Main News

കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി ലഞ്ച്‌ബോക്‌സ് സ്‌നാക്‌സില്‍ അടങ്ങിയിരിക്കുന്നത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ മൂന്നില്‍ രണ്ട് അളവെന്ന് വെളിപ്പെടുത്തല്‍. സ്മൂത്തികള്‍, യോഗര്‍ട്ട്, മിനി ചോക് ബാറുകള്‍, സ്‌പോഞ്ചസ് തുടങ്ങിയവയില്‍ അളവില്ലാതെ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ ഈ ഭക്ഷ്യവസ്തുക്കള്‍ അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെസ്ലേയുടെ മഞ്ച് ബഞ്ച് സ്‌ക്വാഷം സ്‌ട്രോബെറി യോഗര്‍ട്ട് ഡ്രിങ്കിന്റെ ഒരു പോര്‍ഷനില്‍ 11.4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് തുല്യമാണ് ഈ അളവ്. ഒരു ദിവസം പരമാവധി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് 19 ഗ്രാം പഞ്ചസാര മാത്രമാണെന്നിരിക്കെ ഇതില്‍ മാത്ര അടങ്ങിയിരിക്കുന്നത് പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

സമാനമാണ് എല്ലാസ് കിച്ചണിന്റെ ദി വൈറ്റ് വണ്‍ സ്‌ക്വിഷ്ഡ് സ്മൂത്തീ ഫ്രൂട്ട്‌സിന്റെയും അവസ്ഥ. ഇതിന്റെ 90 ഗ്രാം വരുന്ന ഒരു പോര്‍ഷനില്‍ 10.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. യുകെയില്‍ യോഗര്‍ട്ട് ഏറ്റവും കൂടുതല്‍ നല്‍കുന്നത് മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്ന വസ്തുത പരിഗണിച്ചാല്‍ ഇത് എന്തുമാത്രം അപകടകരമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മധുരം ചേര്‍ക്കാത്ത സാധാരണ യോഗര്‍ട്ട് ആണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യകരമായ സ്‌നാക്ക് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും ഇതില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ചൈല്‍ഡ്ഹുഡ് ഒബീസിറ്റ് പ്ലാനില്‍ യോഗര്‍ട്ടിനെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. 2020ഓടെ ഇവയില്‍ നിന്ന് 20 ശതമാനം പഞ്ചസാര നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ സ്‌കൂള്‍ കുട്ടികള്‍ 10 വയസിനിടെ കഴിക്കുന്നത് 18 വയസ് വരെ ഉപയോഗിക്കുന്നത്രയും അളവ് പഞ്ചസാരയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന പഠനത്തില്‍ വ്യക്തമായിരുന്നു.

ഈസ്റ്റ് യോർക്ഷയറിലെ ഹള്ളിലുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രദീപ് നായരാണ് മരണപ്പെട്ടത്. ഇദ്ദേഹം താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സഹതാമസക്കാരന്‍ തിരിച്ചെത്തിയപ്പോൾ, പ്രദീപിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഈ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു 45 വയസ്സുണ്ടായിരുന്ന പ്രദീപ് നായര്‍. ഹള്ളിലെ ഒരുമലയാളിയുടെ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത് വരികയായിരുന്നു. ഹള്ളിലെ മലയാളി പൊതുപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത്, പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

ഒതുങ്ങിക്കഴിയുന്ന പ്രകൃതമായിരുന്ന പ്രദീപിനെ രണ്ടുദിവസമായി കാണാതില്ലാതിരുന്നിട്ടും ആരും അന്വേഷിച്ചിരുന്നില്ല. പുതുവര്‍ഷം മുറിയിലിരുന്ന് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാണോ എന്നത് പോസ്റ്റ്മാർട്ടത്തിന് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളു. പ്രദീപിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അടുത്തുള്ള മലയാളികള്‍ക്കും അറിയില്ല. വാഹിതനാണോ നാട്ടില്‍ കുടുംബമുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.

ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.

ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.

ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്.

കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം.

ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റോയല്‍ നേവിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ സ്ഥിരീകരണം. ഇതിനായി എച്ച്എംഎസ് മെഴ്‌സി എന്ന നേവി പടക്കപ്പല്‍ ചാനലില്‍ വിന്യസിച്ചിരിക്കുകയാണ്. അപകടകരമായ വിധത്തില്‍ ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ കപ്പലിന് കഴിയുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. യുകെ ബോര്‍ഡര്‍ ഫോഴ്‌സും ഫ്രഞ്ച് അധികൃതരും ചാനലില്‍ പട്രോളിംഗ് നടത്തി വരികയാണ്. ഹോം ഓഫീസിന്റെ അപേക്ഷ പ്രകാരമാണ് നേവി കപ്പല്‍ വിന്യസിക്കാന്‍ ഡിഫന്‍സ് മിനിസ്ട്രി തീരുമാനിച്ചത്. നവംബറിനു ശേഷം ചെറിയ ബോട്ടുകളിലും ഡിങ്കികളിലുമായി 240 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയെന്നാണ് കണക്ക്.

യുകെ തീരത്തും അറ്റ്‌ലാന്റിക്കിലും ഫിഷിംഗ് പട്രോളിനായി നിയോഗിക്കപ്പെടുന്ന കപ്പലാണ് എച്ച്എംഎസ് മെഴ്‌സി. മീന്‍പിടിത്ത ബോട്ടുകളും ട്രോളറുകളും അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ക്വോട്ടകള്‍ മറികടക്കാതെ കാക്കുകയാണ് കപ്പലിന്റെ ചുമതല. ബോര്‍ഡര്‍ ഫോഴ്‌സ് ചാനലില്‍ രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. എച്ച്എംസി വിജിലന്റ്, എച്ച്എംസി സെര്‍ച്ചര്‍ എന്നീ രണ്ടു കട്ടറുകളും ബോര്‍ഡര്‍ ഫോഴ്‌സിന്റേതായി ചാനലിലുണ്ട്. ഇവയ്ക്ക് ഒട്ടേറെയാളുകളെ രക്ഷപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. നേവി കപ്പല്‍ നിയോഗിക്കപ്പെട്ടത് ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്. എച്ച്എംസി പ്രൊട്ടക്ടര്‍, എച്ച്എംസി സീക്കര്‍ എന്നീ രണ്ടു കട്ടറുകള്‍ കൂടി യുകെ തീരത്ത് നിയോഗിക്കപ്പെടുന്നതു വരെയായിരിക്കും നേവിയുടെ സേവനം തുടരുക.

ഈ കട്ടറുകള്‍ ഇപ്പോള്‍ മെഡിറ്ററേനിയനിലാണ് ഉള്ളത്. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ചാനലില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കുകയുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജാവീദ് പറയുന്നു. അതിനാലാണ് നേവിയുടെ കപ്പല്‍ ചാനലിലേക്ക് അയച്ചിരിക്കുന്നത്. ചെറിയ ബോട്ടുകളില്‍ ജീവന്‍ പണയപ്പെടുത്തി യുകെയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ അഭയാര്‍ത്ഥികള്‍ തന്നെയാണോ എന്ന് ഹോം സെക്രട്ടറി ബുധനാഴ്ച ഉന്നയിച്ച ചോദ്യം വിവാദമായിരുന്നു.

ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന ശ്വാസ പരിശോധന ബ്രിട്ടനില്‍ പരീക്ഷിക്കുന്നു. രോഗമുള്ളവരുടെ നിശ്വാസ വായുവിലൂടെ പുറത്തു വരുന്ന ക്യാന്‍സര്‍ മുദ്രകളുള്ള തന്മാത്രകളെ കണ്ടെത്തുകയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ബ്രെത്ത് ബയോപ്‌സി ഡിവൈസ് ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തിലുള്ള ക്യാന്‍സറുകള്‍ പോലും ഈ രീതിയിലൂടെ കണ്ടെത്താന്‍ കഴിയും. ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണ്ണയം വളരെ ചെലവു കുറഞ്ഞ രീതിയില്‍ നടത്താന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആയിരക്കണക്കിനാളുകളെ മാരക രോഗത്തില്‍ നിന്ന് രക്ഷിക്കാനും ഹെല്‍ത്ത്‌കെയര്‍ ചെലവില്‍ മില്യന്‍ കണക്കിന് പൗണ്ട് ലാഭമുണ്ടാക്കാനും ഇത് സഹായിക്കുമെന്നുമാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലായിരിക്കും പരീക്ഷണം നടക്കുക. ഇത് രണ്ടു വര്‍ഷത്തോളം നീണ്ടു നില്‍ക്കും. ക്യാന്‍സര്‍ രോഗികളും അല്ലാത്തവരുമായ 1500 പേരിലായിരിക്കും പരീക്ഷണം നടത്തുക. ആദ്യഘട്ടത്തില്‍ അന്നനാളത്തിലും ആമാശയത്തിലും ക്യാന്‍സര്‍ ഉള്ള രോഗികളെയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. പിന്നീട് പ്രോസ്‌റ്റേറ്റ്, കിഡ്‌നി, മൂത്രസഞ്ചി, കരള്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരെ ഉപകരണം ഉപയോഗിച്ച് പരിശോധിക്കും. ക്യാന്‍സര്‍ എന്ന മഹാരോഗം നേരത്തേ കണ്ടെത്താനും രോഗികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ അടിയന്തരമായി നിര്‍മിക്കണമെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ കേംബ്രിഡ്ജ് സെന്ററിലെ പ്രൊഫ. റബേക്ക ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

നിസ്വാസ വായുവിലൂടെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ട വികാസത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കമ്പനിയായ ഔള്‍സ്റ്റോണ്‍ മെഡിക്കല്‍ ആണ് ഈ ഉപകരണം കണ്ടെത്തിയിരിക്കുന്നത്. കമ്പനിയും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയും ചേര്‍ന്നാണ് പാന്‍ ക്യാന്‍സര്‍ ട്രയല്‍ ഫോര്‍ ഏര്‍ലി ഡിറ്റക്ഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ ബ്രെത്ത് എന്ന പേരില്‍ പരീക്ഷണം നടത്തുന്നത്.

ബെയ്ജിങ്: ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ചാങ്ഇ4 പേടകം ചന്ദ്രന്റെ വിദൂരഭാഗത്തേക്ക് വിജയകരമായി ഇറങ്ങി. ഭൂമിയില്‍ നിന്നും ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂര ഭാഗത്ത് (ഫാര്‍ സൈഡ്) ഇതുവരെ പേടകങ്ങളൊന്നും ഇറങ്ങിയിട്ടില്ല. ചന്ദ്രനു ചുറ്റും കറങ്ങുന്ന വിവിധ ഉപഗ്രഹങ്ങള്‍ ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ആദ്യമായാണ് പേടകം ഇറങ്ങുന്നത്. ലോകത്തിലാകമാനം നടക്കുന്ന പര്യവേഷണ ഗവേഷണങ്ങളില്‍ നാഴികല്ലാകും ചാങ്ഇ4 പേടകം എന്നാണ് കരുതുന്നത്. ചാങ്ഇ4 പേടകം അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രവും ഇതിനോടകം ലഭ്യമായി കഴിഞ്ഞു. ഡിസംബര്‍ 8 നു വിക്ഷേപിച്ച പേടകം 12നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. തുടര്‍ന്നു 18 ദിവസത്തെ യാത്രയ്ക്കു ശേഷം ലക്ഷ്യത്തിലെത്തിയത്.

ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണു ചന്ദ്രന്‍ സ്വയം കറങ്ങുന്നതും. ‘ടൈഡല്‍ ലോക്കിങ്’ എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരില്ല. മനുഷ്യര്‍ക്കു ദൃശ്യമല്ലാത്തതിനാല്‍ ഇരുണ്ട ഭാഗം എന്നും ഇത് അറിയപ്പെടുന്ന ഫാര്‍ സൈഡില്‍ വലിയ ഗവേഷണങ്ങളൊന്നും നടത്താന്‍ മനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചാങ്ഇ4 പേടകം വിജയകരമായി ഇറങ്ങിയതോടെ ഫാര്‍ സൈഡിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ചന്ദ്രനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചാങ്ഇ4 പേടകത്തിന് ഭൂമിയിലേക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറുക സാധ്യമല്ല. അതിനാല്‍ ബഹിരാകാശത്തുള്ള മറ്റൊരു ഉപഗ്രഹം വഴിയാവും വിവരങ്ങള്‍ ഭൂമിയിലേക്ക് എത്തിക്കുക.

ക്യാമറകള്‍, റഡാര്‍, സ്‌പെക്ട്രോമീറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളുമായാണ് പേടകം ചന്ദ്രനിലിറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള അതിപ്രാചീനമായ ഐയ്റ്റ്കന്‍ മേഖലയിലെ ഉപരിതല, ധാതു ഘടനകള്‍ പഠിക്കുകയാണു പ്രധാനലക്ഷ്യം. ദൗത്യം വിജയിച്ചതോടെ രാജ്യാന്തര ബഹിരാകാശ മത്സരത്തില്‍ ചൈനയ്ക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഫാര്‍ സൈഡില്‍ നിന്ന് ഭൂമിയിലേക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കില്ലെന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന പ്രതിസന്ധി. എന്നാല്‍ മറ്റൊരു ഉപഗ്രഹം വഴി ഇത് സാധ്യമായതോടെ കാര്യങ്ങള്‍ എളുപ്പമായി.

കേക്കുകള്‍, ബിസ്‌കറ്റ്, മിഠായികള്‍ തുടങ്ങിയവയ്ക്ക് പുഡ്ഡിംഹ് ടാക്‌സ് ഏര്‍പ്പെടുത്താനൊരുങ്ങി ഗവണ്‍മെന്റ്. പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്ന ആഹാരത്തിന്റെ ഉപയോഗം ജനങ്ങളില്‍ അമിത വണ്ണത്തിന് കാരണമാകുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കുട്ടികള്‍ 10 വയസ് പ്രായമെത്തുന്നതു വരെ 18 വയസില്‍ ഉപയോഗിക്കുന്ന അത്രയും പഞ്ചസാര കഴിക്കുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്കമാക്കുന്നത്. സാധാരണ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്പാദകര്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. പുഡ്ഡിംഗുകളുടെ കാര്യത്തില്‍ നിയന്ത്രണമേ ഉണ്ടാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍.

ഇതോടെയാണ് പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ.ആലിസണ്‍ ടെഡ്‌സ്‌റ്റോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടു. സ്പ്രിംഗില്‍ വരുന്ന അവലോകനത്തില്‍ പഞ്ചസാരയുടെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകുന്നില്ലെങ്കില്‍ നികുതി ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ നല്‍കുന്ന നിര്‍ദേശം. വേണ്ടിവന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും അവര്‍ വ്യക്തമാക്കി. ശീതള പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഷുഗര്‍ ടാക്‌സിന്റെ അതേ മാതൃകയിലായിരിക്കും പുഡ്ഡിംഗ് ടാക്‌സും പ്രാവര്‍ത്തികമാക്കുക. കഴിഞ്ഞ വര്‍ഷമാണ് ഇത് നടപ്പാക്കിയത്.

2020 ഓടെ ഭക്ഷ്യ വസ്തുക്കളിലെ പഞ്ചസാരയുടെ അളവ് പകുതിയായി കുറയ്ക്കണമെന്നാണ് ഫുഡ് ഇന്‍ഡ്‌സ്ട്രിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രേക്ക്ഫാസ്റ്റ് സീരിയലുകള്‍, യോഗര്‍ട്ട്, കേക്ക്, ബിസ്‌കറ്റ്, മിഠായികള്‍, ചോക്കളേറ്റ്, ഐസ്‌ക്രീം, സ്‌പ്രെഡുകള്‍ എന്നിവയിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.

പനിക്കും ജലദോഷത്തിനുമുള്ള മരുന്നുകള്‍ ബ്രാന്‍ഡ് പേരുകളിലുള്ളതാണെങ്കില്‍ അവയ്ക്ക് ആറിരട്ടിയിലധികം വില നല്‍കേണ്ടതായി വരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോയ്ഡ്‌സില്‍ 16 സുഡാഫെഡ് കണ്‍ജഷന്‍ ആന്‍ഡ് ഹഡേക്ക് റിലീഫ് ഗുളികയടങ്ങിയ ബോക്‌സിന് 4.09 പൗണ്ടാണ് വില. അതേസമയം ഈ മരുന്നിന്റെ ഘടകങ്ങള്‍ മാത്രമുള്ള ഗാല്‍ഫാം മാക്‌സ് സ്‌ട്രെങ്ത് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിന് പൗണ്ട്‌സ്‌ട്രെച്ചറില്‍ 69 പെന്‍സ് മാത്രമേ നല്‍കേണ്ടതുള്ളു. ശിശുക്കള്‍ക്കായുള്ള 100 മില്ലി കാല്‍പോള്‍ സിറപ്പിന് 3.5 പൗണ്ടാണ് ബൂട്ട്‌സ് ഈടാക്കുന്നത്. എന്നാല്‍ ഹെല്‍ത്ത്‌പോയിന്റ് ചില്‍ഡ്രന്‍സ് പാരസെറ്റമോള്‍ സസ്‌പെന്‍ഷന് വില്‍കോയില്‍ 1.20 പൗണ്ട് മാത്രം നല്‍കിയാല്‍ മതിയാകും. ഒരേ മരുന്ന് തന്നെയാണ് ഇത്.

ലെംസിപ് കോള്‍ഡ് ആന്‍ഡ് ഫ്‌ളൂ ക്യാപ്‌സ്യൂളിനും ബെനിലില്‍ കോള്‍ഡ് ആന്‍ഡ് ഫളൂ മാക്‌സ് ക്യാപ്‌സ്യൂളിനും ഒരേ ഘടകങ്ങള്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ പൗണ്ട്‌സ്‌ട്രെച്ചറില്‍ ലഭിക്കുന്നതിനാണ് വിലക്കുറവ്. എല്ലാ മരുന്നുകളും ഏറ്റവും ഗുണനിലവാരമുള്ള ഒരേ വസ്തുക്കള്‍ ഉപയോഗിച്ചു തന്നെയാണ് നിര്‍മിക്കുന്നതെന്ന് റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയിലെ ലൂയിജി മാര്‍ട്ടീനി പറയുന്നു. ഡോസും ഫോര്‍മുലേഷനും ഒന്നുതന്നെയാണെങ്കില്‍ ബ്രാന്‍ഡഡ് മരുന്നുകളും ജാനറിക് മരുന്നുകളും ഒന്നുതന്നെയാണെന്നും മാര്‍ട്ടീനി പറയുന്നു. പിഎല്‍ നമ്പര്‍ കണ്ടെത്തിയാല്‍ ഒരേ മരുന്നുകളില്‍ തന്നെ കുറഞ്ഞ വിലയുള്ളവ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് വക്താവ് പറയുന്നത്. മരുന്നുദ്പാദകര്‍ക്ക് ഓരോ മരുന്നുകള്‍ക്കും നല്‍കുന്ന ലൈസന്‍സ് നമ്പറാണ് ഇത്.

ഉദാഹരണത്തിന് PL 12063/0104 എന്നത് പനിക്കും ജലദോഷത്തിനുമുള്ള മരുന്നാണ്. പല ബ്രാന്‍ഡിലും പാക്കേജിലുമാണെങ്കിലും പിഎല്‍ നമ്പര്‍ ഒന്നാണെങ്കില്‍ അത് ഒരേയിനത്തില്‍പ്പെട്ട മരുന്നു തന്നെയാണ്. തങ്ങള്‍ റീട്ടെയില്‍ പ്രൈസ് നിര്‍ദേശിക്കാറേയുള്ളുവെന്നും റീട്ടെയിലറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതെന്നും കാല്‍പോളിന്റെയും സുഡാഫെഡിന്റെയും നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പറയുന്നു.

Copyright © . All rights reserved