നടപ്പാതകളിലെ പാർക്കിംഗ് നിരോധിക്കണമെന്ന് എംപിമാർ ശക്തമായി ആവശ്യപെട്ടു . ഇത്തരത്തിലുള്ള പാർക്കിംഗ് അംഗവൈകല്യമുള്ളവർക്കും മറ്റും സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് കാരണമായി പറയുന്നത്. ഈ പ്രശ്നത്തെ ഗൗരവമായി കാണുമെന്നും, വരും മാസങ്ങളിൽ വേണ്ടതായ നിയമ നിർമ്മാണം നടത്തുമെന്നും ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് ഉറപ്പു നൽകി.
തന്റെ പക്കൽ നേരിട്ട് പല കംപ്ലയിന്റുകളും ലഭിച്ചിട്ടുണ്ടെന്ന് ലേബർ എംപി ലിലിയാൻ ഗ്രീൻവുഡ് പറഞ്ഞു. നടപ്പാതയിലുള്ള പാർക്കിംഗ് ലണ്ടനിൽ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. സ്കോട് ലൻഡിലും ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.

അംഗവൈകല്യമുള്ളവരോടും, പരിഗണന ആവശ്യമുള്ളവരോടും പ്രത്യേകം ചർച്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനെ സംബന്ധിച്ചു ആളുകളിൽ അവബോധം ഉണ്ടാക്കുവാൻ വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡിപ്പാർട്മെന്റ് അറിയിച്ചു.
നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം വീൽ ചെയറിൽ മറ്റും യാത്ര ചെയ്യുന്നവർക്ക് ട്രാഫിക്കിൽ ഇറങ്ങേണ്ട സാഹചര്യമാണ്. ഇതു അവരുടെ ജീവനും സുരക്ഷയ്ക്കും ആപത്താണ്. പ്രായാധിക്യമുള്ളവരെയും ഇതു സാരമായി ബാധിക്കും.
ഞായറാഴ്ച അർധരാത്രി മുതൽ ബ്രിട്ടീഷ് എയർവെയ്സ് പൈലറ്റ്സ് ചരിത്രത്തിലാദ്യമായി സമരം നടത്തുകയാണ്. നൂറുകണക്കിന് ഫ്ലൈറ്റുകൾ മുടങ്ങിയത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബാൽ പ, (ബ്രിട്ടീഷ് എയർലൈൻസ് പൈലറ്റ് അസോസിയേഷൻ) പറയുന്നത് തങ്ങളുടെ ശമ്പളത്തിൽ ചൊല്ലിയുള്ള സമരത്തിന് ഉടൻ പരിഹാരം ആയില്ലെങ്കിൽ സെപ്റ്റംബർ 27ന് ശേഷം കൂടുതൽ പ്രതിഷേധ മാർഗങ്ങളിലേക്ക് കടക്കുമെന്നാണ്. ചർച്ചകൾക്ക് തയ്യാറാണെന്നും അവർ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയർലൈൻ ഏകദേശം എണ്ണൂറോളം വിമാനങ്ങളാണ് ഒരു ദിവസം നിയന്ത്രിക്കുന്നത്. സമരം മൂലം ഏകദേശം ഒരു ലക്ഷത്തി നാൽപത്തി അയ്യായിരത്തോളം യാത്രക്കാർക്ക് നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാർക്ക് റീഫണ്ട് നൽകാനോ മറ്റൊരു ദിവസം യാത്രയ്ക്കായി ബുക്ക് ചെയ്യാനോ ഉള്ള സൗകര്യം ബ്രിട്ടീഷ് എയർലൈൻസ് ഒരുക്കിയിട്ടുണ്ട്.
ബാൽപയുടെ ജനറൽ സെക്രട്ടറി ബ്രിയാൻ സ്ട്രണ്ണൻ പറയുന്നു” മുൻപ് കമ്പനിക്ക് നഷ്ടം ഉണ്ടായിരുന്ന സമയത്ത് വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തു കമ്പനിക്ക് ഒപ്പം നിന്നവരാണ് പൈലറ്റുമാർ.എന്നാൽ ഇപ്പോൾ ബ്രിട്ടീഷ് എയർലൈൻസ് ബില്യൻ കണക്കിന് പൗണ്ട് ലാഭം കൊയ്യുന്നുണ്ട്. ഉയർന്ന ഉദ്യോഗസ്ഥർക്ക് അതനുസരിച്ചുള്ള ശമ്പള വർദ്ധനവും ഓഫറുകളും ലഭിക്കുന്നുമുണ്ട്. എന്നാൽ ഞങ്ങൾ ന്യായമായ പെൻഷൻ ആനുകൂല്യങ്ങളും വേതനവും മാത്രമേ ചോദിക്കുന്നുള്ളൂ. കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ആണിത് എന്നാൽ ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടിട്ടില്ല. അതിനാലാണ് ഇപ്പോൾ പൈലറ്റുമാർ ഈ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.” മറ്റൊരു പൈലറ്റ് പറയുന്നു” ഇത് പണത്തിനു വേണ്ടി മാത്രമുള്ള സമരമല്ല ഒരല്പം ആദരവും തൊഴിലാളി സ്നേഹവും ഒക്കെ കമ്പനിക്ക് ആവാം. എല്ലാ സമയത്തും കൂടെ നിന്നവർ അല്ലേ ഞങ്ങൾ”. ഇതുതന്നെയാണ് സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മിക്ക പൈലറ്റ്മാരുടെയും അഭിപ്രായം.
കഴിഞ്ഞ ഒരാഴ്ച പാർലമെന്റിൽ അരങ്ങേറിയ അതിനാടകീയ രംഗങ്ങളെത്തുടർന്ന് ജോൺസന്റെ ക്യാബിനറ്റ് അംഗം ആംബർ റൂഡ് രാജി വെച്ചു. പെൻഷൻ സെക്രട്ടറി ആയ റൂഡിന്റെ ഈ തീരുമാനത്തിന് പിന്നിൽ നോ ഡീൽ ബ്രെക്സിറ്റ് എന്ന അഴിയാകുരുക്കാണ്. യൂറോപ്യൻ യൂണിയനുമായി ഒരു ചർച്ചയക്ക് സർക്കാർ തയ്യാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റൂഡ്, പ്രധാനമന്ത്രിയുടെ നിലപാടുകളുമായി ഒരു തരത്തിലും യോജിക്കാൻ കഴിയുന്നില്ല എന്നും വ്യക്തമാക്കി.ബ്രെക്സിറ്റ് കാലതാമസ ബില്ലിനെ പിന്തുണച്ച 21 ടോറി എംപിമാരെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ജോൺസന്റെ നീക്കത്തിനെതിരെയും റൂഡ് പ്രതിഷേധിച്ചു.
ബോറിസിന്റെ സഹോദരൻ ജോ ജോൺസൻ രാജിവെച്ച് രണ്ട് ദിവസങ്ങൾക്കു ശേഷം മറ്റൊരു പ്രധാന അംഗത്തെക്കൂടിയാണ് സർക്കാരിന് നഷ്ടമാകുന്നത്. ഒരു കരാറില്ലാ ബ്രെക്സിറ്റിന്റെ തയ്യാറെടുപ്പുകളിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും റൂഡ് പറഞ്ഞു. ഏറ്റവും കഴിവുള്ള മന്ത്രിമാരിൽ ഒരാളെന്ന് റൂഡിനെ വിശേഷിപ്പിച്ച മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, അവരുടെ രാജി ഖേദകരമായ വസ്തുതയാണെന്നും അറിയിച്ചു. ജോൺസനെയാരും വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഈ രാജിയെന്ന് ലേബർ പാർട്ടി ചെയർ ഇയാൻ ലവേറി അഭിപ്രായപ്പെട്ടു.

2010 മുതൽ ഈസ്റ്റ് സസെക്സിലെ ഹേസ്റ്റിംഗ്‌സ് ആൻഡ് റൈയുടെ എംപിയായ ആംബർ റൂഡിന്റെ രാജി ജോൺസന്റെ സർക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. റൂഡിന് പകരം പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫേയ് പെൻഷൻ സെക്രട്ടറിയായി ചുമതലയേൽക്കും. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നത് തടഞ്ഞുള്ള ബില്ലിന് പാർലമെന്റിന്റെ പ്രഭുസഭയിലും അംഗീകാരം ലഭിച്ചതോടെ രാജ്ഞി ഒപ്പിട്ട് അത് നാളെ നിയമമാകും. ഒപ്പം ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ജോൺസൻ നാളെ പാർലമെന്റിൽ വീണ്ടും പ്രതിപക്ഷ പിന്തുണ തേടും.
‘മലയാളം യുകെ’ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ രാജ്യാന്തര പ്രശസ്തനായ സൈക്കോളജിസ്റ്റും ഫാമിലി തെറാപ്പിസ്റ്റും പ്രചോദനത്മക പരിശീലകനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ മായി നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാം ഭാഗം
ഷിബു : നമസ്‌കാരം.. ഇന്റര്‍വ്യൂവിന്റെ ആദ്യ ഭാഗത്തിന് ആവേശകരമായ സ്വീകരണമാണ് യൂറോപ്പിലെങ്ങും ലഭിച്ചത്. ഒട്ടനവധി ആളുകള്‍ നേരിട്ടും അല്ലാതെയും എഡിറ്റോറിയല്‍ ടീമിലേക്കു തങ്ങളുടെ സന്തോഷം അറിയിക്കുകയുണ്ടായി. വായനക്കാരോടുള്ള മലയാളം യുകെ യുടെ നന്ദി അറിയിച്ചു കൊള്ളുന്നു. ഒട്ടനവധി ആളുകള്‍ വ്യക്തിപരമായ അന്വേഷണം അറിയിക്കുവാന്‍ ഏല്പിച്ചിട്ടുണ്ട്. അതും സ്‌നേഹപൂര്‍വ്വം സൂചിപ്പിക്കട്ടെ.
ഡോ. വിപിന്‍ റോള്‍ഡന്റ്: വളരെ സന്തോഷം. വായനക്കാരുടെ പ്രതികരണത്തോടുള്ള എന്റെ സന്തോഷവും രേഖപ്പെടുത്തട്ടെ. അറിയാന്‍ താല്പര്യമുള്ളവരോട് സംസാരിക്കുക എന്നതും ആവേശകരമാണ്. ഏവര്‍ക്കും നന്ദി.
ഷിബു : കഴിഞ്ഞ തവണ ചോദിച്ചു നിര്‍ത്തിയ ചോദ്യത്തില്‍ നിന്നാരംഭിക്കാം. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന മറ്റൊരു ഒരു പ്രതിസന്ധി അവരുടെ മക്കള്‍ ഏതു രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തിന്റെ കള്‍ച്ചര്‍ അഡാപ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി വിദേശ ശൈലിയിലേക്ക് മാറുന്നതും ഒക്കെയാണ്. എന്നാല്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും തങ്ങളെപോലെ കേരളീയ ശൈലിയില്‍ തന്നെ വളരണം എന്നുമാണ്. ഇങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മാതാപിതാക്കളും കുട്ടികളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്താണ് ഒരു പരിഹാരമുള്ളത്?
ഡോ. വിപിന്‍ റോള്‍ഡന്റ്: ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ കാണാന്‍ വരുന്ന വിദേശ കുടുംബങ്ങള്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. അവരോടു ഞാന്‍ പറയാറുള്ളത് വഴക്കിട്ടതുകൊണ്ട് പ്രയോജനം ഇല്ല എന്നതാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ഒരു കുട്ടി ജനിച്ചു വളരുമ്പോള്‍ ചുറ്റും കാണുന്ന ശൈലികള്‍ അവരെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പം മുതല്‍ക്കു തന്നെ നമ്മുടെ നാടിന്റെ നന്മകളും ജനിച്ചു വളരുന്ന നാടിന്റെ നന്മകളും അവര്‍ക്ക് മനസിലാക്കികൊടുക്കണം. കൂടാതെ ആ നാടിന്റെ നന്മ തിന്മകള്‍ മനസിലാക്കി നമുക്ക് ദോഷം വരുന്ന രീതിയിലുള്ള ശൈലികള്‍ തീര്‍ത്തും മാറ്റിനിര്‍ത്താനുള്ള ഒരു ശീലം കൂടി അവരില്‍ വളര്‍ത്തിയെടുക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മളുടെ മക്കളുടെ ലോകം അവരുടെ കൂട്ടുകാരായിരിക്കും. കൂട്ടുകാരുടെ വാക്കുകള്‍ക്കും അവരുടെ ശൈലികള്‍ അനുകരിക്കുന്നതിലും ആയിരിക്കും അവര്‍ക്ക് കൂടുതല്‍ താല്പര്യം. മാതാപിതാക്കള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മക്കളെ എതിര്‍ക്കുന്നതായും അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതായും അവര്‍ തെറ്റിദ്ധരിക്കും. പൊട്ടിത്തെറിക്കലുകളും ഏറ്റുമുട്ടലുകളും പ്രശ്‌നപരിഹാരമാകില്ല. അതുകൊണ്ട് തന്നെ അവരെ എതിര്‍ത്തു സംസാരിക്കുന്നതിനും കലഹിക്കുന്നതിനും പകരം അവരുടെ പ്രവര്‍ത്തിയില്‍ അല്ലെങ്കില്‍ ശൈലിയില്‍ ഉള്ള തെറ്റുകള്‍ മനസിലാക്കാന്‍ അവരെ കൂടെ നിന്നു സഹായിക്കുകയാണ് വേണ്ടത്. ദീര്‍ഘ ക്ഷമയോടു കൂടി വേണ്ടിവരും ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയേണ്ടത്. വിദേശ രാജ്യത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുകയും മാതാപിതാക്കളുടെ മൂല്യാധിഷ്ഠിത ജീവിതരീതി പുലര്‍ത്തുകയും ചെയ്യുന്ന യുവജനങ്ങളും പ്രവാസികള്‍ക്കിടയിലുണ്ട്. നാം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളാണ് പ്രധാന പ്രശ്‌നം.
ഷിബു : സ്വത്തപ്രതിസന്ധി എന്നു പറയുന്നത് പ്രവാസി മലയാളികള്‍ നേരിടുന്ന വലിയ ഒരു ചോദ്യമാണ്. വീടിനുള്ളില്‍ കാണുന്ന സംസ്‌കാരം ഒന്ന്. പുറത്ത് കാണുന്നത് മറ്റൊന്നും. ആ ഒരു തലത്തില്‍ മുകളില്‍ പറഞ്ഞ ചോദ്യം വളരെ പ്രസക്തമാണ്. ഇതിനിടയില്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എങ്ങനെ പരിഹരിക്കപ്പെടാനാകും.?
ഡോ. വിപിന്‍ റോള്‍ഡന്റ്: മാതാപിതാക്കളുടെ ശൈലിയും കുട്ടികള്‍ പുറത്തു കാണുന്ന ശൈലിയും തമ്മിലുള്ള വ്യത്യാസം തീര്‍ച്ചയായും കുട്ടികള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണര്‍ത്തുന്ന ഒന്നാണ്. ഏതു പിന്തുടരണം എന്ന സംശയം അവര്‍ക്ക് ഉണ്ടാകാം. കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ മാനസിക സംഘര്‍ഷം മനസിലാക്കി അവര്‍ക്ക് ശരിയായ പാത കാണിച്ചു കൊടുക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കുട്ടികള്‍ എന്നും വീട്ടിനകത്തു വളരേണ്ടവരല്ല. പുറത്തിറങ്ങി കൂട്ടുകാരോടും മറ്റുള്ള ആളുകളോടും ഇടപഴകുമ്പോള്‍ അവര്‍ക്കിടയില്‍ ഒറ്റപെട്ടു പോകാനുള്ള സാഹചര്യം നമ്മുടെ മക്കള്‍ക്കുണ്ട്. ആ ഒറ്റപ്പെടലില്‍ നിന്ന് മോചനം നേടാന്‍ കുട്ടികള്‍ അവരോടു ഇടപഴകുന്നവരുടെ സംസ്‌കാരത്തിലേക്ക് മാറി ചിന്തിക്കുന്നു. ഏതു സംസ്‌കാരത്തിനും നന്മകളും തിന്മകളും ഉണ്ട്. നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഏതു നാട്ടില്‍ ചെന്നാലും അവിടുത്തെ നന്മകള്‍ മാത്രം ശീലിക്കാന്‍ നമ്മുടെ മക്കളെ ചെറുപ്പത്തില്‍ തന്നെ നമ്മള്‍ പരിശീലിപ്പിക്കണം. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കാന്‍ ആകില്ല. കാലം ഒരുപാട് മാറിയിരിക്കുന്നു. നമ്മള്‍ ജനിച്ചു വളര്‍ന്ന സാഹചര്യം അല്ല ഇന്നുള്ളത് എന്ന കാര്യം നമ്മള്‍ മാതാപിതാക്കളും മനസിലാക്കണം. നന്മയേത് തിന്മയേത്, എവിടെ നോ പറയണം, ഏതു തിരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ നമ്മളുടെ മക്കളെ ചെറുപ്പത്തിലേ പ്രാപ്തരാക്കുക. ആത്മീയമായ അടിത്തറയില്‍ വളര്‍ത്തപ്പെടുന്നവര്‍ക്കു ആ വഴികള്‍ കരുത്തു പകരാറുണ്ട്. ആത്മീയ നിയമങ്ങളും വഴികളും രാജ്യത്തിനനുസരിച്ചു മാറുന്നവയല്ലല്ലോ. മൂല്യ ബോധവും മാതൃകയും കിട്ടേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ്. മാതാപിതാക്കള്‍ക്ക് പിഴച്ചാല്‍ ‘ആശാന്റക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ശിഷ്യന്‍’ എന്ന കുഞ്ചന്‍ നമ്പ്യാര്‍ കവിത പോലാകും മക്കളുടെ ജീവിതം.
ഷിബു : കുടുംബബന്ധങ്ങളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. താങ്കളുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌പെഷ്യലൈസേഷന്‍ ഫാമിലി സൈക്കോളജിസ്റ്റ് എന്ന നിലയിലാണെന്ന് പറഞ്ഞിരുന്നുവല്ലോ. സത്യത്തില്‍ എന്താണ് നമ്മളുടെ കുടുംബ ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് സത്യത്തില്‍ പോയ്‌കൊണ്ടിരിക്കുന്നത് എന്നു തന്നെ പറയാം. പണ്ടുകാലത്ത് കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും ഓരോ റോള്‍ ആയിരുന്നു. അതു വൃത്തിയായി ചെയ്യാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇന്ന് പക്ഷെ തുല്യ പങ്കാളിത്തമാണ്. അതു മൂലം തുല്യമായ ടെന്‍ഷനുകളും പ്രെഷറുകളും ആണ്. സ്വയം പ്രശ്‌നത്തില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ അംഗീകരിക്കാനോ സാധിക്കണം എന്നില്ല. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്നാണല്ലോ. പക്ഷെ ഇന്നത്തെ കാലത്ത് ദമ്പതികള്‍ക്കിടയിലുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പരസ്പരം സ്‌നേഹമില്ലാതെ ഇടപെടുന്നവരും തീരെ മിണ്ടാതിരിക്കുന്നവരും ഉണ്ട്. പരസ്പരം പോര്‍വിളിക്കുന്നവരും ഏറ്റുമുട്ടുന്നവരും സംസാരിക്കുന്നവരും വര്‍ദ്ധിക്കുന്നു.ഒരു ദമ്പതികള്‍ ഒരു ടീം പോലെ പ്രവര്‍ത്തിക്കേണ്ടവരാണെങ്കിലും ഒരു കാര്യത്തിലും പരസ്പര വിശ്വാസമോ സഹകരണമോ ഇല്ലാതെ വെറുതെ ജീവിച്ചു പോകുന്ന അവസ്ഥ. അതുകൊണ്ട് തന്നെ കൂടുമ്പോള്‍ ഇമ്പമില്ലാതെ ആയിട്ടുണ്ട് പല കുടുംബങ്ങളും.
ഷിബു: പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ലന്നല്ലേ പറയാറ്. പ്രവാസി കുടുംബങ്ങളെ എങ്ങനെ സഹായിക്കാം. ഫാമിലി കൗണ്‍സിലിംഗ് ഫലപ്രദമാണോ?

ഡോ. വിപിന്‍ റോള്‍ഡന്റ് : നമ്മളൊരു വാഹനം വാങ്ങിക്കുമ്പോള്‍ അതിനെ ഓരോ ആറ് മാസത്തിലും സര്‍വീസ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ പതുക്കെ പതുക്കെ ഓരോരോ ഭാഗങ്ങളായി പണിമുടക്കികൊണ്ടിരിക്കും. ഇതുപോലെ തന്നെ വിവാഹജീവിതത്തിലും പ്രോപ്പര്‍ ആയ ഒരു സെര്‍വീസിങ് പ്രോസസ്സ് ആവശ്യമുണ്ട്. രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ വ്യത്യസ്ത മനസിന് ഉടമകളായ വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അതു അതാത് സമയത്തു തന്നെ പരിഹരിച്ചു മുന്നിട്ട് പോയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകാനും കുടുംബബന്ധങ്ങള്‍ ശിഥിലമാകാനുമുള്ള സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ആയ മനഃശാസ്ത്ര വിദഗ്ധരുടെ ഫാമിലി കൗണ്‍സിലിംഗ് ഇന്ന് ലോകമെങ്ങും കുടുംബങ്ങളെ സന്തോഷത്തിലേക്കു നയിക്കുന്നുണ്ട്. കൗണ്‍സിലിംഗ് എന്ന വാക്ക് അരോചകമായി തോന്നുന്നവര്‍ക്കായി ഫാമിലി എന്റിച്ച്‌മെന്റ് പ്രോഗ്രാം എന്ന നിലയിലാണ് ഞങ്ങളുടെ ബിഹേവിയര്‍ സ്റ്റുഡിയോയില്‍ ഫാമിലി സപ്പോര്‍ട്ട് നല്‍കുന്നത്. ഞാന്‍ മനഃശാസ്ത്രജീവിതം തുടങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ ആളുകള്‍ ഇന്ന് എന്നെ കാണാനായി വരുന്നുണ്ട്. പ്രശ്‌നങ്ങള്‍ കൂടിയത് കൊണ്ട് മാത്രല്ല അത്. ഒരു പക്ഷേ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിക്കാന്‍ അന്നത്തെ കാലത്തേക്കാള്‍ ഇന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ട് എന്ന നല്ല സൂചനയാകാം കുടുംബങ്ങള്‍ മുന്‍പോട്ടു വരുന്നതിനു പ്രചോദനമാകുന്ന കാരണങ്ങള്‍.
ഷിബു : കേരളത്തില്‍ നിന്നും വ്യത്യസ്തമായി, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്‌തെങ്കില്‍ മാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളു. അത് സാധ്യമാകുന്നത് രണ്ടു പേരും ഓപ്പസിറ്റ് ഷിഫ്റ്റ് ചെയ്തിട്ടാണ് താനും. പ്രകൃതി അനുവദിച്ചിട്ടുള്ള ബയോളജിക്കലായുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് പലപ്പോഴും കാരണവുമാകുന്നുണ്ട്. ഇത്തരത്തിലുള്ള വലിയ കുടുംബ പ്രശ്‌നങ്ങള്‍ക്ക് എന്താണ് പരിഹാരം?
ഡോ. വിപിന്‍ റോള്‍ഡന്റ്: പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രമല്ല സത്യത്തില്‍ ഈയൊരു പ്രശ്‌നം ഉള്ളത്. കേരളത്തിലും ഇന്നത്തെ സാഹചര്യങ്ങള്‍ ഇങ്ങനെതന്നെയാണ്. ജീവിതച്ചിലവുകള്‍ കേരളത്തിലും കൂടുന്ന സാഹചര്യമാണ്. അതിനനുസരിച്ചു ഭാര്യയും ഭര്‍ത്താവും ഒരു പോലെ ജോലി ചെയ്യേണ്ടി വരുന്നു. ഒരിക്കല്‍ എന്നെ കാണാന്‍ ഒരു ഭാര്യയും ഭര്‍ത്താവും വന്നു. ഐ ടി മേഖലയില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ ആയിരുന്നു അവര്‍. മക്കളില്ലാത്ത സങ്കടം ആണ് അവരെ എന്റെ മുന്നില്‍ എത്തിച്ചത്. കല്യാണം കഴിഞ്ഞു എട്ടു കൊല്ലം ആയെങ്കിലും ജോലി ഷിഫ്റ്റ് ശരിയല്ലാത്തതു കാരണം വളരെ ചുരുക്കം സമയമേ അവരു തമ്മില്‍ അടുത്തിടപഴകിയിട്ടുള്ളൂ എന്നു അവരുമായി സംസാരിച്ചപ്പോള്‍ എനിക്ക് വ്യക്തമായി. എല്ലാ തിരക്കുകളും മാറ്റിവച്ചു അവരുടേതായ കുറച്ചു സമയം കണ്ടെത്താനും ഒരുമിച്ചൊരു യാത്ര പോകാനും അവരോടു ഞാന്‍ നിര്‍ദ്ദേശിച്ചു. ജോലിയും ജീവിതവും ക്രമപ്പെടുത്താന്‍ വേണ്ട വര്‍ക്ക് ലൈഫ് ബാലന്‍സ് കോച്ചിംഗ് ആണ് ഞാന്‍ അവര്‍ക്കു നല്‍കിയത്. പിന്നീട് കുറച്ചു നാളു കഴിഞ്ഞു അവരെന്നെ കാണാന്‍ വരുമ്പോള്‍ കൂടെ ഒരു കുഞ്ഞുകൂടി ഉണ്ടായിരുന്നു. ഇതേകാര്യം തന്നെയാണ് എനിക്കിവിടെയും പറയാനുള്ളത്. ജീവിക്കാന്‍ വേണ്ടിയാണ് നമ്മളെല്ലാം ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുക എന്ന അവസ്ഥയിലേക്കാണ് പക്ഷെ ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്. ഏതു തിരക്കുകള്‍ ഉണ്ടെങ്കിലും കുറച്ചു സമയം നമുക്കായി കണ്ടെത്തണം. ‘ഫാമിലി ടൈം’ എന്നാണ് ഞങ്ങള്‍ ആ സമയത്തെ വിശേഷിപ്പിക്കുന്നത്. ഓരോ കുടുംബവും അവരുടേതായ ഫാമിലി ടൈം കണ്ടെത്തുക തന്നെ ചെയ്യണം. രണ്ടു പേരുടെയും തിരക്കുകള്‍ പരസ്പരം മനസിലാക്കാനും എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാനും മനസു തുറന്നു സന്തോഷിക്കാനും ഈ സമയം വിനിയോഗിക്കണം. പരസ്പര ധാരണയും ഐക്യവുമാണ് ഓരോ കുടുംബത്തിന്റെയും കെട്ടുറപ്പ്.
ഷിബു : കുടുംബ പ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്ന മാനസിക സംഘര്‍ഷം ഇവരുടെ ജോലിയെ തന്നെ വളരെ ഗൗരവപരമായി ബാധിക്കാറുണ്ട്. പിരിച്ചുവിടലിന്റെ ഭീഷണിയില്‍ നില്ക്കുന്ന പല വ്യക്തികളേയും നേരിട്ടറിയാം. യൂറോപ്പില്‍ ഇത് ഒരു സാധാരണ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. ഈ സംഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ഡോ. വിപിന്‍ റോള്‍ഡന്റ് : കുടുംബ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുമെന്നത് ഉറപ്പായ കാര്യമാണ്. നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ വിദേശത്തെത്തിയ പലരും ജോലിയും ജീവിതവും പരുക്കേല്‍പ്പിച്ചതിന്റെ നൊമ്പരങ്ങളില്‍ മനസ് തളര്‍ന്നിരിക്കുന്നവരാണ്.
ഒരേ ഒരു ജീവിതമേ നമുക്കുള്ളൂ. അത് സന്തോഷകരമായി കൊണ്ടുപോകാന്‍ വേണ്ട കഴിവുകളും മനോഭാവവും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഈഗോ കാണിക്കേണ്ട സ്ഥലമല്ല വീടെന്നു തിരിച്ചറിഞ്ഞു തിരുത്താന്‍ തയ്യാറാകണം കുടുംബങ്ങള്‍. കുടുംബ ജീവിതവും ജോലിയും രണ്ടായി തന്നെ മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. അതു രണ്ടും ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഘീകരിക്കേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല. ദമ്പതികള്‍ പരസ്പരം മനസിലാക്കുക എന്നതാണ് ആദ്യത്തെ പടി. നേരത്തെ സൂചിപ്പിച്ച ഫാമിലി ടൈം കണ്ടെത്തുകയാണ് അടുത്തതായി ചെയേണ്ടത്. പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കുക. കുടുംബവുമൊത്ത് പുറത്തുപോകാനും യാത്രകള്‍ക്കുമായി സമയം കണ്ടെത്തുക. പ്രാര്‍ത്ഥന, മെഡിറ്റേഷന്‍ പോലുള്ള മനസിന് ശാന്തത നല്‍കുന്ന കാര്യങ്ങള്‍ പ്രാക്ടീസ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദം മൂലം മനസ് കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുവാണെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക. നിലവിലുള്ള ജോലി തൃപ്തികരമല്ലെങ്കില്‍ ഇപ്പോഴുള്ള ജോലിയില്‍ ഇരുന്നുകൊണ്ട് തന്നെ കുറച്ചുകൂടി സൗകര്യപ്രദമായ ജോലിക്കായി ശ്രമിക്കുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഷിബു : ഇവിടങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ബിസിനെസ്സ്‌കാര്‍ക്ക് ശരിക്കും സൈക്കോളജിസ്റ്റിന്റെ സപ്പോര്‍ട്ട് വേണ്ടതുണ്ടോ അതോ അവരു സ്വയം പര്യാപ്തരാണോ?
ഡോ. വിപിന്‍ റോള്‍ഡന്റ് :
ഇന്ത്യയിലെയും വിദേശത്തെയും കാര്യങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഡൗണ്‍ ആണ്. പല ഇന്‍ഡസ്ട്രികളും തകരുകയാണ്. നമ്മുടെ നാട്ടില്‍ തന്നെ ഈ അടുത്ത കാലത്ത് നടന്ന പ്രമുഖ ബ്രാന്‍ഡ് ആയ ‘കഫെ കോഫി ഡേ’ യുടെ എംഡി യുടെ ആത്മഹത്യ പോലുള്ള സംഭവങ്ങള്‍ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒന്നാണ്. വിവിധ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഒട്ടേറെപ്പേരെ ബിസിനസ് കോച്ചിങ്ങിലൂടെ സഹായിക്കാനും ബിസിനസ് ലാഭകരമാക്കികൊടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. നാം തിരിച്ചറിയേണ്ട കാര്യം മറ്റെല്ലാവരെയും പോലെ ബിസിനെസ്സ്‌കാരും മനുഷ്യരാണ് എന്നതാണ്. അനേകരെ നയിക്കുന്നവരും പലരെയും മോട്ടിവേറ്റ് ചെയേണ്ടവരുമാണ്. പക്ഷെ അവരെ കേള്‍ക്കാനും മനസിലാക്കാനും സപ്പോര്‍ട്ട് ചെയ്യാനും ആരുമില്ല എന്നതാണ് വസ്തുത. അവര്‍ക്കും മറ്റുളവരെപോലെ ഒരുപക്ഷെ അതിനേക്കാള്‍ ഉപരി സ്‌ട്രെസ്സും ഡിപ്രെഷനും ആന്‍സെറ്റിയും പോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാം.ആ പ്രശനങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോയാല്‍ മാത്രമാണ് അവരുടെ സ്ഥാപനത്തെ വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. തീര്‍ച്ചയായും അത്തരത്തില്‍ അവര്‍ക്ക് മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് ആവശ്യമാണ്.
ഷിബു : സ്‌പോര്‍ട്‌സ് രംഗത്ത് വ്യത്യസ്തരായ ടീമുകളെ മികച്ച വിജയത്തിലേക്കെത്തിച്ചതു പോലെതന്നെയാണോ ബിസിനെസ്സ്‌കാരുടെ കണ്‍സോര്‍ഷ്യം ആയ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയുടെ (CII) കണ്‍സല്‍ട്ടന്റ് എന്ന നിലയിലും സി ഇ ഒ സിന്റെ കോച്ച് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനങ്ങളൊന്നും വിവരിക്കാമോ?
ഡോ. വിപിന്‍ റോള്‍ഡന്റ് :
എന്റെ എം.ഫില്‍. പഠന സമയത്തെ സ്‌പെഷ്യലൈസഷന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജി ആണ്. ശരിക്കു പറഞ്ഞാല്‍ ബൈ അക്കാഡമിക്‌സ് ആന്‍ഡ് പ്രൊഫെഷന്‍ ഞാനൊരു കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റ് ആണ്. ഒരു ബിസിനസ് അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസെഷനെ വിജയത്തിലേക്ക് എത്തിക്കാനായിട്ട് അവരുടെ സ്റ്റാഫ് മെമ്പേഴ്‌സിനും മേലധികാരികള്‍ക്കുമെല്ലാം പേര്‍സണല്‍ കണ്‍സള്‍ട്ടേഷനും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തി വരുന്നുണ്ടായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അഞ്ഞൂറ് കൊടിയും അതിനു മീതെയും ആസ്തിയുള്ള സിഇഒ സിന്റെ സിഇഒ റിട്രീറ് (CEO Rtereat) എന്ന പരിപാടിയില്‍ സ്ഥിരം ക്ഷണിതാവും പരിശീലകനും ആവാനുള്ള അവസരങ്ങള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ഒരേസമയം വെല്ലുവിളിയും അതേ സമയം നമ്മളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ പോസിറ്റീവ് ആയി എടുക്കുന്നത് വഴി അവര്‍ക്ക് നേട്ടങ്ങള്‍ വരുന്നത് കാണുമ്പോള്‍ അഭിമാനവും തോന്നുന്ന ഒന്നാണ് ബിസിനസ് സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍.
ഷിബു : വീണ്ടും ഞാന്‍ ചോദ്യം മാറ്റുകയാണ്. യുവാക്കളില്‍ മയക്കു മരുന്ന് പ്രയോഗം, മദ്യപാനം, വഴിവിട്ട ജീവിതം ഇതെല്ലാം വളരെയധികം പ്രശ്‌നമായിട്ടിരിക്കുന്ന ഒരു കാലത്താണ് നമ്മളുള്ളത്. യുവാക്കള്‍ക്ക് അവരുടെ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ മനസിലാകാത്ത ഒരു അവസ്ഥയിലാണ്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കൂടുതലായും പരിഹരിക്കുന്ന മനഃശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താങ്കളുടെ കാഴ്ചപ്പാടില്‍ യുകെ യിലെ യുവാക്കളെ നമുക്ക് എങ്ങനെയാണ് സഹായിക്കാന്‍ സാധിക്കുക?
ഡോ. വിപിന്‍ റോള്‍ഡന്റ്: ഇന്നത്തെ കാലത്ത് ഇതൊരു പ്രാധാന്യം അര്‍ഹിക്കുന്ന വിഷയം തന്നെയാണ്. മനഃശാസ്ത്ര പരിശീലനത്തിന്റെയും ചികിത്സയുടെയും ഭാഗമായി കേരളത്തിലും വിദേശത്തുമെല്ലാം കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോള്‍ എന്റെ മുന്നില്‍ കൂടുതലായും വന്നിട്ടുള്ള പ്രശ്‌നങ്ങളില്‍ ഒന്നാണ് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന യുവാക്കളുടെ പ്രശ്‌നങ്ങള്‍. യുവാക്കളെ സംബന്ധിച്ചു അവരാണ് ലോകത്തിന്റെ ഭാവി എന്നു തന്നെ പറയാം. അവരിലാണ് ലോകം മുഴുവന്‍ പ്രതീക്ഷയും പ്രത്യാശയും അര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് അവരെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയേണ്ടുന്നതുണ്ട്. യുവാക്കള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ്. എല്ലാ നിയമങ്ങള്‍ക്കും അപ്പുറത്തേക്ക് തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്നും, മനസു പറയുന്നത് ചെയ്യുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് എല്ലാ യുവാക്കളും. പുകവലി, മദ്യപാനം, മയക്കുമരുന്ന് പ്രയോഗം, വഴിവിട്ട ജീവിതം തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തില്‍ പെടുന്നവയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് ഇവിടെ. താന്‍ എന്തിനു ജനിച്ചു എന്നതും തന്റെ ജനനത്തിലൂടെ ഈ ലോകത്തിനു എന്ത് സംഭാവന ചെയ്യാന്‍ പറ്റും എന്നുള്ള തിരിച്ചറിവാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഈ തിരിച്ചറിവ് ലഭിക്കുവാനും തന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുവാനും തീര്‍ച്ചയായും ഒരു മനഃശാസ്ത്രജ്ഞന്റെ സപ്പോര്‍ട്ട് അവര്‍ക്ക് എടുക്കാവുന്നതാണ്. ഏതു രാജ്യത്തെ യുവാക്കളാണെങ്കിലും അവരു സ്വയം മനസിലാക്കി മുന്നോട്ട് പോയി ജീവിതത്തില്‍ വിജയം വരിക്കാന്‍ ശ്രമിക്കുന്ന രീതിയിലേക്കുള്ള സ്വാതന്ത്രം ആര്‍ജിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. യുവാക്കളെ കേന്ദ്രികരിച്ചുള്ള മോഡേണ്‍ മൂഡിലുള്ള യൂത്ത് മോട്ടിവേഷന്‍ പ്രോഗ്രാമുകള്‍ ലോകമെങ്ങും ഇപ്പോള്‍ നടന്നു വരുന്നുണ്ട്. അവര്‍ വഴി തെറ്റിപ്പോയി എന്ന് പറഞ്ഞു ഉപേക്ഷിക്കുന്നതിനു പകരം തിരികെ കൊണ്ടുവരാന്‍ കുടുംബങ്ങളും പൊതുസമൂഹവും കര്‍മ പദ്ധതികള്‍ തയ്യാറാക്കണം. അത് ലക്ഷ്യം കാണും. തീര്‍ച്ച.
ഷിബു : അതേപോലെ സ്‌ക്രീന്‍ അഡിക്ഷന്‍, മൊബൈല്‍ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍ തുടങ്ങി പലതരത്തിലുള്ള അഡിക്ഷനുകളാണ് ഇന്നത്തെകാലത്ത് കുട്ടികളും യുവാക്കളും, അതേപോലെ മുതിര്‍ന്നവരും നേരിടുന്ന പ്രശ്‌നങ്ങള്‍. അതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.
ഡോ. വിപിന്‍ റോള്‍ഡന്റ് :
മൊബൈല്‍ ഫോണിന്റെ വരവോടു കൂടിത്തന്നെ നമുക്ക് പലതിലും ഉള്ള നിയന്ത്രണം നഷ്ടപെട്ടിട്ടുണ്ട്. ലോകത്തുള്ള എന്തും നമ്മളുടെ വിരല്‍ത്തുമ്പില്‍ ആക്‌സസിബിള്‍ ആയിക്കഴിഞ്ഞു. പുറത്തിറങ്ങി ദേഹമനങ്ങി കളിച്ചിരുന്ന പല കളികളും മൊബൈല്‍ വഴി കളിക്കാമെന്നായി. അതുപോലെ തന്നെ പണ്ടുകാലത്ത് പാടത്തും പറമ്പിലും ചെളിയിലും മഴയത്തുമെല്ലാം കുട്ടികള്‍ക്കു കളിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇന്നാ സാഹചര്യമില്ല. പല കുട്ടികളും വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണ്. ഒരു കുട്ടി ജനിച്ചു വരുമ്പോഴേ അവന്റെ കയ്യില്‍ മാതാപിതാക്കള്‍ കൊടുക്കുന്നത് മൊബൈല്‍ ഫോണ്‍ ആണ്. ´യൂട്യൂബ് ഇട്ടു കൊടുത്താലേ ചോറ് കഴിക്കൂ, സെല്‍ ഫോണിലെ അല്ലെങ്കില്‍ കംപ്യൂട്ടറിലെ സകലതും അവനറിയാം´ എന്നിങ്ങനെ അഭിമാനത്തോടെ പറഞ്ഞിരുന്ന മാതാപിതാക്കള്‍ പിന്നീട് കുട്ടികളിലെ മൊബൈലിനോടുള്ള ശീലം മാറ്റാനായി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ശരീരം അനങ്ങാതെയുള്ള കളികള്‍ ശാരീരിക പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നത്‌കൊണ്ട് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ മൂന്നു മണിക്കൂര്‍ കൂടുതല്‍ മൊബൈല്‍ ഗെയിമില്‍ ഇരിക്കുന്ന ആളുകളില്‍ പഠനം നടത്തി ഒരു ഗെയിമിംഗ് ഡിസോര്‍ഡര്‍ ആണ് ഇതെന്ന് കണ്ടെത്തുകയുണ്ടായി. ശരി എന്താണ് തെറ്റെന്താണ് എന്നു കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനായി ലോകമെമ്പാടും നടക്കുന്ന പാരന്റിങ് പരിശീലന പരിപാടികളില്‍ പങ്കെടുക്കുകയും അവരു തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതും ഉണ്ട്. പൊട്ടിത്തെറിക്കുന്നതിനു പകരം എങ്ങനെയാണ് കുട്ടികളിലെ അഡിക്ഷന്‌സ് മാറ്റിയെടുക്കേണ്ടത് അതിനായി തങ്ങള്‍ എന്തു മുന്‍കരുതല്‍ എടുക്കണം, എന്തെല്ലാം ചെയ്യണം തുടങ്ങിയവയെല്ലാം മാതാപിതാക്കള്‍ മനസിലാക്കേണ്ടുന്നത് അത്യാവശ്യമാണ്. ടെക്‌നോളജി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അതിനോട് നോ പറയാന്‍ നമുക്കാവില്ല. പക്ഷെ അതൊരു അഡിക്ഷന്‍ ആകാത്ത രീതിയില്‍ കൃത്യമായ സ്‌ക്രീന്‍ ടൈമിംഗ് പാലിച്ചു കുട്ടികളെ അതു ശീലിപ്പിച്ചെടുത്തുകൊണ്ടെല്ലാം നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.
ഷിബു : നമ്മളുടെ കുട്ടികളോട്, കൗമാരക്കാരോട് എന്താണ് പറയാനുള്ളത്?
ഡോ. വിപിന്‍ റോള്‍ഡന്റ് : പറയാനുള്ള ആശയങ്ങള്‍ വളരെ സിമിലര്‍ ആണ്. പ്രിയപ്പെട്ട കുട്ടികളെ മലയാളികള്‍ ആണെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയൊരു അവസരമാണ് മറ്റൊരു രാജ്യത്ത് പഠിക്കാന്‍ സാധിക്കുക അവിടുത്തെ സാഹചര്യങ്ങള്‍ ഉപയോഗിക്കുവാന്‍ പറ്റുക എന്നതൊക്കെ. ഏറ്റവും നന്നായി പഠിക്കുക നമ്മളുടെ കഴിവുകള്‍ പൂര്‍ണമായും മനസിലാക്കി അതിനു ചേരുന്ന കരിയര്‍ തിരഞ്ഞെടുക്കുവാനായിട്ട് ശ്രമിക്കുക. കരിയര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായാല്‍ നമ്മളുടെ ജീവിതത്തില്‍ പരാജയം വന്നു ഭവിച്ചേക്കാം. കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകള്‍ ചെയ്യുകയും അതുവഴി നമ്മളുടെ അഭിരുചി കണ്ടെത്തി മികച്ച രീതിയില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയും ചെയുക. പഠനത്തോടൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കുക. ജീവിക്കാനായി പഠിക്കുക. അതിനായി ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്ന ലൈഫ് സ്‌കില്‍സ് പ്രോഗ്രാമുകള്‍ അറ്റന്‍ഡ് ചെയ്യുക. എങ്ങനെയാണ് ആത്മവിശ്വാസം മെച്ചപ്പെടുത്തേണ്ടത്, എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടത്, റിലേഷന്‍ഷിപ് ബില്‍ഡ് ചെയേണ്ടതും അതു നിലനിര്‍ത്തേണ്ടതും എങ്ങനെയാണ്, പ്രശ്‌നങ്ങളെ എങ്ങനെ നോക്കി കാണാം പരിഹരിക്കാം, പ്രതിസന്ധികളില്‍ നിന്നെങ്ങനെ കര കയറാം, മാതാപിതാക്കളോട് ദേഷ്യമോ വഴക്കോ കൂടാതെ എങ്ങനെ മുന്നോട്ട് പോകാം എന്നു തുടങ്ങി ജീവിതത്തില്‍ വേണ്ടുന്നതായ പല കാര്യങ്ങളിലും പരിശീലനം സിദ്ധിക്കേണ്ടതുണ്ട്. പോസിറ്റീവ് ആയി ചിന്തിച്ചു, അവസരങ്ങള്‍ പാഴാക്കാതെ, നന്മയുള്ള വ്യക്തികളായി വളരാന്‍ ശ്രമിക്കുക. ബൈബിളിലെ ഒരു വചനം പോലെ ‘ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരാന്‍ സാധിച്ചാല്‍ അതാണ് അത്യുത്തമം
ഷിബു : യുവാക്കളോട് എന്താണ് പറയാനുള്ളത് ?
ഡോ. വിപിന്‍ റോള്‍ഡന്റ് : യുവാക്കളുടെ കയ്യിലാണ് ഈ ലോകം. അവരാണ് സത്യത്തില്‍ നമ്മളെ നയിക്കേണ്ടുന്നത്. അവര്‍ക്ക് വേണ്ടിയാണ് ഈ ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ ഏറ്റവും പോസിറ്റീവ് ആയ രീതിയില്‍ തന്നെ അവരുടെ അവസരങ്ങള്‍ തിരിച്ചറിയണം, അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കണം, ദുശീലങ്ങള്‍ ആ അവസരങ്ങള്‍ നിഷേധിക്കുന്നുണ്ടെങ്കില്‍ അവ മാറ്റി തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം കൃത്യമായി കണ്ടെത്തി, ജീവിതത്തില്‍ എന്താണ് വേണ്ടതെന്നു തിരിച്ചറിഞ്ഞു മുന്നോട്ട് പോകണം. ലഹരിയിലേയ്‌ക്കോ തെറ്റായ കൂട്ടുകെട്ടിലേക്കോ അകപ്പെട്ടു പോകാത്ത രീതിയില്‍ മാതാപിതാക്കള്‍ പറയുന്ന നന്മകള്‍ ജീവിതത്തില്‍ സ്വീകരിച്ചു നന്മയുള്ള വ്യക്തിത്വങ്ങളായി മാറ്റത്തിന്റെ ശക്തിയിലേക്ക് നയിക്കാന്‍ പറ്റുന്ന യൗവനമായി മാറണം. മറ്റു ലഹരികളോട് സലാം പറഞ്ഞു ഒഴിവാക്കി ആത്മവിശ്വാസം ലഹരിയായികണ്ടു മുന്നോട്ട് പോകണം. തോല്‍വികള്‍ ഊര്‍ജമായി സ്വീകരിക്കണം. വലിയ സ്വപ്‌നങ്ങള്‍ കാണണം. അവ നേടാന്‍ അത്യധ്വാനം ചെയ്യണം. സ്വജീവിതം ധന്യമാക്കാന്‍, അനേകര്‍ക്ക് ഉപകാരപ്പെടുന്നവ ആക്കാന്‍ ആഗ്രഹിച്ചു മുന്നേറണം. ജീവിതത്തെ പ്രണയിക്കണം.
ഷിബു: ആശയങ്ങള്‍ എല്ലാം ഉജ്ജ്വലമായിരിക്കുന്നു. നല്ലൊരു കുടുംബാന്തരീക്ഷത്തില്‍ നിന്നും കടന്നു വന്നതിന്റെ ഒരു ശക്തി ഫീല്‍ ചെയ്യുന്നു. കുടുംബത്തെ ഒന്ന് പരിചയപ്പെടുത്താമോ?
ഡോ. വിപിന്‍ റോള്‍ഡന്റ് : ഭാര്യ രണ്ടു മക്കള്‍ അടങ്ങിയതാണ് ഞങ്ങളുടെ കുടുംബം. മൂന്നാമത്തെ ആള്‍ ഉടന്‍ എത്തും.. ഭാര്യ മായാറാണി, ഹയര്‍ സെക്കന്ററി മാത്!സ് ടീച്ചര്‍ ആണ്. ടെലിവിഷന്‍ അവതാരക, അഭിനേത്രി, എഴുത്തുകാരി എന്ന നിലയിലൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. മൂത്ത മകള്‍ ഒലിവിയ മെറി റോള്‍ഡന്റ്, ഇളയ മകള്‍ ജെനീലിയ ക്ലെയര്‍ റോള്‍ഡന്റ് രണ്ടുപേരും രാജഗിരി ക്രിസ്തു ജയന്തി സ്‌കൂളില്‍ പഠിക്കുന്നു. കോട്ടയം ജില്ലയിലെ രാമപുരം മേതിരി കുണിഞ്ഞി ആണ് സ്വന്തം നാട്. നാട്ടില്‍ അമ്മയും സഹോദരനും ഒരു ചേച്ചിയും ഉണ്ട്. എല്ലാക്കാര്യത്തിലും ഊര്‍ജ്ജമായി നിന്നിരുന്ന, ആത്മവിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും ആള്‍രൂപമായിരുന്ന ഡാഡി ആറു കൊല്ലം മുമ്പ് മരിച്ചു. ചേച്ചി വിന്നി, മുന്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ആയിരുന്ന പാലായിലുള്ള കെ എം ചാണ്ടി സാറിന്റെ ഇളയമകന്‍ സിബിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സഹോദരന്‍ വിവിഷ് റോള്‍ഡന്റ്, സ്‌കൂള്‍ അധ്യാപകനാണ്, പ്രഭാഷകനും മനഃശാസ്ത്രജ്ഞനും ഒക്കെയായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തിനും എന്നെ സഹായിച്ചത് എന്റെ പേരെന്റ്‌സ് ആണ്. ചെറുപ്പത്തില്‍ ആദ്യമായി എന്നെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത് എന്റെ ചേച്ചിയാണ്. മനഃശാസ്ത്ര മേഖലയിലേക്ക് കൈചൂണ്ടി നയിച്ചത് സഹോദരനാണ്.
എന്റെ പല കാര്യങ്ങള്‍ക്കും മുന്നിലും പിന്നിലും സൈഡിലും നിന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് എന്റെ ഭാര്യ മായാറാണി. കുടുംബത്തിലെ എല്ലാ കാര്യങ്ങളും വളരെ സ്മാര്‍ട്ട് ആയി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഒരാളാണ് മായ. കുട്ടികളും അതുപോലെ തന്നെ അവരുടേതായ രീതിയിലുള്ള എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അമ്മ പ്രാര്‍ത്ഥനയുടെ വലിയൊരു ശക്തിയാണ്. ഏതൊരു കാര്യത്തിലും പ്രാര്‍ത്ഥനാപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തി നീ എന്റെ മകനാണ് നിനക്ക് ഏതുകാര്യവും വിജയിക്കാന്‍ പറ്റും എന്നു പറഞ്ഞു എനിക്ക് ശക്തി നല്‍കുന്നത് അമ്മയാണ്. എനിക്ക് തോന്നുന്നത് മക്കളുടെ ഏതൊരു വിജയത്തിനും പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ട്. ഭാര്യയുടെ മാതാപിതാക്കളായാലും വളരെയധികം സപ്പോര്‍ട്ടും എനെര്‍ജിയും തരുന്നവരാണ്.
അങ്ങനെ എല്ലാ രീതിയിലും വളരെയധികം പിന്തുണക്കുന്ന ഒരു കുടുംബമാണ് എന്റെത്. അനേക കുടുംബങ്ങളെ സഹായിക്കാന്‍ എനിക്ക് കരുത്തു തരുന്നതും എന്റെ കുടുംബത്തില്‍ നിന്നു കിട്ടുന്ന ശക്തിയും എന്റെ ബന്ധുജനങ്ങളുടെ പിന്തുണയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമൊക്കെയാണ്.
ഷിബു : വ്യത്യസ്ത മേഖലകളില്‍ മനഃശാസ്ത്ര സേവനങ്ങള്‍ താങ്കള്‍ നടത്തിവരുന്നുണ്ട്. താങ്കളുടെ ബിഹേവിയര്‍ സ്റ്റുഡിയോ വഴിയുള്ള സേവനങ്ങള്‍ ഒന്ന് വിശദീകരിക്കാമോ.
ഡോ. വിപിന്‍ റോള്‍ഡന്റ് :
റോള്‍ഡന്റ്‌സ് എന്നതാണ് ഞങ്ങളുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേര്. ആറു കൊല്ലം മുന്‍പ് ഞങ്ങളോട് വിടപറഞ്ഞ എന്റെ പിതാവിന്റെ പേരിലാണ് ഈ സ്ഥാപനം ഉള്ളത്. അതിന്റെ ഒരു ശാഖയായ റോള്‍ഡന്റ് റെജുവിനേഷന്‍ എന്ന ബിഹേവിയര്‍ സ്റ്റുഡിയോയെക്കുറിച്ചു നേരത്തെ പറഞ്ഞിരുന്നുവല്ലോ. കൊച്ചിയില്‍ ആണതിന്റെ ഹെഡ്ഓഫീസ്. കൊച്ചിയില്‍ തന്നെ കാക്കനാടും കളമശ്ശേരിയിലും അതുപോലെ കോട്ടയം ജില്ലയില്‍ പാലാ യിലും ആണ് ബിഹേവിയര്‍ സ്റ്റുഡിയോസ് ഉള്ളത്. ഏതാണ്ട് 38 ഓളം രാജ്യങ്ങളില്‍ നിന്നും ക്ലൈന്റ്‌സ് ഇപ്പോള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. ഈ മൂന്നിടത്തും എന്റെയും മറ്റു മനഃശാസ്ത്ര വിദഗ്ധരുടെയും സേവനം ലഭ്യമാണ്. അതുപോലെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ യൂണിവേഴ്‌സിറ്റിയുടെ തന്നെ ഭാഗമായി നമ്മുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഒരു അനെക്‌സ് മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹുമാനപെട്ട ഡോ. ലത വൈസ് ചാന്‍സിലര്‍ ആയിരുന്ന സമയത്താണ് ഇങ്ങനെ ഒരു സംരംഭം അവിടെ തുടങ്ങുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ ഒരു യൂണിവേഴ്‌സിറ്റി ഇങ്ങനൊരു സംരംഭം തുടങ്ങിയത്. ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്, കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്‌റ്, ഓര്‍ഗനൈസേഷണല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പേര്‍സണല്‍ കോച്ച് എന്നു തുടങ്ങി വ്യത്യസ്തമായ മേഖലകള്‍ കൈകാര്യം ചെയുന്ന മനഃശാസ്ത്രജ്ഞരുടെ ഒരു ടീം നമ്മളുടെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ട്ട് തെറാപ്പി, മ്യൂസിക് തെറാപ്പി, ഡാന്‍സ് തെറാപ്പി, സൈക്കോതെറാപ്പി തുടങ്ങിയവയുടെയൊക്കെ സമന്വയമായ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുക. അതുപോലെ തന്നെ കോര്‍പൊറേറ്റ എന്ന ഒരു പരിശീലന ശാഖയും റോള്‍ഡന്റ്‌സിന്റെ ഭാഗമായുണ്ട്. കൊച്ചിയിലുള്ള സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗത്തില്‍ 12 വര്‍ഷത്തോളമായുള്ള സര്‍വീസ് തുടരുന്നുമുണ്ട്.
ഷിബു: വളരെ വേറിട്ടൊരു ചോദ്യം ചോദിക്കാനുണ്ട്. പത്മഭൂഷണ്‍ മോഹന്‍ലാലിനെ പോലെ ഒരു മെഗാ സ്റ്റാര്‍ സ്വയം പരിശീലനത്തിനായിട്ട് വിളിക്കുക… ആരാധകര്‍ ഒന്ന് കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന അങ്ങനൊരാള്‍ വളരെ താല്പര്യപൂര്‍വം മനഃശാസ്ത്ര പരിശീലനത്തില്‍ സ്വയം വിധേയനായിട്ട് മുമ്പിലിരിക്കുക. ആ പരിശീലനത്തെത്തുടര്‍ന്നു അദ്ദേഹം നേതൃത്വം കൊടുത്ത ടീം വിജയിക്കുക, ആലോചിച് കഴിഞ്ഞാല്‍ വളരെ അദ്ഭുതകരമായ ഒരു കാര്യമാണ്. എങ്ങനെയായിരുന്നു ആ ഒരു അനുഭവം?. താങ്കളെപ്പോലെ ഇത്തരത്തിലുള്ള ഏതൊരു വലിയ ജോലിയും ഏറ്റെടുക്കാന്‍ വേണ്ട ആത്മവിശ്വാസം യുകെ യിലെ നമ്മുടെ കുട്ടികളിലും യുവാക്കളിലും നിറക്കാന്‍ ചെറുപ്പം മുതലേ മക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്?
ഡോ. വിപിന്‍ റോള്‍ഡന്റ് : പദ്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍ പരിശീലനത്തിനെത്തിയതും അവിടെ ഉണ്ടായ അനുഭവങ്ങളും തീര്‍ച്ചയായും മറക്കാനാവാത്ത ഒന്നാണ്. അതിലേക്കു അദ്ദേഹത്തെയും നായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമാ താരങ്ങളെയും നയിച്ച സാഹചര്യങ്ങളും ഉണ്ടായ വിജയകഥകളുമെല്ലാം വളരെ ആവേശകരമാണ്. നമ്മുടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതും കുട്ടികളും യുവാക്കളും തിരിച്ചറിയേണ്ടതുമായ ഒട്ടനവധി നല്ല ആശയങ്ങള്‍ അതില്‍ നിന്നും പങ്കു വക്കാനുണ്ട്.
ഷിബു: എനിക്ക് തോന്നുന്നു. പ്രവാസി കളുടെ യുവതലമുറക്ക് ആന്തരികോര്‍ജ്ജം പകര്‍ന്നു നല്‍കുന്ന ആ ആശയങ്ങളും സംഭവങ്ങളും വിശദമായി അടുത്ത തവണ നമുക്കുള്‍ക്കൊള്ളിക്കാം. സ്ഥല പരിമിതിമൂലം ഇന്നത്തെ ഇന്റര്‍വ്യൂ അവസാനിപ്പിക്കുകയാണ്. ഇന്ന് പങ്കു വച്ച എല്ലാ ആശയങ്ങള്‍ക്കും ഒരുപാടു നന്ദി.
നാഷണൽ ഹെൽത്ത് സർവീസിന്റെ ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കുകളിൽ നിന്നും രണ്ടായിരത്തോളം വ്യക്തികളുടെ ഇമെയിൽ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്. എൻ എച്ച് എസിന്റെ കീഴിലുള്ള ടാവിസ്റ്റോക്ക്, പോർട്മാൻ എന്നീ ക്ലിനിക്കുകളിൽ നിന്നുമാണ് വിവരങ്ങൾ ചോർന്നിരിക്കുന്നത്. ലിംഗമാറ്റ പ്രക്രിയയ്ക്ക് വിധേയരായപെട്ടവരുടെയും, അതിനുവേണ്ടി തയ്യാറെടുത്തിരുന്നവരുടെയും വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

രോഗികളുടെ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭ്യമാക്കതക്കവണ്ണം അവരുടെ ഇ-മെയിലുകൾ പ്രദർശിപ്പിക്കപ്പെട്ടിരിക്കുക ആണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്ക് മേലെയുള്ള അനധികൃതമായ കടന്നുകയറ്റമാണെന്ന് ബാധിതരിൽ ഒരാളായ ഷോൺ ഫയെ ആരോപിച്ചു. ഇത് ലിസ്റ്റിലുള്ള എല്ലാവരെയും ട്രാൻസ്ജെൻഡറുകൾ ആയി മറ്റുള്ളവരുടെ മുൻപിൽ തുറന്നു കാട്ടുന്നതിനു ഇടയാകും. തങ്ങളുടെ ഐഡന്റിറ്റി രഹസ്യമാക്കി വയ്ക്കാൻ താല്പര്യപ്പെടുന്നവരുടെ ജീവിതത്തെയും സുരക്ഷയെയും ഇത് സാരമായി ബാധിക്കും.
എൻ എച്ച് എസ് തങ്ങൾക്ക് പറ്റിയ വീഴ്ച അംഗീകരിക്കുകയും, വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ പേഷ്യൻസിനായി ട്രസ്റ്റ് നടത്തുന്ന ഒരു ആർട്ട് കോമ്പറ്റീഷനെ സംബന്ധിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴാണ് രോഗികളുടെ ലിസ്റ്റ് പുറത്തുവന്നത്.
വിവരം പുറത്തു വന്നവരിൽ ഭൂരിഭാഗം പേരും ജെൻഡർ ഐഡന്റിറ്റി ക്ലിനിക്കുകളിലെ പേഷ്യൻസ് ആണ്. വിവരം ചോർന്നതിൽ ശക്തമായ അമർഷം ഉണ്ടെന്നും, വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എൻഎച്ച് എസ് വൃത്തങ്ങൾ അറിയിച്ചു. ലിബറൽ ഡെമോക്രാറ്റ് എംപി ആയിരിക്കുന്ന പോൾ ബർസ്റ്റോ ആണ് ട്രസ്റ്റിന്റെ തലപ്പത്തിരിക്കുന്നത്. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
യുകെയിൽ വീടുള്ളവരും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ‘ഭീകരൻ’ ചെടിയെകുറിച്ച് അറിയുന്നത് നന്നായിരിക്കും.കണ്ടാൽ അത്ര അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും നിങ്ങളുടെ വീടിന്റെ അടിത്തറ ഇളക്കാൻ കഴിവുള്ള ഭീകരൻ ആണിവൻ. ” ജാപ്പനീസ് നോട്ട്വീട് ” എന്നാണിവന്റെ പേര്. 6 അടി വരെ നീളം വെക്കുന്ന ഈ ചെടിയുടെ തണ്ടുകൾ മുളയുടെ തണ്ടുകൾക്ക് സമാനമാണ്. വളരാൻ അധികം സ്ഥലം ആവശ്യമില്ലെങ്കിലും ഇതിന്റെ വേരാണ് ഏറ്റവും അപകടം സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ഇഞ്ച് വരെ വളരുന്ന വേരുകൾ വീടിന്റെ അടിത്തറ ഇളകി പുറത്ത് വരും. ചുറ്റുമുള്ള ചെടികൾക്കും ഭീഷണി ആവുന്ന ഈ ചെടി, മണ്ണൊലിപ്പ് തടയാനും റെയിൽവേ സ്റ്റേഷനിൽ വേലി ആയും ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന ചെടി പ്രതികൂല കാലാവസ്ഥകളെയും അതിജീവിക്കും. വീടിന്റെ 7 മീറ്റർ ചുറ്റളവിൽ ഇതുണ്ടെങ്കിൽ വീട് വിൽക്കാനും ഇൻഷുറൻസ് ലഭിക്കാനും സാധിക്കാതെ വരും.

ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. 6 അടിയോളം മണ്ണ് കുഴിച്ചു മാത്രമേ ഇത് മാറ്റാൻ കഴിയൂ. മുഴുവനായും നശിപ്പിക്കാനുള്ള രാസചികിത്സകൾ ഉണ്ടെങ്കിലും ഏകദേശം 35000 പൗണ്ട് ചിലവ് വരുമെന്നത് ബുദ്ധിമുട്ട് ഉളവാകുന്ന വസ്തുതയാണ്. ജപ്പാനിൽ നിന്ന് ഈ ഭീകരൻ ബ്രിട്ടനിൽ എത്തുന്നത് 1850കളിലാണ്. പിന്നീട് ഇതിന്റെ വില്പനയും ബ്രിട്ടനിൽ ആരംഭിച്ചു. കഴിഞ്ഞ 5 വർഷങ്ങൾ ഈ ചെടി കാരണം നരകജീവിതമാണ് അനുഭവിക്കുന്നതെന്ന് ക്രിസ് , മാരി ദമ്പതികൾ പറഞ്ഞു . പല തവണ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതെല്ലാം പരാജയപ്പെട്ടു . ക്രിസ് വിശദമാക്കി. ജാപ്പനീസ് നോട്ട്വീടിനെ ഇല്ലാതാക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് വൈആർഎസ് ബാത്ത് എന്ന കമ്പനി വാദിക്കുന്നുണ്ട്. ഒരു ക്രോസ്സ് ബ്രീടിംഗ് വഴി സ്വാഭാവിക രീതിയിലൂടെ ചെടിയുടെ വളർച്ച തടയാമെന്ന് അവർ അവകാശപ്പെടുന്നു. എന്തായാലും വീട്ടുമുറ്റത്തു ഈ ചെടി ഉള്ളവർ എത്രയും വേഗം അത് ഇല്ലാതാക്കാനുള്ള വഴി ആലോചിക്കുന്നതാവും ഉത്തമം. !
നിയമം ആയേക്കാവുന്ന ബില്ലിന് പക്ഷേ ബ്രെക്സിറ്റിന് തടയിടാൻ കഴിയില്ല. ലേബർ എംപി ഹിലരി ബെൻ അവതരിപ്പിച്ച ബിൽ പ്രകാരം ബോറിസ് ജോൺസണിന് ഒക്ടോബർ 19 നുശേഷവും കാലാവധി ചോദിക്കാം. എന്നാൽ ബ്രെക്സിറ്റിനുള്ള സമയപരിധി 31 ജനുവരി 2020 കടക്കുമെന്ന് മാത്രം. ആ രീതിയിൽ അല്ലാത്ത രണ്ട് സാധ്യതകൾ ഇപ്പോൾ നിലവിലുണ്ട്
ഒന്ന് :ബ്രക്‌സിറ്റിനെ പറ്റി എംപിമാർക്ക് ഇടയിൽ മറ്റൊരു വോട്ടെടുപ്പ് നടക്കുക രണ്ട്: യൂണിയനിൽനിന്ന് ഡീൽ ഇല്ലാതെ പിന്മാറുക. ഈ രണ്ടു സാധ്യതകളും ബ്രെക്സിറ്റ് ഡേറ്റ് നീട്ടുന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.

പുതിയ ബിൽ പ്രകാരം യുകെ പ്രൈംമിനിസ്റ്ററിന് യൂറോപ്യൻ കൗൺസിലിനോട് പുറത്തുവരാൻ കൂടുതൽ സമയം അഭ്യർത്ഥിക്കാം. എന്നാൽ അതിനായി ‘കൃത്യമായ’ ഒരു സമയം പറയുന്നില്ല എന്ന കാര്യവും പ്രസക്തമാണ് . പ്രധാനമന്ത്രി ബോറിസ് ജോൺസണ് അത് ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട് പക്ഷേ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് മാത്രം. ബ്രെക്സിറ്റ് മിനിസ്റ്റർ കലന്നാർ പ്രഭു പറയുന്നത് നിയമാനുസൃതമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്നാണ്.

നിലവിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബ്രെക്സിറ്റിനുള്ള തീയതി നീട്ടി നൽകേണ്ടതാണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കന്മാർ ഇനി ഒരു വൈകിക്കൽ കൂടി അനുവദിക്കാൻ സാധ്യതയില്ല. യുകെയിലെ എംപിമാരുടെ വിസമ്മതവും യൂറോപ്യൻ കൗൺസിലിന്റെ വിമുഖതയും കൂടി ആകുമ്പോൾ ബോറിസ് ജോൺസണിൻെറ മനസ്സിലുള്ള കരാർ രഹിത ബ്രെക്സിറ്റ് കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.
ഓഗസ്റ്റില്‍ പെയ്ത റെക്കോര്‍ഡ് മഴയ്ക്ക് കാരണമായത് മേഘ വിസ്‌ഫോടനമാണെന്ന്(Cloudburst) ശാസ്ത്രജ്ഞർ കണ്ടെത്തി . ഈ വര്‍ഷം ഓഗസ്റ്റില്‍ പെയ്തത് 951 മില്ലി ലിറ്റര്‍ മഴ. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഓഗസ്റ്റില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കുറഞ്ഞ ദിവസത്തില്‍ അളവിലധികം മഴ ലഭിച്ചതെങ്ങനെ? ഇതിന് ഉത്തരം തേടുകയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍. എണ്‍പതിലേറെ ഉരുള്‍പൊട്ടലുകള്‍ക്കും പ്രളയത്തിനും കാരണമായ അതിതീവ്ര മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനത്തിന് സമാനമായ അന്തരീക്ഷമാണെന്ന ശാസ്ത്രീയ പഠനം പുറത്തുവിട്ടിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കേരളത്തില്‍ വളരെ അപൂര്‍വമായ, മേഘവിസ്‌ഫോടനം നടന്നതായാണ് ഇവരുടെ കണ്ടെത്തല്‍. കൊച്ചി സാങ്കേതിക സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് അന്തരീക്ഷ സാഹചര്യങ്ങളും വിലയിരുത്തിയാണ് പഠനം.

വേള്‍ഡ് മെറ്റീരിയളജിക്കല്‍ ഓര്‍ഗനൈസേഷന്റെ നിര്‍വചനമനുസരിച്ച് മേഘ വിസ്‌ഫോടനത്തിന് ‘കോരിച്ചൊരിയുന്ന പോലെ പൊടുന്നനെ പെയ്യുന്ന മഴ’ എന്നാണ് അര്‍ഥം. അത്തരത്തിലുള്ള മഴ കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായി. കഴിഞ്ഞവര്‍ഷവും അതിതീവ്ര മഴ ഉണ്ടായി എന്നാല്‍ അതിന് മേഘവിസ്‌ഫോടനം ഒരു കാരണമല്ല എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് റഡാര്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.എസ് അഭിലാഷ് പറയുന്നു.
2008 ല്‍ ജൂണ്‍ മാസം മുതല്‍ക്കേ പെയ്ത മഴക്ക് ശേഷം ഓഗസ്റ്റ് പകുതിയോടുകൂടി പെയ്ത ശക്തിയേറിയ മഴയായിരുന്നു മഹാ പ്രളയമായി മാറിയത്. ആ മഴയെ നമുക്ക് വേണ്ടപോലെ മാനേജ് ചെയ്യാന്‍ പറ്റിയില്ല. അതേ സമയം 2019 ലെ പെരുമഴ നമുക്ക് ഒരു വിധത്തിലും മാനേജ് ചെയ്യാന്‍ ഒക്കാത്തതായിരുന്നു. പൊതുവില്‍ മഴ കുറഞ്ഞ ജൂണിനും ജൂലൈയ്ക്കും ശേഷം അപ്രതീക്ഷിതമായാണ് ഓഗസ്റ്റ് 7 മുതല്‍ 11 വരെ മഴ തകര്‍ത്ത് പെയ്തത്. 2018 പ്രളയ ദിവസങ്ങളില്‍ പെയ്തതിനേക്കാള്‍ വളരെയേറെ മഴയുണ്ടായി. ഇടിയും, മിന്നലും ,ചെറു ചുഴലി പ്രതിഭാസവും, ജല ചുഴലിയും അടക്കമുള്ള മേഘങ്ങളുടെ ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടാണ് ഈ വര്‍ഷം ഉണ്ടായത് മേഘ വിസ്‌ഫോടനമാണ് എന്ന് പറയാന്‍ കഴിയുന്നത്.’
റിസര്‍ച്ച് സയന്റിസ്റ്റ് ഡോ.പി വിജയകുമാര്‍, റിസര്‍ച്ച് സ്‌കോളര്‍ എ വി ശ്രീനാഥ് എന്നിവരും ഡോ.അഭിലാഷിനൊപ്പം പഠന സംഘത്തിലുണ്ടായിരുന്നു. അതിതീവ്ര മഴ പ്രളയത്തിനും വരള്‍ച്ചക്കും കാരണമാവുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.
ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തിന് പാർലമെന്റിൽ തിരിച്ചടിയേറ്റത്തിന് ശേഷം ഈ വരുന്ന തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജോൺസൻ . പാർലമെന്റ് താത്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ജോൺസന്റെ നീക്കം. തുടർച്ചയായ തോൽവികളിലും താൻ തളരുകയില്ലെന്ന സൂചനയാണ് ജോൺസൻ ഇതിലൂടെ നൽകുന്നത്. ഏതാനും ദിവസത്തിനകം പാർലമെന്റിൽ വീണ്ടും വോട്ടെടുപ്പുമായി വരുമെന്നും സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ച് ബ്രെക്സിറ്റിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള ജോൺസന്റെ പ്രമേയത്തെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമെന്ന് കോമൺസ് നേതാവ് ജേക്കബ് റീ മോഗ് അറിയിച്ചു.

ഇതിടയിൽ ബ്രെക്സിറ്റ് പ്രശ്നം ജനങ്ങൾ ഏറ്റെടുത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ബ്രെക്സിറ്റ് പ്രശ്നത്തിൽ വോട്ട് ചെയ്യാനായി 200000ത്തോളം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വെറും 72 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും ആളുകൾ വോട്ടുചെയ്യാനായി താല്പര്യം പ്രകടിപ്പിച്ചെന്ന വസ്തുത ആശ്ചര്യം ഉളവാക്കുന്നതാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തവരിൽ പകുതിയിലധികം പേരും 35 വയസിൽ താഴെയുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്ന ലേബർ പാർട്ടിക്ക് ഈ കണക്കുകൾ സന്തോഷം പകരുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 199, 000ൽ അധികം ആളുകൾ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 118, 000 പേരും 18നും 35നും മദ്ധ്യേ പ്രായമുള്ളവരാണ്.

ഒക്ടോബർ 31ന് കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകാനായിരുന്നു ജോൺസന്റെ പദ്ധതി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. കരാറില്ലാതെയുള്ള പിന്മാറ്റം ബ്രിട്ടനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വേനൽ അവധി ആഘോഷിക്കാൻ സ്കോട്ട്‌ലൻഡിലെ ബെൽമോറാലില്ലേക്കുള്ള എലിസബത്ത് രാജ്ഞിയുടെ പതിവ് ക്ഷണം നിരസിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗനും. രണ്ടുമാസത്തെ വേനൽ അവധി ആഘോഷിക്കാൻ തന്റെ കുടുംബാംഗങ്ങളെ മുഴുവൻ സ്കോട്ട് ലൻഡിലെ ബെൽമോറൽ കാസ്റ്റിലേക്കു രാജ്ഞി ക്ഷണിക്കുക പതിവാണ്. എന്നാൽ ഹാരി രാജകുമാരനും ഭാര്യയും ഈ ക്ഷണം നിരസിച്ചു. മകൻ ആർച്ചിക്കു നാലു മാസം മാത്രമേ പ്രായമുള്ളൂ എന്നതാണ് കാരണമായി പറയുന്നത്.

വില്യമും കേറ്റും അവരുടെ മൂന്ന് മക്കളോടൊപ്പം യാത്രയ്ക്ക് പോകുന്നുണ്ട്. എന്നാൽ നാലുമാസം പ്രായമുള്ള ആർച്ചിയോടൊപ്പം ഫ്രാൻസിലെ എൽട്ടണിലേക്കും, സ്പെയിനിലെ ഇബിസയിലേക്കും ഹാരിയും കുടുംബവും യാത്ര പോയിരുന്നു. രാഞ്ജിയുടെ വേനൽകാലവസതി അതീവ സുരക്ഷിതവും സ്വകാര്യത കാത്തുസൂക്ഷിക്കുന്നിടവുമാണ്.
ഹാരിയുടെ ഭാര്യ മേഗൻ ഇതു വരെ ആ കൊട്ടാരം സന്ദർശിച്ചിട്ടില്ല. ഈ വേനൽക്കാലം അവരുടെ ആദ്യ യാത്രയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേഗൻ തന്റെ പ്രെഗ്നൻസിയുടെ ആദ്യ കാലഘട്ടത്തിൽ ആയിരുന്നതിനാൽ ആണ് കഴിഞ്ഞ വർഷം അവർ യാത്രയ്ക്ക് പോകാതിരുന്നത്. രാജ കുടുംബത്തിലെ എല്ലാ അംഗങ്ങളും തന്നെ രാജ്ഞിയുടെ ക്ഷണം ഒരു തവണയെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്.