Main News

ബ്രിട്ടീഷ് ദമ്പതികളുടെ 15 വയസ്സുകാരിയായ മകൾ നോറ ക്വൊറിനെ മലേഷ്യയിലെ ദുസാൻ റിസോർട്ടിൽ നിന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായി. ലണ്ടനിൽ നിന്നുള്ള ഐറിഷ് – ഫ്രഞ്ച് ദമ്പതികളായ മീബയും സെബാസ്റ്റ്യനും അവരുടെ മൂന്നു മക്കളോടൊപ്പം ശനിയാഴ്ചയാണ് ക്വാലാലംപൂരിൽ നിന്ന് 40 മൈൽ തെക്ക് സെരേംബാനടുത്തുള്ള റിസോർട്ടിൽ രണ്ടാഴ്ചത്തെ താമസത്തിനായി എത്തിചേർന്നത്. പിറ്റേന്ന് രാവിലെയാണ് നോറയെ അവളുടെ കിടപ്പുമുറിയിൽ നിന്നും കാണാതാവുന്നത്. മുറിയുടെ ജനൽ തുറന്നുകിടക്കുന്നതായും കാണപ്പെട്ടു. നോറ, താൻ താമസിച്ചിരുന്ന ഹോട്ടലിന് സമീപം തന്നെ കാണുമെന്ന് പോലീസ് കരുതുന്നു. കാണാതായി അഞ്ചാം ദിവസവും തിരച്ചിൽ ഊർജ്ജിതമായി തന്നെ തുടരുന്നു.

മലേഷ്യൻ കാടുകളിൽ നടന്ന തിരച്ചിലിനിടയിൽ നോറയുടെ അമ്മ മീബ ക്വൊറിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുവിച്ചു. ” നോറ ഡാർലിംഗ്, ഐ ലവ് യൂ, മം ഈസ്‌ ഹിയർ ” എന്ന് മീബ പറയുന്നതാണ് കേൾപ്പിച്ചത്. ഈ ശബ്ദത്തിലേക്ക് നോറയെ ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ശ്രമം പോലീസ് നടത്തുന്നത്. 2.5 ചതുരശ്ര മൈൽ വലിപ്പമുള്ള കാട്ടിൽ, ഒരു പ്രദേശത്ത് തിരയുന്ന ഉദ്യോഗസ്ഥരെ ആറു ടീമുകളായി തിരിച്ചിട്ടുണ്ട്. ” കാണാതായ കുട്ടിയെ കണ്ടത്താമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ” ജില്ലാ പോലീസ് മേധാവി മുഹമ്മദ്‌ നോർ മർസുകി ബെസാർ പറഞ്ഞു.

നോറയെ നഷ്ടപ്പെട്ടതാകാമെന്ന് പോലീസ് കരുതുന്നു. പക്ഷേ ഇതൊരു തട്ടിക്കൊണ്ടുപോകൽ ആകാമെന്ന ഭയത്തിലാണ് കുടുംബാംഗങ്ങൾ.നോറയുടെ തിരോധാനം തികച്ചും അസ്വാഭാവികമാണെന്ന് അവരുടെ കുടുംബസുഹൃത്ത് കാതറിൻ മോറിസൺ അഭിപ്രായപ്പെട്ടു. മലേഷ്യയിലെ ഫ്രാൻസിന്റെ അംബാസഡർ ഫ്രഡറിക് ലാപ്ലാൻജെ, കുട്ടിയെ കാണാതായ സ്ഥലം സന്ദർശിച്ചു.

ഡോക്ടർമാരുടെ പെൻഷൻ വൈകുന്നത് തടയാൻ ഇംഗ്ലണ്ടിലും വെയിൽസിലും ഗവൺമെന്റ് പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നു. ഓവർ ടൈം ഡ്യൂട്ടി ചെയ്തിട്ട് പോലും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ടാക്സ് അടയ്ക്കാൻ മാത്രമേ തികയുന്നുള്ളൂ എന്ന പരാതി നിലനിൽക്കെയാണ് ഈ നീക്കം. തെരേസ മെയ്‌ യുടെ ഭരണകാലത്തെ ‘കൂടുതൽ പെൻഷൻ ഫ്ലെക്സിബിലിറ്റി’ എന്ന നയം മാറ്റി കുറച്ചുകൂടി പ്രാവർത്തികമായ ആശയം കൊണ്ടുവരാനാണ് നീക്കം. 22 ജൂലൈയിലാണ് ആ നിയമം പാസാക്കിയത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടോറി ലീഡർഷിപ്പ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത് നവീകരിക്കാനുള്ള ഉറപ്പുനൽകിയിരുന്നു.

ഡോക്ടർമാർക്ക് പെൻഷൻ കുറയ്ക്കാതെ തന്നെ ഇപ്പോൾ അവർ സർക്കാരിന് നൽകി വരുന്ന ആനുവൽ ടാക്സ് അലവൻസ് ചുരുക്കാൻ ആണ് നീക്കം. രണ്ടായിരത്തി പത്തിൽ 2,50,000 പൗണ്ടിൽ നിന്നും ഏകദേശം 40,000 പൗണ്ടിലേയ്ക്ക് അവരുടെ അലവൻസ് കുറച്ചിരുന്നു. എന്നാൽ പബ്ലിക് സ്റ്റാഫിന് 50% ശമ്പളം ആയും 50 ശതമാനം പെൻഷൻ നിക്ഷേപം ആയും സൂക്ഷിക്കാം എന്നതായിരുന്നു മുൻപ് ഗവൺമെന്റിന്റെ നയം. എന്നാൽ ഇനിമുതൽ അവർ കോണ്ട്രിബൂഷൻസ് നൽകേണ്ടതില്ല എന്നാണ് ഗവൺമെന്റ് പറയുന്നത്. മുൻപ് ചില ഡോക്ടർമാർക്ക് പ്രതീക്ഷിക്കാത്ത വലിയ ടാക്സ് തുക അടക്കേണ്ടി വന്നതായി അവർ പരാതിപ്പെട്ടിരുന്നു.

ഈ സാമ്പത്തികവർഷം മുതൽ പെൻഷൻ സ്കീമിൽ നിന്നും ഡോക്ടർമാരെ പുറത്തുകൊണ്ടുവരും. അവർക്ക് പെൻഷൻ ലഭ്യമാക്കും എങ്കിലും ടാക്സ് ഇനത്തിൽ വലിയ തുക അടയ്ക്കേണ്ടി വരില്ല. അതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന ആഴ്ചകളിൽ പബ്ലിഷ് ചെയ്യും. ഇതിനു മുൻപ് ഡോക്ടർമാർ എക്സ്ട്രാ ഷിഫ്റ്റ് എടുക്കാത്തത് കാരണം രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റ് വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇനി അതു കുറയും എന്നാണ് നിഗമനം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർ ചാന്ദ് നേപാൾ പറയുന്നത് ഗവൺമെന്റിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ് എന്നാണ്. അത് എൻ എച്ച് എസ്  അംഗങ്ങൾക്കെല്ലാം ആശ്വാസകരം ആയിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പാകിസ്ഥാന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബിരുദാനന്തര ബിരുദ പദ്ധതിയായ എംഎസ് (മാസ്റ്റർ ഓഫ് മെഡിസിൻ ), എംഡി (ഡോക്ടർ ഓഫ് സർജറി ) എന്നിവ ഡോക്ടറുമാരുടെ യോഗ്യത ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് സൗദി അറേബ്യ. ഇതുമൂലം സൗദിയിയിലും മറ്റു അറബ് രാജ്യങ്ങളിലും ജോലി ചെയുന്ന, ഉയർന്ന യോഗ്യതയുള്ള നൂറുകണക്കിന് പാകിസ്ഥാൻ ഡോക്ടർമാർക്ക് ജോലി നഷ്ടമാവും. സൗദിയിൽ ഉള്ള ഭൂരിഭാഗം പാകിസ്ഥാനി ഡോക്ടറുമാരോട് ഏതുസമയവും ഇവിടം വിട്ടുപോകാൻ തയ്യാറായി ഇരിക്കണമെന്നും നിർദേശം നൽകി.

പാകിസ്ഥാന്റെ എംഎസ് , എംഡി ബിരുദങ്ങൾ നിരസിച്ച സൗദി ആരോഗ്യ മന്ത്രാലയം, അത് ഘടനാപരമായ പരിശീലന പരിപാടിയല്ലെന്ന് അവകാശപ്പെട്ടു. ഉയർന്ന സ്ഥാനങ്ങളിലേക്ക് മികച്ച യോഗ്യത ഉള്ളവരെ നിയമിക്കേണ്ടതുണ്ട്. സൗദിയുടെ ഈ നീക്കത്തിന് പിന്നാലെ ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നിവരും സമാനമായ നടപടി സ്വീകരിച്ചു. 2016ൽ ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചതിനു ശേഷം കറാച്ചി, ലാഹോർ, ഇസ്ലാമബാദ് എന്നിവിടങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം നടത്തിയ അഭിമുഖത്തിലൂടെയാണ് ഈ ഡോക്ടറുമാരെ തിരഞ്ഞെടുത്ത് നിയമിച്ചത്. ഡിഗ്രി പ്രോഗ്രാമിൽ നിർബന്ധിത പരിശീലനം ഇല്ലെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്. തങ്ങളുടെ ഈ അവസ്ഥയ്ക്ക്, പ്രശ്നബാധിതരായ ഡോക്ടർമാർ സിപിസ്‌പിയെ കുറ്റപ്പെടുത്തി. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിറ്റിസ്‌ നിരവധി ഡോക്ടർമാർക്ക് സേവനം അവസാനിപ്പിക്കൽ കത്തും നൽകി.

പാകിസ്ഥാന്റെ പ്രധാന ബിരുദ യോഗ്യതയ്ക്ക് ഇതുമൂലം തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാന്റെ വക്താവ് ഡോ. ആസാദ്‌ നൂർ മിസ്‌റ പറഞ്ഞു. തൊഴിലില്ലായ്മക്കൊപ്പം വിദേശത്തേക്ക് പണമയക്കുന്നതിനും പാകിസ്ഥാൻ ബുദ്ധിമുട്ട് നേരിടുന്നതായി നൂർ പറഞ്ഞു. എം‌എസ് / എം‌ഡി പ്രോഗ്രാം ഘടനാപരമായ പരിശീലന യോഗ്യതയല്ലെന്ന ധാരണ തെറ്റാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ പ്രൊഫ. ജാവേദ് അക്രം പറയുകയുണ്ടായി. വേൾഡ് ഫെഡറേഷൻ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ രൂപകൽപ്പന ചെയ്ത, അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ, ക്ലിനിക്കൽ, റിസർച്ച് ഘടകങ്ങൾ ഉൾക്കൊള്ളുന്ന ചലനാത്മകവും ഘടനാപരവുമായ പാഠ്യപദ്ധതി ഉപയോഗിച്ചാണ് എം‌എസ്, എം‌ഡി ബിരുദങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

യുകെയിലെ ഗ്യാസ്, വൈദ്യുതി മാർക്കറ്റ് നിയന്ത്രിക്കുന്ന ഓഫ്‌ഗം, പ്രൈസ് ക്യാപ് കുറയ്ക്കുന്നു. സാധാരണഗതിയിൽ ഉയർന്ന നിരക്കാണ് ഗ്യാസിനും വൈദ്യുതിയ്ക്കും ഓഫ്ഗം ഇടാക്കുന്നത്. എന്നാൽ പ്രൈസ് ക്യാപ് കുറയ്‌ക്കുന്നതോടെ ദശലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങൾക്കുള്ള  ബില്ലുകളിൽ 75 പൗണ്ട് കുറയും. 11മില്യൺ കുടുംബങ്ങളുടെ ശരാശരി വാർഷിക വൈദ്യുതി ബിൽ ഈ ഒക്ടോബർ മുതൽ മാർച്ച്‌ വരെ 1254 പൗണ്ടിൽ നിന്നും 1179 പൗണ്ട് ആയി കുറയുമെന്നാണ് ഓഫ്ഗം അറിയിച്ചിരിക്കുന്നത്. പ്രീ പെയ്ഡ് മീറ്ററുകൾക്ക് പ്രത്യേക പ്രൈസ് ക്യാപ് ആയിരിക്കും. ഈ  ബില്ലിൽ 25 പൗണ്ട് ആണ് കുറയുന്നത്. ഇത് എകദേശം 4 മില്യൺ കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. പ്രീ പെയ്ഡ് മീറ്റർ ഉപഭോക്താക്കൾ 1217 പൗണ്ട് അടയ്ക്കണം. 2019 ജനുവരി 1ന്, മേയുടെ സർക്കാരിന്റെ കീഴിലാണ് ഈ പ്രൈസ് ക്യാപ് കൊണ്ടുവന്നത്. ഇത് ഏപ്രിലിൽ പുതുക്കുകയുണ്ടായി.അടുത്ത പ്രൈസ് ക്യാപ് പുതുക്കൽ ആണ് ഈ ഒക്ടോബറിൽ വരുന്നത്.

എനർജി സൂപ്പർ മാർക്കറ്റിലെ  വിദഗ്ധനായ സ്റ്റീഫൻ മുറെ പറഞ്ഞു ” പുതിയ ക്യാപ്പും ഉയർന്നതാണ്. ഇതിലും വിലകുറഞ്ഞ താരിഫുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ” ഈ ഒരു മാറ്റത്തിനെതിരെ പലരും രംഗത്ത് വന്നു. കൺസ്യൂമർ ഗ്രൂപ്പ്‌ ആയ ‘ വിച്ച് ‘ന്റെ തലവൻ നടാലി ഹിറ്റ്കിൻസ് ഇപ്രകാരം അഭിപ്രായപ്പെട്ടു. “പ്രൈസ് ക്യാപ് കുറച്ചാൽ ചില വീടുകൾക്ക് അത് ആശ്വാസമാകും. എന്നാൽ ഭൂരിഭാഗം പേരും ഒരു വർഷം ഉയർന്ന നിരക്ക് തന്നെ നൽകേണ്ടിവരും.” കംപെയർ ദി മാർക്കറ്റ് ഡോട്ട് കോമിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ കുറച്ച പ്രൈസ് ക്യാപും വിപണിയിലെ ഉയർന്ന സ്ഥിര താരിഫിനെകാൾ 228 പൗണ്ട് കൂടുതലാണ്. ഈ പ്രൈസ് ക്യാപ് നല്ലതുപോലെ മുന്നോട്ട് പോകുന്നെന്ന് ഓഫ്‌ഗം തലവൻ ഡെർമോട് നോളൻ പറഞ്ഞു. ഈ പ്രൈസ് ക്യാപ് തങ്ങളുടെ കച്ചവടത്തെ ബാധിച്ചുവെന്ന് സെന്ററികാ പോലുള്ള പ്രമുഖ കമ്പനികൾ ആരോപിച്ചു.

ഇംഗ്ലണ്ടിലും വെയിൽസിലുമായി ആകെ 2000 ഡാമുകൾ ഉണ്ട് . 800 ഡാമുകൾ സ്കോട്ട് ലാൻഡിൽ ആണുള്ളത്. സമീപ നഗരങ്ങളിലും ടൗണുകളിലും കുടിവെള്ളമെത്തിക്കാൻ, കനാലുകൾ നിറയ്ക്കാൻ, കൃഷിക്ക്, ഫിഷിങ്, വാട്ടർസ്പോർട്സ്എന്നിവയ്ക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ടോഡ്ബ്രുക് ഡാമിന്റെ തകർച്ച വലിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് .

സമീപപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് ഡാമുകളുടെ എണ്ണം കൂടുതൽകൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . ഈ പഠനങ്ങൾ വളരെ കുറഞ്ഞ വിസ്തൃതിയിൽ കൂടുതൽ ഡാമുകൾ ഉള്ള കേരളത്തിൻെറ കാര്യത്തിൽ വളരെ പ്രസക്തമാണ് .പ്രത്യേകിച്ചും ഡാമുകൾ മൂലം മഹാപ്രളയം സൃഷ്ടിക്കപ്പെട്ടതിൻെറ ഒരു വർഷം തികയുമ്പോൾ . കേരളത്തിൽ ആകെ 80 ഡാമുകൾ ആണുള്ളത് ഇതിൽ 12 എണ്ണം ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇടുക്കി ആണ്, കഴിഞ്ഞ പ്രളയത്തിൽ പ്രധാന പങ്കുവഹിച്ചത് എന്ന് കരുതപ്പെടുന്നതും ഇടുക്കി ഡാമാണ്.

ജല സ്രോതസ്സുകളുടെ   ഒഴുക്കിനെ തടസ്സപ്പെടുത്തി അണക്കെട്ടുകൾ നിർമിക്കുമ്പോൾ ഭൂമിയുടെ സ്വാഭാവികമായ തുലനാവസ്ഥക്ക് മാറ്റം വരുന്നു. അതിനെ നേരിടാൻ പ്രകൃതി കണ്ടെത്തുന്ന മാർഗങ്ങളാണ് പ്രകൃതി ക്ഷോഭങ്ങളായി നമുക്ക് അനുഭവപ്പെടുന്നത്.  25000 ക്യുബിക് മീറ്ററിലധികം ജല സംഭരണശേഷിയുള്ള യുകെയിലെ ഡാമുകൾ എല്ലാം റിസർവോയർ ആക്ട് പരിധിയിൽ പെടുന്നവയാണ്. ഇവയെ പറ്റി എല്ലാവർഷവും സിവിൽ എൻജിനീയർമാർ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവിയോൺമെന്റ് ഫുഡ് ആൻഡ് റൂറല് അഫയർന് ആനുവൽ റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഇവക്ക് രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്താറുണ്ടെന്നും അധികൃതർ പറയുന്നു. ഈ അടുത്ത് നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ ടോഡ് ബ്രുക് റിസർവോയർ സുരക്ഷാ ടെസ്റ്റ് പാസായിരുന്നു, പക്ഷെ ഇത്തവണ പെയ്ത കനത്ത മഴയെ അതിജീവിക്കാൻ ഡാമിന് സാധിച്ചില്ല.

2007 ൽ അള്ളി റിസർവോയറിൽ കണ്ടെത്തിയ തകരാറാണ് ഇതിനു മുൻപ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോതെർഹാമിലെ ഈ റിസെർവോയർ തകരുകയായിരുന്നു.ഡാമുകൾ മൂലം നേരിടേണ്ടിവരുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും   പലരും  ബോധവാന്മാരല്ല എന്നതാണ് ഒരു പരിധിവരെ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു നിർമിച്ചിരിക്കുന്ന ഡാമുകൾക്ക് അപകടസാധ്യത ഉണ്ടാവില്ല എന്ന് പൂർണമായി വിശ്വസിക്കാൻ കഴിയില്ല എന്നതിന് തെളിവാണ് ടോഡ്ബ്രുക് ഡാമിന്റെ തകർച്ച.

ഈസി ജെറ്റ് കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരിൽ ഒരാൾ, വിമാനത്തിലെ ബാക്ക് ലെസ്സ് ഇരിപ്പിടങ്ങളുടെ ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തത് വൈറലായി . ല്യൂട്ടൻ മുതൽ ജനീവ വരെയുള്ള യാത്രയ്ക്കിടയിലാണ് വിമാനയാത്രികയായ സ്ത്രീ തന്റെ കാമുകന് വിമാനത്തിലെ ചാരില്ലാത്ത ഇരിപ്പിടങ്ങളുടെ ചിത്രം അയച്ചു കൊടുത്തത്. ഉടൻതന്നെ ആ ചിത്രം ഇന്റർനെറ്റിൽ വയറൽ ആക്കുകയും ചെയ്തു. റയനിയർ കമ്പനി ചെയ്തതുപോലെയുള്ള ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായിട്ടാകും ചാരില്ലാത്ത ഇരിപ്പിടങ്ങൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അയർലൻഡിലെ ചെലവ് ചുരുങ്ങിയ വിമാന സർവീസുകളിൽ ഒന്നാണ് റയനിയർ. യാത്രയിലുടനീളം ആ സീറ്റിൽ തന്നെ ഇരുത്തുകയും, മറ്റൊരു സീറ്റ് അനുവദിച്ചു കൊടുക്കുക്കാതിരിക്കുകയും ചെയ്തതായി ട്വീറ്റിലുണ്ട്. ഈസി ജെറ്റ് കമ്പനി ആ ചിത്രം നീക്കം ചെയ്യാനായി അഭ്യർത്ഥിച്ചെങ്കിലും, ചിത്രം പോസ്റ്റ് ചെയ്ത ഹാരിസ് തയ്യാറായില്ല.

എന്നാൽ ചിത്രം കമ്പനിയെ അപകീർത്തിപ്പെടുത്താനായി പോസ്റ്റ് ചെയ്തതാണെന്നും, അത്തരം സീറ്റുകളിൽ ഒരു യാത്രക്കാരെയും ഇരിക്കാൻ അനുവദിച്ചില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചു. സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും, യാത്രക്കാർ സുരക്ഷിതരായി ഇരിക്കാനുള്ള എല്ലാ മാർഗങ്ങളും എടുത്തിരുന്നുവെന്നും അവർ അറിയിച്ചു.

മുൻ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജിന്റെ  നിര്യാണത്തിൽ   ഏറ്റവും വേദനിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആയിരിക്കും. അത്രമാത്രം ശക്തമായ ഇടപെടലുകൾ ആയിരിന്നു പ്രവാസികൾക്ക് വേണ്ടി അവർ നടത്തിയിരുന്നത് .ട്വീറ്റുകളോട് നേരിട്ട് പ്രതികരിക്കാനും വിദേശത്ത് ദുരിതത്തിലായ പൗരന്മാരെ സഹായിക്കാനും ഒരു കാബിനറ്റ് മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് അവർ തെളിയിച്ചു .വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉടനീളം മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും  അവർ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു .

അനാരോഗ്യം മൂലം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരങ്ങളിൽനിന്ന് മാറിനിന്ന സുഷമാസ്വരാജ് കേരളത്തിലെ ഗവർണറായി നിയമിത ആയേക്കും എന്നുള്ള വാർത്തകളിൽ നിറഞ്ഞിരുന്നു .  2014 മുതൽ 2019 വരെയുള്ള മോദി ഗവൺമെന്റിൻെറ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു . ഇന്ത്യൻ കോൺസലേറ്റുകൾ ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ പരിശ്രമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു . നല്ലൊരു വാഗ്‌ദമി ആയിരുന്ന സുഷമാസ്വരാജ് മൂന്നു വർഷം തുടർച്ചായി ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു .മികച്ച പാർലമേന്ററി പുരസ്‌കാരം ഉൾപ്പെടെയുള്ള അനേകം പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട് .90,000 പ്രവാസികൾക്ക് പല സമയങ്ങളിലായി ഇന്ത്യൻ വിദേശകാര്യാലയത്തിൽ നിന്നുള്ള സഹായം എത്തിക്കാനായിട്ട് അവർക്കു സാധിച്ചത് പ്രവാസിലോകം നന്ദിയോടെ സ്മരിക്കുന്നു . എന്നും പുഞ്ചിരിയോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട പ്രിയപ്പെട്ട സുഷമസ്വരാജിന് മലയാളം യുകെ ന്യൂസ് ടീമിൻെറ ആദരാഞ്ജലികൾ .

കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അലാന കട്ട്‌ലാൻഡിൻെറ മൃതദേഹം മഡഗാസ്കറിലെ വനമേഖലയിൽ നിന്നും ഗോത്ര വിഭാഗക്കാർ കണ്ടെത്തി. വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിൽട്ടൺ കെയ്ൻസിൽ നിന്നുള്ള അലാന, ബയോളജിക്കൽ സയൻസിൽ രണ്ടുവർഷ ഡിഗ്രി പാസായതിനുശേഷം ഇന്റേൺഷിപ്പിനായി മഡഗാസ്കറിൽ എത്തിയതായിരുന്നു.

 

കൂടെയുണ്ടായിരുന്ന യാത്രക്കാരി രക്ഷിക്കാൻ ശ്രമിച്ചത് മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു . രൂത്ത് ജോൺസൻ എന്ന് അദ്ധ്യാപിക അലാനയുടെ കാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുറത്തേക്ക് വഴുതി പോവുകയായിരുന്നു.

ലോക്കൽ പോലീസ് ചീഫ് സിനോല നോമിൻജഹാരി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ , സെസ്ന സി 168 എന്ന വിമാനം അഞ്ജാവിയിൽ നിന്നും ആണ് യാത്രതിരിച്ചത് എന്ന് രേഖപ്പെടുത്തി. മൂന്നുപേർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്- അലാനയും, രൂത്തും, പൈലറ്റും മാത്രം. 10 മിനിറ്റ് യാത്ര കഴിഞ്ഞ് ഉടനെ, അലാന തന്റെ സീറ്റ് ബെൽറ്റ് ഊരുകയും, മാനത്തിന് വലതുവശത്തുള്ള വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയുമായിരുന്നു.

അഞ്ച് മിനിറ്റോളം രൂത്ത് ജോൺസൺ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വഴുതി പോവുകയായിരുന്നു. വന്യമൃഗങ്ങൾ നിറഞ്ഞ വനമേഖലയിലേക്കാണ് അലാന നിലംപതിച്ചത്. അലാനക്ക് പാരനോയ അറ്റാക്കുകൾ നിരന്തരം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ മകൾ മിടുക്കി ആയിരുന്നുവെന്നും, എല്ലാവരെയും സഹായി ച്ചിരുന്നതായും അലാനയുടെ മാതാപിതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.”   യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്‌ ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.

ലണ്ടൻ: ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. പുകയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 175 യാത്രക്കാരും രണ്ട് പൈലറ്റ്, മറ്റ് ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചെന്നും സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.[ot-video]

[/ot-video]

 

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ422 വിമാനം വലന്‍സിയയില്‍ ലാന്‍ഡ് ചെയ്യുന്നതിന് പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ആണ് വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത്. എയർ കണ്ടിഷനിംഗ് സിസ്റ്റം വഴിയാണ് പുക വന്നതെന്ന് യാത്രക്കാർ പറഞ്ഞു. ചുരുങ്ങിയ സമയം  കൊണ്ട് ക്യാബിനകം മുഴുവനും പുക നിറഞ്ഞു. പരിഭ്രാന്തരായ യാത്രക്കാര്‍ ഇതോടെ ഭയന്നുനിലവിളിക്കുകയായിരുന്നു. രണ്ടുസീറ്റുകള്‍ക്കപ്പുറം ഇരിക്കുന്ന ആളെപ്പോലും കാണാന്‍ കഴിയാത്തത്ര പുകയായിരുന്നു വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാരിലൊരാളായ റേച്ചല്‍ പറഞ്ഞു.

വിമാനം ലാൻഡ് ചെയ്‌തതിന്‌ ശേഷം എമർജൻസി വാതിലുകൾ മൂന്ന് മിനിറ്റോളം  തുറക്കാൻ സാധിക്കാതെ വന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു പ്രേതചിത്രം പോലെയുള്ള അനുഭവമായിരുന്നു എന്നാണ് മറ്റൊരു യാത്രക്കാരിയായ ലൂസി ബ്രൗണ്‍ പ്രതികരിച്ചത്. വിമാനത്തിലെ ചിത്രങ്ങളും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. യുകെയിൽ ഇപ്പോൾ അവധിക്കാലമായതിനാൽ പല മലയാളികളും മറ്റു യൂറോപ്പ്യൻ സ്ഥലങ്ങൾ സന്ദർശിക്കുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. എന്നിരുന്നാലും യുകെ മലയാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം പുറത്തുവന്നിട്ടില്ല. എന്തായാലും ഫ്രീ ഹോട്ടൽ താമസം ഒരുക്കിക്കൊടുത്ത ബ്രിട്ടീഷ് എയർവെയ്‌സ് മറ്റൊരു വിമാനം നൽകി മടക്കയാത്ര സുഗമമാക്കി എന്ന് കമ്പനി അറിയിച്ചു.

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved