Main News

ബേൺലി, ഇംഗ്ലണ്ട് : പ്രായമായവരിൽ നിന്നും, സാമ്പത്തികഞെരുക്കം അനുഭവിക്കുന്നവരിൽ നിന്നും മറ്റും തൻെറ സേവനങ്ങൾക്ക് പ്രതിഫലം വാങ്ങാതെ ജനമനസ്സിൽ സ്ഥാനം നേടിയ ഒരു പ്ലംബർ. ജെയിംസ് ആൻഡേഴ്സൺ എന്ന അമ്പത്തിരണ്ടുകാരൻ ആണ് ഈ സേവനം ചെയ്യുന്നത്. തൻെറ നേട്ടങ്ങളിൽ അല്ല, മറിച്ച് മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിലാണ് താൻ സന്തോഷം അനുഭവിക്കുന്നത് എന്ന് അദ്ദേഹം രേഖപ്പെടുത്തി. അതിനായി ഡീഫേർ എന്ന കമ്പനിയും അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

ലുക്കിമിയ അനുഭവിക്കുന്ന തൊണ്ണൂറ്റൊന്നുകാരിയായ സ്ത്രീയിൽ നിന്നും പ്ലംബറുടെ സേവനത്തിന് പണമൊന്നും ഈടാക്കിയില്ല എന്നുള്ള രേഖ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. 24 മണിക്കൂറും സേവനം എല്ലാവർക്കും ലഭ്യമാണ് എന്ന തലക്കെട്ടോടെയാണ് ജയിംസിൻെറ കമ്പനി പ്രവർത്തിക്കുന്നത്.

സംഭാവനകളും മറ്റും ലഭിക്കുന്നതിൽ നിന്നാണ് ഇത്തരം സേവനങ്ങൾക്കുള്ള പണം അദ്ദേഹം കണ്ടെത്തുന്നത്. ലങ്കാഷെയറിൽ ഉടനീളമുള്ള ജനങ്ങളെ സഹായിക്കുന്നതിൽ തൽപരനാണ് ആൻഡേഴ്സൺ. 2017ഓടു കൂടിയാണ് അദ്ദേഹം തൻെറ പണ സമ്പാദനം ഉപേക്ഷിച്ച്, ഇത്തരത്തിലുള്ള സേവനങ്ങൾ ആരംഭിച്ചത്. ഏകദേശം 8000 പൗണ്ടോളം കടബാധ്യതയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്യൻെറ സന്തോഷത്തിൽ താൻ സന്തോഷിക്കുകയാണെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാജ്യത്തുടനീളം ഇത്തരം സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്. അതിനാവശ്യമായ പണം സമ്പാദനത്തിൽ ഉള്ള തിരക്കിലാണ് അദ്ദേഹം. തികച്ചും സൗജന്യമായി സേവനങ്ങൾ നൽകാനാണ് തീരുമാനം.

ബ്രിട്ടൻ: ബ്രിട്ടനിലെ മെറ്റ് ഓഫീസ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിൽ ആണ് വരുന്ന 50 കൊല്ലങ്ങളിൽ ബ്രിട്ടൺ നേരിടേണ്ടിവരുന്ന കാലാവസ്ഥാവ്യതിയാനം രേഖപ്പെടുത്തിയത്. രാജ്യത്തെ പല ഭാഗങ്ങളിൽനിന്നുള്ള കാലാവസ്ഥ സൂചികകൾ താരതമ്യപഠനം നടത്തി ഏകദേശം ഒരു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഫലം പുറത്തുവിട്ടത്. ഏകദേശം 2.2 കിലോമീറ്റർ പരിധിയിൽ ഉള്ള അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ദുരന്തനിവാരണത്തിനും സുരക്ഷയ്ക്കുമായി കൂടുതൽ സന്നാഹങ്ങൾ ഉപയോഗപ്പെടുത്താനും ഈ പഠനത്തിനാവും. വരണ്ട വേനൽക്കാലങ്ങളെയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങളെയും ഇനി ചെറുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പരിസ്ഥിതി കാര്യ സെക്രട്ടറിയായ തെരേസാ വില്ലിയേഴ്‌സ് പറയുന്നത് 2.2 കിലോമീറ്റർ പ്രൊജക്ഷൻസ് മൂലം കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന സമൂലമായ മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകും. ഭൂമിക്ക് ദോഷമാകുന്ന കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ അത്യാവശ്യമാണ്. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഏതൊക്കെ സ്ഥലങ്ങളിൽ എത്രമാത്രം മഴ ലഭിക്കുമെന്നതും ഏതൊക്കെ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും കണക്കുകൂട്ടാൻ ഇനി ആവും.

മുൻപുണ്ടായിരുന്ന കാലാവസ്ഥ പ്രവചനങ്ങളെക്കാൾ പത്തു മടങ്ങ് കൂടുതൽ കൃത്യമാണ് ഈ പഠനം. കാർബൺ എമിഷൻ കുറയ്ക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതിന്റെതെളിവും ലഭ്യമാണെന്ന് കാലാവസ്ഥാ വിദഗ്ധ ഡോക്ടർ ലിസി കെണ്ടൺ പറയുന്നു. ഇപ്പോൾ യുകെയിലെ ശരാശരി താപനില 38.7 ഡിഗ്രി സെൽഷ്യസ് ആണ് 50 വർഷത്തിനുള്ളിൽ ഇതിന് 16 മടങ്ങ് വർധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യ – പാക്ക് കാശ്മീർ പ്രശ്നത്തിന് എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കാശ്മീരിലെ സ്ഥിതിഗതികൾ യുകെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിച്ചു സംസാരിച്ച കൺസേർവേറ്റിവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാന്റെ കത്തിന് മറുപടി നൽകിയ ജോൺസൻ, ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടന്റെ പ്രധാന പങ്കാളികളാണെന്നും പറഞ്ഞു.

കാശ്മീർ പ്രശ്നത്തിൽ ഇരു രാജ്യങ്ങളുമായി തങ്ങളുടെ സർക്കാർ സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചിട്ടുണ്ടെന്നും ബോറിസ് തന്റെ കത്തിൽ പറയുന്നു. ജോൺസന് അയച്ച കത്തിൽ ബ്ലാക്ക്മാൻ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിച്ചതിന് ലേബർ പാർട്ടിയെ അപലപിച്ചിരുന്നു.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 അസാധുവാക്കിയതും മെച്ചപ്പെട്ട ഭരണത്തിനായി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യങ്ങളാണെന്ന് ബ്ലാക്ക്മാൻ വ്യക്തമാക്കി.

ബ്രിട്ടൺ : സൺ മാർക്ക്‌ കമ്പനി ലിമിറ്റഡിന്റെ ഉടമ, ഇന്ത്യൻ വംശജനായ രമിന്തർ സിംഗ് റേഞ്ചറെ ബ്രിട്ടൻ പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡിസിലേക്കു നോമിനേറ്റ് ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബിസിനസ് രംഗത്തും, ബ്രിട്ടൻ ജനതയ്ക്കും, അതോടൊപ്പം കൺസർവേറ്റീവ് പാർട്ടിക്കും അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.

ബ്രിട്ടൺ മുൻ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാജിക്കത്തിൽ രമിന്തറിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്റൻവാല എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഈ സ്ഥലം പാകിസ്ഥാനിൽ ഉൾപ്പെടുന്നു. പാർട്ടീഷന്റെ സമയത്ത് പഞ്ചാബ് സംസ്ഥാനത്തെ പട്ട്യാല നഗരത്തിലേക്ക് രമിന്തറിന്റെ കുടുംബം മാറി താമസിച്ചു. അതിനാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള വ്യക്തിയാണ് രമിന്തർ.

 

ഇന്ത്യയും,പാകിസ്ഥാനും, ബ്രിട്ടനും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് രമീന്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടനിൽ ഇന്ന് നിലനിൽക്കുന്ന പല കമ്മ്യൂണിറ്റികളും തമ്മിൽ സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യൻ പ്രസ് ട്രസ്റ്റിന് നൽകിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ചണ്ഡീഗഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം, യുകെയിലെത്തി രമിന്തർ നിയമബിരുദം നേടി. വെറും രണ്ട് പൗണ്ട് കൊണ്ട് മാത്രമാണ്‌ അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ന് സൺ മാർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാൻ പദവിയിൽ ആണ് അദ്ദേഹം. ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.

കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകദേശം ഒരു മില്യൻ പൗണ്ടോളം അദ്ദേഹം സംഭാവന നൽകിയിരുന്നു. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ജോയിന്റ് ചെയർമാനായി 2008-ൽ അദ്ദേഹം നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ സേവനങ്ങൾക്കായി ആണ് ഈ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്.

ലണ്ടൻ : ബ്രെക്സിറ്റ്‌ നടത്തിയെടുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ തീയതി അടുത്തുവരികയാണ്. ഒക്ടോബർ 31ന് ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. എങ്ങനൊക്കെയാണ് കരാർ രഹിത ബ്രെക്സിറ്റ്‌ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുക, ഇതാ ഏറ്റവും പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ :-

1) ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം – വിലകയറ്റം രൂക്ഷമാകും
നമ്മുടെ ഭക്ഷണത്തിന്റെ 30% നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്നാണ് എത്തുന്നത്. ബ്രെക്സിറ്റ്‌ നടന്നാൽ പച്ചക്കറികളും പഴങ്ങളും പോലെയുള്ള ചില ഭക്ഷണസാധനങ്ങൾ ലഭിക്കാതെയാവും. ഇത് വലിയ വിലകയറ്റത്തിലേക്കാവും നയിക്കുക. വരുമാനം കുറവുള്ള കുടുംബങ്ങളെയാവും ഇത് ഏറ്റവും അധികമായി ബാധിക്കുക. ഇറക്കുമതി നികുതി വർധിക്കുന്നതോടൊപ്പം ഗതാഗത കാലതാമസവും ഉണ്ടാകും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ലഭ്യമായ സാധനങ്ങൾ എല്ലാം ജനങ്ങൾ നേരത്തെ തന്നെ വാങ്ങിവെക്കുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. കരാർ രഹിത ബ്രെക്സിറ്റ്‌ മൂലം ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡ് ചാർജുകളും വർധിക്കും.

2) നിങ്ങളുടെ യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാം !
ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആവശ്യമായ രേഖകൾ എല്ലാം കിറുകൃത്യം ആയിരിക്കണം. മറ്റു രാജ്യങ്ങളിലേക്ക് ഡ്രൈവ് ചെയ്യണമെങ്കിൽ ചില അധിക രേഖകൾ ഇനി ആവശ്യമായി വരും. ഗ്രീൻ കാർഡ്, ജിബി സ്റ്റിക്കർ, അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ്‌ എന്നിവ ആവശ്യമായി വരും. അതിർത്തി നിയന്ത്രണം ഉണ്ടാവും. യൂറോപ്യൻ ഹെൽത്ത്‌ ഇൻഷുറൻസ് കാർഡും ഇല്ലാതെയാകും. ഇതൊക്കെ പ്രധാന പ്രശ്നങ്ങളായി നിലകൊള്ളുന്നവയാണ്.

3) ആരോഗ്യമേഖല പ്രതിസന്ധിയിലാവും
യൂറോപ്യൻ യൂണിയനിൽ നിന്നാണ് ഇപ്പോൾ പല മരുന്നുകളും ലഭിക്കുന്നത്. കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ അതിനൊപ്പം മരുന്നുക്ഷാമവും ഉണ്ടായേക്കാം. പല മരുന്നുകളും ലഭിക്കുന്നില്ലെന്ന് റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്ന് ക്ഷാമം ഉണ്ടാവാതിരിക്കാനായി സർക്കാർ 434 മില്യൺ പൗണ്ട് നീക്കിവെച്ചിട്ടുണ്ട്. എൻഎച്ച്എസും വളരെ വലിയ പരിശ്രമം നടത്തുന്നുണ്ട്.

4) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാർക്കുന്ന യുകെ പൗരന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം :-
27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി 1.3 മില്യൺ യുകെ പൗരത്വമുള്ളവർ പാർക്കുന്നുണ്ട്. ബ്രെക്സിറ്റിനുശേഷം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെങ്കിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാം. യുകെ പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നുണ്ടെങ്കിലും ഇത് ഓരോ രാജ്യത്തിന്റെ സ്വതന്ത്ര തീരുമാനത്തെ ആശ്രയിച്ചിരിക്കും. ആരോഗ്യ സംരക്ഷണ അവകാശങ്ങൾ നിലനിർത്തുന്നതിനായി യുകെ സർക്കാർ ശ്രമിക്കുന്നുണ്ട്. യുകെ സർക്കാരിന്റെ പെൻഷൻ മുടക്കമില്ലാതെ തുടരുന്നതോടൊപ്പം നികുതിയിലും മാറ്റങ്ങൾ ഉണ്ടാവില്ല

5) യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർ ‘സെറ്റിൽഡ് സ്റ്റാറ്റസിനായി’ അപേക്ഷിക്കണം
യുകെയിൽ താമസിക്കുന്ന 3.7 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് നോർവെ, ഐസ്‌ലാൻഡ്, ലിചെൻസ്റ്റൈൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുമായി ഒരു കരാർ മുഖേന സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ടതുണ്ട്.

6) സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ചിലവേറും
ബ്രെക്സിറ്റ്‌ നടപ്പായാൽ ചരക്കുകളുടെ സ്വതന്ത്ര ചലനം അവസാനിക്കും. യൂറോപ്യൻ യൂണിയനിൽ നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ചിലവേറിയ കാര്യമാവും. കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ പുതിയ താരിഫ് സംവിധാനം രൂപപ്പെടും. ചരക്കുകൾക്ക് നികുതി ഏർപ്പെടുത്താനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട്.

7) വീടിന്റെ വിലയെ ബാധിക്കും!
ഭവന വിപണിക്ക് വൻ തിരിച്ചടിയായി ബ്രെക്സിറ്റ്‌ മാറും. നാഷണൽ വൈഡിന്റെ കണക്കുകൾ പ്രകാരം മെയ് മുതൽ തുടർച്ചയായ 6 മാസത്തേക്ക് വാർഷിക ഭവന വില വളർച്ച ഒരു ശതമാനത്തിൽ താഴെയാണ്. വീട് വാങ്ങാനും വിൽക്കാനും പ്രയാസം ഉണ്ടാകും.

8) മൊബൈൽ ഫോൺ റോമിംഗ് നിരക്കുകൾ ഉയരും
കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ റോമിംഗ് നിരക്കുകൾ വർധിക്കും. റോമിംഗ് സേവനങ്ങൾ നൽകുന്നതിന് യുകെ ഓപ്പറേറ്റർമാരിൽ നിന്ന് യൂറോപ്യൻ യൂണിയൻ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് ഇനി നിയന്ത്രണം ഉണ്ടാവില്ല. എന്നാൽ സേവനങ്ങൾക്ക് മാറ്റം വരുത്താൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ചില ഓപ്പറേറ്റർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

9) ചരക്ക് സേവനങ്ങളിൽ താമസം ഉണ്ടാവും
കരാർ രഹിത ബ്രെക്സിറ്റോടെ കെന്റിൽ, ചരക്ക് ഗതാഗതം തടസപ്പെടുമെന്ന് മുൻ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രെലിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ അതിർത്തി, കസ്റ്റംസ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കൂടുതൽ ഫണ്ട്‌ ചിലവഴിക്കുമെന്ന് സർക്കാർ പറഞ്ഞു. കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിച്ചാൽ ഓപ്പറേഷൻ ബ്രോക്ക് എന്നറിയപ്പെടുന്ന ഒരു ട്രാഫിക് മാനേജ്മെന്റ് സംവിധാനം നിലവിൽ വരും.

10) വിദ്യാർത്ഥികൾ പ്രതിസന്ധിയിലാവും:-
കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിച്ചാൽ യുകെയിലെ യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്കും യൂറോപ്യൻ യൂണിയനിലെ യുകെ വിദ്യാർത്ഥികൾക്കും അനിശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടം നേരിടേണ്ടതായി വരും.എറാസ്മസ് സ്റ്റുഡന്റ് എക്സ്ചേഞ്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി 16000 ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചിരുന്നു. ഇതിന് സർക്കാരിന്റെ ധനസഹായവുമുണ്ട്. ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ അടുത്ത അധ്യയന വർഷത്തിലെ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ യുകെയ്ക്ക് യൂറോപ്യൻ യൂണിയന്റെ കരാർ ആവശ്യമായി വരും.

ഈ കാര്യങ്ങൾ കൂടാതെ ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ രാജ്യത്താകമാനം കലാപങ്ങളും പ്രതിഷേധങ്ങളും പൊട്ടിപുറപ്പെടും. പ്രധാനമന്ത്രി ജോൺസന് ‘ഐറിഷ് ബോർഡറും’ ഒരു ഊരാക്കുടുക്കായി മാറിയേക്കാം.!

ബ്രിട്ടൺ: 1995 ജൂലൈയിൽ എസെക്സിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വിവാഹിതരായവരാണ് മര്യനെ പില്ലിങ്ങും (48) ടോമി പില്ലിങ്ങും (61). ഇരുപത്തി രണ്ടാം വിവാഹ വാർഷിക വേളയിൽ തങ്ങളുടെ ഉറച്ച ബന്ധത്തിന് തെളിവായി രണ്ടുപേരും ചേർന്ന് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. എന്നാൽ 5 വർഷം മുമ്പ് തുടങ്ങിയ ചിത്തഭ്രമം ആണ് ടോമിയെ ഭാര്യയിൽ നിന്ന് എന്നന്നേക്കുമായി അകറ്റിയത്. രോഗം മൂർച്ഛിക്കുന്ന സമയങ്ങളിൽ മര്യാനയെ ഉപേക്ഷിക്കുന്നത് മര്യാനയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

മരിയാന ആരാണെന്ന് മറന്നുപോകുന്ന നേരങ്ങളിൽ ടോമി ഭാര്യയെ തള്ളിമാറ്റി നീ ആരാണെന്ന് എനിക്കറിയില്ല നിന്നെ ഞാൻ സ്നേഹിക്കുന്നില്ല എന്ന് തുടർച്ചയായി പറയുന്നതായി മര്യാനയുടെ സഹോദരി ലിൻഡി ന്യൂമാൻ (31) പറയുന്നു. ആ വാക്കുകൾ കാര്യമായി എടുക്കുന്നത് അവരുടെ മാനസികനിലയെയും വളരെയധികം തളർത്തുന്നുണ്ട്.ടോമിയുടെ രോഗം ചികിത്സിച്ചു ഭേദമാക്കാം എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

എന്നാൽ ചികിത്സ സമയത്ത് കൂടെ ഉണ്ടാവാൻ മര്യാനയ്ക്ക് കഴിയില്ല. പരിമിതികൾക്കിടയിലും 18 മാസത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. കുറവുകൾ ഉള്ളവർക്ക് വിവാഹിതരാകാൻ കഴിയില്ലെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിക്കാനും തന്റെ സ്വപ്നത്തിലെ സ്വർഗീയ വിവാഹത്തിലൂടെ മര്യാനയ്ക്ക് കഴിഞ്ഞിരുന്നു.

ബ്രിട്ടൺ : തെക്കൻ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനലിൽ നിന്നും നാല് ബോട്ടുകളിൽ ആയി നാൽപത്തിയൊന്ന് കുടിയേറ്റക്കാരെ ബോർഡർ ഫോഴ്സ് അറസ്റ്റ് ചെയ്തു. ആഭ്യന്തര വകുപ്പ് നൽകുന്ന വിവരമനുസരിച്ച് കപ്പൽ യു കെ തുറമുഖത്തേക്ക് പോകുമ്പോഴാണ് ബോർഡർ ഫോഴ്സ് സെക്യൂരിറ്റി വിഭാഗം തടഞ്ഞത്. ഇരുപത്തിനാലു പേരടങ്ങുന്ന ഒരു ബോട്ടും അതോടൊപ്പം, അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു ബോട്ടും പിടിച്ചെടുത്തു. ഒൻപത് പേരടങ്ങുന്ന മറ്റൊരു സംഘം വേറൊരു ബോട്ടിലായിരുന്നു. അറസ്റ്റിലായ ആളുകളിൽ മിക്കവരും ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്കി, മാലി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

അറസ്റ്റ് ചെയ്ത എല്ലാവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. ഫ്രഞ്ച് ക്യാമ്പുകൾ പൂട്ടിയതോടെ യാണ് ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കുടിയേറ്റം വർദ്ധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ആയിരത്തോളം കുടിയേറ്റക്കാർ താമസിച്ചിരുന്ന ഫ്രാൻസിലെ ഡങ്കിർക് എന്ന ക്യാമ്പാണ് പൂട്ടിയത്. വെള്ളിയാഴ്ച രാവിലെയാണ് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും ചേർന്ന് ആളുകളെ ഒഴിപ്പിച്ചത്.

2018 നവംബറിന് ശേഷം ഏകദേശം 1373 പേരിൽ അധികമാണ് ഇംഗ്ലീഷ് ചാനൽ കടന്നുവന്നിരിക്കുന്നത്. ഇതിൽ ഒട്ടനവധി കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 1127 പേരും ഈ വർഷമാണ് കടൽ കടന്നിരിക്കുന്നത്.

ഇതോടൊപ്പംതന്നെ ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കള്ളക്കടത്തും മറ്റും വർദ്ധിച്ചിരിന്നതായാണ് റിപ്പോർട്ടുകൾ. ബോർഡർ ഫോഴ്സ് വിഭാഗം സെക്യൂരിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്. സിസിടിവി യും രാത്രിയിലുള്ള പെട്രോളിങ്ങും എല്ലാം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾക്ക് തടയിടുവാൻ വേണ്ടതായ നിയമനിർമ്മാണങ്ങൾ നടത്തുമെന്ന് ആഭ്യന്തര വകുപ്പും അറിയിച്ചിട്ടുണ്ട്.

ആരോഗ്യം നശിപ്പിക്കുന്ന ഇലക്ട്രോണിക് സിഗര റ്റുകൾ ക്കെതിരെ യുകെയിലെ ഗവൺമെന്റ് ഏജൻസികൾ രംഗത്ത് വന്നു . യൂറോപ്പിലെ ഒരു പ്രസിദ്ധ പുകയില നിരോധന വകുപ്പിലെ ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകാരം ഇ – സിഗരറ്റുകൾ ഫ്ലേവറുകൾ കൂട്ടിച്ചേർക്കുന്നത് മൂലം കുട്ടികളിൽ അത് ഉപയോഗിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. കൗമാരക്കാരിൽ വർധിച്ചുവരുന്ന ഇ – സിഗരറ്റ് ഉപയോഗം രാജ്യത്തിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്ന ആശങ്ക. പുകവലി മൂലം വളരെ അധികം പേർ മരണത്തിന് കീഴടങ്ങുകയും അനേകർ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

ഒരു താൽക്കാലിക കാലയളവിലേക്ക് എങ്കിലും ഫ്ലേവറുകൾ നൽകിയിട്ടുള്ള ഇ -സിഗരറ്റുകൾ നിർത്തലാക്കാൻ ആണ് നീക്കം. ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രൊഫസർ ഡെയിം സാലി മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിൽ പറയുന്നു “ഇതൊരു ഇക്കിളിപ്പെടുത്തുന്ന ടൈം ബോംബാണ്, ദീർഘകാലാടിസ്ഥാനത്തിലുള്ള വിപത്തുകൾ ആണ് കാത്തിരിക്കുന്നത്.” പ്രസിദ്ധമായ മിഠായികളുടെയും പഴങ്ങളുടെയും എല്ലാം ഫ്ലേവറുകൾ അനുകരിക്കുന്ന ഇ -സിഗരറ്റുകൾ കൗമാരക്കാരെ പെട്ടെന്ന് സ്വാധീനിക്കും.

അതേ സമയം ഇത്തരം ഈ സിഗരറ്റുകൾ നിലവിലുള്ളത് മൂലം മുതിർന്നവർ വീര്യംകൂടിയ സിഗരറ്റുകൾ ഉപയോഗിക്കുന്നത് കുറയുന്നു എന്നും കണ്ടെത്തൽ ഉണ്ട്. ഫ്ലേവറുകൾ ഉള്ള സിഗരറ്റ് മൂലം കൂടുതൽ കുട്ടികൾ പുകവലി രംഗത്തേക്ക് കടന്നു വരാതിരിക്കാൻ നിരോധനം അത്യാവശ്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തൽ.

ഹോട്ടലുകളിലെ മെനുവിൽ ഭക്ഷ്യവസ്തുക്കളുടെ അലർജി വിവരങ്ങൾ മുഴുവനായി രേഖപ്പെടുത്തണമെന്ന ആവശ്യം തള്ളി ഹോട്ടലുടമകൾ. ഇത് വീണ്ടും അധികച്ചെലവ് വരുത്തിവയ്ക്കുമെന്ന കാരണമാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ബർഗർ കഴിച്ച്‌ അനാഫൈലാറ്റിക് ഷോക്ക് മൂലം മരണപ്പെട്ട ഓവൻ കാരെ എന്ന യുവാവിൻെറ കുടുംബാംഗങ്ങളുടെ ആവശ്യമാണ് ഹോട്ടലുടമകൾ നിരാകരിച്ചത്. പാൽ ഉത്പന്നങ്ങളോട് അലർജിയുള്ള ഓവനെ, ഹോട്ടലിലെ സ്റ്റാഫുകൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് മെനുവിൽ ഭക്ഷ്യവസ്തുക്കളിൽ അലർജി ഉണ്ടാവാൻ സാധ്യതയുള്ളവയുടെ ലിസ്റ്റ് പ്രദർശിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയത്. എന്നാൽ ഇത് ഒട്ടനവധി ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ബാധിക്കുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കൈറ്റ് നിക്കോളസ് അറിയിച്ചു. ചെറിയതോതിലുള്ള റെസ്റ്റോറന്റുകളെയാണ് ഇത് സാരമായി ബാധിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റാഫുകളുടെ ട്രെയിനിങ് ആണ് ഇതിന് ഏറ്റവും ആവശ്യം എന്ന് അവർ പറഞ്ഞു.

മെനുവിൽ രേഖപ്പെടുത്തപ്പെടുന്ന വിവരങ്ങൾ ശരിയാകണമെന്നില്ല എന്നും കൈറ്റ് പറഞ്ഞു. ഇത് വീണ്ടും കസ്റ്റമേഴ്സിനെ അപകടത്തിലേക്ക് നയിക്കും. എന്നാൽ സർവീസ് സ്റ്റാഫുകളെ മാത്രം വിശ്വസിക്കുന്നത് അപകടം ആണെന്നാണ് ഓവന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായം. ആവശ്യമായ നിയമ നിർമ്മാണം ആണ് വേണ്ടത് എന്നാണ് അവർ പറയുന്നത്. തിരക്കേറിയ ഒരു റെസ്റ്റോറന്റിൽ കസ്റ്റമറും സ്റ്റാഫും തമ്മിലുള്ള ആശയവിനിമയം അസാധ്യമാണ് എന്ന് അവർ പറഞ്ഞു.

എന്നാൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ചെറിയ കോഫി ഷോപ്പുകൾക്കും , സാൻഡ് വിച്ച് ഷോപ്പുകൾക്കും ബുദ്ധിമുട്ടുളവാക്കും എന്നതിനാലാണ് അതിനെ എതിർക്കുന്നത് എന്ന് കൈറ്റ് പറഞ്ഞു. ഓരോ വർഷവും ഭക്ഷ്യവസ്തുക്കളുടെ അലർജി മൂലം മരണപ്പെടുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഇതിനെ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലത്തു നിന്നും ഒരു സ്വർണ്ണ ടോയ്‌ലെറ്റ് മോഷ്ടിക്കപ്പെട്ടു. ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്നും ഇന്നലെ പുലർച്ചെ 4:50ഓടെയാണ് 1മില്യൺ പൗണ്ട് വിലമതിക്കുന്ന സ്വർണ്ണ ടോയ്‌ലെറ്റ് മോഷണം പോയത്. 4:50 ഓടെ ഓക്സ്ഫോർഡ്ഷയർ കൊട്ടാരത്തിൽ ഒരു സംഘം അതിക്രമിച്ച് കയറി കലാസൃഷ്ടികൾ മോഷ്ടിച്ചതായി തേംസ് വാലി പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് 66കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. തറയിൽ നിന്ന് ഇളക്കിയെടുത്തതുകൊണ്ട് അനേകം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയൻ ആർട്ടിസ്റ്റ് മൗറീഷ്യോ കാറ്റെലനാണ് സ്വർണ്ണ ടോയ്‌ലെറ്റ് രൂപകൽപ്പന ചെയ്തത്. ന്യൂയോർക്കിൽ പ്രദർശിപ്പിക്കുമ്പോൾ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ ഇതിന് കഴിഞ്ഞിരുന്നു.

അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ടോയ്‌ലറ്റ്, ഒരു ആർട്ട്‌ എക്സിബിഷന്റെ ഭാഗമായി നടന്ന പ്രദർശനത്തിനിടയിലാണ് മോഷണം പോയത്. സന്ദർശകർക്ക് ഇത് ഉപയോഗിക്കാനും അവസരമുണ്ടായിരുന്നു. കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഉയർന്ന മൂല്യമുള്ള ടോയ്‌ലറ്റാണ് മോഷണം പോയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജെസ് മിൽനെ പറഞ്ഞു. “ കുറ്റകൃത്യ സമയത്ത് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും കുറ്റവാളികൾ ഉപയോഗിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കലാസൃഷ്‌ടി ഇപ്പോൾ വീണ്ടെടുത്തിട്ടില്ല, എന്നാൽ ഇത് കണ്ടെത്താനും കുറ്റം ചെയ്തവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനുമായി ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന്റെ ഭാഗമായി അടച്ച കൊട്ടാരം ഇന്ന് തുറക്കും.

Copyright © . All rights reserved