50 മുതൽ 60 വയസ്സു വരെ സാമൂഹികമായി സജീവമായിരിക്കുന്നവരുടെ പിൽക്കാല ജീവിതത്തിൽ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരുവാനുള്ള സാധ്യത കുറവാണ് എന്ന് പഠനങ്ങൾ പറയുന്നു. 1985 മുതൽ 2017 വരെയുള്ള 10,000 ത്തിൽ അധികം ആളുകളെ നിരീക്ഷിച്ചതിനുശേഷം ആണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഗവേഷണത്തോടനുബന്ധിച്ച് എല്ലാവർക്കും തങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള ഒരു ചോദ്യാവലി നൽകിയിരുന്നു .
6 ഓളം തവണയാണ് ഈ സുദീർഘമായ കാലയളവിനുള്ളിൽ (28 വർഷം ) നിരീക്ഷിക്കപ്പെട്ട ആൾക്കാരിൽ നിന്ന് അവരുടെ സാമൂഹിക സമ്പർക്ക മാർഗങ്ങളെക്കുറിച്ചുള്ള ചോദ്യാവലി ശേഖരിച്ചത് . 50 ,60 ,70 തുടങ്ങി വ്യത്യസ്ത വയസ്സിനുള്ളിൽ ഈ വ്യക്തികൾക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള വ്യക്തിബന്ധത്തെ ശാസ്ത്രീയമായ രീതിയിൽ അവലോകനം ചെയ്യുകയും ഒപ്പം തന്നെ അവരുടെ ഓർമശക്തിയും , സംസാരിക്കുന്നതിനും യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് എന്നിവയും വിലയിരുത്തിയാണ് അൽഷിമേഴ്സും സാമൂഹിക ജീവിതവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ എത്തിച്ചേർന്നത് .
ഇതു കൂടാതെ അൽഷിമേഴ്‌സ് രോഗസാധ്യതയ്ക്കുള്ള മെഡിക്കൽ ചെക്കപ്പുകളും നടത്തിയിരുന്നു . ഇതിൻെറ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ സാമൂഹിക ബന്ധങ്ങളും ജീവിതവും നയിക്കുന്ന ആൾക്കാരുടെ ഇടയിൽ ഓർമ കുറവിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ കുറവാണ് എന്നാണ് ഗവേഷകർ കണ്ടെത്തിയത് .
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ആൻഡ്രൂ സോമർലഡിൻെറ നേതൃത്വത്തിലുള്ള ഗവേഷകരാണ് ദീർഘകാലയളവിലുള്ള ഈ സുപ്രധാന ഗവേഷണത്തിനു പിന്നിലുള്ളത് .യുകെ മെഡിക്കൽ റിസർച്ച് കൗൺസിൽ , യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങൾ നടന്നിരിക്കുന്നത് .
ഹംബർ ഏരിയയിൽ നിന്നും മൃതദേഹം കണ്ടെത്തിയ 21 വയസ്സുകാരി വിദ്യാർത്ഥിനി ലിബി സ്ക്വയറിന്റെ മരണത്തിൽ സംശയാസ്പദമായി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരിയിലാണ് ഫിലോസഫി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഹൾ ഏരിയയിൽ നിന്നും കാണാതായത്. അതിനുശേഷം ഏഴ് ആഴ്ചകൾക്ക് ശേഷം മാത്രമാണ് മൃതദേഹം കണ്ടെത്താനായത് . ലണ്ടനിലെ വടക്കു പടിഞ്ഞാറൻ നഗരമായ ഹൈ വയ്കോമ്പിൽ നിന്നുമുള്ള പെൺകുട്ടി കാണാതായ ദിവസം കൂട്ടുകാരോടൊപ്പം രാത്രി പുറത്തു പോയിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ നൂറോളം പോലീസ് ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും പങ്കാളികളായി.
ഹംബർ ഏരിയയിൽ നിന്ന് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹംബർ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തെന്നും, ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്നുമുതലാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. അതിനുശേഷം ആറ് ആഴ്ചകൾക്കു ശേഷം മാർച്ച് ഇരുപതോടുകൂടി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബത്തിനു ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പുതിയ നിയമം നവംബർ മുതൽ നിലവിൽ വരും. യൂറോപ്യൻ യൂണിയനിൽ നിന്ന് വരുന്ന സഞ്ചാരികളെ ആണ് നിയമം ബാധിക്കുക. മുൻ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ പരിഗണിച്ചിരുന്ന വിഷയത്തെ ബോറിസ് ജോൺസൺ പൂർണ്ണമായും നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് . ലിബ് റേറ്റീവ് ഡെമോക്രാറ്റ് എംപിമാർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന സമയത്ത്, അവിടെ നിന്നുള്ളവർക്ക് സ്വതന്ത്രമായി ബ്രിട്ടണിൽ സഞ്ചരിക്കാനും താമസിക്കാനും കഴിയുമായിരുന്നു. ഇനി അതിന് നിയമതടസങ്ങൾ ഉണ്ടാവും.
യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് നിയമം നീട്ടാൻ ആലോചന ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ രണ്ട് ഓപ്ഷനുകൾ ആണ് നിലവിലുള്ളത്. ഒന്നുകിൽ നിയമം 2021 ജനുവരി വരെ നീട്ടി വെക്കാം അല്ലെങ്കിൽ കൂടുതൽ കാലം താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മൂന്നുമാസം ഉപാധികൾ ഇല്ലാതെ താസിക്കാമെങ്കിലും പിന്നീടുള്ള മാസങ്ങളിലേക്ക് അപ്ലൈ ചെയ്യണം. സഞ്ചാരികളായി എത്തുന്നവർക്ക് വിലക്കില്ല, പക്ഷേ പഠനത്തിനും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും താമസിക്കാൻ എത്തുന്നവരെ ആണ് നിയമം ബാധിക്കുക.
കൺസർവേറ്റീവ് എംപിയായ ആൽബർട്ടോ കോസ്റ്റ് പറയുന്നു ” ഇത് കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിക്കേണ്ട വിഷയമാണ്. കുറച്ചുകൂടെ കൃത്യതയോടെ വേണം ഇതിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ കാരണം ബ്രിട്ടനിൽ എടുക്കുന്ന തീരുമാനങ്ങൾ യൂറോപ്യൻ യൂണിയൻലും പ്രതിഫലിക്കാം, നമ്മൾ എടുക്കുന്ന നയങ്ങൾ നമുക്ക് നേരെ നിലവിൽ വന്നാൽ ബുദ്ധിമുട്ടാകും” . ബിബിസി കറസ്പോണ്ടൻസ് ആയ ഡാനി ഷാ പറയുന്നത് ഏകദേശം 40 മില്യണോളം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വ്യക്തികൾ ഓരോ വർഷവും ബ്രിട്ടനിൽ എത്തുന്നു എന്നാണ്. അങ്ങനെയെങ്കിൽ വിമാനത്താവളങ്ങളിലും മറ്റും പരിശോധനകൾ കർശനമാക്കേണ്ടിവരും.
ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിലാണ് ഇരുപത്തൊന്നുകാരനായ യുവാവ് സ്വന്തം കൂട്ടുകാരന്റെ കാമുകിയെ ലൈംഗികമായി ആക്രമിച്ചതെന്ന് ജൂറിയുടെ കണ്ടെത്തൽ. ഡെയ്ൽ കെല്ലി എന്ന യുവാവാണ് ഉറക്കത്തിൽ തന്റെ കൂട്ടുകാരന്റെ മുറിയിലെത്തി, കൂട്ടുകാരന്റെ സൃഹൃത്തായ യുവതിയെ ഉപദ്രവിച്ചത്. യോർക്കിലെ കോടതിയിലുള്ള ജൂറി യുവാവ് തെറ്റ് ചെയ്തതായി കണ്ടെത്തി. എന്നാൽ സുബോധത്തോടെ അല്ലെന്നും, പാരസോംനിയ എന്ന രോഗം ഉള്ള വ്യക്തിയാണ് യുവാവ് എന്നും അവർ കണ്ടെത്തി.
2017 ഏപ്രിൽ പതിനേഴിന് നടന്ന സംഭവത്തിൽ കെല്ലി കൂട്ടുകാരനോടും അയാളുടെ കൂട്ടുകാരിയോടുമൊപ്പം നൈറ്റ് ക്ലബ്ബിൽ പോയതായും കണ്ടെത്തി. നൈറ്റ് ക്ലബ്ബിൽ നിന്നും തിരികെയുള്ള യാത്രയിൽ ടാക്സിയിൽ ഇരുന്നു തന്നെ കെല്ലി ഉറങ്ങിയതായി കൂട്ടുകാരൻ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം മുറിയിൽ ചെന്ന് ഉറങ്ങിയതായും, എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അദ്ദേഹത്തെ യുവതിയോടുമൊപ്പം ഒരേ കട്ടിലിൽ കണ്ടെത്തിയതായും ആണ് റിപ്പോർട്ടുകൾ.
കെല്ലി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് തനിക്ക് ഉറപ്പായതിനാൽ ആണ് പോലീസിനെ വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ താൻ ഒരു സ്വപ്നത്തിൽ ആയിരുന്നുവെന്നും, തന്റെ കൂടെയുള്ളത് താൻ സ്നേഹിക്കുന്ന പെൺകുട്ടി ആണെന്നുമായിരുന്നു കെല്ലിയുടെ വാദം. ഇതിനുശേഷം അദ്ദേഹം ആ വീട് വിട്ട് ഇറങ്ങിയതായി യുവതി പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള അന്വേഷണത്തിൽ അദ്ദേഹം പാരാസോംനിയ എന്ന രോഗം ഉള്ള വ്യക്തി ആണെന്ന് കണ്ടെത്തി.
അയാളുടെ മാനസിക നില തകരാറിലാണെന്നും, സ്വന്തം അറിവോടെയല്ല കൃത്യത്തിൽ ഏർപ്പെട്ടതെന്നും കണ്ടെത്തിയതിനെ തുടർന്ന് കോടതി കെല്ലിയെ ജാമ്യം നൽകി വിട്ടയച്ചു.തുടർന്ന് കെല്ലിയ്ക്ക് ചികിത്സ ആവശ്യമാണെന്നും കോടതി കണ്ടെത്തി. സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് കേസിന്റെ അന്തിമ വിധി വരുന്നത്.
ഷിബു മാത്യു , മലയാളം യുകെ ന്യൂസ് ബ്യൂറോ
തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ..
ഹലോ… ഇത് BT യിൽ നിന്നാണ് വിളിക്കുന്നത്. (ബ്രട്ടീഷ് ടെലികമ്മ്യൂണിക്കേഷൻ) ആരോ നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ് വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് അതിവേഗം ശരിയാക്കണം. അതിനാണ് ഞങ്ങൾ വിളിക്കുന്നത്. BTക്ക് ആധികാരികതയുള്ളതുകൊണ്ട് ആ പേരിൽ വരുന്ന കോളുകൾ എടുക്കുന്നവർ ആരായാലും വ്യക്തമായ പരിഗണന BTക്ക് കൊടുക്കാറുണ്ട്. പക്ഷേ, കോളുകൾ ഇംഗ്ലീഷിലാണെങ്കിലും വിളിക്കുന്ന ഭാഷ മലയാളം കലർന്നതാണ് എന്നതാണ് ശ്രദ്ധേയം.
അടുത്ത ഇടെയായി യുകെയിൽ BT യുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്നതായി പരാതി. തട്ടിപ്പിനിരയായതിൽ കൂടുതലും യുകെ മലയാളികൾ. യുകെയിൽ പലയിടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് പൗണ്ടുകൾ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട സംഭവങ്ങളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്.
സംഭവം ഇങ്ങനെ. യുകെ മലയാളികളുടെ പേരിലുള്ള BT ലാന്റ് ലൈൻ ഫോണുകളിലേയ്ക്കാണ് കോളുകൾ വരുന്നത്. ഫോൺ എടുക്കുന്നയാൾ ഹലോ പറഞ്ഞാൽ പിന്നീടുള്ള സംസാരം ഇങ്ങനെ. (ഇംഗ്ലീഷിലാണ്) “ഞങ്ങൾ വിളിക്കുന്നത് ബ്രട്ടീഷ് ടെലികമ്മ്യുണിക്കേഷണിൽ നിന്നാണ്. നിങ്ങളുടെ ഇന്റർനെറ്റിന്റെ പാസ്‌വേഡ് ഹൈജാക് ചെയ്തിട്ടുണ്ട്. അത് ഉടനേ പരിഹരിക്കേണ്ടതുണ്ട്. അത് പരിഹരിക്കാൻ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ എത്രയും പെട്ടന്ന് ഓൺ ചെയ്യുക”. ഇനി, BT അല്ല ഞങ്ങളുടെ കണക്ഷൻ എന്നു പറഞ്ഞാൽ ആദ്യമേ അവർ പറയും BT യാണ് നിങ്ങളുടെ പ്രാവൈഡർ എന്ന്. ഇത് വിശ്വസിക്കുന്ന മലയാളികൾ അവർ പറയുന്നതെന്തും ചെയ്യും.
കമ്പ്യൂട്ടർ ഓൺ ചെയ്തു കഴിഞ്ഞാൽ അവർ ആദ്യം പറയുക നിങ്ങൾ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗിന്റെ പാസ് വേഡ് ഉടനേ മാറ്റണം. ഇല്ലെങ്കിൽ നിങ്ങൾ അപകടത്തിലാകും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഹൈജാക് ചെയ്തവർ നിങ്ങളുടെ പണം അപഹരിക്കും. ഇതിനോടകം ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള എല്ലാ ഡേറ്റകളും അവർ സ്വന്തമാക്കിയിരിക്കും. ഇവരുടെ വർത്തമാനങ്ങൾ കേട്ട് ഭീതിയിലാകുന്നവർ തങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിന്റെ പാസ് വേഡും പിൻനമ്പറും ഉടനേ തന്നെ ചെയ്ഞ്ച് ചെയ്യും. ഇത് BT യുടെ പേരും പറഞ്ഞ് വിളിക്കുന്നവർ തത്സമയം സ്വന്തമാക്കി എന്നത് മലയാളികൾ അറിയാതെ പോകുന്നു. ഇത്രയും ആയിക്കഴിഞ്ഞാൽ തങ്ങളുടെ അക്കൗണ്ടിലുള്ള പണം അപ്പോഴേ തന്നെ ഇക്കൂട്ടർ എത്തിക്കേണ്ടിടത്തേയ്ക്ക് എത്തിച്ചിരിക്കും. ആർക്കും കണ്ടു പിടിക്കാൻ യാതൊരു തെളിവു പോലും ബാക്കിയുണ്ടാകില്ല. തുടർന്ന് സംഭവിക്കുന്നത് എന്ത്???
ഇവർ തങ്ങളുടെ സാങ്കേതീക വിദ്യയുപയോഗിച്ച് കമ്പ്യൂട്ടർ സ്റ്റാക്കാകും. റിപ്പയർ ചെയ്യാൻ സാധിക്കില്ല. ഇനി റിപ്പയർ ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ, എല്ലാം ഡേറ്റയും ഡിലീറ്റായ പുതിയ ഒരു കംമ്പ്യൂട്ടറാണ് റിപ്പയർ കഴിഞ്ഞ് എത്താറുള്ളത്.
യുകെയിലെ എല്ലാ ബാങ്കുകളും കാലാകാലങ്ങളിൽ പാസ്‌വേഡ് സംബന്ധമായ മുൻകരുതലുകൾ തരുമ്പോൾ അത് പാലിക്കാതെ പോകുന്ന ഒരു വലിയ മലയാളി സമൂഹം യുകെയിലുണ്ടെന്ന് മലയാളം യുകെയുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.
ഇത് ഞങ്ങൾ മലയാളം യുകെയ്ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥനത്തിലുള്ള വാർത്തയാണ്. വ്യക്തിപരമായ അഭിമാനപ്രശ്നങ്ങൾ യുകെ മലയാളികൾക്കിടയിലുള്ളതുകൊണ്ട് ഞങ്ങൾക്ക് കിട്ടിയ വിവരങ്ങളുടെ പൂർണ്ണ രൂപം തല്കാലം പ്രസിദ്ധീകരിക്കുന്നില്ല. മലയാളികൾ ജാഗരൂകരാകുക. മലയാളം യുകെ അന്വേഷണം തുടരും..
ഭാര്യയുടെ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയ കുറ്റത്തിന് 34 കാരനായ ക്രെയ്ഗ് ഡിവാർ തൻെറ ഭാര്യയുടെ സുഹൃത്തായ ജോൺ ഹോക്കിങ്സിന് നഷ്ടപരിഹാരമായി 500 പൗണ്ട് നൽകാനും കൂടാതെജയിൽ ശിക്ഷക്ക് പകരം തിങ്കിങ് സ്‌കിൽസ് കോഴ്സിനു ചേരാനും കോടതി ഉത്തരവിട്ടു. 32 കാരിയായ സൂ ഡിവാർ ന്റെ അഭിപ്രായവും കോടതി കേട്ടിരുന്നു. കൗൺസിൽ സോഷ്യൽ സർവീസ് ഓഫീസിൽ ജോൺ ഹോക്കിങ്സിനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. അവർ ജോൺ ഹോക്കിങ്സിനോടുള്ള ബന്ധം ഭർത്താവിനോട് തുറന്നു പറഞ്ഞിരുന്നു. ഒരു നിമിഷത്തിന്റെ ഭ്രാന്തിൽ ചിന്താശേഷി നശിച്ച ക്രെയ്ഗ് അക്രമണത്തിന് ആയി ഹോക്കിങ്സ് ജോലികഴിഞ്ഞ് എത്തുന്നത് കാത്തുനിൽക്കുകയായിരുന്നു.
താക്കോൽ കൈമാറിയ ശേഷം മുന്നിലെ കാറിനെ പിന്തുടർന്ന് വണ്ടിയോടിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊന്നു കളയുമെന്ന് ക്രെയ്ഗ് ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടർ ആൻഡ്രൂ കോടതിയിൽ പറഞ്ഞു. ഒരു തുറന്ന പ്ലെയർ കഴുത്തിൽ ചേർത്തു പിടിക്കുകയും ചെയ്തു. എന്നാൽ തന്റെ പ്രതികാരബുദ്ധി തുറന്നു സമ്മതിച്ച ക്രെയ്ഗ് പറയുന്നത് താൻ ഹോക്കിങ്ങിനെ തട്ടിക്കൊണ്ടുപോവുകയും ആക്രമിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. എന്നാൽ തന്റെ ഭാര്യയുടെ പേരിൽ ഹോക്കിങ്സിനെ ക്രെയ്ഗ് ബുദ്ധിമുട്ടിക്കുന്നതായി കോടതി കണ്ടെത്തി.
ക്രെയ്ഗ് ന് 22 മാസത്തേക്ക് സസ്പെൻഷനും അതോടൊപ്പം 25 ദിവസത്തെ റിഹാബിലിറ്റേഷൻ ക്ലാസും അറ്റൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. . 19 സെഷനുകൾ ആയി ക്ലാസ്സും 300 മണിക്കൂർ സാമൂഹ്യസേവനവും ആണ് ഇത്. ഒപ്പം നഷ്ടപരിഹാരമായി ആക്രമിക്കപ്പെട്ട വ്യക്തിക്ക് 500 പൗണ്ടും കേസിന് ചെലവായ 1200 പൗണ്ടും നൽകണം.
കാനറി ദ്വീപിലെ ഗ്രാൻ കനെറിയയിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണത്തിന് അതീതമായി, പടർന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എണ്ണായിരത്തോളം കുടുംബാംഗങ്ങളോട് അവരുടെ ഭവനങ്ങളിൽ നിന്നും മാറിതാമസിക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒഴിപ്പിച്ചവരിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. സ്പെയിനിലെ കാനറി ദ്വീപിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ മൂലം 15000 ഏക്കറോളം ഭൂമി നശിച്ചിട്ടുണ്ട്.
ആഴ്ചയിൽ രണ്ടു തവണയിൽ അധികമാണ് കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത് ഉണ്ടായ തീപിടുത്തത്തിൽ വലിസ്‌കോയിലെ മരങ്ങൾ മുഴുവൻ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യം റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ഏകദേശം 3700 ഏക്കറോളം ഭൂമി നശിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നും, പ്രകൃതിക്ക് വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് ഏഞ്ചൽ വിക്ടർ രേഖപ്പെടുത്തി. ആളുകളുടെ സുരക്ഷയ്ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തോളം അഗ്നിശമന സേനാംഗങ്ങളും, ഇരുന്നൂറോളം മിലിട്ടറി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് തീയണക്കാനുള്ള പരിശ്രമത്തിലാണ്. 8 ലക്ഷം ലിറ്റർ വെള്ളത്തോളം തീയണയ്ക്കാനായി ഉപയോഗിച്ചു കഴിഞ്ഞു. ഒൻപതു ഹെലികോപ്റ്ററുകളും, രണ്ട് വിമാനങ്ങളും സഹായത്തിനായി എത്തിയിട്ടുണ്ട്. ദ്വീപിൽ ഉണ്ടായിരുന്ന ഹോട്ടലുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.
കാട്ടുതീ പടരാൻ ഉള്ള സാഹചര്യമുള്ളതിനാൽ സമീപ നഗരങ്ങളായ മോയയിലും, തെജഡയിലും എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. വൻ ദുരന്തങ്ങളിൽ ഒന്നാണ് കാനറി ദ്വീപിൽ സംഭവിച്ചിരിക്കുന്നതെന്നു ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തീയണയ്ക്കാൻ അതീവ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിദ്യാർത്ഥികളെ ബ്രിട്ടനിലേയ്ക്ക് ആകർഷിക്കാൻ പഠനകാലാവധിയ്ക്കു ശേഷമുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ കൂടുതൽ ഉദാരമാക്കാൻ ഗവൺമെന്റെ പദ്ധതിയിടുന്നു . കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുകെയിൽ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായി . ഈ വർഷം തന്നെ 25, 000 ത്തോളം വിദ്യാർത്ഥി വിസകൾ ബ്രിട്ടനിൽ ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട് . കൂടുതൽ ഉദാരമായ നയങ്ങളാൽ ഓസ്‌ട്രേലിയയും കാനഡയും ആണ് ഉപരിപഠനത്തിനായി വിദ്യാർത്ഥികളെ കൂടുതൽ ആകർഷിച്ചിരുന്നത് . ഇതിന് മറികടക്കാനാണ് വർക്ക് പെർമിറ്റ് നിബന്ധനകൾ ലഘൂകരിക്കാൻ ഗവൺമെന്റെ ആലോചിക്കുന്നത് . വിസയ്ക്ക് അപേക്ഷിച്ചവരിൽ 96 % വിദ്യാർത്ഥികൾക്കും സ്‌റ്റഡി വിസ ലഭിച്ചതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഡൊമനിക് അസ്ക്വിത്ത് പറഞ്ഞു .
7, 52,725 ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തു പഠിക്കുന്നതിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് അമേരിക്കയിലാണ് . അമേരിക്കയിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള 2,11,703 ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത പഠനം നടത്തുന്നുണ്ട് . വിദ്യാർത്ഥികളുടെ കാര്യത്തിൽ 2 ഉം 3 ഉം സ്ഥാനം കാനഡയ്ക്കും ഓസ്‌ട്രേലിയയ്ക്കും ആണ് . 2011 ൽ ബ്രിട്ടനിൽ പഠനാന്തര തൊഴിൽ അവസരങ്ങൾ നിർത്തലാക്കിയതാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലേയ്ക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണം . 2017 ലെ ഒരു പഠനം അനുസരിച്ച് ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾ ഏകദേശം 25 ബില്യൺ പൗണ്ടോളം ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയുന്നുണ്ട് . അതോടൊപ്പം പല പ്രാദേശിക ജോലികൾക്കും ബിസിനസുകൾക്കും വിദേശ വിദ്യാർത്ഥികളുടെ സാന്നിധ്യം സഹായമാകുന്നുണ്ട് . ഇതിൻെറ അടിസ്ഥാനത്തിലാണ് പഠന കാലാവധി കഴിഞ്ഞ് ജോലി ചെയ്യാനും യുകെയിൽ താമസിക്കാനുമുള്ള വ്യവസ്ഥകളിൽ ഉദാരമായ സമീപനം കൈക്കൊള്ളാൻ ഗവൺമെന്റ ആലോചിക്കുന്നത് .
ഡിഡ്കോട്ട് പവർ സ്റ്റേഷനിലെ 375 അടി നീളമുള്ള കൂളിംഗ് ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റി. ഓഗസ്റ്റ് 18ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. ഇതിനാൽ ഏകദേശം 49000 വീടുകളിൽ വൈദ്യുതി മുടങ്ങി. സ്ഫോടനം നടന്ന് 10 സെക്കന്റിനുള്ളിൽ തന്നെ അടുത്തുള്ള വൈദ്യുതി തൂണിൽ തീ പടർന്നതായി കണ്ടുനിന്നവർ പറഞ്ഞു. നിയന്ത്രിത സ്ഫോടനം കാണാൻ തടിച്ചുകൂടിയ ജനങ്ങൾ ഇതിൻെറ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി.
ടവറുകൾ തകർന്നതുകൊണ്ടാണ് വൈദ്യുതി തൂണിൽ തീ പടർന്നതെന്ന് സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിക് നെറ്റ്‌വർക്ക് പറഞ്ഞു. വീടുകളിൽ വൈദ്യുതി മുടങ്ങിയതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു.സ്ഫോടനത്തിന് ശേഷം രാവിലെ 8:20ഓടെ ആണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത്. ഈ ടവറുകളുടെ പൊളിച്ചുമാറ്റം നടത്തിയത് കോൺട്രാക്ടർമാരായ ബ്രൗണും മേസണും ചേർന്നാണ്. “ആദ്യം കുറച്ച് പുക മാത്രമായിരുന്നു. പിന്നീട് വലിയ തിളക്കമുള്ള നീല വെളിച്ചവും വലിയ ശബ്ദവും ഉണ്ടായി. തുടർന്ന് തിളക്കമുള്ള ഓറഞ്ച് നിറമായി മാറി.”എന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു . രാവിലെ 7:04നാണ് സട്ടൺ കോർട്ടെൻ ഏരിയയിലെ എഞ്ചിനീയർമാർക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്. ചുറ്റുമുള്ള വൈദ്യുത കേബിളുകളെ പൊട്ടിത്തെറി ബാധിച്ചുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് ആളുകൾ എല്ലാം സുരക്ഷിത സ്ഥാനത്താണെന്ന് സൈറ്റ് ഉടമകളായ ആർഡബ്ലിയുഈ പവർ ഉറപ്പുവരുത്തിയിരുന്നു .
43 വർഷങ്ങൾക്ക് ശേഷം 2013ലാണ് ഡിഡ്കോട്ട് ഏയിലെ പ്രവർത്തങ്ങൾ നിർത്തിയത്. ” പ്രാദേശിക സമൂഹത്തിന്റെ പിന്തുണയ്ക്കും സൈറ്റിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും ഞങ്ങൾ നന്ദി പറയുന്നു.” ആർഡബ്ലിയുഈ പ്രൊജക്റ്റ് മാനേജർ ടിച്ചേർനാൻ ഫോളി പറഞ്ഞു. 1970ലാണ് ഡിഡ്കോട്ട് ഏ വാണിജ്യ പ്രവർത്തനം ആരംഭിച്ചത്. 2013 മാർച്ചിൽ അടയ്ക്കുകയും ചെയ്തു. 2014 ജൂലൈയിൽ ഇതിന്റെ 3 കൂളിംഗ് ടവറുകൾ പൊളിച്ചുമാറ്റുകയുണ്ടായി. ഉടമകളായ ആർഡബ്ലിയുഈ എൻപവർ, 2017 അവസാനത്തോടെ സൈറ്റ് ഒഴിപ്പിക്കാൻ പദ്ധതി ഇട്ടിരുന്നെങ്കിലും ബോയിലർ ഹൗസ് തകർന്ന് 4 തൊഴിലാളികൾ കൊല്ലപ്പെട്ടതോടെയാണ് ഇത് വൈകിയത്. പവർ സ്റ്റേഷനിലെ 655 അടി നീളമുള്ള ചിമ്മിനിയും ഈ ശരത്കാലത്തിൽ അപ്രത്യക്ഷമാകും.
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വെച്ച് വിവാഹത്തിനിടെ നടന്ന ബോംബാക്രമണത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ 63 പേര് മരിക്കുകയും വരന്ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തു . മിർവൈസ് എൽമി എന്ന യുവാവിന്റെ വിവാഹത്തിനിടെയാണ് ബോംബ് ആക്രമണം നടന്നത്. വധു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു എങ്കിലും, തന്റെ സഹോദരനും കുടുംബവും മരണമടഞ്ഞ 63 പേരിൽ ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രസിഡന്റ് അഷ്‌റഫ് ഗസനി ആക്രമണത്തെ തികച്ചും ക്രൂരമെന്ന് വിലയിരുത്തി. അതോടൊപ്പം തന്നെ ആക്രമണത്തിനു സഹായം ചെയ്തു കൊടുക്കുന്നത് താലിബാൻ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുഎസുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന താലിബാൻ ആക്രമണത്തെ അപലപിച്ചു.
വരാനായ മിർവൈസ് തന്റെ വിവാഹത്തിനിടെ നടന്ന ആക്രമണത്തിൽ തികച്ചും വേദനയിലാണ്. തന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി അദ്ദേഹം രേഖപ്പെടുത്തി. തന്റെ മുൻപിൽ സന്തോഷത്തോടെ ഇരുന്ന പല ബന്ധുക്കളുടെയും മൃതദേഹം കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് അദ്ദേഹം. തന്നെ സഹോദരനും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം തന്നെ വിട്ടുപിരിഞ്ഞ തായി അദ്ദേഹം പറഞ്ഞു. വധുവിന്റെ അച്ഛൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ഏകദേശം 14 അംഗങ്ങളെ തങ്ങളുടെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടതായി പറഞ്ഞു.
ഐഎസ് നൽകിയ വിശദീകരണത്തിൽ തങ്ങളുടെ ചാവേറുകൾ ഒരാളാണ് സംഭവസ്ഥലത്ത് ആക്രമണം നടത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഷിയാ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഷിയാ മുസ്ലിം വിഭാഗത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം മനുഷ്യമനസ്സാക്ഷിക്ക് നേരെയുള്ള കടന്നു കയറ്റം ആണെന്ന് അഫ്ഗാനിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള വിലയിരുത്തി. താലിബാനും യുഎസു മായി സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഗസനി പറഞ്ഞു .