ഷിബു മാത്യൂ
ഹള്‍. പത്താമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായിട്ടുള്ള യോര്‍ക്ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള ഹള്ളില്‍ ഇന്നലെ നടന്നു. രാവിലെ പത്ത് മണിയോടെ പെയിന്റിംഗ് മത്സരം ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ സബ് ജൂണിയേഴ്‌സിന്റെ ഭരതനാട്യ മത്സരത്തോടെ ഔദ്യോഗികമായി കലാമത്സരങ്ങള്‍ ആരംഭിച്ചു. മൂന്ന് മണിയോടെ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിവിധ അസ്സോസിയേഷനില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മുപ്പത്തിയെട്ടിനങ്ങളിലായി എഴുപതോളം ടീമുകള്‍ മാറ്റുരച്ചു. ഹളളും
ഷെഫീല്‍ഡും സ്‌കന്‍ന്തോര്‍പ്പുമായിരുന്നു മത്സരത്തില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയിരുന്നത്.
അത്യധികം വാശിയേറിയ മത്സരത്തിനൊടുവില്‍ 235 പോയിന്റോടെ ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യുക്മ യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണല്‍ കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാമതും കിരീടം ചൂടി. 93 പോയിന്റോടെ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തുമെത്തി. ഹെലനാ സ്റ്റീഫന്‍ കലാതിലകവും രോഹിത് ഷൈന്‍ കലാപ്രതിഭ പട്ടവും ചൂടി. നാട്യ മയൂരം എവാ കുര്യാക്കോസും നേടി.
വൈകിട്ട് 8.30 ന് മത്സരങ്ങള്‍ അവസാനിച്ചു. തുടര്‍ന്ന് സമാപന സമ്മേളനം നടന്നു. കാവാലം നാരായണപണിക്കരുടെ മകന്‍ കാവാലം ശ്രീകുമാര്‍ മുഖ്യ അതിഥിയായിരുന്നു. വേദിയിലെത്തിയ കാവാലം ശ്രീകുമാര്‍ അച്ഛന്റെ അതേ താളത്തില്‍ പാടി കാണികളുടെ കൈയ്യടി നേടി. യുകെ മലയാളികള്‍ക്കായി ഒരു നല്ല സന്ദേശം നല്കാനും അദ്ദേഹം മറന്നില്ല. മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം അനുമോദിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. തുടര്‍ന്ന് കലാമേളയുടെ സുഗമമായ നടത്തിപ്പിനായി സംഘടിപ്പിച്ച റാഫെല്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. പതിവില്‍ നിന്ന് വിപരീതമായി പത്തു മണിയോടെ കലാമേളയ്ക്ക് തിരശ്ശീല വീണു.
സംഘാടക മികവുകൊണ്ട് അവിശ്വസനീയമായ രീതിയിലാണ് യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ കലാമേള ചിട്ടപ്പെടുത്തിയിരുന്നത്. അതിവിശാലമായ ഹാളും സ്റ്റേജും, സുതാര്യമായ ശബ്ദ നിയന്ത്രണവും വെളിച്ചവും. സത്യസന്ധമായ വിധി നിര്‍ണ്ണയം, രുചികരമായ ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, പരിപാടിയില്‍ ഉടനീളം നീണ്ടുനിന്ന ഹെല്‍പ്പിംഗ് ആന്റ് കെയറിംഗ്, വ്യക്തമായ കമ്മ്യൂണിക്കേഷന്‍, ഇതെല്ലാം റീജിയണല്‍ കലാമേളയെ ഇതുവരെയും നടന്ന കലാമേളകളില്‍ നിന്നും വ്യത്യസ്തമാക്കി.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിന്റെ പ്രസിഡന്റ് അശ്വിന്‍ മാണിയുടെ നേതൃത്വത്തില്‍, സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി ജോണ്‍ മാര്‍ട്ടിന്‍, ജോയിന്റ് ട്രഷറര്‍ ബാബു സെബാസ്റ്റ്യന്‍, ആട്‌സ് കോര്‍ഡിനേറ്റര്‍ അമ്പിളി രഞ്ജു കൂടാതെ റീജിയണിനെ ആത്മാത്ഥമായി പുറത്തു നിന്ന് സഹായിച്ചുകൊണ്ടിരിക്കുന്ന കിരണ്‍ സോളമനും ജസ്റ്റിന്‍ എബ്രഹാമും കൂടി ചേര്‍ന്നപ്പോള്‍ കലാമേളയ്ക്ക് പൂര്‍ണ്ണമായ ഒരു വേദി മത്സരാര്‍ത്ഥികള്‍ക്കായി ഒരുങ്ങി. ഡോ. ദീപാ ജേക്കബ്, ഡോ. ഷീതള്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം കൊടുത്ത ഈസ്റ്റ് യോര്‍ക്ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആതിഥേയത്വം കലാ മേളയെ വന്‍ വിജയത്തിലെത്തിച്ചു എന്ന് എടുത്ത് പറയേണ്ടതുണ്ട്.
പതിവ് കാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ജനപങ്കാളിത്തമാണ് ഇത്തവണ ഹളളില്‍ നടന്ന റീജിയണല്‍ കലാമേളയ്ക്ക് ലഭിച്ചത്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് രാവിലെ 9.30 തിന് ആരംഭിക്കേണ്ടിയിരുന്ന ചിത്രരചനാ മത്സരം തുടങ്ങിയത് പത്ത് മണിക്കാണ്. 10.30 ന് ആരംഭിക്കേണ്ടിയിരുന്ന കലാമത്സരങ്ങള്‍ തുടങ്ങിയത് 12 മണിക്കും. കലാമേളയുടെ ഔദ്യോഗീക ഉത്ഘാടനം നടന്നത് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും. പ്രതികൂലമായ കാലാവസ്ഥയില്‍ മത്സരങ്ങള്‍ വളരെ വൈകി തുടങ്ങിയെങ്കിലും മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവ് ആശങ്കയ്ക്ക് വകയേകുന്നു. മത്സരയിനങ്ങളില്‍ പലതിലും മത്സരാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ താഴെയായിരുന്നു. പല അസ്സോസിയേഷനുകളും മത്സരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്ക് എന്ന ചോദ്യം ഇനിയും ബാക്കി നില്ക്കുന്നു.
യോര്‍ക്ഷയര്‍ ആന്റ് ഹംബര്‍ റീജിയണിലെ സംഘാടകര്‍ അത്യാധുനിക സൗകര്യത്തോടെ കൃത്യമായി കലാമേള സംഘടിപ്പിച്ചിട്ടും ജനപങ്കാളിത്തം വളരെ കുറഞ്ഞു പോയതും പ്രമുഖ അസ്സോസിയേഷനുകള്‍ കലാമേളയില്‍ നിന്നു വിട്ടുനിന്നതും യുക്മയുടെ 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികാരം നേടിയെടുക്കുന്നതിന് നേതൃത്വനിരയിലുണ്ടായ ചില വ്യക്തികളുടെ ആഭ്യന്തര കലഹമാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.



ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.

കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.

അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻെറ ജീവിതം കുറെ നാളുകളായി വിവാദങ്ങൾക്ക് നടുവിൽ ആണ്. അടുത്തിടെയായി പുതിയ ഒരു വിവാദത്തിനും തുടക്കമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് ടോം ബ്രാഡ്ബിയുടെ ” ഹാരി & മേഗൻ : ആൻ ആഫ്രിക്കൻ ജേർണി ” എന്ന ഡോക്യുമെന്ററി യിലൂടെ മാധ്യമങ്ങളെ ആകെ വിമർശിച്ചു എന്നതാണ് പുതിയ ആരോപണം.

ഹാരിയെ മുറിവേറ്റ ഹൃദയത്തിന് ഉടമയായ ഒരു യുവാവായാണ് ബ്രിട്ടനിൽ ഇപ്പോൾ പലരും ചിത്രീകരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ പ്രിൻസ് ഹാളിനോടാണ് ഹാരിയെ ഉപമിക്കുന്നത്. എന്നാൽ അടുത്തിടെയായി അമ്മയുടെ മരണത്തിന്റെ ദുഃഖം തന്നെ ഇന്നും വേട്ടയാടുന്നു എന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹത്തെ മറ്റൊരു ഷേക്സ്പീരിയൻ കഥാപാത്രമായ ഹാംലറ്റുമായാണ് ഉപമിച്ചിരിക്കുന്നത്.

മാധ്യമങ്ങൾ എന്നും രാജകുടുംബത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണ്. രാജകുടുംബങ്ങളിലെ വിവാഹവും, മരണവും ജന്മദിനവുമെല്ലാം മാധ്യമശ്രദ്ധ ആകർഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന അവസാനത്തെ രാജ്ഞിയായി നിലവിലുള്ള എലിസബത്ത് രാജ്ഞി മാറും എന്നാണ് നിഗമനം. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടവരാണ്. ഏറ്റവും അവസാനത്തെ ഇരയായി ഹാരി രാജകുമാരൻ മാറിയിരിക്കുകയാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- 2017-ൽ നടന്ന ജനറൽ ഇലക്ഷന് ശേഷം രണ്ടരവർഷം കഴിയുന്നതിനു മുൻപേ ബ്രിട്ടൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ബ്രെക്സിറ്റിനെ കുറിച്ച് പുനർവിചിന്തനം ചെയ്യുവാൻ ജനങ്ങൾക്ക് കൂടുതൽ സമയം നൽകാൻ തയാറാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. എന്നാൽ ഇതിനു പകരമായി രണ്ടുമാസത്തിനുള്ളിൽ ഒരു ജനറൽ ഇലക്ഷൻ നടത്തണമെന്ന ആവശ്യം ആണ് അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. ഡിസംബർ 12ന് ഇലക്ഷൻ നടത്തുന്നതിനെ കുറിച്ച് ഹൗസ് ഓഫ് കോമൺസിന്റെ അഭിപ്രായം അറിയുവാൻ ജോൺസൻ തയ്യാറെടുക്കുകയാണ്. അടുത്ത ഒരു ഇലക്ഷന്റെ മുഖ്യ പ്രചാരണ വിഷയവും ബ്രെക്സിറ്റ് തന്നെയാവും.

എല്ലാ പ്രാവശ്യവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതനുസരിച്ച് 2022 മെയ് അഞ്ചിനാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ സമയത്തിനും നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മൂന്നിൽ രണ്ട് എംപിമാരുടെയും സമ്മതം ആവശ്യമാണ്. ഇതിനു മുൻപ് രണ്ട് പ്രാവശ്യവും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഈ ആവശ്യം പാർലമെന്റ് നിരാകരിച്ചിരുന്നു. അതിനാലാണ് പുതിയ തന്ത്രം അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളോടും ഇലക്ഷനെ അനുകൂലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഏകദേശം 650 കോൺസ്റ്റിട്യുൻസികളാണ് ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലായി ഉള്ളത്. ഏതുവിധേനയും ബ്രെക്സിറ്റ് നടപ്പിലാക്കണമെന്ന് ആവശ്യമാണ് ബോറിസ് ജോൺസൺ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ലേബർ പാർട്ടി രണ്ടാമതൊരു റഫറണ്ടം നടത്തണമെന്ന ആവശ്യമാണ് ഉയർത്തുന്നത്. വീണ്ടുമൊരു ഇലക്ഷൻ നടക്കുമോ എന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷ് ജനങ്ങൾ.
ബർമിങ്ഹാം: ബി സി എം സി, വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ ഹാട്രിക് വിജയവുമായി 2019 മിഡ്‌ലാൻഡ്‌സ് റീജിണൽ കലാമേളയിലെ രാജാക്കന്മാരായി. 152 പോയിന്റ് നേടിയാണ് ബി സി എം സി കിരീടമണിഞ്ഞത്. യുകെ മലയാളി അസ്സോസിയേഷനുകളെ വിജയത്തിന്റെ പടവുകൾ താണ്ടി മാതൃക കാണിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ.. വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ മാത്രമല്ല ഇന്റർനാഷണൽ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന അസോസിയേഷൻ.. അതെ പ്രവർത്തന വിജങ്ങളുമായി ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു. തുടർച്ചയായി മൂന്നാം പ്രാവശ്യവും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയിൽ മുന്നിൽ എത്തിയിരിക്കുന്നു എന്നത് അസോസിയേഷനെ നയിക്കുന്ന ഭാരവാഹികൾക്ക് അഭിമാനിക്കാം.
കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടെ ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങളേക്കാൾ അസോസിയേഷൻ നേട്ടങ്ങൾ വലുതായി കാണുന്ന ഇതിലെ അംഗങ്ങൾ തന്നെയാണ് ഇവരുടെ വിജയങ്ങളുടെ മൂലകാരണം…
അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരുങ്ങിയത്. 112 പോയിന്റ് നേടി യാണ് എസ് എം എ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു എസ് എം എ യുടെ പ്രകടനം. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
മൂന്നാം സ്ഥാനം കൊവെൻട്രി കേരള കമ്മ്യൂണിറ്റിയ്ക്കാണ്. മേള എന്നതിനപ്പുറമായി പരിപാടി വീക്ഷിക്കുന്ന കാണികളെ ഇരുത്തി ചിന്തിപ്പിക്കുന്ന ആശയങ്ങളെ പകർന്നു നൽകുന്ന സിനിമാറ്റിക് ഡാൻസുകൾ കൊണ്ട് എന്നും കൊവെൻട്രി വേറിട്ട് നിൽക്കുന്നു. വന്നാൽ സമ്മാനം വാങ്ങിയേ പോകൂ എന്ന വാശിയിൽ അത്രയേറെ ഗംഭീര പ്രാക്റ്റീസുകൾ നടത്തി വേദിയിൽ എത്തുന്ന കൊവെൻട്രി എന്നും മിഡ്‌ലാൻസിന്റെ കരുത്താണ്. ആഥിധേയരായ എഡിങ്ടൺ മലയാളി അസോസിയേഷൻ നാലാം സ്ഥാനം നേടിയെടുത്തു.
ഇത്തവണത്തെ യുക്മ റീജിണൽ കലാമേളയിൽ കലാതിലകമായി എസ് എം എ യുടെ മിടുക്കി ആഞ്ജലീന ആൻ സിബി നേടിയെടുത്തപ്പോൾ, കലാപ്രതിഭയായി ബി സി എം സി യുടെ ശ്രീകാന്ത് നമ്പൂതിരി ഒരിക്കൽ കൂടി ആ നേട്ടം ആവർത്തിക്കുകയായിരുന്നു. വ്യക്തിഗത ചാമ്പ്യൻമാരായി എസ് എം എ യുടെ എലീസ ജേക്കബ് (കിഡ്‌സ് കാറ്റഗറി), സെറിൻ റെയ്‌നോ (സബ് ജൂനിയർ), ആഞ്ജലീന ആൻ സിബി (ജൂണിയർ ) എന്നിവരും സീനിയർ വിഭാഗത്തിൽ ബി സി എം സി യുടെ ശ്രീകാന്ത് നമ്പൂതിരി വ്യക്തിഗത ചാമ്പ്യൻ ആയി.

രാവിലെ പതിനൊന്ന് മാണിയോട് കൂടി മൽസരങ്ങൾ ആരംഭിച്ചു. പിന്നീട് റീജിണൽ പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം. യുക്മ പ്രസിഡന്റ് ശ്രീ മനോജ്‌കുമാർ പിള്ള കലാമേള ഉൽഘാടനം നിർവഹിച്ചു. ചുരുങ്ങിയ സമയത്തിൽ സമ്മേളനം തീർത്തു വീണ്ടും മത്സരങ്ങളിലേക്ക് കടക്കുകയും വൈകീട്ട് ഏഴ് മണിയോടെ മത്സരങ്ങൾ തീർന്നു. തുടന്ന് സമ്മാനദാനം ഒൻപത് മണിയോടെ കലാമേളയ്ക്ക് സമാപനമായി.


ഭക്ഷ്യമേള ഒരുക്കി സ്‌പൈസി ഹട്ട് സ്റ്റോക്ക് ഓൺ ട്രെന്റ്
(Spicy Hut, Stoke on Trent, Jijo george – 07882859426)
നാഷണൽ, റീജിണൽ കലാമേളകളിലെ ഏറ്റവും വലിയ തലവേദനയാണ് പങ്കെടുക്കാൻ വരുന്ന മത്സരാത്ഥികൾക്കും രക്ഷിതാക്കൾക്കും നല്ല ഭക്ഷണവും മിതമായ നിരക്കിലും എത്തിക്കുക എന്നതും. മിക്കവാറും പുറം കാറ്ററിങ്ങ് പാർട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ വിതരണം പരാതികളിലെ അവസാനിക്കാറുള്ളു എന്നുള്ളത് ഒരു വസ്തുതയാണ്. ഒന്നെങ്കിൽ വിലയുമായി അതുമല്ലെങ്കിൽ ഗുണമേന്മയുമായി. ഇത് രണ്ടിനും ഇപ്രാവശ്യത്തെ കലാമേളയിൽ സ്ഥാനമില്ല എന്ന് വിളിച്ചുപറയുന്നതായിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും വന്ന സ്‌പൈസി ഹട്ട്കാർ ഒരുക്കിയ ഭക്ഷ്യ മേള എന്ന് പറയാതെ വയ്യ… നാട്ടിലെ കള്ളുഷാപ്പിൽ ലഭിക്കുന്ന പോട്ടിക്കറി മുതൽ എന്തും ലഭ്യവുമാകുന്ന ഒരു റിയൽ രുചിഭേദങ്ങളുടെ കലവറ തന്നെ മിതമായ നിരക്കിൽ ഒരുക്കിയത്. ഇപ്രാവശ്യത്തെ കലാമേളയിലെ താരങ്ങൾ ആയത് സ്‌പൈസി ഹട്ട്കാർ ആണ് എന്ന് ഭക്ഷണം കഴിച്ച എല്ലാവരും ഒന്നുപോലെ സാക്ഷ്യപ്പെടുത്തുന്നു.









അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
അതിരാവിലെ ഓഫീസിലേക്ക് പോകുകയും രാത്രി വൈകി വീട്ടിലേയ്ക്ക് വരികയും ചെയ്യുന്ന ആളുകൾ ചിന്തിക്കാറുണ്ടോ പകൽ സമയങ്ങളിൽ തങ്ങൾക്ക് കാണാൻ കിട്ടാറില്ലാത്ത ഒരാളെക്കുറിച്ച് ? ആരെക്കുറിച്ചാണെന്നല്ലേ , നമ്മുടെ സൂര്യനെക്കുറിച്ച് തന്നെ. അധിക സമയം വെയിലത്ത് നിന്നാലുള്ള പ്രശ്നങ്ങളെക്കുറിച്ച് നാം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. കൂടിയ ചൂട് കാരണം മരണപ്പെടുന്നവരുണ്ട്. അർബുദം ബാധിക്കുന്നവരുണ്ട്. പൊള്ളലേൽക്കുന്നവരുണ്ട്. എന്നാൽ സൂര്യസ്പർശം തീരെ ഏൽക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നാം ചിന്തിച്ചിട്ടുണ്ടോ ? മാറിയ തൊഴിൽ സാഹചര്യങ്ങളിൽ ഒരു ഓഫീസിൽ ഇരുന്നുകൊണ്ട് വെയിലൊന്ന് കാണാൻ ( കൊള്ളാനല്ല ) പോലും സാധിക്കാത്തവർ ആണ് ഏറെയും. കാലാവസ്‌ഥാ വ്യതിയാനങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചിലപ്പോൾ വേനൽ എന്നൊന്ന് ഉണ്ടാവണം എന്നില്ല. വർഷം നീണ്ടു നിൽക്കുന്ന മഴക്കാലമോ മഞ്ഞുകാലമോ വന്നാൽ ? സയൻസ് ഫിക്ഷൻ സിനിമയുടെ കഥ അല്ല , സൂര്യസ്പർശം കുറഞ്ഞാലെന്ത് എന്നുള്ള സാധ്യത തിരയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ചോദ്യങ്ങൾ മാത്രമാണിത്.

ഉത്തരങ്ങൾ ചെന്നെത്തുക വൈറ്റമിൻ ഡി-യിലേക്കാണ്. സൂര്യപ്രകാശം എൽക്കുമ്പോൾ ലഭിക്കുന്ന വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി-യുടെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. എല്ലുകളുടെ ബലക്കുറവ് , കൈകാലുകളുടെ വൈരൂപ്യം , അർബുദം , ചർമ സംബന്ധിയായ രോഗങ്ങൾ , വിഷാദ രോഗം അങ്ങനെ ആ പട്ടിക നീളുന്നു. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം സൂര്യന്റെ ചൂടേൽക്കുന്നത് കുറഞ്ഞാൽ ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല ഉണ്ടാകുന്നത് എന്നതാണ്. ഗുരുതരമായ മാനസിക രോഗാവസ്ഥകളിലേയ്ക്കും നാമെത്തിപ്പെടാം.

നീണ്ടു നിൽക്കുന്ന ശൈത്യകാലമുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി സ്വീകരിക്കുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ ഭക്ഷണത്തിലൂടെ വൈറ്റമിൻ ഡി ശരീരത്തിൽ എത്താൻ ആവശ്യമായ ഭക്ഷണം നമ്മുടെ തീൻമേശകളിൽ ഉണ്ടാവണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയല പോലുള്ള മൽസ്യങ്ങൾ , മുട്ട , വെണ്ണ എന്നിവയുടെ ഉപയോഗം വൈറ്റമിൻ ഡി ശരീരത്തിൽ എത്തിക്കും.
അതിശൈത്യമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ചൂട് കൂടിയ രാജ്യങ്ങളിലേക്ക് വിമാനം കയറുക. സൂര്യൻ മനുഷ്യനും ഭൂമിക്കും മുന്നേ പ്രപഞ്ചത്തിൽ ഉള്ള ആളാണ്. വെയിലിൽ തൊട്ട് കാരണവരെ അറിയാൻ ശ്രമിക്കുക. അതുതന്നെ പ്രകൃതി ചികിത്സ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വോൾവർഹാംപ്ടൺ : വോൾവർഹാംപ്ടണിലെ വൻ കഞ്ചാവ് ശേഖരം പോലീസ് പിടിച്ചെടുത്തു. റെയ്ഡിനെ തുടർന്ന് കഞ്ചാവ് ഫാക്ടറി പോലീസ് അടച്ചുപൂട്ടി. ഒക്ടോബർ 24 പുലർച്ചെ ആയിരുന്നു റെയ്ഡ്. ഫാക്ടറിയുടെ ഗേറ്റ് തകർത്താണ് പോലീസ് അകത്തു കടന്നത്. കൃത്യമായ കണക്ക് ഇല്ലെങ്കിലും നൂറോളം കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

റെയ്ഡിനെ തുടർന്ന് വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് ഇപ്രകാരം ട്വീറ്റ് ചെയ്തു ; “വ്യാഴം രാവിലെ 9.30 ന് മുമ്പ് വോൾവർഹാംപ്ടണിലെ കേബിൾ സ്ട്രീറ്റ്, ഓൾ സെയിന്റ്സിലെ വസ്തുവിൽ വാറന്റ് നടപ്പാക്കി.” ഏഴു മുറികൾ നിറച്ചും കഞ്ചാവ് ചെടികൾ ആയിരുന്നെന്നും അഞ്ചുലക്ഷം പൗണ്ട് വിലമതിക്കുന്നവയാണ് അവ എന്നും പോലീസ് കൂട്ടിച്ചേർത്തു.
റ്റിജി തോമസ്
വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് .
എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു .
വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി.
എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു
.
ഒരു പൊട്ടിച്ചിരി . . . ..
കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് .
ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു .
ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി .
” എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? ” വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി .
പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ;
“ ആ . . . അയ്യോ , അമ്മേ .. ”
സത്യത്തിൽ പരിഭ്രമിച്ചുപോയി .
” നിങ്ങൾക്ക് ഞാൻ പാകമാവില്ല …! ”
ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് .
ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു .
ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു .
. – – ” എന്തൊരു പരുപരുത്ത കാലുകളാ ! ”
അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു .
– ” ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . ”
” ഏത് കുട്ടിയുടെ ? ” – .
“ സുന്ദരി – ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ … ”
“ കാണാൻ കൊളളാമോ ” പെട്ടെന്ന് ഞാൻ ചോദിച്ചു …”
“പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി …. .പരിഹസിക്കുന്നതുപോലെ.
കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു .
മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു .
രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു .
“….ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ…. ”
ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു .
“ യ്യോ തണുക്കുന്നു… ”
അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു .
ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി .
ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി.
കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു .
” – എവിടുന്നു കിട്ടി ഈ ചെരുപ്പ് ….” .
” നിനക്ക് ചേരും…. ”
“കൊണ്ടെ കളയെടോ ”
ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി .
” ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ… ? ഒരു സുന്ദരിയുടെ”.
വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു .
തട്ടി വീഴാൻ തുടങ്ങും പോലെ – ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു .
അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി .
വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു .
” എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? ” – ”
“വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും ”
ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ?
” നിലത്തപ്പിടി തണുപ്പാ ” അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു .
അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി .
എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . .
വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു .
വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് .
എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു .
പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു .
എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി .
ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .

റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് . [email protected]
ചിത്രീകരണം : അനുജ കെ
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉത്‌ഘാടനത്തിന്റെയും , രൂപതയുടെ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെ മൂന്നാം വാർഷികവും , കൃതജ്ഞതാ ബലിയർപ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു . രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാർഷിക ബൈബിൾ കൺവെൻഷന്റെ ഭാഗമായി ഫാ. ജോർജ് പനക്കൽ അച്ചന്റെ നേതൃത്വത്തിൽ പ്രെസ്റ്റൻ റീജിയനിൽ നടന്ന ബൈബിൾ കൺവെൻഷന് ശേഷമാണ് ലളിതമായി നടന്ന ആഘോഷ പരിപാടികൾ നടന്നത് .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് എട്ടു റീജിയനുകളുടെയും പ്രതിനിധികൾ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചതിനെ തുടർന്ന്ഈ അടുത്തിടെ സഭയിൽ വിശുദ്ധരായി ഉയർത്തപ്പെട്ട മറിയം ത്രേസ്യായുടെയും , കർദിനാൾ ന്യൂമാന്റെയും ഛായാ ചിത്രങ്ങൾക്ക് മുൻപിൽ രൂപത വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് ,പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് ഫാ. സജി തോട്ടത്തിൽ എന്നിവർ തിരികൾ തെളിക്കുകയും തുടർന്ന് വിശുദ്ധ മറിയം ത്രേസ്യായുടേ തിരുശേഷിപ്പ് റെവ . ഫാ . ജോർജ് പനക്കൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു , തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ റീജിയനുകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളും ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ചു .”കർത്താവ് നിശ്ചയിച്ച സ്ഥാനത്തു വരാനുള്ള എളിമയുണ്ടാകണം ഓരോ ക്രിസ്ത്യാനിക്കും , അപ്പോൾ മാത്രമേ ഹൃദയം തുറക്കപ്പെടൂ , ഈശോ ഹൃദയം തുറക്കുന്നതും , മനസ് തുറക്കുന്നതും ,ചെവി തുറക്കുന്നതും വിശുദ്ധ കുർബാന മദ്ധ്യേ ആണ് . ഹൃദയ വാതിലുകളിൽ ഈശോ മുട്ടുമ്പോൾ അത് മനസിലാക്കുവാനും , ഈശോയിലേക്കു പൂർണ്ണമായി നൽകുവാനും നമുക്ക് കഴിയണം , കർത്താവ് കഴുകാതെ ആർക്കും അവിടുത്തെ ജീവനിൽ പങ്കുകാരാവാൻ സാധിക്കുകയില്ല. നമ്മൾ ആയിരിക്കേണ്ട സ്ഥലത്തു ആയിരിക്കേണ്ടവനൊപ്പം ആയിരിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യം .”വിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷ പ്രഘോഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

ഈ വർഷം ആദ്യ കുർബാന സ്വീകരണം നടത്തിയ രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാൽപതോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏയ്ഞ്ചൽസ് മീറ്റും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു . കുട്ടികൾക്ക് അഭിവന്ദ്യ പിതാവ് സ്നേഹ സമ്മാനങ്ങൾ നൽകി ആദരിച്ചു . രൂപത വികാരി ജെനെറൽ മാരായ റെവ ഫാ. ജോർജ് ചേലക്കൽ , റെവ. ഫാ. ജിനോ അരീക്കാട്ട് , കത്തീഡ്രൽ വികാരി റെവ . ഫാ. ബാബു പുത്തൻപുരക്കൽ , പ്രെസ്റ്റൻ റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് റെവ ഫാ. സജി തോട്ടത്തിൽ , റെവ. ഫാ . ഫാൻസ്വാ പത്തിൽ , തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി . റെവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി .


ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രിട്ടനിൽ ശരത്കാലത്തിന് തുടക്കമായതോടെ പനിയും ജലദോഷവും ഉൾപ്പടെയുള്ള രോഗങ്ങളും ജനങ്ങളെ പിടികൂടിയിരിക്കുകയാണ്. എന്നാൽ രോഗങ്ങൾ ഉണ്ടായാൽ പോലും സിക്ക് ലീവ് എടുക്കാതെ പണിയെടുക്കുന്നവർ വർധിച്ചുവരികയാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ 84% പേരും രോഗികളായിരിക്കുമ്പോൾ തന്നെ ജോലിയിൽ തുടരുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം സിക്ക് ലീവ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 1993 മുതൽ ഓരോ ജോലിക്കാരും പ്രതിവർഷം എടുക്കുന്ന സിക്ക് ലീവിൻെറ എണ്ണം ഏതാണ്ട് പകുതിയായി. ഒരു വർഷം ഒരു വ്യക്തി 7.2 ദിവസങ്ങൾ സിക്ക് ലീവ് എടുത്തിരുന്നു. എന്നാൽ 2017ൽ ഇത് 4.1ലേക്ക് താഴ്ന്നു.

തൊഴിൽ മേഖലയിൽ ഇത് ഗുണം ചെയ്യുമെങ്കിലും ശരീരം മറന്നുള്ള ജോലി അപകടം ക്ഷണിച്ചുവരുത്തും. അവധി എടുക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അവഗണിച്ചുകൊണ്ട് ജോലിക്ക് പോവുന്നത് പിന്നീട് ഗുരുതര പ്രശ്നങ്ങൾക്കാവും വഴിയൊരുക്കുക. രോഗികളായിരിക്കുമ്പോൾ തന്നെ പണിയെടുത്തവർ 86% പേരാണ്. ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ ആൻഡ് ഡവലപ്മെന്റ് (സിഐപിഡി) ഈ വർഷം പുറത്തുവിട്ട കണക്കാണിത്. 2010ൽ ഇത് വെറും 26% ആയിരുന്നു.

ഇത്തരം അവസ്ഥകൾ ഒരു വ്യക്തിയെ മാനസികമായും ബാധിക്കുന്നു. മാനസിക സമ്മർദം, വിഷാദം തുടങ്ങിയവ വർധിച്ചുവരുന്നു. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം 5 മില്യൺ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടമായി. 99 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് ഇതുമൂലം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായത്. മാനസികാരോഗ്യ ചാരിറ്റി ആയ മൈൻഡിന്റെ കണക്കുകൾ പ്രകാരം 48% യുകെ തൊഴിലാളികൾക്ക് ജോലി സംബന്ധമായ അനേക പ്രശ്നങ്ങൾ ഉണ്ട്. ഇവരിൽ പകുതി പേർ മാത്രമേ അവരുടെ മാനേജർമാരുമായി സംസാരിച്ചിട്ടുള്ളൂ. അമിത ജോലി ഭാരം തന്നെയാണ് ഇത്തരം അവസ്ഥകളിലേക്ക് നയിക്കുന്നത്. രാഷ്ട്രത്തെ താങ്ങി നിർത്തുന്ന തൊഴിലാളികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കാതെ പണിയെടുക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനു കാരണമാകും. ഒപ്പം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന കാര്യവും വിസ്മരിച്ചുകൂടാ.