പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അത്താണിയായിരുന്നു സ്വർണ്ണപണയത്തിൽനിന്നുള്ള കാർഷിക ലോണുകൾ . ബാങ്കുകളും തങ്ങളുടെ കയ്യിൽ കെട്ടി കിടക്കുന്ന പണം 4 % പലിശ നിരക്കിൽ കൊടുക്കുവാൻ താത്പര്യം കാണിച്ചിരുന്നു . സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ സ്വർണ്ണപണയത്തെ കണ്ടിരുന്നു . എന്നാൽ 2019 ഒക്ടോബർ 1 മുതൽ സ്വർണ്ണപണയത്തിൻമേൽ കൃഷി വായ്പ നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കു ബാങ്കുകൾക്കു നിർദേശം നൽകി. സ്വർണ്ണപണയത്തിന്മേൽ അമിതപലിശയ്ക്ക് ലാഭം കൊയ്യുന്ന സ്വകാര്യമേഖലയിലെ ബാങ്കുകളെ സഹായിക്കാനേ ഈ തീരുമാനം ഉതകൂ എന്ന വാദവും ശക്തമാണ് . വായ്പ എടുക്കാൻ കൂടുതൽ നൂലാമാലകൾ ആകുന്നതോടെ സാധാരണ കർഷകരും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അകന്ന് കഴുത്തറപ്പൻ സ്വകാര്യബാങ്കുകളുടെ ചുഷണത്തിലേയ്ക്ക് എത്തിപ്പെടാൻ ആണ് സാധ്യത.
സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.
ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.
നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.
1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.
വെള്ളപ്പൊക്കത്തെ തുടർന്ന് റിസർവോയറിന്റെ ഒരു ഭാഗം തകർന്നു വീണതിനാൽ പരിസരവാസികളായ ആയിരക്കണക്കിനാളുകളെയാണ് ടൗണിൽ നിന്നും ഒഴിപ്പിക്കുന്നത്.
ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡെർബി ഷെയർലെ സ്വാമ്പ് വാലി ബ്രിഡ്ജ് തകർന്നു വീഴുകയും പരിസര പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്യും എന്ന ഭീതിയെ തുടർന്ന് 300 മില്യൻ കണക്കിന് ഗ്യാലൻ വെള്ളം ടോഡ്ബ്രൂക് റിസർവോയറിൽ നിന്ന് വറ്റിക്കുകയാണ്. സമീപത്തെ ടൗണിൽ താമസിച്ചിരുന്ന 6500ഓളം നാട്ടുകാരോട് അത്യാവശ്യ മരുന്നുകളും വളർത്തു മൃഗങ്ങളുമായി ഒരു സ്കൂളിൽ അഭയം പ്രാപിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. റിസർവോയറിന് താഴേക്ക് ഗോയിറ്റ നദി നിറഞ്ഞു കവിഞ്ഞത് മൂലം ജീവന് ഭീഷണിയായ വൻ വെള്ളപ്പൊക്ക സാധ്യതയാണ് നിലവിലുള്ളത്. കനാൽ ആൻഡ് റിവർ ഓപ്പറേറ്റിംഗ് ഓഫീസറായ ജൂലി ശർമാൻ പറയുന്നത് ഡാമിന്റെ സ്പിൽ വേ പൂർണമായും തകർന്നു മാറിയെന്നാണ്.ഡാമിലെ ജലത്തിന്റെ അളവ് കുറയ്ക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്. അല്ലെങ്കിൽ ഡാം പൂർണ്ണമായും തകർന്ന് ടൗൺ മുഴുവൻ വെള്ളത്തിലാകും.
ഡെർബിഷയർ പോലീസ് മേധാവി ആയ റേച്ചൽ സ്വാന്ന് പറയുന്നത്ഡാമിന്റെ ഭിത്തികൾ പുനർനിർമ്മിക്കാൻ എത്രയും പെട്ടെന്ന് മൾട്ടി ടാസ്ക് ഫോഴ്സിനെ ഏൽപ്പിക്കണം എന്നാണ്. റിസർവോയറിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നദിയിലൂടെ ഒഴുകിയെത്തുന്ന ജലത്തെ റിസർവോയറിലെത്താതെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അപകട സാധ്യത കണക്കിലെടുത്താണ് സമീപവാസികളെ ഒഴിപ്പിച്ചത്. എത്ര ദിവസം ഇങ്ങനെ തുടരേണ്ടി വരും എന്ന് ഉറപ്പില്ല. രാജ്യത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള 10 പമ്പുകൾ ഉപയോഗിച്ച് ഒരു മിനിറ്റ് 7000 ലിറ്റർ വെള്ളം എന്ന തോതിലാണ് ഫയർ ആൻഡ് റെസ്ക്യൂ ടീം തേകി വറ്റിക്കാൻ ശ്രമിക്കുന്നത് 1.3 ബില്യൺ ടൺ സംഭരണശേഷിയുള്ള ഡാം ആണിത്.
85 ശതമാനം ആളുകളെ ടൗണിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മടങ്ങി ച്ചെല്ലുമ്പോൾ ഒരായുഷ് കാലത്തെ സമ്പാദ്യം നശിച്ചിട്ടുണ്ടകുമെന്ന ആവലാതിയിൽ ആണ് പലരും. സ്പിൽവെയിൽ വർഷങ്ങളായി അടിഞ്ഞുകിടന്ന ചെളിയും മരങ്ങളും നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ബക്കിംഗ്ഹാം ഷെയറിലെ അലാന കട്ട്ലാൻഡ് (19 ) ആണ് പറന്നുയർന്ന വിമാനത്തിൻെറ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീണ് കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത് . വടക്കൻ മഡഗാസ്കറിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ മിസ്സ് കട്ട്ലാൻഡ് ചെറിയ വിമാനത്തിൻെറ വാതിൽ തുറന്നതായി പോലീസ് കേണൽ ജാഫി സമ്പത്ര റാവോവി സ്ഥിരീകരിച്ചു . അപൂർവമായ വന്യമൃഗങ്ങൾക്കു പേരുകേട്ട ആഫ്രിക്കയുടെ തെക്കു കിഴക്ക് തീരത്തു സ്ഥിതിചെയുന്ന ദ്വീപാണ് മഡഗാസ്കർ . അലാന കട്ട്ലാൻഡ് വാതിൽ തുറന്നതിൻെറ കാരണം വ്യക്തമല്ലെന്ന് ആഫ്രിക്കൻ ദ്വീപിലെ പോലീസ് പറഞ്ഞു . കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നാച്ചുറൽ സയൻസ് വിദ്യാർത്ഥിയായ അലാന കട്ട്ലാൻഡ് തൻെറ ഇന്റേണൽഷിപ്പിൻെറ ഭാഗമായിട്ടാണ് ആഫ്രിക്കൻ ദ്വീപിൽ വന്നത് . അവളുടെ മരണകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .
സാഹസികത ഇഷ്‌ട്ടപ്പെട്ടിരുന്ന എല്ലായിടത്തും പ്രകാശം പരത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു വ്യക്തിത്വമാണ് അലാന കട്ട്ലാൻഡിൻെറ എന്ന് അവളുടെ കുടുംബം ഒരു പ്രസ്താവനയിൽ പറഞ്ഞു .കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന 2 വർഷത്തിനിടയിൽ കോളേജിൽ വളരെ സജീവമായിരുന്ന എല്ലാ മേഖലകളിലും തൻെറ സാന്നിധ്യമറിയിച്ച നല്ല ഒരു വിദ്യാർത്ഥിയായിരുന്നു അലാന കട്ട്ലാൻഡ് എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ .ഡേവിഡ് വുഡ്‌മാൻ അലാനയുടെ മരണവാർത്തയിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു .
മലയാളം യുകെ സ്പെഷ്യൽ
യുകെ മലയാളികളുടെ വീടുകളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. അതിനുള്ള കാരണവും മലയാളികളെന്ന് പോലീസ് ആവർത്തിച്ച് പറയുന്നു. സ്വർണ്ണമാണ് പ്രധാന ലക്ഷ്യം. ലണ്ടനിൽ കഴിഞ്ഞ വർഷം ഇന്ത്യൻ കുടുംബങ്ങളിൽ നിന്നു മാത്രം മോഷണം പോയത് 50 മില്യൻ പൗണ്ടിന്റെ സ്വർണ്ണമെന്ന് മെട്രോപൊളിറ്റൻ പോലീസ്. സ്കൂൾ അവധിക്കാലത്തും ഉത്സവകാലങ്ങളിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സ്കോട്ലാന്റ് യാർഡ്. ‘Robbers target Indians for Gold ‘ ബിബിസിയും റിപ്പോർട്ടു ചെയ്‌തു.
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത് ലെയ്ക് ഡിസ്ട്രിക്കിലെ കുമ്പ്രിയയിൽ. (പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല). വീട്ടിലുള്ളവർ ഹോളിഡേയ്ക്ക് പോയ അവസരത്തിലാണ് സംഭവം നടന്നത്. വീടിന്റെ ഭിത്തികളും വാതിലുകളും ജനലുകളുമൊഴിച്ച് സർവ്വതും കവർന്നെടുത്തു. വീട്ടുടമസ്ഥർ രാജ്യം വിട്ടുപോയതു കൊണ്ട് സ്വർണ്ണം കഷ്ടിച്ച് രക്ഷപെട്ടു. ഇതു പോലെ നിരവധി സംഭവങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ യുകെയിലെ പല പ്രമുഖ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ഞങ്ങൾ പുറത്തു വിടുന്നത്.
2005ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മോഷണ കേസുകളിൽ തൊണ്ണൂറ് ശതമാനത്തിലധികവും നടന്നിട്ടുള്ളത് സൗത്ത് ഏഷ്യൻ വംശജരിലാണ്. പ്രധാനമായും ഇന്ത്യൻ വംശജരിൽ. 2013 ന് ശേഷം മലയാളി കുടുംബങ്ങളിലേയ്ക്കും മോഷണങ്ങൾ വ്യാപിച്ചു. സുരക്ഷയും ദുരഭിമാനവും ഭയന്ന് പല മലയാളികളും മോഷണങ്ങളുടെ കഥ പുറത്തു പറയാറില്ല. പൊലീസിൽ പരാതിപ്പെടാൻപോലും ധൈര്യം കാണിക്കാത്ത മലയാളികളേയും ഞങ്ങൾ പരിചയപ്പെട്ടു.
സൗത്ത് ഏഷ്യൻ വംശജരുടെ വീടുകളിൽ ധാരാളം സ്വർണ്ണമുണ്ടെന്നാണ് യൂറോപ്പുകാർക്കിടയിൽ പൊതുവേയുള്ള സംസാരം. കവർച്ചക്കാരുടെ ലക്ഷ്യവും സ്വർണ്ണം തന്നെ. എങ്കിൽപ്പിന്നെ എന്തുകൊണ്ട് മറ്റുള്ള ഏഷ്യൻ വംശജരെ ഒഴിവാക്കി കവർച്ചക്കാർ മലയാളികളുടെ വീടുകൾ ലക്ഷ്യമിടുന്നത്?
പൊലീസ് ചൂണ്ടിക്കാണിക്കുന്നതിങ്ങനെ. കവർച്ച ചെയ്യാൻ എളുപ്പം മലയാളികളുടെ വീടാണ്. ഒന്നാമത് അംഗബലം വളരെ കുറവാണ്. കൂടാതെ കവർച്ച ചെയ്യാൻ പാകത്തിനുള്ള വിവരങ്ങൾ മലയാളികളിൽ നിന്ന് അനായാസം കവർച്ചക്കാർക്ക് ലഭിക്കും. പിടിക്കപ്പെട്ട കേസുകളിലെ പ്രതികളുടെ മൊഴികളിൽ നിന്നും കിട്ടിയ വിവരങ്ങളിൽ ചിലതാണിത്. കൂടുതൽ വിവരണം ആവശ്യപ്പെട്ടപ്പോൾ പോലീസ് പറഞ്ഞതിങ്ങനെ.
ഇന്ത്യൻ വംശജർ പൊതുവേ മലയാളികൾ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ പാകത്തിനുള്ള ജീവിത രീതിയാണ് തെരഞ്ഞെടുക്കുന്നത്. കളർഫുള്ളായിട്ടുള്ള വസ്ത്രധാരണം, ധാരാളം ആഭരണങ്ങൾ ധരിക്കുക, അതും വസ്ത്രത്തിന് പുറമേയണിയുക. പാർട്ടികളിലും മറ്റും പങ്കെടുക്കുന്ന ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അങ്ങനെ പലതും. പാശ്ചാത്യരായ സുഹൃത്തുക്കൾ ആ ഫോട്ടോയിലോ വീഡിയോയിലോ ഉണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഉത്സാഹം കൂടുതൽ കാണിക്കും. ഈ പ്രവണത വരുത്തിവെയ്ക്കുന്ന ആപത്തിനേക്കുറിച്ച് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യരായ സുഹൃത്തുക്കൾക്കുമുണ്ടാകും മലയാളികളേപ്പോലെതന്നെ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് സുഹൃത്തുക്കൾ. ഫലത്തിൽ മലയാളികളറിയാതെ അവരുടെ അടുക്കള രഹസ്യങ്ങൾ കൈമാറിപ്പോകുകയാണ്. ഈ കൈമാറ്റത്തിന്റെ ഏതെങ്കിലും ഒരു സ്റ്റേജിൽ മോഷണത്തിന് വേണ്ടി മലയാളികളെ ലക്ഷ്യമിടുന്നവർ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.
രണ്ടാമതായി പറയുന്ന പ്രധാന കാരണമിതാണ്. മലയാളികൾ അവരുടെ യാത്രാവിവരണങ്ങൾ, യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, യാത്രയ്ക്കെടുക്കുന്ന കാലയളവ്, എന്ന് തിരിച്ച് വരും, യാത്ര ചെയ്യുന്നത് വിമാനത്തിലാണോ കാറിലാണോ ട്രെയിനിലാണോ എന്നത് റൂട്ട് മാപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും, കൂട്ടത്തിൽ കുടുംബത്തിലുള്ള എല്ലാവരും ഉൾപ്പെടുന്ന ഫോട്ടോയും. എല്ലാ വിവരങ്ങളും ഒരുമിച്ച് ഫോട്ടോ സഹിതം കിട്ടുന്നതുകൊണ്ട് കവർച്ചക്കാർക്ക് ജോലി കൂടുതൽ എളുപ്പമാകും. ഇതിൽ കൂടുതൽ എന്ത് വിവരങ്ങളാണ് മോഷ്ടാക്കൾക്ക് വേണ്ടത്? അടിയന്തിരമായി ഈ പ്രവണത അവസാനിപ്പിക്കണം എന്ന് പോലീസ് പറയുന്നു. (അടുത്ത കാലത്ത് മലയാളികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ക്രൈം നടത്താൻ സഹായിച്ച പല പോസ്റ്റുകളും മലയാളം യുകെയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വകാര്യതയെ മുൻനിർത്തി ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നില്ല)
റിപ്പോർട്ട് ചെയ്യപ്പെട്ട കവർച്ചകളിൽ ഭൂരിഭാഗവും രാവിലെ ഒമ്പതുമണിക്കും വൈകുന്നേരം നാലു മണിക്കുമിടയിലാണ് നടന്നിട്ടുള്ളത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവരൊഴിച്ചാൽ ഈ സമയത്ത് സാധാരണ മലയാളികളുടെ വീടുകളിൽ ആളുണ്ടാവില്ല. ചുറ്റുപാടും താമസിക്കുന്ന പ്രാദേശികരുടെ വീടുകളിലെ സ്ഥിതിയും വിഭിന്നമല്ല. അത് മോഷ്ടാക്കൾക്ക് കൂടുതൽ തുണയാകുന്നു. മലയാളികളുടെ വീടുകൾ കണ്ടു പിടിക്കുന്ന രീതിയാണ് വിചിത്രം. ആഘോഷ പരിപാടികൾ കഴിഞ്ഞ് മലയാളി കുടുംബങ്ങൾ വീട്ടിലേയ്ക്ക് പോകുമ്പോൾ മോഷ്ടാക്കളും അനുഗമിക്കും. പവർഫുൾ എഞ്ചിൻ ഉള്ള വാഹനങ്ങളാണ് ഇക്കൂട്ടർ തിരഞ്ഞെടുക്കുക. നമ്പർ പ്ലേറ്റും മാറ്റും. ദൂരം ഇവർക്കൊരു പ്രശ്നമല്ല. എത്ര ദൂരം വേണമെങ്കിലും ഇവർ അനുഗമിക്കും. കവർച്ചയ്ക്ക് ലക്ഷ്യം വെയ്ക്കുന്ന വീടുകൾ കണ്ടുപിടിച്ചാൽ ആഴ്ചകളോളം ആ വീട് നിരീക്ഷണത്തിലാക്കും. ഈ കാലയളവിനുള്ളിൽ തന്നെ മോഷ്ടാക്കൾ തങ്ങളുടെ ലക്ഷ്യം നിർവ്വഹിച്ചിരിക്കും.
ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാനികളുടെയും ബംഗ്ലാദേശികളുടെയും വീടുകളിലെ കവർച്ച പൊതുവേ കുറവാണെന്ന് പോലീസ് അഭിപ്രായപ്പെടുന്നു. ഒന്നാമതായി അവർ കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂടാതെ കുടുംബങ്ങളിൽ അംഗബലം കൂടുതലായതു കൊണ്ട് എല്ലാ സമയങ്ങളിലും വീടുകളിൽ ആരെങ്കിലുമൊക്കെയുണ്ടാകും.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 140 മില്യൻ പൗണ്ടിന്റെ സ്വർണ്ണമാണ് ഇന്ത്യൻ കുടുംബങ്ങളിൽ നിന്ന് മാത്രം മോഷണം പോയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്തതിൽ ഇരുപത് ശതമാനം കേസുകൾക്ക് മാത്രമേ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് പൊലീസ് സമ്മതിക്കുന്നു.
പോലീസ് നിരത്തുന്ന കാരണങ്ങൾ ഇവയാണ്.
മോഷ്ടിക്കപ്പെടുന്ന സ്വർണ്ണങ്ങൾ കഴിയുന്നിടത്തോളം വേഗത്തിൽ നാട് കടത്തുകയാണ് മോഷ്ടാക്കൾ ചെയ്യുന്നത്. പ്രധാനമായും രണ്ട് രീതികളാണ് ഇവർ ഇതിനുപയോഗിക്കുന്നത്. ഒന്നാമത്, മോഷണസാധനങ്ങൾ പ്രത്യേകം ഡിസൈൻ ചെയ്ത കവറുകളിലാക്കി കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് റോയൽ മെയിലിന്റെ പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്യുക. റോയൽ മെയിലിന്റെ നിലവിലുള്ള സംവിധാനമനുസരിച്ച് കൃത്യമായ സ്റ്റാമ്പ് ഒട്ടിച്ച് ലോക്കൽ പോസ്റ്റ് ബോക്സിൽ നിന്നും കിട്ടുന്ന കവറുകൾ കൃത്യമായി അവർ ലക്ഷ്യസ്ഥാനത്തെത്തിക്കും. സാധാരണ രീതിയിൽ പ്രത്യേക പരിശോധനകൾ ഒന്നുമില്ല. രണ്ടാമത്തേത്. ബ്രിട്ടണിൽ നിന്നും പുറത്തേയ്ക്ക് പോകുന്നവരുടെ കൈയ്യിൽ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, സ്വർണ്ണ മടക്കം കൊടുത്തു വിടുക. അതിർത്തി കടക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനപ്പുറം കൊണ്ടുപോകുന്ന ബാഗുകൾ ഒരിക്കലും യുകെ ബോർഡറിൽ ഏജൻസികൾ പരിശോധിക്കാറില്ല. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ ബ്രിട്ടണിൽ നടക്കുന്ന മോഷണങ്ങൾ വ്യക്തമായ രീതിയിൽ തെളിയ്ക്കാൻ സാധിക്കുന്നില്ലെന്ന് ബ്രട്ടീഷ് പോലീസ് പറയുന്നു.
അതി വിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു കൊണ്ടുള്ള മോഷണ രീതിയാണ് ഈ സംഘം ഉപയോഗിക്കുന്നത്. അതു തന്നെയാണ് പോലീസിനെയും വലയ്ക്കുന്നത്. കൂടാതെ കാലാകാലങ്ങളിൽ പോലീസ് നല്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ മലയാളികൾ പിഴവ് വരുത്തുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. വീടിന്റെ വാതിലുകളും ജനലുകളും പൂട്ടാൻ മറന്നു പോയതുകൊണ്ടുണ്ടായ മോഷണങ്ങളും ധാരാളം. അതു കൊണ്ട് ജാഗരൂകരാകുക. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക. പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അപകടങ്ങളിൽ നിന്ന് ഒഴിവാകുക.
ജോജി തോമസ്
അധികാരത്തിലേറി രണ്ടു മാസങ്ങൾ പോലും പൂർത്തിയാകുന്നതിനു മുൻപ് രണ്ടാം മോദി ഗവൺമെന്റ് റ്വിവരവകാശ നിയമത്തിന് പരിധികളും അതിരുകളും നിശ്ചയിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ ജനത കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ പൗരാവകാശനിയമങ്ങളിലൊന്നാണ് അപ്രസക്തമാകുകയോ, ,വിസ്മൃതിയിലേയ്ക്ക് പോകുകയോ ചെയ്യുന്നത് . ലോകസഭയും , രാജ്യസഭയും വിവരാവകാശ ഭേദഗതി ബിൽ പാസാക്കിയതോടെ വെറും പത്തു രൂപ ചിലവിൽ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന അന്തർ നാടകങ്ങൾ അറിയാൻ സാധിച്ചിരുന്ന ,സ്വതന്ത്രഭാരതം കണ്ടതിൽ വച്ചേറ്റവും മഹത്തായ നിയമങ്ങളിലൊന്നായ പൗരാവകാശനിയമം വെറും നോക്കുകുത്തി മാത്രമായി തീരും . ഭരണകൂടങ്ങൾക്കും ,രാഷ്ട്രീയക്കാർക്കും , ഉദ്യോഗവൃന്ദത്തിനും മറയ്ക്കാൻ വളരെയധികം ഉള്ളതുകൊണ്ടുതന്നെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേൽ കൈ കടത്താൻ കിട്ടിയ ഏറ്റവും ഉചിതമായ അവസരം തന്നെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഉണ്ടായത് . വിവരാവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന 2005 ജൂൺ 15 മുതലുള്ള കണക്കെടുത്താൽ 80 ലധികം വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടു എന്നതുതന്നെ ഭരണകൂടങ്ങളും , രാഷ്ട്രീയ അധോലോകവും ഈ നിയമത്തെ എത്ര മാത്രം ഭയപ്പെട്ടിരിന്നു എന്നതിന് തെളിവാണ് .
ജനങ്ങളുടെ അറിയാനുള്ള അവകാശം സംരഷിക്കുന്നതിനായി ആണ് ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കിയത് . അഴിമതികുറയ്ക്കുക , സർക്കാരിൻെറ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ആയിരുന്നു വിവരവകാശത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ .ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ വിവരാവകാശനിയമപ്രകാരം വെറും പത്തു രൂപ നിരക്കിൽ ഏതു പൗരനും സർക്കാരിനോട് വിവരങ്ങൾ ആരായാൻ സാധിച്ചിരുന്നു .വിവരാവകാശനിയമപ്രകാരം ഒരു ദിവസം ഏതാണ്ട് 4000 മുകളിൽ അപേക്ഷകൾ ഇന്ത്യ ഒട്ടാകെ ലഭിച്ചിരുന്നു എന്നത് ഭരണകൂടങ്ങളെ ഈ നിയമം എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നു .
അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവും അധികം അപകടത്തിലായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്നത് . സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് ജയിലോ ,ഭരണകൂട ഗൂഡാലോചനയുടെ ഫലമായ മരണമോ ആണ് ശിക്ഷ . ഉത്തർപ്രദേശിൽ ബിജെ പി എം എൽ എ യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സoഭവിച്ചത് ഈ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണ് . ഭരണകൂടത്തിനും , നേതൃത്വത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ പോകുന്ന അവസ്ഥ എന്തുകൊണ്ടും അപകടകരമാണ് .
ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗതി നിയമം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതും , വിവരവകാശകമ്മീഷൻെറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമാണ് . പുതിയ ഭേദഗതി പ്രകാരം കേന്ദ്രത്തിലേയും , വിവിധ സംസ്ഥാനങ്ങളിലേയും വിവരവകാശകമ്മീഷനുകൾ കേന്ദ്ര സർക്കാരിൻെറ നോക്കുകുത്തികൾ മാത്രമായി തീരും . തെരഞ്ഞെടുപ്പുകമ്മീഷനു സമാനമായ അധികാരങ്ങളുണ്ടയിരുന്ന വിവരവകാശകമ്മീഷനെ കേന്ദ്ര ഗവൺമെന്റിൻെറ പാവയാക്കാനുള്ള നിയമഭേതഗതി പ്രതിപക്ഷത്തിൻെറ കടുത്ത എതിർപ്പ് മറി കടന്നാണ് കേന്ദ്ര ഗവൺമെൻെറ പാസാക്കിയത് . 2005 ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന വിവരാവകാശനിയമം ഭേതഗതി ചെയ്തതിലൂടെ നരേന്ദ്രമോദി ഗവൺമെൻറ് പൗരാവകാശങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ദശകങ്ങൾ പിന്നിലായ്ക്കാണ് നയിച്ചത് .
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ബ്രിട്ടനിലെ പൈലറ്റുമാരുടെ ശമ്പളത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന്, ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ബാൽപ) അംഗംങ്ങൾ സ്മാരത്തിലേയ്ക്ക് നീങ്ങുന്നു . പണിമുടക്കിന് അനുകൂലമായി ബ്രിട്ടീഷ് എയർവെയ്‌സിലെയും ബാൽപ്പയിലെയും 4000ത്തോളം പൈലറ്റുമാർ വോട്ട് ചെയ്തു. അവധിക്കാലത്തിലെ ഏറ്റവും തിരക്കേറിയ ഓഗസ്റ്റ് മാസത്തിൽ പണിമുടക്ക് ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഇതുവരെ ബാൽപ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിയമപ്രകാരം രണ്ട് ആഴ്ച മുമ്പ് യൂണിയൻ നോട്ടീസ് നൽകണം. ഇതിനർത്ഥം പണിമുടക്ക് ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചായിരിക്കും എന്നുതന്നെയാണ്.
ഇതുമൂലം വരും ആഴ്ചകളിൽ ബ്രിട്ടീഷ് എയർവേസിൽ വിമാനം ബുക്ക് ചെയ്തവർ പ്രതിസന്ധി നേരിടേണ്ടി വരും. പുതിയ കോടതി വിധിയ്ക്കു ശേഷം ബാൽപ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ ഇപ്രകാരം പറഞ്ഞു. “ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ബ്രിട്ടീഷ് എയർവേസ് ഞങ്ങളെ സഹായിച്ചില്ല. ” ബ്രിട്ടീഷ് എയർവേസിന്റെ വക്താവ് പറഞ്ഞു “ആയിരകണക്കിന് ആളുകളുടെ അവധിക്കാല യാത്രയെ തടസപ്പെടുത്തുകയാണ് ബാൽപ. ഇത് നിരാശാജനകമായ കാര്യമാണ്. ” ജൂലൈയിൽ, ബ്രിട്ടീഷ് എയർവേസ് പൈലറ്റുമാർക്ക് 3 വർഷത്തിനിടെ 11.5% ശമ്പള വർധനവ് വാഗ്ദാനം ചെയ്‌തെങ്കിലും ബാൽപ ഇത് നിരസിച്ചു. ഓഫർ ന്യായമാണെന്ന് ബ്രിട്ടീഷ് എയർവേസ് പറയുന്നു. എന്നാൽ എയർലൈൻ നല്ല ലാഭം നേടുന്നതിനാൽ അതിന്റെ അംഗങ്ങളും അതിന് അർഹരാണെന്ന് ബാൽപ വാദിക്കുന്നു. ഈ വേനൽക്കാല പണിമുടക്ക് ഏറ്റവും അധികം പ്രശ്നം സൃഷ്ടിക്കുന്നത് യാത്രികർക്ക് തന്നെയാണ്.പണിമുടക്ക് മൂലം ബ്രിട്ടീഷ് എയർവേസിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതോടൊപ്പം ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചു ടിക്കറ്റ് ബുക്ക് ചെയ്തവരും ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ഗ്ലോസ്റ്റർ സ്വദേശിയായ സ്റ്റെഫാൻ മില്ലറാണ് 14 നും 16 നും ഇടയ്ക്കുള്ള കുട്ടികളെ ചെൽട്ടൻ ഹാമിലും , ഗ്ലോസ്റ്ററിലും മയക്കുമരുന്നു വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നത് . ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിനും കൊക്കെയിനും കണ്ടെത്തിയതിനെ തുടർന്ന് സ്റ്റെഫാൻ മില്ലർ 11 വർഷത്തേയ്ക്ക് ലണ്ടനിലെ വാൻഡ്സ് വർത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് .മയക്കുമരുന്നു ഇടപാടിൽ നിന്ന് 175,000 പൗണ്ട് എങ്ങനെ സമ്പാദിച്ചുവെന്നതിനെക്കുറിച്ചുള്ള പ്രോസി ക്യൂഷൻെറ വിസ്താരം ജൂലൈ മാസം ആദ്യം നടന്നിരുന്നു . അയാളുടെ കൈവശം 63,594 .80 പൗണ്ട് ആസ്തി ഉണ്ടെന്നു കണ്ടെത്തുകയും ആ തുകയ്ക്കുള്ള വസ്തുവകകൾ കണ്ടെത്തുവാൻ കോടതി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു . പിടിച്ചെടുത്ത വസ്തുവകകൾ ആഗസ്റ്റ് 14 ന് ലേലം ചെയ്ത് വിൽപന നടത്തുകയും ചെയ്യും .
ബ്രിട്ടനിൽ മയക്കുമരുന്നു കടത്താനായിട്ട് കുട്ടികളെ ഉപയോഗിക്കുന്നതിനാണ് കൗണ്ടി ലൈനുകൾ എന്ന് പറയുന്നത് . സ്റ്റെഫാൻ മില്ലർ ഒരു കൗണ്ടി ലൈൻ മയക്കുമരുന്നു മാഫിയയുടെ തലവനാണ് . 2018 ലെ നാഷണൽ ക്രൈം ഏജൻസിയുടെ കണക്കു പ്രകാരം യുകെ യിൽ ആകെ 1500 മയക്കുമരുന്നുകടത്ത് ശൃoഖലകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു . സ്‌കൂളുകളിൽ നിന്ന് പുറത്താക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെയാണ് മയക്കുമരുന്നു മാഫിയ ഇതിനായി ചൂഷണം ചെയ്യുന്നത് . മയക്കുമരുന്നു വ്യാപാരം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ നിന്ന് സാമ്പത്തികലാഭം കൊയ്യുന്ന വ്യക്തികളെ എങ്ങനെ നേരിടണമെന്ന് സ്റ്റെഫാൻ മില്ലർക്കെതിരെയുള്ള നടപടി വ്യക്തമാക്കുന്നു എന്ന് ഗ്ലോസ്റ്റർ പൊലീസിലെ സീനിയർ ഓഫീസറായുള്ള നീൽ സ്മിത്ത് പറഞ്ഞു .
കുട്ടികളെ കൗണ്ടി ലൈനുകൾ ദുരുപയോഗിക്കുന്നതിനെതിരെയുള്ള ബോധവത്കരണം സ്‌കൂൾ തലത്തിലേ തുടങ്ങണം എന്നുള്ള ആവശ്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്
യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ. ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവരാണ് ഇത് അറിയിച്ചത്. ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു. റേഡിയോ 1 ന്യൂസ്‌ബീറ്റിന്റെ ഡോക്യൂമെന്ററി ആയ ‘ ലീഗലൈസിങ് വീഡ് : കാനഡ സ്റ്റോറിയിൽ ‘ ഇവരുടെ യാത്ര ചിത്രീകരിച്ചിട്ടുണ്ട്. ഇവരിൽ ഡേവിഡ് ലാമി എംപി, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നിലപാട് പാർട്ടി നയത്തിനെതിരാണ്. കഞ്ചാവിനെ നിയമവിധേയമാക്കാനും നിയന്ത്രിക്കാനും ഒപ്പം കുറ്റകൃത്യ സംഘങ്ങളിൽ നിന്ന് അകറ്റാനും താൻ ആഗ്രഹിക്കുന്നുവെന്ന് ഡേവിഡ് ലാമി പറഞ്ഞു.
നോർത്ത് നോർഫോക്ക് എംപി സർ നോർമൻ ലാംബും ഇതിനെ അനുകൂലിക്കുകയുണ്ടായി.
കാനഡയിൽ ആയിരിക്കുമ്പോൾ ഉറങ്ങാനായി നിയമപരമായി കഞ്ചാവ് എണ്ണ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു . ക്യാമറയിൽ കഞ്ചാവ് ഉൽപ്പന്നം പരസ്യമായി എടുത്ത ഒരേയൊരു ബ്രിട്ടീഷ് എംപി ആയിരിക്കാം ലാംബ്. ലാമിയുടെ നിലപാടിനെ സ്വീകരിച്ചു ലേബർ പാർട്ടി എംപി ജെഫ് സ്മിത്ത് പറഞ്ഞു ” അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം അദ്ദേഹം നേരിട്ട് കണ്ട് ഒരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ” യുകെയിൽ നിലവിൽ കഞ്ചാവ് ക്ലാസ് ബി മരുന്നായി കണക്കാക്കപ്പെടുന്നു, ഇത് കൈവശം വെച്ച് പിടിക്കപ്പെടുന്ന ആർക്കും അഞ്ച് വർഷം വരെ തടവ് ലഭിക്കാം. എന്നിരുന്നാലും, ഔഷധ കഞ്ചാവ് ഉൽപ്പന്നങ്ങളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്, ഇത് ഇപ്പോൾ ചില രോഗികൾക്ക് നിയമപരമായി ലഭിക്കുന്നതാണ്. കടുത്ത അപസ്മാരം ബാധിച്ച രണ്ട് ആൺകുട്ടികൾക്ക് കഞ്ചാവ് എണ്ണ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം.
യുകെ ഗ്രൂപ്പ് ആയ വോൾട്ട് ഫോക്സ് ആണ് യാത്ര സംഘടിപ്പിച്ചത്. അമേരിക്കൻ കഞ്ചാവ് കമ്പനി ആയ എംപിഎക്സ് ആണ് സ്പോൺസർ ചെയ്തത്. കഞ്ചാവ് ഉൽപ്പന്നങ്ങളെ ഒരു നിയമാനുസൃതവാണിജ്യ വ്യവസായത്തിലേക്ക് മാറ്റാനുള്ള ശ്രമമാണിതെന്ന് എംപിഎക്സ് സിഇഒ സ്കോട്ട് ബോയ്‌സ് പറഞ്ഞു. “കഞ്ചാവ് നിയമവിധേയം ആകുന്നതിനുമുമ്പ് അനേക കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കുവാനുണ്ട്. 10 മുതൽ 15 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു.” എംപി ജോനാഥാൻ ജനോഗ്ലി അഭിപ്രായപ്പെട്ടു. എന്നാൽ 5 വർഷങ്ങൾ കൊണ്ട് യുകെയിൽ കഞ്ചാവ് നിയമവിധേയം ആക്കുമെന്ന് മറ്റു എംപിമാർ പറയുന്നു.
അമിതമായ കരോക്കയും സംഗീതവും വഴി മറ്റുള്ളവർക്ക് ശല്യമാകുന്ന രീതിയൽ ശബ്ദമലിനീകരണം നടത്തിയതിന് ഗ്ലോസ്റ്ററിലെ യുവതിയ്ക്ക് 4400 പൗണ്ടാണ് പിഴ അടയ്‌ക്കേണ്ടതായി വന്നത് .ബാർട്ടൻ സ്ട്രീറ്റിലുള്ള ടമ്മി മിച്ചൽ എന്ന യുവതിക്കെതിരെ ആണ് പരാതി ഉയർന്നു വന്നത് . ടമ്മി മിച്ചലിൻെറ അമിതമായ വാട്സിലുള്ള സ്‌പീക്കറുകളുടെ ഉപയോഗം മൂലം സമീപ വീടുകളിലെ അലമാരകളിലെ പാത്രങ്ങളും മറ്റും ഇളക്കം തട്ടി എന്ന് ഗ്ലോസ്റ്റർ സിറ്റി കൗൺസിലിനു നൽകിയ പരാതിയിൽ സമീപവാസികൾ പരാതിപ്പെട്ടു . ഇതേ തുടർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ കരോക്കെയും സംഗീതവും ഉപയോഗിക്കാൻ പാടില്ല എന്ന് സിറ്റി കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും അത് ടമ്മി മിച്ചൽ അവഗണിക്കുകയാണ് ചെയ്തത് .
രാത്രിയിൽ ആരംഭിക്കുന്ന ശബ്ദം അതിരാവിലെ വരെ തുടരുന്നതിനാൽ തങ്ങൾക്ക് ഉറങ്ങാനേ സാധിക്കുന്നില്ല എന്ന് അയൽക്കാർ വീണ്ടും പരാതിപ്പെട്ടതിനാൽ നിരവധി സ്‌പീക്കറുകളും മൈക്രോഫോണുകളും അവരുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തു . ശബ്ദമലിനീകരണനിയന്ത്രണം സെക്ഷൻ 80 നിയമമനുസരിച്ച് മിസ്സ് മിച്ചൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി . അങ്ങനെയാണ് 4400 പൗണ്ട് പിഴ ചുമത്താനും പിടിച്ചെടുത്ത സ്‌പീക്കറുകളും മറ്റും തിരികെ നൽകേണ്ടതില്ല എന്നും കോടതി വിധിച്ചത് . ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇരുകൂട്ടരും തമ്മിൽ രമ്യമായ പരിഹാരം ഉണ്ടാകാൻ സാധിക്കുമെങ്കിൽ അതിനെയാണ് തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗ്‌ളാസ്റ്റർ സിറ്റി കൗൺസിലിലെ പരിസ്ഥിതി ക്യാബിനറ്റ് അംഗം റിച്ചാർഡ് ഹുക്ക് പറഞ്ഞു . പക്ഷേ ടമ്മി മിച്ചലിൻെറ കാര്യത്തിൽ അയൽക്കാർ പലപ്രാവശ്യം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല .ഈ അവസരത്തിലാണ് സിറ്റി കൗൺസിൽ പ്രശ്നത്തിൽ ഇടപെടുകയും പൊതുജനതാത്പര്യപ്രകാരം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിചേർത്തു .
ബ്രിട്ടനിലെ നിയമം അനുസരിച്ച് രാത്രി 11 മുതൽ രാവിലെ 7 മണി വരെ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കൗൺസിലുകൾക്കും സർക്കാർ ഏജൻസികൾക്കും ഉത്തരവാദിത്വമുണ്ട് .