Main News

പടിഞ്ഞാറൻ ലണ്ടനിൽ ടൂറിസ്റ്റ് യുവതിയുടെ പേഴ്സ് മോഷ്ടിച്ചത് സ്ത്രീ മോഷ്ടാക്കളെന്നു ക്യാമറ ദൃശ്യങ്ങൾ. ലണ്ടനിൽ വഴിയാത്രക്കാരായ നീന സ്പെൻസറും, കൂട്ടുകാരി ടോയ്‌യും കേംബ്രിഡ്ജ് സർക്കസിൽ നിന്നും പാലസ് തീയറ്ററി ലേക്കുള്ള യാത്രയിൽ കൂട്ടുകാരെ കാണിക്കുന്നതിനായി സെൽഫി സ്റ്റിക്ക് ഉപയോഗിച്ച് വീഡിയോ എടുക്കുകയാരുന്നു. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ പെട്ടെന്നാണ് ടോയ് തന്റെ ബാഗിൽ പേഴ്സ് മോഷണം പോയതിനെ പറ്റി അറിയുന്നത്. 400 പൗണ്ട് പണവും, ക്രെഡിറ്റ് കാർഡുകളും മറ്റും പേഴ്സിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ലണ്ടൻ നഗരത്തിൽ വർധിച്ചുവരുന്ന മോഷണങ്ങളിൽ ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ഇത്. തായ്‌ലൻഡിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് ഇരുവരും. ഇവർ തങ്ങൾ എടുത്ത വീഡിയോ ദൃശ്യം പരിശോധിച്ചപ്പോൾ ഒരു സ്ത്രീ ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കുന്നതായി കണ്ടു. മൂന്നംഗ മോഷണ സംഘത്തിലെ ഒരാളായിരുന്നു അവർ. രണ്ടുപേർ മാറിനിന്ന് ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു.ഒരാൾ മോഷണത്തിനായി ബാഗിലേക്ക് കൈ ഇട്ടപ്പോൾ,അടുത്തയാൾ ഷോപ്പിംഗ് ബാഗ് ഉപയോഗിച്ച് കൈ മറച്ചു. മോഷ്ടിച്ച പേഴ്സ് മൂന്നാമതൊരാൾ വാങ്ങിച്ചു മറച്ചുപിടിച്ചു.പിന്നീട് മൂവരും പെട്ടെന്ന് ആ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.


ടൂറിസ്റ്റുകൾ പോലീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും പേഴ്സ് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. പോലീസിനു വേണ്ടതായ സഹായങ്ങൾ എല്ലാം ചെയ്യുമെന്നു ടൂറിസ്റ്റുകൾ അറിയിച്ചു.പേഴ്സ് തിരികെ ലഭിക്കുമെന്നു പ്രതീക്ഷ ഇല്ലെന്നും എന്നാൽ നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസിനെ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ അറിയിച്ചു. തായ്‌ലൻഡ് കാരിയായ സ്പെൻസർ ബ്രിട്ടീഷുകാരനായ ഭർത്താവിനൊപ്പം വർഷങ്ങളായി ബ്രിട്ടനിൽ താമസിക്കുകയാണ്. അവരെ സന്ദർശിക്കുന്നതിനായാണ് ടോയ് എത്തിയത്. ലണ്ടനിൽ മോഷണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ലേബർ പാർട്ടി എംപി ക്രിസ് വില്ലിയംസനെ പാർട്ടി വീണ്ടും സസ്പെൻഡ് ചെയ്തു. രണ്ടു ദിവസങ്ങൾക്കു മുൻപാണ് യഹൂദ വികാരങ്ങൾക്കെതിരെയുള്ള പ്രസ്താവനയ്ക്ക് അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന വിലക്ക് നീക്കിയത്.എന്നാൽ ഈ പ്രസ്താവനയെ സംബന്ധിച്ച അന്വേഷണം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ച് പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയാണ് വീണ്ടും സസ്പെൻഷനുള്ള കാരണം. അറുപതിലധികം ലേബർ പാർട്ടി എംപിമാരാണ് വില്യംസനു സസ്പെൻഷൻ നൽകണം എന്നത് സംബന്ധിച്ച് പരാതി പാർട്ടി നേതാവ് ജെറെമി കോർബിനു സമർപ്പിച്ചത്. ഇതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ രണ്ടു അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

ലേബർ പാർട്ടിയുടെ നയങ്ങൾ യഹൂദ വിരുദ്ധമാണെന്നുള്ള വില്ലിയംസന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ സസ്പെൻഷനിലേക്കു വഴിതെളിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മൂന്നംഗ കമ്മിറ്റിയിൽ എംപിമാരായ കെയ്ത് വാസ്, ജോർജ് ഹൊവാർത്, ഹൂഡ എൽമി എന്നിവർ ഉൾപ്പെട്ടിരുന്നു. പാർട്ടി ശാസന നൽകിയാൽ മാത്രം മതി എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. എന്നാൽ കെയ്ത്ത് വാസ് എംപി ഈ തീരുമാനത്തെ പിന്നീട് പ്രതിരോധിച്ചു. താൻ അവസാനനിമിഷമാണ് കമ്മിറ്റിയിൽ ഉൾപ്പെട്ടതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഉള്ള ആവശ്യം അദ്ദേഹം ഉയർത്തി. പാർട്ടി ഉപനേതാവ് ടോം വാട്സണിന്റെ നേതൃത്വത്തിൽ 120ഓളം എംപിമാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർത്തി.വില്യംസണിനെ തിരിച്ചെടുത്തതിൽ ഉള്ള പ്രതിഷേധം അറിയിച്ച് എഴുപതോളം എംപിമാർ പാർട്ടിക്ക് കത്ത് നൽകി.

പല ഭാഗത്തു നിന്നും അദ്ദേഹത്തെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. 12 മാസത്തേക്ക് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും തുടരന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു.

ലേബർ പാർട്ടിയുടെ നയങ്ങൾ യഹൂദ വിരുദ്ധമാണെന്നുള്ള പ്രസ്താവന സംബന്ധിച്ച വീഡിയോ പുറത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. എന്നാൽ പിന്നീടു വില്യംസൺ ഖേദം പ്രകടിപ്പിച്ചിരുന്നു. യഹൂദ വിരുദ്ധവികാരം തടയാൻ പാർട്ടി നടത്തിയ പരിശ്രമങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ സംബന്ധിച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.

ഈ വർഷത്തെ ജി 20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയിൽ ഇന്നലെ തുടക്കമായി. ജി 20യുടെ പതിനാലാം സമ്മേളനമാണ് ഒസാക്കയിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ജൂൺ 27, 28, 29 തീയതികളിലായി നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോള സുസ്ഥിര വികസനം, ആഗോള വ്യാപാരം, തീവ്രവാദ പ്രചരണം തടയുക , കുടിയേറ്റം എന്നീ വിഷയങ്ങൾക്കാണ് ഈ സമ്മേളനം കൂടുതൽ ഊന്നൽ നൽകുക. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തന്റെ അവസാന ജി 20 ഉച്ചകോടിയിൽ തെരേസ മേ പങ്കെടുത്തു. നമ്മുക്ക് ഒന്നിച്ച് ഈ ഭൂമിയെ സുരക്ഷിതമാക്കാം എന്ന സന്ദേശമാണ് തെരേസ മേ നൽകിയത്. കാലാവസ്ഥ വ്യതിയാനത്തിൽ ബ്രിട്ടന്റെ നേതൃത്വം പിന്തുടരാൻ മറ്റ് രാജ്യങ്ങളോട് മേ ആഹ്വാനം ചെയ്തു. കാലാവസ്ഥ വ്യതിയാനം നിയമപ്രകാരം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ആദ്യ രാജ്യമായി ഇന്ന് യുകെ മാറി. 2050ഓടെ കാർബൺ എമിഷൻ പൂജ്യമായി കുറയ്ക്കാൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ അറിയിച്ചു.

സ്വിറ്റസർലണ്ടിലെ മഞ്ഞു കട്ടകൾ ഉരുകുന്നത്, അടിയന്തര നടപടിയുടെ ആവശ്യകത വ്യക്തമാകുന്നു എന്ന് തെരേസാ മെയ് അഭിപ്രായപ്പെട്ടു . ബ്രിട്ടനിൽ കൊണ്ടുവന്ന പുതിയ നിയമങ്ങൾ പ്രധാനപ്പെട്ടവയാണെന്നും ഭാവിയിൽ ഇത് സഹായകമാകുമെന്നും തെരേസ മേ പറഞ്ഞു. യുകെയ്ക്ക് എന്ത് ചെയ്യാം എന്ന് മാത്രമല്ല, നമ്മുക്ക് ഒന്നിച്ച് എന്ത് മാറ്റം കൈവരിക്കാൻ സാധിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.” തെരേസ മേ കൂട്ടിച്ചേർത്തു. ജൂലൈ 28ന് റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിനെ തെരേസ മേ സന്ദർശിക്കും. ആദ്യമായാണ് ജി 20 ഉച്ചകോടിയ്ക്ക് ജപ്പാൻ ആതിഥേയത്വം വഹിക്കുന്നത്.

വിദ്യാർഥികളിൽ നിന്നുള്ള അക്രമങ്ങൾക്കും കഠാര ഭീഷണികൾക്കും എതിരെയാണ് ഒരു വിഭാഗം അധ്യാപകർ സമരം നടത്തിയത്. മോശമായി പെരുമാറുന്ന കുട്ടികൾക്കെതിരെ അധികൃതരിൽനിന്ന് സഹകരണം ഉണ്ടാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം അധ്യാപകർ പ്രതിഷേധിച്ചത്. കുട്ടികളെ എങ്ങനെ പഠിപ്പിക്കണം അവരോട് എങ്ങനെ പെരുമാറണം എന്നുള്ള പരിശീലനങ്ങൾക്ക് പുറമേ കത്തി പ്രയോഗങ്ങളെയും അതിക്രമങ്ങളെയും എങ്ങനെ നേരിടണം എന്നുള്ള അധ്യാപനം കൂടി തങ്ങൾക്ക് ആവശ്യമുണ്ടെന്ന് ടീച്ചിങ് യൂണിയൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടു ദിവസത്തെ സമരം പാഠ്യപദ്ധതിയും കുട്ടികളെയും ബാധിക്കില്ലെന്നും അധ്യാപനം തുടരുമെന്നും അവർ അറിയിച്ചു എന്നാൽ തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ സുരക്ഷിതരല്ല എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഏകദേശം മുപ്പതോളം അധ്യാപകരാണ് സമരത്തിൽ പങ്കെടുത്തത്.

നാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾ മാസ്റ്റേഴ്സ് ആൻഡ് യൂണിയൻ ഓഫ് വുമൺ ടീച്ചേഴ്സ്(NASUWT) പ്രതിനിധിയായ പോൾ നെസ്റ്റ് പറയുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ മൂന്നു ദുരനുഭവങ്ങൾ ഉണ്ടായി എന്നാണ്. അതിലൊന്ന് ഒരു കുട്ടി 12 ഇഞ്ച് നീളമുള്ള കഠാര കൊണ്ടുവന്നതായിരുന്നു. ഒരു ടീച്ചറിനെ കഠാരി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ കുറച്ചു ദിവസത്തേക്ക് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തിരുന്നു, മറ്റൊരു ടീച്ചറെ കഴിഞ്ഞ വർഷം ഒരു കുട്ടി മർദ്ദിച്ചു ചുണ്ട് പൊട്ടിയിരുന്നു എന്നും യൂണിയൻ അറിയിച്ചു.

ഇപ്പോൾ സ്കൂൾ ഗ്രൗണ്ടുകളിൽ കളികളേക്കാൾ അധികം അടിപിടികൾ ആണ് നടക്കുന്നത് എന്നും പ്രശ്നമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന പാനിക് ബട്ടൺ അമർത്തിയാൽ പോലും അധികാരികൾ രക്ഷയ്ക്കെത്തില്ല എന്നുമാണ് അധ്യാപകർ പരാതിപ്പെടുന്നത്.

എന്നാൽ രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നും വ്യത്യസ്തമായ പരാതികളാണ് ഉയർന്നുവരുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള തന്റെ 13 വയസ്സുകാരി മകളെ ശാരീരികമായും മാനസികമായും സ്കൂളധികൃതർ ഉപദ്രവിച്ചെന്ന് എമ്മ വാൾ പരാതിപ്പെട്ടു. സ്കൂളുകൾ മക്കൾക്ക് സുരക്ഷിത സ്ഥലങ്ങൾ അല്ല എന്ന മട്ടിൽ സമാനമായ അനുഭവങ്ങൾ മാതാപിതാക്കൾ പങ്കുവച്ചു.

 

യൂറോപ്പിനെ ആകമാനം ബാധിച്ച ഉഷ്ണക്കാറ്റ് മൂലം ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ ജൂൺ മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. തെക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണക്കാറ്റാണ് താപനില ഉയരാനുള്ള കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യത ഉണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.

ഉച്ചയോടുകൂടി ഇറ്റലിയിലെ ട്യൂറിനിൽ 37 ഡിഗ്രിയും, സ്പെയിനിലെ സറഗോസായിൽ 39 ഡിഗ്രിയും രേഖപ്പെടുത്തി. സ്പെയിനിലെ കിഴക്കുഭാഗത്തുള്ള 11 പ്രവിശ്യകളിലും രാജ്യത്തിന്റെ മധ്യഭാഗത്തും മറ്റും നാല്പത് ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ഉഷ്ണക്കാറ്റ് കാട്ടുതീ പടരുന്നതിനും മറ്റും കാരണമായിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ കാട്ടു തീ അണക്കാനുള്ള പരിശ്രമത്തിൽ ആണെന്ന് കാറ്റലോണിയൻ ഗവൺമെന്റ് അറിയിച്ചു. ഏകദേശം 4000 ഹെക്ടറോളം സ്ഥലത്ത് ഇത് ബാധിച്ചിട്ടുണ്ട്.

ഇറ്റലിയിലും സ്ഥിതി മോശമാണ്. റോമിലും മറ്റും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. 72 വയസ്സുള്ള ഒരു വൃദ്ധന്റെ മൃതശരീരം മിലാൻ റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയതായി അധികാരികൾ അറിയിച്ചു. ഉഷ്ണക്കാറ്റ് ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം. 2003 -ൽ ഉഷ്ണക്കാറ്റിൽ പതിനയ്യായിരത്തോളം മരണം സംഭവിച്ച ഫ്രാൻസിൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാരിസിൽ സ്കൂളുകളിൽ പരീക്ഷകളും മറ്റും നീട്ടി വയ്ക്കുകയും, ചിലത് തൽക്കാലത്തേക്ക് അടയ്ക്കുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനമാണ് താപനില ഉയരാനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ലണ്ടനിലാണ് വിമാനം ഇറക്കിയത്. മുംബൈയില്‍ നിന്ന് ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന ‘എഐ 191’ വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ സ്റ്റാന്‍ഡ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലാന്‍ഡിങ് സമയത്ത് എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

“AI 191 Mumbai-Newark of June 27 has made a precautionary landing at London’s Stansted airport due to a bomb threat,” – എയർലെെൻസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

Image result for air-india-mumbai-newark-flight-makes-precautionary-landing-bomb-threat

അതേസമയം, രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും രാജ്യാന്തര ടെര്‍മിനലിലെയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

പുതിയ ടോറി നേതാവിനെ കണ്ടെത്താൻ ബ്രിട്ടൻ ഒരുങ്ങിക്കഴിഞ്ഞു. വോട്ടുകൾ നേടാൻ വേണ്ടി സ്ഥാനാർത്ഥികൾ ആയ ബോറിസ് ജോൺസനും ജെറമി ഹണ്ടും പല പദ്ധതികളും വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു. നേതാവാകാൻ ഹണ്ടിനേക്കാൾ സാധ്യത മുൻ മേയറായിരുന്ന ബോറിസ് ജോൺസനാണെന്നാണ് വിലയിരുത്തൽ. പ്രധാന വിഷയം ബ്രക്സിറ്റ് തന്നെ. ഒക്ടോബർ 31 കൊണ്ട് തന്നെ ഒരു തീരുമാനം ആകും എന്ന് ജോൺസൺ പറയുമ്പോൾ, ഈ സമയപരിധി തെറ്റാണെന്നും ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യതകൾ കാണുന്നു എന്നും ഹണ്ട് പറയുന്നു. ഇന്നലെ നടന്ന ഒരു ലൈവ് ബ്രോഡ്കാസ്റ്റ് മീറ്റിംഗിൽ സ്ഥാനാർത്ഥികൾ രണ്ടും അവരുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി.കഴിവുള്ള വ്യക്തികൾക്കും കുടിയേറ്റക്കാർക്കും ബ്രിട്ടനിലേക്ക് പ്രവേശിക്കാം എന്നാണ് ജോൺസൺ പറഞ്ഞത്. എന്നാൽ ഇത് നിയന്ത്രണവിധേയം ആയിരിക്കും. ഇതിനുവേണ്ടി ഒരു ഓസ്ട്രേലിയ രീതിയിലുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരുമെന്നും ജോൺസൻ പറഞ്ഞു . ഇത് യുകെ സമ്പത്ത് വ്യവസ്ഥയുടെ ആവശ്യങ്ങളെ നിറവേറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കാർഷിക മേഖലയും മുന്നേറണം. കഴിവുള്ള ആളുകൾ ബ്രിട്ടനിലേക്ക് വരണം. എന്നാൽ ഇതൊക്കെ നിയന്ത്രണവിധേയം ആയിരിക്കും.” ജോൺസൺ കൂട്ടിച്ചേർത്തു.


സ്വന്തമായി വ്യവസായം ആരംഭിക്കുന്ന യുവാക്കളുടെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് കടം എഴുതിത്തള്ളും എന്ന വാഗ്ദാനമാണ് ഹണ്ട് നൽകിയത്. “അവർ കൂടുതലായി മുന്നേറണം. യുവാക്കൾ സ്വന്തം വ്യവസായം തുടങ്ങുകയും മറ്റുള്ളവർക്ക് ജോലി നൽകുന്നവരായും മാറണം. എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.” ഹണ്ട് കൂട്ടിച്ചേർത്തു. സ്കൂളുകളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകും, നിരക്ഷരത തുടച്ചുനീക്കാൻ വിദ്യാഭ്യാസ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരും, പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ 15 ബില്യൺ പൗണ്ട് ചെലവഴിക്കും, വാണിജ്യ നികുതി കുറക്കും എന്നിവയാണ് ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ.

എൻഎച്ച്എസിനെ കൂടുതൽ ശക്തിപ്പെടുത്തും, യൂറോപ്യൻ യൂണിയനിലേക്ക് നൽകുന്ന പണം എൻഎച്ച്എസിന്റെ പുരോഗതിക്കായി ഉപയോഗിക്കും, തൊഴിലിനായി ഗാട്ട് 24 സംവിധാനം കൊണ്ടുവരും, ഇരുപതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും, വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കും എന്നീ വാഗ്ദാനങ്ങളാണ് ജോൺസൺ നൽകിയത്. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർക്ക് യുകെയിൽ നിൽക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും ഇരുവരും പറഞ്ഞു. ജൂലൈ 23നാണ് തിരഞ്ഞെടുപ്പ്.   ജൂലൈ 24ന് പുതിയ നേതാവ് സ്ഥാനമേൽക്കുന്നതുമാണ്.

മുകൾ നിലയിലെ ബെഡ്റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടു വയസ്സുള്ള കുഞ്ഞു ജനാലയിലൂടെ വീണ് മരിച്ചു. ലിവർ പൂളിലാണ് സംഭവം നടന്നത് .  അമ്മ കുട്ടിയെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകം ആയിരുന്നു സംഭവം. ടി -ജയ് ഡെഡ്മൻ എന്ന രണ്ടു വയസ്സുള്ള കുട്ടിയാണ് സമപ്രായക്കാരിയോടപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ മരിച്ചത്. വീടിന് പുറത്തെ നടപ്പാതയിൽ വഴിയാത്രക്കാരിൽ ഒരാളാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു.

എപ്പോഴും സന്തോഷവാനായിരുന്ന കുഞ്ഞിന്റെ മരണം തനിക്ക് കടുത്ത ആഘാതമാണ് നൽകിയതെന്ന് മാതാവ് ചെൽസി വോൾ പറഞ്ഞു. താൻ കുഞ്ഞിനെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകമാണ് മരണം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആൽഡർ ഹേയ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റിരുന്നു. ജീവൻ രക്ഷിക്കാനായി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല.

സംഭവസമയത്ത് ചെൽസിയുടെ കൂട്ടുകാരിയുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ബെഡ്റൂമിന് ജനാലയ്ക്ക് തകരാർ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. കുട്ടിയുടേത് സ്വാഭാവികമരണം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.

കുഞ്ഞിന്റെ മരണം മാതാപിതാക്കളെ അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദുരന്തമാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് അവർ പറഞ്ഞു. ജീവിതം ഇപ്പോൾ ശൂന്യമാണ്. ജീവിതത്തിന് പ്രകാശം നൽകിയിരുന്ന മകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്നും അവർ പറഞ്ഞു.

ലണ്ടൻ ∙ മൃഗങ്ങളോടു ക്രൂരത കാട്ടിയാൽ അഞ്ചുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് അവതരിപ്പിക്കുന്ന പുതിയ ബില്ലിലാണ് ആറു മാസം മാത്രമായിരുന്ന തടവുശിക്ഷ അഞ്ചു വർഷമാക്കി ഉയർത്താൻ നിർദേശിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ നിയമത്തിന് പ്രാബല്യമുണ്ടാകും.

വളർത്തുനായകൾ, പൂച്ചകൾ, ഫാമിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള അതിക്രമങ്ങൾക്കാവും ശിക്ഷ ബാധകമാകുക. പൊലീസ് നായ്ക്കൾ, പന്തയക്കുതിരകൾ, വിവിധ സേനകളുടെ ഭാഗമായുള്ള കുതിരകൾ എന്നിവയ്ക്കും ഇതിലൂടെ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കും.

പുതിയ ആനിമൽ വെൽഫെയർ (സെന്റൻസിംങ്) ബില്ലിന് പബ്ലിക് കൺസൾട്ടേഷൻ കാലയളവിൽ മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽനിന്നും ലഭിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനുള്ള ഭേദഗതിക്ക് കൺസൾട്ടേഷനിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിലായാൽ യൂറോപ്പിൽ മൃഗസംരക്ഷണത്തിന് ഏറ്റവും ശക്തമായ നിയമമുള്ള രാജ്യമായി ബ്രിട്ടൻ മാറും.

2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ബ്രിട്ടീഷ് രാഞ്ജിയും മറ്റ് അംഗങ്ങളും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തു വിട്ടു. രാജകുടുംബം പുറത്തുവിട്ട വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ ബ്രിട്ടീഷ് നികുതിദായകരിൽ നിന്ന് 81 മില്യൻ പൗണ്ട് ലഭിച്ചതായി പറയുന്നു. മുൻവർഷം ഇത് 76 മില്യൺ പൗണ്ട് ആയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും ആയി 1.7 മില്യൺ പൗണ്ട് ചെലവാക്കി. ഇതിൽ വൈനിന് മാത്രമായി നാല് ലക്ഷം പൗണ്ട് ചെലവാക്കി. രാജ്ഞിയുടെ ട്രഷറർ സർ മൈക്കിൾ സ്റ്റീവൻസ് പറഞ്ഞു “2018 – 19 വർഷം രാജകുടുംബത്തിന് ഒരു തിരക്കേറിയ വർഷമായിരുന്നു”. ബക്കിങ്ങാം കൊട്ടാരവും ഹാരി രാജകുമാരന്റെയും പ്രിൻസ് രാജകുമാരന്റെയും വസതികളും നവീകരിക്കുന്നതിനായി 3.5 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. 1.5 മില്യൺ പൗണ്ട് മറ്റു നവീകരണ പ്രവർത്തനങ്ങൾക്കായും ചെലവഴിച്ചു.

 

10 വർഷ പ്രൊജക്റ്റിന്റെ രണ്ടാം വർഷമാണ് ഇത് (2019). ചരിത്രവും പ്രൗഡിയും നിലനിർത്തിക്കൊണ്ടുതന്നെ ഈ പ്രൊജക്റ്റിലൂടെ പല നല്ല മാറ്റങ്ങളും പുതിയ പദ്ധതികളും കൊണ്ടുവരാൻ സാധിക്കും എന്ന് സ്റ്റീവൻസ് പറഞ്ഞു. ഔദ്യോഗിക ആതിഥ്യത്തിനും വീട്ടുജോലിക്കും ആയി 2.3 മില്യൺ പൗണ്ട് ചെലവഴിച്ചു. ബക്കിങ്ങാം കൊട്ടാരം, വിൻഡ്സർ കൊട്ടാരം, സെന്റ് ജെയിംസസ് കൊട്ടാരം,ഹോളിറൂഡ്ഹൗസ് കൊട്ടാരം എന്നിവിടങ്ങളിലായി 240 സ്വീകരണ ചടങ്ങുകൾ നടന്നു. ഈ പാർട്ടികളിൽ ആകെ ഒരുലക്ഷത്തിഅറുപതിനായിരത്തോളം അതിഥികൾ പങ്കെടുത്തു. വൃത്തിയാക്കലിനും അലക്കലിനുമായി ആറു ലക്ഷം പൗണ്ട് ചെലവായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിലാണ് സന്ദർശനം നടത്തിയത്. ഇതിന്റെ ചെലവ് അടുത്ത വർഷമേ അറിയാൻ സാധിക്കൂ. വിവരസാങ്കേതികവിദ്യയ്ക്കായി 3.8 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 8 ലക്ഷം പൗണ്ടിന്റെ വർധനവാണ് ഉണ്ടായത്. അച്ചടി, തപാൽ, സ്റ്റേഷനറി എന്നിവയ്ക്കായി 1.1 മില്യൻ പൗണ്ടും ചെലവായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved