ജിദ്ദ∙ ജിദ്ദയിലെ ചേരികളിൽ നിന്ന് 60 ദശലക്ഷം റിയാലും 100 കിലോയിലധികം സ്വർണവും 218 കിലോഗ്രാം കഞ്ചാവുംപിടിച്ചെടുത്തതായി മക്ക മേഖല പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി പറഞ്ഞു. സ്വകാര്യ ചാനലിലെ പരിപാടിയിലാണ് മേജർ ജനറൽ കാര്യങ്ങൾ വ്യക്തമാക്കിയത്. പിടിച്ചെടുത്ത തുകയും സ്വർണവും രാജ്യത്തിനു പുറത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു.
കൂടാതെ എല്ലാ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഉറവിടമായി ചേരികൾ മാറിയെന്നും മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളമായി മാറുന്ന ചേരികൾ സമൂഹത്തിനു വലിയ വിപത്തായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 218 കിലോഗ്രാം കഞ്ചാവും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസിന് ഈ ചേരികളിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പ്രചാരണം ശരിയല്ല. പൊലീസ് വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള ഇടുങ്ങിയ റോഡുകൾ കാരണമാണ് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
യുകെ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം യുകെ മലയാളികൾക്ക് അനുഗ്രഹമാകും. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. യുഎസ്എ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലൻഡ്, മെക്സിക്കോ, മാലിദ്വീപ്, മലേഷ്യ, അയർലൻഡ്, ഫിൻലൻഡ്, ഹോങ്ങ്കോങ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും
ഇൗ മാസം 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്.
യുഎഇ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് പോകുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് കരുതണം. സൗദി കൂടാതെ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്. പ്രവാസികൾ വാക്സീൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതിയാൽ മതി. എന്നാൽ എയർ സുവിധയിൽ ഇത് അപ്‌ലോഡ് ചെയ്യണം.
നിലവിൽ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ അത്യാവശ്യങ്ങൾക്കായി നാട്ടിലേയ്ക്ക് തിരിക്കാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. ഇതോടെ ആ പ്രശ്നത്തിനു പരിഹാരമായി.
.
ജീവിതം കരുപിടിപ്പിക്കാനായി പ്രവാസലോകത്തേക്ക് ചേക്കേറി വന്ന മലയാളിക്ക് സംഭവിച്ച ദാരുണമരണത്തിന്റെ കണ്ണീരിലാണ് തൃശ്ശൂർ നെറ്റിശേരി ഗ്രാമം. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി വിമാനത്തിൽ കയറുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു. സൗദി ദമാം വിമാനത്താവളത്തിൽ തൃശൂർ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പിൽ ഗിരീഷ് (57) ആണ് മരിച്ചത്.
25 വർഷമായി പ്രവാസിയായിരുന്നു ഗിരീഷ്. ഒരു സ്വകാര്യ ഫയർ ആന്റ് സേഫ്റ്റി കമ്പനിയിൽ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ രണ്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് അവധിക്കായി തിരിക്കുമ്പോഴാണ് മരണം ഗിരീഷിനെ കവർന്നത്.
ദമാമിൽ നിന്നും രാത്രി കൊച്ചിയിലേക്ക് കയറാനായി ഫ്ളൈ ദുബായ് വിമാനത്തിൽ ബോർഡിംഗ് പൂർത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നടന്നു നീങ്ങി വിമാനത്തിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയാണ് ചെയ്തത്. എയർപോർട്ട് അത്യാഹിത വിഭാഗം സ്ഥലത്തെത്തി സിപിആർ നൽകിയതിന് ശേഷം ഖതീഫ് സെൻട്രൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാർഗമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഭാര്യ: സതി. ഒരു മകനും മകളുമുണ്ട്. ഖതീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയിലെ കിലോ ആറിലെ യമാനി ബേക്കറിയില്‍ സെയില്‍സ്‌മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഷബീർ. ശനിയാഴ്ച രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞു താമസസ്ഥലത്ത് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സമീറയാണ് ഷബീറിന്‍റെ ഭാര്യ. രണ്ട് പെൺകുട്ടികൾ
ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ഷബീറിന്‍റെ സുഹൃത്തുക്കൾ പറയുന്നത്.
കുവൈത്ത് സിറ്റി∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന, 250 മലയാളികളടക്കം 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. 26ന് തൊഴിൽ കരാർ കാലാവധി അവസാനിക്കുമെന്ന് 2 ദിവസം മുൻപ് ആശുപത്രി അധികൃതർ നഴ്സുമാരെ അറിയിക്കുകയായിരുന്നു. ജെടിസി- അൽസുകൂർ കമ്പനി വഴി കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടവരാണ് എല്ലാവരും.
അവധിയെടുത്തു നാട്ടിൽ പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ തിരികെ കൊണ്ടുവരാമെന്നുമാണു കമ്പനി പറയുന്നത്. എന്നാൽ കമ്പനിയിൽനിന്നു വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യമന്ത്രാലയത്തിൽതന്നെ നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ആളുകളെ എത്തിക്കാൻ കമ്പനിക്ക് അവസരം നഷ്ടപ്പെടുന്നതുകൊണ്ടാണു വിടുതൽ നൽകാത്തതെന്നാണ് ആരോപണം.
നഴ്സുമാരുടെ തൊഴിൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥാനപതി സിബി ജോർജ് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതായാണു വിവരം.
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.
ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.
ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.
സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.
അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്.
ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.
പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു ബാങ്ക് അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസന്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 15 സുഹൃത്തുക്കൾക്കും പുതുവർഷത്തിൽ വമ്പൻ ഭാഗ്യം കൊണ്ടുവന്നത്.
അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബർ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിർഹം നേടിയ അശ്വിൻ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.
‘ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്’–ഹരിദാസൻ പറഞ്ഞു.
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷംആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ അത്ര സന്തേഷത്തില്‍ അല്ല. ടിക്കറ്റിന് പൊള്ളുന്നവിലയാണ്.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ തുകയാണ് ഈടാക്കുന്നത്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ വരും. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിനു മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന്‍ എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും.എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്
ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് കൂടും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്നത് ടിക്കറ്റ് നിരക്കാണ്. ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്‍കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ല.
ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. എന്നാല്‍ കൊവിഡ് ബാധിച്ചത് മുതല്‍ പല കമ്പനികളും വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ നാട്ടില്‍ നിന്നും സൗദിയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യതയുണ്ട്.
വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. ഇനി നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിമാന ടിക്കറ്റിന് ആവശ്യമായ തുക പലിശരഹിത വായ്പയായി നല്‍കണം എന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.