സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്നും തിരിച്ചെത്തിയ നാലുപേർക്ക് ബ്രിട്ടനിൽ കൊറോണ സ്ഥിരീകരിച്ചു. ഇവരെ അറോ പാർക്ക്‌ ആശുപത്രിയിൽ നിന്നും സ്പെഷ്യലിസ്റ് ഇൻഫെക്ഷൻ സെന്ററുകളിലേക്ക് മാറ്റി. ഇതോടെ ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി ഉയർന്നതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജപ്പാനിലെ യോകോഹാമ തീരത്ത് 14 ദിവസമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിൽ 30 ബ്രിട്ടീഷ് പൗരന്മാരും, രണ്ട് ഐറീഷ് പൗരന്മാരും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇവർ ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഇവരിൽ നാല് പേർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുവരുന്ന ഫ്ലൈറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ എൻഎച്ച് എസ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അറോ പാർക്ക്‌ ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗികൾ തമ്മിലുള്ള പരസ്പര സമ്പർക്കം ഇല്ലാതാക്കുകയും, രോഗികളെ ശുശ്രൂഷിക്കുന്ന സ്റ്റാഫുകൾക്ക് വേണ്ടതായ എല്ലാ പരിരക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ച നാലുപേരിൽ, രണ്ടുപേർ ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ആശുപത്രിയിലും, ഒരാൾ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ആശുപത്രിയിലും, നാലാമത്തെ ആൾ റോയൽ വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഫ്ലൈറ്റുകൾ എത്തിയപ്പോൾ തന്നെ വേണ്ടതായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. രോഗികളെ കൈകാര്യം ചെയ്യേണ്ട മാർഗ്ഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.