫലിച്ചത്. എന്നാൽ തകരാർ പരിഹരിച്ചതായി ആണ് വിവരം.

വിമാനത്താവളത്തിലേക്ക് സഞ്ചരിക്കും മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സമയം ഒന്നു കൂടി ഉറപ്പു വരുത്തണമെന്ന് ഗ്യാട് വിക് എയർവെയ്സ് അറിയിപ്പു നൽകി. എന്നാൽ മുടങ്ങിയ ഫ്ലൈറ്റുകൾ ക്ക് പകരം സൗജന്യയാത്രയോ പണം മടക്കിനൽകാനോ തങ്ങൾ തയ്യാറാണെന്ന് ഈസി ജെറ്റ് അറിയിച്ചു.ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും ഫ്ലൈറ്റ് ട്രാക്കർ ടൂൾ ഉപയോഗിച്ച് ഫ്ലൈറ്റ്കളുടെ സമയ കൃത്യത ഉറപ്പു വരുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ഏകദേശം മൂന്ന് മണിക്കൂറോളം ആശയക്കുഴപ്പം നിലനിന്നു. ഞായറാഴ്ച നടന്നത് ഗുരുതരമായ എയർ ട്രാഫിക് കൺട്രോൾ വീഴ്ച്ചയായിരുന്നു. യൂറോപ്യൻ എയർ ട്രാഫിക് കൺട്രോളിന്റെ 60 ശതമാനത്തോളം ഫ്രാൻസിനോട് അനുബന്ധിച്ചാണ്. അവിടെ ഉണ്ടാകുന്ന വീഴ്ചകൾ എല്ലായിടത്തും തീർച്ചയായും പ്രതിഫലിക്കും എന്ന് യാത്രക്കാരനായ സൈമൺ കാൾഡർ പ്രതികരിച്ചു.

ഹീത്രു: ഹീത്രുവിൽ താമസിച്ചിരുന്ന മലയാളിയായ യുവാവിന്റെ മരണവിവരം വളരെ വേദനയോടെ ഞങ്ങൾ റിപ്പോർട് ചെയ്യുന്നു. തൃശൂർ സ്വദേശിയായ ബിനിൽ പള്ളത്ത് (34 വയസ്സ്) ആണ് മരണത്തിന് കീഴ്‌പ്പെട്ടത്. ഇന്നലെ രാത്രി പത്തരമണിയോടുകൂടിയാണ് സംഭവം ഉണ്ടായിരിക്കുന്നത്. തൃശൂർ ചേരൂർ പള്ളത്ത് ആണ് വീട്. ബാലഗോപാലിന്റയും വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ബനിൽ.

ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം പുറത്തു നിന്നും കഴിച്ചിട്ട് വന്ന ബിനിൽ ക്ഷീണം കാരണം  ചെറുതായ് ഒന്ന് വിശ്രമിക്കാൻ ബെഡ്റൂമിലേക്ക് പോയി. താഴെ ഭാര്യാ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. മൂന്ന് വയസ്സുള്ള പെൺകുട്ടി താഴെത്തന്നെ കളിക്കുകയും ആയിരുന്നു. കളിക്കുന്നതിനിടയിൽ കൊച്ചു ബെഡ്‌റൂമിൽ പോയി പപ്പയെ വിളിച്ചപ്പോൾ ഉണരാതെ വരുകയും ഡാഡി ഉറങ്ങിപ്പോയി എന്ന് അമ്മയെ അറിയിച്ചു. എന്തോ സംശയം തോന്നിയ ലിനി വന്ന് നോക്കുമ്പോൾ തലയിണയിൽ മുഖം അമർത്തി ഉറങ്ങുന്ന രീതിയിൽ ആണ് ബിനിൽ കിടന്നിരുന്നത്. പെട്ടെന്നു തന്നെ മുഖം തിരിച്ചപ്പോൾ ഭക്ഷണം തലയിണയിൽ കണ്ടെത്തുകയും അത് ഛർദിച്ചതാണ്‌ എന്ന് തിരിച്ചറിഞ്ഞു. ശരീരം തണുത്തിരിക്കുന്നതും നീല നിറവും കണ്ടപ്പോൾ തന്നെ പാരാമെഡിക്കൽ സംഘത്തെ അറിയിക്കുകയും ചെയ്‌തു. അപ്പോൾ രാത്രി പത്തര മണിയായിരുന്നു.

പാരാമെഡിക്കൽ സംഘം എത്തി പരിശോധിച്ചപ്പോൾ മരണം അര മണിക്കൂർ മുൻപേ നടന്നിരുന്നു എന്ന് അവർ അറിയിക്കുകയുണ്ടായി എന്നാണ് പുറത്തു വരുന്ന വിവരം. പ്രാഥമിക വിവരം അനുസരിച്ചു ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയതാണ് പ്രധാന മരണ കാരണമെന്നാണ് പാരാ മെഡിക്കൽ സംഘം അറിയിച്ചിരിക്കുന്നത്. ഒരു പക്ഷെ കൂർക്കം വലിച്ചപ്പോഴോ അതുമല്ലെങ്കിൽ തുമ്മൽ മൂലമാണോ ഭക്ഷണം കുരുങ്ങിയത് എന്ന സംശയത്തിലാണ് മെഡിക്കൽ സംഘം. നാലോളം സാമ്പിളുകൾ ബിയോപ്സിക്കായി അയിച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നെങ്കിൽ മാത്രമേ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളൂ.

രണ്ട് ദിവസം മുൻപ് മാത്രമാണ് ഇവർക്ക് പി ആർ ലഭിച്ചത്. പാസ്സ്‌പോർട്ട് ലഭിച്ചാലുടൻ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ബിനിലും കുടുംബവും. ആറു വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ ഇരുന്ന സമയത്താനു ബിനിലിന്‌ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഭാര്യ ലിജിയും തൃശൂർ സ്വദേശിനിയാണ്. പാസ്സ്‌പോർട്ട് ഇപ്പോഴും ഹോം ഓഫീസിൽ ആയതിനാൽ ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. ഹീത്രു മലയാളി അസോസിയേഷൻ അംഗം കൂടിയാണണ്‌ മരിച്ച ബിനിൽ.

 

ലോകത്തിലെ ആദ്യത്തെ ബിഹേവിയര്‍ മേക് ഓവര്‍ (Behaviour Makeover) സ്റ്റുഡിയോയുടെ (ROLDANT REJUVENATION, A Mind Behaviour Studio) സ്ഥാപനത്തിലൂടെ ലോകമനഃശാസ്ത്ര ഭൂപടത്തില്‍ വ്യത്യസ്തമായ ഒരു വഴി വെട്ടിത്തുറന്ന ആഗോളപ്രശസ്തനായ മനഃശാസ്ത്രജ്ഞന്‍…
100 വര്‍ഷത്തിലേറെ പഴക്കമുള്ള ലോകപ്രശസ്തമായ റിയല്‍ മാഡ്രിഡ് (Real Madrid) ഫുട്‌ബോള്‍ ക്ലബിന് അവരുടെ മങ്ങിപ്പോയിരുന്ന പ്രകടനം തിരികെ പിടിക്കുവാന്‍ പര്യാപ്തമായ മനഃശാസ്ത്ര പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ച ആദ്യ ഏഷ്യന്‍ വംശജന്‍…
ആദ്യ ഭാരതീയന്‍ ..
അതിലുമുപരി ആദ്യ മലയാളി!, വെള്ളിത്തിരയിലൂടെയെത്തി നമ്മെ മോഹിപ്പിക്കുകയും നമ്മുടെ ആരാധനാപാത്രമാവുകയും ചെയ്യുന്ന ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ കാണുവാനും വ്യക്തിപരമായി സംസാരിക്കുവാനും താല്പര്യമെടുക്കുന്ന അവരുടെ സെലിബ്രിറ്റി സൈക്കോളജിസ്റ്റ്…
ലോകകപ്പുയര്‍ത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് താരമടക്കം ഇന്ത്യക്കു വേണ്ടി രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മൂന്നു മലയാളി ക്രിക്കറ്റ് താരങ്ങള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാസ്മരികമായ പ്രകടനം കാഴ്ചവെച്ച നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കും തങ്ങളുടെ പ്രകടനം മെച്ചപ്പെടുവാന്‍ വേണ്ട മാനസിക പരിശീലനം നല്‍കിയ സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ്….
ഇന്ത്യയിലും വിദേശത്തുമായി പരന്നു കിടക്കുന്ന മള്‍ട്ടി മില്യണ്‍ ബിസിനസ് സാമ്രാജ്യത്തിനുടമകളായ ഒട്ടനവധി വ്യവസായ പ്രമുഖരുടെ പേഴ്‌സണല്‍ കോച്ചും ബിസിനസ്സ് സൈക്കോളജിസ്റ്റും….
തെറ്റിപ്പിരിയേണ്ടിയിരുന്ന ദമ്പതികളെ രമ്യതയിലേക്കെത്തിച്ചു ഭവനാന്തരീക്ഷം സമാധാനം നിറഞ്ഞതാക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന ഫാമിലി കൗണ്‍സിലറും തെറാപ്പിസ്റ്റും …
ആവേശം അണപൊട്ടിയൊഴുകുന്ന അനേകമനേകം വേദികളിലൂടെ ആര്‍ത്തിരമ്പുന്ന കൗമാര യുവജന മനസുകളില്‍ ആത്മവിശ്വാസത്തിന്റെ കരുത്തു പകര്‍ന്നു കൊടുക്കുന്ന പ്രഭാഷകനും പ്രചോദനാത്മക പരിശീലകനും…
പഠനമികവ് വര്‍ദ്ധിപ്പിച്ചു പരീക്ഷകളില്‍ ഉന്നത വിജയം നേടാനും, ശരിയായ കരിയര്‍ കണ്ടെത്തി ജീവിതത്തില്‍ വിജയിക്കുവാനും, മികച്ച വ്യക്തിത്വമുള്ളവരാകുവാനും അനേകായിരം സ്‌കൂള്‍ കോളേജ് എന്‍ട്രന്‍സ് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന അവരുടെ അക്കാഡമിക് ആന്‍ഡ് കരിയര്‍ ഗുരുവും പെര്‍ഫോമന്‍സ് കോച്ചും ….
പട്ടികകള്‍ അമ്പരപ്പുളവാക്കി നീളുകയാണ് ..
ഒരു മനഃശാസ്ത്രഞ്ജന്റെ വ്യത്യസ്ത മേഖലകളിലുള്ള അപാരമായ വേഷപ്പകര്‍ച്ച മലയാളം യൂകെയുടെ എഡിറ്റോറിയല്‍ ടീമിന് വലിയൊരു ആവേശമായി. മനഃശാസ്ത്രത്തിന്റെ വിവിധങ്ങളായ സാദ്ധ്യതകള്‍ ജനമധ്യത്തിലേക്കെത്തിച്ചു മനഃശാസ്ത്ര മേഖലയെ സമൂഹത്തിനിടയില്‍ തരംഗമാക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ആധുനിക മനഃശാസ്ത്രത്തിന്റെ ശോഭയേറിയ മുഖം. കലാ സാഹിത്യ പ്രഭാഷണ അഭിനയ സംഗീത നൃത്ത മേഖലകളിലെ തന്റെ താല്പര്യവും മിടുക്കും മനഃശാസ്ത്ര സിദ്ധാന്തങ്ങളുമായി ചേര്‍ത്തിണക്കി അതി നൂതനമായ വിദ്യാഭ്യാസ കോര്‍പറേറ്റ് പരിശീലന പദ്ധതി വികസിപ്പിച്ചെടുത്ത ശരിക്കും പത്തു തലയുള്ള രാവണന്‍. പ്രതിഭയൊട്ടും ചോരാതെ മുന്നിട്ടിറങ്ങിയിടത്തെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച, നാം മനസിരുത്തി മനസിലാക്കാന്‍ വൈകിപ്പോയ ഹ്യൂമന്‍ റിസോഴ്‌സ് പരിശീലന രംഗത്തെ അതികായനും, അന്താരാഷ്ട്ര പരിശീലകനുമായ മലയാളി മനഃശാസ്ത്രഞ്ജന്റെ മനസ് തേടിയുള്ള യാത്രയാണിത് .

ഷിബു: യുകെ മലയാളത്തിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു ഓണസമ്മാനമാണ് ഈ ഇന്റര്‍വ്യൂ. പിന്നിട്ട വഴികളെക്കുറിച്ചാലോചിക്കുമ്പോള്‍ എന്തു തോന്നുന്നു. അഭിമാനമാണോ??
അതോ അത്ഭുതമാണോ ??

ഡോ. വിപിന്‍ റോള്‍ഡന്റ്: രണ്ടും ഉണ്ട്, ഉണ്ടാകാറുമുണ്ട്. പാരമ്പര്യത്തിന്റെ നന്മകള്‍ വിനയപൂര്‍വം അനുസ്മരിക്കുന്ന ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളിക്ക് ലോകത്തെവിടെയും സധൈര്യം കടന്നു ചെല്ലാന്‍ കരുത്തുണ്ട് എന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞ വര്‍ഷങ്ങളിലൂടെയാണ് ഇക്കാലമത്രയും കടന്നു വന്നത് . അഹങ്കരിക്കാന്‍ ഒന്നുമില്ല എല്ലാം ദൈവത്തിന്റെ ദാനം.. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ദൈവം തന്നതല്ലാതൊന്നും ഇല്ല എന്‍ ജീവിതത്തില്‍ എന്ന ഗാനം പോലെയാണ് എന്റെ ജീവിതം. അതുകൊണ്ട്, നന്ദി നിറഞ്ഞ മനസ്സോടെ പ്രപഞ്ചം എനിക്കായി കരുതി വെച്ചിരിക്കുന്ന പുത്തന്‍ അത്ഭുതങ്ങള്‍ കാത്തിരിക്കുകയാണ്.

ഷിബു: മനസ്സിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടുന്ന മേഖലകളായ മാനസികാരോഗ്യകേന്ദ്രം, റീഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങി നിലവിലുള്ള ചികിത്സ സംവിധാനങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുകയാണ് മനഃശാസ്ത്ര രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ ബിഹേവിയര്‍ സ്റ്റുഡിയോ, പെര്‍ഫോമന്‍സ് സ്റ്റുഡിയോ തുടങ്ങിയ താങ്കളുടെ നൂതന സംരംഭങ്ങള്‍. എന്താണിതിന്റെ പ്രത്യേകത?

ഡോ. വിപിന്‍ റോള്‍ഡന്റ്: പരമ്പരാഗത ചികിത്സാ രീതികളില്‍ നിന്നും ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വ്യത്യസ്തമാണ് എന്നത് തന്നെയാണ് പ്രത്യേകത. മാനസിക അസ്വസ്ഥതകള്‍ വന്നാല്‍ മനഃശാസ്ത്രജ്ഞനെ പോയി കാണൂ എന്നു പറയുമ്പോള്‍, എനിക്ക് വട്ടില്ല ഭ്രാന്തില്ല എന്നീ മറുപടികളാണ് നമുക്ക് കിട്ടുക. മനഃശാസ്ത്ര രംഗം എന്നാല്‍ വട്ട്, ഭ്രാന്ത് എന്ന രീതിയില്‍ നമ്മുടെ സമൂഹം ചിന്തിക്കാനുള്ള കാരണം സിനിമകള്‍ പോലുള്ള മാധ്യമങ്ങളാണ് എന്നുതന്നെ പറയാം. ഇങ്ങനെയുള്ള ചിന്തകള്‍ വരാതെ ഏതൊരു വ്യക്തിക്കും തന്റെ കാര്‍ഡിയോളജിസ്റ്റിന്റെ അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോകാന്‍ സാധിക്കുന്നത് പോലെതന്നെ തന്റെ സൈക്കോളജിസ്റ്റ്‌നെയും കാണാന്‍ പോകാന്‍ പറ്റുന്ന രീതിയിലുള്ള ഒരു അന്തരീക്ഷമാണ് ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ക്ലിനിക്കില്‍ വന്നു മനഃശാസ്ത്രജ്ഞനെ കാണുക എന്ന രീതിയില്‍ ഒഴുവാക്കി ഒരു ഫൈവ് സ്റ്റാര്‍ അന്തരീക്ഷത്തില്‍, തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് താന്‍ അനുഭവിക്കുന്ന മാനസ്സിക പ്രയാസങ്ങള്‍ പങ്കുവെച്ചു പരിഹാരം കണ്ടെത്തി സന്തോഷത്തോടെ തിരിച്ചു പോകുന്ന രീതിയിലാണ് ഇവിടുത്തെ സര്‍വ്വീസസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 38 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഞങ്ങളുടെ സേവനം സ്വീകരിച്ചു വരുന്നുണ്ടിപ്പോള്‍.അവരുടെ രാജ്യത്തു കിട്ടുന്നതിലും പ്രൊഫഷണല്‍ ആയിട്ടും, വ്യക്തിപരമായ കരുതല്‍ നിലനിര്‍ത്തിക്കൊണ്ടും രഹസ്യാത്മകത പൂര്‍ണമായും പുലര്‍ത്തിക്കൊണ്ടും നടക്കുന്ന മനഃശാസ്ത്ര സേവനങ്ങള്‍ ഞങ്ങളില്‍ നിന്നു കിട്ടുന്നുണ്ട് എന്ന സംതൃപ്തി നിറഞ്ഞ ഫീഡ്ബാക്ക് നമ്മുടെയും ശക്തിയാണ്.

ഷിബു : മലയാളി മനഃശാസ്ത്രജ്ഞരെ തന്നെ കിട്ടുമോ എന്ന് യൂറോപ്യന്‍ മലയാളി കുടുംബങ്ങള്‍ പ്രത്യേകമായി അന്വേഷിക്കാറുണ്ടോ?.

ഡോ. വിപിന്‍ റോള്‍ഡാന്റ് : പലപ്പോഴും ഉണ്ട്. ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോ എന്ന ആശയത്തോടുള്ള പ്രവാസികളുടെ താല്പര്യവും അത് തന്നെയാണ്.അവരുടെ വിദേശ രാജ്യത്തെ ജീവിതാവസ്ഥയെക്കുറിച്ചും മലയാളി കുടുംബങ്ങള്‍ നേരിടുന്ന സാംസ്‌കാരികമായ ചില ആശയക്കുഴപ്പങ്ങളെക്കുറിച്ചും വ്യക്തതയുള്ള മലയാളി മനഃശാസ്ത്രജ്ഞരാണ് യൂറോപ്പിലുള്ളവര്‍ക്കു പലപ്പോഴും അതാതു രാജ്യത്തു കിട്ടാതെ പോകുന്നത്.അത് കൊച്ചിയിലും കോട്ടയത്തുമൊക്കെ കിട്ടുക എന്നത് അവര്‍ക്കു സന്തോഷമുള്ള കാര്യമാണ്.നാട്ടിലേക്കുള്ള വരവും ഞങ്ങളുടെ അടുത്തു വരേണ്ടതുമെല്ലാം വിളിച്ചു സംസാരിച്ചു ക്രമീകരിച്ചിട്ടാണ് പല കുടുംബങ്ങളും എത്താറുള്ളത്.

ഷിബു : ശരിക്കും ശാരീരിക അസ്വസ്ഥതകള്‍ പോലെതന്നെ തുല്യ പ്രാധാന്യം നല്‍കേണ്ടുന്ന ഒന്നല്ലേ മാനസിക അസ്വസ്ഥതകളും? പിന്നെ എന്തുകൊണ്ടായിരിക്കാം ആളുകള്‍ അതത്ര കാര്യമായി കാണാത്തതും പരിഹരിക്കാന്‍ ശ്രമിക്കാത്തതും? താങ്കളുടെ പത്തൊന്‍മ്പതു വര്‍ഷക്കാലത്തെ മനഃശാസ്ത്ര സേവന രംഗത്തിലെ അനുഭവത്തിലൂടെ താങ്കള്‍ക്ക് ഇതേപ്പറ്റി എന്താണ് അഭിപ്രായം? എന്തു കാരണങ്ങള്‍ കൊണ്ടായിരിക്കാം ആളുകളില്‍ ഇങ്ങനെയൊരു മനോഭാവം വളര്‍ന്നു വന്നത് ?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഞാന്‍ നേരത്തെ സൂചിപ്പിച്ചത്‌പോലെതന്നെ സിനിമകള്‍ ഇതിനകത്ത് ഒരുപാട് ദോഷം ചെയ്തിട്ടുണ്ട്. കഥയുടെ ഇമ്പം കിട്ടുന്നതിനായി മനോരോഗങ്ങളെ മസാല പുരട്ടി അതി തീവ്രമായി അവതരിപ്പിക്കുന്ന രീതിയിലാണ് പല സിനിമകളും ചിത്രീകരിച്ചിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താളവട്ടം പോലുള്ള പല സിനിമകളും . നമ്മുടെ ജീവിത ക്രമത്തില്‍ നിന്നും ഉല്‍ക്കണ്ഠ, ആകുലത, വിഷാദാവസ്ഥ, മനോസമ്മര്‍ദ്ദങ്ങള്‍, അമിത ദേഷ്യം തുടങ്ങി പലതും വളരെ സ്വാവാഭികമായി നമ്മുടെ മനസ്സില്‍ ഉണര്‍ന്നു വരാവുന്നതേയുള്ളു. മറ്റുള്ളവര്‍ അറിഞ്ഞാല്‍ അത് മാനസിക രോഗമായി മുദ്രകുത്തും എന്ന മുന്‍വിധിയോടെ ചെറു പ്രശ്‌നങ്ങളെ മൂടിവെക്കുകയും പിന്നീടത് പൊട്ടിത്തെറിക്കുന്ന തലത്തിലേക്കെത്തുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ചിലര്‍ അറിഞ്ഞോ അറിയാതെയോ വച്ചു പുലര്‍ത്തുന്നുണ്ട്. സിനിമകള്‍ മനപ്പൂര്‍വ്വമായ തെറ്റുകള്‍ ചെയ്തു എന്നല്ല, സമൂഹത്തിനു ഏറ്റവുമധികം പ്രയോജനപ്പെടേണ്ടിയിരുന്ന മനഃശാസ്ത്ര മനോരോഗ വിദഗ്ദ്ധരെ തമാശക്കഥാപാത്രങ്ങളായി അവതരിപ്പിച്ചതിന്റ പരിണിത ഫലമായി സമൂഹം ചെറിയൊരു മാനസിക അസ്വസ്ഥത വന്നാല്‍ പോലും അതു തുറന്നു പറയാനോ വിദഗ്ദ്ധ ചികിത്സ നേടാനോ ആളുകള്‍ മടികാണിക്കുകയും ചെറിയ പ്രശ്‌നങ്ങള്‍ വലുതായി അത് വ്യക്തിയെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യപ്പെടുന്നു.

ഷിബു :എങ്ങനെ മാറ്റാം ഈ അവസ്ഥയെ… മലയാളി മനസ് മാറ്റുമോ?

ഡോ. വിപിന്‍ റോള്‍ഡന്റ് :
ഈ ഒരു അവസ്ഥക്ക് മാറ്റമുണ്ടാകണമെങ്കില്‍ മനഃശാസ്ത്രത്തിന്റെ നൂറിലധികം വരുന്ന വ്യത്യസ്ത സ്‌പെഷ്യലിറ്റികള്‍ ജനങ്ങള്‍ തിരിച്ചറിയണം.മനഃശാസ്ത്ര സേവനങ്ങള്‍ എന്റെ അവകാശമാണെന്ന് തിരിച്ചറിയുന്ന കുടുംബങ്ങള്‍ മുന്നോട്ടു വരണം.പഠനത്തിലും കലയിലും സ്‌പോര്‍ട്‌സിലും കരിയര്‍ കണ്ടെത്തുന്നതിലും എന്‍ട്രന്‍സ് വിജയത്തിലും, ശരിയായ പാരന്റിംഗ് രീതികള്‍ സ്വായത്തമാക്കാനും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ബിസിനെസ്സില്‍ വിജയിക്കുന്നതിലും ആരോഗ്യം മെച്ചമാക്കുന്നതിലും മനസ്സില്‍ കണ്ട സ്വപ്ന നേട്ടങ്ങള്‍ ഇച്ഛാശക്തിയോടെ സ്വന്തമാക്കുന്നതിലുമെല്ലാം കൂടെ നില്‍ക്കുന്ന ഉത്തമ സുഹൃത്താണ്, ബഡ്ഡി യാണ് എന്റെ മനഃശാസ്ത്രജ്ഞന്‍ എന്ന് തിരിച്ചറിയുന്ന ആത്മവിശ്വാസമുള്ള തലമുറയെ ഓരോ മേഖലയിലും വളര്‍ത്തിയെടുത്തു മുന്നേറുകയാണ് ബിഹേവിയര്‍ സ്റ്റുഡിയോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമാന മനസ്‌കരെ അണിചേര്‍ത്തു 100ലധികം രാജ്യങ്ങളിലേക്ക് ഞങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ഷിബു: ജയിലുകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ പലരും ചെയ്തിട്ടുണ്ടാകാം ചെയുന്നുണ്ടാകാം. പക്ഷേ, അവരില്‍ നിന്നും വ്യത്യസ്തനായി കേരളത്തിലെ അഞ്ചു തലത്തില്‍പെട്ട ജയിലുകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തന അനുഭവങ്ങള്‍ ഒന്ന് വിവരിക്കാമോ.

ഡോ. വിപിന്‍ റോള്‍ഡന്റ്: തീര്‍ച്ചയായും, എന്നെ സംബന്ധിച്ചു അതൊരു വ്യത്യസ്തമായ അനുഭവം ആയിരുന്നു.മനഃശാസ്ത്രത്തില്‍ പി. ജി. കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് കേരള ഗവണ്‍മെന്റിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രിസണ്‍ ഡിപ്പാര്‍ട്‌മെന്റിന്റെയും പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത്. ഒരു uk ബന്ധവും ഈ ജോലിക്ക് ഉണ്ടായിരുന്നു.ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (DfID, UK)ന്റെ പങ്കാളിത്തം ഉള്ള നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ organizationte ഒരു പ്രൊജക്റ്റ് ആയിരുന്നു ഇത്. ആറ്റിങ്ങല്‍ സബ്ജയിലിലെ ഏതാനും കുറ്റവാളികള്‍ ആയിരുന്നു ആദ്യം ലഭിച്ചത്. ക്ലാസ്സ് എടുക്കാനൊന്നും ജയിലില്‍ സൗകര്യങ്ങളിലായിരുന്നു. സെല്ലിനകത്ത് ഒരു ക്ലാസ്സ് റൂം പോലെ സജീകരിച്ച് അവിടെ വച്ചാണ് കുറ്റവാളികളുടെ കൂടെ ഇടപെട്ടത്. സംസാരിച്ചു വന്നപ്പോഴാണ് അവരെല്ലാം തന്നെ കോട്ടേഷന്‍ സംഘത്തില്‍ പെട്ട ആളുകളാണെന്നു മനസിലായത്. പിന്നീട് അട്ടകുളങ്ങര , പൂജപ്പുര , വനിതാ ജയില്‍, തുറന്ന ജയില്‍ തുടങ്ങിയ ജയിലുകളിലെ കുറ്റവാളികള്‍ക്കും മനഃശാസ്ത്ര പരിശീലനം നല്‍കി. ഇതില്‍ നിന്നെല്ലാം മനസ്സിലായ ഒരു കാര്യം, പലരും ജയിലില്‍ ആയത് അവരുടെ സ്വഭാവം നല്ലതല്ലാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ ചില സമയങ്ങളിലെ പെരുമാറ്റങ്ങളോ നിയന്ത്രിക്കാന്‍ കഴിയാതെ പോയ ദേഷ്യം കാരണമോ മദ്യപാന ശീലം കാരണമോ ഒക്കെയാണ്. ഇവരെല്ലാം തന്നെ ഉള്ളിന്റെയുള്ളില്‍ നന്മയുള്ളവരും ദൈവീക സാന്നിധ്യമുള്ളവരൊക്കെ തന്നെയാണ്. പലരും പരിതപിക്കുന്നുണ്ട്. അകത്തായിപോയതില്‍ ദുഖിക്കുന്നവരുമുണ്ട്. കൊടും കുറ്റവാളികള്‍ എന്നു നമ്മള്‍ വിളിക്കപ്പെടുന്ന ഇവരുടെ ഇടയില്‍ മൂന്നു വര്‍ഷത്തെ സേവനം ഏതൊരു ബുദ്ധിമുട്ട് നിറഞ്ഞ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തക്ക രീതിയിലുള്ള ഒരു പരിശീലനം എന്നിലെ കൗണ്‍സിലിംഗ് കഴിവുകളെ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായമായി.എന്റെ കാരിയെറില്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

ഷിബു: ചോദ്യത്തിന്റെ ഗതി ഞാന്‍ അല്പം മാറ്റുകയാണ്.മലയാളം UK യുടെ വായനക്കാര്‍ കാത്തിരുന്ന ചോദ്യം ഇനി ഞാന്‍ ചോദിക്കട്ടെ. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തു നിന്നും ലോകകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ശക്തിയായ റിയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബിന് അവരുടെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ വേണ്ടുന്ന ആശയങ്ങള്‍ നല്‍കണം എന്നു ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ടി ഒരു ആശയം തയ്യാറാക്കി സമര്‍പ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. അതിലേക്ക് താങ്കളെ നയിച്ച പ്രചോദനം എന്തായിരുന്നു?

ഡോ. വിപിന്‍ റോള്‍ഡന്റ്:
ചോദ്യം എനിക്കിഷ്ടപ്പെട്ടു. അതു തികച്ചും അസ്വാഭാവികത തന്നെയാണ്. കാരണം കേരളത്തിലെ ഒരു ടീമിന് വേണ്ടിയോ ഇന്ത്യയിലെ ഒരു ടീമിന് വേണ്ടിയോ പരിശീലന പരിപാടി ആവിഷ്‌കരിക്കുന്നതിന് മുന്‍പ് തന്നെ എങ്ങനെ അതിലേക്ക് എത്തി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ദൈവത്തിലുള്ള വിശ്വാസവും നമ്മളെകൊണ്ടത് പറ്റും എന്ന ആത്മവിശ്വാസവും കൊണ്ട് തന്നെയാണ്. 2010 മുതല്‍ ഞാന്‍ അവരുടെ കളി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങളാണ് അവിടെ കളിക്കുന്നത്. അവര്‍ തമ്മിലുള്ള ഒത്തിണക്കമില്ലായ്മ, പടല പിണക്കങ്ങള്‍, മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ തുടങ്ങിയവയെല്ലാം എന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി. ഇവരെല്ലാം നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യര്‍ തന്നെയാണ് !! ഏതൊരു ടീമില്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളൊക്കെതന്നെയേ അവര്‍ക്കിടയിലുമുള്ളൂ. പക്ഷെ, അതവരുടെ പ്രകടനത്തെ ബാധിക്കുകയും വിജയത്തെ പിന്നിലേക്ക് വലിക്കുകയും ചെയ്തു. അപ്പോള്‍ എന്തുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഒരു മനഃശാസ്ത്ര പരിഹാര പാക്കേജ് ആയി സമര്‍പ്പിച്ചു കൂടാ എന്ന ചിന്ത എന്നിലേക്ക് വന്നു. 2011ഇല്‍ ഒരു വേള്‍ഡ് ടൂറിന്റെ ഭാഗമായി ഞാന്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒരു സമയവും കൂടിയായിരുന്നു. അതില്‍ ഒന്നായ പോപ്പിന്റെ നേതൃത്വത്തില്‍ ഉള്ള ഒരു വേള്‍ഡ് യൂത്ത് ഡേ നടന്നത് അത്തവണ സ്‌പെയിനില്‍ ആയിരുന്നു. ഞാനതിലേക്ക് പോകാനുള്ള ഒരു ഡെലിഗേറ്റ് ആയി നില്‍ക്കുന്ന സമയവും ആയിരുന്നു. അസാധ്യമെന്നു കരുതിയിരുന്നു എങ്കിലും അപ്പോയ്ന്റ്‌മെന്റ്‌സ് കിട്ടുകയും സാന്റിയാഗോ ബാര്‍ണ്ണbebu സ്റ്റേഡിയം ത്തില്‍ ഉള്ള ഓഫീസില്‍ മീറ്റിംഗ് നായി ചെല്ലുകയും ചെയ്തു.

ഷിബു : ഇടയ്ക്ക് ഒന്ന് ചോദിച്ചോട്ടെ… ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നേര്‍ക്കു നേരെ എത്രയോ തവണ ഏറ്റു മുട്ടിയിട്ടുള്ള ആ സ്റ്റേഡിയം എന്ത് അനുഭവമാണ് സമ്മാനിച്ചത്.

ഡോ. വിപിന്‍ റോള്‍ഡന്റ്: അതൊരു അപാരമായ ഒരു ഫീല്‍ ആണ്. ഇപ്പോഴും ഉള്ളില്‍ ആവേശം ഉണരും അതാലോചിക്കുമ്പോള്‍. കായിക പ്രേമികള്‍ക്ക്
അത് മനസിലാകും. ഞാന്‍ ഇഷ്ടപ്പെടുന്ന റിയല്‍ മാഡ്രിഡ് ടീമിനെ വിജയപാതയിലേക്ക് തിരികെ എത്തിക്കാന്‍ എന്റെ എളിയ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കും എന്ന ശക്തമായ ഒരു ചിന്തയാണ് സധൈര്യം അവിടേക്കു എത്താന്‍ എനിക്ക് ശക്തിയായത്. ജയിലില്‍ ലഭിച്ച ഉള്‍ക്കരുത്ത് ഇവിടെയും കൂട്ടായി. കൂടാതെ ബൈബിളില്‍ ഡേവിഡ് ഗോലിയാത്തിനെ കീഴടക്കിയപ്പോള്‍ ആ സാദാ പയ്യനെ ശക്തിപ്പെടുത്തിയ അതെ ആത്മാവ് എന്നിലും നിറഞ്ഞു, എന്നെ ശക്തിപ്പെടുത്തുന്ന അനുഭവം വളരെ വലുതായിട്ട് ഞാന്‍ കേരളത്തില്‍ നിന്നും പോകുമ്പോള്‍ മുതല്‍ എനിക്ക് അനുഭവിച്ചു മുന്നേറാന്‍ സാധിച്ചു. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവീക ശക്തിയും ആയി കൈ കോര്‍ത്തിണക്കി ചിന്തിച്ചാല്‍ നമുക്ക് ഒന്നും തടസം ആവില്ല. നമ്മുടെ മനസിന് അത്ര മാത്രം ശക്തിയും കപ്പാസിറ്റിയും ഉണ്ട്.

ഷിബു : ഫുട്ബാള്‍ കളിയില്‍ ഒന്നുമല്ലല്ലോ നമ്മള്‍. പിന്നെങ്ങിനെ ഒരു ഭാരതീയ മനഃശാസ്ത്രനെ അവര്‍ അംഗീകരിക്കും എന്ന് ചിന്തിച്ചുവോ?

ഡോ. വിപിന്‍ റോള്‍ഡന്റ്:
അത് സ്വാഭാവികം. പക്ഷെ മറുപടി നമുക്കുണ്ട് ഇവിടെ തന്നെ. പ്രകടനം മെച്ചപ്പെടുത്താനുള്ള ഭാരതീയ മനഃശാസ്ത്ര വിദ്യകളും ഫുട്‌ബോള്‍ സൈക്കോളജി യും ചേര്‍ത്തിണക്കിയ ‘Yes Minds’എന്ന മാനസിക പരിശീലനം നല്‍കാന്‍ വേണ്ട തന്ത്രങ്ങള്‍ ആണ് റഫറന്‍സ് മാറ്റര്‍ ആയി ഞാന്‍ തയ്യാറാക്കിയത്. ദൈവസഹായത്താല്‍ ഞാന്‍ തയ്യാറാക്കിയ മാനസിക പരിശീലന പദ്ധതി അവര്‍ സ്വീകരിക്കുകയും അവര്‍ക്കുള്ള 32 ഓളം ടീമുകള്‍ക്ക് റഫറന്‍സ് മെറ്റീരിയല്‍ ആയി അത് മാറ്റാന്‍ വേണ്ട നിലയില്‍ ഉപയോഗിക്കാം എന്ന ഉറപ്പ് ലഭിക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി വരുകയും ചെയ്തു. ഒപ്പം, കേരളത്തില്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഈ ഒരു മുന്നേറ്റം എന്റെ സ്‌പോര്‍ട്‌സ് സൈക്കോളജി കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഷിബു: ഫുട്‌ബോളില്‍ നിന്നും ആധുനിക കാലഘട്ടത്തിനാവശ്യമായ പരമപ്രധാനമായ ഒരു വിഷയത്തിലേയ്ക്ക് ചോദ്യമൊന്ന് മാറ്റുകയാണ്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?

ഡോ. വിപിന്‍ റോള്‍ഡന്റ്: ഈ കാലഘട്ടത്തിലെ വളരെ പരമപ്രധാനമായ ഒരു ചോദ്യമാണ് ഇത്! ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്പരപ്പുളവാക്കുന്ന സംഭവങ്ങളാണ് പ്രവാസി കുടുംബങ്ങളില്‍ നിന്ന് ദിനംപ്രതി പുറത്തു വരുന്നത്… ഒറ്റവാക്കില്‍ തീരില്ല. പറയാന്‍ ധാരാളമുണ്ട് !

പ്രിയ വായനക്കാരോട്…
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളുമായി ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അതുമായിട്ടുള്ള പ്രശ്‌നങ്ങളും അതീവ ഗൗരവ സ്വഭാവമുള്ളതുകൊണ്ടും ദൈര്‍ഘ്യം കൂടുതലായതു കൊണ്ടും ഈ പ്രാവശ്യം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഇതിന്റെ രണ്ടാം ഭാഗം അടുത്ത ഞായറാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനെതിരെ ജനങ്ങൾ രംഗത്ത്. ജോൺസന്റെ ഈയൊരു നീക്കത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിനാളുകൾ ബ്രിട്ടന്റെ വീഥികളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാർലമെന്റ് അടച്ചുപൂട്ടലിനെ തടയുന്നതിനായി ‘ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ‘ ജനങ്ങൾ പ്രതിജ്ഞയെടുത്തു. ഒപ്പം ” അട്ടിമറി നിർത്തുക ” എന്ന് ആക്രോശിക്കുകയും ലണ്ടനിൽ യൂറോപ്യൻ യൂണിയൻ പതാകകൾ ഉയർത്തുകയും ചെയ്തു. മാഞ്ചസ്റ്റർ, ഗ്ലാസ്‌കോ, ബർമിംഗ്ഹാം, ബ്രൈടൻ, സ്വാൻസി, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം ഡസൻകണക്കിന് സ്ഥലങ്ങളിൽ ആണ് ആളുകൾ പ്രതിഷേധ പ്രകടനം നടത്തുന്നത്. ബ്രെക്സിറ്റ്‌ വിരുദ്ധ പ്രചാരണ ഗ്രൂപ്പ്‌ ആയ ‘അനതർ യൂറോപ്പ് ഈസ്‌ പോസ്സിബിൾ ‘, ഇംഗ്ലണ്ടിലും, സ്കോട്ലൻഡിലും, വെയിൽസിലും പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അഞ്ചാഴ്ച പാർലമെന്റ് താത്കാലികമായി നിർത്തിവെക്കാനുള്ള ജോൺസന്റെ ശ്രമത്തെ പ്രതിപക്ഷ എംപിമാർ ശക്തമായി എതിർക്കുന്നുണ്ട്. ഒരു നിർത്തിവെക്കൽ ഉണ്ടായാൽ തുടർച്ചയായ 23 പ്രവൃത്തി ദിനങ്ങൾ പാർലമെന്റ് അടച്ചിടേണ്ടി വരും. യൂകെയിലുടനീളമുള്ള മുപ്പതിൽ അധികം നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ഓക്സ്‌ഫോഡിൽ ജോൺസൻ പഠിച്ച ബല്ലിയോൾ കോളേജിന് പുറത്തും പ്രതിഷേധക്കാർ തടിച്ചുകൂടി. ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണേൽ, ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബോട്ട് എന്നിവർ ലണ്ടനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. “ജോൺസണെ പാർലമെന്റ് അടച്ചുപൂട്ടാൻ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ശബ്ദം ഇല്ലാതാക്കുവാനും ഞങ്ങൾ അനുവദിക്കില്ല ” അബോട്ട് പറഞ്ഞു. ജോൺസനെ ഏകാധിപതി എന്ന് മുദ്രകുത്തികൊണ്ട് മക്‌ഡൊണേൽ പറഞ്ഞു ” ഈയൊരു നീക്കത്തിലൂടെ ജോൺസൻ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്. ” പ്രധാനമന്ത്രിയുടെ പാർലമെന്റ് സസ്പെൻഷൻ തീരുമാനം, ബ്രിട്ടനെ നയിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

അനധികൃത  കുടിയേറ്റക്കാരെ  വഹിച്ചു  കൊണ്ട്  യുകെയിലേക്കു വന്ന ബോട്ടിൽ നിന്നാണ് അപകടം സംഭവിച്ചത് . ഫ്രാൻസിനും ഇംഗ്ലണ്ടിനു  ഇടയിലുള്ള  കടലിടുക്കിലാണ് സംഭവം നടന്നത്. 20 പേരുണ്ടായിരുന്ന ബോട്ടിൽ മറ്റെല്ലാവരും സുരക്ഷിതരാണ് .ഇറാൻ , ഇറാഖി സ്വദേശികളായ അഭയാർത്ഥികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത് .മൃതദേഹം കണ്ടെടുത്തെങ്കിലും മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് കെന്റ് പോലീസ് അറിയിച്ചു . ഫ്രാൻസിലെ അധികാരികളുമായും ഈ വിഷയത്തിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു .കഴിഞ്ഞയാഴ്‌ച 48 – വയസ്സ് പ്രായമുള്ള ഒരു ഇറാഖ് സ്വദേശിയുടെ മൃതദേഹം സ്വന്തം ജാക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ച രീതിയിൽ കണ്ടെത്തിയിരുന്നു .ഒപ്പം നീന്തൽ ഉപകരണങ്ങളും ധരിച്ചിരുന്നു .

2019 – ൽ ഇതുവരെ ആയിരത്തോളം പേർ അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് ഫ്രഞ്ച് ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തിയെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഫ്രാൻസിൻെറ തീരം ഉപയോഗിച്ച് ഇംഗ്ലണ്ടിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരും കള്ളക്കടത്തുകാരും യുകെയിലേയ്ക്ക് വരുന്നതു തടയാൻ രണ്ടു രാജ്യങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അവർ കൂട്ടി ചേർത്തു .

ഓൺലൈൻ പണമിടപാടുകളുടെ എണ്ണം കുടുന്നതനുസരിച്ച്തട്ടിപ്പുകളും കൂടി വരുന്നു .ഇതിൽ ഏറ്റവും പുതിയതായി കസ്റ്റമേഴ്‌സിന് ബാങ്കുകൾ പ്രൊവൈഡ് ചെയ്യുന്ന വൺ ടൈം പാസ്‌വേഡ് (OTP ) കൈക്കലാക്കിയുള്ള തട്ടിപ്പാണ് . ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമുക്ക് OTP അഥവാ വൺ ടൈം പാസ്സ്‌വേർഡ് ലഭിക്കുന്നു ഇത് ഒരു ടെസ്റ്റ് മെസ്സേജ് ആയിട്ടായിരിക്കും ലഭിക്കുക. ഓൺലൈൻ ഇടപാടുകൾ വിശ്വസനീയം ആക്കാൻ വേണ്ടിയാണ് OTP ഉപയോഗിക്കുന്നത്. എന്നാൽ OTP ഫോണിലേക്ക് വരുന്ന സമയത്ത് ഓൺലൈൻ തട്ടിപ്പുകാർ ഇത് കൈക്കലാക്കി നമ്മുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നു. ഈ തട്ടിപ്പിന് ഒഴിവാക്കാൻ ഉപഭോക്താക്കൾ 5 കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്ന് ഈ രംഗത്ത് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .

1 . നിങ്ങൾക്ക് ലഭിക്കുന്ന OTPഫോൺ വഴിയോ വാട്സാപ്പ് വഴിയോ ഇമെയിൽ വഴിയോ മറ്റുള്ളവരുമായി പങ്കു വെക്കരുത്. ബാങ്ക് ഒരിക്കലും നിങ്ങളുടെ OTP ആവശ്യപ്പെടുക ഇല്ല. അങ്ങനെ ആവശ്യപ്പെടുന്നവർ ബാങ്ക് അധികൃതർ ആയിരിക്കുകയില്ല. ബാങ്ക് അധികൃതരുമായി പോലും ഒരിക്കലും നിങ്ങൾ OTP പങ്കു വെക്കരുത്.

2 . OTP ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾ ഇടപാട് നടത്തുന്ന വ്യക്തിയും തുകയും കൃത്യമാണോ എന്നു വീണ്ടും പരിശോധിക്കുക, അല്ലെങ്കിൽ പെട്ടെന്നുതന്നെ ആ ഇടപാട് ക്യാൻസൽ ചെയ്യുക.

3 . പണം സ്വീകരിക്കുന്ന വ്യക്തിക്ക് ഒരിക്കലും OTPയുടെ ആവശ്യമില്ല അതിനാൽ OTP അവരുമായി പങ്കു വെക്കരുത്.

4 . വിശ്വസനീയമല്ലാത്ത ആപ്പുകൾ ഒന്നും നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഇടരുത്, കാരണം തട്ടിപ്പുകാർ ഈ ആപ്പുകൾ ഉപയോഗിച്ച് നമ്മുടെ കാർഡ് നമ്പർ, സി വി വി, OTP എന്നിവ മോഷ്ടിച്ചു നമ്മുടെ അക്കൗണ്ടിൽനിന്നും പണം അപഹരിക്കും.

5 . ഇടപാട് നടത്തുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഔദ്യോഗിക ഉപഭോക്തൃ സേവനങ്ങൾ മാത്രം ഉപയോഗിക്കുക.

തട്ടിപ്പുകാർഅവരുടെ വ്യാജ ഹെൽപ്പ് ലൈനും ട്വിറ്റർ പേജും ഉപയോഗിച്ച് വ്യക്തികളോട് അവരുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചാൽ തുക തിരികെ കിട്ടുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നു, എന്നാലിത് തട്ടിപ്പിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുക.

ഷിബു മാത്യൂ

മൂന്നാമത് യുക്മ കേരളപൂരം വള്ളംകളി തോമസ്സ് കുട്ടി ഫ്രാന്‍സീസ്സ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ തായംങ്കരി കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജവഹര്‍ തായംങ്കരി കിരീടം ചൂടുന്നത്.

ബാബു കളപ്പുര നയിച്ച കവന്ററി കായിപ്പുറം ടീം രണ്ടാം സ്ഥാനത്തെത്തി.
ലിജോ ജോണ്‍ നയിച്ച നോട്ടിംഹാം കിടങ്ങറ ടീം മൂന്നാം സ്ഥാനത്തും
മാത്യൂ ചാക്കോ നയിച്ച SMA സാല്‍ഫോഡ് പുളിംകുന്ന് ടീം നാലാം സ്ഥാനത്തെത്തി. മാന്‍വേഴ്‌സ് തടാകത്തിനെ പുളകമണിയിച്ച അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരം കാണാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ ആര്‍പ്പുവിളികളോടെ തടാക കരയില്‍ തടിച്ചുകൂടിയിരുന്നു. നെഹ്രുട്രോഫി വള്ളംകളിയെ ഓർമ്മിപ്പിക്കുന്ന മത്സരാവേശത്തിനൊടുവിൽ ഇഞ്ചോടിഞ്ച് പൊരുതിയാണ് നാലു വള്ളങ്ങളും മത്സരത്തിൽ മുന്നേറിയത്. നാലു വള്ളങ്ങളും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഫിനീഷ് ചെയ്തതും. വിധികര്‍ത്താക്കളെ വിഷമത്തിലാക്കിയ ഫിനീഷിംഗായിരുന്നു നടന്നത്.

വള്ളം കളിയിലെ രണ്ടാം സ്ഥാനക്കാരായ കവെൻട്രി, മൂന്നാം സ്ഥാനക്കാരായ നോട്ടിങ്ഹാം എന്നിവർ യഥാക്രമം.. 

ഒടുവില്‍ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ കേരളപ്പൂരത്തിന് വളരെ വലിയ ജനപിന്തുണയാണ് ലഭിച്ചത്. പൂരത്തിനോട് അനു:ബന്ധിച്ച് മെഗാ തിരുവാതിരയും നടന്നു. നൂറില്‍പ്പരം സ്ത്രീകളാണ് മെഗാ തിരുവാതിരയില്‍ പങ്കു ചേര്‍ന്നത്. കേരളപ്പൂരത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ വളളംകളി പ്രദര്‍ശന മത്സരവും നടത്തിയിരുന്നു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. 8.30 ന് പരിപാടികള്‍ അവസാനിച്ചു. 

RECENT POSTS
Copyright © . All rights reserved