ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ്സിന്റെ കാത്തിരിപ്പു സമയം കൂടിയതിനാൽ പല നിർണ്ണായക പരിശോധനകളും നടത്തുന്നതിന് തടസ്സമാകുന്നതായുള്ള പരാതി വ്യാപകമായി ഉണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ (സിഡിസി ) പ്രവർത്തനങ്ങൾ മെച്ചപ്പെട്ടത് ഒരു പരിധിവരെ ഇതിന് ഒരു പരിഹാരമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എണ്ണം കൂടിയതും പ്രവർത്തനസമയം വർധിപ്പിച്ചതുമാണ് ഇതിന് പ്രധാനകാരണമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇംഗ്ലണ്ടിലെ രോഗികൾക്ക് ഇപ്പോൾ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും എംആർഐ സ്കാനുകൾ, എൻഡോസ്കോപ്പികൾ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഷോപ്പിംഗ് സെന്ററുകളിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും മിക്ക സമയങ്ങളിലും പ്രവർത്തിക്കുന്ന 170 സിഡിസികൾ ഇംഗ്ലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. ജിപിയിൽ നിന്നോ ആശുപത്രികളിലെ ക്ലിനിക്കൽ ടീമുകളിൽ നിന്നോ ഒരു റഫറൽ വഴി രോഗികൾക്ക് അവയിലേയ്ക്ക് പ്രവേശിക്കാൻ കഴിയും. ഇവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിപ്പിച്ചത് എൻഎച്ച്എസിനെ കൂടുതൽ സുസ്ഥിരമാക്കാൻ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സർക്കാർ കണക്കുകൾ അനുസരിച്ച് 100 സിഡിസികൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ 8 ദിവസവും ആണ് പ്രവർത്തിക്കുന്നത്. ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ഇത്തരം 37 സിഡിസികൾ ആണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്. ഇത് മൂലം കൂടുതൽ രോഗികൾക്ക് വേഗത്തിലുള്ള സേവനങ്ങൾ നൽകാനായി. ഇത്തരം നടപടികളിലൂടെ ആരോഗ്യപരിപാലനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് സർക്കാർ വിശ്വസിക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങളുടെ വിപുലീകരണം സമീപനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജനങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ ആരോഗ്യ സംരക്ഷണം നൽകാൻ ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നാണ് സിഡിസിയുടെ പ്രവർത്തനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെൻ്റിലെ വിറ്റ്സ്റ്റേബിളിൽ യുവ ഡ്രൈവർ ഓടിച്ചിരുന്ന കാർ കാൽനട യാത്രക്കാർക്ക് ഇടയിലേയ്ക്ക് ഇടിച്ചു കയറി രണ്ട് വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന അപകടത്തെ തുടർന്ന് ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.

ആൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് വഴി മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന 20 വയസ്സുള്ള ഒരാളെ സംഭവസ്ഥലത്ത് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സാക്ഷികളോ സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ ബന്ധപ്പെടണമെന്ന് കെന്റ് പോലീസ് അഭ്യർത്ഥിച്ചു. വിനോദ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ഒരു കടൽത്തീര റിസോർട്ടായ വൈറ്റ്‌സ്റ്റബിൾ വേനൽക്കാലത്ത് പ്രത്യേകിച്ചും തിരക്കേറിയതാണ്.

ആദ്യമായി ലൈസൻസ് എടുക്കുന്നവർ വഴി ഉണ്ടാകുന്ന അപകടങ്ങൾ കൂടി വരികയാണെന്നത് ഔദ്യോഗിക തലത്തിൽ നേരത്തെ തന്നെ ചർച്ച ചെയ്യുന്ന വിഷയമാണ്. സർക്കാരിൻറെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ റോഡ് അപകടത്തിൽ നാലിലൊന്നിലും ഉൾപ്പെടുന്നത് ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർ ഓടിക്കുന്ന വാഹനങ്ങളാണ്. 17 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷ ഡ്രൈവർമാർ മറ്റേതൊരു പ്രായ വിഭാഗത്തേക്കാളും കൂടുതൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . സ്വന്തം പ്രായത്തിലുള്ള യാത്രക്കാരുള്ളപ്പോൾ യുവ ഡ്രൈവർമാർ റോഡിൽ അപകടസാധ്യതകൾ ഉണ്ടാക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് റോഡ് സുരക്ഷാ ചാരിറ്റി ബ്രേക്ക് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് പാസായ യുവ ഡ്രൈവർമാർ സമപ്രായക്കാരായ യാത്രക്കാരെ കയറ്റരുത് എന്നതു പോലുള്ള നിയമങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പന്നികൾക്ക് നേരെയുള്ള അത്രിക്രമങ്ങളുടെ രഹസ്യ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലിങ്കൺഷെയറിലെ സോമർബി ടോപ്പ് ഫാമിൽ നിന്നുള്ള വിതരണം നിർത്തിവച്ച് യുകെയിലെ ഏറ്റവും വലിയ മൂന്ന് സൂപ്പർമാർക്കറ്റുകളായ ടെസ്‌കോ, ആസ്ഡ, സെയിൻസ്ബറീസ്. 2024 മെയ് മുതൽ 2025 ജനുവരി വരെ ആനിമൽ ജസ്റ്റിസ് പ്രോജക്ട് (എജെപി) പകർത്തിയ ദൃശ്യങ്ങളിൽ തൊഴിലാളികൾ പന്നിക്കുട്ടികളെ ചവിട്ടുന്നതും, പലകകളും പാഡുകളും ഉപയോഗിച്ച് അടിക്കുന്നതും, ഗുരുതരമായ പരിക്കുകൾ അവഗണിക്കുന്നതും കാണിക്കുന്നു.

തുറന്ന മുറിവുകൾ ഉള്ള പന്നികളെ വൃത്തികെട്ട തൊഴുത്തുകളിൽ സൂക്ഷിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഫാമിലെ നിർബന്ധിത ക്ഷേമ പരിശോധനകൾ പലപ്പോഴും തിരക്കിട്ട് നടത്തുകയായിരുന്നുവെന്നും 90 സെക്കൻഡിനുള്ളിൽ 1,000 പന്നികളെ പരിശോധിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും എജെപി പറഞ്ഞു. യുകെയിലെ ഏറ്റവും വലിയ പന്നിയിറച്ചി വിതരണക്കാരായ ക്രാൻസ്വിക്ക് 2023 അവസാനത്തോടെയാണ് ഈ ഫാം വാങ്ങിയത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ റെഡ് ട്രാക്ടർ ഫാമിന്റെ സർട്ടിഫിക്കേഷൻ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

ഈ മാസം ആണ് ഫാമിൻെറ വിഡിയോകൾ പുറത്ത് വന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ വളരെ വൈകിയാണ് ആക്ടിവിസ്റ്റുകൾ പുറത്ത് വിട്ടതെന്ന് വിമർശനകളും പൊങ്ങി വരുന്നുണ്ട്. അതേസമയം പുറത്ത് വന്ന വീഡിയോ തീർത്തും അപ്രതീക്ഷിതമായാണ് തങ്ങളിലേയ്ക്ക് എത്തിയതെന്ന് ക്രാൻസ്വിക്ക് കമ്പനി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട തൊഴിലാളികളെ നീക്കം ചെയ്തതായും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം തങ്ങളുടെ മറ്റൊരു ഫാമിലും സമാനമായ സംഭവം ഉണ്ടായതിന് പിന്നാലെ എല്ലാ ഇൻഡോർ പന്നി ഫാമുകളിലും സിസിടിവി ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ വെൽഫെയർ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും ജീവനക്കാരെ വീണ്ടും പരിശീലിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയർ റിച്ച് മണ്ട് നദിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 12 വയസ്സുകാരനായ ആൺകുട്ടിക്ക് വേണ്ടി നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെയും സ്പെഷ്യലിസ്റ്റ് സെർച്ച് ടീമുകളുടെയും സഹായത്തോടെ നോർത്ത് യോർക്ക്ഷയർ പോലീസ് വിപുലമായ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മരണം സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രോഗികളുടെ ഡിസ്ചാർജ് വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം ലണ്ടനിലെ ചെൽസിയിലും വെസ്റ്റ്മിൻസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലും പരീക്ഷിച്ചു. രോഗികളെ വീട്ടിലേയ്ക്ക് അയയ്ക്കുന്നതിന് ആവശ്യമായ രേഖകൾ പ്ലാറ്റ്‌ഫോം സ്വയമേവ പൂർത്തിയാക്കും. ഇതുവഴി മണിക്കൂറുകളോളം കാലതാമസം ലാഭിക്കാൻ ആശുപത്രികൾക്ക് സാധിക്കും.

രോഗനിർണ്ണയം, പരിശോധനാ ഫലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഈ സാങ്കേതികവിദ്യ മെഡിക്കൽ രേഖകളിൽ നിന്ന് വേർതിരിച്ചെടുത്ത്, ഡിസ്ചാർജ് സമ്മറികൾ തയ്യാറാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. രോഗികൾ ആശുപത്രി വിടുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ഈ സമ്മറികൾ പിന്നീട് ആരോഗ്യ സംരക്ഷണ ജീവനക്കാർ അവലോകനം ചെയ്ത് ഡിസ്ചാർജ് അല്ലെങ്കിൽ റഫറലുകൾ സ്ഥിരീകരിക്കും. നിലവിലുള്ള സംവിധാനം പലപ്പോഴും നീണ്ട കാത്തിരിപ്പിന് കാരണമാകുന്നുണ്ട്. ഡോക്ടർമാർ പലപ്പോഴും ഈ ഫോമുകൾ പൂരിപ്പിക്കാൻ വൈകുന്നുവെന്നതാണ് ഇതിന് കാരണം.

ഡോക്ടർമാർക്ക് പേപ്പർവർക്കുകളിൽ കുറച്ച് സമയം ചെലവഴിക്കാനും രോഗികളെ പരിചരിക്കുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനും പുതിയ ഉപകരണം സഹായകരമാകും. ഇതോടെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എൻഎച്ച്എസിനെ ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യാനുള്ള സർക്കാരിന്റെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉപകരണം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. എൻ എച്ച് എസ് ഫെഡറേറ്റഡ് ഡേറ്റാ പ്ലാറ്റ്‌ഫോമിലാണ് ഈ ഉപകരണം ഹോസ്റ്റ് ചെയ്യുന്നത്. പൊതു സേവനങ്ങളിലുടനീളം മറ്റ് എ ഐ നവീകരണങ്ങളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിനും അടിയന്തിര പരിശോധനകൾ നടത്തുന്നുന്നതിനും എൻഎച്ച്എസ് എഐ ഉപയോഗിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ നോർത്താംപ്ടണിലെ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്ന് നാല് പേർ 200 പൗണ്ട് (ഏകദേശം ₹21,000) ബിൽ വരുന്ന ആഹാരം കഴിച്ചതിന് പിന്നാലെ ബിൽ അടയ്ക്കാതെ ഇറങ്ങിയോടി. ഓഗസ്റ്റ് 4 ന് രാത്രി 10:11 ഓടെയാണ് സാഫ്രോൺ റെസ്റ്റോറന്റിൽ നാടകീയ സംഭവം അരങ്ങേറിയത്. ഇൻസ്റ്റാഗ്രാമിൽ വ്യാപകമായി പങ്കിട്ട സിസിടിവി ദൃശ്യങ്ങളിൽ പുരുഷന്മാർ റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിക്കുന്നതും ഭക്ഷണം കഴിച്ചതിന് പിന്നാലെ പുറത്തേയ്ക്ക് ഓടുന്നതും കാണാം. ഇതിന് പിന്നാലെ ഒരു ജീവനക്കാരൻ അവരെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം.

ലാംബ് ചോപ്‌സ്, കറികൾ, മറ്റ് വിഭവങ്ങൾ എന്നിവയുൾപ്പെടെ 197.30 പൗണ്ടിന്റെ ഭക്ഷണമാണ് ഇവർ ഓർഡർ ചെയ്‌ത് കഴിച്ചതെന്ന് റസ്റ്റോറന്റ് ജീവനക്കാർ പറയുന്നു. ഇവർ പിന്നീട് ഫേസ്ബുക്ക് വഴി ഈ ബിൽ പങ്കിട്ടു. ഈ ബില്ലിൽ 5.60 പൗണ്ടിന് നാല് പോപ്പഡോമുകൾ, 2.20 പൗണ്ടിന് ഒരു ചട്ണി ട്രേ, 24 പൗണ്ടിന് ആട്ടിറച്ചി, 30 പൗണ്ടിന് ചിക്കൻ ചാറ്റ്, 28 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മെയിനുകൾ, 32 രണ്ട് പൗണ്ടിന് ചിക്കൻ ടിക്ക മസാലകൾ, 11 പൗണ്ടിന് അരി, 12 പൗണ്ടിന് ഗാർലിക് നാൻ, 12 പൗണ്ടിന് ചപ്പാത്തി, 4.50 പൗണ്ടിന് ചിപ്‌സ്, 36 പൗണ്ടിന് ഒമ്പത് കുപ്പി കോക്ക് എന്നീ വിഭവങ്ങളാണ് കാണുന്നത്. സംഭവത്തിൽ മോഷണ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് നോർത്താംപ്ടൺഷെയർ പോലീസ് സ്ഥിരീകരിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതിനെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസ്താവന പുറപ്പെടുവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു എന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. വെള്ളിയാഴ്ച അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വെടിനിർത്തൽ കരാറിലെത്താൻ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും യുദ്ധാവസാനത്തിലേക്ക് എക്കാലത്തേക്കാളും നാം അടുത്തിരിക്കുന്നു എന്നാണ് ഉച്ചകോടിയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.

ഉച്ചകോടി റഷ്യ – ഉക്രയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വൻ ചുവടുവെയ്പ്പായാണ് ലോകമെങ്ങും കൊണ്ടാടിയത്. എന്നാൽ വലിയ പുരോഗതി ഉണ്ടായി എന്ന് മുൻപ് പറഞ്ഞിട്ടും വ്യക്തമായി കരാറിൽ എത്തിച്ചേരാൻ നേതാക്കൾക്ക് ആയില്ല. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയില്ലാതെ സമാധാന കരാറിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശ്രദ്ധേയമായി. നിലവിൽ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉക്രയിന് വലിയ പിൻതുണയാണ് നൽകുന്നത്.

കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ട്രംപിനെ കാണാൻ സെലെൻസ്‌കി തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്നുണ്ട്. ആങ്കറേജ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, ശനിയാഴ്ച രാവിലെ സർ കെയർ സ്റ്റാർമർ പാശ്ചാത്യ സഖ്യകക്ഷികളുമായി സംസാരിച്ചിരുന്നു .ഏതൊരു കരാറിന്റെയും ഭാഗമായി ഉക്രെയ്നിന് ശക്തമായ സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിന് യൂറോപ്പിനൊപ്പം അമേരിക്കയും കാണിക്കുന്ന തുറന്ന മനസ്സിനെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഒരു ഇടക്കാല വെടി നിർത്തലല്ല യുദ്ധത്തിൻറെ ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ശനിയാഴ്ച ട്രംപുമായുള്ള ഒരു ഫോൺ സംഭാഷണത്തിന് ശേഷം സെലെൻസ്‌കി പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം പ്രസിദ്ധീകരിച്ച എ – ലെവൽ ഫലങ്ങളിൽ ഏറ്റവും നല്ല പ്രകടനമാണ് യുകെയിലെ വിദ്യാർത്ഥി വിദ്യാർഥിനികൾ കാഴ്ചവെച്ചത്. മലയാളി കുട്ടികളും നല്ല വിജയം നേടി. അതുകൊണ്ടു തന്നെ മിക്കവർക്കും ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ ആഗ്രഹിച്ചിരുന്ന കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും ലണ്ടനിലെ കുട്ടികളുടെ പ്രകടനങ്ങൾ ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിലെ കുട്ടികൾ നേടിയ ഗ്രേഡുകളും തമ്മിലുള്ള അന്തരം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്. ഇതിന് പിന്നാലെ ലണ്ടനിലെ സ്കൂളുകൾ മുൻനിരയിൽ എത്താനുള്ള കാരണങ്ങൾ ആണ് മാധ്യമങ്ങളിൽ വാർത്തയാകുന്നത്. തലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ ബ്ലെയർ സർക്കാർ കൊണ്ടുവന്ന ലണ്ടൻ ചലഞ്ചാണ് ഇതിന് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പ്രതിവർഷം 40 മില്യൺ പൗണ്ട് ആണ് ഈ പദ്ധതിയിൽ സർക്കാർ വകയിരുത്തുന്നത്. ഉയർന്ന ശതമാനവും സാംസ്കാരിക പൈതൃകവും കാരണം മികച്ച അധ്യാപകർ ലണ്ടനിൽ ജോലി ചെയ്യാൻ കൂടുതൽ താൽപര്യപ്പെടുന്നതാണ് മറ്റൊരു കാരണം. കുടിയേറ്റമാണ് മറ്റൊരു ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കുടിയേറ്റത്തിലൂടെ ലണ്ടനിൽ എത്തുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാൻ ബദ്ധശ്രദ്ധാലുക്കളാണ്.

എ – ലെവൽ റിസൾട്ട് പുറത്തുവന്നതിനുശേഷം രാജ്യമൊട്ടാകെ പ്രാദേശികമായി നിലനിൽക്കുന്ന അസമത്വങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രാദേശികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഫണ്ട് നൽകി സ്ഥിതി മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരും. ലണ്ടനിലെ സ്കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ ലണ്ടൻ ചലഞ്ച് പോലുള്ള ധനസഹായ പദ്ധതികൾക്കായി പ്രാദേശിക തലങ്ങളിൽ നിന്ന് കൂടുതൽ ആവശ്യങ്ങൾ ഉയർന്നു വരുന്നത് സർക്കാരിന് തലവേദനയാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണിയായ മലയാളി വിദ്യാർത്ഥിനിയെ കാറിടിച്ചു വീഴ്ത്തി ഗർഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർക്ക് 13 വർഷം തടവ് ശിക്ഷ വിധിച്ചു. 20 വയസ്സുള്ള ആഷിർ ഷാഹിദിനാണ് അമിത വേഗത്തിലും അശ്രദ്ധമായും കാറോടിച്ചതിന് ശിക്ഷ ലഭിച്ചത്. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ നടന്ന സംഭവത്തിൽ 31 കാരിയായ രഞ്ജു ജോസഫിന് ഗുരുതര പരുക്കേൽക്കുകയും ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. 30 മൈൽ മാത്രം വേഗപരിധിയുള്ള സ്ഥലത്ത് പ്രതി അമിത വേഗത്തിൽ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.

അപകടത്തെ തുടർന്ന് 2024 സെപ്റ്റംബർ 29 ന് വൈകുന്നേരം രഞ്ജു ജോസഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മകൻ ഒലിവിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തര സി-സെക്ഷൻ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതിയുടെയും മുൻ സീറ്റിലിരുന്ന 17 വയസ്സ് പ്രായമുള്ള സഹോദരൻറെയും ഫോണുകളിൽ നിന്ന് നിർണ്ണായക തെളിവുകളാണ് പോലീസിന് ലഭിച്ചത്. കൂട്ടിയിടി കഴിഞ്ഞ് പ്രതികൾ അപകടത്തിന് കാരണമായ കാർ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്ന് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന ശിക്ഷയെ കുറിച്ച് ഇൻറർനെറ്റിൽ തിരഞ്ഞതിന്റെ തെളിവുകൾ പോലീസ് കണ്ടെത്തിയത് നിർണ്ണായക തെളിവായി.

യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതി റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. സംഭവം നടന്ന ഉടനെ തന്നെ വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ രഞ്ജു ജോസഫും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന രഞ്ജു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭപാത്രത്തില്‍ ഒരു മനുഷ്യ ഭ്രൂണം ഇംപ്ലാന്റേഷൻ ചെയ്യുന്നതിന്റെ തത്സമയ 3D ഫൂട്ടേജ് ആദ്യമായി പകർത്തി ശാസ്ത്രജ്ഞർ. സിന്തറ്റിക് ഗർഭപാത്രം ഉപയോഗിച്ചുള്ള പ്രക്രിയയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇംപ്ലാന്റേഷൻ സ്വാഭാവികമായി എങ്ങനെ സംഭവിക്കുന്നുവെന്ന് ഗവേഷകരെ മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഈ വീഡിയോ സഹായകരമാകും.

ഭ്രൂണങ്ങൾ നൽകിയ ബാഴ്‌സലോണയിലെ ഡെക്‌സിയസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ എഞ്ചിനീയറിംഗ് ഓഫ് കാറ്റലോണിയ (IBEC) ആണ് പഠനം നടത്തിയത്. ഭ്രൂണങ്ങൾ സ്വയം പൂർണ്ണമായി ഉൾച്ചേരുന്നതിന് ശക്തിയോടെ ഗർഭാശയത്തിലേക്ക് വന്നിടിക്കുമെന്ന് പഠനം വെളിപ്പെടുത്തിയതായി പ്രമുഖ ഗവേഷകനായ സാമുവൽ ഓജോസ്നെഗ്രോസ് പറഞ്ഞു. ഇംപ്ലാന്റേഷൻ സമയത്ത് ചില സ്ത്രീകൾക്ക് വയറുവേദനയും നേരിയ രക്തസ്രാവവും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

കൊളാജനും ഗർഭാശയ കലകളും ഉപയോഗിച്ച് നിർമ്മിച്ച ഒരു പ്രത്യേക ജെൽ പ്ലാറ്റ്‌ഫോം ഗവേഷണ സംഘം സൃഷ്ടിച്ചു. ഇത് ഭ്രൂണങ്ങളെ നിയന്ത്രിത സാഹചര്യങ്ങളിൽ ശരീരത്തിന് പുറത്ത് ഇംപ്ലാന്റ് ചെയ്യാൻ അനുവദിക്കും. മനുഷ്യരുടെയും എലികളുടെയും ഭ്രൂണങ്ങളെ ഗവേഷകർ പഠിച്ചു. എലിയുടെ ഭ്രൂണങ്ങൾ ഗർഭാശയത്തിന്റെ ഉപരിതലത്തിൽ മാത്രമേ പറ്റിപ്പിടിച്ചിരിക്കുന്നുള്ളൂവെന്നും, മനുഷ്യ ഭ്രൂണങ്ങൾ അകത്തു നിന്ന് വളരുന്നതിന് മുമ്പ് പൂർണ്ണമായും ഗർഭാശയ കലയിലേക്ക് പ്രവേശിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇംപ്ലാന്റേഷൻ പ്രക്രിയ പരാജയപ്പെടുന്നതാണ് 60% ഗർഭം അലസലുകൾക്കും കാരണം.