360 സീറ്റുകളുള്ള എമിറേറ്റ്‌സ് വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്നു ആ ഒറ്റ യാത്രക്കാരനു വേണ്ടി മാത്രം. നാല്‍പ്പതുകാരനായ ഭാവേഷ് ജാവേരിക്കാണ് സ്വപ്‌നതുല്യമായ യാത്രയ്ക്ക് ഭാഗ്യമുണ്ടായത്.
മെയ് 19നാണ് 360 സീറ്റുകളുള്ള ബോയിംഗ് 777 വിമാനം ഒറ്റ യാത്രക്കാരനായ ഭാവേഷ് ജാവേരിയുമായി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് എത്തിയത്. 909 ദിര്‍ഹം കൊടുത്താണ് അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
നിരവധി തവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എക്കാലത്തേയും മികച്ച യാത്ര അനുഭവം ആയിരുന്നുവെന്നും ഭാഗ്യ നമ്പര്‍ 18 ആയതിനാല്‍ ആ നമ്പര്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിച്ചു. വിമാനത്തിലെ ക്രൂവിനോട് അടുത്ത് സംസാരിക്കാനുള്ള അവസരവും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
മിസ്റ്റര്‍ ജാവേരി, ദയവായി സീറ്റ് ബെല്‍റ്റ് ധരിക്കുക. മിസ്റ്റര്‍ ജാവേരി, നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക. അങ്ങനെ വിമാനത്തിലെ സന്ദേശങ്ങള്‍ പോലും വിത്യസ്തമായിരുന്നു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇലേക്ക് യുഎഇ പൗരന്മാര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്കും നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഭാവേഷ് ജാവേരിക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാവേഷ് ജാവേരി ഒറ്റയ്ക്ക് വിമാനത്തില്‍ പറന്നത്.
എയര്‍ലൈനിലേക്ക് വിളിച്ചതിന് ശേഷം 18,000 രൂപ എക്കണോമി ക്ലാസ് ടിക്കറ്റ് അദ്ദേഹം വാങ്ങി. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെര്‍മിനലിലേക്ക് പ്രവേശന അനുമതി നല്‍കിയില്ല. പിന്നീട് എമിറേറ്റ്‌സുമായി ബന്ധപ്പെട്ടു. EK501 എന്ന വിമാന വിമാനത്തിലെ ഏക യാത്രക്കാരനാണെന്ന് അറയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിമാനം പുറപ്പെട്ടത്.
പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങി. സംസ്ഥാനത്തെ കോവിഡ് വിവരങ്ങള്‍ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.
നിക്ഷേപ സുരക്ഷയോടെയൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കു വെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ അഞ്ചു രാജ്യങ്ങളിൽ ഇടംപിടിച്ച് യുഎഇയും ഒമാനും. വിദേശ പൗരൻമാർ എത്രത്തോളം മികച്ച സൗകര്യത്തിലാണ് ഒരോ രാജ്യത്തും താമസിക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയ ന്യൂ ഗ്ലോബൽ റിപ്പോർട്ടന്റെ അടിസ്ഥാനത്തിലാണിത്.
59 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ മൂന്നാം സ്ഥാനത്താണ് യുഎഇ. അഞ്ചാം സ്ഥാനത്താണ് ഒമാൻ. അറബ് രാജ്യങ്ങളിൽനിന്ന് യുഎഇ മാത്രമാണ് ഒമാന് മുന്നിൽ എത്തിയത്. ഖത്തർ ഒമ്പതാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.
പ്രവാസികളുടെ ജീവിതനിലവാരത്തെ ബാധിക്കുന്ന ഏഴു കാര്യങ്ങൾ അനുസരിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ഗതാഗത സൗകര്യം, ആരോഗ്യം, ഡിജിറ്റൽ സൗകര്യങ്ങൾ, പരിസ്ഥിതി, ഒഴിവുസമയം ചെലവഴിക്കുന്ന രീതി എന്നിവ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജീവിത നിലവാരത്തിൻറെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. യുഎഇ 17ാം സ്ഥാനത്താണ്. ഖത്തർ 23ാം സ്ഥാനത്തും. കുവൈറ്റും, സൗദിയും അതിന് പിറകിലാണ്. പരിസ്ഥിതി നിലവാരത്തിൽ ജിസിസിയിലെ ഒന്നാം സ്ഥാനം ഒമാൻ നേടി. ഏറ്റവും സൗഹാർദപൂർണമായ രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനം സ്വന്തമാക്കി.
ജീവിതച്ചെലവുകൾ പരിഗണിച്ചപ്പോൾ പ്രവാസികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഒമാൻ എന്ന് കണ്ടെത്തി. സൗഹാർദപൂർണമായ രാജ്യങ്ങളിൽ ബഹ്‌റൈൻ ഇടം പിടിക്കുകയുണ്ടായി.
കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബൈ. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ് സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക് ഒരു മാസത്തേക്ക് അനുമതി നൽകി. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു മാസം നൽകിയിരിക്കുന്നത്.
എന്നാൽ, ഇത് ദീർഘിപ്പിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിപാടികൾ അവതരിപ്പിക്കുന്നവരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. പരിപാടികൾക്ക് 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകൾ പൂർണമായും തുറന്ന് പ്രവർത്തിക്കാം. എന്നാൽ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ചയില്ല. വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. എന്നാൽ, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരായിരിക്കണം. റസ്റ്റാറൻറുകളുടെ ഒരു ടേബ്ളിന് ചുറ്റും പത്ത് പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്ളിൽ ആറ് പേർ അനുവദിനീയം. ബാറുകൾ തുറക്കാനും അനുമതി നൽകി.
എന്നാൽ, വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം. കമ്യൂണിറ്റി സ്പോർട്സ്, സംഗീത മേള, അവാർഡ് ദാന ചടങ്ങുകൾ എന്നിവക്കും ഒരു മാസത്തേക്ക് അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി. യു.എ.ഇയിൽ അഞ്ച് മാസത്തിനിടെ ഏറ്റവും കുറവ് കോവിഡ് ബാധിതർ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇളവുകൾ അനുവദിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ മസ്കത്തിലും സലാലയിലും ബസ് സർവിസുകൾ റദ്ദാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതൽ പെരുന്നാൾ കാല ലോക്ഡൗൺ അവസാനിക്കുന്ന മേയ് 15വരെയാണ് മുവാസലാത്ത് ബസ് ഓട്ടം നിർത്തുന്നത്.
നഗരത്തിലെ ബസുകൾക്കുപുറമെ ഇൻറർസിറ്റി സർവിസുകളായ മസ്കത്ത്-റുസ്താഖ്, മസ്കത്ത്-സൂർ, മസ്കത്ത്-സലാല എന്നിവയും റദ്ദാക്കി.
മറ്റു റൂട്ടുകളിലേക്കുള്ള ബസ് സമയത്തിൽ മാറ്റം വരും. പുതുക്കിയ സമയക്രമം വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലൂടെ മുവാസലാത്ത് പുറത്തുവിടും. വിവരങ്ങളറിയാൻ 24121555, 24121500 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യാപാരവിലക്കും രാത്രികാല സഞ്ചാര വിലക്കും ആരംഭിച്ച പശ്ചാത്തലത്തിലാണ് മുവാസലാത്ത് ബസ് സർവിസ് നിർത്തലാക്കുന്നത്.
കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് ഒമാനിൽ മരിച്ചു.
ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു.
കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.
രാത്രി 07:15-നാണ് മരണം സംഭവിച്ചത്.
ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.
ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു. പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ. ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ… ഈ സാഹചര്യത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
കഴിഞ്ഞയാഴ്ച ഖാര്‍ഫേക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു.
അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍. ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍. തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമിച്ച് ഒരേ വിമാനത്തില്‍
ഷാര്‍ജയിലെ മുവെെല നാഷനല്‍ പെയിന്‍റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്. പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്
കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു
മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്. ഭാര്യ നിമിത. നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു മനീഷ്. പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം
ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ശരത്. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്‍റെ മകനാണ് ശരത്. അടുത്ത കാലത്താണ് ശരത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.
ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി
കഴിഞ്ഞയാഴ്ച ഖാേര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന്…
Posted by Ashraf Thamarasery on Tuesday, 4 May 2021
അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിന് ഖത്തർ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദി അറസ്റ്റിൽ. ധനമന്ത്രിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറലിൽ ഉത്തരവിട്ടിരുന്നു.
പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കുറ്റവും ധനമന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷമായിരുന്നു അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിട്ടത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റഡിയിലെടുത്ത അൽ ഇമാദിയെ ചോദ്യം ചെയ്യുകയാണെന്നും ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
2013 ജൂണിലാണ് അലി ഷെരീഫ് ഇമാദി ഖത്തറിന്റെ ധനകാര്യമന്ത്രിയായി ചുമതലയേറ്റത്.
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരണമടഞ്ഞു . കോഴിക്കോട് വട്ടോളി സ്വദേശി ഖദീജ ജസീല (31) ആണ് മരണമടഞ്ഞത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുവൈത്ത് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അധ്യാപികയാണ്. ഭർത്താവ്: കോങ്ങന്നൂർ വലിയപറമ്പത്ത് സബീഹ്. വട്ടോളി ഹൈസ്കൂൾ ഹെഡ്മാസറ്റർ ആയിരുന്ന ഉസ്മാന്റെയും ജില്ലാ പഞ്ചായത്ത് മുൻ അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കൾ: ഇഷാൽ ഫാത്തിമ, ഇഹ്സാൻ സബീഹ്.
ഖദീജ ജസീലയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തില്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി ശിൽപ മേരി ഫിലിപ്പ് (28) മരിച്ചു. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവ് ജിബിൻ വർഗീസ് ജോണിനൊപ്പം ചെലവഴിക്കാന്‍ റിയാദ് വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ഖസിം-റിയാദ് റോഡില്‍ അല്‍ ഖലീജിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്സിറ്റ് 11ലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ യുഎൻഎ കുടുംബം അനുശോചനമറിയിച്ചു.
ശിൽപ മേരി ഫിലിപ്പിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.