വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ വെറും മാസങ്ങള്‍ മാത്രം ആയുസ് പ്രതീക്ഷിച്ച മധ്യവയസ്‌കന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി. ഇവാന്‍ ഡാഗ് എന്ന 53കാരനാണ് ലോകത്ത് ആദ്യമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായത്. 2013ല്‍ ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നാലാം ഘട്ട ക്യാന്‍സറാണ് ഇവാനെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിലേക്കും രോഗം പടരുകയും ഇവാന്റെ ആരോഗ്യനില മോശമാകുകയും ചെയ്തു. കീമോതെറാപ്പിയിലൂടെ രോഗമുക്തിക്ക് 6 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. നിരവധി തവണ ട്യൂമറുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇവാന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായതുമില്ല.
പിന്നീട് 2018 ജനുവരിയില്‍ സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇവാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലോകത്തില്‍ ആദ്യമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഈ കരള്‍ ശസ്ത്രക്രിയയില്‍ കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലുണ്ടായിരുന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഹെപ്പാറ്റിക് വെയിന് സമീപമുള്ള ട്യൂമറുകള്‍ മാത്രമാണ് നീക്കിയത്. മുന്‍ ശസ്ത്രക്രിയക്കു ശേഷം ഇവാന്റെ കരളില്‍ പുതിയ രക്തക്കുഴല്‍ രൂപംകൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ആരോഗ്യം വീണ്ടെടുത്ത ഇവാന്‍ ഇപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതേ സമയം ഇനിയെന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ല എന്നാണ് ഇവാന്‍ പറയുന്നത്.
അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുന്നു. പ്രൊഫ.പീറ്റര്‍ ലോഡ്ജ് ആണ് ഇവാന്റെ ശസ്ത്രക്രിയ നടത്തിയത്. വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെപ്പാറ്റിക് വെസല്‍ എന്ന് അറിയപ്പെടുന്ന പ്രധാന രക്തക്കുഴലുകളായിരുന്നു ഇതിനു മുമ്പ് നടന്ന ശസ്ത്രക്രിയകളില്‍ തനിക്ക് മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ട്യൂമറുകള്‍ മാത്രമേ നീക്കം ചെയ്യേണ്ടി വന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗര്‍ഭിണികളോട് ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ മിഡ് വൈഫുമാര്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ തയ്യാറായേക്കുമെന്നും അതിലൂടെ നിയമക്കുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാലുമാണ് മിഡ് വൈഫുമാര്‍ ഇതിന് തയ്യാറാകാത്തതെന്നാണ് വിവരം. സ്‌കോട്ട്‌ലന്‍ഡിലെ സ്ത്രീകള്‍ പോലും അബോര്‍ഷന് തയ്യാറാകുന്നുണ്ടെന്നാണ് മിഡ് വൈഫുമാര്‍ പറയുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ 14 എന്‍എച്ച്എസ് ബോര്‍ഡുകളില്‍ നാലെണ്ണം ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താറില്ലെന്ന് അറിയിച്ചതായി സണ്‍ഡേ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാംപെയിന്‍, ഫോര്‍ത്ത് വാലി, ഓര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് എന്നീ ബോര്‍ഡുകളാണ് നോണ്‍-ജെന്‍ഡര്‍ ടെസ്റ്റിംഗ് പോളിസി പിന്തുടരുന്നത്.
ലിംഗനിര്‍ണയത്തില്‍ തെറ്റു സംഭവിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്താല്‍ പിന്നീടുണ്ടാകുന്ന നിയമ നടപടികള്‍ ഭയന്നാണ് തങ്ങള്‍ അതിന് തയ്യാറാകാത്തതെന്ന് ഒരു മിഡ് വൈഫ് സണ്‍ഡേ പോസ്റ്റിനോട് പറഞ്ഞു. ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞാണെന്ന് മനസിലായാല്‍ ചില സത്രീകള്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലിംഗനിര്‍ണയത്തില്‍ ചിലപ്പോള്‍ തെറ്റു സംഭവിക്കാറുണ്ടെന്ന് മറ്റൊരു മിഡ് വൈഫ് വെളിപ്പെടുത്തി. ഒരു ദമ്പതികളോട് അവര്‍ക്കുണ്ടാകാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ താന്‍ പറഞ്ഞു. പെണ്‍കുഞ്ഞിനു വേണ്ടി അവര്‍ തയ്യാറെടുപ്പുകള്‍ നടത്തി. നഴ്‌സറി പോലും പിങ്ക് നിറത്തില്‍ തയ്യാറാക്കി. പക്ഷേ അവര്‍ക്ക് ജനിച്ചത് ഒരു ആണ്‍കുഞ്ഞായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അസഭ്യംവിളി കേട്ടതോടെയാണ് എന്‍എച്ച്എസ് ഗ്രാംപെയിന്‍ സ്‌കാനിംഗ് തന്നെ നിര്‍ത്തിവെച്ചത്. ശിശുക്കളുടെ ലിംഗനിര്‍ണ്ണയമല്ല തങ്ങളുടെ നയമെന്ന് എന്‍എച്ച്എസ് ഓര്‍ക്ക്‌നി വക്താവ് അറിയിച്ചു. പിറക്കാത്ത കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയോ അതേക്കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം നല്‍കുകയോ ചെയ്യില്ലെന്ന് ഫോര്‍ത്ത് വാലി അറിയിച്ചു. ഗര്‍ഭസ്ഥ ശിശുക്കഴളുടെ ആരോഗ്യത്തെക്കുറിച്ച് അറിവു ലഭിക്കുന്നതിന് മാത്രമാണ് സ്‌കാന്‍ ചെയ്യുന്നതെന്നും ആശുപത്രികള്‍ വ്യക്തമാക്കുന്നു.
കാര്‍ഡിഫ്: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇംഗ്ലീഷ് ചാനലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം സാലയെക്കുറിച്ച് അദ്ദേഹത്തൊടപ്പം ഉണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോടസണെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇരുവരും അപകടത്തില്‍ മരണപ്പെട്ടിരിക്കുമെന്നാണ് രാക്ഷാദൗത്യം നടത്തുന്നവര്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാലയെ കാണാതാവുന്നത്. കാര്‍ഡിഫിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന്റെ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന സ്ഥലത്ത് ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയ അധികൃതര്‍ സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചു. തെരെച്ചില്‍ നിര്‍ത്തരുതെന്ന് ലോകഫുട്‌ബോളര്‍ മെസി ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷയുമായി രംഗത്ത് വന്നു. അപേക്ഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിയതോടെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം തുടരാന്‍ സാലയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.
തെരച്ചിലിനായി നടത്തിയ ഫണ്ട് റൈസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുള്‍പ്പടെയുള്ള സംഘമാണ് സാലക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം എംപാബെ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചിലിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. വിമാനം തകരുന്നതിന് മുമ്പ് സാല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സാലയുടെ അവസാന വാക്കുകള്‍.
ന്യൂസ് ഡെസ്ക്
മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ മാനങ്ങൾ രചിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ സഭയുടെ തലവൻ അറേബ്യൻ മണ്ണിൽ കാലുകുത്തി. ഞായറാഴ്ച രാത്രി യുഎഇ സമയം 9.47 ന് ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ട് അൽ ഇറ്റാലിയയുടെ “ഷെപ്പേർഡ് വൺ” ഫ്ളൈറ്റ് അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ പറന്നിറങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ സാർവ്വത്രിക ക്രൈസ്തവ സഭയുടെ ഇടയന് യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്കി. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്ഥാപക പിതാവിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിക്കൊണ്ട് തിങ്കളാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. ത്രിദിന സന്ദർശനത്തിന്റെ ആദ്യ ഔദ്യോഗിക ദിനം പ്രസിഡൻഷ്യൽ പാലസിൽ ഇന്റര്‍ റിലീജിയസ് കോണ്‍ഫറന്‍സ് നടക്കും. യഹൂദ- ക്രൈസ്തവ മത നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പ മുസ്ളിം കൗൺസിലിലെ മുതിർന്ന അംഗങ്ങളുമായി സംവദിക്കും.
ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പ സെൻറ് ജോസഫ് കത്തീഡ്രൽ സന്ദർശിക്കും. സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ഓളം വിശ്വാസികളാടൊന്നിച്ച് തുടർന്ന് വിശുദ്ധ ബലിയർപ്പിക്കും. ഏകദേശം ഒരു മില്യനോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരും ഫിലിപ്പീൻസുകാരുമാണ്. പേപ്പൽ മാസിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി യുഎഇ ഗവൺമെന്റ് ചൊവ്വാഴ്ച അവധി നല്കിയിട്ടുണ്ട്. 2019 സഹിഷ്ണുതയുടെ വർഷമായി ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ സിറ്റിയിൽ നടന്ന കുർബാന മധ്യേയുള്ള പ്രസംഗത്തിൽ, യെമനിൽ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ലോക സമൂഹം പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.
സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്. ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്. ഫാ. സജി തോട്ടത്തില്‍, ഫാ.ഹാപ്പി ജേക്കബ്, ഫാ.മൈക്കിള്‍ മക്കോയ് എന്നിവരുടെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.
സണ്ടര്‍ലന്‍ഡിലെ മലയാളി സമൂഹം എല്ലാവരും ചേർന്നാണ് മൃതസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. നാളെ ഫ്യൂണറൽ ഡിറക്റ്റേഴ്സ്മായി നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പൂർണ്ണമായ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളു എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. എന്നിരുന്നാലും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിച്ചേരുന്നതിൽ വിഷമം ഇല്ലെങ്കിൽ യുകെയിൽ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുദർശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
അബുദാബി • ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തും. യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തു. യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും അദ്ദേഹം കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ അദ്ദേഹം യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളുടെ പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ വലയുകയാണെന്നും തുടര്‍ച്ചയായ യുദ്ധത്തിലൂടെ ജനതകള്‍ തുടച്ചുനീക്കപ്പെടുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
നിരത്തുകളിലെങ്ങും സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞുകഴിഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.അല്‍ മുഷ്‌റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഇന്നു രാവിലെ സംഗമം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേര്‍ പങ്കെടുക്കും. ഫൗണ്ടഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ടാണു മാര്‍പാപ്പ സന്ദേശം നല്‍കുക. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും. തുടര്‍ന്നാണു സാഹോദര്യ സംഗമവേദിയിലേക്കു തിരിക്കുക. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും. അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും
വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ്. ഇന്റര്‍നെറ്റ് സുരക്ഷ, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിഗ് തുടങ്ങിയവ സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് നിക്ക് ഗിബ്ബ് ഈ പ്രസ്താവന നടത്തിയത്. കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കാന്‍ നിലവില്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇത് തീരുമാനിക്കാനുള്ള അധികാരം ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുമെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ നയം.
അതേസമയം ഗിബ്ബ് മുന്നോട്ടു വെക്കുന്ന പദ്ധതി പഠനത്തില്‍ മൊബൈല്‍ ഫോണുകള്‍ എത്രമാത്രം സഹായകരമാണെന്ന വസ്തുത മറക്കുകയാണെന്ന് മാഞ്ചസ്റ്ററിലെ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് ഹെഡ്ടീച്ചര്‍ പാസ്റ്റി കെയിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്തരവാദിത്തത്തോടെ പഠനത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മള്‍ട്ടി അക്കാഡമി ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു. സ്‌കൂള്‍ ടൈമില്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അധ്യാപകര്‍ കുട്ടികളില്‍ നിന്ന് അവ വാങ്ങിവെക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. റിവിഷനുകള്‍ക്കു വേണ്ടി ഫലപ്രദമായ ആപ്പുകളുടെ നിരതന്നെ ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.
സ്മാര്‍ട്ട്‌ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഹെഡ്ടീച്ചര്‍മാരുടെ സംഘടനയും ആശങ്കയറിയിച്ചു. എന്നാല്‍ ഒട്ടേറെ സ്‌കൂളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗിബ്ബ് പറയുന്നത്. ഹെഡ്ടീച്ചര്‍മാരുടെ അധികാര പരിധിയിലുള്ള കാര്യമാണ് ഇതെങ്കിലും സ്‌കൂളുകള്‍ ഇതിന് പൂര്‍ണ്ണ വിലക്ക് കൊണ്ടുവരണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗിബ്ബ് വ്യക്തമാക്കി.
യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു.
പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു.
അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്‌സിറ്റ് ഭീതിയില്‍ ഒട്ടേറെ കമ്പനികള്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുയകയും ഉദ്പാദന പ്ലാന്റുകള്‍ ഉള്‍പ്പെടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍. തങ്ങളുടെ എക്‌സ്-ട്രെയില്‍ എസ്.യുയുവിയുടെ നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും 2016ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്ന് നിസാന്‍ പിന്നോട്ടു പോകുന്നു. നിലവില്‍ പ്ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതു കൂടാതെ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവെക്കുകയാണെന്നു കൂടി കമ്പനി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൂട്ടന്‍ ആന്‍ഡ് സന്‍ഡര്‍ലാന്‍ഡ് സൗത്തിലെ ലേബര്‍ എംപിയായ ബ്രിജറ്റ് ഫിലിപ്‌സണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ഇതേക്കുറിച്ച് സൂചന നല്‍കി.
If confirmed, this would represent deeply troubling news for the north east economy. So many jobs and livelihoods depend on Nissan’s success https://t.co/VwlfytkZcB
— Bridget Phillipson (@bphillipsonMP) February 2, 2019
നോര്‍ത്ത് ഈസ്റ്റിലെ സാമ്പത്തികരംഗത്തിന് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ട്വീറ്റില്‍ അവര്‍ പറഞ്ഞു. നിസാന്റെ വിജയത്തെ ആശ്രയിച്ച് നിരവധി പേരുടെ ജീവിതങ്ങളുണ്ടെന്നും അവരുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു. സന്‍ഡര്‍ലാന്‍ഡ് സെന്‍ട്രലിലെ ലേബര്‍ എംപിയായ ജൂലി എലിയറ്റും വിഷയത്തില്‍ പ്രതികരിച്ചു. ബ്രെക്‌സിറ്റിന്റെ ഒഴിവാക്കാനാകാത്ത വശമാണ് ഇതെന്നും രാജ്യത്ത് വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതില്‍ ബ്രെക്‌സിറ്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാതിരിക്കാന്‍ എല്ലാ മാര്‍ഗ്ഗവും താന്‍ നോക്കുന്നുണ്ട്. ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
1986 മുതല്‍ സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിസാന്‍ കാറുകള്‍ ഉത്പാദിപ്പിച്ചു വരികയാണ്. 7000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഈ പ്ലാന്റില്‍ നിന്നായിരിക്കും അടുത്ത തലമുറ എക്‌സ്-ട്രെയില്‍, ക്വാഷ്‌കായ് തുടങ്ങിയവ നിര്‍മിക്കുക എന്ന് 2016ല്‍ കമ്പനി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയ്യാറായത്. എന്നാല്‍ പുതിയ തീരുമാനത്തിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ റോബ് യംഗ് പറഞ്ഞു.
നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര തുടര്‍ന്നും അനുവദിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. 90 ദിവസത്തേക്കാണ് വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് യാത്ര അനുവദിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ ജിബ്രാള്‍ട്ടറിനെ ഒരു കോളനിയായി കണക്കാക്കുന്നത് യുകെ ഒഫീഷ്യലുകളുമായി തര്‍ക്കത്തിനും കാരണമായി. ബ്രെക്‌സിറ്റ് നടപ്പാകുന്ന മാര്‍ച്ച് 29ന് ശേഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ചെറിയ കാലയളവില്‍ യുകെയില്‍ തങ്ങാന്‍ കഴിയുമെന്ന് ബ്രിട്ടന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ മേഖലയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അനുവാദം നല്‍കിയതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ നിര്‍ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ അംബാസഡര്‍മാര്‍ കൗണ്‍സില്‍ പ്രസിഡന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ അനുസരിച്ച് വിസ ഇളവുകള്‍ അനുവദിക്കുന്നത് പരസ്പരമായിരിക്കണം. യുകെ ഗവണ്‍മെന്റ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനും അത് അനുവദിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ല. ഭാവിയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുകെ വിസ നിര്‍ബന്ധമാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവ് ഇല്ലാതാകുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
അതേസമയം ബ്രിട്ടനിലും ബ്രിട്ടീഷ് പ്രവിശ്യയായ ജിബ്രാള്‍ട്ടറിലുമുള്ളവര്‍ക്ക് വ്യത്യസ്ത നയങ്ങളാണ് പുതിയ റെഗുലേഷന്‍ നിര്‍ദേശിക്കുന്നത്. ജിബ്രാള്‍ട്ടര്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലാണ് ഉള്ളത്. ബ്രിട്ടന്റെ കോളനിയാണ് ജിബ്രാള്‍ട്ടര്‍ എന്ന് റെഗുലേഷന്റെ ഫുട്ട്‌നോട്ടില്‍ സൂചിപ്പിച്ചത് അല്‍പനേരം തര്‍ക്കങ്ങള്‍ക്ക് കാരണമായി. ജിബ്രാള്‍ട്ടറിന്‍മേലുള്ള അധികാരം സംബന്ധിച്ച് യുകെയും സ്‌പെയിനും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. റെഗുലേഷനില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് സംബന്ധിച്ച് അംബാസഡര്‍മാരുടെ യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധി എതിര്‍പ്പ് അറിയിച്ചുവെന്നാണ് വിവരം.