Middle East

ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്. പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

അതേസമയം വിമാനടിക്കറ്റ് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ലഭിക്കില്ലെന്നും സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്.

ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാൾ കേരളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുകയെന്നാണ് വിവരം.

അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്കാണ് എത്തുക. ദുബായ് വിമാനം കോഴിക്കോട്ടേക്കാണ് ആദ്യ ദിവസം എത്തുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.

അതേസമയം, ഇത്തരത്തിൽ ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ ആദ്യ ആഴ്ച എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.

അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്.

വിദേശത്ത് കുടുങ്ങിയ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളുടെ മടക്കത്തിന് കേരളം മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അടിയന്തിര സ്വഭാവമുള്ളവർക്കും വിസ കാലവധി തീർന്നവർക്കും മാത്രമേ തിരികെ മടങ്ങാൻ കഴിയൂവെന്നും കേന്ദ്രം വ്യക്തമാക്കി. നോർക്ക രജിസ്‌ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും ഇതോടെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്.

തിരികെ എത്തിക്കേണ്ട പ്രവാസികളെ സംബന്ധിച്ച് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ കേവലം 2 ലക്ഷം പേർ മാത്രമാണ് ഉളളത്. അതേസമയം കേരളത്തിലേക്കു മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മടക്കത്തിന് കേന്ദ്രം കർശന ഉപാധികൾ വച്ചതോടെ ഇവരുടെ കേരളത്തിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാകും.

സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികൾക്ക് നാട്ടിലേക്കുള്ള മടക്കം തീരുമാനിക്കപ്പെടുക.

കോവിഡ് ബാധിച്ച് അമേരിക്കയിലും യുഎഇയിലുമായി ആറു മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം.പണിക്കറും മാര്‍ത്തോമ്മ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി എം.ജോണും ഫിലാഡല്‍ഫിയയിലാണ് മരിച്ചത്. പാല സ്വദേശി സുനീഷിന്റെ മകന്‍ അദ്വൈത് ന്യൂയോര്‍ക്കില്‍ മരിച്ചു. നഴ്സുമാരായ മാതാപിതാക്കള്‍ക്ക് പിന്നാലെയാണ് അദ്വൈതിന് കോവിഡ് ബാധിച്ചത്. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം.പണിക്കര്‍.

മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് അബുദബിയിലാണ് മരിച്ചത്. അൻപത്തൊന്നു വയസായിരുന്നു. ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. പത്തനംതിട്ട നെല്ലിക്കൽ സ്വദേശി റോഷനും അബുദബിയിലാണ് മരിച്ചത്. നാൽപ്പത്തെട്ടു വയസായിരുന്നു. കോതമംഗലം ആയക്കാട് സ്വദേശി നിസാറാണ് അജ്മാനിൽ മരിച്ചത്. മുപ്പത്തേഴു വയസായിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം മുപ്പത്തിരണ്ടായി. ആറു ഗൾഫ് രാജ്യങ്ങളിലുമായി നാൽപ്പത്തിനാലു മലയാളികളാണ് ഇതുവരെ മരിച്ചത്.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 150054 മലയാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ലോക് ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.

വിദേശത്തുനിന്നും മടങ്ങുന്ന പ്രവാസികളില്‍ 61009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് മടങ്ങിയെത്തുക. രജിസ്റ്റര്‍ ചെയ്തവരില്‍ 9827 ഗര്‍ഭിണികളും 10628 കുട്ടികളും 11256 വയോജനങ്ങളുമാണ്. പഠനം പൂര്‍ത്തിയാക്കിയ 2902 വിദ്യാര്‍ത്ഥികളും മടങ്ങിവരും.
വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70638 പേരും, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞ 41236 പേരും വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 128061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനില്‍ കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെനിന്നും 49233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതെസമയം അരലക്ഷത്തോളം ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടാണ് തിരിച്ചേത്തുന്നത്. ഇത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

അബുദാബി ∙ കോവിഡ് 19 ദുരിതകാലത്തു മലയാളിയെ ഭാഗ്യം കൈയൊഴിഞ്ഞില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ സ്വദേശി ദിലീപ് കുമാർ ഇല്ലിക്കോട്ടിലിന് 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു.‌ ഇന്ന് നടന്ന നറുക്കെടുപ്പിലാണ് ദിലീപ് കുമാർ കോടിപതിയായത്. കഴിഞ്ഞ 7 വർഷമായി യുഎഇയിലുള്ള ദിലീപ് കുമാർ പ്രതിമാസം 5000 ദിർഹം വേതനത്തിന് അജ്മാനിലെ ഒാട്ടോ സ്പെയർ പാർട്സ് സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

ഏപ്രിൽ 14ന് ഒാൺലൈനിലൂടെയാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. തനിക്ക് വലിയൊരു സംഖ്യ ബാങ്കു വായ്പ തിരിച്ചടക്കാനുണ്ടെന്നും അത് അടച്ചുതീർക്കുകയാണ് ആദ്യം ചെയ്യുന്നതെന്നും ദിലീപ് കുമാർ പറഞ്ഞു. 16, 9 വയസുള്ള മക്കളുടെ മികച്ച ഭാവിക്കു വേണ്ടിയും തുക ചെലവഴിക്കും. ഭാര്യ അജ്മാനിൽ വീട്ടമ്മയാണ്.

500 ദിർഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റ് വാങ്ങിച്ചാൽ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. നേരത്തെ നടന്ന നറുക്കെടുപ്പുകളിൽ മിക്കതിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാവായിട്ടുള്ളത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയുടെ ദുരിതങ്ങൾ എന്ന് അവസാനിക്കും. ലോക്ഡൗൺ എന്ന് തീരും.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിര വധിയാണ് . പക്ഷെ വൈറസ് വ്യാപനത്തിൻെറ തോത് കുറയുന്നതിന് പകരം കൂടുതൽ തീവ്രതയിലേക്ക് കാര്യങ്ങൾ കുതിക്കുന്നു. ലോക് ഡൗൺ പിൻവലിക്കലും ജോലിക്ക് പോയി തുടങ്ങലും എന്ന് നടക്കും എന്ന് പറയാൻ പറ്റാത്ത അവസ്ഥ. കേരളത്തിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം കുറേ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടാലും ചെയ്തുവന്നിരുന്ന ജോലികൾ തുടരാമെന്നും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയുടെ കച്ചിത്തുരുമ്പുകൾ നിലനിൽക്കുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മലയാളി പ്രവാസികളിൽ ഭൂരിപക്ഷവും സ്വകുടുംബമായി കഴിയുന്നവരാണ്. പലരും അതാത് രാജ്യങ്ങളിലെ പൗരത്വം ഉള്ളവർ. തീർച്ചയായും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കൊറോണ ദുരന്തം ഏൽപ്പിക്കുന്ന ഭീഷണികളിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എങ്കിലും ഒരു പരിധി വരെയെങ്കിലും അതാത് രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ കൈത്താങ്ങ് തുടർ ജീവിതത്തിന് താങ്ങാകുമെന്ന പ്രതീക്ഷ അമേരിക്കയിലും യൂറോപ്പിലുമൊക്കെ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് യുകെയിലെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് മാസ വരുമാനത്തിന്റെ 80% കൊടുക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനം ശ്ലാഘനീയമാണ്.

പക്ഷേ ഗൾഫ് മേഖലയിലെ പ്രവാസികളുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. വീടും നാടും ഉപേക്ഷിച്ച് നല്ല നാളെ ലക്ഷ്യമാക്കി ഒരു തിരിച്ചുവരവിനായി പ്രവാസികളായവരാണവർ. സാമ്പത്തികമായ ബാധ്യതകൾ പലരുടെയും തിരിച്ചുവരവ് അനന്തമായി നീട്ടികൊണ്ടു പോയി എന്നു മാത്രം. ചിലരെങ്കിലും രണ്ടും മൂന്നും അഞ്ചും കൊല്ലം കഴിയുമ്പോൾ വീട്ടിൽ വന്ന് സ്വയം മുഖം കാണിച്ച് മടങ്ങാൻ വിധിക്കപ്പെട്ടവരാണ്. പലരും ജോലി ചെയ്യുന്നത് അവിദഗ്ധ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ യാത്ര കൂലിയും വാടകയും മറ്റ് ജീവിത ചെലവുകളും കഴിഞ്ഞ് മിച്ചം വയ്ക്കുന്ന തുക കേരളത്തിലെ അതിഥി തൊഴിലാളികളുടെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ അന്തരം ഒന്നും ഉണ്ടാവാൻ തരമില്ല.

ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടായി ഗൾഫ് മേഖലയിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ കാത്തിരിക്കുന്നത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള അടുത്ത കച്ചിത്തുരുമ്പിനായുള്ള അന്വേഷണം ആയിരിക്കും. അതിന് കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം.

2018ലെ കേരള കുടിയേറ്റ സർവേ പ്രകാരം 21 ലക്ഷം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇതിൽ 90 ശതമാനം പേരും ഗൾഫ് രാജ്യങ്ങളിലാണ്. ലോക്ഡൗണിനു ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ച് ലക്ഷത്തിനോടടുക്കും. ഇതിൽ 20 ശതമാനം ആളുകളും തൊഴിൽ നഷ്ടമായി തിരിച്ചെത്തുന്നവരാണ്. 10 ശതമാനം ആളുകൾ വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരുമാണ്. ഇതിനർത്ഥം ഇപ്പോഴത്തെ സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞാലും ഒരു തിരിച്ചുപോക്ക് പലർക്കും അത്ര എളുപ്പമല്ല.

മറ്റൊരു നാട്ടിലും ഇല്ലാത്ത രീതിയിൽ പ്രവാസികളെ സൃഷ്ടിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തവരാണ് നമ്മൾ. അങ്ങനെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിലേയ്ക്ക് വൻതോതിൽ ഇന്ന് നമ്മൾ അതിഥി തൊഴിലാളികൾ എന്ന് വിളിക്കപ്പെട്ടവർ എത്തിച്ചേർന്നു. 2013-ലെ കണക്ക് പ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്നത് 35 ലക്ഷത്തിനടുത്താണെന്നാണ് ഏകദേശ കണക്ക്. അതിഥി തൊഴിലാളികൾ കയ്യടക്കിയ, നമ്മൾ എന്നേ ഉപേക്ഷിച്ച തൊഴിലിടങ്ങളിലേക്ക് വീണ്ടും തിരിച്ചു വരുന്ന പ്രവാസികൾക്ക് സ്വാഭാവികമായും കുടിയേറേണ്ടതായി വരും.

ഗൾഫ് നാടുകളിലെ താഴെതട്ടിലുള്ള തൊഴിലാളികളിൽ കേരളത്തിൽ നിന്നുള്ള പലരും മറ്റ് നാടുകളിൽ നിന്നുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാസമ്പന്നരാണ്. ഒരുപക്ഷേ ഇത്രയധികം അഭ്യസ്തവിദ്യർ മറ്റ് നാടുകളിൽ അവിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻെറ പരാജയമാണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ നാടുകളിലെ പോലെ യന്ത്രവൽകൃതമാകുന്ന തൊഴിലിടങ്ങൾ അനാവശ്യ പ്രവാസ കുടിയേറ്റങ്ങൾക്ക് പകരം അഭിമാനത്തോടെയും അന്തസോടെയും കേരളത്തിൽ ജോലി ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെയും പ്രേരിപ്പിച്ചേക്കാം. ഏതായാലും നമ്മുടെ തൊഴിൽ സംസ്കാരത്തിനും പ്രവാസത്തിനും ഒരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്.

ഗൾഫിൽ നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം മൂർഖനാട് സ്വദേശി മുസ്തഫ പറമ്പിൽ അബുദാബിയിലാണ് മരിച്ചത്. നാൽപ്പത്തൊൻപതു വയസായിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശി താഹിറാണ് ദുബായിൽ മരിച്ചത്. അൻപത്തേഴു വയസായിരുന്നു. ഷാർജയിൽ കണ്ണൂർ കേളകം സ്വദേശി, അൻപത്തെട്ടുകാരനായ തങ്കച്ചൻ മരിച്ചു. തങ്കച്ചൻറെ ഭാര്യ ഷാർജയിൽ കോവിഡ് ചികിൽസയിലാണ്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തൊൻപതായി. മലപ്പുറം മക്കരപറമ്പ് സ്വദേശി ഹംസ അബൂബക്കറാണ് മദീനയിൽ മരിച്ചത്. അൻപത്തൊൻപതു വയസായിരുന്നു. സൌദിയിൽ എട്ടു പേരടക്കം നാൽപ്പത്തൊന്നു മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചത്

പ്രമുഖ വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറക്കലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യചെയ്തതാണെന്ന് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.

ഏപ്രില്‍ 23നായിരുന്നു ജോയി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടത്. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകിയത് ജോയിയെ മനോവിഷമത്തിലാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഉർജസോത്രസ്‌ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു നൽകുന്ന ജോയിയുടെ സ്വപ്ന പദ്ധതി ആണ് പാതിവഴിയിൽ വച്ച് ഈ കൊടും സാഹസത്തിൽ അവസാനിപ്പിച്ചത്

പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് ജോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ജോയിയുടെ മരണത്തിനു പിന്നിൽ പ്രോജക്ട് ഡയറക്ടറുടെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ജോയിയുടെ മകൻ ബർദുബൈ പോലീസ്‌സ്റ്റേഷനിൽ പരാതി നൽകിയതായി യുഎഇ ന്യൂസ് ബറോയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഒരിക്കലും സ്വമേധയായി ജോയി ആത്മഹത്യക്കു മുതിരില്ലന്നും പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലുകൾ മനംനൊന്തു ജോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ജോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറിയാൻ കഴിഞ്ഞത്.കനേഡിയൻ പൗരത്വമുള്ള ലെബനൻ സ്വദേശി റാബി കാരദിന്റെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‌ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

‘ഗവര്‍ണ്‍മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

RECENT POSTS
Copyright © . All rights reserved