ബാങ്ക് ഹോളിഡേ മണ്ടേയിലെ കഴിഞ്ഞ റെക്കോർഡ് മറികടന്ന് ചൂട് 33.2ഡിഗ്രി സെൽഷ്യസ് ആയി.ഹീത്രോയിലെ താപനില 33.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സ്കോട്ട്ലൻഡ് നോർത്ത് വേൽ, കൗണ്ടി ഡൗൺ എന്നിവിടങ്ങളിലെ താപനിലയും വർധിക്കുകയാണ്. തുറസ്സായ ജലാശയങ്ങളിൽ കുളിക്കുന്നത് പോലീസ് വിലക്കി . നോർത്ത് ആബർഡീൻഷയറിൽ ഉണ്ടായ അപകടത്തെ തുടർന്നാണിത്.

അതേസമയം എസ്എക്സിലെ ബീച്ചിൽ ഉണ്ടായിരുന്ന അനേകം പേർക്ക് നേരിട്ട ചുമയും ശ്വാസതടസ്സവും എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഞായറാഴ്ച വൈകുന്നേരം ഫ്രിന്റോൺബീച്ചിൽ വെയിൽ കായാൻ എത്തിയവർക്ക് അസ്വസ്ഥത നേരിട്ടു. ആ സമയത്ത് ഫ്യൂവൽസ്പില്ലോ കൗണ്ടർ പൊലൂഷൻ എയർക്രാഫ്റ്റൊ പരിസരങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. എന്നാൽ ഏറ്റവും ചൂടുകൂടിയ സമയത്ത് നടത്തിയ ഹിൽ കാർണിവലിൽ ആയിരക്കണക്കിനാളുകളാണ് വെസ്റ്റ് ലണ്ടനിൽ പങ്കെടുക്കാനെത്തിയത്.

കഴിഞ്ഞ ദിവസങ്ങളുടെ റെക്കോർഡ് താപനില ചൂടുവായുവിനെ യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് കൊണ്ടുപോവുക വഴി വരും മാസങ്ങളിൽ തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. വരുന്ന ആഴ്ചകളിൽ തന്നെ കനത്ത കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സിന്ധു മാറി. ജപ്പാൻ താരമായ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധു തന്റെ മെഡൽ ഉറപ്പിച്ചത്. 2017ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര സിന്ധുവിനെ തോൽപ്പിച്ചിരുന്നു. അതിനുള്ള മധുരപ്രതികാരം ആണ് 2019 -ൽ സിന്ധു നേടിയ മെഡൽ. മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.എന്നാൽ ആദ്യ രണ്ടുതവണയും ഭാഗ്യം സിന്ധുവിനെ കടാക്ഷില്ല. ഫൈനലിൽ സിന്ധു പുറത്തായിരുന്നു.
ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ബേസലിൽ വച്ച് നടന്ന മത്സരം സിന്ധുവിനെ ജീവിതത്തിൽ നിർണായകമായി മാറി. ലോക അഞ്ചാം നമ്പർ താരവും, ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവും ആയിരുന്ന സിന്ധു, ലോക ചാമ്പ്യൻ ആയി മാറി.മുപ്പത്തിയെട്ടു മിനിറ്റ് കൊണ്ട് തന്നെ ഫൈനൽ അവസാനിച്ചിരുന്നു. 21-7, 21-7 എന്ന വൻ മാർജിൻ സ്കോറിൽ ലോക മൂന്നാം നമ്പർകാരിയായ ഒകുഹാരയെ സിന്ധു തോൽപ്പിച്ചു.

തന്റെ മുൻ പരാജയങ്ങൾ ഈ വലിയ വിജയത്തിലേക്ക് തന്നെ നയിച്ചതായി സിന്ധു പറഞ്ഞു . ആക്രമണവും, കൃത്യതയുമെല്ലാം ഒരുമിച്ചപ്പോൾ സിന്ധു കളത്തിന്റെ അധികാരിയായി മാറി. ക്വാർട്ടർ ഫൈനലിൽ തായ്വാന്റെ ലോക രണ്ടാം നമ്പർ താരമായ തായ് സു യിങ്ങിനെ തോൽപ്പിച്ചത് സിന്ധുവിന് ആത്മവിശ്വാസം പകർന്നിരുന്നു. അതിൽനിന്നാണ് കൂടുതൽ അക്രമോത്സുകമായി കളിക്കുവാൻ സിന്ധു തയ്യാറെടുത്തത്. ഒരിക്കൽ പോലും തിരിഞ്ഞു ചിന്തിക്കാൻ ഈ മത്സരത്തിൽ സിന്ധു തയ്യാറായില്ല. വിജയം തന്റേതെന്നു സിന്ധു ഉറപ്പിച്ചു കഴിഞ്ഞിരുന്നു. തുടക്കത്തിൽ മാത്രമാണ് ഒകുഹാരയ്ക്കു പ്രതീക്ഷ ചെറുതായെങ്കിലും ഉണ്ടായിരുന്നത്. പിന്നീട് കളിയിലുടനീളം സിന്ധുവിന്റെ ആധിപത്യമായിരുന്നു. കോർട്ടിന്റെ പുറകുവശമാണ് സിന്ധു ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഒകുഹാര സിന്ധുവിനെ നെറ്റിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. പരമാവധി പൊരുതി നിൽക്കുവാൻ ഒകുഹാര ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തന്റെ അമ്മയുടെ ജന്മദിനത്തിന് മകൾക്കു നൽകാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് സിന്ധു നൽകിയത്. ഭാരതം മുഴുവനും സിന്ധുവിന്റെ വിജയം ആഘോഷിച്ചു. സിന്ധു ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ രേഖപ്പെടുത്തി. ഒട്ടേറെ പേർ സിന്ധുവിന് അഭിനന്ദനവുമായി രംഗത്തെത്തി.
ഒരു കരാറിലൂടെയോ അല്ലാതെയോ ബ്രെക്സിറ്റ് നടത്തുക എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്ന് ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഒരു കരാർ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുക എന്നതാണ് പ്രധാനം. യൂറോപ്യൻ യൂണിയനിലെ പങ്കാളികൾ എങ്ങനെ പ്രതികരിക്കുമെന്നതിൽ ആശ്രയിച്ചായിരിക്കും ബ്രെക്സിറ്റിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് മുമ്പേ ഒരു ഒത്തുതീർപ്പിൽ എത്താൻ സാധിച്ചില്ലെങ്കിൽ അത് യൂറോപ്യൻ യൂണിയന്റെ കുറ്റമാണെന്ന് ജോൺസൻ അഭിപ്രായപ്പെട്ടു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്കും ജോൺസണും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒരു കരാർ കൂടാതെ ബ്രെക്സിറ്റ് നടന്നാൽ അതിനു കാരണക്കാരൻ ആരായിരിക്കുമെന്ന ചോദ്യവും ഉയർന്നു. രണ്ട് പേരും തമ്മിൽ ഞായറാഴ്ച ചർച്ചകൾ നടത്തിയതായി ബിബിസി യൂറോപ്പ് എഡിറ്റർ കത്യാ അഡ്ലർ പറഞ്ഞു.നോ ഡീൽ ബ്രെക്സിറ്റ് എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാലും ജനങ്ങൾക്ക് മരുന്ന് ലഭിക്കുമെന്നും ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

താൻ ഒരു ശുഭാപ്തിവിശ്വാസിയാണെന്നും ഒരു ഇടപാട് നടത്താൻ അവസരമുണ്ടെന്ന് യൂറോപ്യൻ യൂണിയൻ മനസ്സിലാക്കണമെന്നും ജോൺസൻ പറഞ്ഞു. ഒപ്പം കരാർ ഇല്ലെങ്കിൽ മുൻ പ്രധാനമന്ത്രി തെരേസ മേ, തന്റെ പിൻവലിക്കൽ കരാറിൽ യൂറോപ്യൻ യൂണിയന് നൽകാമെന്ന് സമ്മതിച്ച 39 ബില്യൺ പൗണ്ടിന്റെ ഒരു വലിയ ഭാഗം യുകെ കൈവശം വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയുടെ ഈ പിൻവലിക്കൽ കരാർ ബ്രിട്ടീഷ് എംപിമാർ 3 തവണ നിരസിച്ചിരുന്നു. ബ്രിട്ടനും യുഎസും തമ്മിലുള്ള വ്യാപാര കരാർ ചർച്ച ചെയ്യാൻ ജോൺസൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ടിരുന്നു. ബ്രെസിറ്റ് കൈകാര്യം ചെയ്യാനുള്ള ശരിയായ വ്യക്തി ബോറിസ് ജോൺസൻ ആണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസ് – ചൈന വ്യാപാര യുദ്ധം, ആമസോണിലെ കാട്ടുതീ, കാലാവസ്ഥ അടിയന്തരാവസ്ഥ എന്നിവയാണ് ജി 7 ഉച്ചകോടിയിൽ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ.
ശനിയാഴ്ച ഉച്ചയ്ക്ക് 2.10 ഓടെയാണ് സ്റ്റോണോർ ഏരിയയിൽ രണ്ടുപേർ യാത്രചെയ്തിരുന്ന വിമാനം തകർന്നുവീണതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. പൈലറ്റും യാത്രക്കാരനും അപകടത്തിൽ മരിച്ചതായാണ് വിവരം. ഏറ്റവും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റാർക്കും ഭാഗ്യവശാൽ അപകടം സംഭവിച്ചിട്ടില്ല. വലിയ ശബ്ദത്തോടെ നാടിനെ നടുക്കിയ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്നയുടനെ അഗ്നിശമനസേനയും ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബാച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.തേംസ് വാലി പോലീസ് പ്രാഥമിക അന്വേഷണം നിർവഹിച്ചു.

സ്പാനിഷ് ദ്വീപായ മജോർക്കയിൽ ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ചുപേരും വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുമാണ് കൊല്ലപ്പെട്ടത് എന്ന് കരുതുന്നു. മരിച്ചവരിൽ ഒരാൾ സ്പാനിഷ് പൈലറ്റാണ്, മറ്റുള്ളവരുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല .
ബിർമിങ്ഹാം: വാൾസാൾ ക്വീൻ മേരിസ് ഗ്രാമർ സ്കൂളിൽ നിന്നും ആൻസിക് മാത്യൂസ് തെരെഞ്ഞെടുത്ത പത്ത് വിഷയങ്ങൾക്ക് ഗ്രേഡ് 9 ( 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് കിട്ടുന്ന ഗ്രേഡ്) നേടിയെടുത്താണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. ആൻസിക് കൂടാതെ മറ്റ് രണ്ട് കുട്ടികൾ കൂടി എല്ലാ വിഷയങ്ങളിലും ഗ്രേഡ് 9 നേടിയെങ്കിലും ഇംഗ്ലീഷ് ലാംഗ്വേജ് സ്പീക്കിങ്ങിൽ ഡിസ്റ്റിങ്ഷൻ വാങ്ങി എല്ലാവരുടെയും മുൻപിൽ എത്തിയിരിക്കുന്നു ഈ കൊച്ചു മലയാളി മിടുക്കൻ. ആൻസിക് മാത്യൂസ് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ തന്നെ GCSE Ict യിൽ A* കരസ്ഥമാക്കിയിരുന്നു. അതോടൊപ്പം തന്നെ FSMQ യിൽ അഡിഷണൽ വിഷയമായി എടുത്ത കണക്കിൽ ഏറ്റവും കൂടിയ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് ആൻസിക്.
സാൻഡ്വെൽ ആൻഡ് വെസ്ററ് ബിർമിങ്ഹാം ( Sandwell & West Birmingham ) NHS ട്രസ്റ്റിൽ ജോലി ചെയ്യുന്ന സീനിയർ ഫിസിയോതെറാപ്പിസ്റ് ബിനു മാത്യുവിന്റെയും അതെ ട്രസ്റ്റിൽ തന്നെ നേഴ്സായി ജോലി ചെയ്യുന്ന സിജിയുടെയും മൂത്ത മകനാണ് ആൻസിക്. ബിനു മാത്യു കോട്ടയം ജില്ലയിലെ പാദുവയിലുള്ള പന്നൂർ കീപ്പമാംകുഴി കുടുംബാംഗവും സിജി പാലിശേരിയിൽ ഉള്ള പടയാട്ടിൽ കുടുംബാംഗവുമാണ്.
ബിനു മാത്യു യുക്മ ഈസ്റ്റ് ആൻഡ് വെസ്ററ് മിഡ്ലാൻഡ്സ് റീജിണൽ സെക്രട്ടറി, യുക്മ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ച് മലയാളികൾക്കിടയിൽ സുപരിചിതനാണ്. മിഡ്ലാൻഡ്സ് റീജിയനെ മികച്ച റീജിയൺ ആക്കുന്നതിൽ നിർണ്ണായക പങ്ക് വരിച്ച വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ബിനു മാത്യു. ആൻസിസിക്കിന്റെ ഇളയ സഹോദരൻ എയ്ഡൻ മാത്യൂസ് സാൻഡ്വെല്ലിൽ ഉള്ള ഡോൺ ബോസ്കോ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ആൻസിക് ക്വീൻ മേരീസ് ഗ്രാമർ സ്കൂളിൽ തന്നെ A ലെവൽ തുടന്ന് പഠിക്കുന്നതിനുള്ള തീരുമാനത്തിലാണ്. മലയാളികളുടെ ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന ചിന്തയിൽ നിന്നും മാറി കുഞ്ഞു നാൾ മുതൽ തന്റെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന പൈലറ്റ് എന്ന സ്വപ്ന പാത പിന്തുടരുന്ന ആൻസിക്, തന്റെ ലക്ഷ്യത്തിലേക്ക് എത്തിപ്പെടുവാനുള്ള തീവ്ര ശ്രമത്തിലാണ്. അതാണ് ആഗ്രഹവും. പാഠേൃതര വിഷയമായ ഡ്രമ്മിൽ (Drum) ഗ്രേഡ് അഞ്ച് വരെ ആൻസിക് ഇതിനകം നേടിയെടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ CCF ൽ Air Squadron ട്രോഫിയിലെ ക്യാപ്റ്റൻ സ്ഥാനം കൂടി വഹിക്കുന്നു ഈ അൻസിക് എന്ന കൊച്ചു മലയാളി ജീനിയസ്…
പ്രിൻസ് ഹാരി തന്റെ ഭാര്യയായ മെഗാനയും അവരുടെ നവജാത ശിശുവായ ആർച്ചിയെയും പ്രിൻസസ് ഡയാനയുടെ ശവകുടീരത്തിലേക്ക് ഈ മാസത്തിന്റെ ഒടുവിൽ കൊണ്ടുപോകും. മെഗാനെ അമ്മയുടെ മുന്നിൽ കൊണ്ടുവരാനുള്ള ആഗ്രഹം ഹാരി മുൻപും പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടുപേരും ഏറ്റവും അടുത്ത സുഹൃത്തുക്കളായേനെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നോർതാംഷയറിലെ അൽതോർപ് ലാണ് ഡയാന രാജകുമാരി അന്ത്യവിശ്രമം കൊള്ളുന്നത്. അവരുടെ ബാല്യകാലത്തെ ഗൃഹം ആയിരുന്ന സ്പെൻസർ ഫാമിലി എസ്റ്റേറ്റിലാണ് കല്ലറ.

ഹാരിയും വില്യമും വർഷത്തിൽ രണ്ടു തവണയാണ് പ്രധാനമായും അമ്മയുടെ ശവകുടീരം സന്ദർശിക്കാറുള്ളത്. അവരുടെ പിറന്നാൾ ദിനമായ ജൂലൈ ഒന്നിനും ചരമദിനമായ ഓഗസ്റ്റ് 31 നും. ഡയാനയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഹാരി പുലർത്തുന്നത്. കുടുംബ ചിത്രത്തിൽ ഡയാനയുടെ സഹോദരിമാരെയും ഉൾപ്പെടുത്താൻ ഹാരി ശ്രദ്ധിച്ചിരുന്നു.

ഹാരി മെഗാനെ പ്രൊപ്പോസ് ചെയ്തപ്പോൾ അമ്മയുടെ ജ്വല്ലറി ശേഖരത്തിലെ 2 ഡയമണ്ട് പതിച്ച പരമ്പരാഗതമായ മോതിരമാണ് നൽകിയത്.ഹാരിക്ക് 12 വയസ്സുള്ളപ്പോൾ ഈ ലോകത്തോട് വിട പറഞ്ഞ ഡയാനയെ ഒരിക്കലെങ്കിലും കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ട് എന്ന് മെഗാൻ പറഞ്ഞിരുന്നു. എങ്കിലും അമ്മ ജീവിതത്തിൽ കൂടെ ഉണ്ടെന്നാണ് വിശ്വാസം.അമ്മയെ കാണാനുള്ള തയാറെടുപ്പിലാണ് കുടുംബം. എന്നാൽ സ്പെൻസർ കുടുംബമോ ബക്കിങ്ഹാം കൊട്ടാരമോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ബ്രിട്ടീഷ് മൾട്ടിനാഷണൽ കോഫി ഹൗസ് കമ്പനി ആയ കോസ്റ്റ കോഫി 1971ലാണ് രൂപം കൊണ്ടത്. ബ്രിട്ടനിലെ തന്നെ മികച്ച കോഫി ഹൗസ് കമ്പനി ആയി അവർ വളരുകയും ചെയ്തു. എന്നാൽ കോസ്റ്റ കോഫി ഹൗസിലെ തൊഴിലാളികളുടെ അവസ്ഥ മോശമാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. 26 ജോലിക്കാരുമായി ബിബിസി സംസാരിക്കുകയുണ്ടായി. 29 കോഫി ഹൗസിൽ നിന്നും അനേകം പരാതികൾ ഉയർന്നു. മോശം തൊഴിലവസ്ഥ മാത്രമല്ല പ്രശ്നം, അസുഖത്തിനോ വാർഷിക അവധിയ്ക്കോ പണം നൽകാൻ മാനേജർമാർ വിസമ്മതിക്കുന്നു. ഒപ്പം പറഞ്ഞ സമയത്തേക്കാളേറെ ജോലി ചെയ്യേണ്ടതായും വരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. ആരോപണങ്ങളുടെ ഗുരുതരമായ സ്വഭാവം കണക്കിലെടുത്ത് തൊഴിൽ കാര്യങ്ങളിൽ ഉൾപ്പടെ ഒരു സ്വതന്ത്ര ഓഡിറ്റിംഗ് ആരംഭിക്കുമെന്ന് എല്ലാ ഫ്രാഞ്ചൈസ് പങ്കാളികളെയും അറിയിച്ചിട്ടുണ്ടെന്ന് കോസ്റ്റ കോഫി വക്താവ് പറഞ്ഞു. കോസ്റ്റ സ്റ്റോറുകളിലെ ജീവനക്കാർക്ക് സ്വന്തം പരിശീലനത്തിനായി 200 പൗണ്ട് ഈടാക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ഈ ആരോപണങ്ങൾ ഉയർന്നത്.

ഒരു മുൻ ജീവനക്കാരൻ തനിക്കുണ്ടായ അനുഭവം വിവരിക്കുകയുണ്ടായി. അവധിക്കാല ശമ്പളത്തിന്റെ 1000 പൗണ്ട് തന്റെ ശമ്പളത്തിൽ നിന്ന് കുറച്ചു. ഒപ്പം രാവിലെ 5:30ന് സ്റ്റോറിൽ എത്തണം. ഒരാഴ്ച 60 മണിക്കൂറുകൾ ജോലിക്കാർക്ക് പണിയെടുക്കേണ്ടതായും വരുന്നെന്ന് അദ്ദേഹം പറഞ്ഞു. അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതിനാൽ സ്വന്തം മക്കളെ കാണാൻ കഴിയുന്നില്ലെന്നും ഇത് മാനസിക സമ്മർദത്തിലേക്ക് നയിക്കുന്നെന്നും തൊഴിലാളികൾ വ്യക്തമാക്കി. 20 മിനിറ്റ് ഇടവേളകളോടെ 13 മണിക്കൂർ ഷിഫ്റ്റിൽ പതിവായി ജോലി ചെയ്യേണ്ടി വരുന്നെന്ന് എമിലിയോ അലിയോയുടെ കീഴിൽ ജോലി ചെയ്യുന്ന 3 ബ്രിസ്റ്റൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിലെ ജീവനക്കാർ പറഞ്ഞു. എന്നാൽ ഉടമസ്ഥ ഈ വാദം നിഷേധിച്ചു. ആഴ്ചയിൽ 44 മണിക്കൂറിൽ കൂടുതൽ അവരെ ജോലി എടുപ്പിക്കില്ലെന്ന് അവർ പറഞ്ഞു. തൊഴിലാളികളെ മനുഷ്യരായി കാണുന്നില്ലെന്നും ഒരു സഹതാപവും ഇല്ലാതെയാണ് പെരുമാറുന്നതെന്നും എമിലിയോയുടെ സ്റ്റോറിൽ ഉള്ള മറ്റൊരു ജീവനക്കാരൻ പറഞ്ഞു. സ്റ്റോറിലെ ജോലികൾ മാത്രമല്ല പുറംപണിയും ചെയ്യേണ്ടിവന്നെന്ന് ഒരു ജോലിക്കാരൻ വെളിപ്പെടുത്തി. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ പരിഹരിക്കുമെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിഞ്ഞ ശേഷം കോസ്റ്റ സ്റ്റോർ മാനേജർ കഫീൽ ഖാൻ ഉറപ്പുനൽകി.
യുകെയിലെ വിദ്യാലയങ്ങളിലെ വിവിധ രാജ്യക്കാരുടെ കുട്ടികളുടെ പഠന മികവിനെക്കുറിച്ചുള്ള പഠനത്തിൽ ഇന്ത്യൻ വംശജരായ കുട്ടികൾ തദ്ദേശീയരെക്കാൾ മികവു പുലർത്തുന്നു എന്ന് കണ്ടെത്തി .എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂഷൻ 2019 ആനുവൽ റിപ്പോർട്ടിലാണ് എത്നിക് ഗ്രൂപ്പുകൾ തരംതിരിച്ചു നടത്തിയ പഠനം അവതരിപ്പിക്കപ്പെട്ടത്. അധ്യാപനത്തിലെ വിവിധ തലങ്ങളിലും ഘട്ടങ്ങളിലും ബ്രിട്ടീഷുകാരായ കുട്ടികളെ അപേക്ഷിച്ച് ഇന്ത്യൻ, ചൈനീസ് വംശജരായ കുട്ടികളാണ് കൂടുതൽ മിടുക്കർ.
പ്രൈമറി സ്കൂൾ കഴിയുന്നതോടെ ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനീസ് കുട്ടികൾ 12 മാസം പുരോഗതി ഉള്ളവരാണ്. തൊട്ടുപിന്നാലെ ഏഴ് മാസത്തിന്റെ പുരോഗതിയുമായി ഇന്ത്യൻ കുട്ടികളുമുണ്ട്. സെക്കൻഡറി സ്കൂൾ തലത്തോടെ ഈ വ്യത്യാസം കൂടുതൽ വർധിക്കുന്നതായി പഠനം പറയുന്നു. ജനറൽ സർട്ടിഫിക്കറ്റ് ഫോർ സെക്കൻഡറി എഡ്യുക്കേഷൻ കണക്കുകൾ പ്രകാരം ബ്രിട്ടീഷ് കുട്ടികളെക്കാൾ ചൈനക്കാർ 24.8 മാസവും ഇന്ത്യക്കാർ 14.2 മാസവും മുന്നിലായിരിക്കും.
കരീബിയൻസ് ആയ കുട്ടികൾ ബ്രിട്ടീഷുകാരെ കാൾ പിന്നിലാണ്.

സാമ്പത്തിക നിലവാരം പുലർത്തുന്ന കുടുംബങ്ങളിലെ കുട്ടികളെക്കാൾ മോശം പ്രകടനമാണ് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടേത് എന്ന് യുകെയുടെ വിദ്യാഭ്യാസ വകുപ്പും സമ്മതിക്കുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകർച്ചയിലേക്ക് ആണോ എന്ന ചോദ്യമാണ് ഇവയിലൂടെ ഉയർന്നുവരുന്നത്. എന്നാൽ സ്കൂൾ വിദ്യാഭ്യാസത്തിലെ അപാകതകൾ പഴുതുകൾ അടയ്ക്കാനുള്ള നടപടികൾ വരുംവർഷങ്ങളിൽ സ്വീകരിക്കുമെന്ന് ഗവൺമെന്റ് അറിയിച്ചു. പിന്നാക്കകാരായ കുട്ടികൾക്ക് വേണ്ടി 2.4 ബില്യൻ പൗണ്ട് ചിലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സ്കൂൾ സ്റ്റാൻഡേർഡ് മന്ത്രിയായ നിക്ക് ഗിബ്ബ് പറഞ്ഞു.
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുണ് ജയ്റ്റ് ലി (66) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഓഗസ്റ്റ് ഒൻപത് മുതൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 12.07 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
എ.ബി.വാജ്പേയ്, നരേന്ദ്ര മോദി മന്ത്രിസഭകളിൽ മന്ത്രിപദം അലങ്കരിച്ച ജയ്റ്റ് ലി പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നീ പദവികളിലും തിളങ്ങിയ വ്യക്തിത്വമാണ്. ഒന്നാം എൻഡിഎ സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം.
ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ജയ്റ്റ് ലി അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിട്ടുണ്ട്. 1973-ൽ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
1989 ൽ വി.പി.സിംഗിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനവും വഹിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 1991 മുതൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗമാണ്. സംഗീതയാണ് ഭാര്യ. മക്കൾ: റോഹൻ, സൊണാലി.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലുമായിരുന്നു ജയ്റ്റ് ലി . കഴിഞ്ഞ വർഷം മേയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽനിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ് ലി ക്ക് ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ പോയിരുന്നതിനാൽ അവസാന ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് അന്ന് ജയ്റ്റ് ലി ക്ക് പകരം ബജറ്റ് അവതരിപ്പിച്ചത്.
ബ്രിട്ടനിലെ ഗവേഷകർക്ക് സന്തോഷം നൽകിക്കൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ആധുനിക ലോകത്തു പ്രകൃതിയോട് അനുകൂലമായി നിൽക്കുന്ന ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനുള്ള ഗവേഷണത്തിന് ഊന്നൽ നൽകുവാനും, അതോടൊപ്പം തന്നെ വൈദ്യുത പാസഞ്ചർ വിമാനങ്ങളുടെ നിർമ്മാണത്തിനും മറ്റുമായാണ് സാമ്പത്തികസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 125 മില്യൻ പൗണ്ടോളം പുതിയ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാണത്തിനായി ഗവൺമെന്റ് നീക്കിവച്ചിരിക്കുകയാണ്.

ഫ്രാൻസിലെ ബിയാട്രിസിൽ നടക്കുന്ന ജി 7 ഉച്ചകോടിയോടനുബന്ധിച്ചാണ് ബോറിസ് ജോൺസൺ ഈ പ്രഖ്യാപനം നടത്തിയത്. ഉച്ചകോടിയിൽ തന്റെ സഹപ്രവർത്തകരായ നേതാക്കന്മാരോട് പ്രകൃതി സംരക്ഷണത്തിനും, കാലാവസ്ഥ വ്യതിയാനത്തിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആഹ്വാനവും നൽകാനാണ് ജോൺസന്റെ തീരുമാനം.ബിർമിങ്ഹാം, ലീഡ്സ്, ദർഹാം, കാർഡിഫ്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ തുടങ്ങിയ യൂണിവേഴ്സിറ്റികൾ പിന്തുണയ്ക്കുന്ന അഞ്ചു നൂതന ഗതാഗത ഗവേഷണ ശൃംഖലയിൽ, ഓരോന്നിനും അഞ്ചു മില്യൺ പൗണ്ട് വീതം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രകൃതിക്ക് ദോഷം ചെയ്യാത്ത വാതകങ്ങളുടെ നിർമ്മാണം, അതോടൊപ്പം തന്നെ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ഗവേഷണത്തിനുള്ളത്.
സെപ്റ്റംബർ 30 മുതൽ തന്നെ ഈ പണം ഗവേഷകർക്കും ലഭ്യമാക്കാനുള്ള എല്ലാ നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ നടപടിയിലൂടെ ഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ വരുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.എയർ ടാക്സികളും, അതോടൊപ്പം തന്നെ ചരക്ക് വഹിക്കുവാൻ ഡ്രോണുകളും മറ്റും നിലവിൽ വരും. തുടക്കത്തിൽ ചെറിയതോതിലുള്ള എയർക്രാഫ്റ്റിൽ തുടങ്ങി പിന്നീട് പാസഞ്ചർ വിമാനങ്ങൾ നിർമ്മിക്കാനാണ് തീരുമാനം. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതാവണം നമ്മുടെ ഓരോ തീരുമാനങ്ങളമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഈ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായം പ്രകൃതിക്ക് ദോഷം ചെയ്യാത്ത ഗതാഗത രീതികളുടെ ഗവേഷണത്തിനു സഹായകമാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഗതാഗതത്തിനും, അതുപോലെ തന്നെ ചരക്കു സാധനങ്ങളുടെ നീക്കത്തിനും മറ്റും അനേകം വഴികളാണ് ഉള്ളതെന്ന് ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്സോം രേഖപ്പെടുത്തി.

ഇത്തരത്തിലുള്ള നൂതന സാങ്കേതിക വിദ്യകൾ ബ്രിട്ടന്റെ വികസനത്തിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വൈദ്യുത എയർക്രാഫ്റ്റു കളുടെയും ഡ്രോണുകളുടെയും മറ്റും നിർമ്മാണം പ്രകൃതിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ സഹായകരമാകുമെന്നാണ് നിഗമനം.