Main News

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസ് കീഴിലുള്ള ആശുപത്രികളിൽ ജോലി ചെയ്യാൻ എത്തുന്നവരിൽ ഭൂരിഭാഗം പേരും വിദേശികൾ. ഏകദേശം പതിനായിരത്തോളം ഡോക്ടർമാർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. 2003 – ന് ശേഷമുള്ള ഏറ്റവും വലിയ കണക്കുകളിൽ ഒന്നാണ് ഇത്. എന്നാൽ ബ്രിട്ടണിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങുന്നത് വെറും 7500 പേർ മാത്രമാണ്. നാഷണൽ ഹെൽത്ത് സർവീസിന് ആശുപത്രികളിൽ ഏകദേശം പതിനായിരത്തോളം സ്റ്റാഫുകളുടെ കുറവുണ്ട്.

ഡോക്ടർമാരുടെ എണ്ണത്തിൽ ലോകത്തിലാകമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ ഡിമാൻഡ് വർധിച്ചുവരികയാണെന്നും ജനറൽ മെഡിക്കൽ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ചാർളി മാസ്സയ് രേഖപ്പെടുത്തി. ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ വിദേശ ഡോക്ടർമാർ വഹിക്കുന്ന പങ്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഏകദേശം 8115 വിദേശ ഡോക്ടർമാരെ ആണ് നാഷണൽ ഹെൽത്ത് സർവീസ് റിക്രൂട്ട് ചെയ്തത്. എന്നാൽ അതേ വർഷം തന്നെ 7186 പേർ മാത്രമാണ് ബ്രിട്ടനിൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. 2019 – ൽ ഏകദേശം 19500 ഒഴിവുകളിൽ, പതിനായിരത്തോളം വിദേശ ഡോക്ടർമാരെ ആണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ നാഷണൽ ഹെൽത്ത് സർവീസ് വിദേശ ഡോക്ടർമാരെ ഇത്തരത്തിൽ ആശ്രയിക്കുന്നത് അപകടമാണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുവാൻ എല്ലാ പരിശ്രമങ്ങളും നടത്തണമെന്നും ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണത്തിന് ആവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ ആണ് പുറത്തുനിന്നും റിക്രൂട്ട് ചെയ്യേണ്ടി വരുന്നത് എന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഹെഡ് ഡോക്ടർ ചാന്ത്‌ നാഗ്പോൾ രേഖപ്പെടുത്തി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : 43കാരിയായ ക്ലെയർ മെർസർ ആണ് തന്റെ 44 കാരനായ ഭർത്താവ് ജയ്സൺന്റെ മരണത്തെതുടർന്ന് അപകടകരമായ സ്മാർട്ട് ഹൈവേ നിർമ്മാണത്തിനെതിരെ കോടതി കയറിയത്. കോടിക്കണക്കിന് പൗണ്ട് ചെലവഴിച്ച് ഉണ്ടാക്കിയ റോഡുകൾ കുരുതിക്കളം ആവുന്നു എന്ന് പരാതി മുൻപ് തന്നെ ഉയർന്നിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോർട്ട് നൽകാൻ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് സപ്പോ എംപിമാരോട് ആവശ്യപ്പെട്ടു.

എം 1ഹൈവേയിൽ 10 മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജയ്സൺ. ക്ലെയർ മെർസൽ പറയുന്നു, 27 വർഷമായി വാഹനം ഓടിക്കുന്ന വ്യക്തിയാണ് ജയ്സൺ. കെട്ടിട നിർമ്മാണ കമ്പനിയുടെ കോൺട്രാക്ട്മാനേജർ ആയ അദ്ദേഹം ജൂൺ ഏഴിന് യോർക്കിലെ വർക്ക് സൈറ്റിലേക്ക് കാറോടിച്ചു പോയതാണ്. വഴിയിൽ 22കാരനായ ഡ്രൈവർ ഓടിച്ച മറ്റൊരു വാഹനവുമായി ഉരസിയതിനെ തുടർന്ന് ഇൻഷുറൻസ് കൈമാറാനയി വാഹനം ഒതുക്കി നിർത്തിയതായിരുന്നു രണ്ടുപേരും. സംഭവസ്ഥലത്ത് ബാരിക്കേഡുകളും ഹാർഡ് ഷോൾഡർകളും ഉണ്ടായിരുന്നില്ല. ഒരു 18 ടൺ എച്ച് ജി വി അവരെ രണ്ടുപേരെയും നിമിഷാർധത്തിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുരക്ഷിതവും ശാസ്ത്രീയവും അല്ലാത്ത നിർമ്മിതിയാണ് അപകടത്തിന് കാരണമെന്നാണ് അവർ വാദിക്കുന്നത്. ഇംഗ്ലണ്ടിൽ നാലുതരം ഹൈവേകൾ ഉണ്ട്. എന്നാൽ സാധാരണക്കാർക്ക് ഇവയിൽ പാലിക്കേണ്ട നിയമങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു.

ഏകദേശം ഒന്നേകാൽ ബില്യൺ പൗണ്ട് ചെലവഴിച്ചാണ് ഇപ്പോഴത്തെ സ്മാർട്ട് മോട്ടോർ വേകൾ നിർമ്മിച്ചിരിക്കുന്നത്

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബർമിംഗ്ഹാം : വിദേശ രോഗികളിൽ നിന്നും ചികിത്സയ്ക്ക് വൻ തുക മുൻകൂറായി ഈടാക്കുന്നതിനെതിരെ ഡോക്ടറുമാരും നേഴ്‌സ്സുമാരും രംഗത്ത്. വിദേശ രോഗികളോടുള്ള സർക്കാരിന്റെ വംശീയ നയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡോക്ടർമാരും നഴ്‌സുമാരും ബർമിംഗ്ഹാം ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ബർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആണ് ഇന്നലെ ഈ സംഭവം അരങ്ങേറിയത്. വിദേശ രോഗികളിൽ നിന്നും മുൻകൂറായി പണം വാങ്ങിയതിന് ശേഷമേ ചികിത്സ നടത്തൂ. അല്ലാത്തപക്ഷം അവർ ചികിത്സ മനഃപൂർവം വൈകിപ്പിക്കുന്നു. ഇതുമൂലം പല ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പോളിസിയുടെ രണ്ടാം വാർഷികത്തിലാണ് ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ രംഗത്തെത്തുന്നത്. ചികിത്സ വൈകിപ്പിച്ചതിനാലോ നിരസിച്ചതിനാലോ ചില രോഗികൾ മരിക്കാൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു.

ഇത്തരം സമീപനം ആശുപത്രിയിൽ തന്നെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. രോഗികളെ പറ്റിയുള്ള വിവരങ്ങൾ എൻഎച്ച്എസ് ഉദ്യോഗസ്ഥരിൽ നിന്നും ബോർഡർ ഏജൻസി ശേഖരിച്ച്, അതുവെച്ച് രോഗികളെ നാടുകടത്താനും ശ്രമിക്കുന്നു. പ്രചാരണ ഗ്രൂപ്പായ ഡോക്സ് നോട്ട് കോപ്സ് സംഘടിപ്പിച്ച റാലി യുകെയിലെ ആറ് ആശുപത്രികളിൽ  നടന്നു. കുടിയേറ്റ  രോഗികളെക്കുറിച്ച്  പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള  ഒരു  ദേശീയ നടപടി  കൂടിയായിരുന്നു  ഇത്.

എൻ‌എച്ച്‌എസിൽ പരിചരണത്തിനായി മുൻ‌കൂർ ഫീസ് ഏർപ്പെടുത്തിയിട്ട് രണ്ട് വർഷമായി എന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. “ചികിത്സാചിലവിന്റെ 150 ശതമാനം അധിക തുക നൽകേണ്ടി വരുന്നു. കൂടാതെ ചികിത്സ ലഭിക്കാൻ വ്യക്തമായ രേഖകളും ആശുപത്രിയിൽ സമർപ്പിക്കേണ്ടി വരുന്നു. 2017ൽ ഈ പോളിസി നിലവിൽ വന്നതിനു ശേഷം ചികിത്സ ലഭിക്കാതെ ധാരാളം ആളുകൾ മരിച്ചു. പാകിസ്ഥാനി പൗരനായ നാസർ ഉല്ലാ ഖാന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിഷേധിക്കുകയും അതുവഴി അയാൾ മരണപ്പെടുകയും ചെയ്തു. “വിദേശ സന്ദർശകരും ഞങ്ങളുടെ ആരോഗ്യ സേവനത്തിന് സംഭാവന നൽകുന്നുണ്ട്, അതിനാൽ എല്ലാവർക്കും ആവശ്യമുള്ളപ്പോൾ അടിയന്തിര പരിചരണം ലഭിക്കും.” ആരോഗ്യവകുപ്പ് ചിലനാളുകൾക്ക് മുമ്പ് ഇപ്രകാരം അറിയിച്ചിട്ടുമുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യു കെ : തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന് ഇക്വാലിറ്റി വാച്ച് ഡോഗ് ആണ് വിമർശനം നേരിട്ടത്.

യുകെ യൂണിവേഴ്സിറ്റികളിൽ റേസിസത്തെക്കുറിച്ച് അന്വേഷണം നടത്തി , വിവരം ശേഖരിക്കുന്ന ഗവൺമെന്റിന്റെ ഇക്വാലിറ്റി വാച്ച് ഡോഗ് എന്ന സംഘടനയ്ക്കാണ് , തെറ്റായവിവരങ്ങൾ സ്വീകരിച്ച് സ്ഥിതിവിവരക്കണക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചതിന് വിദ്യാർത്ഥികളിൽ നിന്നും നേതാക്കളിൽ നിന്നും നിന്നും വിമർശനം നേരിട്ടത് . വെള്ളക്കാരായ ബ്രിട്ടീഷ് വിദ്യാർത്ഥികൾ കറുത്തവർഗ്ഗക്കാരെ പോലെയോ മറ്റ് എത്തിക്കൽ ന്യൂനപക്ഷങ്ങളെ പോലെയോ ക്യാമ്പസിൽ വിവേചനം നേരിടുന്നു എന്ന് ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ (ഇ എച്ച് ആർ സി) രേഖപ്പെടുത്തിയിരുന്നു.

വാച്ച് ഡോഗിന്റെ ഈ വർഷത്തെ സ്റ്റുഡന്റ് സർവ്വേ പ്രകാരം 9% ബ്രിട്ടീഷ് വിദ്യാർഥികൾ വർഗ്ഗവിവേചനം നേരിടുന്നുണ്ട്. 29 % കറുത്ത വർഗക്കാരും 27% ഏഷ്യൻ വിദ്യാർഥികളും വർഗ്ഗ വർണ്ണ വിവേചനം നേരിടുമ്പോഴാണ് ഇത്. സ്കോട്ടിഷ്, വെൽഷ് യൂണിവേഴ്സിറ്റികളിൽ ആണ് പ്രധാനമായും ഇംഗ്ലീഷ് വിരുദ്ധ വികാരം ഉള്ളതെന്നാണ് കണ്ടെത്തൽ.

വെൽഷ്കാരായ സഹപ്രവർത്തകർ ഇംഗ്ലീഷുകാരി ആയ ഒരു സ്റ്റാഫിൻെറ സമീപത്ത് നിന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടയിൽ തന്നെപ്പറ്റി വെൽഷ് ഭാഷയിൽ പരാമർശം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് അവർ പരാതിപ്പെട്ടു .

എന്നാൽ യഥാർത്ഥത്തിൽ പ്രശ്നങ്ങൾ നേരിടുന്നത് വർണ്ണ വ്യത്യാസം ഉള്ളവർ ആണെന്ന് ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിലെ റേസ്, ഫെയ്ത്, കൾചർ വിസിറ്റിംഗ് പ്രൊഫസർ ആയ ഹെയ്‌ദി മിർസ പറഞ്ഞു. ഇംഗ്ലീഷ് വിരുദ്ധവികാരം യഥാർത്ഥത്തിലുള്ള ഒരു പ്രശ്നമേയല്ല, അത് വരുത്തിതീർക്കാൻ ശ്രമിക്കുന്ന വെറും ഒരു കളവു മാത്രമാണ്. പ്രത്യേകിച്ചും കറുത്തവർക്ക് എതിരെയുംഏഷ്യക്കാർക്കെതിരെയും അതിക്രമങ്ങൾ നടക്കുകയും ഇസ്ലാമോഫോബിയയും ആന്റി സെമിറ്റിക് റേസിസവും എല്ലാം കൊടികുത്തി വാഴുന്ന ഈ കാലത്ത് എന്നും അവർ കൂട്ടിച്ചേർത്തു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ആരോഗ്യരക്ഷയാണ് ആയുർവേദത്തിന്റെ ദർശനം. ആരോഗ്യസംരക്ഷണമാണ് ലക്ഷ്യം. രോഗരഹിതമായ ദീർഘായുസ്സ് നേടുന്നതിനുള്ള ധർമാർത്ഥകാമ മോക്ഷ പ്രാപ്തിയാണ് ദൗത്യം.. ഇതിനായി ആരോഗ്യം ഉള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, അകമേ നിന്നും പുറമെ നിന്നുമുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന രോഗങ്ങളെ അകറ്റുകയും ആണ് ആയുർവ്വേദം കൊണ്ട് സാധിക്കേണ്ടത്.ദീർഘായുസ്സിന് ആയുർവ്വേദം എന്നതാണ് ഈ വർഷത്തെ ദേശീയ ആയുർവേദ ദിന സന്ദേശം. 2016 മുതൽ ധന്വന്തരി ജയന്തി ദിനം ആയുർവേദ ദിനമായി ആചരിച്ചു ഭാരതത്തിൽ വരുന്നു. ഈ വർഷം ഓക്ടോബർ 25 വെള്ളിയാഴ്ചയാണ് ആ സുദിനം.

ദീർഘായുസ്സാഗ്രഹിക്കുന്നവർ ധർമ്മാധിഷ്ഠിതമായി ജീവിതം നയിച്ചാൽ മാത്രമേ സുഖം അനുഭവിക്കാൻ ആവൂ. ധർമാർത്ഥ കാമമോക്ഷപ്രാപ്തിയാണ് മനുഷ്യ ജീവിതം കൊണ്ട് നേടേണ്ടത്. അതു സാധ്യമാവാൻ ശരീര മനസുകളുടെ ആരോഗ്യം കൂടിയേ തീരു. രാഗം ദ്വേഷം ഭയം ക്രോധം മദം മോഹം മത്സരം എന്നിവ രോഗമായോ രോഗകാരണമായോ തീരുമെന്ന് പറഞ്ഞ അതിപുരാതന വൈദ്യശാസ്ത്രമാണ് ആയുർവ്വേദം. ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ആരോഗ്യം കരഗതമാകാൻ അനുഷ്ഠിക്കേണ്ട ജീവിതചര്യ ഏറെ പ്രാധാന്യത്തോടെ വിശദമാക്കുന്നുണ്ട്. ധാർമിക ചര്യാക്രമങ്ങൾക്ക് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞ ശാസ്ത്രമാണിത്.

ആഹാരവും നിദ്രയും ബ്രാഹ്മചര്യവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുർവ്വേദം കരുതുന്നു. എപ്പോൾ എവിടെ വെച്ച് എങ്ങനെ എത്രമാത്രം എന്ത് ആഹാരം ഒരിരുത്തരും കഴിക്കണം എന്ന് വിശദമാക്കുന്നുണ്ട്. വ്യായാമത്തിന്റെ പ്രാധാന്യവും, ഒരുവന് ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമം ഏതെല്ലാം എന്നും എത്ര മാത്രം ആവാമെന്നും പറയുന്നു. അമിത വ്യായാമം വരുത്തുന്ന ഉപദ്രവങ്ങൾ എന്തെല്ലാം എന്നും നിർദേശിക്കുന്നുണ്ട്. ഉറക്കം ശരീര മനസുകളുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന വലിയ പങ്ക് എന്തെന്നും ഉറങ്ങാതിരുന്നാലും കൂടുതൽ ഉറങ്ങിയാലും പകൽ ഉറങ്ങിയാലും എന്തൊക്ക സംഭവിക്കുമെന്നും പഠിപ്പിക്കുന്നുണ്ട്.

പഠനകാലം ബ്രഹ്മചര്യാനുഷ്ടാന കാലമായാണ് കരുതിവന്നത്. ഇക്കാലത്ത് ആരോഗ്യത്തിന് ഇതാവശ്യമായിട്ടാണ് പറയുന്നത്. ശരിയായ ലൈംഗികതയെയും അതിന്റെ ആരോഗ്യ കാര്യത്തിലുള്ള സ്വാധീനവും ആവശ്യകതയും പഠിക്കാനുണ്ട്.

ശരീര വ്യവസ്ഥകളുടെ ശരിയായിട്ടുള്ള പ്രവർത്തനം, ശരീരത്തിലെ കർമനിർവഹണ ശക്തികളായ വാത പിത്ത കഫങ്ങളുടെ, പൊതുവെ ത്രിദോഷങ്ങളെന്ന് അറിയപ്പെടുന്നവയുടെ സന്തുലിതമായ പ്രവർത്തനം ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമായി പറയുന്നു.ദഹന പചന ആഗീരണ പ്രക്രിയ ഏറ്റവും ഉത്തമമായി നടക്കുക. രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ലം എന്നീ സപ്തധാതുക്കളുടെയും ആവശ്യത്തിനുള്ള നില, മലം മൂത്രം വിയർപ്പ് എന്നിവയുടെ ആരോഗ്യകരമായ വിസർജനം, എല്ലാ ഇന്ദ്രിയങ്ങളുടെയും വിഷയങ്ങളായ ശബ്ദസ്പർശ രൂപരസഗന്ധങ്ങൾ ശരിയായിഗ്രഹിക്കാനാവുക, ആത്മാവും മനസും പ്രസന്നത നിലനിർത്തുകയയും ചെയ്യുമ്പോഴാണ് സ്വാസ്ഥ്യം അഥവാ ആരോഗ്യം എന്ന് ആയുർവ്വേദം പറയുക. ഇതു സാധ്യമാക്കാനായി എങ്ങനെ ആണ് ഒരുവൻ ഓരോ ദിനവും തുടങ്ങേണ്ടത് എന്തെല്ലാം ചെയ്യണം എപ്പോൾ ചെയ്യണം എങ്ങനെ ആവണം എന്നൊക്കെ ദിനചര്യയിലൂടെയും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വെണ്ടത് ഋതുചര്യയിലൂടെയും നമുക്ക് വെളിപ്പെടുത്തുന്നു. ദേശകാലാവസ്ഥാനുസൃതമായ ജീവിതം ആഹാരവിഹാരങ്ങൾ ശീലിച്ചുകൊണ്ട് ആരോഗ്യം കാത്തു സൂക്ഷിച്ചു ദീർഘായുസ്സ് നേടാൻ ആവും.

ആയുർവേദ ജീവിതശൈലി ദീർഘായുസിനുള്ള മാർഗം തുറക്കുന്നു. അതെ ആയുർവ്വേദം ദീർഘായുസ്സിന് തന്നെ.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

പത്തനംതിട്ട : ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ സൗജന്യ വൈഫൈ സംരംഭമാണ് കേരളത്തിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലേത്. പഞ്ചായത്തിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ വൈ ഫൈ പ്രഖ്യാപിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ആയ എൻ രാജീവ് ആണ്. കോഴിമല, വള്ളംകുളം, ഓതറ, നന്നൂർ, ഇരവിപേരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് സേവനം ലഭ്യമാവുക. വള്ളംകുളത്തെ ഗ്രാമ വിജ്ഞാന കേന്ദ്രം, കോഴി മലയിലെ പഞ്ചായത്ത് ഓഫീസ്, ഓതറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇരവിപേരൂർ ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചത്.

ആക്ടീവ ഇൻഫോകോം ലിമിറ്റഡ്ന്റെ സഹായത്തോടെയാണ് നാലു ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതി എംപി ടി എൻ സീമ നടപ്പാക്കിയത്. പി എൻ പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ സമ്പൂർണ്ണ സാക്ഷരത കേന്ദ്രം ആവാനുള്ള ഒരുക്കത്തിലാണ് പ്രദേശം ഇപ്പോൾ.

കഴിഞ്ഞ അഞ്ചുവർഷമായി വികസനത്തിന് പാതയിൽ മുന്നേറുന്ന പഞ്ചായത്ത് ഈ വർഷത്തെ ആദ്യ മികച്ച പബ്ലിക് അഡ്മിനിസ്ട്രേഷന് ഉള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, സംസ്ഥാനത്തെ ശൗചാലയ മിഷൻ അവാർഡ്, ജില്ലാ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അവാർഡ് എന്നിവയും ഈ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഇരവിപേരൂരിനെ മോഡൽ ഹൈടെക് ഗ്രാമമായി തെരഞ്ഞെടുത്തിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉള്ള പഞ്ചായത്ത് അഡ്മിനിസ്ട്രേഷൻ സിസ്റ്റം ജനങ്ങൾക്ക് എസ്എംഎസ് അലർട്ട് ലൂടെ വിവരങ്ങൾ കൈമാറുന്നുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ പണമായി മാസത്തിലെ ആദ്യ പ്രവൃത്തിദിവസം തന്നെ ബാങ്കിൽ എത്തുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ9001 സർട്ടിഫൈഡ് പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവിടെയാണുള്ളത്.

 

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി, എല്‍ഡിഎഫിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു. യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് പ്രതികൂലമായി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് യുഡിഎഫിന്. എല്‍ഡിഎഫിന് രണ്ട്. സിറ്റിങ് സീറ്റായ അരൂര്‍ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ടെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ് എതിരാളികളെ ഞെട്ടിച്ചു. പാലായിലെ േനട്ടം കൂടിയാകുമ്പോള്‍ വിജയത്തിന് മധുരമേറുന്നു.

അരൂര്‍ പിടിച്ചെടുത്ത യുഡിഎഫിന് രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എറണാകുളം, മഞ്ചേശ്വരം സീറ്റുകള്‍ നിലനിര്‍ത്തി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വട്ടിയൂര്‍ക്കാവില്‍ വലിയ രീതിയില്‍ വോട്ടു ചോര്‍ന്ന് അവര്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി. സമുദായ സംഘടനകളുടെ ആഹ്വാനവും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. മഴയില്‍ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി.

സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അരൂര്‍ ഒഴികെയുള്ളവ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ഊര്‍ജമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സമുദായ സംഘടനകള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ വിജയം നേടാനായത് സന്തോഷം പകരുന്നു. നയങ്ങളുമായി മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കുന്നു. ഒപ്പം, അരൂരിലെ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനും തയാറെടുക്കുന്നു.

സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയാണ്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വി ആഴത്തില്‍ വിശകലനം ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. കോന്നിയിലെ തോല്‍വിയുടെ ആരോപണം ഉയരുന്നത് സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെതിരെ. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായതിനാല്‍ അരൂര്‍ മാത്രമാണ് ആശ്വാസം.

അരൂര്‍ നിലനിര്‍ത്തിയാല്‍ ആശ്വാസം എന്ന നിലയില്‍നിന്നാണ് വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. എറണാകുളത്തു മികച്ച പോരാട്ടം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നു. തിരിച്ചടിയില്‍ അപരന്‍ ഒരു കാരണമായി എന്നു ന്യായീകരിക്കാം. 2544 വോട്ടുകളാണ് അപരന്‍ കൊണ്ടുപോയത്. ഹൈബി ഈഡന്‍ എറണാകുളത്തു നേടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷം 3,673 ആയി കുറയ്ക്കാനായത് നേട്ടമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു.

വട്ടിയൂര്‍ക്കാവിലെ 14,438 വോട്ടെന്ന ഭൂരിപക്ഷത്തില്‍ അവേശം കൊള്ളുന്നു. അരൂരില്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുകള്‍പോലും ചോര്‍ന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേശ്വരത്തു സംഘടനാ സംവിധാനം തകര്‍ന്ന് വോട്ടു കുത്തനെ കുറഞ്ഞു. സമുദായ സംഘടനകളുടെ എതിര്‍പ്പിനിടയിലും രണ്ടു സീറ്റുകള്‍ നേടാനായത് ആത്മവിശ്വാസം ഉയര്‍ത്തുന്നു. പാലാ കൂടി കണക്കിലെടുത്താല്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായി. ആഞ്ഞു പിടിച്ചാല്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധിപത്യം നേടാമെന്ന പ്രതീക്ഷ വര്‍ധിച്ചു.

യുഡിഎഫിനു നിരാശ നല്‍കുന്നതാണ് ഫലം. നേതൃനിരയിലെ അഭിപ്രായ ഭിന്നത പരാജയത്തിന്റെ ആക്കംകൂട്ടി. കോന്നിയിലും പാര്‍ട്ടിയിലെ തര്‍ക്കം തിരിച്ചടിയായി. വലിയ വോട്ടു ചോര്‍ച്ചയുടെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണമുണ്ടാവും. അകമ്പടിയായി തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. എറണാകുളത്ത് വിജയിച്ചെങ്കിലും വോട്ടു കുറഞ്ഞത് ക്ഷീണമായി. ലീഗിന്റെ സീറ്റായ മഞ്ചേശ്വരം നിലനിര്‍ത്താനായതില്‍ ആശ്വാസമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനരീതി മാറ്റണമെന്ന മുന്നറിയിപ്പാണ് ഫലമെന്നു നേതൃത്വം കരുതുന്നു. അരൂരിലെ വിജയം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നു ന്യായീകരിക്കുന്നു.

മഞ്ചേശ്വരത്തു മാത്രമാണ് ബിജെപി നല്ല പ്രകടനം കാഴ്ചവച്ചത്. കോന്നിയില്‍ പ്രകടനം മെച്ചപ്പെടുത്തി. മറ്റുള്ള സ്ഥലങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ഫലം വരുന്നതിനു മുന്‍പുതന്നെ സംഘടനയിലെ പ്രശ്നങ്ങള്‍ പുറത്തു വന്നതിനാല്‍ വരുംദിവസങ്ങളില്‍ അതു കൂടുതല്‍ രൂക്ഷമാകാം. സമുദായ സംഘടനകളുടെ നിലപാട് പാടേ തള്ളിയ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നു പോയത്.

വട്ടിയൂർക്കാവ്

വി.കെ. പ്രശാന്ത് – 54,830 (എല്‍ഡിഎഫ്)

കെ. മോഹൻകുമാർ – 40,365 (യുഡിഎഫ്)

എസ്. സുരേഷ് – 27,453 (എന്‍ഡിഎ)

കോന്നി

കെ.യു. ജനീഷ് കുമാര്‍ – 54,099 (എല്‍ഡിഎഫ്)

പി. മോഹന്‍രാജ് – 44,146 (യുഡിഎഫ്)

കെ. സുരേന്ദ്രന്‍ – 39,786 (എന്‍ഡിഎ)

അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍ – 69,356 (യുഡിഎഫ്)

മനു സി പുളിയ്ക്കല്‍ – 67,277(എല്‍ഡിഎഫ്)

പ്രകാശ് ബാബു – 16,289 (എന്‍ഡിഎ)

എറണാകുളം

ടി.ജെ. വിനോദ് – 37,516 (യുഡിഎഫ്)

മനു റോയി – 33,843 (എല്‍ഡിഎഫ്)

സി.ജി. രാജഗോപാൽ – 13,259 എന്‍ഡിഎ

മഞ്ചേശ്വരം

എം.സി. ഖമറുദ്ദീന്‍ – 65,407 (യുഡിഎഫ്)

രവീശതന്ത്രി കുണ്ടാര്‍ – 57,484 എന്‍ഡിഎ

ശങ്കര്‍ റൈ – 38,233 (എല്‍ഡിഎഫ്)

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : എന്തിനാണ് അഭയാർത്ഥികൾ ജീവൻ പണയം വെച്ച് യുകെയിലേക്ക് എത്തുന്നത്?
ഇംഗ്ലണ്ടിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഉയരുന്ന ചോദ്യമാണിത്. യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലർ അഭിപ്രായപ്പെടുന്നു. “രാഷ്ട്രീയവും സാമൂഹികവും മതപരവും ആയ സംഘർഷങ്ങളിൽ നിന്നും അവർ രക്ഷപെടാൻ ശ്രമിക്കുന്നു. ഈ ജനങ്ങളെ വെറും അഭയാർഥികളായി കാണരുത്. കടുത്ത പ്രതിസന്ധികൾ നേരിടുന്നവരാണവർ. ” ബസ്‌ലർ കൂട്ടിച്ചേർത്തു.

ബൾഗേറിയ-തുർക്കി അതിർത്തിയിൽ ഒരു വേലി രൂപപെട്ടപ്പോൾ ധാരാളം ആളുകൾ യൂറോപ്പിലേക്ക് കടക്കാൻ മറ്റു വ്യത്യസ്ത രീതികൾ സ്വീകരിച്ചതായി ബിബിസി ലേഖകൻ നിക്ക് തോർപ്പ് പറഞ്ഞു. ” ട്രക്കുകളിൽ ഒളിച്ചിരുന്നാണ് മിക്ക അഭയാർത്ഥികളും ഇവിടേക്ക് എത്തുന്നത്. ഒരു ട്രക്കിൽ നിന്നും മറ്റൊന്നിലേക്ക് കള്ളക്കടത്തുകാർ അവരെ മാറ്റി യൂറോപ്പിൽ എത്തിക്കുന്നു. 2016 മുതൽ നിയമങ്ങൾ കർശനമാക്കിയതുമൂലം യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഫ്ലോറിഡ :- അപകടത്തിൽപെട്ട കാറിന്റെ ഹാൻഡിൽ തുറക്കാൻ ആവാത്തതിനാൽ 48 കാരനായ യുവാവ് അതിനുള്ളിൽ വെന്തുമരിച്ചു. ടെസ്‌ല കമ്പനിയുടെ മോഡൽ എസ് കാറാണ് അനസ്തേഷ്യയോളജിസ്റ്റായ ഒമർ അവാൻ ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ വണ്ടിയിൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ഒരു ഈന്തപ്പനയിൽ ചെന്ന് ഇടിക്കുകയും ആയിരുന്നു. കാറിന്റെ ഹാൻഡിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ചുറ്റുമുണ്ടായിരുന്ന പോലീസ് ഓഫീസറിനും ജനങ്ങൾക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല. കാറിനുള്ളിൽ പുക പടരുന്നത് നിസ്സഹായതയോടെ അവർ നോക്കി നിന്നു.

ഇത്തരം മോഡൽ കാറുകൾക്കെതിരെ പരാതികൾ ധാരാളം ഉയർന്നുവന്നിട്ടുണ്ട് ഉണ്ട്. കാറിനുള്ളിൽ നിന്നും ഉയർന്നുവന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ടെസ്‌ല കമ്പനിക്കെതിരെ കേസുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചില്ല.

മോഡൽ എസ് കാറുകളുടെ ഹാൻഡ്കാറുകളുടെ ഹാൻഡിലിനെതിരെ ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും തീ കത്തുകയായിരുന്നു എന്നായിരുന്നു സംഭവം കണ്ടവർ റിപ്പോർട്ട് ചെയ്തത്. ഇത്തരം പരാതികൾക്കെതിരെ കമ്പനി എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.

39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത്‌  ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ……..

 

ആദില ഹുസൈൻ | മലയാളം കവിത

ഞാൻ ഒരു ഭാരമാണ്
എന്റെ പേര് ഭൂപടങ്ങളിലില്ല
എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു,
എനിക്കെതിരെ നിയമമുണ്ടാക്കി
ലക്ഷ്മണരേഖകൾ വരച്ചു
എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി
പ്രതീകവൽക്കരിച്ചു
കരളില്ലാത്തവനായി മുദ്രകുത്തി
കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു.
എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു
എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു.

ഞാനെണീറ്റു നിന്നു
നിങ്ങൾ അന്ധരായഭിനയിച്ചു.
ഞാൻ ശബ്ദമുയർത്തി
നിങ്ങൾ ബധിരരായി.

ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ
മറുകര പറ്റാൻ തോണിയേറി,
ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു
നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു.
എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ?
ഇല്ല
ഉണ്ണാൻ
ഉടുക്കാൻ
കിടക്കാൻ
രമിക്കാൻ
എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട്
പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം
സമയം വിലപ്പെട്ടതാണ്
ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ
പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം
കേട്ടെന്നു നടിക്കേണ്ട.
പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു
മുൾപ്പടർപ്പുകൾ എരിവെയിൽ വേദന
വേട്ടയാടാൻ എന്നെയും.

 

 ആദില ഹുസൈൻ .

കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി :  ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

RECENT POSTS
Copyright © . All rights reserved