Main News

സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു.

ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താന്‍ വ്യത്യസ്തമായ മാര്‍ഗ്ഗം ആവിഷ്‌കരിച്ച് വാട്ടര്‍ കമ്പനി. പൈപ്പുകള്‍ ചോരുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുകയാണ് സെവേണ്‍ ട്രെന്റ് എന്ന കമ്പനി. ഇത് വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 50 റിപ്പോര്‍ട്ടുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയെന്ന് കമ്പനി അറിയിച്ചു. വിര്‍ച്വല്‍ ഫീല്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി വീഡിയോ എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം 400 മില്യന്‍ ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കുമെന്നാണ് കമ്പനി പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ തകരാറുകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധരെ അയക്കുന്നതിനു പകരം ടാക്‌സി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതില്‍ കമ്പനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വാട്ടര്‍ എന്‍ജിനീയര്‍മാര്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റുകളാണെന്നും വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണോയെന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും യൂണിയന്‍ നേതാവായ സ്റ്റുവര്‍ട്ട് ഫേഗാന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്ക് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്ക് സാധിച്ചെന്നു വരില്ല. അതിനാല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ ഹൈവേകളില്‍ അനാവശ്യമായി കുഴികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചോര്‍ച്ച കണ്ടെത്താന്‍ സെവേണ്‍ ട്രെന്റ് ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തമാശായായിരിക്കും എന്നാണ് കരുതിയതെന്നും ഫേഗാന്‍ പറഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിഷയമായതിനാല്‍ ആരും ഈ തമാശ കേട്ട് ചിരിക്കുന്നില്ല. സെവേണ്‍ ട്രെന്റ് വിവേകത്തോടെ പെരുമാറണമെന്നും പ്രോഗ്രാം അടിയന്തരമായി റദ്ദാക്കണമെന്നും ജിഎംബി ദേശീയ നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഈ പദ്ധതിയെ ഊബര്‍ ലീക്ക്‌സ് എന്നാണ് ജീവനക്കാര്‍ തന്നെ പരിഹസിക്കുന്നത്.

ലണ്ടൻ: സാമ്പത്തികവും സാമൂഹികവുമായ കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി സുരക്ഷിതരാക്കിയതില്‍ വിദേശത്തു ജോലിയും സംരംഭങ്ങളും വിജയിപ്പിച്ചവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വപനമായി വിദേശ തൊഴിലും , വിദേശപഠനവും മാറിയിരിക്കുകയാണ്. വിദേശത്ത് ഉന്നത പഠനം, അവിടെ തന്നെ ഉയര്‍ന്ന ജോലി എന്നിവ സ്വപ്നം കണ്ടുതുടങ്ങുന്നവര്‍ IELTS, OET ടെസ്റ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

International English Language Testing System എന്ന IELTS ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ മേഖലയില്‍ ജോലിചെയ്യാനാഗ്രഹിക്കുന്നവര്‍, സ്റ്റുഡന്‍സ്, എന്‍ജിനിയര്‍മാര്‍ , ടീച്ചര്‍മാര്‍, അക്കൗണ്ടന്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങി പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം IELTS വേണം. എന്നാല്‍ OET അഥവാ ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് എന്നത് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പരീക്ഷയാണ്. ആരോഗ്യ മേഖലയിലെ 12 പ്രൊഫഷണലുകള്‍ക്ക് OET ടെസ്റ്റിന് അപേക്ഷിക്കാവുന്നതാണ്. ഡയറ്റിക്‌സ് , മെഡിസിന്‍ , നഴ്‌സിംഗ് , ഒക്കുപേഷണല്‍ തെറാപ്പി, ഒപ്‌റ്റോ മെട്രി , ഫര്‍മസി , ഡെന്റിസ്ട്രി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോളജി , സ്പീച് പാത്തോളജി , വെറ്റിനറി സയന്‍സ് എന്നിവയാണ്.

ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവർ നിർബന്ധമായും അവര്‍ നിഷ്‌ക്കര്‍ഷിക്കുന്ന പരീക്ഷ (IELTS , OET) എഴുതി നിശ്ചിത സ്കോർ അഥവാ ഗ്രേഡ് നേടിയിരിക്കണം. ഒരാളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള നാല് കഴിവുകളെയാണ് IELTS ലും OET യിലും വിലയിരുത്തുന്നത്. (Writing, Speaking Listening , Reading) ചെറിയ ചില കാര്യങ്ങളിലെ അറിവില്ലായിമയാണ് IELTS ലും OET യിലും സ്കോർ കുറയുന്നതിനോ പരാജയപ്പെടുന്നതിനോ കാരണമായി തീരുന്നത്. അവ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും.

എന്നാൽ IELTS, OET എന്നിവയെ കുറിച്ച് നാട്ടിൽ ഉള്ള പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഇത് വിദേശ സ്വപ്നത്തിന് തടസമാവുകയും ചെയ്യുന്നു. ഇത് നാട്ടിൽ എങ്കിൽ ഇത്തരം കടമ്പകൾ വരുന്നതിന് മുൻപേ യുകെയിൽ എത്തിച്ചേർന്ന ഒരുപാട് നേഴ്‌സുമാർ കെയറർ ജോലി ചെയ്‌ത്‌ പോരുന്നു. യുകെയിലുള്ള പല സ്ഥാപനങ്ങളിലും പഠിച്ചു എഴുതിയിട്ടും IELTS കിട്ടാതെ വിഷമിക്കുന്നവർ ധാരാളം. അങ്ങനെയുള്ളവർക്കാണ് ഇപ്പോൾ നല്ലൊരവസരം വന്നുചേർന്നിരിക്കുന്നത്.  IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫിന്റെ നേതൃത്വത്തില്‍ ഈ രംഗത്തെ പ്രഫഷണലുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങൾക്കായി എടുക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിഗത പാഠ്യശൈലികള്‍ കൊണ്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ നല്ല സ്‌കോര്‍ കരസ്ഥമാക്കി വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എഫക്ടീവ് ക്ലാസ് നല്‍കുന്നു.

Writing, Speaking score കിട്ടാത്തവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. Listening, reading എന്നിവയിൽ ഏറ്റവും പുതിയ study meterials IELTS, OET യിലും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഇവിടെ നിങ്ങളുടെ സമയത്തിന് അനുസരിച്ചു ക്ലാസുകൾ എടുക്കുന്നു എന്നുള്ളതാണ്.

ഓൺലൈൻ ട്യൂഷന്റെ ഹൈലൈറ്റുകൾ

*ഓരോ ദിവസവും 2 Letters (OET)ഉം ഒരു writing task 1 x 2 Discuss ചെയ്യുന്നു.

* Corrections, Answers കൊടുക്കുന്നു. ഒരോ ദിവസവും Role play/ ഒരു സ്പീക്കിംഗ് സെക്ഷന്‍

* Grammar Excise

*Affordable fee structure

*ഉദ്യോഗാര്‍ത്ഥിക്ക് സമയക്രമം തീരുമാനിക്കാവുന്നതാണ്.

* Free one day Orientation

* 24 മണിക്കൂറും ക്ലാസ്

* No shortcut for success need your dedication and cooperation

*Feel the difference by attending a few classes

IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന RB Academy Ltd. ന്റെ കീഴില്‍ മാര്‍ച്ച് പകുതിയോട് കൂടി ക്ലാസുകള്‍ ആരംഭിക്കുന്നു. Writing, Speaking സ്‌കോര്‍ കിട്ടാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ലെസ്റ്ററിലാണ് രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള Intensive and extensive regular ക്ലാസുകള്‍ തുടങ്ങുന്നത്. ശനിയാഴ്ച്ചകളില്‍ ലണ്ടനിലും ക്ലാസുകള്‍ എടുക്കുന്നു.

അതോടൊപ്പം തന്നെ സ്റ്റോക്ക് ഓൺ ട്രെൻഡ്, നോട്ടിങ്ഹാം, പോർട്സ്മൗത്, ഡെർബി, ലെസ്റ്റർ എന്നീ സ്ഥലങ്ങളിൽ സെമിനാറുകൾ നടത്തുന്ന തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർ  ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:
RB Academy Ltd, UK 07 533 523 500, 07400712345 നമ്പറില്‍ ബന്ധപ്പെടുക.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ താന്‍ മുന്നോട്ടു വെച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രിട്ടന്‍ ഒരിക്കലും യൂറോപ്യന്‍ യൂണിയന്‍ വിടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ഉടമ്പടിക്ക് ജനാധിപത്യപരമായും സാമ്പത്തികമായുമുള്ള കാരണങ്ങളാല്‍ പിന്തുണ നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് തെരേസ മേയ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉടമ്പടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിനായി ബ്രസല്‍സിന്റെ പിന്തുണ തേടിയിരിക്കുകയായിരുന്നു മേയ്. ഗ്രിംസ്ബിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് തന്റെ ഉടമ്പടിയെ പിന്തുണയ്ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചത്.

പിന്തുണച്ചാല്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരും. ഡീല്‍ തള്ളിയാല്‍ എന്തുണ്ടാകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. മാസങ്ങളോളം യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ തുടര്‍ന്നേക്കാം, അല്ലെങ്കില്‍ ഉടമ്പടി നല്‍കുന്ന സംരക്ഷണമില്ലാതെ പുറത്തു പോയേക്കാം, അതുമല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒരിക്കലും പുറത്തു പോകാതെയുമിരിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മുമ്പുണ്ടായിരുന്ന ആശയഭിന്നതകള്‍ മറന്ന് എല്ലാവരും ബ്രെക്‌സിറ്റ് നടപ്പാകണമെന്ന ആഗ്രഹം പങ്കുവെക്കുന്നവരായി മാറിയിരിക്കുകയാണ്. യൂറോപ്പിനു പുറത്ത് ഭാവിയില്‍ വിജയമുണ്ടാകാന്‍ നാം ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പാര്‍ലമെന്റ് വോട്ടില്‍ വലിയ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് യൂറോപ്യന്‍ നേതാക്കളോടുള്ള അഭ്യര്‍ത്ഥനയെന്ന നിലയില്‍ അവര്‍ പറഞ്ഞു. ഇപ്പോഴാണ് നമുക്ക് പ്രവര്‍ത്തിക്കാനുള്ള സമയം. കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ധാരണയ്ക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിച്ചു. യൂറോപ്പില്‍ നിന്ന് ശരിയായ വിധത്തില്‍ പുറത്തു പോകാനും ഭാവിയില്‍ മികച്ച ബന്ധം തുടരാനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഈ ധാരണയെന്നും യൂറോപ്യന്‍ നേതാക്കളെ ലക്ഷ്യമിട്ട് അവര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി.

പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി.

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .

ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാപ്പിഴവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരമായി ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കണ്ടെത്തിയ ഈ പിഴവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ക്രോമിലെ ഫയല്‍റീഡര്‍ എന്ന ഭാഗത്തെയാണ് ബഗ് ബാധിച്ചിരിക്കുന്നത്. യൂസര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇത്. ബഗ്ഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല. ഗൂഗിള്‍ ഇത് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ക്രോം ബ്രൗസറുകള്‍ ഏറെ നേരം ആക്രമണത്തിന് വിധേയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബഗ്ഗിന് പരിഹാരം കണ്ടെത്താനും അവ പരിഹരിക്കാനുമെടുത്ത സമയത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വളരെപ്പെട്ടെന്നു തന്ന് ക്രോം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ ജസ്റ്റിന്‍ ഷൂ ട്വിറ്റര്‍ സന്ദേശത്തില്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. വളരെ ഗുരുതരമായ ഒരു ബഗ്ഗാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കണ്ടെത്തിയ ബഗ്ഗുകള്‍ ബ്രൗസറുമായി ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകളെയായിരുന്നു ആക്രമിച്ചിരുന്നത്. പുതിയ ബഗ് ക്രോം കോഡിനെ നേരിട്ട് ആക്രമിക്കുകയാണ്. അതിനാല്‍ അപ്‌ഡേറ്റ് ചെയ്ത് ബഗ് ഫിക്‌സ് ചെയ്തതിനു ശേഷം ബ്രൗസര്‍ മാനുവല്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രകാരം ചെയ്യുന്നത് എക്‌സ്‌പ്ലോയിറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കും. ക്രോം വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബ്രൗസറിന്റെ മെനു ബാറിലെ ഹെല്‍പ് ഓപ്ഷന്‍ വഴിയും എബൗട്ട് ഗൂഗിള്‍ ക്രോം ഓപ്ഷന്‍ വഴിയും സാധിക്കും.

ന്യൂസ് ഡെസ്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌

യുകെയിലെ മലയാളി അസോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള ഇലക്ഷൻ നാളെ നടക്കും. പ്രവാസി മലയാളികളുടെ ഇടയിൽ കലാ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന യുക്മ, രൂപീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംഘടനയുടെ നാഷണൽ കമ്മിറ്റിയിലെ എട്ട് സ്ഥാനങ്ങൾക്കായി 16 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. നിലവിലെ യുക്മ ജനറൽ സെക്രട്ടറിയായ റോജിമോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പാനലും ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായ മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പാനലും എല്ലാ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാർത്ഥികളുമായി ശക്തമായ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ശനിയാഴ്ച ബിർമ്മിങ്ങാമിലെ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ വച്ച് നടക്കുന്ന യുക്മ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. യുക്മയിൽ അംഗത്വമുള്ള യുകെയിലെമ്പാടുമുള്ള നൂറിലേറെ അസോസിയേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികൾ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുക്കും.

മനോജ് പിള്ള നേതൃത്വം നല്കുന്ന പാനലിൽ അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, സാജൻ സത്യൻ, ജയകുമാർ നായർ, ലിറ്റി ജിജോ, സെലിനാ സജീവ്, ടിറ്റോ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. 

റോജിമോൻ വറുഗീസ് നയിക്കുന്ന പാനലിൽ ലോറൻസ് പെല്ലിശ്ശേരി, ഡോ. ശീതൾ ജോർജ്, ഓസ്റ്റിൻ അഗസ്റ്റിൻ, കിരൺ സോളമൻ, രശ്മി മനോജ്, അനീഷ് ജോൺ, അജിത് വെൺമണി എന്നിവരാണ് മത്സര രംഗത്തുള്ളത്.

1. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1. റോജിമോൻ വറുഗീസ്

യുക്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടു വർഷക്കാലം റോജിമോൻ വറുഗീസ് നടത്തിയത്. യുകെയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് യുക്മ നടത്തിയ വിവിധ ഇവന്റുകളെ വിജയത്തിൽ റോജിമോന്റെ സംഘടനാ പാടവവും അക്ഷീണ പരിശ്രമവും നിർണ്ണായക പങ്ക്  വഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യങ്ങൾ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് റോജിമോൻ കാഴ്ചവച്ചത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലും റോജിമോൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹോർഷാം റിഥം മലയാളി അസോസിയേഷൻ അംഗമാണ്. നഴ്സിംഗ് പ്രഫഷനിലെ തന്റെ പരിചയസമ്പത്തും സാമൂഹിക സേവന മനോഭാവവും സംഘടനാ പ്രവർത്തന രംഗത്ത് ലക്ഷ്യബോധത്തോടെ മുന്നേറാൻ റോജിമോന് പ്രചോദനമാണ്. നിമിഷാ റോജിയാണ് ഭാര്യ. രണ്ടു മക്കൾ ആഷ് വിൻ, ആർച്ചി.

2.മനോജ് പിള്ള

സംഘടനാ പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായാണ് മനോജ് പിള്ള യുക്മയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തന്റെ പാനലിനെ നയിക്കുന്നത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ ആദ്യ സെക്രട്ടറിയായിരുന്നു മനോജ്. ഇപ്പോൾ യുക്മ സാംസ്കാരിക വേദിയുടെ കൺവീനറാണ്. നിലവിൽ ഡോർസെറ്റ് കേരള  കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും മനോജ് പിള്ള വഹിക്കുന്നുണ്ട്. സാമൂഹിക കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ കമ്യൂണിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മനോജ് പിള്ള നേതൃത്വം നല്കിയിട്ടുണ്ട്.  ഭാര്യ ജലജ മനോജ്. മക്കൾ ജോഷിക, ആഷിക, ധനുഷ്.

2.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.എബി സെബാസ്റ്റ്യൻ

യുകെ മലയാളികൾക്കിടയിൽ  ചിരപരിചിതനായ എബി സെബാസ്റ്റ്യൻ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബി സെബാസ്റ്റ്യൻ കുറവിലങ്ങാട് ദേവമാതാ കോളജിലും  മഹാരാജാസ്  ലോ കോളജിലും യൂണിയൻ മെമ്പറായിരുന്നു.  എം.ജി യൂണിവേഴ്സിറ്റിയുടെ  സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ എബി സെബാസ്റ്റ്യൻ  യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ യുക്മ ബോട്ട് റേസ് ഓൾഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു. യുകെയിലെ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ എന്നും സജീവ സാന്നിദ്ധ്യമാണ് എബി സെബാസ്റ്റ്യൻ. ഭാര്യ റിനറ്റ് എബി.

2.ലോറൻസ് പെല്ലിശ്ശേരി

ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ മികച്ച സംഘാടകനാണ് ലോറൻസ് പെല്ലിശേരി. നിലവിൽ ജി.എം.എയുടെ ചാരിറ്റി കോർഡിനേറ്റർ ആണ്. സംഘടനയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  കേരള ഫ്ളഡ് റിലീഫുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിൽ വളരെ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകളുടെ നിർമ്മാണം ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ പൂർത്തിയായി വരുന്നു. കേരളത്തിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ചാരിറ്റി, ഓർഗൻ ഡൊണേഷൻ എന്നിവയും ലോറൻസ് പെല്ലിശ്ശേരിയുടെ പ്രവർത്തന മേഖലകളാണ്. ബിൽജി പെല്ലിശേരിയാണ് ഭാര്യ. മക്കൾ പോൾ, മാത്യു

3.വൈസ് പ്രസിഡന്റ് (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.ഡോ. ശീതൾ ജോർജ്

അർപ്പണ മനോഭാവത്തോടെ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ്. യുക്മയുടെ കഴിഞ്ഞ നാഷണൽ കലാമേളയിൽ മിന്നിത്തിളങ്ങിയ കലാകാരന്മാരെയും കലാകാരികളെയും സ്റ്റേജിലെത്തിക്കാൻ പിന്നണിയിൽ അക്ഷീണം പരിശ്രമിച്ച ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസോസിയേഷനെ കലാമേളയുടെ നാഷണൽ ചാമ്പ്യൻ പദവിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം നടത്തുന്ന ജ്വാലയുടെ പ്രവർത്തനങ്ങളിലും കേരള ഫ്ളഡ് റിലീഫിനു വേണ്ടി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ഡോ. ശീതൾ സജീവമായിരുന്നു.  അസോസിയേഷനെ ആക്ടീവായി നിലനിർത്തുന്നതിൽ ഡോ. ശീതൾ പ്രധാന പങ്കുവഹിക്കുന്നു. യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതും കഴിവുകൾ വളർത്തിയെടുക്കുവാൻ സഹായകരവുമായ നിരവധി കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് ഡോ. ശീതൾ നേതൃത്വം നല്കുന്നുണ്ട്.  ലണ്ടൻ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടൻസിയുടെ ഡയറക്ടറായും നിലവിൽ പ്രവർത്തിക്കുന്നു.  ജിബി ജോർജാണ് ഭർത്താവ്. മക്കൾ ദിയാ, ആദിത്ത്.

2.ലിറ്റി ജിജോ

ബിർമ്മിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലിറ്റി ജിജോ. കുട്ടികളെ വിവിധ ഇവന്റുകൾക്കായി ഒരുക്കുന്നതിനായി എന്നും അത്യദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ലിറ്റി. കലാ സംസ്കാരിക രംഗത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി സ്റ്റേജുകളിലും ഇവന്റുകളിലും വിവിധ ഡാൻസ് ഇനങ്ങളിൽ ടീമിനെ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതു തലമുറയുടെ കഴിവുകൾ വളർത്തിയെടുക്കാൻ എന്നും  മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് ലിറ്റി ജിജോ. ജിജോ ഉതുപ്പാണ് ഭർത്താവ്. മക്കൾ സേറ, റെബേക്ക.

4.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അലക്സ് വർഗീസ്

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റാണ് അലക്സ് വർഗീസ്. യുക്മയുടെ ട്രഷററാണ് നിലവിൽ. യുക്മയുടെ ജോയിന്റ് സെക്രട്ടറി, ജോയിൻറ് ട്രഷറർ, പി ആർഒ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്ത് അലക്സ് വർഗീസിനുണ്ട്. യുക്മ നടത്തിയ എല്ലാ ഇവന്റുകളുടെയും വിജയത്തിനായി അലക്സ് വർഗീസ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഭാര്യ ബെറ്റിമോൾ അലക്സ്. മക്കൾ അനേഘ, അഭിഷേക്, ഏഡ്രിയേൽ.

2.ഓസ്റ്റിൻ അഗസ്റ്റിൻ

ബെഡ് ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായ ഓസ്റ്റിൻ അഗസ്റ്റിൽ നിലവിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. യുക്മ കലാമേള, ബോട്ട് റേസ് അടക്കമുള്ള സംഘടിപ്പിക്കുന്നതിൽ യുക്മ ടീമിനോടൊപ്പം പ്രധാന പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ പക്വതയോടെ മികവാർന്ന പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ഓസ്റ്റിൻ അഗസ്റ്റിൻ. ദീപ അഗസ്റ്റിനാണ് ഭാര്യ. മക്കൾ ഫെലിക്സ്, ഫെലീസിയ.

5.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സാജൻ സത്യൻ

വെസ്റ്റ് യോർക്ക് ഷയർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സാജൻ സത്യൻ നിലവിൽ പ്രവർത്തിച്ചു വരുന്നു. അസോസിയേഷനെ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ മുഖ്യ പങ്കാണ് സാജൻ വഹിക്കുന്നത്.  കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അസോസിയേഷന്റെ യുക്മ പ്രതിനിധിയായി മുൻ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ മുതൽ  തന്നെ സാജൻ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. അനൂപ സാജനാണ് ഭാര്യ. മക്കൾ മിലൻ, മിയാ.

2.കിരൺ സോളമൻ

ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് കിരൺ സോളമൻ. അസോസിയേഷനിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള കിരൺ കഴിഞ്ഞ ടേമിൽ യുക്മയുടെ യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയണിന്റെ പ്രസിഡന്റായിരുന്നു. യുക്മയുടെ നാഷണൽ കലാമേളയ്ക്ക് ഷെഫീൽഡിൽ ആതിഥ്യമരുളാനും യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയനെ നാഷണൽ ചാമ്പ്യൻ പട്ടത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അക്ഷീണം പരിശ്രമിച്ച ടീമിന്റെ അമരക്കാരനായിരുന്നു കിരൺ സോളമൻ. ഭാര്യ ഷെബാ. മക്കൾ  സഞ്ജയ്, ടാനിയ.

6.ജോയിന്റ് സെക്രട്ടറി (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സെലീന സജീവ്

എഡ്മണ്ടൻ മലയാളി അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് സെലീന സജീവ്. യുക്മയുടെ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം ബിസിഎം കോളജിലെ ക്രിക്കറ്റ്, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അസോസിയേഷന്റെ യുക്മ പ്രതിനിധിയാണ്.കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സെലീന സജീവ്. സജീവ് തോമസാണ് ഭർത്താവ്. മക്കൾ ശ്രേയ, ടോണി.

2.രശ്മി മനോജ്

ഗോസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമാണ് രശ്മി മനോജ്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ബ്രിട്ടീഷ് റെഡ്ക്രോസ്, സാൽവേഷൻ ആർമി തുടങ്ങിയ ചാരിറ്റികൾക്കു വേണ്ടിയും കേരള ഫ്ളഡ് റിലീഫിനായി ജി.എം.എ സംഘടിപ്പിച്ച ഫണ്ട് റെയിസിങ്ങിനായും അക്ഷീണം പരിശ്രമിച്ച രശ്മി മനോജ് വിവിധ ഇവൻറുകൾ വൻ വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫാഷൻ ഡ്രസ് ഡിസൈൻ, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മനോജ് ജേക്കബാണ് ഭർത്താവ്. മക്കൾ സിയൻ, ജേക്കബ്.

7.ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അനീഷ് ജോൺ

മിഡ്‌ ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തി ച്ചിട്ടുള്ള അനീഷ് ജോൺ യുക്മ രൂപീകരണ യോഗം മുതൽ യുക്മയുമായി ബന്ധപ്പെട്ട്‌ രംഗത്ത് കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. എൽ.കെ.സി സ്കൂളിന്റെ നടത്തിപ്പിൽ മുഖ്യപങ്കുവഹിച്ച അനീഷ് ഒരു നല്ല ഗായകനും കലാസ്വാദകനുമാണ്. യുക്മയുടെ മിഡ്ലാൻസ് റീജിയന്റെ സ്പോർട്സ് കോർഡിനേറ്ററായും കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ അനു സാറാ അനിഷ്. മക്കൾ ആൽവിൻ, അനൈഡാ, അലൈനാ.

2.ജയകുമാർ നായർ

വെനസ് ഫീൽഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ജയകുമാർ നായർ. യുക്മ മിഡ്ലാൻഡ്സ് റീജിയണിന്റെ പ്രസിഡന്റായും നഴ്സസ് ഫോറത്തിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുക്മയുടെ ജോയിന്റ് ട്രഷറർ ആണ്. കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയകുമാർ നായർ. ഭാര്യ ഷീജ ജയകുമാർ. മക്കൾ ആനന്ദ്, ആദിത്യ.

8.ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അജിത്ത് വെൺമണി

കെന്റ് സഹൃദയയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അജിത്ത് വെൺമണി പ്രവർത്തിച്ചിട്ടുണ്ട്. യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയമുണ്ട്. കേരളത്തിൽ സ്കൂൾ കോളജ് തലം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജിത്ത് വെൺമണി പഞ്ചായത്ത് മെമ്പർ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ സ്വർണ അജിത്കുമാർ. മക്കൾ അർജുൻ, ആരാധ്യ.

2.ടിറ്റോ തോമസ്

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ മുൻ പ്രസിഡനും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ടിറ്റോ തോമസ് യുക്മ നാഷണൽ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തുള്ള ടിറ്റോ തോമസ് യുക്മയുടെ ടൂറിസം വിഭാഗത്തിന്റെ കോർഡിനേറ്റർ ആണ്.  ഭാര്യ ടെസി ടിറ്റോ. മക്കൾ ജിതിൻ, ജിസ് മരിയ.

 

ഈ മാസം അവസാനത്തോടെ സംഭവിക്കുന്നത് നോ ഡീല്‍ ബ്രെക്‌സിറ്റാണെങ്കില്‍ 3.5 മില്യന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പ് യാത്ര വിലക്കപ്പെടും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി പാസ്‌പോര്‍ട്ടുകള്‍ പുതുക്കാനുള്ള അവസരം ഇന്നു കൂടി മാത്രമേ ലഭിക്കൂ എന്ന് റിപ്പോര്‍ട്ട്. ഉപാധികളില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടു പോയാല്‍ യൂറോപ്പിലെത്തുന്ന ബ്രിട്ടീഷ് യാത്രികര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ളതാകണം. അല്ലാത്തവരുടെ യാത്ര നിഷേധിക്കപ്പെടുകയോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് തിരികെ അയക്കപ്പെടുകയോ ചെയ്യാം. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇത് സംഭവിക്കാം.

ഷെങ്കന്‍ നിയമങ്ങള്‍ അനുസരിച്ച് യാത്ര തുടങ്ങുന്ന ദിവസം മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. ഈ പ്രശ്‌നം 2 മില്യന്‍ ബ്രിട്ടീഷുകാരെ നേരിട്ട് ബാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? പറയുന്നു. എന്നാല്‍ 15 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ള 1.5 മില്യന്‍ ആളുകളെക്കൂടി ഈ പ്രശ്‌നം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് 3.5 ദശലക്ഷം ആളുകള്‍ക്ക് മാര്‍ച്ച് 29നുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കേണ്ടി വരുമെന്ന് കണക്കാക്കിയത്. ഇതനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്.

യാത്ര മുടങ്ങുമോ എന്ന ആശങ്കയില്‍ ആപ്ലിക്കേഷനുകളുമായി ആളുകള്‍ തള്ളിക്കയറാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ്. അടുത്തിടെ വരെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പായി അവ പുതുക്കിയ ആളുകള്‍ക്ക് ശേഷിച്ചിരുന്ന കാലാവധിയിലെ 9 മാസം കൂടി പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ കാലാവധിയില്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ പാസ്‌പോര്‍ട്ടില്‍ ബാക്കിയുള്ള കാലാവധി ചേര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും.

യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.

Copyright © . All rights reserved