സ്വന്തം ലേഖകൻ
എത്നിക് ന്യൂനപക്ഷങ്ങളെ കോവിഡ് 19 കൂടുതലായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. യുകെയിലെയും സമാനമായ മറ്റ് രാജ്യങ്ങളിലെയും രോഗികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിതീകരിച്ചത്. ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വിഭാഗം ഉടൻ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടും. വൈറസ് കൂടുതലായി ബാധിക്കുന്നത് എത്തരക്കാരെയാണെന്ന് പഠനം നടന്നിരുന്നു, അതിനനുസരിച്ച് ചികിത്സ നൽകാനും രോഗവ്യാപനം തടയാനും വേണ്ടിയായിരുന്നു ഇത്. ഇത്തരക്കാരെ കൂടുതൽ ശ്രദ്ധിക്കണം എന്ന സന്ദേശമാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്ന് പ്രൊഫസർ വിറ്റി പറഞ്ഞു. ഇതിനെപ്പറ്റി കൂടുതൽ പഠനം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എത്നിക് ന്യൂനപക്ഷങ്ങളെ വൈറസ് കൂടുതലായി ബാധിക്കുന്നു എന്നതിനെപ്പറ്റി എല്ലായിടത്തും കൃത്യമായ തെളിവുകൾ ഇല്ല.

ഇംഗ്ലണ്ടിലും വെയിൽസിലും നോർത്തേൺ അയർലൻഡിലും ഐസിയുവിൽ അഡ്മിറ്റ് ചെയ്ത 3,300 ഓളംരോഗികളിൽ, 30 ശതമാനം പേർ ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ്. ഈ കണക്ക് പ്രകാരം പൂർണ്ണമായ ഒരു നിഗമനത്തിൽ എത്താൻ കഴിയില്ല. മറ്റ് സ്ഥലങ്ങളിലെ കണക്കുകൾ കൂടി പരിശോധിക്കേണ്ടിവരും. ലണ്ടനിൽ ജീവിക്കുന്ന 40 ശതമാനത്തോളം ആളുകൾ എത്നിക് ന്യൂനപക്ഷമാണ്. എന്നാൽ പ്രൊഫസർ കുന്തിയുടെ അഭിപ്രായത്തിൽ മറ്റ് വസ്തുതകൾ കൂടി പരിശോധിക്കേണ്ടിവരും. രോഗികളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ, തൊഴിൽ, വിശ്വാസങ്ങൾ, തിങ്ങി പാർക്കുന്ന പാർപ്പിട വ്യവസ്ഥ, പൂർണ്ണമായി സെൽഫ് ഐസൊലേഷനിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട്, ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയവ മൂലവും, ഇവർക്കിടയിൽ രോഗവ്യാപനം സാധാരണമാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ കണക്കുകൾ പ്രകാരവും ന്യൂനപക്ഷങ്ങൾ കൂടുതൽ രോഗബാധിതരാകുന്നു എന്നത് ആശങ്കവഹമാണ്. ചിക്കാഗോവിൽ കൊറോണ ബാധിച്ച 70% പേർ എത്തിനിക് ന്യൂനപക്ഷമായിരുന്നു.

അതേസമയം പ്രായമായവരെയും ദുർബലരെയും പരിപാലിക്കുന്ന കെയർ ഹോമുകളിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. അവിടുത്തെ അന്തേവാസികൾ രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവരാണ് എന്നതാണ് കാരണം. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്ക് പ്രകാരം ഏപ്രിൽ 10 വരെയുള്ള ഒരാഴ്ച കെയർ ഹോമുകളിലെ മരണസംഖ്യ 1000 എത്തിയിരുന്നു. അതേസമയം വൈറസ് ബാധ മൂലം മാത്രമല്ല ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും, മറ്റു രോഗങ്ങളും മരണകാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി ചികിത്സ ലഭിച്ചുകൊണ്ടിരുന്ന പലർക്കും ചികിത്സ മുടങ്ങിയ ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെയർ ഹോമുകളിൽ ഉള്ളവർ ചികിത്സയ്ക്കും മറ്റുമായി പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്, ഇത് രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നു എന്നുമാത്രമല്ല മറ്റ് രോഗങ്ങളോ പ്രായാധിക്യമോ ഉള്ള വ്യക്തികൾക്ക് കൊറോണ ബാധിച്ചാൽ ഫലപ്രദമായി ചികിത്സിച്ച് മാറ്റാൻ കഴിയില്ല.
ഡർബി: യുകെ മലയാളി കുടുംബങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ദുഷ്ക്കരമായ പാതയിൽ കൂടിയാണ്. ഒരു മരണം നടന്നാൽ അതിൽ പങ്കെടുക്കാൻ പോലും നിർവാഹമില്ലാത്ത ഒരു സാമൂഹിക അവസ്ഥ.. ഒരു കൂട്ടുകാരൻ, സഹപ്രവർത്തകൻ.. വേണ്ട അത് അമ്മയാകാം അച്ഛനാകാം, ഭാര്യയാകാം, ഭർത്താവ്, മക്കൾ ആകാം… തന്റെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നുള്ള് മണ്ണിടുവാൻ പോലും ഉള്ള അവസരം വെട്ടിച്ചുരുക്കിയ കൊറോണ എന്ന വൈറസ് … ഇതിനെല്ലാം നടുവിൽ ആണ് ഡെർബിയിൽ നിര്യാതനായ സിബി മോളെപറമ്പിൽ മാണിയുടെ ശവസംസ്ക്കാരം ഇന്ന് നടന്നത്.
മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ 9.45 നു തന്നെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. ഏകദേശം നാൽപത് മിനിട്ടാണ് വീട്ടിലുള്ള പ്രാർത്ഥനയ്ക്കായി എടുത്തത്. യുകെയിലെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സമയക്രമം പോലും പാലിച്ചുകൊണ്ടാണ് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കിയത്. മാർ ബസേലിയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഡെർബിയുടെ ചുമതല വഹിക്കുന്ന ഫാദർ സിജു വർഗീസ് കൗങ്ങമ്പിള്ളിൽ ആണ് നേതൃത്വം നൽകിയത്.
തുടർന്നുള്ള ചടങ്ങുകൾക്കായി ഡെർബിയിൽ നിന്നും കുറച്ചകലെയുള്ള നോട്ടിങ്ഹാം റോഡ് സെമെട്രിയിൽ പതിനൊന്ന് മണിയോടെ എത്തിച്ചേർന്നു. പതിനൊന്നരയോടെ സെമെട്രിയിലെ ശവസംക്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ ബോഡി കൊണ്ടുപോകാൻ ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതിന് ശ്രമിച്ചില്ല. എന്നാൽ നാട്ടിൽ ഉള്ളവരുടെ ബന്ധുക്കളുടെ വിഷമതകൾ ഒരുപരിധി വരെ കുറയ്ക്കുവാൻ ശവസംസ്ക്കാര ചടങ്ങുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തത് സഹായിച്ചു.
1970 തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള വടകരയിൽ മോളെപ്പറമ്പിൽ MR & MRS മാണി സ്‌കറിയയുടെ മകനായി ജനനം. സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഇടവകാംഗം. ഒരു സഹോദരി മാത്രമാണ് സിബിക്ക് ഉള്ളത്, പേര് സിനി. ഉഴവൂർ കോളേജിൽ വിദ്യാഭ്യസം പൂർത്തിയാക്കിയ സിബി പിന്നീട് മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫർമസിയിൽ ഉന്നത ബിരുദം കരസ്തമാക്കി.
ജീവിത യാത്രയിൽ സിബിയുടെ ജീവിത പങ്കാളിയായി അങ്കമാലിക്കാരി അനു വർക്കി കടന്നുവന്നു. സിബിയുടെയും അനുവിന്റെയും സ്വപനങ്ങൾക്ക് ചിറകുകൾ നൽകി ജോൺ സക്കറിയ, മാർക്ക് സക്കറിയ എന്നീ രണ്ട് ആൺ കുട്ടികൾ. കുടുംബ ജീവിതത്തിലെ തിരക്കുകൾ ഉള്ളപ്പോഴും നാട്ടിലെ സാമൂഹിക, സാമുദായിക മണ്ഡലത്തിൽ ഒരു ക്രിയാത്മക വ്യക്തിയായി നിലകൊണ്ടിരുന്നു പരേതനായ സിബി മാണി. എപ്പോഴും ചെറു പുഞ്ചിരിയോടെ കൂടി ഇടവക പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന സിബി എല്ലാവരുടെയും ഇഷ്ടകഥാപാത്രമായിരുന്നു.
യുകെയിൽ വന്നശേഷവും താൻ ചെയ്‌തു വന്ന പ്രവർത്തികൾ സമൂഹത്തിനായി ചെയ്യുന്നതിൽ കുറവ് വരുത്തിയിരുന്നില്ല. ഡെർബിയിലെ മലയാളികളുടെ പ്രിയപ്പെട്ട സിബിക്ക് കൊറോണ വൈറസ് ബന്ധിച്ചപ്പോഴും ഒരാളും ഇത്തരമൊരു ദുരന്തം മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
അങ്ങനെ യുകെയിലെ മലയാളികളുടെ ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് സിബി മരണപ്പെടുന്നത്.
ഇദ്ദേഹത്തിന് കാർഡിയാക് അറസ്ററ് ഉണ്ടായതാണ് മരണത്തിന് കാരണമായത്. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്.[ot-video][/ot-video]
ഷിബു മാത്യൂ
മുത്ത് രത്ന്നക്കര. അധികമാരും കേള്‍ക്കാത്ത ഒരു സ്ഥലം. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും അടുത്തുള്ള സ്ഥലമാണിത്. ത്രിശ്ശിവപേരൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും ഈ സ്ഥലം ഏതെന്ന്. ജീവിതം പച്ച പിടിപ്പിക്കാന്‍ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയും അതിനോട് ചേര്‍ന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കൊടുക്കുന്ന ഒരു കാസറ്റ് കടയും. സാങ്കേതീകവിദ്യ വളരാന്‍ തുടങ്ങിയ കാലത്ത് ആകാശവാണി ആധുനികതയ്ക്ക് വഴിമാറികൊടുത്തപ്പോള്‍ അത് സന്ദര്‍ഭമാക്കി പാട്ടുകള്‍ കാസറ്റില്‍ റിക്കോര്‍ഡ് ചെയ്ത് വില്ക്കാനാരംഭിച്ചു. ഇന്നത്തെപ്പോലയല്ല അന്ന്. റിക്കോര്‍ഡ് ചെയ്ത് തീരുന്ന സമയം മുഴുവനും റിക്കോര്‍ഡ് ചെയ്യുന്ന പാട്ടുകള്‍ കേട്ടിരിക്കണം. ശ്രുതിയും താളവും തെറ്റാതെ എന്നു പറയുന്നതുപോലെ തന്നെ കാസറ്റ് വലിയുന്നുണ്ടോ കറന്റ് പോകുന്നുണ്ടോ എന്ന് കാത്തിരിക്കണം. മൂന്ന് വര്‍ഷം കട നടത്തി. റിക്കോര്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രുതിയും താളവും പഠിച്ചു. ശ്രീക്കുട്ടന്റെ ഭാഷയിയില്‍ പറഞ്ഞാല്‍ സംഗതിയും ടെമ്പോയും.. കാസെറ്റ് കടയാണെന്റെ ഗുരു.
സംഗീതത്തില്‍ ഇതാണ് ആകെയുള്ള എന്റെ സമ്പത്ത്.
യോര്‍ക്ഷയര്‍ സംഗീതം.
ഷൈന്‍ കള്ളിക്കടവില്‍.
യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറില്‍ സംഗീതം പഠിക്കാതെ, സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാതെ, റിക്കോര്‍ഡ് ചെയ്തു കൊടുത്ത പതിനായിരക്കണക്കിന് പാട്ടുകളുടെ ബലത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടി കഴിവ് തെളിയ്ച്ച തൃശ്ശൂര്‍ക്കാരന്‍. മലയാളികള്‍ക്കഭിമാനം. മലയാളത്തോടൊപ്പം തമിഴും തെലുങ്കും ഹിന്ദിയും പഞ്ചാബിയുമൊക്കെയുണ്ട്. ഇതില്‍ ജാതിമത ഭേതവ്യത്യാസങ്ങള്‍ ഒന്നുമില്ല. വിശുദ്ധ കുര്‍ബാനയുള്‍പ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ ഇതില്‍ പ്രധാനമാണ്.
മുത്ത് രത്ന്നക്കര കള്ളിക്കടവില്‍ വിശ്വംഭരന്‍ ഷൈമാവതി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷൈന്‍. ഇളയത് സഹോദരി ഷെന്‍സി. അച്ഛന്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും അമ്മ ഹിന്ദി അദ്ധ്യാപികയും. ഒരു സാധാരണ കുടുംബം എന്നതിലപ്പുറം സംഗീതവുമായി യാതൊരു ബന്ധവും പാരമ്പര്യമായി ഇവര്‍ക്കില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ‘തുകിലുണരൂ.. തുകിലുണരൂ.. എന്ന ഗാനം യുവജനോത്സവത്തില്‍ പാടി. രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പിന്നീടൊന്നും നടന്നില്ല. കൊളേജില്‍ പഠിക്കുന്ന കാലത്ത് പാട്ടുകള്‍ പാടിയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാട്ടില്‍ ‘മരണഫണ്ട് ‘ എന്ന ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷ വേളയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ പഴയകാല ഗാനങ്ങളുടെ ട്രാക്കുകളോടൊപ്പം ചില ഗാനങ്ങളില്‍ പാടിയിരുന്നു. ഇതൊക്കെയാണ് സംഗീത ലോകത്തെ ഷൈനിന്റെ മുന്‍കാല പരിചയം.
2006 ല്‍ യുകെയിലെത്തിയ ഷൈന്‍
2010 ടെയാണ് സംഗീത ലോകത്തിലേയ്ക്ക് തനതായ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. യോര്‍ക്ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈന്‍ അക്കാലത്ത് ഗാനമേളകളില്‍ തിളങ്ങി നിന്ന വേല്‍മുരുകാ… ഹരോ ഹരാ.. എന്ന ഗാനം പാടി യുകെ മലയാളികളുടെ ഹൃദയം കവര്‍ന്നുതുടങ്ങി. സംഗീത ലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നു അത്. തുടര്‍ന്ന് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയില്‍ പാടി തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയിലൂടെ യുകെയിലെ പല പ്രമുഖ സ്റ്റേജിലും പാടി. സ്‌കോട്‌ലാന്റിലും വെയില്‍സിലും ലണ്ടണിലുമൊക്കെ ഷൈന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മുന്നോറോളം സ്റ്റേജുകളില്‍ ഇതിനോടകം പാടി.
ഗാനമേളകളില്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് ആസ്വാദനത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മറുപടി. യുകെയിലെ പ്രമുഖ നഗരമായ
സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടിയപ്പോള്‍ പാട്ടിനിടയ്ക്ക് മൈയ്ക് പിടിച്ചു വാങ്ങിയ ഒരു ആസ്വാദനകനും എനിക്കുണ്ട്. അതും മറ്റൊരു തരത്തില്‍ പ്രതികരണമാണല്ലോ?? ഷൈന്‍ പറയുന്നു.
അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മലയാളം യുകെ ന്യൂസിന്റെ എക്‌സല്‍ അവാര്‍ഡ് ദാന ചടങ്ങിലും രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മാഞ്ചെസ്റ്ററിലെ ഫോറം സെന്ററില്‍ നടന്ന ചാരിറ്റി ഈവെന്റിലും പാടാന്‍ അവസരം ലഭിച്ചത്ത് സംഗീതം പഠിക്കാത്ത തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ഷൈന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ ഇതിനോടകം ഷൈന്‍ പാടി. മൂവായിരത്തോളം ട്രാക്കുകള്‍ ഷൈനിന്റെ കൈവശമുണ്ട്. ബാക്കിയുള്ള ട്രാക്കുകളോടൊപ്പവും പാടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ക്ലാസിക്കല്‍ സംഗീതമാണ്. ഒരു കാലഘട്ടത്ത് തിളങ്ങി നിന്ന ഗാനങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പുതുതായി ഒന്നും ജനിക്കുന്നുമില്ല. അതിനുള്ള അവസരം മലയാള സിനിമ ഒരുക്കി കൊടുക്കുന്നില്ല. മലയാള സിനിമയില്‍ നിന്നാണല്ലോ എല്ലാ ഗാനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഷൈന്‍ ചോദിക്കുന്നു.
ഭാസേട്ടനും ചിത്രയുമാണ് ഷൈനിന്റെ ഇഷ്ട ഗായകര്‍. പക്ഷേ, എം. ജി. ശ്രീകുമാറിന്റെ ഗാനങ്ങളാണ് ഷൈന്‍ പാടുന്നതിലധികവും. പാടാനെളുപ്പമുള്ള ഗാനങ്ങളാണ് എം. ജി. ശ്രീകുമാറിന്റെതെന്ന് ഷൈന്‍ അവകാശപ്പെടുന്നു.
യുകെയിലുള്ള മറ്റ് മലയാളി ഗായകരെക്കുറിച്ചു ചോദിച്ചപ്പോള്‍??
ഗായകരെക്കൊണ്ട് അനുഗ്രഹീതമാണ് ബ്രിട്ടണ്‍.
ധാരാളം ഗായകരുണ്ട്. എല്ലാവരും നന്നായി പാടുന്നു.
പക്ഷേ, പഴയകാല ഗാനങ്ങളോടാണ് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താല്പര്യം. ഗാനമേളകളില്‍ പാടുമ്പോള്‍ പഴയ കാല ഗാനങ്ങള്‍ പാടാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ പാടിയ ഗാനം വീണ്ടും പാടേണ്ടി വന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് : അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…, ആമ്പല്‍പ്പൂവേ… അണിയും പൂവെ… നീയറിഞ്ഞോ…, ആയിരം പാദസരങ്ങള്‍ കിലുങ്ങി… തുടങ്ങിയ ഗാനങ്ങള്‍ പല സ്ഥലത്തും വീണ്ടും പാടേണ്ടി വന്നിട്ടുണ്ട്.
പുതിയ തലമുറയുടെ ട്രെന്റ് എന്താണ്. പഴയ കാല മലയാള സിനിമാ ഗാനങ്ങളൊടുള്ള അവരുടെ സമീപനം എന്താണ്?
തലമുറകളുടെ അന്തരം അവര്‍ക്കുണ്ട് ഉണ്ട്. ഭാഷ വ്യക്തമായി അറിയാത്തതുകൊണ്ടോ, സാഹചര്യവുമായി ജീവിക്കാത്തതു കൊണ്ടോ, എന്താണെന്നറിയില്ല. മലയാള സിനിമാ ഗാനങ്ങളോട് കേരളത്തിന് പുറത്തുള്ള പുതിയ തലമുറയ്ക്ക് അത്ര താല്പര്യമില്ല.
കുടുംബത്തേക്കുറിച്ച് ചോദിച്ചപ്പോള്‍…
ഷൈന്‍ ഇപ്പോള്‍ റോയല്‍ മെയിലിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ റെനി കയ്പ്പറമ്പില്‍. ബ്രാഡ് ഫോര്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളാണ്. മൂത്തത് മോള്‍ ഐശ്വര്യ ഷൈന്‍. മെഡിസിന് പഠിക്കുന്നു. മോന്‍ ആദിത്യ ഷൈന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഐശ്വര്യ അത്യാവശ്യം പാടും. ഇതാണ് ഷൈനിന്റെ കുടുംബം.
സംഗീതം പഠിക്കാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഷൈനിന്റെ കൈയ്യില്‍ മൂവായിരത്തോളം ഗാനങ്ങളുടെ ട്രാക്കുകളുണ്ട്. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതായ്ച്ചു കൊടുക്കാന്‍ തയ്യാറാണ് എന്ന് ഷൈന്‍ പറയുന്നു.
സംഗീതം പഠിക്കാതെ ഒരു അനുഗ്രഹീത ഗായകന്‍…
മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍….
പ്രേക്ഷകര്‍ ആസ്വദിച്ച ഗാനരംഗങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/350448885157962/
https://www.facebook.com/shibu.mathew.758737/videos/347951528741031/
https://www.facebook.com/shibu.mathew.758737/videos/210077579195094/
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടനിലെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോർ മുഖത്തെ പടയാളികളായ മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആരോഗ്യ പ്രവർത്തകരെ അലട്ടുന്ന പ്രധാന പ്രശ്നം ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. അതുകൊണ്ടുതന്നെയാണ് എൻ എച്ച് എസ് ജീവനക്കാർ പലരും കോവിഡ് – 19ന് കീഴടങ്ങി മരണം വരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതുവരെ നൂറോളം എൻഎച്ച്എസ് ജീവനക്കാരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ദുരവസ്ഥയിലാണ്. ബ്രിട്ടനിൽ നിന്നും ജർമനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചുകൊടുക്കപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന പല കമ്പനികളും തങ്ങളുടെ സഹായവാഗ്ദാനം ഗവൺമെന്റ് അവഗണിച്ചുവെന്നും അതിനാൽ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്ത് വിൽക്കുകയല്ലാതെ മാർഗമില്ലെന്നും അറിയിച്ചതായി വാർത്ത വന്നിരുന്നു .

യുകെയിലെ ആശുപത്രികൾ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സർക്കാർ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് പ്രസ്തുത സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. കോവിഡ് – 19ന്റെ ഭീകരത കെട്ടടങ്ങിയാലും സർക്കാർ തലത്തിലുള്ള ഈ വീഴ്ച വൻ പ്രതിഷേധം വിളിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ജോലി ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കേണ്ടിവരുമെന്ന് എൻഎച്ച്എസ് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ഒരുപ്രാവശ്യം ഉപയോഗിക്കാൻ പാകത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ പുനരുപയോഗിക്കാൻ നൽകിയ നിർദ്ദേശം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കൊറോണ രോഗികളെ ശുശ്രൂഷിക്കേണ്ടി വരുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ബ്രിട്ടൻ കഠിന ശ്രമം നടത്തുകയാണ്. അതിന്റെ ഫലമായി ഇപ്പോൾ വാക്സിൻ പരീക്ഷിക്കാനും രാജ്യം ഒരുങ്ങുന്നു. കൊറോണ വൈറസ് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഈ വാക്സിൻ വിജയിക്കാൻ 80% സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ ടീമുകൾക്ക് ആവശ്യമായതെല്ലാം നൽകുമെന്ന് ആരോഗ്യ സെക്രട്ടറി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും “ഈ പ്രക്രിയയെക്കുറിച്ച് ഒന്നും ഉറപ്പില്ല” എന്നും അദ്ദേഹം പറയുന്നു. ഓക്സ്ഫോർഡ് ട്രയലിനും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പരീക്ഷണത്തിനും കുറഞ്ഞത് 20 മില്യൺ പൗണ്ട് പൊതു പണം ലഭിക്കുമെന്ന് ഹാൻകോക്ക് സർക്കാരിന്റെ പ്രതിദിന മീറ്റിംഗിൽ പറഞ്ഞു. ട്രയൽ പൂർത്തിയാകുന്നതിന് മുമ്പ് ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്. സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ അയയ്ക്കാൻ അവർ തയ്യാറാണ്. വാക്സിൻ വികസിപ്പിക്കുന്നതിൽ ഇരു ടീമുകളും അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്നും ഹാൻകോക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കൊറോണ വൈറസിന്റെ ഒരു ഭാഗം വഹിക്കാൻ ജനിതകമായി രൂപകൽപ്പന ചെയ്ത നിരുപദ്രവകരമായ ചിമ്പാൻസി വൈറസിൽ നിന്നാണ് ChAdOx1 nCoV-19 എന്നറിയപ്പെടുന്ന വാക്സിൻ ഓക്സ്ഫോർഡ് നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ ഉണ്ടാക്കുന്നതിനായി യുകെയിലെ നിർമ്മാതാക്കളുമായും വിദേശത്ത് നിരവധി പേരുമായും ഇതിനകം ഡീലുകൾ നടത്തിയിട്ടുണ്ട്. മെയ് പകുതിയോടെ 500 പേർ വരെ ട്രയലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീമിലെ പ്രൊഫസർ സാറാ ഗിൽബർട്ട് പറഞ്ഞു. ഓക്സ്ഫോർഡ്, സതാംപ്ടൺ എന്നിവിടങ്ങളിൽ ആണ് ട്രയൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് മൂന്നിടങ്ങൾ കൂടി കൂട്ടിച്ചേർക്കും. അതേസമയം, ലണ്ടൻ ഇംപീരിയൽ കോളേജ് ടീം ഫെബ്രുവരി മുതൽ മൃഗങ്ങളിൽ വാക്സിൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 70 ലധികം വാക്സിനുകൾ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പം മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി യുകെയും മാറും. പിപിഇ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും ഹാൻകോക്ക് ഇന്നലത്തെ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെ ആശുപത്രികളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 828 മരണങ്ങൾ ഇന്നലെ ഉണ്ടായി. ആകെ രേഖപ്പെടുത്തിയ ആശുപത്രി മരണങ്ങൾ ഇപ്പോൾ 17,337 ആണ്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ ഇതിലും ഉയർന്ന മരണസംഖ്യയാണ് കാട്ടുന്നത്. 4301 ആളുകൾക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 129,044 ആയി ഉയർന്നു. ഏപ്രിൽ 10 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആശുപത്രികൾക്ക് പുറത്ത് 1,662 പേർ മരിച്ചു. കെയർ ഹോമുകളിൽ 1,043 മരണങ്ങളും ഉണ്ടായി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ ഓഫീസിൽ തിരിച്ചെത്തി. തിരിച്ചുവരവിന്റെ തുടക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ കോളിലൂടെ. തന്റെ മോശം അവസ്ഥയിൽ തന്നെ സഹായിച്ച അമേരിക്കൻ പ്രസിഡണ്ടിന് അദ്ദേഹം നന്ദി പറഞ്ഞു. ഇതോടൊപ്പം തന്നെ യുകെ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. രോഗം നേരിടുവാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇരുവരും ഉറപ്പുനൽകി. രോഗം നേരിടുവാൻ ജി -7 രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വ്യാപാര കരാറിൽ ഏർപ്പെടുവാനും തീരുമാനമായി. ഈയാഴ്ച അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്ഞിയുമായി ഫോൺ സംഭാഷണം നടത്തും. ഓഫീസിൽ എത്തിയ ഉടനെ തന്നെ അദ്ദേഹം മന്ത്രിമാരുമായും ഫോൺ സംഭാഷണത്തിലേർപ്പെട്ടു. കൊറോണ വൈറസിനെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

കാനഡയിൽ നടന്ന വെടിവെപ്പിൽ ഉള്ള ദുഃഖം അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചു. കൊറോണ ബാധയെത്തുടർന്ന് ബോറിസ് ജോൺസൺ രണ്ടാഴ്ചയോളമായി ഐസിയുവിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ആയിരുന്നു ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
രോഗമെന്തെന്ന് ആധുനിക ശാസ്ത്രം അറിയും മുമ്പ് മനുഷ്യന് മാത്രമല്ല സസ്യ ലതാദികൾക്കും മൃഗങ്ങൾക്കും ആരോഗ്യരക്ഷയും രോഗ ചികിത്സയും നിർദേശിച്ച ഭാരതീയ ആരോഗ്യ ശാസ്ത്രം ആണ് ആയുർവ്വേദം.
ലോകം ഇന്നു വരെ കണ്ടിട്ടില്ലാത്ത വിധം ഭയപ്പെട്ട മഹാമാരിയായി കോവിഡ് 19 മാറിക്കഴിഞ്ഞു . അതിജീവന ശേഷി നേടിയ, ജനിതക മാറ്റം വന്ന കൊറോണ വൈറസുകൾ മൂലം ശ്വസന പഥത്തിൽ വീക്കം ഉണ്ടാക്കി അതിവേഗം മരണകാരണം ആകുന്ന രോഗം.
ജ്വരം എന്നാണ് ആയുർവേദത്തിൽ പനിക്ക് പറയുന്നത്. പനിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഷഡംഗ പാനീയം ആണ് നിദ്ദേശിക്കുന്നത്. ലഭ്യത വെച്ചു ചുക്കും കുരുമുളകും ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആശ്വാസം നൽകും. ചൂട് വെള്ളം, ചൂട് കഞ്ഞി, കായവും വെളുത്തുള്ളിയും കുരുമുളകും ഒക്കെ ചേർന്ന രസം എന്നിവ എല്ലാം പനിയുടെ ആദ്യ ദിവസങ്ങളിൽ ഉപയോഗിക്കുക.ആവി പിടിക്കുന്നതും, ചൂട് വെള്ളം കൊണ്ട് വായും മുഖവും കഴുകുന്നതും നന്ന്. തണുത്തവ ഒന്നും ഉപയോഗിക്കാൻ പാടില്ല. പകൽ ഉറങ്ങാതിരിക്കുക. ഇവ പനിയുടെ തീവ്രത കുറക്കാൻ സഹായിക്കും

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഷിബു മാത്യൂ.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ സിനിമാ ഗാനത്തിനും കഴിയും
എന്നതിന് തെളിവാണ് ഇപ്പോള്‍ യൂ ടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന സിനിമാ ഗാനം. വ്യത്യാസം ഒന്നു മാത്രം. സിനിമയുടേതുപോലെ സാങ്കല്പികമായ ഒരു പശ്ചാത്തലമല്ല പാട്ടിലും നാട്ടിലും അതുപോലെ പാടിയവര്‍ക്കും.

ഫാ. വില്‍സണ്‍ മേച്ചേരില്‍
‘പിയാത്ത. ‘ മാതാവിന്റെ മടിയില്‍ ലോക രക്ഷകന്റെ മുറിവേറ്റ ശരീരം. മരണശേഷവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന പരിശുദ്ധ അമ്മയുടെ മുഖം ഓര്‍മ്മിക്കാത്ത ഒരാളും ഈ ഭൂമിയില്‍ ഉണ്ടാവില്ല. അമ്മയുടെ മുഖമാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ ഉറവിടവും പശ്ചാത്തലവും. കോവിഡ് 19 ലോകത്തിനെ കാര്‍ന്നുതിന്നുമ്പോള്‍ ആതുരസേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഒരു വലിയ സമൂഹം മരണത്തിന്റെ മുമ്പില്‍ പതറാതെ നില്‍ക്കുന്നു. പരിശുദ്ധ അമ്മയുടെ സഹനശക്തി ഇവര്‍ക്കൊരു പ്രചോതനമാകും എന്ന് ആഴത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ പ്രശസ്ത സംഗീതജ്ഞന്‍
ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBSലിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പം ഇതിനോടകം തന്നെ ലോക മലയാളികളുടെ ഇടയില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് അതിന്റെ ഭീകരത പുറത്തെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷിനറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ഒപ്പം ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ SH ഉം ഈ ഗാനത്തിന്റെ അണിയറയില്‍ ശക്തമായ പിന്തുണയുമായി കൂടെനിന്നവരാണ്. പല രാജ്യങ്ങളില്‍ നിന്നുമായി മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി. പാടിയവരില്‍ കോവിഡ് 19 ബാധിച്ചവരും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആദ്ധ്യാത്മീകതയുടെ ഒരു പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തി പത്തൊമ്പതില്‍ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി. ഈ

ഫാ. ജിനോ അരീക്കാട്ട്
ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്താണ് സിനിമയില്‍ ഉപയോഗിച്ച ട്രാക്ക് ഈ സംരഭത്തിനായ് ആയ്ച്ചു തന്നത്.
ആരാധികേ.. എന്നു തുടങ്ങുന്ന ഗാനം ഈ സംരംഭത്തിന് തിരഞ്ഞെടുത്തത്ത്
ഫാ. വില്‍സനാണ്. അതിലെ ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ മടിയിലേയ്ക്ക് ഈശോയുടെ ശവശരീരം കിടത്തിയപ്പോള്‍ അത്രയേറെ ശ്രദ്ധയോടെ അമ്മ പൊതിഞ്ഞ് പിടിക്കുവാനുള്ള കാരണം ‘ അതിനാല്‍ തീരേണ്ടതല്ല ‘ എന്ന ചിന്ത പരിശുദ്ധ അമ്മയ്ക്ക് ഉള്ളതുകൊണ്ടായിരുന്നു. പിയാത്ത എന്ന ചിന്ത നമ്മുടെ നഴ്‌സുമാരുടെ

അടുക്കലേയ്ക്ക് വരുമ്പോള്‍ അത്രയേറെ ശ്രദ്ധയും പരിഗണനയും കൊടുക്കേണ്ട ഒരാളാണ് എന്റെ മുമ്പില്‍ കിടക്കുന്നത്. മരണം കൊണ്ടു തീരേണ്ട ഒരു ശരീരമല്ല എന്നൊരു ചിന്ത ഒരു നഴ്‌സിന് ഉണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന വ്യതിയാനം. അത് രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റം. ഈ ആദ്ധ്യാത്മികമായ ചിന്തയാണ് ലോകം അറിയപ്പെടുന്ന സംഗീതജ്ഞനായ
ഫാ. വില്‍സനെ ഇതുപോലൊരു സംരഭത്തില്‍ എത്തിച്ചത്.
ശ്രുതിയും താളവും തെറ്റാതെ ഭൂമിയിലെ മാലാഖാമാര്‍ പാടിയപ്പോള്‍ അവരോടൊപ്പം പാടാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണ്
ഫാ. വില്‍സണ്‍. ഇതിന്റെ എഡിറ്റിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ആദര്‍ശ് കുര്യനും പ്രദീപ് ടോമുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും
വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലും ഈ ഗാനം പാടുവാനെത്തിയവര്‍ക്ക്
ഫാ. വില്‍സണ്‍ മേച്ചേരില്‍ പ്രത്യേകം നന്ദി പറഞ്ഞു.
യുടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ പൂര്‍ണ്ണരൂപം . താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.
തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.
എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ…
ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…
ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ. എലേന, എഡ്വേർഡ്, എൽമിയ.
നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.
(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )
വീഡിയോ കാണാം
സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്, ഡയാന്‍.
എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.
അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.