ഡോ. ഐഷ വി
ഒരു കുഞ്ഞ് പിച്ചവച്ച് നടന്നു തുടങ്ങുന്നതു പോലെയാണ് ആ കുഞ്ഞിന്റെ അറിവും വളർന്നു വരുന്നത്. കണ്ടും കേട്ടും ഘ്രാണിച്ചും സ്പശിച്ചും രുചിച്ചും വായിച്ചറിഞ്ഞും സാമാന്യ ജനങ്ങൾക്ക് ഇന്ദ്രിയ ജ്ഞാനമുണ്ടാകുന്നു. അപൂർവം ചിലർക്ക് അതീന്ദ്രിയ ജ്ഞാനവും. ജനനവും മരണവും ജീവിതവും ഒക്കെ നിർവ്വചിയ്ക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പലരും വിജയിച്ചിട്ടുമുണ്ട്. എന്റെ അനുജത്തിയുടേയും അനുജന്റേയും ജനനം കൂടെ കളിയ്ക്കാൻ രണ്ട് ജീവനുകൾ ഭൂമിയിൽ അവതരിച്ചു എന്ന തോന്നലാണ് എന്നിലുളവാക്കിയത്.
ഞങ്ങളുടെ കുട്ടിക്കാലം കാസർഗോഡായിരുന്നതിനാൽ ഞങ്ങൾക്കങ്ങനെ ബന്ധുക്കളുടെ മരണത്തിന് പോകേണ്ട സന്ദർഭങ്ങൾ ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നതു വരെയും ഉണ്ടായിട്ടില്ല. മരണം എന്നൊന്ന് ഉണ്ടെന്ന് ഞാനാദ്യം അറിയുന്നത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ്. ഒരവധി ദിവസം ഞാൻ ഉമ്മറത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. “ഐഷേ ഇങ്ങു വാ ‘ എന്ന വിളി കേട്ടാണ് ഞാൻ അടുക്കളയിലേയ്ക്ക് ചെല്ലുന്നത്. എന്തിനാ വിളിച്ചതെന്ന് ഞാൻ അമ്മയോട് ചോദിച്ചപ്പോൾ അമ്മ കയ്യാലയ്ക്കുപുറത്തേയ്ക്ക് ചൂണ്ടിക്കാട്ടി. അമ്മ പറഞ്ഞു ഒരാൾ മരിച്ചത് അടക്കം ചെയ്യാനായി കൊണ്ടുപോവുകയാണ്. ഞാൻ എത്തി വലിഞ്ഞ് വലിഞ്ഞ് നോക്കി. പക്ഷേ ശവമഞ്ചം കണാൻ പറ്റിയില്ല. പരേതനെ അനുഗമിയ്ക്കുന്ന ഒന്നുരണ്ടുപേരെ കണ്ടു. അമ്മ പറഞ്ഞു: അല്പം കൂടി നേരത്തേ വന്നെങ്കിൽ കാണാമായിരുന്നെന്ന് . മരണമെന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് ഒരാളുടെ ജീവൻ പോയി അയാളുടെ കണ്ണടയുന്നതാണ് മരണം.
ഞാൻ ഓടിപ്പോയി ഒന്നാം പാഠം മുഴുവൻ അരിച്ചു പെറുക്കി . മരണത്തെ കുറിച്ച് എനിയ്ക്ക് ഒന്നും കണ്ടെത്താനായില്ല. താളുകൾ മറിയ്ക്കുന്ന കൂട്ടത്തിൽ കണ്ണടച്ച് ധ്യാനനിരതനായിരിയ്ക്കുന്ന ഒരു സന്യാസിയുടെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. ആ ചിത്രത്തിനു താഴെ “ഋഷി “എന്ന് എഴുതിയിരിയ്ക്കുന്നു. പിന്നീട് ഒരു വർഷത്തോളം ആ ചിത്രമായിരുന്നു മരണത്തെ കുറിച്ചുള്ള എന്റെ സങ്കല്പം. രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ “ജീവനില്ലാത്തത് ജഡം” എന്ന് ക്ലാസ്സിൽ പഠിപ്പിച്ചപ്പോൾ അതായിരുന്നു മരണത്തെ കുറിച്ചുള്ള സങ്കല്പം.
മൂന്നാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ഒരവധി ദിവസം അമ്മ ഞങ്ങൾ മൂന്നു മക്കളേയും കൂട്ടി ഉച്ചയുറക്കത്തിനൊരുങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അനുജത്തിയും അനുജനും കൂടി ഉറങ്ങി. എനിയ്ക്ക് ഉറക്കം വന്നില്ല. ഞാൻ എഴുന്നേറ്റു. അച്ഛൻ വീട്ടിലില്ലായിരുന്നു.വീടിന്റെ മുൻ വശത്തെ കതക് തുറന്ന് വാതിൽ പടിയിൽ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കിയിരുപ്പായി. അയലത്തെ വീട്ടിലെ ദേവയാനി ചേച്ചിയുo ഉച്ചയുറക്കത്തിലായതിനാൽ തികഞ്ഞ ഏകാന്തതയും നിശബ്ദതയും എനിയ്ക്കനുഭവപ്പെട്ടു. കാസർഗോഡ് പട്ടണത്തിൽ ഞായറാഴച മാത്രമേ ഭിക്ഷക്കാർ ഭിക്ഷ തേടി വീടുകളിൽ പോയിരുന്നുള്ളൂ. അന്ന് ശനിയാഴ്ചയായിരുന്നതിനാൽ ഭിക്ഷക്കാരുടെ ദാനം ലഭിക്കാനായുള്ള “അമ്മാ… ” വിളിയും ഇല്ലായിരുന്നു. അങ്ങനെ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് ഏറെ നേരം എനിയ്ക്ക് നോക്കിയിരിക്കാനായി. പെടുന്ന് ഒരു മിന്നൽ പിണർ പോലെ ഒരു ചിന്ത എന്നിലുണ്ടായി. ഞാൻ എവിടെ നിന്നു വന്നു ? എങ്ങോട്ട് പോകുന്നു. പിന്നെ എന്റെ മനസ്സിനെ അദൃശ്യനായ ആരോ ശക്തമായി പിടിച്ച് വലിച്ച് കൊണ്ടുപോകുന്നതു പോലെ ഒരനുഭവം ഉണ്ടായി. അതെത്ര നേരം നില നിന്നു എന്നെനിക്കറിയില്ല. ഒന്നറിയാം. ഞാൻ ഉറങ്ങിയതല്ലെന്ന്. എന്റെ അര നൂറ്റാണ്ടിലേറെയുള്ള ജീവിത യാത്രയ്ക്കിടയിൽ പല പ്രാവശ്യം ഞാൻ ഏകാന്തമായി ഇരുന്ന് നോക്കിയിട്ടുണ്ട്. അതേ വാതിൽപ്പടിയിൽ തന്നെ ഇരുന്നു നോക്കിയിട്ടുണ്ട് അതെന്താണെന്നറിയാൻ . മെഡിറ്റേഷൻ ചെയ്തിട്ടുണ്ട്. പക്ഷേ ആ ദിവസത്തെപ്പോലെ ശക്തമായ അതീന്ദ്രിയമായ എന്തോ ലഭിച്ചതു പോലെ ഒരനുഭവം അതിന് മുമ്പോ അതിന് ശേഷമോ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ചിലപ്പോൾ എനിയ്ക്ക് തോന്നും എന്റെ മനസ്സിനെ ഏതോ അദൃശ്യ ശക്തി എടുത്ത് റീപ്രോഗ്രാം ചെയ്ത് തിരികെ വച്ചതാണെന്ന്.
അക്കാലത്ത് നാട്ടിൽ നിന്നും വന്ന ഒരു കത്തിലെ വാർത്ത അമ്മയുടെ ഇളയച്ചൻ കരുണാകരൻ വൈദ്യൻ മരിച്ച വിവരമായിരുന്നു. അമ്മ കുറച്ചുനേരം കണ്ണീർ തുടയ്ക്കുന്നതു കണ്ടു. കാറിടിച്ച് ദീർഘകാലം കിടന്നിട്ടാണ് അദ്ദേഹം മരിച്ചതെന്ന് അച്ഛനമ്മമാരുടെ സംഭാഷണത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി. കാറിടിച്ചാൽ അത് മനുഷ്യന്റെ മരണ കാരണമാകാമെന്നും മരണം വ്യസനമുണ്ടാക്കുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ നവംബർ മാസത്തിൽ ഉച്ച കഴിഞ്ഞുള്ള ഒരു ഇടവേളയിൽ ഞാനും കമലാക്ഷിയും മറ്റു കൂട്ടുകാരും സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ ഞാൻ എന്റെ അച്ഛൻ ഹെഡ് മാസ്റ്ററുടെ റൂമിലേയ്ക്ക് പോകുന്നത് കണ്ടില്ല. പക്ഷേ കമലാക്ഷി അത് കണ്ടുപിടിച്ചു. എന്നോടൊന്നും പറയാതെ കമലാക്ഷി അച്ഛന്റെ പിറകെ ഓടി .
വിവരം മണത്തറിഞ്ഞ് കമലാക്ഷി അതേ വേഗത്തിൽ ഓടി തിരികെ എന്റെയടുത്തെത്തി പറഞ്ഞു. ഐഷയുടെ വല്യച്ഛൻ മരിച്ചു പോയി. ഐഷയേയും അനുജനേയും വിളിച്ചു കൊണ്ട് പോകാനാണ് അച്ഛൻ വന്നത്. അച്ഛൻ അനുജനെയും കൂട്ടി എന്റെ അടുത്തു വന്നു. ആരും പറയാതെ തന്നെ കമലാക്ഷി ഓടിപ്പോയി എന്റെ ബാഗും കുടയുമൊക്കെ എടുത്തു കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അച്ഛന്റെ ഒപ്പം യാത്രയായി. ആ ദിനം കാസർഗോഡ് ഗവ. ടൗൺ യുപി എസ്സിലെ എന്റെ അവസാന ദിനമായിരിയ്ക്കുമെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. ഞങ്ങൾ വീട്ടിലെത്തി. അമ്മയോട് വേഗം സാധനങ്ങൾ അത്യാവശ്യം വേണ്ടതൊക്കെ എടുത്തു നാട്ടിലേയ്ക്ക് പോകാനൊരുങ്ങാൻ പറഞ്ഞു. അമ്മ അച്ഛൻ പറഞ്ഞത് അനുസരിച്ചു. അത്താഴം പൊതി കെട്ടി പാത്രങ്ങൾ കഴുകി വച്ച് ഞങ്ങളേയും ഒരുക്കി അമ്മ യാത്രയ്ക്ക് തയ്യാറായി. അച്ഛൻ ഞങ്ങളോടോ അമ്മയോടോ വല്യച്ഛന്റെ മരണ വിവരത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. നാട്ടിലേയ്ക്ക് പോകുമ്പോൾ മാമന്റെ മകൾ സിന്ധുവിനേയും മൂത്തേമ്മയുടെ മകൾ സത്യവതിയേയും കാണാമെന്ന സന്തോഷമായിരുന്നു എനിയ്ക്ക്. ഞങ്ങൾ വൈകുന്നേരത്തെ ട്രെയിനിൽ കയറി കൊല്ലത്തേയ്ക്ക് തിരിച്ചു. നേരം വെളുത്തപ്പോൾ ഞങ്ങൾ കൊല്ലത്തെത്തി. അമ്മ ഞങ്ങളെയെല്ലാം പല്ലൊക്കെ തേപ്പിച്ച് വൃത്തിയാക്കിയിരുന്നു. അച്ഛൻ ഞങ്ങൾക്ക് പ്രാതൽ വാങ്ങിത്തന്നു. കൊല്ലത്തു നിന്നും അടുത്ത ബസ്സിൽ ഞങ്ങൾ കൊട്ടിയത്തിറങ്ങി. അച്ഛൻ അമ്മയോട് പറഞ്ഞു. ഞാനൊരു കാര്യം പറഞ്ഞാൽ നീ ഇവിടെ വച്ച് കരഞ്ഞ് ബഹളം വയ്ക്കരുത്. ഇന്നലെ എനിയ്ക്കൊരു ടെലഗ്രാം കിട്ടി. ” കേശവൻ വൈദ്യൻ എക്സ്പയേഡ്” എന്നാണ് അതിലെഴുതിയിരുന്നത് . അമ്മയുടെ കണ്ണിൽ കണ്ണുനീർത്തുള്ളികൾ ഉറഞ്ഞു കൂടി . അച്ഛൻ ഒരു ടാക്ലി പിടിച്ചു. ഞങ്ങളെ അതിൽ കയറ്റി ചിരവാത്തോട്ടത്ത് വലിയ വിള വീട്ടിലെത്തി.. ഞങ്ങളെത്തിയതും മണി മാമൻ ഓടി വന്ന് ഞങ്ങളുടെ സാധനങ്ങൾ എടുത്ത് ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. അമ്മ അമ്മാമയുടെ മുറിയിലേയ്ക്ക് പോയി കരയാൻ തുടങ്ങി. തലേന്ന് ശവസംസ്കാരം നടന്നെന്ന് എനിയ്ക്ക് മനസ്സിലായി. അന്ന് വൈകിട്ട് അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചി അവിടെയെത്തി. അച്ഛനോടും അമ്മയോടും അനുവാദം ചോദിച്ചിട്ട് എന്നെയും കൂട്ടി അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്ക് പോയി. അവിടെ കുറേ ദിവസം ഞാൻ തങ്ങി. അമ്മയുടെ അച്ഛന്റെ പതിനാറടിയന്തിരത്തിന് രണ്ടു ദിവസം മുമ്പാണ് ഞാൻ തിരികെ എത്തിയത്. പിന്നെ ഞങ്ങളെ അമ്മ വീട്ടുകാർ കാസർഗോട്ടേയ്ക്ക് വിട്ടില്ല. അച്ഛൻ മാത്രം തിരികെ പോയി. ഞങ്ങളുടെ ടി സി അച്ഛൻ വാങ്ങിക്കൊണ്ടുവന്നു. ഞങ്ങളെ ചിറക്കര ഗവ സ്കൂളിൽ പ്രവേശിപ്പിച്ചു. ഹെഡ് മാസ്റ്ററുടെ മുറിയിലിരിയ്ക്കുമ്പോൾ അച്ഛൻ കാസർഗോഡ് ടൗൺ യു പി എസ്സിനെ കുറിച്ച് അല്പം പുകഴ്ത്തി സംസാരിച്ചത് ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിന് അത്ര രസിച്ചില്ലെന്ന് തോന്നി. അദ്ദേഹം എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. ഞാനുത്തരം പറഞ്ഞു. പിന്നെ അദ്ദേഹം 25 ന്റെ സ്ക്വയർ റൂട്ട് എത്രയെന്ന് ചോദിച്ചു. എനിയ്ക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നീടാണ് അത് അഞ്ചാം ക്ലാസ്സിലെ പാഠഭാഗമാണെന്ന് എനിക്ക് മനസിലായത്. അച്ഛൻ അന്നല്പം വിഷണ്ണനായി.
ആയിടെ മൂന്ന് മാസത്തിലേറെക്കാലം അമ്മവീട്ടിൽ വല്യച്ഛന്റെ മരണമന്വേഷിച്ച് എത്തുന്നവരുടെ തിരക്കായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾ കുട്ടികളെ വല്യച്ഛൻ ലാളിച്ചിട്ടൊന്നുമില്ലെങ്കിലും നല്ല പ്രവൃത്തികൾ കൊണ്ട് അദ്ദേഹം നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു എന്ന് എനിയ്ക്ക് പിന്നീടാണ് മനസ്സിലായത്. നാട്ടിൽ സ്വന്തം ചിലവിൽ രണ്ടു വഴി വെട്ടുകയും പല വഴികളും വൃത്തിയാക്കിയിടുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. കൂടാതെ കല്ലുവാതുക്കലും ചിറക്കരയിലും വൈദ്യശാലയുണ്ടായിരുന്നതിനാൽ അങ്ങനേയും ധാരാളം പേർ അന്വേഷിച്ചെത്തി. ചിറക്കരയിൽ ആദ്യമായി ഒരു നെയ്ത്ത് സൊസൈറ്റി തുടങ്ങുകയും ഒട്ടേറെ കുടുംബങ്ങൾ വീടുകളിൽ നെയ്ത്ത് തുടങ്ങുകയും ചെയ്തിരുന്നു. ചിറക്കരയിലെ എസ് എൻ ഡി പി ശാഖയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.. അങ്ങനെ കർമ്മയോഗിയുടെ വിയോഗം മനുഷ്യർക്ക് പെട്ടെന്ന് മറക്കാനാവാത്തതാണെന്ന് എനിയ്ക്ക് മനസ്സിലായി. മരണം ചിലപ്പോൾ സ്കൂളിലെ ആത്മാർത്ഥ സുഹൃത്തുക്കളെ വേർപിരിയാനിടയാക്കുമെന്നും മനസ്സിലായി.
പിന്നെയും കുറേക്കാലം കൂടി കാത്തിരിക്കേണ്ടി വന്നു എനിയ്ക്ക് ഒരു മൃതദേഹം കാണാനും ശവസംസ്കാരം കാണാനും അവസരമുണ്ടാകാൻ. കരിഞ്ഞ പുൽക്കൊടികളും ഉണങ്ങിയ മരങ്ങളും ചത്ത മത്സ്യങ്ങളും ഒക്കെ കണ്ട് മരണമെന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിരുന്നെങ്കിലും ഒരു മനുഷ്യ മൃതദ്ദേഹം ആദ്യമായി കാണുന്നത് എന്റെ മൂത്തേമ്മയുടെ അമ്മായിഅമ്മയുടെ മരണത്തിനാണ്. മേടയിൽ വീട്ടിൽ വച്ച് . ജീവനുള്ള മനുഷ്യന്റെ ജീവന്റെ തുടിപ്പും ജീവനില്ലാത്ത മനുഷ്യന്റെ മുഖത്തെ നിർജ്ജീവതയും ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു.
( തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ ലോക്ക്ഡൗൺ ലഘൂകരിച്ചുകൊണ്ട് വരികയാണ്. എങ്കിലും രാജ്യം കൊറോണ വൈറസിൽ നിന്നും പൂർണമായും മുകതമായിട്ടില്ല. അതിനാൽ തന്നെ രോഗവ്യാപന സാധ്യതയും ഉയർന്നുനിൽക്കുകയാണ്. ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് പ്രൊഫസർ ജോൺ എഡ്മണ്ട്സ് അഭിപ്രായപ്പെട്ടു. എൻഎച്ച്‌എസ് ടെസ്റ്റും ട്രേസ് സിസ്റ്റവും പൂർണ്ണമായും പ്രവർത്തിക്കണമെന്ന് സർ ജെറമി ഫറാർ ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ സ്കൂളുകൾ വീണ്ടും തുറക്കും. ഒപ്പം ആറ് പേർക്ക് വരെ പുറത്ത് കൂടിക്കാഴ്ച നടത്താവുന്നതാണ്. ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളും ജൂൺ ആദ്യം മുതൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുകയാണ്. എൻഎച്ച്‌എസ് ഇംഗ്ലണ്ട് ഇന്ന് 146 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തി. സ്‌കോട്ട്‌ലൻഡിൽ 22 മരണങ്ങളും വെയിൽസിൽ 14 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അതിന്റെ രഹസ്യ മീറ്റിംഗുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിന്റെ വ്യാപനതോത് ഇപ്പോഴും വളരെ ഉയർന്നതാണെന്നും നടപടികളിൽ ഇളവ് വരുത്തുന്നതിന് മുമ്പ് കേസുകളുടെ എണ്ണം കുറയുമെന്നും പല ശാസ്ത്രജ്ഞരും ആഗ്രഹിക്കുന്നു. ആർ റേറ്റ് ഇപ്പോഴും ഒന്നിൽ തന്നെ ആണെന്നും അതിനാൽ രോഗവ്യാപനത്തിന് സാധ്യത ഉണ്ടെന്നും പ്രൊഫസർ പീറ്റർ ഹോർബി അറിയിച്ചു. നിയന്ത്രണങ്ങൾ കൈവിട്ടുപോയാൽ അവസ്ഥ കൂടുതൽ മോശമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എല്ലാം സാധാരണമായെന്ന രീതിയിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോഴും അപകടസാധ്യത തള്ളികളയാൻ കഴിയില്ലെന്ന് സേജ് അംഗം പ്രൊഫ. കാലം സെമ്പിൾ പറഞ്ഞു. ലോക്ക്ഡൗണിന്റെ ഇളവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് മുന്നറിയിപ്പ് നൽകി. അണുബാധയുടെ തോത് വീണ്ടും ഉയരാൻ തുടങ്ങിയാൽ കർശനമായ ലോക്ക്ഡൗൺ നടപടികൾ വീണ്ടും നടപ്പാക്കാൻ കുറച്ച് സമയം മാത്രമേ ഉള്ളുവെന്ന് സേജ് രേഖകൾ വെളിപ്പെടുത്തുന്നു. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ പ്രൊഫസർ സാലി ബ്ലൂംഫീൽഡ്, രോഗസാധ്യത നിലനിൽക്കുന്നതിനാൽ അതിഥികളുമായി ചേർന്നു ബാർബിക്യൂ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

“എല്ലാ സമയത്തും വിവരങ്ങളും തെളിവുകളും സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ നടപടികൾ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിനാൽ ലോക്ക്ഡൗൺ ലഘൂകരിക്കാനും ആർ റേറ്റ് ഒന്നിനെക്കാൾ താഴെയായി നിലനിർത്താമെന്നും പ്രതീക്ഷിക്കുന്നു.” 10-ാം നമ്പർ വക്താവ് പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇംഗ്ലണ്ടിലെ പോലീസ് സേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നടപടികൾ പിൻവലിക്കാൻ സർക്കാർ അതിവേഗം തിരക്കുകൂട്ടുന്നതിൽ അതീവ ആശങ്കയുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. അലർട്ട് ലെവൽ നിശ്ചയിക്കുന്ന ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ, രാജ്യം മൂന്നാം ലെവലിലേക്ക് നീങ്ങാൻ തയ്യാറാണെന്ന് പറഞ്ഞിട്ടില്ല. ജാഗ്രതയോടെ പ്രവർത്തിക്കാൻ ലണ്ടൻ നിവാസികളോട് അഭ്യർത്ഥിക്കുന്നുവെന്ന് സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.
സ്വന്തം ലേഖകൻ
ഒസിഐ കാർഡ് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് അടുത്തകാലത്ത് വച്ച നിയമഭേദഗതി മലയാളികൾ ഉൾപ്പെടുന്ന പ്രവാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒന്നാണ്. 20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ള വരും പാസ്പോർട്ട് പുതുക്കുന്ന അവസരങ്ങളിലെല്ലാം ഒസിഐ കാർഡും പുതുക്കണമെന്നും പാസ്പോർട്ട് നമ്പർ ഒസിഐ കാർഡിൽ പതിപ്പിക്കണമെന്നും പുതിയ ഭേദഗതിയിൽ നിർദേശിച്ചിരുന്നു.
ഈ നിയമ ഭേദഗതി പ്രവാസികളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഓരോതവണയും പാസ്പോർട്ട് പുതുക്കുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഒസിഐ കാർഡുകൾ പുതുക്കാനായി ഏൽപ്പിച്ചിരുന്ന പ്രൈവറ്റ് ഏജൻസിയായ വിഎഫ്എസിൽ കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു സംജാതമായിരുന്നത്. വിഎഫ്എസിന്റെ ഭാഗത്തുനിന്നുള്ള സേവനങ്ങളിൽ വളരെയധികം പോരായ്മകളും ഉണ്ട്. യുകെ പോലെയുള്ള രാജ്യങ്ങളിൽ തപാൽ വഴി വിഎഫ്എസുമായി അപേക്ഷകൾ കൊടുക്കാനായിട്ടോ കാര്യങ്ങൾ നേടിയെടുക്കാനായിട്ടോ സാധിക്കുമായിരുന്നില്ല. അപേക്ഷകൻ നേരിട്ട് ചെന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്ന നിബന്ധന വളരെയധികം ബുദ്ധിമുട്ടുകൾ ആണ് പ്രവാസികളായ ഇന്ത്യക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് ജൂൺ 30 വരെ ഒസിഐ കാർഡുകൾ പുതുക്കേണ്ടതില്ലെന്ന് കേന്ദ്ര ഗവൺമെന്റ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം വ്യപകമായതിൻെറ പശ്ചാത്തലത്തിൽ ജൂൺ 30 എന്നുള്ളത് ഡിസംബർ മുപ്പത്തിയൊന്ന് 2020 വരെ നീട്ടിയിരിക്കുകയാണ്. 2020 ഡിസംബർ 31വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒസിഐ കാർഡ് ഉടമകൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞു പുതുക്കി എങ്കിലും ഒസിഐ കാർഡ് പുതുക്കേണ്ടതില്ലെന്നുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനമാണ് ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്.
സ്വന്തം ലേഖകൻ
നമ്പർ ടെൻ വാർത്താസമ്മേളനത്തിൽ, സ്കീമിന്റെ ബാധ്യത എംപ്ലോയേഴ്സും കൂടി പങ്കിടുന്നതിനെപ്പറ്റി ചാൻസലർ ഋഷി സുനാക് സംസാരിച്ചു. ഓഗസ്റ്റ് മുതൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസും പെൻഷൻ കോൺട്രിബ്യൂഷനുകളും നൽകണം, സെപ്റ്റംബറിൽ 10% ശമ്പളവും, ഒക്ടോബറിൽ20% ശമ്പളവും ഇതിലേക്ക് വകയിരുത്തണം.
ജൂലൈ മുതൽ ജോലി ചെയ്യാൻ കഴിയുന്ന തൊഴിലാളികൾക്ക് പാർട് ടൈം ജോലിയിൽ പ്രവേശിക്കാം. എന്നാൽ കമ്പനികൾ 100 ശതമാനം ശമ്പളം നൽകണം. പറ്റാവുന്നവർക്ക് ജോലി ചെയ്യാവുന്ന തരത്തിൽ ജോബ് റീടെൻഷൻ സ്കീം ഉയർത്തുമെന്ന് ഋഷി സുനാക് പറഞ്ഞു. 8.4 മില്യൺ ജോലിക്കാർക്ക് 80 ശതമാനത്തോളം ശമ്പളം ജൂലൈ അവസാനം വരെ ഗവൺമെന്റ് ആണ് നൽകുന്നത്, ഏകദേശം2,500 പൗണ്ട് തുക. ഈ മാസം തുടക്കത്തിൽ ചാൻസലർ ഈ സ്കീം ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു. എന്നാൽ തൊഴിൽദാതാക്കൾ എങ്ങനെയാണ് സഹകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. 80 ശതമാനത്തോളം ശമ്പളം തൊഴിലാളികൾക്ക് ഗവൺമെന്റ് നൽകുമ്പോൾ തൊഴിൽദാതാക്കൾക്ക് അഞ്ചിലൊന്ന് ശമ്പളത്തിൻെറ കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എട്ടു മാസത്തിനു ശേഷം ശമ്പളം എത്തിക്കാനുള്ള ഈ സ്കീം പൂർത്തിയാകും. എന്നാൽ ലോക്ഡൗൺ നീട്ടുകയാണെങ്കിൽ ഫർലോഗ് സ്കീം ഒരുപക്ഷേ തിരിച്ചു വന്നേക്കും. എന്നാൽ എട്ടുമാസം എന്നത് തീർത്തും ഉദാരമായ, നീണ്ട ഒരു കാലയളവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക വ്യവസ്ഥയെ തകർക്കാതെ ഗവൺമെന്റ് നൽകുന്ന ഇളവുകൾ പതിയെ പിൻവലിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. ഇതുവഴി തൊഴിലില്ലാത്തവർക്കും ശമ്പളം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും വലിയ സഹായം നൽകാൻ സാധിക്കും. പോസ്റ്റ് കൊറോണ വൈറസ് എക്കോണമിയിൽ എത്രമാത്രം ജോലി സാധ്യതകൾ ബാക്കിയുണ്ടാകും എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതയായി നിലനിൽക്കുന്നു. സ്കീമിന് ഏകദേശം 80 ബില്യൺ പൗണ്ടോളം ചെലവ് വരുന്നുണ്ട്, അതായത് ഒരു മാസത്തിൽ ഏകദേശം പത്തു ബില്യൺ പൗണ്ട്. ഇതിന്റെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഓഫീസ് ഫോർ ബഡ്ജറ്റ് ഉടൻ പ്രസിദ്ധീകരിക്കും.

എന്നാൽ അഞ്ച് മാസമായി ബിസിനസ് നടക്കുകയോ, ലാഭം ഉണ്ടാവുകയോ ചെയ്യാത്ത ബിസിനസുകാരോടും തൊഴിൽദാതാക്കളോടും 15 ബില്യണോളം വരുന്ന വലിയൊരു തുക കണ്ടെത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് അത്യധികം ആശങ്കാജനകമാണെന്ന് റെസ്റ്റോറേറ്റർ ഡേവിഡ് മൂർ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം ലേഖകൻ
യു എസ് :- സൗത്ത് കരോളിനയിൽ ജനിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന് 1900 മുതൽ 35 മനുഷ്യരിൽ മാത്രം കാണപ്പെട്ട വളരെ അപൂർവ്വമായ അവസ്ഥ. മുഖത്ത് പല്ലും, ചുണ്ടുകളും നാവും എല്ലാമടങ്ങിയ 2 വായയാണ് ഉള്ളത്. ഈ രോഗാവസ്ഥയെത്തുടർന്ന് സർജറിയിലൂടെ രണ്ടാമത് വളർച്ചയെത്തിയ വായയും മറ്റും നീക്കി. പ്രഗ്നൻസിയുടെ ഇരുപത്തിയെട്ടാമത്തെ ആഴ്ചയിൽ ഇതിനെ ട്യൂമർ ആയാണ് ഡോക്ടർമാർ തെറ്റിദ്ധരിച്ചത്. എന്നാൽ പിന്നീട് പ്രസവശേഷം കുട്ടി വളരുന്നതിനൊപ്പം ആണ് ഇത് മറ്റൊരു വായയാണ് എന്ന് കണ്ടെത്തിയത്. ഡിപ്രോസോപ്സ് എന്ന അവസ്ഥയാണ് കുട്ടിക്ക് ഉള്ളതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 1900ത്തിനു ശേഷം 35 പേരിൽ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. അപൂർവങ്ങളിൽ അപൂർവമായ ഒരു രോഗാവസ്ഥയാണ് കുട്ടിക്ക് ഉള്ളതെന്ന് ഡോക്ടർമാർ പറയുന്നു.

രണ്ടാമത് ഉണ്ടായ വായ്ക്ക് സാധാരണയുള്ള വായയുമായി യാതൊരു ബന്ധവുമില്ല. കുട്ടിക്ക് സാധാരണ പോലെ തന്നെ ശ്വാസമെടുക്കാനും, കഴിക്കാനും, വെള്ളം കുടിക്കാനും മറ്റും സാധിക്കുന്നുണ്ടായിരുന്നു. മുഖത്ത് സർജറി നടത്തി, രണ്ടാമത് ഉണ്ടായ പല്ലുകളെ സപ്പോർട്ട് ചെയ്യുന്ന എല്ലുകളും മറ്റും നീക്കം ചെയ്തു. സർജറിക്ക് ശേഷം മുഖത്ത് ചെറിയ തോതിൽ നീർവീക്കം വന്നതായും, അതിൽനിന്ന് സ്രവം കുത്തി കളഞ്ഞതായും ഡോക്ടർമാർ പറയുന്നു. അതിനു ശേഷം പിന്നീട് സർജറി മറ്റും ആവശ്യമായി വന്നില്ല.

വളരെ അപൂർവ്വ സാഹചര്യങ്ങളിൽ മൃഗങ്ങളിലും ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2004 -ൽ മിസോറിയിൽ ജനിച്ച ഒരു കുട്ടിക്ക് 2 മൂക്ക് ഉണ്ടായിരുന്നു.
സ്വന്തം ലേഖകൻ
സ്കോട്ട്ലൻഡ് : 66 ദിവസത്തിന് ശേഷം രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ സ്‌കോട്ട്‌ലൻഡിലും കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ. വ്യത്യസ്ത വീടുകളിൽ നിന്നുള്ളവർക്ക് ഇപ്പോൾ പുറത്ത് കണ്ടുമുട്ടാൻ കഴിയും. എന്നാൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇളവുകൾ ഉണ്ടെങ്കിലും ആളുകൾ ഇപ്പോഴും കഴിയുന്നത്ര വീട്ടിൽ തന്നെ തുടരണമെന്നും അവർ ഓർമ്മിപ്പിച്ചു. മാർച്ച് 23 മുതൽ സ്കോട്ട്ലൻഡ് ലോക്ക്ഡൗണിലാണ്. ഈ മാസം ആദ്യം ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുവന്നെങ്കിലും സ്കോട്ട്ലൻഡ് അത് നടപ്പാക്കിയിരുന്നില്ല. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കപ്പുറത്തേക്ക് പോകുന്നത് കൂടുതൽ അപകടമാണെന്നും സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി.

വിവിധ വീടുകളിൽ നിന്നുള്ള ആറ് പേർക്ക് തിങ്കളാഴ്ച മുതൽ പുറത്ത് കൂടിക്കാഴ്ച നടത്താമെന്ന് യുകെ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് സ്‌കോട്ട്‌ലൻഡിലെ ഈ മാറ്റങ്ങൾ. ഗോൾഫ്, ടെന്നീസ്, ഫിഷിംഗ്, ബൗൾസ് എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങളിലും ഇനി ആളുകൾക്ക് പങ്കെടുക്കാൻ കഴിയും. വിനോദത്തിനായി പ്രാദേശികമായി യാത്ര ചെയ്യുന്നതുപോലെ പാർക്കുകളിലും മറ്റു സ്ഥലങ്ങളിലും സൺബാത്ത് ചെയ്യുന്നത് ഇപ്പോൾ അനുവദനീയമാണ്. നിർത്തിവച്ചിരിക്കുന്ന മിക്ക ഔട്ട്‌ഡോർ ജോലികളും പുനരാരംഭിക്കാനും പൂന്തോട്ട കേന്ദ്രങ്ങൾ വീണ്ടും തുറക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും കഴിയും. തിങ്കളാഴ്ച മുതൽ, അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും തയ്യാറെടുപ്പിനായി സ്കൂളിലേക്ക് മടങ്ങാൻ കഴിയുമെങ്കിലും മിക്ക വിദ്യാർത്ഥികളും ഓഗസ്റ്റ് 11ന് ശേഷം മാത്രമേ മടങ്ങിവരികയുള്ളൂ. നാല് ഘട്ടങ്ങളിലായാണ് സ്‌കോട്ട്‌ലൻഡിൽ ലോക്ക്ഡൗൺ ലഘൂകരണം. ആദ്യ ഘട്ടത്തിൽ മേൽ പറഞ്ഞവ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്തുമ്പോൾ ലബോറട്ടറികൾ, ചെറിയ കടകൾ, ഫാക്ടറികൾ എന്നിവ തുറക്കാൻ സാധിക്കും. മൂന്നാമത്തെ ഘട്ടത്തിൽ മാത്രമേ ജിമ്മുകൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, സിനിമാശാലകൾ, മാളുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ സാധിക്കൂ. വൈറസ് ഭീഷണി പൂർണമായും ഒഴിവാകുമ്പോൾ പ്രഖ്യാപിക്കുന്ന നാലാം ഘട്ടത്തിൽ യൂണിവേഴ്സിറ്റി, കോളേജ് കാമ്പസുകൾ എന്നിവ പൂർണ്ണമായി വീണ്ടും തുറക്കാൻ കഴിയും. ബഹുജന സമ്മേളനങ്ങൾ അനുവദനീയമാണ്. ഒപ്പം പൊതുഗതാഗതവും തിരികെയെത്തും.
അതേസമയം ട്രാക്ക് ആൻഡ് ട്രേസ് സ്കീമിന്റെ രണ്ടാം ദിവസവും സൈറ്റിൽ കൂടുതൽ സാങ്കേതിക തകരാർ നേരിട്ടത് അധികൃതരെ കൂടുതൽ ആശങ്കയിലാക്കി. ഈ പദ്ധതിയിലെ എൻഎച്ച്‌എസ് ജീവനക്കാർക്ക് പുതിയ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുചെയ്‌തു. പലർക്കും സൈറ്റിലേക്ക് കയറാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. ട്രേസിങ് സിസ്റ്റത്തിൽ ഗുരുതര പ്രശ്നങ്ങൾ നേരിടുന്നതിനാൽ കോൺടാക്ട് ട്രേസർമാരും ആശങ്കാകുലരാണ്.
വെയിക് ഫീൽഡ്: മെയ് 16 ണ് കോവിഡ്-19 ബാധിച്ചു മരിച്ച സ്റ്റാൻലി സിറിയക്കിന് യുകെ മലയാളികളുടെ യാത്രയപ്പ്. ബന്ധുക്കളുടെയും ഉടയവരുടെയും വികാര നിർഭരമായ രംഗങ്ങളോടെ ആണ് സ്റ്റാൻലിയുടെ മരണാന്തര ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. യോർക്ഷയറിൽ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെ താമസക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. മുൻ നിശ്ചയപ്രകാരം കൃത്യം 12.45 നു തന്നെ ഹാർപ്പിൻസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മരണാനന്തര ശുശ്രുഷകൾ ആരംഭിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുറത്തുവിട്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടാണ് മൃതസംസ്ക്കാരച്ചടങ്ങുകൾ തുടങ്ങിയത്. അടുത്ത ബന്ധുക്കൾക്ക് മാത്രമായിരുന്നു ഫ്യൂണറൽ സർവീസ് സെന്ററിൽ വരുവാനും സമ്പന്ധിക്കുവാനും അനുവാദം ഉണ്ടായിരുന്നത്.
മൃതസംസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ലീഡ്‌സ് സീറോ മലബാർ ഇടവകയുടെ വികാരി ഫാദർ മാത്യു മുളയോളിൽ ആണ്. എല്ലാ കാര്യങ്ങളിലും മുഴുസമയ സഹായഹസ്തവുമായി ലീഡ്‌സ് പള്ളി ട്രസ്റ്റികളും ലോക്കൽ അസോസിയേഷൻ ഭാരവാഹികളും മുൻനിരയിൽ ഉണ്ടായിരുന്നു. മരണത്തെ തടയാൻ നമുക്ക് സാധിക്കില്ല എങ്കിലും അതിന്റെ ആഘാതത്തിൽ പെടുന്ന ഒരു കുടുംബത്തിനെ എങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങി നിർത്താം എന്ന് കാണിച്ചു തരികയായിരുന്നു ലീഡ്സ് മലയാളികളും ഇടവകക്കാരും അടങ്ങുന്ന മലയാളി സമൂഹം.
ഇരുപത് മിനിറ്റോളം എടുത്ത ഫ്യൂണറൽ സർവീസ് സെന്ററിലെ പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിച്ച് സെമിട്രിയിലേക്ക് യാത്രയായി. ഏകദേശം ഇരുപത് മിനിറ്റോളം ഡ്രൈവ് ചെയ്‌ത് 1.45 ന് ഫെറിബ്രിഡ്ജ് സെമിത്തേരിയില്‍ എത്തിച്ചേർന്നത്. ഉടൻ തന്നെ ശവസംസ്ക്കാരത്തിന്റെ അവസാനഘട്ട ചടങ്ങുകൾക്ക് തുടക്കമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്‌തു ഫാദർ മാത്യു മുളയോളിൽ. വളരെ വലിയ പാർക്കിങ് സ്ഥല സൗകര്യങ്ങൾ ഉണ്ടായിരുന്നതിനാൽ സാമൂഹിക അകലം പാലിച്ചു കുറെ സുഹൃത്തുക്കൾ കൂടി സെമിട്രിയിൽ എത്തിയിരുന്നു. ദൂരെ നിന്നെങ്കിലും തങ്ങളെ വിട്ടകന്ന സ്റ്റാൻലിക്ക് അന്ത്യഞ്ജലി അർപ്പിക്കുവാൻ അവർക്കു അവസരം ലഭിക്കുകയും ചെയ്‌തു.
സ്റ്റാൻലിയുടെ സഹോദരിമാരായ ജിൻസി സിറിയക് (ഡെർബി), ഷാന്റി സിറിയക് (സ്റ്റോക്ക് ഓൺ ട്രെൻഡ്) എന്നിവർ ഭർത്താക്കൻമ്മാർക്ക് ഒപ്പം എത്തിയിരുന്നു. കുട്ടികളെ പങ്കെടുപ്പിക്കാൻ യുകെയിലെ കോവിഡ് നിയന്ത്രണങ്ങൾ അനുവദിക്കുന്നില്ല.
വളരെ ശാന്ത സ്വഭാവക്കാരനായിരുന്നു പരേതനായ സ്റ്റാൻലി. സ്റ്റാൻലിക്കും ഭാര്യ മിനിമോൾക്കും ഒരേ സമയമാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. ഒരുപിടി മലയാളികൾ മരണത്തിന് കീഴടങ്ങിയ വാർത്ത അറിഞ്ഞിരുന്ന സ്റ്റാൻലി രോഗാരുതനെങ്കിലും തന്റെ ഭാര്യ മിനിയെ ആശുപത്രിയിലേക്ക് അയച്ചു തന്റെ മക്കളുടെ അമ്മയോടുള്ള കരുതൽ കുഞ്ഞുങ്ങൾക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. കുടുംബം സ്നേഹത്തിന്റെയും കൊടുക്കൽ വാങ്ങലുകളുടെയും ആകെ തുകയാണ് എന്ന് തെളിയിക്കുകയായിരുന്നു. സ്റ്റാൻലി വീട്ടിൽ ഇരുന്ന് മരുന്ന് കഴിച്ചു കുട്ടികൾക്ക് തുണയാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയ മിനിയെ ഇതിനോടകം അഡ്‌മിറ്റ് ചെയ്‌തിരുന്നു.
ദിവസങ്ങൾ കടന്നുപോകവേ സ്റ്റാൻലിയെ വൈറസ് കൂടുതൽ ദുർബലനാക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുകയാണ് എന്ന തിരിച്ചറിവ് സ്റ്റാൻലി മനസ്സിലാക്കിയതോടെ സുഹൃത്തിന്റെ വീട്ടിൽ കുട്ടികളെ ആക്കി ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകുകയും ചെയ്‌തു. വിധി മാറിമറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. അഡ്മിറ്റ് ആയ പിറ്റേ ദിനം തന്നെ സ്റ്റാൻലിക്കു സ്ട്രോക്ക് ഉണ്ടാവുകയായിരുന്നു. അതോടെ തിരിച്ചുപിടിക്കാനാവാത്ത വിധം കോമയിലേക്കും മെയ് പതിനാറാം തിയതി മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് താമരശ്ശേരി കാക്കവയൽ ഈങ്ങപ്പുഴ സ്വദേശിയാണ് പരേതനായ സിറിയക്. കുറുപ്പുംതറ സ്വദേശിനിയും നഴ്സുമായ മിനിമോൾ ജോസഫ് ആണ് ഭാര്യ. പതിനാലുകാരൻ ആൽവിനും പന്ത്രണ്ട് വയസ്സുകാരി അഞ്ജലിയും ആണ് കുട്ടികൾ. 2004 ആണ് മിനി ജോസഫ് യുകെയിൽ എത്തിയത്. വന്നപ്പോൾ ഇപ്‌സ് വിച്ചിലും പിന്നീട് യോർക്ഷയർ കൗണ്ടിയിലുള്ള പോന്റെ ഫ്രാക്ടിലെത്തുകയായിരുന്നു.
വി സ്‌കോയർ വീഡിയോ സ്ട്രീം ചെയ്ത ദൃശ്യങ്ങൾ കാണാം.
[ot-video][/ot-video]
ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ തിങ്കളാഴ്ച മുതൽ ആറു പേർക്ക് വരെ ഒത്തുചേരാം. വിവിധ വീടുകളിൽ നിന്നുള്ളവർക്ക് പരസ്പരം സൗഹൃദം പങ്കിടാനുള്ള അവസരമാണിത്. കൂടുതൽ ഔട്ട്ഡോർ ഇളവുകൾ നിലവിൽ വരുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണ് ഇത് അറിയിച്ചത്. പൂന്തോട്ടങ്ങളിലും പാർക്കുകളിലും വച്ച് കൂടിക്കാഴ്ച്ച നടത്താവുന്നതാണ്. “ഈ മാറ്റങ്ങൾ അർത്ഥമാക്കുന്നത് സുഹൃത്തുക്കളും കുടുംബവും അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ തുടങ്ങുമെന്നാണ്. അതവർ ഏറെക്കാലമായി കാത്തിരുന്നതും സന്തോഷകരവുമായ നിമിഷം ആയിരിക്കും. ” ജോൺസൻ പറഞ്ഞു. സർക്കാരിന്റെ അഞ്ച് ടെസ്റ്റുകൾ നേരിടുന്നതിനാൽ ഇത് സാധ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതൽ ബാർബിക്യൂവും അനുവദിക്കും. കൈകഴുകുക, വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നടപടികൾ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു. ആളുകൾ മറ്റ് വീടുകളിൽ രാത്രി താമസിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായാൽ ചില ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന് പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. സ്‌കോട്ട്‌ലൻഡിൽ രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള ആളുകൾക്ക് വെള്ളിയാഴ്ച മുതൽ ഔട്ട്‌ഡോർ സന്ദർശനം നടത്താം. എന്നാൽ അതിഥികളെ സ്വീകരിക്കാൻ പാടില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയൻ അറിയിച്ചു. വെയിൽസിൽ ഈയൊരിളവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വടക്കൻ അയർലണ്ടിൽ, ജൂൺ 8 മുതൽ 10 പേരുമായി മാത്രം വിവാഹചടങ്ങുകൾ നടത്താം. ആളുകൾ സാമൂഹ്യ അകലം പാലിക്കുകയും കൈകഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. “നിങ്ങൾ ഒരു ബാർബിക്യൂ പോലുള്ള എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അത് കൈമാറുമ്പോൾ കൈ കഴുകുന്നില്ലെങ്കിൽ വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പ്രാദേശിക രോഗവ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നാൽ പ്രാദേശിക ലോക്ക്ഡൗണുകളുടെ ഫലമായി വരുമാനം നഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് 377 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി ഉയർന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ പഠനപ്രകാരം ഇംഗ്ലണ്ടിലെ 15 പേരിൽ ഒരാൾക്ക് (ഏകദേശം 7%) ഇതിനകം വൈറസ് ബാധിച്ചുകഴിഞ്ഞു. ഇനി കാര്യങ്ങൾ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ആളുകളെ ഘട്ടം ഘട്ടമായി നിരീക്ഷിക്കണം. അത് കൈകാര്യം ചെയ്യുന്നതിന് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം ഫലപ്രദമായിരിക്കേണ്ടതുണ്ട്.” സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. ഈസ്റ്ററിനുശേഷം, ലോക്ക്ഡൗൺ നടപടികൾ സുരക്ഷിതമായി ലഘൂകരിക്കുന്നതിനായാണ് സർക്കാർ അഞ്ച് വ്യവസ്ഥകൾ ഏർപ്പെടുത്തിയത്. ഉചിതമായ സുരക്ഷാ നടപടികൾ സ്വീകരിച്ചാൽ തിങ്കളാഴ്ച മുതൽ ദന്തചികിത്സ വീണ്ടും തുടങ്ങും. അടുത്ത ആഴ്ച മുതൽ സ്കൂളുകളും ഔട്ട്‌ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും തുറന്ന് പ്രവർത്തിക്കും. ജൂൺ 15 മുതൽ അവശ്യേതര കടകൾക്കും തുറന്ന് പ്രവർത്തിക്കാം. രോഗവ്യാപനം തടയുന്നതിൽ നാം പുരോഗതി കൈവരിച്ചതിനാൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ നടപടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺസൺ എംപിമാരോട് പറഞ്ഞു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിൽ തിങ്കളാഴ്ച മുതൽ പ്രൈമറി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ ബാധയോടനുബന്ധിച്ച് ദിനംപ്രതി ഡൗണിങ് സ്ട്രീറ്റിൽ നടത്തുന്ന വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഒന്നാം വർഷത്തിലും ആറാം വർഷത്തിലും ഉള്ള കുട്ടികൾക്കാകും ആദ്യം ക്ലാസ്സുകൾ ആരംഭിക്കുക. നേഴ്സറികളും മറ്റും ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. എന്നാൽ സെക്കൻഡറി സ്കൂളുകൾ ജൂൺ 15 മുതലാകും ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ പ്രഖ്യാപിച്ചതിനോടൊപ്പം ആണ് സ്കൂളുകൾ തുറക്കാൻ ഉള്ള തീരുമാനവും അദ്ദേഹം അറിയിച്ചത്. സ്കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നതിനാലാണ് തുറക്കാനുള്ള തീരുമാനമെടുത്തത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ എല്ലാ പ്രൈമറി സ്കൂളുകളും തിങ്കളാഴ്ച തന്നെ തുറക്കുവാൻ അസാധ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി നിക്ക് ഗിബ്ബ് അറിയിച്ചതിനു തൊട്ടു പുറകെയാണ് പ്രധാനമന്ത്രിയുടെ ഈ തീരുമാനം വന്നിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നതിനാൽ, ചില സ്കൂളുകളിൽ ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതി ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ അദ്ധ്യാപക, രക്ഷാകർത്ത കൗൺസിലുകളുടെ പ്രതിഷേധമുണ്ട്.

ബ്രിട്ടണിൽ മൊത്തം 267240 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37, 460 പേർ കൊറോണാ ബാധ മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ലണ്ടൻ നഗരത്തിൽ നിന്നാണ്. എന്നാൽ പതിയെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ഗവൺമെന്റ്.
സ്വന്തം ലേഖകൻ
പീഡോഫൈലുകളും ക്രിമിനലുകളും, ലോക് ഡൗൺ കാലത്ത് കൂടുതലായി കുട്ടികളെ ലൈംഗികചൂഷണത്തിന് ഉന്നം വെക്കുന്നു എന്ന് നടുക്കുന്ന കണ്ടെത്തൽ. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയപരിധിയിൽ ലോകം മുഴുവൻ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഇരട്ടിച്ച് നാല് മില്യൺ ആയി വർദ്ധിച്ചു. കാണാതാവുകയോ ചൂഷണം ചെയ്യപ്പെടുകയോ ആയ കുട്ടികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട യുഎസ് ബേസ്ഡ് സെന്റർ പറയുന്നത് വ്യാപക പ്രചാരം ലഭിച്ച ഒരു വീഡിയോയിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങളുടെ വർധനവ് മനസ്സിലാക്കാൻ സാധിക്കും എന്നാണ്. യുകെയിൽ മൂന്നുലക്ഷത്തോളം ആളുകൾ കുട്ടികൾക്ക് ഉപദ്രവകാരികളായി നിലവിൽ ഉണ്ട്. കഴിഞ്ഞ ഒറ്റ മാസം കൊണ്ട് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ഓൺലൈൻ ആയി കാണാനുള്ള 9 മില്യൺ ശ്രമങ്ങളാണ് നടന്നത്.

ലോക്ഡൗൺ തുടങ്ങിയതിന് ശേഷം കാര്യമായ ജീവനക്കാർ ഇല്ലാത്തതുമൂലം ചൂഷണ വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നത് 89 ശതമാനത്തോളം താഴ്ന്നത് ആശങ്കയാവുന്നുണ്ട്. 13 മാർച്ചിന് ശേഷം ഓൺലൈൻ ചൈൽഡ് സെക്സ് വീഡിയോകൾ 20 ശതമാനം വർദ്ധിച്ചതായി സ്പാനിഷ് പോലീസും റിപ്പോർട്ട് ചെയ്തു. ഡെൻമാർക്കും സമാനമായ രീതിയിൽ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകൾ പ്രചരിക്കുന്ന വെബ്സൈറ്റുകൾ കൂടുതലാളുകൾ സന്ദർശിച്ചതായി കണ്ടെത്തി.
കുഞ്ഞുങ്ങൾ കൂടുതലായി ഓൺലൈനിൽ സമയം ചെലവഴിക്കുകയും, സ്കൂളുകളിൽ പോകാതിരിക്കുകയും ചെയ്യുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള കാരണമാണ്. യൂറോപോളിലെ കാതൽ ഡെലനെ പറയുന്നത്, കുട്ടികൾ ഓൺലൈൻ ആയി ഇരിക്കുന്ന സമയം എന്തിനൊക്കെ വിനിയോഗിക്കുന്നു എന്ന് ശ്രദ്ധിക്കാൻ ആൾ ഇല്ലാത്തതും, കുട്ടികൾ കൂടുതൽ ഒറ്റപ്പെടല് അനുഭവിക്കുന്നു എന്നതും അവർ കൂടുതൽ ഇരകളാകാൻ കാരണമാകുന്നു.

ഓസ്ട്രേലിയയിൽ മാത്രം മാർച്ച് 21 ന് ശേഷം ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിൽ 86 ശതമാനം വർധനവാണ് ഉണ്ടായത്. ഡാർക്ക് വെബ് എന്നറിയപ്പെടുന്ന ഇത്തരം സൈറ്റുകളിൽ കോവിഡ് 19 തീമുകളിലുള്ള ചൈൽഡ് എക്സ്പ്‌ളോയ്‌റ്റേഷൻ ഫോറംസ് നിലവിലുണ്ടെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമാൻഡർ പോളാ ഹഡ്സൺ പറയുന്നു. ചില ഗ്രൂപ്പുകളിൽ ആയിരത്തിലധികം അംഗങ്ങൾ വർധിച്ചതായും കാണാം. പല വീഡിയോകളും ഷൂട്ട് ചെയ്തിരിക്കുന്നതും ലൈവ് സ്ട്രീമിങ് നടത്തുന്നതും ഫിലിപ്പൈൻസിൽ നിന്നാണ്. യുകെ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് പണം നൽകി ഇത് കാണാൻ ആളുകൾ ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫിലിപ്പൈൻസിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ എന്ന ഗ്ലോബൽ ഓർഗനൈസേഷൻ രക്ഷപ്പെടുത്തിയ കുട്ടികളിൽ കൂടുതൽ പേരും 12വയസോ അതിൽ താഴെയോ ഉള്ളവരാണ്. മൂന്നുമാസം പ്രായമുള്ള രണ്ട് കുട്ടികളെ പോലും ലൈംഗിക കുറ്റകൃത്യത്തിന് ഇരയാക്കിയിട്ടുണ്ട്. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം കുറ്റവാളികൾക്കെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്നും അന്വേഷണം ഊർജിതമാക്കുമെന്നും രാജ്യത്തിന്റെ അണ്ടർ സെക്രട്ടറി എമ്മേലിൻ വില്ലാർ പറഞ്ഞു.