ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കരാർ രഹിത ബ്രെക്സിറ്റിന്റെ അനിശ്ചിതത്വത്തിൽ ബ്രിട്ടൻ നിൽകുമ്പോൾ അവിടെ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ സെറ്റിൽഡ് സ്റ്റാറ്റസിനുവേണ്ടി അപേക്ഷിക്കുന്നു. രണ്ട് ദശലക്ഷം യൂറോപ്യൻ യൂണിയൻ ജനതയാണ് ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടനിൽ തന്നെ തങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തരഭരണ കാര്യാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 30 വരെ 6-ൽ ഒന്ന് എന്ന കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാരും ബന്ധുക്കളും സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിച്ചു. 2020 ഡിസംബർ 31 വരെ അപേക്ഷിക്കാമെങ്കിലും ഈ ഒക്ടോബർ 31ന് ഒരു കരാർ രഹിത ബ്രെക്സിറ്റിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇത്രയും അധികം അപേക്ഷകൾ എത്തുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുന്നവർ മതിയായ തെളിവുകൾ സമർപ്പിക്കേണ്ടി വരും. തിരിച്ചറിയൽ രേഖ സമർപ്പിക്കുന്നതിനോടൊപ്പം യുകെയിൽ താമസിക്കുന്നവർ ക്രിമിനൽ കേസ് ഒന്നും തന്നെയില്ല എന്നും തെളിയിക്കണം. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു ; ” യൂറോപ്യൻ യൂണിയൻ പൗരന്മാർ ഈ രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, ബ്രെക്സിറ്റിനു ശേഷവും ആഗോള നേതാവെന്ന നിലയിൽ ബ്രിട്ടനെ നിലനിർത്താൻ അവർ സഹായിക്കും. യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രിട്ടനിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്നു എന്ന കാര്യം സന്തോഷം പകരുന്നു. ”

പക്ഷെ 3 മില്ല്യൺ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ നിക്കോളാസ് ഹട്ടൻ പറഞ്ഞത് ഇപ്രകാരമാണ് . “നോ ഡീൽ ബ്രെക്സിറ്റ് സംബന്ധിച്ച് യുകെ സർക്കാർ ജനങ്ങളുടെ മനസ്സിൽ ഭീതി ഉണർത്തിയിരിക്കുന്നു. 2020 ഡിസംബറോടെ അപേക്ഷിക്കാൻ കഴിയാത്ത ഒരു ലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. യുകെയിൽ നിയമപരമായി താമസിക്കുന്ന കെയർ ഹോമിലെ പ്രായമായവർ, വൈകല്യമുള്ളവർ, അപേക്ഷിക്കാൻ അറിവില്ലാത്തവർ എന്നിവരടക്കമുള്ള ആളുകൾക്ക് എങ്ങനെ അവിടെ തുടരാനാകുമെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.” സെപ്റ്റംബറിൽ മാത്രം അഞ്ചുലക്ഷത്തിലധികം അപേക്ഷകൾ (520,600) ലഭിച്ചു. പോളിഷ്, റൊമാനിയൻ, ഇറ്റാലിയൻ പൗരന്മാരിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. 345,000 പോളിഷ് പൗരന്മാരാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നതെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : തകർച്ചയിലായ ബിസിനസ് ഭീമൻ തോമസ് കുക്കിന്റെ 555 ശാഖകളും ഏറ്റെടുത്തു ഹേയ്ദമ്പതിമാർ. ഹേയ് ട്രാവൽ ഉടമകളായ ജോൺ ഹേയ്, ഐറിൻ ഹേയ് എന്നിവർ ആണ് ടൂറിസ്റ്റ് രംഗത്തെ പുതിയ ഭാവിക്ക് തുടക്കം ഇടാൻ രംഗത്തെത്തിയിരിക്കുന്നത്. ട്രാവൽ ഓപ്പറേറ്റർ മാരായ ഹേയ് ടീം വെളിപ്പെടുത്തിയിട്ടില്ലാത്ത തുകയ്ക്ക് ചൊവ്വാഴ്ച 11.53 ന് തോമസ് കുക്ക് വിലയ്ക്കു വാങ്ങുകയായിരുന്നു.

ഗവൺമെന്റ് ധനസഹായം നൽകാൻ തയ്യാറാകാത്ത സ്ഥിതിക്ക് ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടും യാത്രക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടും തോമസ് കുക്ക് അടച്ചുപൂട്ടാനുള്ള പുറപാടിലായിരുന്നു കമ്പനി അധികൃതർ. എന്നാൽ 190 ഓളം ബ്രാഞ്ചുകൾ ഇപ്പോൾതന്നെ നിലവിലുള്ളതും 1900ൽ അധികം തൊഴിലാളികളുടെ ഉപജീവന മാർഗവും, വർഷത്തിൽ ഏകദേശം ഒരു മില്യണോളം ലാഭം നേടുന്നതുമായ കമ്പനിയയ ഹെ ട്രാവൽസിന്റെ കടന്നുവരവ് പുത്തൻ പ്രതീക്ഷകൾക്ക് തുടക്കമാവുകയാണ്. തൊഴിലാളികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, പലരും കണ്ണീരോടെ തന്നെ ആലിംഗനം ചെയ്തുവെന്നും തോമസ് ഹേ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള ബ്രാഞ്ചുകൾ ഒന്നും തന്നെ അടച്ചുപൂട്ടാൻ ഉദ്ദേശം ഇല്ലെങ്കിലും ഒന്നിലധികം സ്ഥാപനങ്ങൾ ഉള്ള സ്ഥലത്തു നിന്നും ചിലത് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖല 2018 ൽ 48% വളർച്ച ആണ് നേടിയത് എങ്കിൽ 2019 ൽ അത് 51% ആയി ഉയർന്നു. അതിനാൽ കമ്പനിയുടെ ലയനം വമ്പിച്ച വിജയമായി മാറാൻ ആണ് സാധ്യത. എന്നാൽ ടൂറിസം മേഖലയിലെ അതികായൻ ആയ തോമസ് കുക്ക് എന്ന പേര് ചരിത്രമാവും
ഹസ്ന സി
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കൂടി വരുന്ന ഈ യുഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ ” ആത്മഹത്യാ പ്രതിരോധം” എന്ന വിഷയം അഥവാ തീം വളരെയധികം പ്രസക്തി അർഹിക്കുന്നു. ലോക മാനസികാരോഗ്യ ദിനം ലക്ഷ്യം വെക്കുന്നത് ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ പറ്റിയുള്ള ബോധവൽക്കരണം ഉയർത്തിക്കൊണ്ട് വരിക, മാനസിക ആരോഗ്യ മേഖലയ്ക്ക് കൂടുതൽ മാനം കൈവരുത്തുക എന്നിവയാണ്. മാനസികാരോഗ്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയും അതോടൊപ്പം മാനസികരോഗങ്ങൾ ഉള്ള സാമൂഹിക ദൂഷ്യത്തിന് എതിരെയുള്ള വാദവും ലക്ഷ്യം വെക്കുന്നു.
ആത്മഹത്യ വളരെയധികം ഗുരുതരവും അതോടൊപ്പം അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു വിഷയം ആയതുകൊണ്ടുതന്നെ ‘ആത്മഹത്യാ പ്രതിരോധം’ എന്ന ഈ തീമിനെ നാം വളരെയധികം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഓരോ 40 സെക്കൻഡിലും ഓരോ ജീവനാണ് ലോകത്താകമാനം ആത്മഹത്യ കാരണം പൊലിഞ്ഞു പോകുന്നത്. അതായത് ഒരു വർഷം എട്ട് ലക്ഷത്തിലധികം ജീവനുകൾ. ആത്മഹത്യ ചെയ്യുന്ന വ്യക്തിയിൽ മാത്രമല്ല ഇതിന്റെ ഭവിഷ്യത്ത് ഒതുങ്ങി കൂടുന്നത്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളെയും സഹപ്രവർത്തകരെയും സമൂഹത്തെ ആകമാന വും, ശാരീരികമായും മാനസികമായും സാമ്പത്തികമായും ബാധിക്കുന്നു.

യുവാക്കൾ ആണല്ലോ ലോകത്തെ പ്രതിനിധീകരിക്കുന്നത്. ലോകത്തിന്റെ ഭാവിയും അവരിലാണ്. പക്ഷേ 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ രണ്ടാമത്തെ മരണകാരണം ആത്മഹത്യയാണ് എന്നുള്ളത് വേദനാജനകമാണ്.
ആരെയും എപ്പോഴും എങ്ങനെയും മരണത്തിലേക്ക് ആനയിക്കുന്ന ഒരു പ്രക്രിയയായി മാറിയിരിക്കുന്നു ഇന്ന് ആത്മഹത്യ. വികസിത രാജ്യങ്ങളാണ് ആത്മഹത്യാനിരക്ക് കൂടുതൽ എന്ന ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാൽ 80 ശതമാനം ആത്മഹത്യകൾ നടക്കുന്നത് വികസ്വര രാജ്യങ്ങളിലാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.
ഓരോ ആത്മഹത്യയ്ക്ക് മുമ്പും ഇരുപതിലധികം ആത്മഹത്യാശ്രമങ്ങൾ നടക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. മാനസിക രോഗങ്ങളായ സ്കിസോഫ്രേനിയ, ബൈപോളാർ ഡിപ്രഷൻ, മറ്റു മസ്തിഷ്ക രോഗങ്ങൾ, മദ്യവും മയക്കുമരുന്നും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, മറ്റു ഗുരുതര രോഗങ്ങൾ, കുടുംബ പാരമ്പര്യം, മാനസിക ശാരീരിക പീഡനങ്ങൾ, അവഗണനകൾ തുടങ്ങിയവ ആത്മഹത്യയിലേക്ക് വ്യക്തികളെ നയിക്കാൻ പ്രേരിപ്പിക്കുന്നവയാണ്.
ഗവൺമെന്റ് തലത്തിൽ ആത്മഹത്യാ പ്രതിരോധത്തിന് വേണ്ടി സംരംഭങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വ്യക്തി തലങ്ങളിലാണ് അതിനുള്ള മുന്നൊരുക്കം തുടങ്ങേണ്ടത്. മാനസിക സാമ്പത്തിക സഹായങ്ങളും, അവ ലഭിക്കുന്നതിനുള്ള അവസരങ്ങളും സ്കൂളുകളും തൊഴിലിടങ്ങളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും ഓരോ വ്യക്തികൾക്കും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഭാഗ്യവശാൽ ആത്മഹത്യ സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചു കളയാൻ കഴിയുന്ന ഒന്നാണ്. അതിന് ആത്മഹത്യ യോടും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള സാമൂഹിക മനോഭാവം ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിനുവേണ്ടി ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ തടയുക, പൊതു മാധ്യമങ്ങൾ കൂടുതൽ പ്രതീക്ഷ നൽകുന്ന വിവരങ്ങളും വാർത്തകളും ഉൾപ്പെടുത്തുക, ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രക്ഷുബ്ധമായ ഭാഷ ഒഴിവാക്കുക, ജീവിതത്തിൽ മുന്നേറാനും ജീവിതപ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും യുവജനങ്ങൾക്ക് പ്രത്യേകമായി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവസരങ്ങൾ നൽകുക, കൂടാതെ ആത്മഹത്യയുടെ പരിണിത ഫലങ്ങളെക്കുറിച്ച് ചെറുപ്പത്തിലെ ബോധവാന്മാരാക്കുക എന്നിവയൊക്കെയാണ്. സ്നേഹവും സൗഹൃദവും കരുതലും ഒക്കെയായി സഹജീവികൾക്ക് താങ്ങായി നിൽക്കുക എന്നതാണ് വ്യക്തിതലത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവന.

ഹസ്ന സി
മലപ്പുറം തിരുനാവായ സ്വദേശിയാണ്.
തൃശ്ശൂർ ജില്ലയിലെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- അന്തർദേശീയ ലോട്ടറിയായ യുറോമില്ലിയന്റെ ജാക്ക്പോട്ട് സമ്മാനമായ 170 മില്യൺ പൗണ്ട് ലഭിച്ചത് ബ്രിട്ടീഷുകാരനായ ടിക്കറ്റ് ഉടമസ്ഥന്. ഏകദേശം 170, 221,000 പൗണ്ടോളം സമ്മാനത്തുകയാണ് ഒരൊറ്റ ഉടമസ്ഥൻ കഴിഞ്ഞ ചൊവ്വാഴ്ച നേടിയതെന്ന് നാഷണൽ ലോട്ടറി ഓപ്പറേറ്റർ കാമേലോട്ട് അറിയിച്ചു. ടിക്കറ്റ് ഉടമസ്ഥനെ പറ്റി വ്യക്തമായ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.
7, 10, 15, 44, 49, എന്നീ നമ്പറുകളും, 3, 12 എന്നീ ലക്കി സ്റ്റാർ നമ്പറുകളും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. സമ്മാനം ലഭിച്ചത് ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ, സൺഡേ ടൈംസിന്റെ ബ്രിട്ടണിലെ 100 ധനികരായ വ്യക്തികളുടെ ലിസ്റ്റിൽ വിജയി സ്ഥാനം ഉറപ്പിക്കും. ബ്രിട്ടണിൽ ലോട്ടറി തിരഞ്ഞെടുപ്പിൽ നേടിയ ഏറ്റവും വലിയ സമ്മാനം തുകയാണ് ഇതു. 2011-ൽ കോളിനും ക്രിസ് വെയറും നേടിയ 161 മില്യൺ പൗണ്ട് സമ്മാനത്തുകയെയും പരാജയപ്പെടുത്തുന്നതാണ് ഈ നേട്ടം.

2004 ലാണ് ഈ അന്തർദേശീയ ലോട്ടറി ആരംഭിച്ചത്. ബ്രിട്ടൻ, സ്പെയിൻ തുടങ്ങി അനേകം രാജ്യങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ആഴ്ചയിൽ രണ്ട് നറുക്കെടുപ്പ് ആണ് ഉള്ളത്, ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും.
ജാക്ക്പോട്ടിന്റെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള 170 മില്യൻ നിശ്ചയിച്ചതിനുശേഷം ഏകദേശം നാല് നറുക്കെടുപ്പുകൾ നടന്നു. ചൊവ്വാഴ്ച നടന്ന അഞ്ചാമത്തെ നറുക്കെടുപ്പിലാണ് വിജയിയെ ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നമ്പറുകളും, രണ്ട് ലക്കിസ്റ്റാർ നമ്പറുകളും മാച്ച് ആയാൽ മാത്രമേ ജാക്ക്പോട്ട് സമ്മാനം ലഭിക്കുകയുള്ളൂ. യുകെ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രിയ, ബെൽജിയം തുടങ്ങി ഒമ്പത് ഓളം രാജ്യങ്ങളിൽ ഈ ലോട്ടറി നിലവിലുണ്ട്.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
നാളെ ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലേയ്ക്ക് ടിക്കറ്റെടുത്തിട്ടുള്ള ഓരോ സ്ത്രീയും തീ അണയാത്ത ഒരു ചിതയുടെ പൊള്ളൽ അറിയുന്നുണ്ടാകും. തീക്കനലിൽ ചവുട്ടിയിരുന്നല്ലാതെ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന മത്സരം അവർക്ക് മുഴുമിപ്പിക്കാനാകില്ല. സഹർ ഖൊദയാരി എന്നൊരുവൾ അഗ്നിയിലേയ്ക്ക് സ്വയം ഹവിസ്സായി വീണില്ലായിരുന്നുവെങ്കിൽ 4,600 ഇരിപ്പിടങ്ങൾ ആസാദി സ്റ്റേഡിയത്തിൽ ഇറാനി വനിതകൾക്ക് വേണ്ടി നീക്കിവെയ്ക്കപ്പെടുമായിരുന്നില്ല.
ഇറാനിലെ സ്ത്രീകളുടെ നാല്പത് വർഷം നീണ്ട കാത്തിരിപ്പിനാണ് വ്യാഴാഴ്ച അവസാനമാകാൻ പോകുന്നത്. ഇറാനും കംബോഡിയയും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ പുതുചരിത്രം പിറക്കുകയായി.ഇറാൻ വനിതകൾക്ക് പുരുഷ ഫുട്‌ബോൾ ടീമിന്റെ മത്സരം കാണുന്നതിനുള്ള വിലക്ക് ഇനിയില്ല. 1979ൽ ഏർപ്പെടുത്തിയ വിലക്കാണ് വൻ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുന്നത്. ആസാദി സ്റ്റേഡിയത്തിന്റെ ഒരു വശത്തായിട്ടാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്. 78,000 പേർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ 4,600 ഇരിപ്പിടങ്ങളാണ് സ്‌ത്രീകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതിൽതന്നെ 3,500 ടിക്കറ്റുകൾ ഇതിനോടകം വിറ്റു പോകുകയും ചെയ്തു. നേടിയെടുത്ത അവകാശത്തെ എത്രത്തോളം ആവേശത്തോടെയാണ് ഇറാനിലെ സ്ത്രീകൾ സ്വീകരിച്ചത് എന്നതിനുള്ള തെളിവാണ് വിറ്റഴിഞ്ഞ ടിക്കറ്റിന്റെ കണക്കുകൾ.

സഹർ ഖൊദയാരി
പക്ഷേ ഇവിടം വരെയുള്ള വഴികൾ അത്ര എളുപ്പമായിരുന്നില്ല. വിലക്കേർപ്പെടുത്തിയ നാൾ മുതൽ നിരവധി സ്ത്രീകൾ പുരുഷ മത്സരങ്ങൾ കാണുവാനുള്ള ശ്രമം നടത്തുകയുണ്ടായി. പുരുഷന്മാരുടേതു പോലെ വേഷം മാറിയും ആൾക്കൂട്ടത്തിൽ ഒളിച്ചുകടന്നുമൊക്കെ കളി കാണാൻ ശ്രമിച്ചവർ നിരവധിയാണ്. എന്നാൽ കൂടുതൽ പേരും പിടിക്കപ്പെട്ടു. അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു സഹർ ഖൊദയാരി. വേഷം മാറി സ്റ്റേഡിയത്തിൽ എത്തിയ സഹറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടയിൽ കോടതി മുറ്റത്ത് വെച്ച് സഹർ സ്വയം തീ കൊളുത്തി. പരിക്കുകളോടെ ഒരാഴ്ച സഹർ ആശുപത്രിയിൽ കഴിഞ്ഞു. പിന്നെ മരണത്തിന് കീഴടങ്ങി. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി. ഫിഫയുടെ ഭാഗത്ത് നിന്ന് ഇറാന് മേൽ സമ്മർദ്ദമുണ്ടായി. 2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന ഖത്തർ ഇറാനെ നിശിതമായി വിമർശിച്ച് രംഗത്തെത്തി. തുടർന്ന് വിലക്ക് പിൻവലിക്കാൻ ഇറാൻ ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ആസാദി സ്റ്റേഡിയം
2006ൽ പുറത്തിറങ്ങിയ ഓഫ് സൈഡ് എന്ന ഇറാനിയൻ സിനിമ ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫുട്‌ബോൾ മത്സരം കാണാൻ പോയ മകൾ നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ ജാഫർ പനാഹി പ്രസ്തുത സിനിമയിലേക്ക് എത്തുന്നത്. ഷൂട്ട് ചെയ്തത് ഇറാനിൽ ആണെങ്കിലും ഇറാനിൽ സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി ലഭിക്കുകയുണ്ടായില്ല. ഇറാനിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ തന്റെ സിനിമകളിലൂടെ പുറം ലോകത്തെത്തിച്ച ജാഫർ പനാഹി ഇപ്പോൾ വീട്ടു തടങ്കലിൽ ആണ്. ഇരുപത് വർഷം സിനിമയെടുക്കുന്നതിൽ നിന്ന് പനാഹിയെ വിലക്കിയിരിക്കുകയാണ്. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുമ്പോൾ വിവേചനത്തിനെതിരെ തന്റെ സർഗാത്മകതകൊണ്ട് കൈ ഉയർത്തിയ ജാഫർ പനാഹിയെ കൂടി നാം ഓർക്കേണ്ടതുണ്ട്.
4,600 ഇരിപ്പിടങ്ങൾക്ക് ഒരു ജീവന്റെ വിലയാണുള്ളത്. സ്റ്റേഡിയത്തിലെ ഏതെങ്കിലും ഒരു മൂലയിൽ കുറച്ചിടം എന്നതിൽ നിന്ന് മുഴുവൻ ഇരിപ്പിടങ്ങളിലേയ്ക്കും വ്യാപിക്കാൻ സ്ത്രീകൾക്ക് കഴിയണം. അതുവരെ സഹറിന്റെ ചിത അണയാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
സ്റ്റോക്കോം : ബ്രിട്ടനിൽ നിന്നുള്ള സർ പീറ്റർ റാഡ്ക്ലിഫ് , യുഎസിൽ നിന്നുള്ള വില്യം കെലിൻ, ഗ്രെഗ് സെമെൻസ എന്നിവരാണ് സ്വീഡനിലെ നൊബേൽ അസംബ്ലിയിൽ നോബൽ സമ്മാനം ഏറ്റുവാങ്ങിയത്. അനീമിയ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ഈ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. മൂല ഘടകമായ ഓക്സിജന്റെ പ്രാധാന്യം മുൻപേ അറിയാമായിരുന്നെങ്കിലും അതിന്റെ അളവിലെ മാറ്റങ്ങളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇതുവരെ കണ്ടെത്തിയിരുന്നില്ല. കോശങ്ങളുടെ മെറ്റാബോളിസത്തെയും ഘടനാപരമായ പ്രവർത്തനങ്ങളെയും സംബന്ധിക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ.

സർ പീറ്റർ ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ്. കൈലിൻ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും, സെമെൻസ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ളവരാണ്. 1901 മുതൽ ആരംഭിച്ച നോബൽപ്രൈസ് നൂറ്റിപത്താമതു ( 110) ജേതാക്കൾ ആണ് ഈ മൂവർ സംഘം. അവാർഡ് തുകയായ 738,000 പൗണ്ട് ( 9 മില്യൻ ക്രോണർ) മൂവരും തുല്യമായി പങ്കിട്ടെടുക്കും.

മനുഷ്യ ശരീരത്തിൽ ഓക്സിജൻ കുറവുള്ളപ്പോൾ എറിത്രോ പോയടിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കുകയും, ഓക്സിജൻ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുകയും ചെയ്യും. എന്നാൽ ഓക്സിജന് കുറവ് എച്ച് ഐ എഫ് എന്ന പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കും എന്നാണ് പുതിയ കണ്ടെത്തൽ. സാധാരണ അവസ്ഥയിൽ പെട്ടെന്ന് വിഹരിക്കുന്ന ഈ പ്രോട്ടീൻ ഓക്സിജൻ കുറവുള്ളപ്പോൾ ഡിഎൻഎയുടെ ഭാഗമായ ഈ പി ഓയിൽ ബൈൻഡ് ചെയ്യും. ഈ കണ്ടെത്തൽ അനേകം രോഗങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യുഎസ് സംരംഭകയും നിർമാതാവും സൈബർ സുരക്ഷ വിദഗ്ധയുമായ ജെന്നിഫർ അർക്കൂരിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും തമ്മിൽ അടുപ്പം പുലർത്തിയിരുന്നോ എന്ന വിഷയത്തിൽ വിവാദം ഉയരുകയാണ്. ജോൺസന്റെ അടുത്ത സുഹൃത്തായും ഇവർ അറിയപ്പെടുന്നു. സൺഡേ ടൈംസിലാണ് ഈ കഥ ആദ്യമായി പുറത്തുവന്നത്, ടെക്നോളജി സംരംഭകയായ ജെന്നിഫർ ആർക്കൂരി, ജോൺസന്റെ നേതൃത്വത്തിലുള്ള ട്രേഡ് മിഷനുകളിൽ ചേർന്നതായും ആയിരക്കണക്കിന് പൗണ്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായും ജോൺസനുമായുള്ള സൗഹൃദം വഴി അവർക്ക് നേട്ടങ്ങളുണ്ടായെന്നും പത്രം അവകാശപ്പെടുന്നു.

എന്നാൽ ജോൺസൻ തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും തന്റെ നേട്ടങ്ങളിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നും ജെന്നിഫർ ഐടിവിയുടെ പ്രഭാതപരിപാടിയിൽ പറഞ്ഞു. ലണ്ടൻ മേയറായിരുന്നപ്പോൾ ജോൺസനുമായി ഉറ്റബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർ വിസമ്മതിച്ചു. ബോറിസ് വീട്ടിലും ഓഫീസിലും തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും താൻ അദ്ദേഹത്തോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജെന്നിഫർ വെളിപ്പെടുത്തി. തന്റെ കമ്പനിക്ക് ഒരു ലക്ഷം പൗണ്ട് ലഭിച്ചതിനു പിന്നിൽ ജോൺസന് പങ്കില്ലെന്ന് ജെന്നിഫർ തുറന്നുപറഞ്ഞു.

താൻ ഒരു നിയമങ്ങളും ലംഘിച്ചിട്ടില്ലെന്നും എല്ലാം കൃത്യമായി തന്നെയാണ് ചെയ്യുന്നതെന്നും ജോൺസൻ മറുപടിയായി പറഞ്ഞു. നിലവിലെ ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതോടൊപ്പം ഗ്രേറ്റർ ലണ്ടൻ അതോറിറ്റിയുടെ മേൽനോട്ട സമിതി, ജെന്നിഫറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിക്കാൻ ജോൺസന് 14 ദിവസത്തെ സമയം നൽകി. 2008 നും 2016 നുമിടയിൽ മേയറായി സേവനമനുഷ്ഠിച്ച ജോൺസന് അവരുടെ സൗഹൃദം പ്രഖ്യാപിക്കാൻ കടമയുണ്ടെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ അഭിപ്രായപ്പെട്ടു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഈസ്റ്റ് യോർക്ക്ഷെയർ :- ഹൾ ഫെയറിലെ റൈഡുകളിൽ ഒന്നിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു റൈഡിൽ നിന്നും മറ്റൊന്നിലേക്ക് വീഴുകയായിരുന്ന യുവതിയുടെ വീഴ്ചയ്ക്കിടയിൽ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു റൈഡുകളും തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഹൾ സിറ്റി കൗൺസിലിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശദമായി പരിശോധിച്ചു. പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ ജീവന് ഭീഷണി ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്. സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെയും പരിക്ക് ഗുരുതരമല്ല. ഒക്ടോബർ മാസത്തിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഏറ്റവും പ്രശസ്തമായ ഹൾ ഫെയറിന്റെ ആരംഭ ദിവസങ്ങളിലാണ് ഈ അപകടം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച്, ഈ ശനിയാഴ്ച യോടു കൂടി അവസാനിക്കുന്നതാണ് ഹൾ ഫെയർ.

ഫെയറിൽ ഇത്തരം അപകടങ്ങൾ നടന്നാൽ ചെയ്യേണ്ടതായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ പോൾ കിർബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ അപകട സമയത്ത് ക്ഷമയോടെ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. സംഭവസ്ഥലത്ത് നടന്നതിന്റെ വീഡിയോ ഫൂട്ടജ് ഉള്ള ആരെങ്കിലുമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
എൻ എച്ച് എസിൽ നേഴ്സുമാരുടെ എണ്ണക്കുറവ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർവീസിൽ നിലവിലുള്ള നഴ്സുമാർ അമിത ജോലി മൂലം വലയുകയാണ്. തൽഫലമായി അവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു ഇരയാണ് യുകെയിൽ വാഹനാപകടത്തിൽ മരിച്ച കെറി ബ്രൗണെ എന്ന നഴ്സ്. ഒരാഴ്ചയ്ക്ക് ഇടയിൽ തന്നെ വർക്ക് ലോഡ് കാരണം അകാലമരണം മരിച്ച രണ്ടാമത്തെ നേഴ്സ് ആണ് കെറി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ കാസിൽ ഐലൻഡിലെ മീൻ വെയിൽട്രിമിലെ എൻ 21 ൽ ജീപ്പുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ആണ് 26കാരിയായ കെറി മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലണ്ടനിലാണ് കെറി പഠിച്ചതും പരിശീലനം നേടിയതും. പിന്നീട് വിറ്റിംഗ് ടൺ ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു . 2016 ൽ ലണ്ടൻ റോസ് ഓഫ് ട്രാലി സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായ കെറി തന്റെ കുടുംബത്തിന്റെ അടുത്തു ജോലി ചെയ്യുന്നതിനായിഅടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് അയർലണ്ടിലേക്ക് മടങ്ങിയിരുന്നു.

കെറിയുമായി കൂട്ടിയിടിച്ച ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറേ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഷോക്കിൽ ആയ ഡ്രൈവർ പക്ഷേ സമചിത്തത വീണ്ടെടുത്ത് എമർജൻസി സർവീസിന് വിവരമറിയിക്കുകയായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നു 2 എൻഎച്ച്എസ് നഴ്സുമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യൂറോപ്യൻ യൂണിയനുമായി ഒത്തുതീർപ്പിന് ശ്രമിച്ച് ബോറിസ് ജോൺസൻ. 11 ദിവസത്തെ നിർണായക ഉച്ചകോടിക്ക് മുന്നോടിയായി, യൂറോപ്യൻ യൂണിയൻ തയ്യാറാണെങ്കിൽ ഒരു പുതുക്കിയ കരാർ സാധ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം തന്റെ ബ്രെക്‌സിറ്റ് നിർദേശങ്ങൾ പാർലമെന്റിൽ പിന്തുണ നേടിയതായി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. ഒരു പുതിയ കരാർ തീർച്ചയായും സാധ്യമാണെന്ന് ലാറ്റ്വിയൻ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരിൻസ് പറഞ്ഞു. യുകെയുടെ പദ്ധതികളെപറ്റിയുള്ള ചർച്ചകൾ ശക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ ആവശ്യപ്പെട്ടു. എന്നാൽ ഐറിഷ് ബാക്ക്സ്റ്റോപ് സംബന്ധിച്ച ബ്രിട്ടന്റെ നിർദേശങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഐറിഷ് അതിർത്തിയിലൂടെ സഞ്ചാര സ്വാതന്ത്ര്യവും സ്വതന്ത്ര ചരക്കു നീക്കവും അനുവദിക്കുന്ന ബാക്ക്സ്റ്റോപ്പ് വ്യവസ്ഥകൾ ഉൾക്കൊണ്ട കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയതാണ്. ഒരു പുതിയ കരാർ സാധ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

പുതിയൊരു കരാറിന് പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ലേബർ പാർട്ടിയുമായും മറ്റ് പ്രതിപക്ഷ എംപിമാരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്റ്റീഫൻ ബാർക്ലേ അറിയിച്ചു. അടുത്താഴ്ച നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ പാർലമെന്റ് വോട്ടെടുപ്പിൽ അവതരിപ്പിക്കുകയെന്ന ആശയം മന്ത്രിമാർ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന നിയമം സർക്കാർ എങ്ങനെ പാലിക്കുമെന്ന് ജോൺസൺ ഇതുവരെ വിശദീകരിച്ചിട്ടില്ല .
