ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കഴിഞ്ഞ ശനിയാഴ്ച ലങ്കാസ്റ്ററിനു സമീപം ബ്രിട്ടനിലെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർവേയായ എം 6ൽ ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് തികച്ചും ഉദാസീനമായ രീതിയിൽ പ്രവർത്തിച്ച ഡ്രൈവർമാരെ ശക്തമായി വിമർശിച്ചിരിക്കുകയാണ് പോലീസ്. തങ്ങളുടെ കാർ റോഡിൽ ഉപേക്ഷിച്ച് മറ്റു പലയിടങ്ങളിലേക്കും നടക്കുകയും, കുട്ടികളെ കാറിൽ നിന്ന് പുറത്തിറക്കി റോഡിൽ ഫുട്ബോൾ കളിക്കാൻ അനുവദിക്കുകയും മറ്റും ചെയ്ത സമീപനം തികച്ചും സാഹചര്യത്തെ വഷളാക്കുകയാണ് ചെയ്തതെന്ന് പോലീസ് കുറ്റപ്പെടുത്തി. ലങ്കാസ്റ്ററിനു സമീപമുള്ള ഒരു പാലത്തിൽ മാനസിക വൈകല്യമുള്ള ഒരാൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് മോട്ടോർവേയിലേ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്.
എന്നാൽ മിനിറ്റുകൾക്കകം തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് കാണുവാനായി ആളുകൾ കാറിൽ നിന്ന് പുറത്തിറങ്ങിയതായി പോലീസ് വ്യക്തമാക്കി. മറ്റുചിലർ കാറുകൾ വഴിയിൽ ഉപേക്ഷിച്ച് സർവീസ് സ്റ്റേഷനിലും മറ്റും പോകുകയും ചെയ്തു. മോട്ടോർവേ വേഗത്തിൽ വീണ്ടും തുറന്നെങ്കിലും, ആളുകളുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പെരുമാറ്റം മൂലം കൂടുതൽ കാലതാമസം ഉണ്ടാവുകയാണ് ചെയ്തതെന്ന് ലങ്കാഷയർ പോലീസ് പറഞ്ഞു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ, ഇത്തരത്തിൽ കാറുകൾ ഉപേക്ഷിക്കപ്പെട്ടത് മൂലം വീണ്ടും ഗതാഗതക്കുരുക്ക് കൂടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രശ്നമുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആളെ പോലീസ് അതിനകം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.
പോലീസ് ഓഫീസർമാർ സാഹചര്യ സ്ഥലത്തേക്ക് എത്തുന്നതു പോലും ആളുകളുടെ നിരുത്തരവാദപരമായ ഇത്തരത്തിലുള്ള പെരുമാറ്റം മൂലം തടസ്സപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള പെരുമാറ്റം തികച്ചും സാധാരണമാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും, എന്നാൽ അങ്ങനെയല്ലെന്നും, ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. പോലീസിന്റെ നിർദ്ദേശം അനുസരിച്ച് കാറുകളിൽ തന്നെ തുടർന്നാൽ സാഹചര്യം കൂടുതൽ വേഗത്തിൽ നേരെയാക്കാൻ സാധിക്കുമെന്നും പോലീസ് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ പെരുമാറുന്നവർക്കായുള്ള ഒരു മുന്നറിയിപ്പായാണ് പോലീസ് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
സ്വാൻസീയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 41 വയസ്സ് പ്രായമുള്ള കരോലിന സുറവ്‌സ്കവാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. അലക്‌സാണ്ടർ സുറവ്‌സ്‌കി എന്ന ആൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അവൾക്കെതിരെ കുറ്റം ചുമത്തിയതായി സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.
നേരത്തെ 67 വയസ്സുകാരനായ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ തിങ്കളാഴ്ച സ്വാൻസീ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് സേന അറിയിച്ചു. കരോലിന സുറവ്‌സ്‌കയും അലക്‌സാണ്ടറും ഒരുമിച്ച് താമസിച്ചിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. ഈ കൊലപാതകം പ്രാദേശിക സമൂഹത്തിന് കടുത്ത ഞെട്ടൽ ഉളവാക്കിയ സംഭവമായിരുന്നുവെന്ന് സ്വാൻസീ, നീത്ത് പോർട്ട് ടാൽബോട്ട് എന്നിവയുടെ ഡിവിഷണൽ കമാൻഡറായ സിഎച്ച് സുപ്റ്റ് ക്രിസ് ട്രസ്‌കോട്ട് പറഞ്ഞു. ഈ പ്രദേശത്തെ വരും ദിവസങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാൻസീയിലെ വെസ്റ്റ് ക്രോസിലെ വൈറ്റ്‌സ്റ്റോൺ പ്രൈമറി സ്‌കൂളിലാണ് അലക്സാണ്ടർ പഠിച്ചത്. തൻറെ സമപ്രായക്കാരായ കുട്ടികൾ അവന് വളരെ പ്രിയപ്പെട്ടവരായിരുന്നുവെന്ന് കുട്ടി പഠിച്ച സ്കൂളിലെ ഹെഡ്ടീച്ചർ ബെതാൻ പീറ്റേഴ്‌സൺ പറഞ്ഞു.
ഗാർഹിക പീഡനവും കൊലപാതകങ്ങളും ഇംഗ്ലണ്ടിൽ വർദ്ധിച്ചു വരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സറേയിലെ ഒരു ഭവനത്തിൽ പിതാവിനെയും മൂന്ന് ആൺകുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. . മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ആരോഗ്യരംഗത്ത് എന്താണ് കാതലായ പ്രശ്നം? കാത്തിരിപ്പു സമയം കൂടുന്നതാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ നിലവിൽ പല രോഗികൾക്കും തങ്ങളുടെ ജിപിമാരുമായി ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായി ചർച്ച ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പല രോഗികളുടെയും പല രോഗങ്ങളും മനസ്സിലാകാതിരിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുന്നതിന് ജിപിമാർക്ക് കഴിയാതെയും വരുന്നു . ഇത് ഫലത്തിൽ ആളുകളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ചിൽ രണ്ട് രോഗികളും അവരുടെ ആരോഗ്യത്തെ കുറിച്ച് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താതെ ജി പി അപ്പോയിന്മെന്റുകൾ അവസാനിപ്പിക്കുന്നതായാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു രോഗിയുടെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നതിന് പകരം എത്രയും പെട്ടെന്ന് അവരെ പറഞ്ഞു വിടാനാണ് കൂടുതൽ ഡോക്ടർമാർ ശ്രമിക്കുന്നത് എന്നാണ് സർവേയിലൂടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഭിപ്രായ സർവേ നടത്തുന്ന സ്ഥാപനമായ ഇപ്സോസ് ആണ് യുകെയിലെ ആരോഗ്യപരിപാലന മേഖലയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്ന സൂചന നൽകുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
ഇംഗ്ലണ്ടിൽ 72 ശതമാനം ആളുകളും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഒരു ഫാമിലി ഡോക്ടറുമായി കൂടിയാലോചന നടത്താൻ ആഗ്രഹിക്കുന്നുവെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ അഞ്ചിൽ ഒരാൾ 20 മിനിറ്റെങ്കിലും തങ്ങൾക്ക് ഡോക്ടറുമായി രോഗവിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആഗ്രഹമുള്ളവരാണ്. ഇപ്സോസിസ് പങ്കുവെച്ച ആശങ്ക തങ്ങൾക്കും ഉണ്ടെന്ന് റോയൽ കോളേജ് ഓഫ് ജിപിമാരുടെ ചെയർ പ്രൊഫ കമില ഹത്തോൺ പറഞ്ഞു. കൺസൾട്ടേഷനുകളിൽ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്, പ്രത്യേകിച്ച് ഒരു രോഗിക്ക് സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കടുത്ത ജോലി ഭാരമാണ് തങ്ങളുടെ അടുത്ത് വരുന്ന ആൾക്കാരെ മുഴുവനായി കേൾക്കാൻ സാധിക്കാത്തതിന് ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് . ജി പി മാരുടെ അടുത്ത് നിന്ന് ശരിയായ സേവനം രോഗികൾക്ക് ലഭിക്കണം. ഗുരുതരമായ രോഗങ്ങൾ പ്രാരംഭ ദശയിൽ കണ്ടെത്താനാകത്തത് നിലവിലെ ആരോഗ്യസംവിധാനത്തിന്റെ പോരായ്മയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ . സറേയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെയും അവരുടെ പിതാവിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരത്തിൽ ഒരു വീട്ടിൽ മുതിർന്നയാളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി മാത്രമെ അറിയിച്ചിരുന്നുള്ളൂ. എന്നാൽ ഞെട്ടിക്കുന്ന സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി.
പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . മൂന്ന് കുട്ടികളുടെയും മരിച്ച പിതാവിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള
ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സമഗ്രമായി അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിസിഐ ഗാരെത് ഹിക്‌സ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നത് ഇപ്പോൾ തുറന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാൻഡഡ് സ്കൂൾ യൂണിഫോമുകൾക്ക് രക്ഷിതാക്കൾ ഇരട്ടിയിലധികം വില നൽകുന്നതായുള്ള റിപ്പോർട്ട് പുറത്ത് വിട്ട് ഒബ്സെർവേർ. അതേസമയം സൂപ്പർമാർക്കറ്റുകളിലും ഹൈ-സ്ട്രീറ്റ് സ്റ്റോറുകളിലും സമാന യൂണിഫോമുകൾ താരതമ്യേന വിലക്കുറവിൽ ലഭ്യമാകുന്നുണ്ട്. ഇത്തരത്തിലുള്ള ചെലവുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഔദ്യോഗിക ലോഗോകളുള്ള യൂണിഫോം ഉള്ള സ്റ്റേറ്റ് സ്കൂളുകൾ രക്ഷിതാക്കളിൽ നിന്ന് ബ്രാൻഡഡ് അല്ലാത്ത യൂണിഫോമുകളേക്കാൾ ഇരട്ടി തുക വാങ്ങുന്നതായാണ് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.
സ്കൂളുകൾക്ക് ആവശ്യമായ ബ്രാൻഡഡ് യൂണിഫോം, പിഇ കിറ്റ് എന്നിവയുടെ എണ്ണം പരിമിതപ്പെടുത്തി സ്കൂൾ ചെലവ് കുറയ്ക്കുമെന്ന് ലേബർ പാർട്ടി നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നു. സ്‌കൂൾ യൂണിഫോമുകളുടെ ചിലവ് ചുരുക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ എടുത്തിട്ടുണ്ടെന്ന് സ്കൂൾ വസ്ത്ര വ്യവസായത്തിലെ ജീവനക്കാർ പറയുന്നു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഈ സമയം ബ്രാൻഡഡ് ഇനങ്ങളുടെ ചിലവ് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.
എം&എസ്, അസ്ദ എന്നിവിടങ്ങളിൽ നിന്ന് ബ്രാൻഡ് ചെയ്യാത്ത ബ്ലേസറുകൾക്ക് യഥാക്രമം £26 ഉം £16 നും ലഭിക്കുമ്പോൾ ലോഗോയുള്ള ഒരു ചെറിയ സെക്കൻഡറി സ്കൂൾ ബ്ലേസറിന് ഏകദേശം £35 വിലവരും. 2021 ഇൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ സ്‌കൂളുകൾ ബ്രാൻഡഡ് ഇനങ്ങൾ പരിമിതപ്പെടുത്തണം എന്ന് പറയുന്നുണ്ട്. എന്നാൽ ചില സ്‌കൂളുകൾ ഇപ്പോഴും സ്‌പോർട്‌സ് സോക്‌സുകൾ ഉൾപ്പെടെ അഞ്ച് ബ്രാൻഡഡ് ഇനങ്ങൾ വരെ വാങ്ങാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. സ്‌കൂൾ വസ്ത്ര വ്യവസായം അവകാശപ്പെടുന്നുണ്ടെങ്കിലും, സെക്കൻഡറി സ്‌കൂൾ യൂണിഫോമുകൾക്കായി മാതാപിതാക്കൾ പ്രതിവർഷം ശരാശരി £422 ഉം പ്രൈമറി യൂണിഫോമിന് £287 ഉം ചെലവഴിക്കുന്നതായി ചിൽഡ്രൻസ് സൊസൈറ്റിയുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കാരണം പുതിയ പേ പെർ മൈൽ ടാക്സ് സ്കീം നടപ്പിലാക്കാൻ ശുപാർശ നൽകി വിദഗ്ദ്ധർ. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത മൂലം ഇന്ധന തീരുവയിലെ ഇടിവ് മൂലമുള്ള വരുമാനത്തിൽ 35 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) പകരമായി പുതിയ പദ്ധതി കൊണ്ടുവരാനാണ് ശുപാർശ. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗത്തെ തുടർന്നാണ് പുതിയ നികുതി നടപടികളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്ന് വന്നത്. പ്രസംഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതിനാൽ റോഡ് നികുതിയിൽ സുസ്ഥിരമായ സമീപനം സ്വീകരിക്കേണ്ടതിൻെറ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്. ന്യായമായ നികുതി ഉറപ്പാക്കുന്നതിനുള്ള പരിഹാരമായാണ് പുതിയ പദ്ധതി വരിക. കൂടാതെ ഇനി വരാനിരിക്കുന്ന ബജറ്റ് അത്ര സുഖകരമായിരിക്കില്ലെന്നും ഒരു അദ്ദേഹം കൂട്ടിച്ചേർത്തു. ആർ എ സിയുടെ റോഡ് പോളിസി തലവനായ സൈമൺ വില്യംസ്, പേ പെർ മൈൽ സംവിധാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ചില്ലറ വ്യാപാരികൾ അധിക ചാർജുകൾ മറച്ചു വെക്കുന്നതിൽ നിന്ന് ഇത് തടയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം ഏപ്രിലിൽ, ഇലക്ട്രിക് കാറുകൾ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) വിധേയമാകും. മൈലേജിനെ അടിസ്ഥാനമാക്കി ഡ്രൈവർമാരിൽ നിന്ന് നിരക്ക് ഈടാക്കുന്ന തരത്തിലുള്ള പേ പെർ മൈൽ നികുതി എന്ന ആശയമാണ് വിദഗ്ദ്ധർ മുന്നോട്ട് വച്ചിരിക്കുന്നത്. പല ഡ്രൈവർമാരും ഈ ആശയത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് കുട്ടികളുടെയും ഒരു പുരുഷൻ്റെയും മൃതദേഹങ്ങൾ സ്റ്റെയിൻസ്-അപ്പോൺ-തേംസിലെ ഒരു വീട്ടിൽ നിന്ന് നിന്ന് കണ്ടെത്തിയതായി സറേ പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംഭവവുമായി ബന്ധപ്പെട്ട് ആംബുലൻസ് സർവീസിൻ്റെ സേവനത്തിനായി വിളിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാൻ തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചീഫ് ഇൻസ്പെക്ടർ ലൂസി സാൻഡേഴ്സ് പറഞ്ഞു.
വേറെ ആർക്കും പങ്കാളിത്തമില്ലാത്ത ഒറ്റപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവം മരിച്ചവരുടെ അടുത്ത ബന്ധുക്കൾ അറിഞ്ഞിരുന്നതായും പോലീസ് അറിയിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ നൽകുന്നുണ്ട്. സ്ഥലത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിച്ചതിന് പോലീസ് പ്രാദേശിക വാസികൾക്ക് നന്ദി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെ 4 മുതൽ രാത്രി 9 മണി വരെ മഴയും ഇടിമിന്നലുമുള്ള യെല്ലോ അലർട്ട് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്കവും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ പവർകട്ട് ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കനത്ത ആലിപ്പഴ വർഷം മൂലം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് പറഞ്ഞു. മഴ കൂടിയാൽ ചില റോഡുകൾ അടയ്‌ക്കേണ്ടതായും ബസ് , ട്രെയിൻ സർവീസുകൾ മുടങ്ങുന്നതിനും സാധ്യത ഉണ്ട് . ഇംഗ്ലണ്ടിൻ്റെ തെക്ക്, മിഡ്‌ലാൻഡ്‌സ്, ഇംഗ്ലണ്ടിൻ്റെ വടക്ക്, വെയ്ൽസിൻ്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആണ് മഴയും ഇടിമിന്നലും മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൽഫോർഡ് സൗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലേബർ എംപിയായ ജാസ് അത്‌വാളിനെതിരെ ആരോപണം. അറ്റകുറ്റപണികൾ ആവശ്യമായുള്ള ഫ്ലാറ്റുകൾ എംപി വാടകയ്ക്ക് കൊടുക്കുന്നതായാണ് ആരോപണങ്ങളിൽ പറയുന്നത്. ഈ ഫ്ലാറ്റുകളിൽ കറുത്ത പൂപ്പലും ഉറുമ്പ് ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ജാസ് അത്‌വാൾ 15 ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നുണ്ട്. ഇവയിൽ പകുതിയോളം വാടകക്കാരും പൂപ്പൽ തുടങ്ങിയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഫ്ലാറ്റുകളിൽ പലതിലും ഉറുമ്പുകളുടെ ശല്യം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ഉറുമ്പുകൾ നശിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് ഒരാൾ പ്രതികരിച്ചു. ഫ്ലാറ്റിനെ കുറിച്ചോ ക്ലെയിം ചെയ്ത ആനുകൂല്യങ്ങളെ കുറിച്ചോ പരാതിപ്പെട്ടാൽ താമസ സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരാൾ പറഞ്ഞൂ. അതേസമയം 60 കാരനായ എംപി തനിക്കെതിരെ വന്ന ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ചു. തൻെറ ഫ്ലാറ്റുകൾ ഒരു ഏജൻസിയാണ് നോക്കി നടത്തുന്നതെന്നും ജാസ് അത്‌വാൾ പ്രതികരിച്ചു.
റെഡ്ബ്രിഡ്ജ് കൗൺസിൽ വെബ്‌സൈറ്റ് അനുസരിച്ച്, അത്‌വാളിന് ഏഴ് പ്രോപ്പർട്ടികളുള്ള തൻ്റെ ബ്ലോക്ക് വാടകയ്‌ക്കെടുക്കാൻ ഒരു സെലക്ടീവ് പ്രോപ്പർട്ടി ലൈസൻസ് ആവശ്യമാണ്. എന്നാൽ പബ്ലിക് രജിസ്റ്ററിൽ അത്തരമൊരു ലൈസൻസിൻ്റെ തെളിവുകളൊന്നും ബിബിസിക്ക് കണ്ടെത്താൻ ആയിട്ടില്ല. ലേബർ പാർട്ടിയുടെ 2024 ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്വകാര്യ വാടകക്കാരോടുള്ള ചൂഷണവും വിവേചനവും തടയുമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികൾ ഡാൻസ് ക്ലാസിൽ കുത്തേറ്റ് മരിച്ച സംഭവം ബ്രിട്ടനിൽ വൻ കുടിയേറ്റ വിരുദ്ധ വികാരം ആളി കത്തിക്കുന്നതിന് കാരണമായി. വലതുപക്ഷ തീവ്രവാദികളുടെ കുടിയേറ്റ സമരത്തിൽ ബ്രിട്ടനിലെ അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തെ അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ നടന്നത് പോലീസിനും ഭരണ നേതൃത്വത്തിനും കടുത്ത തല വേദനയാണ് സൃഷ്ടിച്ചത്.
എന്നാൽ ബ്രിട്ടന്റെ പൊതു മനസ്സ് കുടിയേറ്റ വിരുദ്ധ മനോഭാവമില്ലാത്തതാണെന്ന് ജൂലൈ 4 ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പാർലമെൻറിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ സോജൻ ജോസഫ് പറഞ്ഞു. പലപ്പോഴും തദ്ദേശിയർ കുടിയേറ്റക്കാർക്ക് എതിരെ തിരിയുന്നതിന് കാരണം നമ്മൾ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശത്ത് ചെന്നാൽ അവിടുത്തെ സാമൂഹിക വ്യവസ്ഥയോട് ഇണങ്ങി ചേർന്ന് പ്രവർത്തിക്കേണ്ടത് അന്യദേശക്കാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ കുടിയേറ്റക്കാരെയും വിദേശികളെയും ചേർത്തു നിർത്തുന്നതിന് തന്റെ അനുഭവം തന്നെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടി കാണിച്ചത്. 88 ശതമാനം ബ്രിട്ടീഷ് വംശജർ ഉള്ള സ്ഥലത്തു നിന്നാണ് സോജൻ ജോസഫ് പാർലമെൻറിലേയ്ക്ക് ജയിച്ചു കയറിയത്.
യുകെയിലെ ആദ്യ മലയാളി എംപിയായി ചരിത്ര നേട്ടമാണ് ഒരു മലയാളി നേഴ്സ് ആയ സോജൻ ജോസഫ് കൈവരിച്ചത് . 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റായ ആഷ്ഫോർഡ് സോജൻ ജോസഫ് പിടിച്ചെടുത്തത്. യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നേഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.