Main News

ജൂൺ 12 ന് നടക്കേണ്ടിയിരുന്ന മാത്‌സ് എ ലെവൽ പരീക്ഷയുടെ രണ്ട് ചോദ്യങ്ങൾ തലേ ദിവസം ചോർന്നതായി പരീക്ഷാബോർഡ് പറഞ്ഞു. “ഇന്നത്തെ ചോദ്യപേപ്പറിലേത് “എന്ന് അവകാശപ്പെട്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചോദ്യങ്ങളെ കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച വൈകുന്നേരം പ്രത്യക്ഷപ്പെട്ട വിവാദപരമായ ട്വീറ്റിൽ ചില ചോദ്യങ്ങൾ കാണാവുന്ന രീതിയിലും ബാക്കിയുള്ളവ കറുപ്പിച്ച നിലയിലുമായിരുന്നു.

നിങ്ങൾക്ക് നാളെ നടക്കാനിരിക്കുന്ന ലെവൽ ഗണിത സ്റ്റാറ്റസ് മെക്കാനിക്സ് 3 ചോദ്യപേപ്പർ വേണമെങ്കിൽ “എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. പോസ്റ്റിട്ട അക്കൗണ്ട് ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടു എങ്കിലും മുഴുവൻ ചോദ്യപേപ്പറിന് ആയി 70 പൗണ്ട് നൽകാൻ തയ്യാറുള്ളവർ ബന്ധപ്പെടുക എന്നും പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു. അനധികൃതമായി ഒരു വ്യക്തി ചോർത്തിയ ചോദ്യപേപ്പർനെ കുറിച്ച് ഉത്തമബോധ്യം ഉണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സാം ബോർഡിനെ പ്രതിനിധികരിച്ചു പിയേഴ്സൺ വാർത്താകുറിപ്പിൽ പറഞ്ഞു . ചോദ്യപേപ്പർ ചോർച്ച ആരെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കരുതെന്നും അതിനാൽ ചോദ്യപേപ്പർ പിൻവലിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 5 നും 12 നും നടക്കാനിരുന്ന പരീക്ഷകൾക്കെതിരെ പ്രതിഷേധിച്ചു രണ്ട് പരാതികൾ ഫയൽ ചെയ്തു കഴിഞ്ഞു. എന്നാൽ രണ്ടാമത് നടത്തിയ പരീക്ഷ കടുപ്പമേറിയതായിരുന്നു എന്നും പാഠപുസ്തകങ്ങളിലോ അനുബന്ധ പഠനസഹായികളിലോ കണ്ടിട്ടില്ലാത്ത ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. രണ്ടുവർഷംകൊണ്ട് തങ്ങൾ കഷ്ടപ്പെട്ട് പഠിച്ചതെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതായിരിക്കുകയാണ് എന്നും, ഉപരിപഠനത്തിന് ചേരാം എന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു.

ചോദ്യത്തിന് ഉത്തരം എഴുതിയത് അനുസരിച്ചു മാത്രമേ മാർക്ക് ലഭിക്കുക ഉള്ളു എന്നതിനാൽ ഇത്രയും കടുപ്പമേറിയ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം എഴുതാൻ സാധിക്കാത്തതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരാണ്. മിക്ക വിദ്യാർത്ഥികളും തങ്ങളുടെ ഫൈനൽ റിസൾട്ടിനെക്കുറിച്ചു ആശങ്കാകുലരാണ് എന്ന് അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

ആരോഗ്യ മേഖലയിൽ ആശങ്ക ഉളവാക്കി വീണ്ടും ലിസ്റ്റീരിയ മരണങ്ങൾ. ലിസ്റ്റീരിയ രോഗം ബാധിച്ച രണ്ടു പേർ കൂടി മരണപ്പെട്ടു എന്ന് റിപ്പോർട്ടുകൾ. ജൂൺ 14നാണ് രണ്ടുപേർ മരിച്ചത്. ഇതോടെ ലിസ്റ്റീരിയ ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുകൾ പ്രകാരം ലിസ്റ്റീരിയ ബാധിച്ചവർ ആകെ ഒൻപത് പേരാണ്. ആശുപത്രിയിൽ നിന്നും ലഭിച്ച സാൻവിച്ചിലൂടെയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചത്. ദി ഗുഡ് ഫുഡ് ചെയിൻ ആണ്  ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവരുടെ സലാഡ് & സാൻവിച്ചിലാണ് ലിസ്റ്റീരിയ ബാക്ടീരിയ കണ്ടെത്തിയത്. ഇതുമൂലം ലഘുഭക്ഷണം ഉണ്ടാക്കുന്നത് ദി ഗുഡ് ഫുഡ് ചെയിൻ നിർത്തലാക്കിയിരുന്നു. ഇവർക്ക് ഇറച്ചി ഉൽപ്പന്നങ്ങൾ നൽകുന്നത് നോർത്ത് കൺട്രി കുക്ക്ഡ് മീറ്റ്സ് ആണ്. അതിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ലിസ്റ്റീരിയോസിസ് അഥവാ ലിസ്റ്റീരിയ, ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഒരു രോഗമാണ്. 70 ദിവസം കഴിഞ്ഞ് മാത്രമാണ് രോഗലക്ഷണങ്ങൾ കാണുക. ഗർഭിണികളായ സ്ത്രീകൾ, പ്രായംചെന്നവർ, നവജാതശിശുക്കൾ എന്നിവരെയാണ് പ്രധാനമായും രോഗം ബാധിക്കുക. ഭക്ഷണം വിഷമയമാകുന്നതിന്റെ പ്രധാന കാരണം ലിസ്റ്റീരിയ ബാക്ടീരിയയാണ്. ജലം, മണ്ണ്, താഴ്ന്ന താപനില എന്നിവയിലൊക്കെ ലിസ്റ്റീരിയ ബാക്‌ടീരിയക്ക് നിലനിൽക്കുവാനും വർദ്ധിക്കുവാനും കഴിയും. ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ കാരണമായ പ്രധാന സ്രോതസ്സുകൾ ഇറച്ചി, ചീസ്, തിളപ്പിക്കാത്ത പാൽ തുടങ്ങിയവയാണ്. പനി, ഛർദ്ദി, തലവേദന പേശികൾക്ക് ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലിസ്റ്റിരിയ രോഗത്തിന്റെ മരണനിരക്ക് വളരെ കൂടുതലാണ്.

ഏപ്രിൽ 25നാണ് ആദ്യത്തെ കേസിൽ ലക്ഷണങ്ങൾ കണ്ടത്. മെയ്‌ 25നാണ് ഭക്ഷണം ആശുപത്രിയിൽ നിന്നും നീക്കം ചെയ്ത്. എന്നാൽ ജൂൺ ഏഴിന് മാത്രമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ലിസ്റ്റീരിയ പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റി വെളിപ്പെടുത്തിയത്. ഹെൽപ്പ് ലൈൻ നൽകാൻ പി എച്ച് ഇ കൂട്ടാക്കിയില്ല എന്നും ആരോപിക്കപ്പെടുന്നുണ്ട്. മുൻ ലേബർ ഹെൽത്ത് മിനിസ്റ്റർ ബോൺ ബ്രാഡ്‌ഷോ ഇപ്രകാരം പറഞ്ഞു “ജനങ്ങൾക്ക് എല്ലാം അറിയുവാനുള്ള അവകാശം ഉണ്ട്. എൻഎച്ച്എസ് അവരുടെ നയങ്ങളെല്ലാം പുനർ പരിശോധിക്കേണ്ടിയിരിക്കുന്നു.” ജനങ്ങളെ സംരക്ഷിക്കുവാൻ നടപടി എടുത്തു കഴിഞ്ഞിരിക്കുന്നു എന്നാണ് പി എച്ച് ഇ യിലെ ഡോക്ടർ നിക്ക് ഫിൻ പറഞ്ഞത്. ലിസ്റ്റീരിയയുടെ പൊട്ടിപ്പുറപ്പെടൽ ജനങ്ങളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. രോഗം ബാധിക്കാതിരിക്കാൻ ജനങ്ങൾ പല മുൻകരുതലുകളും എടുക്കേണ്ടിയിരിക്കുന്നു. ഭക്ഷണത്തിനു മുൻപ് കൈകൾ കഴുകി എന്നുറപ്പുവരുത്തുക, ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ഇറച്ചി, കോഴി തുടങ്ങിയവ നല്ലതുപോലെ വേവിച്ചു മാത്രം കഴിക്കുക, ഫ്രിഡ്‌ജിൽ താപനില 40 ഫാരൻഹീറ്റിൽ താഴത്തെ നില നിർത്തുക തുടങ്ങിയ മുൻകരുതലുകൾ രോഗ പ്രതിരോധത്തിനായി ജനങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉടെലെടുത്തതോടെ ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് കോർബിനും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . ബ്രെക്സിറ്റിനെക്കുറിച്ചും രണ്ടാം റഫറണ്ടത്തിന്റെ സാധ്യതയെ കുറിച്ചും ജെറമി കോർബിന്റെ നേതൃത്തത്തിൽ പ്രതിപക്ഷം ചർച്ചകൾ തുടങ്ങി . യൂറോപ്യൻ ഇലക്ഷനുകളിൽ സൃഷ്ടിച്ച ശക്തമായ തരംഗങ്ങൾ നിലനിർത്താനും, പുനർ സൃഷ്ടിക്കാനും, കൂടുതൽ വോട്ടുകൾ നേടാനും കോർബിൻ അതിയായ സമ്മർദ്ദത്തിലാണ്.

 

ഇലക്ഷന് ശേഷം ബ്രക്സിറ്റിന്റെ കാര്യത്തിൽ എന്ത് ചെറിയ നീക്കം നടത്തിയാലും അതെല്ലാം പബ്ലിക് വോട്ടിംഗ് അടിസ്ഥാനത്തിലായിരിക്കും എന്ന് കോർബിൻ ഉറപ്പുനൽകുന്നു. മാത്രമല്ല നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാം റഫറണ്ടം വേണം എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ നയം.

പ്രതിപക്ഷ നേതാക്കളിൽ ഒരാൾ പറയുന്നത് കോർബിന്റെ ബ്രക്സിറ്റ് നയം പുനർവിചിന്തനം നേരിടുന്ന ഒന്നാണെന്നാണ്. അത് എന്തൊക്കെയായാലും രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളിൽ റഫറണ്ടതിനുള്ള നീക്കത്തിലാണ് അദ്ദേഹം. ബ്രക്സിറ്റ് ആണ് ഇലക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് മറ്റൊരു പ്രതിപക്ഷ അംഗവും മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. കോർബിന് ടോറി പാർട്ടി നൽകുന്ന സമ്മർദ്ദം മാത്രമല്ല ഇലക്ഷനിൽ നേരിടേണ്ടത് സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പും അദ്ദേഹത്തിന് വലിയ തലവേദനയാണ്,

ഇലക്ഷൻ നോടനുബന്ധിച്ച് ബ്രക്സിറ്റ്ന് എതിരായ ക്യാമ്പയിനിൽ മറ്റൊരു യൂറോപ്പ് സാധ്യമാണ് എന്ന മുദ്രാവാക്യം ശ്രദ്ധനേടിയിരുന്നു. ഇടത് ലേബർ പാർട്ടി എംപിമാരായ ക്ലൈവ് ലൂയിസ്, റസ്സൽ മോയിൽ തുടങ്ങിയവർ പ്രതിരോധത്തിന്റെ വേനൽക്കാലമാണ് വരാനിരിക്കുന്നത് എന്ന അഭിപ്രായം നേരത്തെ തന്നെ പങ്ക് വെച്ചിരുന്നു . ബ്രക്സിറ്റ് നെ കുറിച്ചും ലേബർ പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും പ്രതിപക്ഷ നേതാക്കൾ എല്ലാം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്

.

ഒളിമ്പിക്സ് മെഡൽ ജേതാവ് സർ മോ ഫറാഹ് ലണ്ടനിലെ തന്റെ 1.3 മില്യൺ പൗണ്ടിന്റെ ഭവനം ഉപേക്ഷിച്ചു. മക്കളെക്കുറിച്ചുള്ള അയൽക്കാരുടെ പരാതിയെ തുടർന്നാണ് ഈ നീക്കം. ഫറാഹിന്റെ മക്കൾ അയൽക്കാരുടെ വീടുകൾക്ക് നേരെ ആപ്പിളും മറ്റും എറിയുകയും അവരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.

മക്കളുടെ പ്രവർത്തികളെ കുറിച്ച് അയൽക്കാർ കൂട്ടത്തോടെ ഫറാഹിന് കത്തയച്ചു. ഫറാഹിന്റെ കുട്ടികൾ എപ്പോഴും മുറ്റത്തു ബൈക്കും സ്കൂട്ടറും ഓടിച്ചു കളിക്കുകയും ഭയങ്കരമായി ബഹളം വയ്ക്കുകയും അയല്പക്കത്തേക്കു സാധനങ്ങൾ വലിച്ചെറിയുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് മൂന്നുവർഷമായി അയൽപക്കത്ത് താമസിക്കുന്ന സെൻ ബാവോ മെയിൽ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വേറൊരു അയൽക്കാരൻ ഫറാഹിന്റെ കുടുംബത്തെ നരകത്തിലെ അയൽക്കാർ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തോട് അടുത്തുനിൽക്കുന്ന വ്യക്തികൾ അഭിമുഖത്തിൽ അറിയിച്ചു. 36കാരനായ അദ്ദേഹം യുഎസിൽ നിന്ന് രണ്ടു വർഷം മുൻപാണ് ഈ സ്ഥലത്തേക്ക് താമസത്തിനായി എത്തിയത്. നാല് കുട്ടികളാണ് അദ്ദേഹത്തിനുള്ളത്.

ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 313ൽ 114 വോട്ടുകളും നേടി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ തന്റെ കരുത്തു തെളിയിച്ചു. 43 വോട്ടുകൾ നേടിയ ജെറമി ഹണ്ട് രണ്ടാംസ്ഥാനത്തും 37 വോട്ടുകൾ നേടിയ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മൂന്നാം സ്ഥാനത്തുമാണ്. ഡൊമിനിക് റാബും സാജിദ് ജാവിദും ആണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിൽ. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യക്തമായ മുൻതൂക്കം തന്നെയാണ് ബോസ് ജോൺസന് ലഭിച്ചിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയാവാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ജോൺസൺ മാറി. മാർക്ക് ഹാർപ്പർ, എസ്ഥേർ മാക്ക്വേ, ആൻഡ്രിയ ലീഡ്സം എന്നിവർക്ക് 17 വോട്ടുകൾ നേടാനാകാത്തതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി. അങ്ങനെ 10 സ്ഥാനാർത്ഥികളിൽ നിന്നും 7 സ്ഥാനാർഥികളുടെ പോരാട്ടമാണ് നാം ഇനിയും കാണാനിരിക്കുന്നത്. ജയിക്കാൻ ആയതിൽ സന്തോഷവാനാണെന്നും പക്ഷേ ഇനിയും ഒരുപാട് പോകുവാനുണ്ടെന്നും ബോറിസ് ജോൺസൺ പറയുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ജയിക്കാനായാൽ ജൂൺ അവസാനത്തോടെ മേയുടെ സ്ഥാനം ഏൽക്കേണ്ടിവരും.

ഏഴാം സ്ഥാനത്തുള്ള റോയ് സ്റ്റെവാർട്ട് ഫലം അറിഞ്ഞപ്പോൾ തന്നെ ‘ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടം’ എന്ന് പറയുകയുണ്ടായി. ബ്രക്സിറ്റ് പ്രശ്നം നിലനിൽക്കുന്ന ഈ സമയത്ത് ജൂൺ അവസാനം എത്തുന്ന പുതിയ പ്രധാനമന്ത്രിക്ക് ഭരണത്തിന്റെ തുടക്കകാലം ദുഷ്കരമായേക്കാം. നൽകിയ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി ഒക്ടോബർ 31നിനുള്ളിൽ ബ്രക്സിറ്റ് പ്രശ്നത്തിൽ ഉചിതമായ ഒരു തീരുമാനം അദ്ദേഹത്തിന് കൈക്കൊള്ളാൻ സാധിച്ചാൽ അത് നേട്ടമായിരിക്കും. ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും ആണ് സ്ഥാനാർത്ഥികൾ നൽകുന്നത്. ബ്രിട്ടനെ ഉടമ്പടികൾ ഒന്നുമില്ലാതെ തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്താം എന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ബ്രക്സിറ്റ് തന്നെയാണ്. തെരേസ മേയുടെ ഗവൺമെറ്റിനു പറ്റിയ പാളിച്ചകൾ മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഇതിനെ മറികടക്കാൻ സാഹചര്യമൊരുക്കും എന്നാണ് സ്ഥാനാർത്ഥികൾ എല്ലാവരും ഉറപ്പുനൽകുന്നത്.

ജൂൺ 18നാണ് അടുത്ത തിരഞ്ഞെടുപ്പ്. കുറഞ്ഞത് 33 വോട്ടുകൾ നേടുന്നവർ മാത്രമേ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കൂ. എന്തായാലും 2 ആഴ്ചകൾ കൊണ്ട് ബ്രിട്ടൻ ആര് ഭരിക്കുമെന്ന് അറിയുവാൻ കഴിയും. സ്വന്തം പാർട്ടിയെ ഒന്നിച്ച് നിർത്തുവാനും ബ്രക്‌സിറ്റ് പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കുവാനും പുതിയ പ്രധാനമന്ത്രിക്ക് കഴിയേണ്ടിയിരിക്കുന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് ഇതിലും വാശിയേറിയത് ആവാനാണ് സാധ്യത.

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ 16ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നല്‍കിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച് ‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തില്‍ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വില്‍പനയ്ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത് 1,65,68,330 രൂപ, ആക്സിസ് ബാങ്ക്,ഡിഎല്‍എ പിപ്പര്‍ യു കെ എന്നീ കമ്പനികള്‍ക്കാണ് മസാല ബോണ്ട് വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്.

ഈ കമ്പനികള്‍ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകള്‍ വില്‍പന നടത്തിയതെന്ന് കിഫ്ബി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയതെന്നോ നിക്ഷേപകര്‍ ആരെല്ലാമെന്നോ സര്‍ക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല. മസാല ബോണ്ടുകള്‍ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

ലണ്ടൻ: രുചിലോകത്തെ ഭീമന്മാരായ കെഎഫ്സി അവരുടെ ഏറ്റവും മികച്ചത് എന്നറിയപ്പെടുന്ന ക്രിസ്പി ചിക്കൻ ബർഗർ മാംസരഹിതം ആക്കി കൊണ്ട് യുകെയിലെ ആരാധകർക്കിടയിൽ പുതിയൊരു ചുവടുവെപ്പിന് വഴിതുറക്കുന്നു. ഇമ്പോസിറ്റർ അഥവാ പകരക്കാരൻ എന്നാണ് ഈ സസ്യ ബർഗർന്   പേരിട്ടിരിക്കുന്നത്. ജൂൺ 17 ഓടുകൂടി തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്കളിൽ നാലാഴ്ചത്തേക്ക് കൊറോൺ ഫില്ലറുകളും വെജിറ്റേറിയൻ മയോണിസും ചേർത്ത ബർഗർ വിറ്റു തുടങ്ങും. മാംസത്തിന് പകരം സംസ്കരിച്ചെടുത്ത ഫംഗസ് നിന്നും പ്രോട്ടീൻ ലഭിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് കോറോൺ. പകരക്കാരന്റെ വിജയം എന്നാണ് ഇതിനെക്കുറിച്ച് കേഎഫ്സി വിശേഷിപ്പിക്കുന്നത്. മാംസാഹാരത്തിന് പകരം  തേടുന്ന ആസ്വാദകർക്ക് മുന്നിൽ ഇത്തരം സസ്യവിഭവങ്ങൾ അവതരിപ്പിക്കുന്ന അനേകം റസ്റ്റോറന്റ് കളിൽ ഏറ്റവും പുതിയതാണ് കേഎഫ്സി.

ഈ ആഴ്ചയുടെ തുടക്കത്തിൽ തങ്ങളുടെ ജനപ്രിയ സസ്യ ബർഗർ സാൻഫ്രാൻസിസ്കോയിൽ നൂറിലധികം ഔട്ട്‌ലെറ്റുകളിൽ വിൽപ്പന ആരംഭിക്കും എന്നാണ് ബർഗർ രാജാക്കന്മാർ വിലയിരുത്തുന്നത്. അടുത്തിടെ മാക്ഡൊണാൾഡ്‌സ് അവരുടെ മാംസ രഹിത ബർഗർ ജർമനിയിൽ അവതരിപ്പിച്ചിരുന്നു.


ഉപഭോക്താക്കളുടെ ഡൈയറ്റ് നിയന്ത്രിക്കുന്നതും തങ്ങളുടെ പരിസ്ഥിതി ഫുട്പ്രിന്റ് കുറക്കുന്നതും മൂലം ഈ മാംസ രഹിത ഭക്ഷണ സംസ്കാരം വളരെ പെട്ടെന്ന് തരംഗമായി മാറുമെന്നാണ് പ്ര തീക്ഷിക്കുന്നത് . മൃഗ അവകാശ സംഘടനകൾ തീരുമാനത്തിൽ കേഎഫ്സിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നു

ഇംഗ്ലണ്ടിലും വെയിൽസിലും ഗർഭചിദ്രം നടത്തുന്ന നോർത്തേൺ അയർലൻഡ് സ്ത്രീകളുടെ എണ്ണം 22 ശതമാനമായി വർധിച്ചിരിക്കുന്നു. 35 വയസ്സിൽ കൂടുതലുള്ള സ്ത്രീകളും കുട്ടികളുള്ള സ്ത്രീകളുമാണ് ഇതിന് തയ്യാറാവുന്നത്.

ബ്രിട്ടണിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നൽകുന്ന കണക്കനുസരിച്ച് 2018-ൽ ഇംഗ്ലണ്ടിലും വെയിൽസിലും ആയി 200,608 ഗർഭഛിദ്രങ്ങൾ ആണ് നടത്തപ്പെട്ടത്. ബ്രിട്ടീഷ് പ്രഗ്നൻസി അഡ്വൈസറി ബോർഡ് ചെയർമാൻ ക്ലെയർ മുർഫിയുടെ നിഗമനമനുസരിച്ച് സ്ത്രീകളുടെ ഗർഭച്ഛിദ്രത്തിനുള്ള കാരണങ്ങൾ സങ്കീർണമാണ്. ലഭ്യമായ ഗർഭനിരോധന ഉപാധികൾ യുവതികളായ സ്ത്രീകളെ സഹായിക്കുന്നതിനാൽ മുതിർന്ന സ്ത്രീകൾ ഗർഭച്ഛിദ്രത്തിലേക്കും മറ്റും നീങ്ങുന്നു. ഗർഭച്ഛിദ്രം നടത്തുന്നവരിൽ കുട്ടികളുള്ള സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ലെ കണക്കനുസരിച്ച് 56 ശതമാനം ഗർഭച്ഛിദ്രങ്ങളും മുൻപ് ഗർഭിണികളായ സ്ത്രീകൾ ആണ് നടത്തിയത്. 1967 ലെ അബോർഷൻ ആക്ട് പ്രകാരം 24 ആഴ്ച വരെയുള്ള ഗർഭിണികൾക്ക് ഗർഭച്ഛിദ്രം അനുവദനീയമാണ്. എന്നാൽ ഈ നിയമം നോർത്തേൺ അയർലൻഡിൽ ബാധകമല്ല. അതിനാൽ ഒട്ടനവധി സ്ത്രീകളാണ് അവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് ഗർഭച്ഛിദ്രത്തിന് ആയി കടന്നുവരുന്നത്.

നോർത്തേൺ അയർലൻഡിൽ ഗർഭഛിദ്രത്തിനു ഉള്ള നിയമം അനുവദിച്ചു കൊടുക്കണം എന്ന് ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നീക്കങ്ങളെ ക്രിസ്ത്യൻ സമൂഹം ശക്തമായി എതിർക്കുന്നു. നിയമം അനുവദിക്കാത്തത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണെന്ന് ആംനസ്റ്റിയുടെ നോർത്തേൺ അയർലണ്ട് കാമ്പയിൻ മാനേജർ ഗ്രിൻനെ ടെഗാർട്ട് പറഞ്ഞു.

ബോറിസ് ജോൺസന്റെ പ്രധാനമന്ത്രിപദം കൺസർവേറ്റീവ് പാർട്ടിക്ക് അടുത്ത ജനറൽ ഇലക്ഷനിൽ 140 സീറ്റിന്റെ വിജയം നേടി കൊടുക്കും എന്ന് റിപ്പോർട്ടുകൾ. 2000 വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ നിലവിലുള്ള 10 കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികളിൽ ബോറിസ് ജോൺസണ് മാത്രമാണ് എതിരാളികളുടെ മേൽ മുൻതൂക്കമെന്ന് റിപ്പോർട്ടുകൾ. ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെയും, ബ്രെക്സിറ് പാർട്ടി നേതാവ് നിഗെൽ ഫരാജിനെയും തോൽപ്പിക്കാനുള്ള സാധ്യത ബോറിസ് ജോൺസണ് മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.

അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പദം കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ 27 -ൽ നിന്ന് 37 ശതമാനമായി ഉയർത്തിയിരിക്കുന്നു .ഇലക്ട്‌റൽ കാൽക്കുലസ് നൽകുന്ന സർവ്വേ അനുസരിച്ചു കൺസർവേറ്റീവ് പാർട്ടി യുകെയിൽ ഉടനീളം 395 സീറ്റ് നേടുമെന്നും ലേബർ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വെളിപ്പെടുത്തുന്നു. ഒക്ടോബർ 31ന് ബ്രെക്സിറ് നടത്തപ്പെടും എന്നുള്ള വാഗ്ദാനമാണ് ബോറിസ് ജോൺസൺ നൽകുന്നത്.കരാറിലൂടെയോ കരാർ രഹിതമായോ ബ്രെക്സിറ് നടപ്പിലാക്കും.

എന്നാൽ ഒരു കരാർ രഹിത ബ്രക്സിറ്റിനു പാർലമെന്റ് അനുവാദം നൽകുക ഇല്ലെന്നാണ് തെരേസ മേയുടെ മുന്നറിയിപ്പ്. തടസ്സങ്ങൾ ധാരാളമായി ആയി നേരിടും എന്ന് അവർ മുന്നറിയിപ്പ് നൽകി.ബ്രെക്സിറ്റിനെ എതിർത്തു സംസാരിച്ച മുൻ കൺസർവേറ്റീവ് പാർട്ടി നേതാവായ ബ്രേക്കകൗന് ധാരാളം വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രെക്സിറ്റിനു അനുകൂലമായും പ്രതികൂലമായും ധാരാളം വ്യക്തികൾ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെന്റിനു ബ്രെക്സിറ്റിനെ തടയാനുള്ള എല്ലാ അധികാരവും ഉണ്ടെന്ന് ഗവൺമെന്റ് ചീഫ് ജൂലിയൻ സ്മിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രക്സിറ്റ് നായുള്ള പണം വിദ്യാഭ്യാസത്തിനും മറ്റും ചെലവാക്കുക ആണ് ഉത്തമം എന്ന് പെൻഷൻ സെക്രട്ടറി ആംബർ റുഡ് പ്രതികരിച്ചു.

അഞ്ചിൽ  മൂന്നു എൻ എച്ച് എസ് ട്രസ്റ്റുകളിലും ചികിത്സയ്ക്കായി കാൻസർ രോഗികൾ കാത്തിരിക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ഈ അനാസ്ഥയ്ക്കെതിരെ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റും എൻ എച്ച്എസും ഊർജിതമായ നടപടികൾ സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുന്നു.

എൻഎച്ച്എസ് ട്രസ്റ്റിന് റഫറൽ ലഭിച്ചതിനുശേഷം 18 ആഴ്ചത്തെ സമയമാണ് രോഗിക്ക് ചികിത്സ നൽകുന്നതിന് ഉള്ളത്. എന്നാൽ 38 ശതമാനം എൻഎച്ച്എസ് ട്രസ്റ്റുകൾ മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നത്. പകുതിയിലധികം ട്രസ്റ്റുകളും ഇപ്പോൾ കാത്തിരിപ്പ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. എൻഎച്ച്എസ് ലിസ്റ്റിൽ നിന്നും ചികിത്സക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻമെഗ് ഹില്ലിർ രേഖപ്പെടുത്തി. ആരോഗ്യവകുപ്പും എൻ എച്ച്എസും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗികളുടെ അവസ്ഥ വേദനാജനകമാണ് എന്നാണ് റിപ്പോർട്ടുകൾ .ചികിത്സ ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവർക്ക്. എന്നാൽ എൻ എച്ച് എസിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ചികിത്സ ആവശ്യമായ രോഗികൾക്കാണ് മുൻഗണന നൽകുന്നത്. പേഷ്യൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് റേച്ചൽ പവർ ഇതിനെ മനുഷ്യത്വരഹിതമായി വിലയിരുത്തി.

ടോറി ഗവൺമെന്റിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്ന് ലേബർ പാർട്ടി നേതാവ് ജോനാഥൻ രേഖപ്പെടുത്തി. കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എൻ എച്ച് എസ്  അറിയിച്ചു.

RECENT POSTS
Copyright © . All rights reserved