ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : എന്തിനാണ് അഭയാർത്ഥികൾ ജീവൻ പണയം വെച്ച് യുകെയിലേക്ക് എത്തുന്നത്?
ഇംഗ്ലണ്ടിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഉയരുന്ന ചോദ്യമാണിത്. യുഎൻ ഡാറ്റാ പ്രകാരം 17480 കുടിയേറ്റക്കാരാണ് 2014 മുതൽ മുങ്ങിമരിച്ചിട്ടുള്ളത്. ആളുകൾ സ്വന്തം നാട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് പിന്നിൽ വേദനാജനകവും വിഷമകരവുമായ കാരണങ്ങളുണ്ടെന്ന് ബ്രിട്ടീഷ് റെഡ് ക്രോസിലെ അഭയാർഥി പിന്തുണാ മേധാവി ഡെബി ബസ്‌ലർ അഭിപ്രായപ്പെടുന്നു. “രാഷ്ട്രീയവും സാമൂഹികവും മതപരവും ആയ സംഘർഷങ്ങളിൽ നിന്നും അവർ രക്ഷപെടാൻ ശ്രമിക്കുന്നു. ഈ ജനങ്ങളെ വെറും അഭയാർഥികളായി കാണരുത്. കടുത്ത പ്രതിസന്ധികൾ നേരിടുന്നവരാണവർ. ” ബസ്‌ലർ കൂട്ടിച്ചേർത്തു.

ബൾഗേറിയ-തുർക്കി അതിർത്തിയിൽ ഒരു വേലി രൂപപെട്ടപ്പോൾ ധാരാളം ആളുകൾ യൂറോപ്പിലേക്ക് കടക്കാൻ മറ്റു വ്യത്യസ്ത രീതികൾ സ്വീകരിച്ചതായി ബിബിസി ലേഖകൻ നിക്ക് തോർപ്പ് പറഞ്ഞു. ” ട്രക്കുകളിൽ ഒളിച്ചിരുന്നാണ് മിക്ക അഭയാർത്ഥികളും ഇവിടേക്ക് എത്തുന്നത്. ഒരു ട്രക്കിൽ നിന്നും മറ്റൊന്നിലേക്ക് കള്ളക്കടത്തുകാർ അവരെ മാറ്റി യൂറോപ്പിൽ എത്തിക്കുന്നു. 2016 മുതൽ നിയമങ്ങൾ കർശനമാക്കിയതുമൂലം യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

2014ലെ കുടിയേറ്റ പ്രതിസന്ധിയുടെ തുടക്കം മുതൽ, നിയമവിരുദ്ധമായി യുകെയിൽ എത്തിയ 12 കുടിയേറ്റക്കാർ മരണപ്പെട്ടിരുന്നു. ലോറികളിൽ യുകെയിലേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്തുക എന്നത് കഠിനജോലിയാണെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) പറയുന്നു. 40 പ്രധാന തുറമുഖങ്ങളിലൂടെ 2018 ൽ ഏകദേശം 3.6 ദശലക്ഷം ലോറികളും കണ്ടെയ്നറുകളും രാജ്യത്ത് പ്രവേശിച്ചതായി ഗതാഗത വകുപ്പും വ്യക്തമാക്കുന്നു. സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടുന്ന കുടിയേറ്റക്കാർക്ക് ജീവൻ നഷ്ടപെടുന്ന അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ഫ്ലോറിഡ :- അപകടത്തിൽപെട്ട കാറിന്റെ ഹാൻഡിൽ തുറക്കാൻ ആവാത്തതിനാൽ 48 കാരനായ യുവാവ് അതിനുള്ളിൽ വെന്തുമരിച്ചു. ടെസ്‌ല കമ്പനിയുടെ മോഡൽ എസ് കാറാണ് അനസ്തേഷ്യയോളജിസ്റ്റായ ഒമർ അവാൻ ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ വണ്ടിയിൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുകയും, ഒരു ഈന്തപ്പനയിൽ ചെന്ന് ഇടിക്കുകയും ആയിരുന്നു. കാറിന്റെ ഹാൻഡിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ചുറ്റുമുണ്ടായിരുന്ന പോലീസ് ഓഫീസറിനും ജനങ്ങൾക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല. കാറിനുള്ളിൽ പുക പടരുന്നത് നിസ്സഹായതയോടെ അവർ നോക്കി നിന്നു.

ഇത്തരം മോഡൽ കാറുകൾക്കെതിരെ പരാതികൾ ധാരാളം ഉയർന്നുവന്നിട്ടുണ്ട് ഉണ്ട്. കാറിനുള്ളിൽ നിന്നും ഉയർന്നുവന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ടെസ്‌ല കമ്പനിക്കെതിരെ കേസുകൾ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചില്ല.

മോഡൽ എസ് കാറുകളുടെ ഹാൻഡ്കാറുകളുടെ ഹാൻഡിലിനെതിരെ ധാരാളം പരാതികൾ ഉയർന്നു വരുന്നുണ്ട്. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ ശ്രമിച്ചിട്ടും പിന്നെയും തീ കത്തുകയായിരുന്നു എന്നായിരുന്നു സംഭവം കണ്ടവർ റിപ്പോർട്ട് ചെയ്തത്. ഇത്തരം പരാതികൾക്കെതിരെ കമ്പനി എത്രയുംവേഗം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത് ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു ……..
ആദില ഹുസൈൻ | മലയാളം കവിത
ഞാൻ ഒരു ഭാരമാണ്
എന്റെ പേര് ഭൂപടങ്ങളിലില്ല
എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു,
എനിക്കെതിരെ നിയമമുണ്ടാക്കി
ലക്ഷ്മണരേഖകൾ വരച്ചു
എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി
പ്രതീകവൽക്കരിച്ചു
കരളില്ലാത്തവനായി മുദ്രകുത്തി
കണ്ണീരില്ലാത്തവനായി തെറ്റിദ്ധരിച്ചു.
എന്നെ അവർ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചു
എല്ലാം കാണുന്ന ദൈവങ്ങൾ കണ്ണടച്ചു.
ഞാനെണീറ്റു നിന്നു
നിങ്ങൾ അന്ധരായഭിനയിച്ചു.
ഞാൻ ശബ്ദമുയർത്തി
നിങ്ങൾ ബധിരരായി.
ഒടുവിലംബയും കൈവെടിഞ്ഞപ്പോൾ
മറുകര പറ്റാൻ തോണിയേറി,
ഞാനൊരു കടൽത്തീരത്ത് ഭാരങ്ങൾ ഒഴിഞ്ഞു
നിങ്ങളെന്നെ ഐലാൻ കുർദി എന്ന് വിളിച്ചു.
എനിക്ക് വേണ്ടി കരയാൻ നിങ്ങളുണ്ടായിരുന്നോ?
ഇല്ല
ഉണ്ണാൻ
ഉടുക്കാൻ
കിടക്കാൻ
രമിക്കാൻ
എല്ലാം ആവശ്യത്തിലധികം നിങ്ങൾക്കുണ്ട്
പിന്നെന്തിന് ഒരു കണ്ണീർത്തുള്ളി വെറുതെ കളയണം
സമയം വിലപ്പെട്ടതാണ്
ഇനി നിങ്ങൾ നിങ്ങളിലേക്ക് മടങ്ങിക്കോളൂ
പിൻതാങ്ങാൻ ആളില്ലാത്തവന്റെ ജൽപനം
കേട്ടെന്നു നടിക്കേണ്ട.
പതുപതുത്ത ഒരു മെത്ത നിങ്ങളെ കാക്കുന്നു
മുൾപ്പടർപ്പുകൾ എരിവെയിൽ വേദന
വേട്ടയാടാൻ എന്നെയും.

ആദില ഹുസൈൻ .
കായംകുളത്തു ജനിച്ചു. പിതാവ് :ഹുസൈൻ എം , മാതാവ് : ഷീജ , സഹോദരി : ആൽഫിയാ ഹുസൈൻ.
ഇപ്പോൾ ജാമിയ മിലിയ ഇസ്ലാമിയ, സെൻട്രൽ യൂണിവേഴ്സിറ്റി ന്യൂ ഡൽഹിയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം പഠിക്കുന്നു. ആദില ഹുസൈന്റെ കവിതകൾ എന്ന കവിതാസമാഹാരം 2019ൽ പുറത്തിറക്കി. മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഡിറ്റിംഗ്, വിവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ: മനുഷ്യ കടത്തിന്റെ മുഖം ദുരന്തമായി മാറിയ വാർത്തയാണ് ലണ്ടൻ അടുത്തുള്ള എസെക്‌സിൽ നിന്നും പുറത്തുവരുന്നത്. ഇംഗ്ലണ്ടിലെ വടക്കുകിഴക്കൻ നഗരമായ എസ്സെക്സിൽ ഒരു കണ്ടെയ്നർ ലോറിയിൽ നിന്നും 39 മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. എസ്സെക്സിലെ ഏറ്റവും വലിയ പട്ടണമായ ഗ്രേയ്സിലെ വാട്ടർഗ്ലോട് ഇൻഡസ്ട്രിയൽ പാർക്കിലാണ് സംഭവം. നോർത്തേൺ അയർലൻഡിൽ നിന്നുള്ള ഇരുപത്തഞ്ചുകാരനായ ലോറിഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബൾഗേറിയയിൽ നിന്നും പുറപ്പെട്ട വാഹനം, ആംഗിൾസെയ് വഴി ബ്രിട്ടനിലേക്ക് പ്രവേശിച്ചതായി ആണ് പോലീസ് വൃത്തങ്ങൾ രേഖപ്പെടുത്തുന്നത്. മരിച്ച 39 പേരിൽ ഒരു കൗമാരക്കാരൻ മാത്രമേ ഉൾപ്പെടുന്നുള്ളൂവെന്നാണ് ആദ്യ നിഗമനം. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ മൃതദേഹങ്ങളാണ് ലോറിയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രയ്ക്കിടെ ആവശ്യത്തിന് ശുദ്ധവായു ലഭിക്കാതെ മരിച്ചതാകാനാണ് സാധ്യത.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണമായ സംഭവം ആണ് നടന്നതെന്ന് ചീഫ് സൂപ്രണ്ട് ആൻഡ്രൂ മാറിനെർ രേഖപ്പെടുത്തി. അന്വേഷണം ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു എന്നും, അന്വേഷണം കഴിയുന്നതുവരെ കസ്റ്റഡിയിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തരവകുപ്പും പോലീസും ഫോറൻസിക് എന്നിവർ സംയുക്തമായി പ്രവർത്തിക്കുകയാണെന്നും ഉടനെ കുറ്റക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. മരണപ്പെട്ടവരെ കുറിച്ചുള്ള ദുഃഖവും അദ്ദേഹം പങ്കുവെച്ചു. രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ള പല പ്രമുഖരും സംഭവത്തെ അപലപിച്ചു.
2000ല്‍ സമാനമായ സാഹചര്യത്തില്‍ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കില്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരായിരുന്നു ഇവര്‍.
യു കെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു മരണം കൂടി തേടിയെത്തിയത് മലയാളം യു കെ വളരെ ദുഃഖത്തോടെ റിപ്പോർട്ടു ചെയ്യുകയാണ്. വിട പറഞ്ഞത് മാഞ്ചസ്റ്ററിനടുത്തുള്ള റോച്ചഡെയിൽ നിവാസിയായ സെബാസ്റ്റ്യൻ ദേവസ്യ (63 ) ആണ് . ഇന്ന് 23/10/19 രാവിലെ 9:10 നാണ് കരൾ സംബന്ധമായ അസുഖം മൂലം സെബാസ്റ്റ്യൻ ദേവസ്യ മരണമടഞ്ഞത്. അദ്ദേഹത്തിൻെറ സ്വദേശം വൈക്കത്തിനടുത്തുള്ള വെച്ചുരാണ് . പരേതൻെറ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ ജോലി ചെയ്യുന്നത് റോച്ചഡെയിലെ റോയൽ ഇൻഫൊർമേറി എൻ എച്ച്എസ് ഹോസ്പിറ്റലിൽ ആണ് . മക്കൾ സെബിൻ സെബാസ്റ്റ്യൻ,റോബിൻ സെബാസ്റ്റ്യൻ ,മരുമകൾ ജെസ്‌നസെബിൻ, പേരക്കുട്ടി അമീലിയ സെബാസ്റ്റ്യൻ എന്നിവരാണ് .സംസ്കാരം പിന്നീട് .
സെബാസ്റ്റ്യൻ തറപ്പിൽ ദേവസ്യയുടെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മാഞ്ചസ്റ്റർ : ബ്രിട്ടനിലെ ആളുകൾ ഇപ്പോഴും ഓർക്കാൻ മടിക്കുന്ന ഒരു ദിനമാണ് 2017 മെയ് 22. മാഞ്ചസ്റ്ററിൽ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതനിശയ്ക്കിടയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 22 പേരാണ്. നൂറോളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, മാഞ്ചസ്റ്റർ അരീന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണം അന്വേഷിക്കാൻ ഒരു പൊതു അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിരീടാവകാശി സർ ജോൺ സോണ്ടേഴ്‌സിന്റെ നിർദേശപ്രകാരമാണ് ഈയൊരു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അറിയിച്ചു. ഒരു പൊതു അന്വേഷണം ആവശ്യമാണെന്ന് സർ ജോൺ അഭിപ്രായപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും കുടുംബങ്ങൾക്കും അർഹമായ നീതി നടപ്പാക്കണമെന്നും അവർക്ക് ആവശ്യമായ ഉത്തരം നൽകണമെന്നും പ്രീതി പറഞ്ഞു. ഇതിൽ നിന്നൊക്കെ നമ്മൾ ധാരാളം പഠിക്കാനിരിക്കുന്നുവെന്നും മന്ത്രി പറയുകയുണ്ടായി. വിരമിച്ച ഹൈക്കോടതി ജഡ്‌ജി സർ ജോൺ അന്വേഷണത്തിന് അദ്ധ്യക്ഷത വഹിക്കും. ഒരു ന്യായമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ ഒക്കെ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്ഫോടനം നടത്തിയ ചാവേറായ സൽമാൻ അബേദിയുടെ സഹോദരൻ ഹാഷെം അബേദി കുറ്റകാരൻ അല്ലെന്ന് അറിയിച്ചതോടെയാണ് ഒരു പൊതു അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
ഷമീമ ബീഗത്തിന് വേണ്ടത് യുകെയിൽ ഒരു പൗരത്വം ആണ്. എന്നാൽ ഐ എസിൽ ചേർന്നു പ്രവർത്തിച്ചു എന്ന കാരണത്താൽ ഷമീമയുടെ പൗരത്വം യുകെ ഗവൺമെന്റ് പിൻവലിച്ചിരിക്കുകയാണ്. 15 വയസ്സു വരെ ജീവിച്ച മണ്ണിൽ തനിക്കുള്ള അവകാശം നേടിയെടുക്കുന്നതിനായി പോരാടുകയാണ് ഷമീമ ബീഗം എന്ന ഇരുപതുകാരി .

2015 ഫെബ്രുവരിയിലാണ് ഷമീമ ബീഗം മറ്റ് രണ്ട് യുവതികളോടൊപ്പം സിറിയയിലേക്ക് യാത്രയാവുന്നത്. ഭീകരസംഘടനയായ ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഷമീമ താൻ ജനിച്ചുവളർന്ന രാജ്യം വിടുന്നത്. അഞ്ച് വർഷത്തെ ഐഎസ് ക്യാമ്പിൽ ഉള്ള ജീവിതം ദുരിതങ്ങൾ മാത്രം നിറഞ്ഞു നിന്നതായിരുന്നുവെന്ന് ഷമീമ ഓർത്തെടുക്കുന്നു. ഇതിനിടയിൽ ഷമീമ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ മൂന്നുപേരും ശിശുക്കൾ ആയിരിക്കെ തന്നെ മരണപ്പെട്ടു. 2019 ഫെബ്രുവരിയിൽ അൽ -ഹോൾ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ഏതാനും ജേർണലിസ്റ്റുകൾ അവശനിലയിൽ കണ്ടെത്തുന്നതുവരെ ഷമീമയെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.

മടങ്ങിയെത്തിയ ഷമീമ നേരിടുന്നത് കടുത്ത അവഗണനയും ഭീഷണി സ്വരങ്ങളും ആണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന രീതിയിലാണ് അവരെ സമൂഹവും നിയമ സംവിധാനങ്ങളും പരിഗണിക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ നീക്കങ്ങളാണ് ഷമീമക്കെതിരെ നടക്കുന്നതെന്ന് അവർക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്ന വക്കീൽ ടോം ഹിക്ക്മാൻ പറഞ്ഞു. ഷമീമയുടെ ജന്മദേശം ബംഗ്ലാദേശ് ആണെന്നും അതിനാൽ അവർ അവിടേക്ക് മടങ്ങി പോകണമെന്നും ഷമീമയുടെ എതിർഭാഗം വാദിക്കുന്നു, എന്നാൽ ബംഗ്ലാദേശ് സുരക്ഷിതമായ രാജ്യം അല്ലെന്നും നിർബന്ധിതമായി ഷമീമയെ ബംഗ്ലാദേശിലേക്ക് അയക്കുന്നത് അവരുടെ ജീവന് വരെ ഭീഷണി ആയേക്കാം എന്ന് ടോം ഹിക്ക്മാൻ കോടതിയെ ധരിപ്പിച്ചു. മാത്രമല്ല ഷമീമയ്ക്ക് പൗരത്വം നൽകുന്നതിന് ബംഗ്ലാദേശ് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ജനിച്ചു വളർന്ന ബ്രിട്ടനിൽ തന്നെ അവർ തുടർന്നും ജീവിക്കട്ടെ എന്ന് ബംഗ്ലാദേശ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അഭിപ്രായപ്രകടനങ്ങൾക്ക് നടുവിൽ ഒരു രാജ്യത്തും പൗരത്വം ഇല്ലാത്ത വ്യക്തിയായി ജീവിക്കുകയാണ് ഷമീമ ഇപ്പോൾ.
മലയാളം യുകെ ന്യൂസ് ടീം
ജാമിഅ മില്ലിയ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാലയിൽ സമരത്തിനിടെ മലയാളി വിദ്യാർഥികളടക്കമുള്ളവരെ ആക്രമിച്ചതായി പരാതി. ക്യാമ്പസിനകത്ത് സമരം നടക്കുന്നതിനിടെ പുറത്ത് നിന്നെത്തിയവരാണ് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

ഇസ്രായേൽ സർക്കാരുമായി ചേർന്ന് സർവകലാശാല ഒക്ടോബര്‍ 5ന് നടത്തിയ പരിപാടിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്നീട് സര്‍വകലാശാല അധികൃതര്‍ സസ്പെന്റ് ചെയ്യുകയുണ്ടായി.
വിദ്യാർഥികളെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 9ാം ദിവസവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞത്.
ക്യാമ്പസില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ പുറത്തു നിന്നെത്തിയ ഒരു കൂട്ടം ഗുണ്ടകള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം തടയാതെ സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ മാറി നിന്നതായും സമരക്കാർ പറഞ്ഞു.
വി.സിയുടെ കാര്യാലയത്തിന് പുറത്തുള്ള മുഴുവൻ ഗേറ്റുകളും നൂറുകണക്കിന് വിദ്യാർഥികൾ ചേർന്ന് അടച്ചിട്ടു. ക്യാംപസിനകത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാംപസില്‍ പൊലീസ് പ്രവേശിച്ചിട്ടുണ്ട്. രാത്രിയും ക്യാംപസില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്.കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ മർദിക്കപ്പെട്ട സാഹചര്യത്തിൽ നാളെ കേരളരാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കൾ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു യൂണിവേഴ്സിറ്റി സന്ദർശിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
മദർവെൽ : സ്കോട്ടിഷ് പത്രപ്രവർത്തകയും എഴുത്തുകാരിയും ആയ ഡെബോറ ഓർ അന്തരിച്ചു. 57 വയസ്സായിരുന്നു. ദി ഗാർഡിയൻ, ഇൻഡിപെൻഡന്റ് തുടങ്ങിയ പത്രങ്ങളിലെ എഴുത്തുകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഡെബോറ ഓറിന്റെ മരണം സ്തനാർബുദത്തെ തുടർന്നായിരുന്നു. 1962 സെപ്റ്റംബർ 23ന് സ്കോട്ലൻഡിലെ മദർവെല്ലിൽ ജനിച്ച ഓർ , 1980കളിൽ ആണ് പത്രപ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത്. 1990ൽ ഗാർഡിയനിൽ ചേർന്നു. 30 വയസ്സ് തികയുംമുമ്പ് തന്നെ ഗാർഡിയന്റെ വാരാന്ത്യപ്പതിപ്പിന്റെ ആദ്യ വനിതാ എഡിറ്റർ ആയി. 1997ൽ ആയിരുന്നു സഹപ്രവർത്തകനായ വിൽ സെൽഫുമായുള്ള വിവാഹം. 1999 മുതൽ 2009 വരെ ഇൻഡിപെൻഡന്റിനായും ജോലി ചെയ്തിരുന്നു. 2018ൽ ഐ പത്രത്തിൽ ചേർന്നു. ഇവാൻ, ലൂഥർ എന്നിവർ മക്കളാണ്. 2010ൽ ആണ് ഓർ രോഗബാധിതയാവുന്നത്. തുടർന്ന് ചികിത്സയിലായിരുന്നു.

ഏറ്റവും ബുദ്ധിമതിയും നിർഭയയുമായ പത്ര പ്രവർത്തകയെന്നാണ് ഓറിന്റെ സുഹൃത്തും പത്രപ്രവർത്തകയുമായ കാതറിൻ ബെന്നറ്റ് ഓറിനെ വിശേഷിപ്പിച്ചത്. ഡെബോറ ഓറിന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ഗാർഡിയൻ കോളമിസ്റ്റ് ഓവൻ ജോൺസ് കുറിച്ചു. 2018ൽ അവൾ തന്റെ ആദ്യ പുസ്തകം, ഒരു ഓർമ്മക്കുറിപ്പ് എഴുതാനുള്ള കരാർ ഒപ്പിട്ടു. അടുത്ത വർഷം ആദ്യം ഇത് പ്രസിദ്ധീകരിക്കും. വാരാന്ത്യത്തിന്റെ പത്രാധിപയായിരിക്കെ, ഭയം കൂടാതെ അനേകകാര്യങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞ ധീരയായ ഓറിലൂടെയാണ് ഗാർഡിയൻ ശക്തിപ്പെട്ടത്. പത്രപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഡെബോറ ഓർ വിടവാങ്ങുമ്പോൾ അത് പത്രപ്രവർത്തകർക്കെന്നപോലെ വായനക്കാർക്കും തീരാനഷ്ടമാണ്. അനേകം എഴുത്തുകാരും പത്രപ്രവർത്തകരും ഓറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
യുകെ : ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങൾ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളായ എസ് ടി ഐ കിറ്റ് കളുടെ വ്യാജന്മാർ നാലുവർഷമായി യുകെയിൽ വിറ്റു പോകുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബർ മുതൽ 2000ത്തോളം വ്യാജ കിറ്റുകളുടെ ഓൺലൈൻ വിൽപ്പനയാണ് നടന്നതെന്ന് മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എം എച്ച് ആർ എ പറഞ്ഞു. എച്ച് ഐ വി സിഫിലിസ് ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾക്ക് ആണ് ഇത്തരത്തിൽ വ്യാജൻമാർ ഇറങ്ങിയിട്ടുള്ളത്. ടെസ്റ്റിൽ നെഗറ്റീവ് ഫലം തന്നെ കാണിക്കുന്നതിനാൽ രോഗികൾ ചികിത്സ തേടാത്തത് രോഗം മൂർച്ഛിക്കുന്നതിനൊപ്പം പടരാനും കാരണമാവുന്നുണ്ട്.

ഫാർമസിയിൽ പോയി വാങ്ങാനുള്ള മടിയും നാണക്കേടും കാരണം ഓൺലൈനായി ഇത്തരം കിറ്റുകളെ ആശ്രയിക്കുന്നവർക്കാണ് അബദ്ധം പറ്റുന്നത്. യുവതലമുറയുടെ ഇടയിൽ ഇതിന്റെ ഉപയോഗം വർധിച്ച തോതിൽ കാണാം. ഇത്തരം കിറ്റുകളിലൂടെ പരിശോധന നടത്തിയാലും ഒരു അംഗീകൃത ഡോക്ടറെയോ ഫാർമസിസ്റ്റ്നെയോ കണ്ട് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ ആയ മഹേന്ദ്ര പട്ടേൽ പറഞ്ഞു.
സ്വന്തം ഫോണിൽ വീട്ടിലിരുന്ന് ഓൺലൈനായി വാങ്ങാം എന്നതും, ആരുമറിയില്ല എന്നതും യുവതലമുറയെ കൂടുതലായി ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഇത്തരം വ്യാജ ഉപകരണങ്ങൾ തിരിച്ചറിയാൻ ഉള്ള എളുപ്പവഴിയും അദ്ദേഹം പറഞ്ഞു തരുന്നുണ്ട്. ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ ഹോം പ്രിന്ററിൽ പ്രിന്റ് ചെയ്തത് ആവുക, സിഇ സേഫ്റ്റി മാർക്ക് ഇല്ലാതിരിക്കുക, ലിപ്ലോക്ക് ബാഗിലോ സാൻവിച്ച് ബാഗിലോ പൊതിഞ്ഞു വരിക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ.
അദ്ദേഹം ഇതിനെതിരെ #ഫേക്ക് മെഡ്സ് പബ്ലിക് ഹെൽത്ത് ക്യാമ്പയിൻ നടത്തിവരുന്നുണ്ട്. ഓൺലൈനായി ഇത്രയധികം സുരക്ഷാ പ്രാധാന്യമുള്ള ഉപകരണങ്ങൾ വാങ്ങാതിരിക്കുക എന്നതാണ് പ്രധാന നിർദേശം. യുകെയിൽ ഓൺലൈനായി വാങ്ങുന്ന മെഡിക്കൽ പ്രൊഡക്റ്റിൽ പത്തിലൊന്നു വ്യാജന്മാർ ആണെന്ന് എം എച് ആർ എ കണ്ടെത്തി.