Middle East

യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

അസുഖം കൂടിയ കാരണത്താൽ വിദഗ്ധ ചികിത്സക്കായി മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ച്ച് വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.

യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് അംഗമായ അനൂപ് കൊല്ലം പുനലൂർ മുൻ ഡി.വൈ.എഫ്. ഐ ഏരിയ സെക്രട്ടറിയായിരുന്നു. പരേതനായ സുജ ഭവൻ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.

അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.

കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.

വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ ബന്ദിയാക്കിയ സംഭവത്തില്‍ യു.എ.ഇയുമായി ചർച്ച നടത്താൻ തയ്യാറെന്ന് ഐക്യരാഷ്ട്ര സഭ. ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽ മഖ്തൂമിന്റെ മകൾ ലത്തീഫ അൽ മക്തും വീട്ടുതടങ്കലിൽ ആണെന്ന് തെളിയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സ്വന്തം വില്ലയിൽ തടവിലാണെന്നും തനിക്ക് പിതാവിനെ ഭയമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലത്തീഫ രാജകുമാരി വീഡിയോയിൽ പറയുന്നു. 2018-ൽ, രാജ്യം വിട്ട് ഒമാൻ വഴി കടലിലൂടെ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫയെ ഇന്ത്യൻ കമാന്‍ഡോകൾ പിടികൂടി ദുബായ് ഭരണാധികാരിയെ ഏൽപ്പിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഇന്നലെയാണ് 34 കാരിയായ ലത്തീഫ, തന്റെ ആസൂത്രിതമായ നാടുവിടലിനെക്കുറിച്ചും പാതിവഴിയില്‍ വച്ച്‌ പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിശദമായ വീഡിയോ പുറത്തുവിടുന്നത്.

“എനിക്ക് വാഹനമോടിക്കാൻ അനുവാദമില്ല, യാത്ര ചെയ്യാനോ ദുബായ് വിടാനോ എന്നെ അനുവദിക്കുന്നില്ല.” മൂന്ന് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡുചെയ്‌ത വീഡിയോയിൽ ലത്തീഫ പറഞ്ഞു. “2000 മുതൽ ഞാൻ രാജ്യം വിട്ടിട്ടില്ല. യാത്ര ചെയ്യാനും പഠിക്കാനും സാധാരണ എന്തെങ്കിലും ചെയ്യാനും ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ അവർ എന്നെ അനുവദിക്കുന്നില്ല. എനിക്ക് പോകേണ്ടതുണ്ട്.” അവൾ കൂട്ടിച്ചേർത്തു. ഷെയ്ഖ് മുഹമ്മദിന്റെ ആറു ഭാര്യമാരിലുള്ള 25 മക്കളില്‍ ഒരുവളായ ലത്തീഫ, കടല്‍ മാര്‍ഗ്ഗം ജെറ്റ് സ്കൈയിലാണ് ദുബായ് വിട്ടത്. നേരത്തെതന്നെ ആസൂത്രിതമായി തയ്യാറാക്കിയിരുന്ന ബോട്ടിൽ കയറി, എട്ടു ദിവസത്തോളമെടുത്ത് ഇന്ത്യയുടെ തീരദേശമടുക്കവേ ഗോവ തീരത്തുള്ള ഇന്ത്യന്‍ കമാന്‍ഡോകളാണ് അവരെ പിടിച്ച്‌ തിരികെ ദുബായ് ഷേയ്ഖിനെ ഏല്‍പ്പിച്ചത്.ഇപ്പോൾ ലത്തീഫയെ പാര്‍പ്പിച്ചിട്ടുള്ള വില്ലയിലെ ജനാലകളൊന്നും തന്നെ തുറക്കാറില്ല. അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധവായു ലഭിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. വില്ലയുടെ പുറത്ത് 5 പോലീസുകാരും അകത്ത് 2 പോലീസുകാരുമാണ് കാവല്‍ നില്‍ക്കുന്നത്. ലത്തീഫയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്നും ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നുമാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്. സർക്കാരിന് ആശങ്കയുണ്ടെന്നും എന്നാൽ അന്വേഷണവുമായി യുഎൻ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ലത്തീഫ രാജകുമാരിയെക്കുറിച്ച് യു.എ.ഇയെ ഉടൻ ചോദ്യം ചെയ്യുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് അറിയിച്ചു. അതേസമയം, രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.

ദുബായ്: സൗദി, കുവൈത്ത് യാത്രാ വിലക്ക് കാരണം യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. 330 യുഎഇ ദിനാറിന്റെ പ്രത്യേക നിരക്കാണ് നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള, ദുബായ്, ഷാർജ എന്നിവിങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ടിക്കറ്റ് നിരക്ക് ലഭിക്കുക.

സൗദിയിലേക്കും കുവൈത്തിലേക്കും യാത്രചെയ്യുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിലിറങ്ങിയ യാത്രക്കാരാണ് വിവിധ എമിറേറ്റുകളിൽ കുടുങ്ങിക്കിടക്കുന്നത്. സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിനിടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് ദുബായിലെ ഇന്ത്യൻ ചൊവ്വാഴ്ച എംബസി ആവശ്യപ്പെട്ടിരുന്നു.. പത്ര കുറിപ്പിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

യാത്രാ നിയന്ത്രണം നിലവിലുള്ളതിനാൽ യുഎഇയിലെ ദുബൈ, അബുദാബി എന്നിവിടങ്ങൾ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകള്‍ അനുസരിച്ച്‌ മാത്രമേ ഇനിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാവൂ എന്നും ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

എല്ലാ ഇന്ത്യക്കാരും യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് പണവും അവശ്യവസ്തുക്കളും ഒപ്പം കരുതണമെന്നും എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ സൗദി, കുവൈത്ത് യാത്രാമദ്ധ്യേ യുഎഇയിലുള്ള എല്ലാ യാത്രക്കാരും തിരിച്ചുവരുന്ന കാര്യം പരിഗണിക്കണമെന്നും ആ രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രം യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കണമെന്നും എംബസി നിർദേശിക്കുന്നു.

യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നു യുഎഇ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണു പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാൻ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക.

ആയിരം കിലോമീറ്റർ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്റർ ആണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ, എമിറേറ്റ്സ് മാർസ് ഇമേജർ, എമിറേറ്റ്സ് മാർസ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ എന്നീ മൂന്ന് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പര്യവേക്ഷണം.

പൊടി, ജലം, ഐസ്, നീരാവി, താപനില തുടങ്ങിയ മനസ്സിലാക്കാൻ ഉതകുന്ന 20 ചിത്രങ്ങൾ വീതം ഓരോ ഭ്രമണത്തിലും എമിറേറ്റ്സ് മാർസ് സ്പെക്ട്രോ മീറ്റർ ഭൂമിയിലേക്ക് അയയ്ക്കും. 11 മിനിറ്റ് വേണം ചിത്രങ്ങൾ ഭൂമിയിലെത്താൻ. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ഓസോൺ, ജലം, ഐസ് എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചും അറിയാൻ ഉപകരിക്കുന്ന 20 ചിത്രങ്ങൾ വീതം ഇതുപോലെ മാർസ് ഇമേജറും അയയ്ക്കും.

ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ മോണോക്സൈഡ് എന്നിവയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയുന്ന ചിത്രങ്ങൾ അയയ്ക്കുകയാണ് ഇൻഫ്രാറെഡ് സെപ്ക്ട്രോമീറ്ററിന്റെ ജോലി. ഓരോ പത്തു ദിവസം കൂടുമ്പോഴും ഇങ്ങനെ ചൊവ്വയുടെ വിവിധ പ്രദേശങ്ങളിലെ ചിത്രങ്ങൾ അയച്ചു കൊണ്ടിരിക്കും. ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ച സമഗ്രചിത്രം ലഭിക്കാൻ പോകുന്നത് ഇതാദ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഭൂമിയിലെ രണ്ടു വർഷം മുഴുവൻ ഇങ്ങനെ സമഗ്ര വിവരങ്ങൾ ലഭിക്കുന്നത് ചൊവ്വയെപ്പറ്റി വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കും. 200ലേറെ ബഹിരാകാശ പഠനകേന്ദ്രങ്ങളിലേക്കും ഈ ചിത്രങ്ങൾ പോകും. ഹോപ് പ്രോബിന് 73.5 കോടി ദിർഹമാണു ചെലവ്. 450-ലേറെ ജീവനക്കാർ 55 ലക്ഷം മണിക്കൂർ കൊണ്ട് നിർമിച്ചതാണിത്. കഴിഞ്ഞ വർഷം ജൂലൈ 20നാണ് അറബ് ജനതയുടെ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയർന്നത്.

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക്. ഖത്തറിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ് ലീന പുതിയപുരയിലിനു 29.74 കോടി രൂപ(1.5 കോടി ദിർഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.

ഖത്തറിൽ റസ്റ്ററന്റ് നടത്തുന്ന അബ്ദുൽ ഖദ്ദാഫിയുടെ ഭാര്യയും 3 മക്കളുടെ അമ്മയുമാണ് തസ് ലീന. ആദ്യമായാണ് ടിക്കറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞു.

നേരത്തെ 10 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന യുവതി ജനുവരി 26നായിരുന്നു ഒാൺലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ, ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.

രണ്ടാം സമ്മാനമായ 3.5 ലക്ഷം ദിർഹം ജോലി നഷ്ടപ്പെട്ട പ്രേം മോഹൻ മത്രത്തിലിനു ലഭിച്ചു. ജനുവരി 26നായിരുന്നു ഇവരുടെ ജോലി നഷ്ടപ്പെട്ടത്.

ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്ക്, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അതേസമയം, വിലക്കുള്ള രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.

ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ പ്രവേശന വിലക്ക്.

എസ്‌കലേറ്ററില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ അഞ്ചു വയസ്സുകാരന്റെ കുടുംബത്തിന് ഷോപ്പിങ് മാള്‍ 735,000 ദിര്‍ഹം(1.4 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.

യുഎഇ അല്‍ ഐനിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍ ഷോപ്പിങിനെത്തിയ കുടുംബം രണ്ടാം നിലയില്‍ നിന്ന് എസ്‌കലേറ്ററില്‍ കയറിയപ്പോഴാണ് പെട്ടെന്ന് കുട്ടി താഴേക്ക് വീണത്. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളും വികൃതമായ കുട്ടിയെ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ചികിത്സ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടര്‍മാര്‍, വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ മാള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. മാത്രമല്ല സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായി.

മാളിലെ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് മാള്‍ ഉടമസ്ഥര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.

13 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവായ യുഎഇ സ്വദേശി കോടതിയെ സമീപിച്ചത്. പരിക്കുകള്‍ക്ക് പുറമെ വീഴ്ചയില്‍ കുട്ടിക്ക് മാനസികാഘാതമേറ്റതായും കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടി. കുഞ്ഞിന്റെ തലയോട്ടിക്ക് 30 ശതമാനം പരിക്കേറ്റതായി ജുഡീഷ്യല്‍ വിഭാഗം നിയോഗിച്ച ഫോറന്‍സിക് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മാത്രമല്ല കുഞ്ഞിന്റെ മുഖം 40 ശതമാനം വികൃതമായി. ഇത് സംസാരശേഷിയെ ബാധിച്ചിട്ടുണ്ട്. വലത് കൈയ്ക്ക് 50 ശതമാനം വൈകല്യമുണ്ടായി. കേസില്‍ വാദം കേട്ട കോടതി കുട്ടിയുടെ കുടുംബത്തിന് മാളിന്റെ ഉടമസ്ഥര്‍ 735,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.

അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.

പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:

നിക്ഷേപകര്‍: നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരിക്കണം
ഡോക്ടര്‍മാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയില്‍ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയില്‍ 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്.
ശാസ്ത്രജ്ഞര്‍: ഒരു യൂണിവേഴ്‌സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവര്‍ക്കും 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രത്യേക കഴിവുള്ളവര്‍: യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഒരു പേറ്റന്റോ യുഎഇ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര സ്ഥാപനത്തിലെ അംഗമോ ആയിരിക്കണം.
ബുദ്ധിജീവികളും കലാകാരന്മാരും: യുഎഇ പ്രസക്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തിന് പുറമേ, ഇത്തരക്കാര്‍ കുറഞ്ഞത് ഒരു അന്താരാഷ്ട്ര അവാര്‍ഡെങ്കിലും ലഭിച്ചിരിക്കണം

കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിലവിലുള്ള യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകളാണ് ദീർഘിപ്പിച്ചിരിക്കുന്നത്. വിലക്ക് മാർച്ച് 31 മുതൽ നീക്കുമെന്ന് സൗദി അധികൃതർ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. എന്നാൽ വിലക്ക് മേയ് 17 വരെ നീട്ടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് പ്രാബല്യത്തിലുണ്ട്.

ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.

2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved