അനീറ്റ സെബാസ്റ്റ്യൻ , മലയാളം യുകെ ന്യൂസ് ടീം 

യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൽക്കരിയിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ വൻ പ്രതിസന്ധി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു നൂറ്റാണ്ടായി വൈദ്യുതി ഉൽപാദനത്തിൽ കൽക്കരി വ്യവസായം വലിയ പങ്ക് വഹിച്ചിരുന്നു. വികസിത രാജ്യങ്ങളായ യുകെ , അമേരിക്ക, സൗത്ത് കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ഉൽപാദനത്തിൽ ഉള്ള വലിയ കുറവ് ഈ മേഖലയിലെ തകർച്ച സൂചിപ്പിക്കുന്നു. മറ്റ് രീതികളിലൂടെ ചെറിയ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നതുകൊണ്ട് തന്നെ കൽക്കരി യിലൂടെയുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള സ്വീകാര്യത കുറയുന്നു. മുൻ വർഷങ്ങളിൽ വൈദ്യുതി ഉത്പാദനത്തിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ചൈനയിൽ ഉൽപാദനം കൂടിയിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യയിലും ചൈനയിലും ഉൽപ്പാദനത്തിൽ കുറവ് നേരിട്ടു. ഇതിൽ ചൈനയിലെ അവസ്ഥ രൂക്ഷമാണ്. ചൈനയിലെ വൈദ്യുതിയുടെ ആവശ്യകത 6.7 % നിന്നും 3% ലേക്ക് കുറഞ്ഞു. ഇത്തവണത്തെ കണക്കനുസരിച്ച് കൽക്കരി പ്ലാന്റുകളുടെ കളുടെ ഉപയോഗം 49 % മാത്രമാണ്.


കാറ്റാടി പാടങ്ങൾക്കും സോളാർ പ്ലാന്റുകൾക്കുമായുള്ള 2019ലെ ചൈനീസ് പദ്ധതികൾ 2020 -ൽ -പൂർത്തിയാകുമ്പോൾ കൽക്കരി പ്ലാന്റുകൾ വലിയ തിരിച്ചടി നേരിടും. യു.എസ്. കൽക്കരി വ്യവസായത്തിന്റെ വീണ്ടെടുപ്പിനായി പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ശ്രമങ്ങൾ നടത്തിയെങ്കിലും ഏറ്റവും കുറവ് ഉല്പാദനം അമേരിക്കയിലാണ്. കണക്കുകൾ പ്രകാരം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൽക്കരിയിലൂടെയുള്ള വൈദ്യുതി ഉൽപാദനം കൂടുതലാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ ഉൽപാദനത്തിൽ വർദ്ധനവുണ്ടെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ആവശ്യകത കുറവാണ്.